ഋഷികേശ് മുഖർജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Hrishikesh Mukherjee എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഋഷികേശ് മുഖർജി
ജനനം
മരണം27 ഓഗസ്റ്റ് 2006(2006-08-27) (പ്രായം 83)
തൊഴിൽസംവിധായകൻ, തിരക്കഥാകൃത്ത്

ചലച്ചിത്രസംവിധായകൻ, ചിത്രസം‌യോജകൻ എന്നീ നിലകളിൽ പ്രശസ്തനാണ് ഋഷികേശ് മുഖർജി (സെപ്റ്റംബർ 30, 1922ഓഗസ്റ്റ് 27, 2006). ഹിന്ദി ചലച്ചിത്രരംഗത്ത് അദ്ദേഹം സം‌വിധാനം ചെയ്ത ചുപ്കെ ചുപ്കേ, അനുപമ, ആനന്ദ് എന്നീചിത്രങ്ങൾ ശ്രദ്ധേയമാണ്‌. ഋഷി ദാ എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്.

ജീവിതരേഖ[തിരുത്തുക]

1922 സെപ്റ്റംബർ 30ന് പശ്ചിമബം‌ഗാളിൽ ജനിച്ചു. രസതന്ത്രത്തിൽ ബിരുദം എടുത്തു. 1951ൽ സഹസം‌ധായകനായി. മരണം 2006 ഓഗസ്റ്റ് 27ന്.

ചലച്ചിത്രലോകത്ത്[തിരുത്തുക]

ഏകദേശം അൻപതോളം ചലച്ചിത്രങ്ങൾ സം‌വിധാനം ചെയ്ത ഇദ്ദേഹം 15 ചിത്രങ്ങളുടെ ചിത്രസം‌യോജകനായും പ്രവർത്തിച്ചു. ഹിന്ദി ചലച്ചിത്രരംഗത്ത് ലാളിത്യത്തിന്റെ വക്താവായിരുന്നു ഇദ്ദേഹം. ഒച്ചപ്പാടും ബഹളവും നിറഞ്ഞ ചലച്ചിത്രങ്ങൾ ഹിന്ദി ചലച്ചിത്രലോകത്ത് നിറഞ്ഞുനിന്ന കാലത്ത് ശുദ്ധിയും നന്മയുമുള്ള കൊച്ചുകൊച്ചു ചിത്രങ്ങളിലൂടെ വലിയ സം‌വിധായകനായി മാറി. സ്വതന്ത്രസം‌വിധായകനാവുന്നതിനുമുൻപ് ദോ ബിഗ സമീൻ, മധുമതി എന്നീ ചലച്ചിത്രങ്ങളുടെ ചിത്രസം‌യോജകനായിരുന്നു. 1957ൽ മുസാഫിർ എന്ന ചലച്ചിത്രത്തിലൂടെ സ്വതന്ത്രസം‌വിധായകനായി. സാമ്പത്തികപരാജയം നേരിട്ട ഈ ചലച്ചിത്രത്തിനു ശേഷമാണ് അനാഡി എന്ന ചിത്രം 1959ൽ പുറത്തിറങ്ങിയത്. രാജ്‌കപൂറും നൂതനും പ്രധാനവേഷങ്ങൾ കൈകാര്യം ചെയ്ത ഈ ചിത്രം വിജയമായിരുന്നു. 1960ൽ ഇറങ്ങിയ അനുരാധ എന്ന ചിത്രം രാഷ്ട്രപതിയുടെ സ്വർണ്ണമെഡലിന് അർഹമായി.1972ൽ ഇറങ്ങിയ ആനന്ദ് (ഹിന്ദി ചലച്ചിത്രം) എന്ന ചിത്രം മികച്ച ചിത്രം,മികച്ച കഥ എന്നിവയ്ക്കുള്ള ഫിലിംഫെയർ അവാർഡ് കരസ്ഥ്മാക്കി. ഗോൽമാൽ, ചുപ്‌കെ ചുപ്‌കെ എന്നീ ഹാസ്യചിത്രങ്ങളും സം‌വിധാനം ചെയ്തു. 1998ൽ ഝൂഠ് ബോലെ കൗആ കാട്ടേ ആണ് അവസാനമായി സം‌വിധാനം ചെയ്തത്.

മലയാളചലച്ചിത്രലോകത്ത് രാമു കാര്യാട്ട് സം‌വിധാനം നിർവ്വഹിച്ച ചെമ്മീൻ, നെല്ല് എന്നീ ചിത്രങ്ങളുടെ ചിത്രസം‌യോജകനായി പ്രവർത്തിച്ചു.

അംഗീകാരങ്ങൾ[തിരുത്തുക]

1991ൽ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചു. ഭാരതീയ ചലച്ചിത്രലോകത്ത് ഇദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ച് 2001-ൽ പത്മവിഭൂഷൺ നൽകി ആദരിയ്ക്കപ്പെട്ടു. കൂടാതെ ഇന്ത്യൻ ചലച്ചിത്ര സെൻസർ ബോർഡിന്റേയും നാഷണൽ ഫിലിം ഡവലപ്‌മെന്റ് കോർപറേഷന്റേയും അദ്ധ്യക്ഷസ്ഥാനം വഹിച്ചിട്ടുണ്ട്.

പുറത്തേക്കുള്ള കണ്ണി[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=ഋഷികേശ്_മുഖർജി&oldid=3350934" എന്ന താളിൽനിന്ന് ശേഖരിച്ചത്