Jump to content

വധശിക്ഷ സിംഗപ്പൂരിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വധശിക്ഷ സിങ്കപ്പൂരിൽ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വധശിക്ഷ ,സിംഗപ്പൂരിൽ നിയമവിധേയമാണ്. 1994-നും 1999-നും തുർക്മെനിസ്ഥാനു പിന്നിൽ ലോകത്തിലെ രണ്ടാമത്തെ വലിയ പ്രതിശീർഷ വധശിക്ഷാ നിരക്കുണ്ടായിരുന്ന രാജ്യമാണ് സിംഗപ്പൂർ. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ആ സമയത്ത് ഒരുലക്ഷം ജനസംഖ്യയ്ക്ക് 1.383 വധശിക്ഷകൾ വീതം നടക്കുന്നുണ്ടായിരുന്നത്രേ.[1] സിംഗപ്പൂരിൽ വധശിക്ഷകൾ നടപ്പിലാക്കുന്നത് ചൻഗി ജയിലിൽ വെള്ളിയാഴ്ച്ച പുലർച്ചെയാണ്.

1815 മുതൽ 1914 വരെ ബ്രിട്ടന്റെ കോളനിയായിരുന്ന സമയത്ത് സിംഗപ്പൂരിൽ വധശിക്ഷ നിലവിലുണ്ടായിരുന്നു. ബ്രിട്ടൻ വധശിക്ഷ നിർത്തലാക്കുന്നതിനു മുൻപു തന്നെ സിംഗപ്പൂർ സ്വാതന്ത്ര്യം നേടി.


കണക്കുകൾ

[തിരുത്തുക]

പല സ്രോതസ്സുകളിൽ നിന്ന് ശേഘരിച്ച കണക്കുകൾ ഉപയോഗിച്ച് ആംനസ്റ്റി ഇന്റർനാഷണൽ തയ്യാറാക്കിയ കണക്കാണിത്. സിംഗപ്പൂരിലെ ആഭ്യന്തര മന്ത്രാലയം നൽകിയ കണക്കുകളും ഇക്കൂട്ടത്തിൽ പെടുന്നു. [2] ബ്രായ്ക്കറ്റിൽ നൽകിയിരിക്കുന്ന സംഖ്യ എത്ര വിദേശ പൗരന്മാർ വധിക്കപ്പെട്ടു എന്നു കാണിക്കുന്നു.

വർഷം കൊലപാതകം മയക്കുമരുന്നുമായി

ബന്ധപ്പെട്ടത്

തോക്കുകളുമായി

ബന്ധപ്പെട്ടത്

ആകെ
1991 19 7 26
1992 13 7 1 21
1993 10 2 12
1994 21 54 1 76
1995 20 52 1 73
1996 10 {7} 40 {10} 50
1997 {3} 11 {2} 5 15
1998 4 {1} 24 {5} 28
1999 8 {2} 35 {7} 43
2000 4 {2} 17 {5} 21
2000 23
2001 22
2004 8{2}[3]
2005 8{1}[3]
2006 8{2}[3]
2007 3{2}[3]
2008 4 2 0 6{3}[4]
2009 1 3 1 5{2}[4]
2010 0 0 0 0[4]
2011 2? 2 0? 4[5]

സിംഗപ്പൂർ സർക്കാർ വിശദമായ കണക്കുകൾ പുറത്തുവിടാറില്ല. പ്രധാനമന്ത്രി ഗോഹ് ചോക് ടോങ് 2003-ൽ ബി.ബി.സി. യോട് 70നും 80നും ഇടയ്ക്ക് തൂക്കിക്കൊലകൾ ആ വർഷം നടന്നിട്ടുണ്ടാവുമെന്ന് പറഞ്ഞു. രണ്ടു ദിവസം കഴിഞ്ഞ് പത്തു പേരെയേ തൂക്കിക്കൊന്നിട്ടുള്ളൂ എന്ന് അദ്ദേഹം സ്വയം തിരുത്തി. [6]

പ്രധാന ആരാച്ചാർ ദർഷൻ സിങ്ങ് അദ്ദേഹം 1959 മുതലുള്ള തന്റെ ഔദ്യോഗിക ജീവിതത്തിൽ 850-ൽ കൂടുതൽ ആൾക്കാരെ വധിച്ചിട്ടുണ്ടെന്ന് സമ്മതിച്ചിട്ടുണ്ട്. 18 ആൾക്കാരെ അദ്ദേഹം (മൂന്ന് കയറുകൾ ഒരേ സമയം ഉപയോഗിച്ച്) ഒരു ദിവസം വധിച്ചിട്ടുണ്ട്. 7 ആൾക്കാരെ 90 മിനിട്ട് സമയത്തിനുള്ളിൽ വധിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. [7]

വിദേശ പൗരന്മാർ

[തിരുത്തുക]

വധശിക്ഷ കാത്തു കഴിയുന്നവരിൽ വിദേശ പൗരന്മാരും പെടും. ഇവരിൽ പലരും മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരാണ്. ആസ്ട്രേലിയ, മലേഷ്യ, ഹോംഗ് കോങ്ങ്, മകാവു, ചൈന, ഇൻഡോനേഷ്യ, തായ്ലാൻറ്റ്, ഫിലിപ്പീൻസ്, ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്താൻ, ശ്രീ ലങ്ക, നൈജീരിയ, ഘാന, നെതർലാന്റ്സ്, ബ്രിട്ടൺ, പോർച്ചുഗൽ എന്നീ രാജ്യക്കാർ ഇക്കൂട്ടത്തിൽ പെടും. സിംഗപ്പൂർ സർക്കാർ പുറത്തുവിട്ട കണക്കുകളനുസരിച്ച് 1993-നും 2003-നും ഇടയിൽ വധിക്കപ്പെട്ടവരിൽ 36% വിദേശികളാണ് (സിംഗപ്പൂരിൽ സ്ഥിരതാമസക്കാരായ വിദേശികളും ഇക്കൂട്ടത്തിൽ പെടും).[8]

നിയമനിർമ്മാണം

[തിരുത്തുക]

സിംഗപ്പൂർ ക്രിമിനൽ നടപടിക്രമത്തിന്റെ 316-ആം സെക്ഷനനുസരിച്ച്:[9] "ഒരാളെ വധശിക്ഷയ്ക്ക് വിധിക്കുമ്പോൾ ശിക്ഷാവിധിയിൽ മരണം, വരെ തൂക്കണമെന്ന് നിഷ്കർഷിക്കണം, പക്ഷേ എവിടെ ശിക്ഷ നടപ്പാക്കണമെന്ന് പറയേണ്ടതില്ല." എല്ലാ തൂക്കിക്കൊലകളും വെള്ളിയാഴ്ച്ച പുലർച്ചെയാണ് നടക്കുക. വീഴ്ച്ചാദൈർഘ്യം കൂടിയ തൂക്കിക്കൊലയാണ് ഉപയോഗിക്കുന്ന രീതി. ഔദ്യോഗിക വിഴ്ച്ചാദൈർഘ്യ പട്ടികയാണ് ഇത് കണക്കാക്കാൻ ഉപയോഗിക്കുന്നത്. സർക്കാർ ഇപ്രകാരം പറയുന്നു:

"…പല വധശിക്ഷാരീതികളും പരിശോധിച്ച ശേഷം ഇപ്പോഴുള്ള മാർഗ്ഗം (തൂക്കിക്കൊല) മാറ്റേണ്ട കാര്യമൊന്നുമില്ലെന്ന തീരുമാനത്തിലാണ് സർക്കാർ എത്തിയത്. "[10]

കുറ്റം ചെയ്യുന്ന സമയത്ത് 18 വയസിൽ താഴെ പ്രായമുള്ളവരെയോ ഗർഭിണികളെയോ തൂക്കിക്കൊല്ലാൻ പാടില്ല.

വധശിക്ഷ നൽകാവുന്ന കേസുകൾ ഒറ്റ ന്യായാധിപനാണ് (സിംഗപ്പൂർ ഹൈക്കോർട്ടിലെ) വിചാരണ ചെയ്യുക. ശിക്ഷ വിധിച്ച ശേഷം അപ്പീൽ കോടതിയിലേയ്ക്ക് ഒരു അപ്പീൽ നൽകാൻ പ്രതിക്ക് അവകാശമുണ്ട്. അപ്പീൽ തള്ളപ്പെട്ടാൽ സിംഗപ്പൂർ പ്രസിഡന്റിന് ദയാഹർജി നൽകാവുന്നതാണ്. മന്ത്രിസഭയുടെ ഉപദേശമനുസരിച്ച് പ്രസിഡന്റിന് വധശിക്ഷയ്ക്ക് മാപ്പു നൽകാം. അപ്പീൽ സ്വീകരിച്ച കേസുകളുടെ എണ്ണം വ്യക്തമല്ല. പോഹ് കേ കെയോങ് എന്നയാളിന്റെ ശിക്ഷാവിധി നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ ഉദ്യോഗസ്ഥനെ അദ്ദേഹം നൽകിയ മൊഴി സ്വമേധയാ നൽകിയതല്ല എന്നു കണ്ടെത്തി അപ്പീൽ കോടതി തള്ളിക്കളഞ്ഞു. [2] ദയാഹർജികൾ സ്വീകരിക്കുന്നതും അപൂർവ്വമാണ്. 1965-നു ശേഷം ആറു പ്രാവശ്യമേ പ്രസിഡന്റ് ദയാ ഹർജി സ്വീകരിച്ചിട്ടുള്ളൂ. [11] 1998-ലായിരുന്നു അവസാനമായി ഒരാളുടെ ദയാഹർജി സ്വീകരിച്ചത്. മാതവകണ്ണൻ കാളിമുത്തു എന്നയാളിന് പ്രസിഡന്റ് ഓങ് ടെങ് ചിയോങാണ് മാപ്പുനൽകിയത്. അയാളുടെ ശിക്ഷ ജീവപര്യന്തമായി കുറച്ചു കൊടുക്കപ്പെട്ടു.

ആംനസ്റ്റി ഇന്റർനാഷണലിന്റെ റിപ്പോർട്ടനുസരിച്ച് മൂന്ന് ചതുരശ്ര മീറ്റർ വിസ്തീർണമുള്ള മുറികളിലാണ് വധശിക്ഷ വിധിക്കപ്പെട്ടവരെ താമസിച്ചിരിക്കുന്നത്. [2] Wഈ മുറികൾക്ക് മൂന്നു വശവും വാതിലും ഒരു വശത്ത് കമ്പിയഴികളുമാണ്. കിടക്കുന്നതിന് ഒരു പായയും ടോയ്ലറ്റും മാത്രമാണത്രേ സെല്ലുകളിലുണ്ടാകുക.ഒരു ബക്കറ്റ് പ്രതികൾക്ക് നൽകപ്പെടും. ദിവസത്തിൽ രണ്ടുപ്രാവശ്യം വ്യായാമം അനുവദിക്കും. [8] വധിക്കുന്നതിന് നാലു ദിവസം മുൻപു വരെ പ്രതികൾക്ക് ടെലിവിഷൻ കാണാനോ റേഡിയോ കേൾക്കാനോ അവകാശമില്ല. അപ്പോൾ മുതൽ മാത്രമാണ് അവർക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ലഭിക്കുന്നതും (ബഡ്ജറ്റനുസരിച്ച്) കൂടുതൽ സന്ദർശക സമയമനുവദിക്കുന്നതും. എങ്കിലും ബന്ധുക്കളോട് നേരിട്ടുള്ള കൂടിക്കാഴ്ച്ച അനുവദിക്കാറില്ല. [2] ആഴ്ച്ചയിലൊരിക്കൽ 20 മിനിട്ട് സന്ദർശനസമയം മാത്രമാണ് അനുവദിക്കപ്പെടുക. [8]ടെലിഫോണിലൂടെ മാത്രമാണ് പ്രതികൾക്ക് സന്ദർശകരോട് സംസാരിക്കാൻ പറ്റുക.[2]

വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ

[തിരുത്തുക]

പീനല് കോഡ് കൂടാതെ മറ്റു നാലു നിയമങ്ങളും സിംഗപ്പൂറിൽ വധശിക്ഷ വിധിക്കുന്നുണ്ട്. തിങ്ക് സെന്റർ എന്ന മനുഷ്യാവകാശ സംഘടനയുടെ അഭിപ്രായമനുസരിച്ച് 70% വധശിക്ഷകളും മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്കാണ് നൽകുന്നത്. [12]

പീനൽ കോഡ്

[തിരുത്തുക]

പീനൽ കോഡനുസരിച്ച് [13] താഴെപ്പറയുന്ന കുറ്റങ്ങൾക്ക് വധശിക്ഷ ലഭിക്കാം:

  • സർക്കാരിനെതിരേ യുദ്ധം ചെയ്യുകയോ യുദ്ധം ചെയ്യാൻ പ്രേരിപ്പിക്കുകയോ ചെയ്യുക
  • രാജ്യദ്രോഹം
  • സൈനികകലാപം
  • മനുഷ്യജീവന് അപകടമുണ്ടാക്കുന്ന കടൽക്കൊള്ള
  • നിരപരാധിയായ മനുഷ്യനെ വധശിക്ഷയ്ക്ക് വിധിക്കും വിധം കോടതിയിൽ കളവു പറയുക.
  • കൊലപാതകം
  • 18 വയസു തികയാത്തതോ മാനസികരോഗിയായതോ ആയ ഒരാളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുക.
  • ജീവപര്യന്തം തടവു ലഭിച്ചയാൾ നടത്തുന്ന വധശ്രമം.
  • കൊലപാതകത്തിനായി തട്ടിക്കൊണ്ടു പോകുക.
  • അഞ്ചോ അതിലധികമോ ആളുകൾ ചേർന്നു നടത്തുന്ന മോഷണം കൊലപാതകത്തിൽ അവസാനിച്ചാൽ.
  • മയക്കുമരുന്നു കടത്ത്
  • നിയമവിരുദ്ധമായി വെടിവയ്ക്കുക - ആർക്കും പരിക്കേറ്റില്ലെങ്കിലും

മരുന്നുകളുടെ ദുരുപയോഗം സംബന്ധിച്ച നിയമം

[തിരുത്തുക]
സിംഗപ്പൂരിലേയ്ക്കിറങ്ങുന്നതിനുള്ള അനുമതി പത്രത്തിൽ മയക്കുമരുന്ന് കടത്തുന്നതിന് വധശിക്ഷ നൽകപ്പെടുമെന്ന് താക്കീത് പ്രദർശിപ്പിച്ചിരിക്കുന്നു. അതിർത്തികളിലും ഇത്തരം താക്കീത് കാണാൻ സാധിക്കും.

മരുന്നുകളുടെ ദുരുപയോഗം സംബന്ധിച്ച നിയമത്തിന്റെ രണ്ടാം ഷെഡ്യൂൾ പ്രകാരം [14][15] താഴെപ്പറയുന്ന അളവുകളിൽ കൂടുതൽ മരുന്ന് ഇറക്കുമതി ചെയ്യുകയോ, കയറ്റുമതി ചെയ്യുകയോ, കൈവശം കണ്ടെത്തപ്പെടുകയോ ചെയ്യുന്ന ഏതൊരാൾക്കും നിർബന്ധമായി വധശിക്ഷ ലഭിക്കാനർഹനാണ്:

  • 1200 ഗ്രാം ഓപിയം അല്ലെങ്കിൽ 30 ഗ്രാമിൽ കൂടുതൽ മോർഫിൻ (§5 & §7, (2)(b));
  • 30 ഗ്രം മോർഫിൻ (§5 & §7, (3)(b));
  • 15 ഗ്രാം ഡയമോർഫിൻ (ഹെറോയിൻ) (§5 & §7, (4)(b));
  • 30 ഗ്രാം കൊക്കൈൻ (§5 & §7, (5)(b));
  • 500 ഗ്രാം കഞ്ചാവ് (§5 & §7, (6)(b));
  • 1000 ഗ്രാം കഞ്ചാവ് മിശ്രിതം (§5 & §7, (7)(b));
  • 200 ഗ്രാം കഞ്ചാവ് റെസിൻ (§5 & §7, (8)(b));
  • 250 ഗ്രാം മെത്താംഫിറ്റമിൻ (§5 & §7, (9)(b)).

താഴെപ്പറയുന്ന മരുന്നുകൾ നിർമ്മിക്കുന്നതായി കാണപ്പെടുന്ന ആളുകൾക്കും വധശിക്ഷ നിർബന്ധമാണ് :

  • മോർഫിനോ ഏതെങ്കിലും മോർഫിൻ ലവണമോ, എസ്റ്ററോ, എസ്റ്ററിന്റെ ലവണമോ (§6, (2));
  • ഡയാമോർഫിൻ (ഹെറോയിൻ) അല്ലെങ്കിൽ അതിന്റെ ഏതെങ്കിലും ലവണം (§6, (3));
  • കൊക്കൈൻ അല്ലെങ്കിൽ അതിന്റെ ഏതെങ്കിലും ലവണം (§6, (4));
  • മെത്താംഫിറ്റമിൻ (§6, (5)).

ഈ നിയമപ്രകാരം:

"താഴെപ്പറയുന്ന എന്തെങ്കിലും കൈവശമോ നിയന്ത്രണത്തിലോ വച്ചിരിക്കുന്ന ഏതൊരാളും —
(a) നിയന്ത്രിക്കപ്പെട്ട ഏതെങ്കിലും മരുന്നുൾക്കൊള്ളുന്ന എന്തെങ്കിലും;
(b) നിയന്ത്രിക്കപ്പെട്ട മനുന്നുള്ള എന്തിന്റെയെങ്കിലും ചാവി;
(c) നിയന്ത്രിക്കപ്പെട്ട മരുന്ന് കണ്ടെത്തിയ ഏതെങ്കിലും സ്ഥലത്തിന്റെ ചാവി;
(d) നിയന്ത്രിക്കപ്പെട്ട മരുന്ന് എത്തിച്ചേരാനുള്ളതോ അതിനെ സംബന്ധിച്ചതോ ആയ കടലാസ് ഒരാളുടെ പേരിൽ ഉണ്ടായിരിക്കുക,
മറിച്ച് തെളിയിക്കുന്നതു വരെ നിയന്ത്രിക്കപ്പെട്ട മരുന്ന് കൈവശം വച്ചിരുന്നതായി കണക്കാക്കും."

കൈവശം നിയന്ത്രിക്കപ്പെട്ട മരുന്ന് ഉണ്ടായിരുന്ന ഏതൊരാൾക്കും അതിന്റെ ഉപയോഗത്തെപ്പറ്റി ധാരണയുള്ളതായി കണക്കാക്കും.

ആഭ്യന്തര സുരക്ഷാ നിയമം

[തിരുത്തുക]

കുറ്റകൃത്യം നടക്കാതിരിക്കാനുള്ള അറസ്റ്റു ചെയ്യാനും, കുഴപ്പങ്ങളുണ്ടാക്കുന്നതിൽ നിന്ന് തടയാനും, സംഘടിതമായ കുറ്റകൃത്യങ്ങൾ തടയാനും (ചില മേഖലകളിൽ സ്വത്തിനും ജീവനും നാശമുണ്ടാകുന്നത് തടയാൻ), മറ്റു കാര്യങ്ങൾക്കുമാണ് ഈ നിയമമെന്നാണ് ആഭ്യന്തര സുരക്ഷാ നിയമത്തിന്റെ മുഖവുര പറയുന്നത്. [16] പ്രസിഡന്റിന് പ്രത്യേക മേഖലകൾ ഏതെന്ന് നിർണയിക്കാനുള്ള അധികാരമുണ്ട്. ഈ സ്ഥലങ്ങളിൽ തോക്കുകളോ, വെടിക്കോപ്പുകളോ, സ്ഭോടകവസ്തുക്കളോ കൈവശം വച്ചിരിക്കുന്നതായി കണ്ടെത്തുന്ന ആർക്കും വധശിക്ഷ നൽകാവുന്നതാണ്.

ആയുധങ്ങളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ സംബന്ധിച്ച നിയമം

[തിരുത്തുക]

ആയുധങ്ങളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ സംബന്ധിച്ച നിയമം (The Arms Offences Act) തോക്കുകളുടെ നിയന്ത്രണം നടപ്പിലാക്കുന്നു. [17] ഉപയോഗമോ ഉപയോഗിക്കാനുള്ള ശ്രമമോ വധശിക്ഷ നൽകാൻ കാരണമാകാം. തോക്കുപയോഗിച്ച് ചില കുറ്റങ്ങൾ (അനധികൃതമായ കൂടിച്ചേരൽ, കലാപം, വ്യക്തികൾക്കെതിരായ ചില കുറ്റങ്ങൾ, തട്ടിക്കൊണ്ടു പോകൽ, ഭീഷണിപ്പെടുത്തി പണം തട്ടൽ, വീടുകയറി മോഷണം, മോഷണം, അറസ്റ്റ് ചെയ്യുന്നതിനെ എതിർക്കുക, പൊതുമുതൽ നശിപ്പിക്കുക എന്നിവ) ചെയ്യാൻ ശ്രമിച്ചാലും വധശിക്ഷ ലഭിക്കാം. കുറ്റകൃത്യത്തിന് കൂട്ടു നിൽക്കുന്നവർക്കും വധശിക്ഷ ലഭിക്കാം.

ആയുധം കടത്തലും സിംഗപ്പൂറിൽ വധശിക്ഷയർഹിക്കുന്ന കുറ്റമാണ്. രണ്ട് തോക്കുകളിൽ കൂടുതൽ അനധികൃതമായി കൈവശം വച്ചതായി കാണപ്പെട്ടാൽ ആയുധം കടത്തിയതായി കണക്കാക്കപ്പെടും.

തട്ടിക്കൊണ്ടു പോകൽ സംബന്ധിച്ച നിയമം

[തിരുത്തുക]

ഈ നിയമം തട്ടിക്കൊണ്ടു പോകൽ, അന്യായമായി തടങ്കലിൽ വയ്ക്കൽ, മോചനദ്രവ്യത്തിനായി അന്യായമായി തടങ്കലിൽ വയ്ക്കൽ എന്നീ കുറ്റങ്ങൾക്കെല്ലാം വധശിക്ഷ നൽകാൻ നിഷ്കർഷിക്കുന്നു. [18]

പൊതുജനാഭിപ്രായം

[തിരുത്തുക]

വധശിക്ഷയെപ്പറ്റി സിംഗപ്പൂരിലെ പത്രങ്ങളിൽ ചർച്ചകൾ തീരെ പ്രത്യക്ഷപ്പെടാറില്ല. ചില പ്രധാനപ്പെട്ട കുറ്റകൃത്യങ്ങളെപ്പറ്റിയുള്ള ചർച്ചയ്ക്കിടയിൽ വധശിക്ഷയും ചർച്ചയിൽ കടന്നു കൂടാറുണ്ടെന്നു മാത്രം. ഇതെപ്പറ്റിയുള്ള പൊതുജനാഭിപ്രായം ശേഘരിക്കുന്നതും വിരളമാണ്. കഠിനമായ ശിക്ഷ സമൂഹത്തിൽ സമാധാനവും ശന്തിയും കൊണ്ടുവരും എന്ന പരമ്പരാഗത ചൈനീസ് വിശ്വാസം ജനങ്ങളെ സ്വാധീനിക്കുന്നുണ്ട് എന്ന് സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്. [19] 2007 ഒക്ടോബറിൽ ആഭ്യന്തര-നിയമം മന്ത്രിയായ ഹൊ പെങ് കീ പാർലമെന്റിൽ ഇപ്രകാരം പറഞ്ഞു: "നമ്മളിൽ ചിലർക്ക് വധശിക്ഷ നിർത്തലാക്കണം എന്ന അഭിപ്രായമുണ്ടായിരിക്കാം. പക്ഷേ രണ്ടു വർഷം മുൻപ് നടന്ന് ഒരു സർവേയിൽ 95% സിംഗപ്പൂരുകാർക്കും വധശിക്ഷ നിലനിൽക്കണം എന്ന അഭിപ്രായമാണുള്ളത് (ഇത് സ്ട്രൈറ്റ് ടൈംസിൽ റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു). ഇത് നമ്മുടെ നാടിനെ വർഷങ്ങളായി സുരക്ഷിതമാക്കി നിർത്താൻ സഹായിച്ച നിയമവ്യവസ്ഥയാണ്. വളരെക്കുറച്ച് കുറ്റങ്ങൾക്കേ ഇത് നൽകപ്പെടുന്നുള്ളൂ."[20]

ജോഷ്വ ബെഞ്ചമിൻ ജയരത്നം എന്ന പാർലമെന്റംഗത്തിന് വളരെക്കുറച്ചു സമയമേ ഈ വിഷയത്തിൽ സംസാരിക്കാൻ നൽകിയുള്ളൂ എന്നാക്ഷേപമുണ്ട്. അപ്പോഴേയ്ക്കും ഇദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ ഹോ പെങ് കീ ഘണ്ഠിക്കുകയായിരുന്നു. [2][21]

പ്രതിപക്ഷത്തെ മറ്റാരും ഈ വിഷയം ഉയർത്തിക്കൊണ്ടുവരാൻ താല്പര്യം കാണിക്കുന്നില്ല. പൊതുജനത്തിന് ഈ വിഷയത്തോടുള്ള താല്പര്യമില്ലായ്മയുടെ ഒരു ലക്ഷണമാവാം ഇത്.

ഷണ്മുഗം മുരുഗേശു എന്നയാളെ തൂക്കിക്കൊല്ലുന്നതിനു മുൻപ് 2005 മേയ് 6-ന് മൂന്നുമണിക്കൂർ ദുഃഖാചരണം നടക്കുകയുണ്ടായി. ഫുറാമ ഹോട്ടലിൽ വച്ച് ഈ ചടങ്ങ് ആസൂത്രണം ചെയ്തവർ മരണശിക്ഷയ്ക്കെതിരേ ഇത്തരത്തിലുള്ള ആദ്യത്തെ പൊതു സംഗമമാണിതെന്ന് പറഞ്ഞു. മലേഷ്യയിൽ നിന്ന് മടങ്ങുമ്പോൾ ഒരു കിലോഗ്രാം കഞ്ചാവടങ്ങിയ ആറു പാക്കറ്റുകൾ കൈവശമുണ്ടായിരിക്കെ അറസ്റ്റ് ചെയ്യപ്പെട്ടതിനാണ് മുരുഗേശുവിന് വധശിക്ഷ ലഭിച്ചത്. 300ഗ്രാം കഞ്ചാവടങ്ങിയ ഒരു പാക്കറ്റ് കൈവശമുണ്ടായിരുന്നതായി അറിയാമായിരുന്നുവെന്ന് മുരുഗേശു പറഞ്ഞെങ്കിലും മറ്റു പാക്കറ്റുകളെപ്പറ്റി അറിയില്ല എന്നവകാശപ്പെട്ടു. [22][23] ഭാഗികമായി സർക്കാർ ഉടമസ്ഥതയിലുള്ള മാദ്ധ്യമങ്ങൾ പ്രതിഷേധത്തിനെ അവഗണിച്ചു. ആദ്യത്തെ പ്രഭാഷകൻ സംസാരിച്ചു തുടങ്ങിയപ്പോഴേയ്ക്കും പോലീസ് മൈക്ക് ഓഫ് ചെയ്തു..[22][24]

വാൻ ടുവോങ് എൻഗുയെൻ എന്ന വിയറ്റ്നാം വംശജനായ ആസ്ട്രേലിയക്കാരനെ 2005 ഡിസംബർ 2-ന് ഹെറോയിൻ കടത്തിയതിന് തൂക്കിക്കൊന്നശേഷം സിംഗപ്പൂരിലെ ഗുഡ് ഷെപ്പേർഡ് കന്യാസ്ത്രീകളുടെ പ്രാദേശിക നേതാവായ സിസ്റ്റർ സൂസൻ ചിയ "വധശിക്ഷ ക്രൂരവും മനുഷ്യത്വരഹിതവും, ജീവിക്കാനുള്ള അവകാശത്തെ ധ്വംശിക്കുന്നതുമാണ്" എന്ന് പ്രസ്താവിച്ചു. ചിയയും മറ്റു കന്യാസ്ത്രികളും എൻഗുയന്റെ അമ്മയെ ശിക്ഷയ്ക്ക് രണ്ടാഴ്ച്ച മുൻപേ ആശ്വസിപ്പിക്കുകയുണ്ടായി. [25]

സിംഗപ്പൂറിലെ വധശിക്ഷാനിയമം മാദ്ധ്യമങ്ങളുടെ അഭിപ്രായപ്രകടനങ്ങൾക്ക് കാരണമായിട്ടുണ്ട്. ശാസ്ത്ര ഫിക്ഷനുകളെഴുതുന്ന വില്ല്യം ഫോർഡ് ഗിബ്സൺ പത്രപ്രതിനിധിയായിരുന്നപ്പോൾ സിംഗപ്പൂരിനെപ്പറ്റി ഒരു യാത്രാവിവരണമെഴുതുകയുണ്ടായി. ലേഖനത്തിന്റെ തലക്കെട്ടായി "വധശിക്ഷയുള്ള ഡിസ്നിലാന്റ്" എന്ന ആക്ഷേപഹാസ്യപ്രയോഗമാണ് അദ്ദേഹം നടത്തിയത്. [26]

2010-ൽ ബ്രിട്ടീഷ് എഴുത്തുകാരനായ അലൻ ഷാഡ്രേക്ക് ഒൺസ് എ ജോളി ഹാങ്ക്മാൻ - സിംഗപ്പൂർ ജസ്റ്റിസ് ഓൺ ദി ഡോക്ക് എന്ന പുസ്തകം പ്രസിദ്ധപ്പെടുത്തി. സിംഗപ്പൂരിന്റെ നിയമവ്യവസ്ഥയെ വിമർശിക്കുന്ന പുസ്തകമായിരുന്നു ഇത്. [27] ഷാഡ്രേക്കിനെ സിംഗപ്പൂരിൽ തന്റെ പുസ്തകത്തിന്റെ പ്രചാരണം നടത്തുന്നതിനിടെ അറസ്റ്റ് ചെയ്യുകയും കോടതിയലക്ഷ്യത്തിന് ആറാഴ്ച്ച തടവിലിടുകയും ചെയ്തു. അപകീർത്തിക്കേസും അദ്ദേഹത്തിനെതിരായി ആരോപിക്കപ്പെട്ടിട്ടുണ്ട്. ഈ കേസിന് ലോകശ്രദ്ധ ലഭിച്ചിരുന്നു. ഇത് സിംഗപ്പൂരിലെ നിയമവ്യവസ്ഥയിലേയ്ക്ക് ശ്രദ്ധ തിരിച്ച സംഭവമായി. [28][29] ഷാഡ്രേക്ക് ക്ഷമായാചനം നടത്തുകയും അദ്ദേഹത്തിന് ഇക്കാര്യത്തിൽ തെറ്റു പറ്റി എന്ന് പറയുകയും ചെയ്തു. നിയമവ്യവസ്ഥയുടെ ചേതനയെ താൻ മുറിവേൽപ്പിച്ചുവെങ്കിൽ മാപ്പപേക്ഷിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നിയമവ്യവസ്ഥയെയും ന്യായാധിപരെയും താഴ്ത്തിക്കെട്ടാൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. [30]

അമേരിക്കൻ ഐക്യനാടുകളിലെ ഔദ്യോഗിക ചർച്ചകൾ

[തിരുത്തുക]

2012-ൽ അമേരിക്കൻ ഐക്യനാടുകളിലെ ജനപ്രതിനിധികൾ മയക്കുമരുന്നുപയോഗത്തെ നേരിടുന്നതിൽ സിംഗപ്പൂരിന്റെ വിജയം ഒരു മാതൃകയാക്കാമോ എന്ന് പരിശോധിക്കേണ്ടതാണെന്ന് പ്രസ്താവിച്ചു. ന്യൂ യോർക്കിലെ മേയർ മൈക്കൽ ബ്ലൂംബർഗ് മയക്കുമരുന്ന് കടത്തിനെ നേരിടേണ്ടതെങ്ങിനെ എന്ന് സിംഗപ്പൂരിനെ കണ്ട് പഠിക്കണം എന്ന് പറയുകയുണ്ടായി. "ചില ആൾക്കാരെ വധിക്കുന്നത് ആയിരമായിരം ജീവൻ രക്ഷിക്കും" എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. [31] അമേരിക്കൻ ഐക്യനാടുകളിലെ റിപ്പബ്ലിക്കൽ പ്രസിഡന്റ് സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാനുള്ള പ്രാധമിക തിരഞ്ഞെടുപ്പിൽ മത്സരിച്ച ന്യൂട്ട് ഗിൻഗ്രിച്ച് ദീർഘകാലമായി പറഞ്ഞുകൊണ്ടിരിക്കുന്ന അഭിപ്രായം (സിംഗപ്പൂരിലെ മാതൃക അമേരിക്കയിൽ പിന്തുടരാവുന്നതാണെന്ന്) പ്രചാരണപ്രവർത്തനങ്ങൾക്കിടയിൽ പലതവണ ആവർത്തിച്ചു. [32][33]

ലാ സൊസൈറ്റി റിവ്യൂ

[തിരുത്തുക]

2005 ഡിസംബറിൽ സിംഗപ്പൂറിലെ ലാ സൊസൈറ്റി വധശിക്ഷ പുനഃപരിശോധിക്കാനുള്ള ഒരു കമ്മിറ്റിയെ നിയമിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി. സൊസൈറ്റിയുടെ പ്രസിഡന്റ് ഫിലിപ് ജയരത്നം നിർബന്ധമായും വധശിക്ഷ നൽകേണ്ട കുറ്റങ്ങൾ വേണമോ എന്നതാണ് പരിശോധനയുടെ പ്രധാന ലക്ഷ്യമെന്ന് പറഞ്ഞു. ഇതിന്റെ റിപ്പോർട്ട് സിംഗപ്പൂറിലെ നിയമ മന്ത്രാലയത്തിൽ സമർപ്പിക്കപ്പെട്ടു. [34] 2006 നവംബർ 6-ന് കമ്മിറ്റിയെ പീനൽ കോഡിനു നിർദ്ദേശിക്കപ്പെട്ട മാറ്റങ്ങളെക്കുറിച്ച് സംസാരിക്കാൻ ആഭ്യന്തര മന്ത്രാലയം ക്ഷണിച്ചു. 2007 മാർച്ച് 30-ന് പുറത്തുവിട്ട റിപ്പോർട്ടിൽ ചില കുറ്റങ്ങളിൽ നിർബന്ധമായും വധശിക്ഷ നൽകുന്നതിനെതിരായ വാദങ്ങളാണുള്ളത്:

കൊലപാതകം, മയക്കുമരുന്നു കടത്ത്, തോക്കുകളുമായി ബന്ധപ്പെട്ട കുറ്റങ്ങൾ, രാജ്യദ്രോഹം എന്നീ വധശിക്ഷ നിർബന്ധമായ കുറ്റങ്ങളിൽ വധശിക്ഷ വിവേചനത്തോടെയേ നൽകാവൂ. തട്ടിക്കൊണ്ടു പോകലുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്കുള്ള ശിക്ഷ വിവേചനത്തോടെ നടപ്പാക്കുന്നതുപോലെയാണ്. നിർബന്ധമായുള്ള വധശിക്ഷ നിർത്തലാക്കണമെന്ന വാദം സിംഗപ്പുറിൽ ശക്തമാണ്. എപ്പോഴാണ് വധശിക്ഷ നൽകേണ്ടിവരുന്നതെന്ന് തീരുമാനിക്കാൻ ന്യായാധിപർക്ക് സ്വാതന്ത്ര്യം ലഭിക്കണമെന്നതാണ് ആവശ്യം. [35]

സിംഗപ്പൂർ സർക്കാരിന്റെ പ്രതികരണം

[തിരുത്തുക]

ഏറ്റവും ഗുരുതരമായ കുറ്റങ്ങൾക്കു മാത്രമേ വധശിക്ഷ നൽകപ്പെടാറുള്ളൂ എന്നും ഇത് കുറ്റകൃത്യം ചെയ്യാൻ സാദ്ധ്യതയുള്ളവർക്ക് ഒരു ശക്തമായ സന്ദേശമാണ് നൽകുന്നതെന്നുമാണ് സിംഗപ്പൂർ സർക്കാർ പറയുന്നത്. 1994-ലും 1999-ലും ഐക്യരാഷ്ട്രസഭയുടെ പൊതുസഭ വധശിക്ഷ നിർത്തലാക്കാനുള്ള പ്രമേയം വോട്ടിനിട്ടെങ്കിലും പരാജയപ്പെട്ടുവെന്ന കാര്യം അവർ ചൂണ്ടിക്കാട്ടുന്നു.

ഐക്യരാഷ്ട്രസഭയിൽ സിംഗപ്പൂറിന്റെ സ്ഥിരം പ്രതിനിധി നിയമത്തിനു പുറത്ത് നടക്കുന്ന ശിക്ഷകളെപ്പറ്റിയും പെട്ടെന്നു നടക്കുന്ന ശിക്ഷകളെപ്പറ്റിയും സഭയുടെ പ്രത്യേക റിപ്പോർട്ടർക്ക് ഒരു കത്തയച്ചിരുന്നു:

"…വധശിക്ഷ പ്രാധമികമായി ഒരു നീതിന്യായ വിഷയമാണ്. ഇത് രാജ്യങ്ങളുടെ പരമാധികാരത്തിൽ പെടുന്ന വിഷയമാണ്. […] ജീവിക്കാനുള്ള അവകാശം മാത്രമല്ല മനുഷ്യർക്കുള്ളത് […] മനുഷ്യർക്കുള്ള പരസ്പരം എതിരുനിൽക്കുന്ന അവകാശങ്ങൾ എങ്ങനെ തുലനം ചെയ്യണമെന്നത് സമൂഹങ്ങളുടെയും സർക്കാരുകളുടെയും തീരുമാനത്തിൽ വരുന്ന കാര്യമാണ്." [2]

2004 ജനുവരിയിൽ സിംഗപ്പൂറിലെ ആഭ്യന്തര മന്ത്രാലയം ആമ്നസ്റ്റി ഇന്റർനാഷണലിന്റെ റിപ്പോർട്ടിന് ഇങ്ങനെ മറുപടി പറഞ്ഞു:[8]

  • വധശിക്ഷ നിരോധിക്കണമോ എന്ന വിഷയത്തിൽ അന്താരാഷ്ട്ര സമവായമില്ല.
  • എല്ലാ രാജ്യങ്ങൾക്കും അവിടുത്തെ സാഹചര്യങ്ങൾ കണക്കിലെടുത്ത് സ്വന്തം നീതിന്യായ വ്യവസ്ഥ എന്തു രീതിയിലാകണമെന്നു തീരുമാനിക്കാനുള്ള പരമാധികാരമുണ്ട്.
  • വധശിക്ഷ സിംഗപ്പൂറിനെ ലോകത്തിൽ ഏറ്റവും സുരക്ഷിതമായി ജീവിക്കാവുന്ന സ്ഥലമാക്കിയിട്ടുണ്ട്.
  • വളരെ ഗുരുതരമായ കുറ്റങ്ങൾക്കേ വധശിക്ഷ നൽകാറുള്ളൂ.

വിദേശികളാണ് വധശിക്ഷ ലഭിക്കുന്നതിൽ ഭൂരിപക്ഷമെന്ന ആരോപണം സർക്കാർ കണക്കുകൾ കാണിച്ച് തെറ്റെന്നു തെളിയിച്ചു. പാവങ്ങളും വിദ്യാഭാസമില്ലാത്തവരും പീഡിതരുമാണ് വധശിക്ഷയ്ക്കിരയാകുന്നതെന്ന ആരോപണത്തിനോട് ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: ". 1993 മുതൽ 2003 വരെ വധശിക്ഷ ലഭിച്ചവരിൽ 95% 21 വയസിൽ കൂടുതൽ പ്രായമുള്ളവരും 80% ഔപചാരിക വിദ്യാഭ്യാസം ലഭിച്ചവരും 80 ശതമാനത്തോളം ജോലിയുണ്ടായിരുന്നവരുമാണ്. ".[8]

വാൻ ടുവോങ് എൻഗുയൻ എന്നയാളുടെ തൂക്കിക്കൊലയ്ക്ക് ശേഷം പ്രധാനമന്ത്രി ലീ സിയൻ ലൂങ് സർക്കാരിന്റെ അഭിപ്രായം ആവർത്തിച്ചുറപ്പിച്ചു. "ആയിരക്കണക്കിനാൾക്കാരെ ബാധിക്കുന്ന മയക്കുമരുന്ന് കച്ചവടത്തിന്റെ അടിവേരറുക്കാൻ മയക്കുമരുന്ന് കടത്തുകാരെ നേരിടുകയാണ് വേണ്ടത്. ചെറിയ ചില്ലകൾ അറുക്കുകയല്ല ഇതിന്റെ ചികിത്സ. വധശിക്ഷാ നിയമം സിംഗപ്പൂർ വാസികൾ അംഗീകരിച്ചതാണ്. ഇത് നമ്മെ മയക്കുമരുന്ന് എന്ന പ്രശനത്തെ നേരിടാൻ സഹായിക്കുന്നുണ്ട്." [36]

2007-ൽ ഐക്യരാഷ്ട്രസഭയുടെ പൊതുസഭ വധശിക്ഷ നിർത്തുന്ന പ്രമേയത്തിൽ വോട്ടെടുക്കുന്നതിനു മുൻപ് സിംഗപ്പൂറിന്റെ അംബാസഡർ വാനു ഗോപാല മേനോൻ പറഞ്ഞു: "വധശിക്ഷ അന്താരാഷ്ട്ര നിയമപ്രകാരം നിരോധിക്കപ്പെട്ടിട്ടില്ല എന്ന് എന്റെ പ്രതിനിധിസംഘം ഈ കമ്മിറ്റിയെ ഓർമിപ്പിക്കാൻ ആഗ്രഹിക്കുന്നു. എന്നിട്ടും ഈ പ്രമേയത്തിന്റെ അവതാരകർ വധശിക്ഷയുടെ കാര്യത്തിൽ ഒറ്റ നിലപാടെടുക്കാനേ അന്താരാഷ്ട്രസമൂഹത്തിന് സാദ്ധ്യമാകൂ എന്നും ഒറ്റ നിലപാടിനേ ബഹുമാന്യതയുള്ളൂ എന്നും തീരുമാനിച്ചിരിക്കുന്നു... [വധശിക്ഷ] ഞങ്ങളുടെ നാട്ടിലെ നിയമം നടപ്പാക്കുന്നതിലെ ഒരു പ്രധാന കണ്ണിയാണ്. വളരെ ഗുരുതരമായ കുറ്റങ്ങളിൽ ഒരു താക്കീതെന്ന നിലയിലാണ് ഈ ശിക്ഷ ഉപയോഗിക്കുന്നത്. അന്യായമായ ഒന്നും നടക്കുന്നില്ല എന്നുറപ്പുവരുത്താനുള്ള നിയമവ്യവസ്ഥ ഞങ്ങൾക്കുണ്ട്."[37]

പ്രധാനപ്പെട്ട കേസുകൾ

[തിരുത്തുക]
  • അഡ്രിയാൻ ലിം, ടാൻ മുയി ചൂ, ഹോയ് കാ ഹോങ്, എന്നിവരെ കൊലപാതക്കുറ്റത്തിന് 1981-ൽ ശിക്ഷിച്ചു. മൂവരെയും 1988-ൽ തൂക്കിലേറ്റി.
  • ഫ്ലോർ കണ്ടമ്പ്ലേസിയോൺ എന്ന ഫിലിപ്പീൻസുകാരി വീട്ടുജോലിക്കാരിയെ വധശിക്ഷയ്ക്ക് വിധിച്ചു. ഇത് ഫിലിപ്പീൻസും സിംഗപ്പൂറും തമ്മിലുള്ള ബന്ധം വഷളാക്കാനിടയാക്കിയിരുന്നു.
  • യൊഹാന്നെസ് വാൻ ഡാമെ മയക്കുമരുന്നു കടത്തിനാണ് ശിക്ഷിക്കപ്പെട്ടത്. സ്വാതന്ത്ര്യത്തിനു ശേഷം ആദ്യമായി സിംഗപ്പൂറിൽ വധിക്കപ്പെട്ട യൂറോപ്യനാണിയാൾ.
  • ടോങ് ചിങ്-മാൻ, പൂൺ യുവൻ-ചുങ് എന്നിവരെ മയക്കുമരുന്നു കടത്തിനായി ശിക്ഷിച്ചു. ഈ രണ്ട് ഹോങ്ക് കോങ്ങുകാരി പെൺകുട്ടികൾക്കും ശിക്ഷാസമയത്ത് 18 വയസായിരുന്നു പ്രായം.
  • ഏഞ്ചൽ മൗ പൂയി-പെങ് എന്ന അവിവാഹിതയായ അമ്മയെ മയക്കുമരുന്ന് കടത്തിന് വധശിക്ഷയ്ക്ക് വിധിച്ചു. [38]
  • വാൻ ടുവോങ് എൻഗുയൻ എന്നയാളെ മയക്കുമരുന്നു കടത്തിന് വധിച്ചു. ഇയാൾ ആസ്ട്രേലിയം പൗരത്വമുള്ളയാളായിരുന്നതിനാൽ വിധി ആസ്ട്രേലിയയിൽ എതിരായ ജനാഭിപ്രായമുണ്ടാക്കി. ആസ്ട്രേലിയൻ സർക്കാരിന് ഇതിലിടപെടേണ്ടിവന്നു.
  • ടുക്ക് ലെങ് ഹൗ എന്നയാളെ എട്ടുവയസുണ്ടായിരുന്ന ഹുവാങ് നാ എന്ന കുട്ടിയെ കൊന്ന കുറ്റത്തിന് വധിച്ചു. ടൂക്കിന്റെ അപ്പീൽ തള്ളിയപ്പോൾ ജഡ്ജി കാൻ ടിങ് ചിയു എതിരഭിപ്രായം പ്രകടിപ്പിച്ചിരുന്നു.
  • ഇവുചുക്വു അമാര ടോചിയെ മയക്കുമരുന്നു കടത്തിന് വധിച്ചു.
  • ലിയോങ് സിയൂ ചോർ എന്ന 51കാരനെ ചൈനക്കാരി ലിയു ഹോങ് മേയി എന്ന് 22 വയസുകാരിയെ കൊന്ന് ശവശരീരം കഷണങ്ങളാക്കിയതിന് 2006 മേയ് മാസത്തിൽ വധശിക്ഷ വിധിച്ചു. [39] അയാളെ 2007 നവംബറിൽ തൂക്കിക്കൊന്നു. [40]
  • ടാൻ ചോർ ജിൻ എന്നയാളെ 2007 മേയ് മാസത്തിൽ ഒരു നിശാക്ലബ് ഉടമയെ വെടിവച്ചു കൊന്നതിന് വധശിക്ഷ നൽകാൻ വിധിച്ചു. ടാൻ കോടതിയിൽ വക്കീലില്ലാതെ സ്വയമാണ് കേസ് വാദിച്ചത്. അദ്ദേഹം ന്യായാധിപനോട് മരണശിക്ഷ തരണം എന്ന് അപേക്ഷിച്ചു. [41] 2009 ജനുവരിയിൽ അയാളെ തൂക്കിക്കൊന്നു. [42]

അവലംബം

[തിരുത്തുക]
  1. പാരഗ്രാഫ് 68 UNODC.org (18-ആം പേജ്)
  2. 2.0 2.1 2.2 2.3 2.4 2.5 2.6 "(സിംഗപ്പൂർ - വധശിക്ഷ: മരണശിക്ഷയുടെ ഒളിച്ചിരിക്കുന്ന ഇരകൾ/Singapore - The Death Penalty: A Hidden Toll Of Executions)" (PDF). ആംനസ്റ്റി ഇന്റർനാഷണൽ. 2004-01-14. Archived (PDF) from the original on 2007-12-17. Retrieved 2007-12-29. ആംനസ്റ്റി ഇന്റർനാഷണൽ മയക്കുമരുന്ന് കടത്ത് തടയേണ്ടതിന്റെ ആവശ്യകതയും മയക്കുമരുന്നുകൾ ഉണ്ടാക്കുന്ന കുഴപ്പങ്ങളും മനസ്സിലാക്കുന്നു. പക്ഷേ വധശിക്ഷ മറ്റു ശിക്ഷകളേക്കാളധികം മയക്കുമരുന്ന് കടത്തുകാരെ തടയുമെന്ന് ഒരു തെളിവുമില്ല. ഇത്തരമൊരു വിശ്വാസം ന്യായമായ വിചാരനയെ ബാധിക്കുന്നതിൽ ഞങ്ങൾക്ക് കുണ്ഠിതമുണ്ട്. നിരപരാധിയായ ഒരു മനുഷ്യൻ ശിക്ഷിക്കപ്പെടാൻ ഇതു മൂലം സാധ്യത കൂടുതലാണ്. ഞങ്ങൾ വധശിക്ഷയ്ക്കെതിരാണ്. മൂന്ന് ചതുരശ്ര മീറ്റർ വിസ്തീർണമുള്ള മുറികളിലാണ് വധശിക്ഷ വിധിക്കപ്പെട്ടവരെ താമസിച്ചിരിക്കുന്നതെന്ന് പ്രതികളുടെ ബന്ധുക്കളിൽ നിന്ന് ഞങ്ങൾക്കറിയാൻ സാധിച്ചിട്ടുണ്ട്. ഈ മുറികൾക്ക് മൂന്നു വശവും വാതിലും ഒരു വശത്ത് കമ്പിയഴികളുമാണെന്നാണ് വിശ്വാസം. കിടക്കുന്നതിന് ഒരു പായയും ടോയ്ലറ്റും മാത്രമാണത്രേ സെല്ലുകളിലുണ്ടാകുക. ഒരു ബക്കറ്റ് പ്രതികൾക്ക് നൽകപ്പെടും. ആഴ്ച്ചയിലൊരിക്കൽ 20 മിനിട്ട് സന്ദർശനസമയം മാത്രമാണ് അനുവദിക്കപ്പെടുക. സന്ദർശകരിൽ നിന്ന് ഒരു ഗ്ലാസ് ഭിത്തി കൊണ്ട് പ്രതികളെ വേർതിരിച്ചിരിക്കുംത്രേ. ടെലിഫോണിലൂടെ മാത്രമാണ് പ്രതികൾക്ക് സന്ദർശകരോട് സംസാരിക്കാൻ പറ്റുക. വധിക്കുന്നതിന് നാലു ദിവസം മുൻപു വരെ പ്രതികൾക്ക് ടെലിവിഷൻ കാണാനോ റേഡിയോ കേൾക്കാനോ അവകാശമില്ല. അപ്പോൾ മുതൽ മാത്രമാണ് അവർക്ക് ഇഷ്ടപ്പെട്ട ഭക്ഷണം ലഭിക്കുന്നതും (ബഡ്ജറ്റനുസരിച്ച്) കൂടുതൽ സന്ദർശക സമയമനുവദിക്കുന്നതും. എങ്കിലും ബന്ധുക്കളോട് നേരിട്ടുള്ള കൂടിക്കാഴ്ച്ച അനുവദിക്കാറില്ല. 2001 ജൂലൈയിൽ മനുഷ്യാവകാശ പ്രവർത്തകനും പാർലമെന്റംഗവുമായ ജെ. ബി. ജെയരത്നം വധശിക്ഷ കാത്തു കഴിയുന്ന ഒരു മയക്കു മരുന്നു കച്ചവടക്കാരനെപ്പറ്റി ചർച്ച ആവശ്യപ്പെട്ടു. കാബിനറ്റ് കേസിന്റെ വിവിധവശങ്ങൾ പഠിക്കണമെന്നും ദയാഹർജി കേൾക്കണമെന്നുമാണ് അദ്ദേഹം വാദിച്ചത്. അദ്ദേഹത്തിന് ചില മിനിട്ടുകൾ മാത്രമാണ് സംസാരിക്കാൻ സമയം ലഭിച്ചത്. അപ്പോഴേയ്ക്കും നിയമ-ആഭ്യന്തര മന്ത്രി അദ്ദേഹത്തിന്റെ വാദങ്ങൾ തള്ളിക്കളഞ്ഞിരുന്നു.
  3. 3.0 3.1 3.2 3.3 "Written Answer to Parliamentary Question on Judicial Executions From 2004 to 2010, 21 October 2011, MHA". Archived from the original on 2013-06-05. Retrieved 2012-06-18.
  4. 4.0 4.1 4.2 "Prisons Annual Report 2011 Part 4" (PDF). Archived from the original (PDF) on 2012-04-15. Retrieved 2012-06-18.
  5. http://sg.news.yahoo.com/singapore-court-rejects-death-row-malaysians-appeal-110851617.html, quote:According to official figures, there were four executions in 2011, two of them for drug-related offences
  6. "More people executed in Singapore". The Age. Melbourne. 25 September 2003. Retrieved 2007-12-30. {{cite news}}: Text "AFP" ignored (help)
  7. Shadrake, Alan (28 October 2005). "Nguyen executioner revealed". The Australian. Surry Hills, NSW, 2010, Australia: News Limited. Archived from the original on 2005-10-29. Retrieved 2007-12-30. മലേഷ്യയിൽ നിന്ന് വന്നശേഷം മിസ്റ്റർ സിങ്ങ് 1950-കളിൽ ജയിൽ സർവീസിൽ ചേർന്നു. അപ്പോഴത്തെ ആരാച്ചാർ മിസ്റ്റർ സൈമുർ വിരമിച്ചപ്പോൾ 27 കാരനായിരുന്ന സിങ്ങ് ജോലിക്ക് ചേരാൻ തയ്യാറാണെന്ന് അധികാരികളെ അറിയിച്ചു. വധശിക്ഷകൾക്ക് കിട്ടുന്ന അധിക വരുമാനമാണ് അദ്ദേഹത്തെ ആകർഷിച്ചത്. ഒരു ദിവസം 18 പേരെ വധിച്ച ലോകത്തിലെ ഒരേയൊരു ആരാച്ചാരാണ് ഇദ്ദേഹം (മൂന്നു പേരെ വീതം ഒരേസമയം). 1963-ൽ ഒരു ജയിൽ കലാപത്തിൽ നാൽ ജയിലുദ്യോഗസ്ഥരെ വധിച്ചതായിരുന്നു അവരുടെ കുറ്റം. ഏഴു പേരെ 90 മിനിട്ടുകൊണ്ട് ഇദ്ദേഹം തൂക്കിലേറ്റിയിട്ടുണ്ട്. ഒരു കച്ചവടക്കാരനും രണ്ട് ജോലിക്കാരും ഒരു മോഷണത്തിനിടെ മരിച്ച സംഭവത്തിലാണ് (ഗോൾഡ് ബാർ കൊലകൾ) ഇവർക്ക് വധശിക്ഷ നൽകിയത്. 1991-ൽ ഫിലിപ്പീൻസുകാരി വീട്ടുജോലിക്കാരിയായ ഫ്ലോർ കൊണ്ടമ്പ്ലാസിയോണിനെ വധിച്ചതാണ് ഇദ്ദേഹം നടപ്പാക്കിയിട്ടുള്ള ഏറ്റവും വിവാദമുണ്ടാക്കിയിട്ടുള്ള വധശിക്ഷ. കൂടെ ജോലിചെയ്തിരുന്നഡെലിയ മാഗയെയും നാലുവയസുകാരൻ പുത്രനെയും വധിച്ചു എന്ന കുറ്റമാരോപിച്ചായിരുന്നു ശിക്ഷിച്ചത്. തെളിവുകൾ അപൂർണമായിരുന്നു എന്നാണ് അധികം പേരും വിശ്വസിച്ചിരുന്നത്. ലളിത വസ്ത്രം ധരിച്ചാണ് അദ്ദേഹം വധശിക്ഷ നടപ്പാക്കിയിരുന്നത്. രണ്ട് സുഹൃത്തുക്കളുമായി മദ്യപിച്ചാണ് അദ്ദേഹം തന്റെ 500-ആം വധശിക്ഷ ആഘോഷിച്ചത്. ഒരു പ്രാവശ്യം പോലും വധശിക്ഷ കുഴപ്പത്തിലായിട്ടില്ല എന്ന് അദ്ദേഹം വീമ്പു പറയാറുണ്ട്. "എത്ര ദൂരമാണ് തൂങ്ങിമരണത്തിൽ വീഴ്ച്ചയുണ്ടാവേണ്ടതെന്നും കഴുത്തിനു പിന്നിൽ എവിടെയാണ് കൊലക്കയറിന്റെ കെട്ട് വരേണ്ടെതെന്നും മിസ്റ്റർ സൈമുറാണ് സിങ്ങിനെ പഠിപ്പിച്ചത്" എന്ന് അദ്ദേഹത്തിന്റെ സഹ ജോലിക്കാരൻ പറഞ്ഞിട്ടുണ്ട്. "മരണം എപ്പോഴും വേദനയില്ലാതെയും തൽക്ഷണവുമാണ് വരുക. പുലർച്ചെ ആറുമണിക്ക് ഒരു ക്ഷണനേരം കൊണ്ട് എല്ലാം അവസാനിക്കും." {{cite news}}: Cite has empty unknown parameter: |coauthors= (help); line feed character in |quote= at position 261 (help)CS1 maint: location (link)
  8. 8.0 8.1 8.2 8.3 8.4 "ആംനസ്റ്റി ഇന്റർനാഷണലിന്റെ റിപ്പോർട്ടിനോടുള്ള (സിംഗപ്പൂർ - വധശിക്ഷ: മരണശിക്ഷയുടെ ഒളിച്ചിരിക്കുന്ന ഇരകൾ/Singapore - The Death Penalty: A Hidden Toll Of Executions) സർക്കാരിന്റെ പ്രതികരണം". ആഭ്യന്തര മന്ത്രാലയം. 30 January 2004. Retrieved 2007-12-30. ആംനസ്റ്റി ഇന്റർനാഷണലിന്റെ അവകാശവാദങ്ങൾക്കെതിരാണ് വസ്തുതകൾ. വിദേശികളല്ല, സിംഗപ്പൂറുകാരാണ് കൂടുതൽ മരണശിക്ഷയ്ക്കിരയായിട്ടുള്ളത്. 1993 മുതൽ 2003 വരെ വധശിക്ഷ ലഭിച്ചവരിൽ 64% സിംഗപ്പൂറുകാരായിരുന്നു. കഴിഞ്ഞ് അഞ്ചു വർഷമായി വധിക്കപ്പെട്ട 73% ആൾക്കാരും സിംഗപ്പൂറുകാരാണ്. സിംഗപ്പൂറിലെ നാലു താമസക്കാരിൽ ഒരാൾ വിദേശിയാണെന്ന നിലയ്ക്ക് വിദേശികളെ അമിതമായ തോതിൽ വധശിക്ഷയ്ക്ക് വിധേയരാക്കുന്നുണ്ടെന്ന ആരോപണം തെറ്റാണ്. ബന്ധുക്കൾ മരണസമയത്ത് പ്രതിയോടൊപ്പമുണ്ടാകില്ലെങ്കിലും അവരെ നാല് ദിവസം മുന്നേ വിവരമറിയിക്കാറുണ്ട്. വിദേശികൾക്ക് പതിനാലു ദിവസം മുൻപു തന്നെ എംബസിയെയോ ബന്ധുക്കളെയോ വിവരമറിയിക്കാറുണ്ട്. മരണത്തിനു മുൻപുള്ള നാലു ദിവസവും ദിവസം നാലു മണിക്കൂർ വരെ സന്ദർശനം അനുവദിക്കാറുണ്ട്. ജയിൽ ഡോക്ടറുടെ സാനിദ്ധ്യത്തിലാണ് ശിക്ഷ നടപ്പാക്കുന്നത്. അപേക്ഷ ലഭിച്ചാൽ പുരോഹിതനെയും അടുത്തുണ്ടാകാൻ അനുവദിക്കും. ഞങ്ങളുടെ ജയിലുകളിലെ സൗകര്യങ്ങൾ ചുരുങ്ങിയതാണെങ്കിലും മതിയായതാണ്. ന്യായാധിപർ മുന്നറിയിപ്പില്ലാതെ ജയിൽ സന്ദർശിച്ച് പ്രതികളോട് അരുതാത്ത പെരുമാറ്റമുണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്താറുണ്ട്. പ്രതികളെ വ്യായാമം ചെയ്യാനനുവദിക്കുന്നില്ല എന്നത് തെറ്റായ ആരോപണമാണ്. എല്ലാ പ്രതികൾക്കും ദിവസവും വ്യായാമം ചെയ്യാൻ സൗകര്യമുണ്ട്. രണ്ട് മൈതാനങ്ങൾ ഇതിനായുണ്ട്. ഒരു സമയം രണ്ട് പ്രതികളെ വീതം അണ്മണിക്കൂർ ദിവസം രണ്ടു പ്രാവശ്യം വീതം വ്യായാമം ചെയ്യാൻ പ്രതികളെ അനുവദിക്കും.[പ്രവർത്തിക്കാത്ത കണ്ണി]
  9. Cap. 68, 1985  Rev. Ed.
  10. "Singapore stands by hanging". 21 November 2005. Retrieved 2007-12-30.
  11. Rita Zahara (29 December 2006). "19 murders in first 11 months of 2006, one more than same period in 2005". Channel NewsAsia. Archived from the original on 2009-04-15. Retrieved 2012-06-18.
  12. "Singapore Death Penalty Shrouded In Silence". Reuters. 12 April 2002. Retrieved 2007-12-30.
  13. Cap. 224, 1985  Rev. Ed.
  14. Cap. 185, 2001  Rev. Ed.
  15. "SECOND SCHEDULE - OFFENCES PUNISHABLE ON CONVICTION". Archived from the original on 2016-04-15. Retrieved 2012-06-18.
  16. Cap. 143, 1985  Rev. Ed.
  17. Cap. 14, 1998  Rev. Ed.
  18. Cap. 151, 1999  Rev. Ed.
  19. Baradan Kuppusamy (3 December 2007). "DEATH PENALTY-SINGAPORE: Stand at UN Leaves Many Angered". IPS. Archived from the original on 2007-12-11. Retrieved 2012-06-19.
  20. Peng Kee, Ho, Singapore Parliamentary Reports, 11th Parliament, Session 1, Volume 83, 23 October 2007.
  21. Tan Kong Soon (19 July 2001). "Death Penalty Case Gets an Airing in Parliament". Think Centre. Retrieved 2007-12-30. 011 ജൂലൈ 11 ലെ പാർലമെന്റ് യോഗത്തിൽ ദീർഘകാല പരിചയമുള്ള ഒരു രാഷ്ട്രീയനേതാവ് വധശിക്ഷ കാത്തു കഴിയുന്ന മയക്കു മരുന്നു കേസിൽ ശിക്ഷിക്കപ്പെട്ട ഒരു മലായ് പുരുഷന് മാപ്പുനൽകണമെന്ന വിഷയം അവതരിപ്പിച്ചു. അനുവദിച്ച സമയത്തിനുള്ളിൽ ജെ.ബി.ജെ. എന്ന നേതാവിന് മൂന്നു കാര്യങ്ങളേ ചർച്ച ചെയ്യാനായുള്ളൂ. അപ്പോഴേയ്ക്കും സ്പീക്കർ അദ്ദേഹത്തെ തടസ്സപ്പെടുത്തുകയും ആഭ്യന്തര-നിയമം മന്ത്രി ഹോ പെങ് കീ അദ്ദേഹത്തിന് മറുപടി പറയാൻ തുടങ്ങുകയും ചെയ്തു.
  22. 22.0 22.1 ആഗ്ലിയോൺബി, ജോൺ (2005 മേയ് 8). "സിംഗപ്പൂർവധശിക്ഷയ്ക്കെതിരേ ആദ്യമായി ശബ്ദം കണ്ടെത്തുന്നു". ലോകം. ലണ്ടൻ: ദി ഒബ്സർവർ. Retrieved 2007-12-30. 38 കാരനായിരുന്ന മുരുഗേശു ഒരു ജെറ്റ് സ്കീ ചാമ്പ്യനും, മുൻ സൈനിക ഉദ്യോഗസ്ഥനും, സർക്കരുദ്യോഗസ്ഥനുമായിരുന്നു. ഇദ്ദേഹത്തെ 2003 ആഗസ്റ്റ് മാസത്തിൽ മലേഷ്യയിൽ നിന്നുള്ള മടക്കയാത്രയിൽ ആറു പാക്കറ്റ് (ഒരു കിലോ) കഞ്ചാവുമായി പിടിക്കപ്പെട്ടു. 300ഗ്രാമടങ്ങിയ ഒരു പാക്കറ്റ് കൈവശമുണ്ടായിരുന്നതായി അയാൾ സമ്മതിച്ചു; പക്ഷേ മറ്റു പാക്കറ്റുകളെക്കുറിച്ച് വിവരമില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിനെതിരായ പ്രതിഷേധം ഉയർന്നുവരുന്നതിൽ സർക്കാരിന് താല്പര്യമില്ല എന്ന് വ്യക്തമാണ്. ഭാഗികമായി സർക്കാർ ഉടമസ്ഥതയിലുള്ള മാദ്ധ്യമങ്ങൾ പ്രതിഷേധത്തിനെ അവഗണിച്ചു. ആദ്യത്തെ പ്രഭാഷകൻ സംസാരിച്ചു തുടങ്ങിയപ്പോഴേയ്ക്കും പോലീസ് മൈക്ക് ഓഫ് ചെയ്തു. {{cite news}}: Check date values in: |date= (help)
  23. "ഐ. ആർ ലെജിസ്ലേഷൻ; സിംഗപ്പൂറിൽ മരണം കാത്തു കഴിയുന്നവർ". ദി ലാ റിപ്പോർട്ട്. മെൽബോൺ: എ.ബി.സി. റേഡിയോ നാഷണൽ. 2005 നവംബർ 8. Retrieved 2007-12-30. [...] ഒരു കിലോഗ്രാം കഞ്ചാവുമായി പിടിക്കപ്പെട്ടതായാണ് ആരോപിക്കപ്പെട്ടതെങ്കിലും ഒരു പാക്കറ്റ് മാത്രം കൈവശമുള്ളതായേ അയാൾ സമ്മതിച്ചുള്ളൂ. {{cite news}}: Check date values in: |date= (help)
  24. മാർട്ടിൻ അബ്ബുഗാവോ (എ.എഫ്.പി) (2005 മേയ് 16). "സിംഗപ്പൂരിലെ വധശിക്ഷയ്ക്കെതിരായ യുദ്ധം തുടരുന്നു". ലോകം. ഹോങ്ക് കോങ്ങ്: ദി സ്റ്റാന്റാർഡ്. Retrieved 2007-12-30. എതിർപ്പുകാണിക്കുന്നവരെ സർക്കാർ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതിന് ഒരുദാഹരണമാണ് ഈ സംഭവം. ശ്രോതാക്കളെ സംസാരിക്കാനനുവദിച്ച ഒരു "ഓപൺ മൈക്ക് സെഷനിൽ" ആദ്യത്തെയാൾ സംസാരിക്കുമ്പോൾ മൈക്ക് ഓഫ് ചെയ്യപ്പെട്ടു. യൂണിഫോം ധരിക്കാത്ത ഒരു പോലീസുദ്യോഗസ്ഥൻ പരിപാടിയുടെ ആ ഭാഗം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടുവെന്ന് സംഘാടകർ പറഞ്ഞു. {{cite news}}: Check date values in: |date= (help)
  25. "End death penalty: Singapore nun". Melbourne: The Age. 4 December 2005.
  26. "[[Disneyland with the Death Penalty]]". Wired. September 1993. {{cite news}}: URL–wikilink conflict (help)
  27. ഇംഗളണ്ട്, വൗഡീൻ (2010 ജൂലൈ 20). "ബ്രിട്ടീഷുകാരനായ വധശിക്ഷയെപ്പറ്റി എഴുതിയിട്ടുള്ള എഴുത്തുകാരൻ സിംഗപ്പൂരിൽ ജാമ്യം നേടി". ബി.ബി.സി. ന്യൂസ്. Retrieved 2010 ജൂലൈ 20. {{cite news}}: Check date values in: |accessdate= and |date= (help); Cite has empty unknown parameter: |coauthors= (help)
  28. "British author of death penalty book held in Singapore". BBC News. 19 July 2010. Retrieved 19 July 2010.
  29. British author jailed for contempt by Singapore court, The Guardian, 16 November 2010
  30. "British author Alan Shadrake jailed in Singapore". Telegraph. 16 Nov 2010. Retrieved 16 Nov 2010.
  31. "Michael Bloomberg, DNA - Manhattan News March 26, 2012". Archived from the original on 2012-03-29. Retrieved 2012-06-19.
  32. Newt Gingrich on Singapore's Drug laws (2012 interview)
  33. Newt Gingrich on U.S. drug policy and drug laws
  34. Ansley Ng (2006-01-13). "Singapore's Law Society to give death penalty a fair airing". Today (Singapore newspaper). Archived from the original on 2009-01-20. Retrieved 2012-06-19.
  35. Extract of the Council’s Report on the proposed Penal Code Amendments submitted to the Ministry of Home Affairs, March 30, 2007, lawsociety.org Archived 2010-07-16 at the Wayback Machine.
  36. "Drug trafficking 'deserves death penalty': Singapore PM". ABC News Online. 29 November 2005. Retrieved 2007-12-30.
  37. Deen, Thalif (1 November 2007). "Death Penalty Threatens to Split World Body". Asian Tribune. Archived from the original on 2007-11-02. Retrieved 2007-12-30.
  38. Angel Mou Pui Peng
  39. Rita Zahara (19 May 2006). "Kallang body parts murderer gets death sentence". Channel NewsAsia. Archived from the original on 2009-01-20. Retrieved 2012-06-19.
  40. "Property agents obliged to reveal history of flat?". 2 October 2008. Archived from the original on 2009-01-23. Retrieved 2012-06-19.
  41. Valarie Tan (2007-01-24). ""One-Eyed Dragon" asked to be hanged to stop death threats on family". Channel NewsAsia. Archived from the original on 2012-07-28. Retrieved 2012-06-19.
  42. "One-eye Dragon hanged". Straits Times. 2009-01-09. Archived from the original on 2009-01-16. Retrieved 2012-06-19.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വധശിക്ഷ_സിംഗപ്പൂരിൽ&oldid=3970651" എന്ന താളിൽനിന്ന് ശേഖരിച്ചത്