Jump to content

ആംനസ്റ്റി ഇന്റർനാഷണൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Amnesty International എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ആംനെസ്റ്റി ചിഹ്നം

അഖിലലോക മനുഷ്യാവകാശവിളംബരത്തിലും മറ്റു അന്താരാഷ്ട്ര രേഖകളിലും പറയുന്ന എല്ലാവിധ മനുഷ്യാവകാശങ്ങൾക്കും വേണ്ടി പൊരുതുന്ന ഒരു അന്താരാഷ്ട്ര സർക്കാരേതരസംഘടനയാണു് ആംനസ്റ്റി ഇന്റർനാഷണൽ (എ.ഐ.). ചുരുക്കത്തിൽ ആംനസ്റ്റിയുടെ പ്രവർത്തനങ്ങൾ ഇവയെല്ലാമാണു്: സ്വന്തം വിശ്വാസങ്ങളുടെ പേരിൽ തടവിലാക്കപ്പെട്ട വ്യക്തികളുടെ മോചനം (prisoners of conscience), രാഷ്ട്രീയത്തടവുകാർക്കു് നീതിപൂർവ്വവും കാലതാമസവുമില്ലാത്ത വിചാരണ ഉറപ്പാക്കൽ, വധശിക്ഷയും, ലോക്കപ്പു മർദ്ദനങ്ങളും, അതുപോലുള്ള മറ്റു ക്രൂരമായ ശിക്ഷാനടപടികളുടെയും ഉന്മൂലനം, രാഷ്ട്രീയക്കൊലപാതകങ്ങൾക്കും അപ്രത്യക്ഷമാകലുകൾക്കും ഒരു അവസാനം, കൂടാതെ സർക്കാരുകൾ മൂലവും എതിരാളികൾ മൂലവും ആരും അനുഭവിയ്ക്കുന്ന എല്ലാവിധ മനുഷ്യാവകാശധ്വംസനങ്ങൾക്കുമെതിരെയുള്ള പ്രവർത്തനങ്ങൾ തുടങ്ങിയവ.

ചരിത്രം

[തിരുത്തുക]

1961-ൽ പീറ്റർ ബെനൻസൺ എന്ന ബ്രിട്ടീഷു് അഭിഭാഷകനാണു് ആംനസ്റ്റി ഇന്റർനാഷനൽ സ്ഥാപിച്ചതു്. ഒരിയ്ക്കൽ പത്രവായനയ്ക്കിടയിൽ കണ്ണിൽപെട്ട വാർത്ത വായിച്ചു് ബെനൻസൺ ഞെട്ടുകയും അത്യധികം രോഷാകുലനാകുകയും ചെയ്തു. സ്വാതന്ത്ര്യത്തിനു ആശംസകൾ നേർന്ന രണ്ടു പോർച്ചുഗീസു് വിദ്യാർത്ഥികളെ, ആ ഒരു കുറ്റത്തിന്റെ പേരിൽ ഏഴുകൊല്ലം തടവിനു വിധിച്ച വാർത്തയായിരുന്നു അതു്. ദി ഒബ്സർവർ ദിനപത്രത്തിന്റെ പത്രാധിപർ ഡേവിഡു് ആസ്റ്റർക്കു ബെനൻസൺ എഴുതിയ എഴുത്തു്, മെയു് 28-നു വിസ്മരിയ്ക്കപ്പെട്ട തടവുകാർ എന്ന പേരിൽ പ്രസിദ്ധീകരിയ്ക്കുകയും, അതിൽ വായനക്കാരോടു്, തടവിലാക്കപ്പെട്ട വിദ്യാർത്ഥികൾക്കു പിന്തുണ പ്രഖ്യാപിച്ചു് എല്ലാ ബന്ധപ്പെട്ട അധികാരികൾക്കും എഴുത്തുകൾ എഴുതുവാൻ ആവശ്യപ്പെടുകയും ചെയ്തു. ഈ ലേഖനത്തിനു വിസ്മയാവഹമായ പ്രതികരണമായിരുന്നു ലഭിച്ചതു്. ഒരു വർഷത്തിനകം, പന്ത്രണ്ടിലധികം രാജ്യങ്ങളിൽ അന്യായത്തിനു ഇരകളായവരുടെ (ലോകത്തെവിടെയാണെങ്കിലും) പ്രതിരോധത്തിനു വേണ്ടി കത്തെഴുതുന്നവരുടെ സംഘങ്ങൾ രൂപം കൊണ്ടു. 1962 മദ്ധ്യത്തോടെ പടിഞ്ഞാറൻ ജർമനി, ബെൽജിയം, സ്വിറ്റ്സർലണ്ടു്, നെതർലണ്ടു്, നോർവേ, സ്വീഡൻ, ഐർലണ്ടു്, കാനഡ, സിലോൺ, ഗ്രീസു്, ഓസ്ട്രേലിയ, അമേരിക്ക, ന്യൂസീലാന്റു്, ഘാന, ഇസ്രായേൽ, മെക്സിക്കോ, അർജന്റീന, ജമൈക്ക, മലയ, കോങ്ഗോ(Brazzaville), എത്യോപ്യ, നൈജീരിയ, ബർമ, ഇന്ത്യ, മുതലായ രാജ്യങ്ങളിൽ ആംനസ്റ്റി സംഘങ്ങൾ പ്രവർത്തനം തുടങ്ങി. ആ വർഷം അവസാനം ഡയാന റെഡ്ഹൌസു് എന്ന ഒരു സംഘാംഗം ആംനസ്റ്റിയുടെ മെഴുകുതിരിയും കമ്പിവേലിയുമുള്ള ചിഹ്നം രൂപകൽപന ചെയ്തു.

പ്രവർത്തനത്തിന്റെ പ്രഥമവർഷങ്ങൾ

[തിരുത്തുക]

പ്രഥമവർഷങ്ങളിൽ, ഐക്യരാഷ്ട്രസംഘടനയുടെ മനുഷ്യാവകാശവിളംബരത്തിലെ[1] 18ഉം 19ഉം ഖണ്ഡികകളിലാണു് (രാഷ്ട്രീയതടവുകാരെ സംബന്ധിച്ചതു്) ആംനസ്റ്റി കൂടുതലും ശ്രദ്ധയൂന്നിയിരുന്നതു്. കാലക്രമേണ രാഷ്ട്രീയതടവുകാരെ കൂടാതെ മറ്റു പല മനുഷ്യാവകാശധ്വംസനങ്ങളുടെയും ഇരകളായവരെക്കൂടി സഹായിയ്ക്കുന്നതിനായി ആംനസ്റ്റിയുടെ പ്രവർത്തനമേഖല വിപുലപ്പെടുത്തി. 2000-ത്തിൽ മാത്രം, പേരെടുത്തു പറയാവുന്ന 3685 തടവുകാർക്കു വേണ്ടി ആംനസ്റ്റി പ്രവൃത്തിയ്ക്കുകയുണ്ടായി. ഇതിൽ മൂന്നിലൊരു ഭാഗം പേരുടേയും അവസ്ഥയിൽ എന്തെങ്കിലുമൊരു പുരോഗതി ഉണ്ടാക്കുവാൻ ആംനസ്റ്റിയ്ക്കു കഴിഞ്ഞു. ഇന്നു് പത്തുലക്ഷത്തിലധികം പേർ 162 രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി 7,500-ലധികം ആംനസ്റ്റി സംഘങ്ങളായി പ്രവൃത്തിയ്ക്കുന്നു. സ്ഥാപിച്ച അന്നു മുതൽ ഇന്നു വരേയ്ക്കു് നൂറുകണക്കിനു രാജ്യങ്ങളിലായി എതാണ്ടു് 44,600 തടവുകാർക്കു വേണ്ടി ആംനസ്റ്റി പൊരുതിയിട്ടുണ്ടു്.

മനുഷ്യാവകാശങ്ങൾക്കു വേണ്ടിയുള്ള അവസാനിയ്ക്കാത്ത യുദ്ധം നയിയ്ക്കുന്നതിനു ഉത്തേജകമായി 1977-ലെ സമാധാനത്തിനു വേണ്ടിയുള്ള നോബൽ സമ്മാനം ആംനസ്റ്റിയെ തേടിയെത്തി. സ്വാതന്ത്ര്യത്തിനു ആശംസകൾ നേർന്നു കൊണ്ടാണു് ആംനസ്റ്റി അംഗങ്ങൾ ഓരോ വാർഷിക പൊതുസമ്മേളനങ്ങളും അവസാനിപ്പിയ്ക്കാറു്.

ലക്ഷ്യങ്ങൾ

[തിരുത്തുക]

ഐക്യരാഷ്ട്രസംഘടനയുടെ മനുഷ്യാവകാശവിളംബരത്തിൽ പ്രഖ്യാപിച്ചിട്ടുള്ള എല്ലാ അടിസ്ഥാന മനുഷ്യാവകാശങ്ങളും പുനസ്ഥാപിയ്ക്കുകയാണു് ആംനസ്റ്റിയുടെ ലക്ഷ്യം. ഈ ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിൽ ആംനസ്റ്റിയുടെ പ്രവർത്തനപരിപാടികളെ ഇങ്ങനെ ചുരുക്കിപറയാം.

  1. എല്ലാ വിശ്വാസതടവുകാർക്കും സ്വാതന്ത്ര്യം നേടിക്കൊടുക്കുക. (ഇംഗ്ലീഷിൽ “POC” Prisoners of Conscience എന്ന അർത്ഥമാണു്. സ്വന്തം വിശ്വാസങ്ങളുടെ സമാധാനപരമായ ആചരണത്തിന്റെ പേരിൽ തടവിലാക്കപ്പെട്ടവർ. സാധാരണ രാഷ്ട്രീയതടവുകാർ എന്നു പറയുന്നതിൽ നിന്നും വ്യത്യസ്തമാണിതു്).
  2. തടവുകാർക്കു ധൃതിയിലും ന്യായാനുസൃതവുമായ നീതി ഉറപ്പുവരുത്തുക.
  3. തടവുകാർക്കു നേരേയുള്ള എല്ലാതരം മർദ്ദനമുറകളും ഉന്മൂലനം ചെയ്യുക, വധശിക്ഷയടക്കം.
  4. ഭരണകൂടങ്ങളുടെ തീവ്രവാദപ്രവർത്തനങ്ങളും, കൊലപാതകങ്ങളും, അപ്രത്യക്ഷമാകലുകളും അവസാനിപ്പിയ്ക്കുക.
  5. രാഷ്ട്രീയാഭയം തേടുന്നവരെ തുണയ്ക്കുക.
  6. മനുഷ്യാവകാശധ്വംസനങ്ങൾക്കെതിരെ പൊരുതുന്ന ഐക്യരാഷ്ട്രസംഘടന പോലെയുള്ള മറ്റു സംഘടനകളുമായി സഹകരിയ്ക്കുക.
  7. മനുഷ്യാവകാശധ്വംസനങ്ങളെക്കുറിച്ചു ലോകമാകമാനം അവബോധം വളർത്തുക.

പ്രവർത്തനരീതി

[തിരുത്തുക]

ഈ ലക്ഷ്യങ്ങൾ നേടുന്നതിനായിട്ടുള്ള ആംനസ്റ്റിയുടെ പ്രവർത്തനരീതികൾ എങ്ങനെയൊക്കെയെന്നു് ഒന്നു നോക്കാം. മനുഷ്യാവകാശം ചവിട്ടിമെതിയ്ക്കപ്പെടുന്ന ഒരു സംഭവത്തെക്കുറിച്ചു് വാർത്ത ചെവിയിലെത്തുന്ന ഉടനെ തന്നെ അവിടേയ്ക്കു അന്വേഷണസംഘത്തെ അയയ്ക്കുകയായി. നിഷ്പക്ഷമായും കൂലങ്കുഷമായും ഉള്ള അന്വേഷണത്തിനൊടുവിൽ സംഭവം ശരിയാണെന്നു കണ്ടെത്തിയാൽ, ആദ്യം അന്വേഷണഫലങ്ങൾ പ്രസിദ്ധപ്പെടുത്തുകയും, പിന്നാലെ തന്നെ ആ അനീതിയ്ക്കെതിരെ സംഘാംഗങ്ങളെ കർമ്മനിരതരാക്കുകയും ചെയ്യുന്നു. ബന്ധപ്പെട്ട സർക്കാർ ഉദ്യോഗസ്ഥർക്കു കത്തുകൾ എഴുതിയും, പ്രതിഷേധിച്ചും, പ്രകടനങ്ങൾ നടത്തിയും, ധനശേഖരണയജ്ഞങ്ങൾ നടത്തിയും, പൊതുജനങ്ങൾക്കിടയിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തിയും എല്ലാം സംഘാംഗങ്ങൾ തങ്ങളുടെ യുദ്ധം തുടങ്ങുന്നു.

വ്യക്തികളുടെ പ്രശ്നങ്ങളിൽ (ഉദാ: സൗദിഅറേബ്യയിൽ നിരോധിതസാഹിത്യം വിതരണം ചെയ്തതിന്റെ പേരിൽ തടവിലാക്കപ്പെട്ട വ്യക്തി) ഇടപെടുന്നതു പോലെ തന്നെ ചില പൊതുനയങ്ങൾക്കെതിരെയും ആംനസ്റ്റി പൊരുതുന്നു (ഉദാ: പ്രായപൂർത്തിയെത്താത്ത കുറ്റവാളികൾക്കും വധശിക്ഷ വിധിയ്ക്കുന്ന ചില അമേരിയ്ക്കൻ സംസ്ഥാനങ്ങളിലെ നിയമം). പ്രാദേശികതലത്തിലാണു് ആംനസ്റ്റിയുടെ പ്രധാന പ്രവർത്തനമെങ്കിലും, നാല്പതിലേറെക്കൊല്ലത്തെ ചരിത്രവും സമാധാനത്തിനുള്ള ഒരു നോബൽ സമ്മാനവും ഉന്നതതലങ്ങളിൽ ആംനസ്റ്റിയ്ക്കു് വളരെയധികം ശക്തി നേടിക്കൊടുത്തിരിയ്ക്കുന്നു.

കൂടുതൽ ആംനസ്റ്റി അംഗങ്ങളും കത്തെഴുത്താണു് അവരുടെ പ്രധാന ആയുധമായി തിരഞ്ഞെടുത്തിരിയ്ക്കുന്നതു്. ആംനസ്റ്റിയുടെ കേന്ദ്രസംഘടന മനുഷ്യാവകാശധ്വംസനങ്ങൾ കണ്ടെത്തുകയും, അതിന്റെ സത്യാവസ്തകൾ പരിശോധിച്ചു ഉറപ്പുവരുത്തുകയും ചെയ്തതിനു ശേഷം കീഴ്ഘടകങ്ങളിലേയ്ക്കും (ഏഴായിരത്തിലധികം ഉണ്ടെന്നാണു കണക്കു്) ഓരോ സ്വതന്ത്ര അംഗങ്ങൾക്കും (അമേരിയ്ക്കയിൽ മാത്രം 300,000-ലധികം, ലോകം മുഴുവൻ മൊത്തം പത്തുലക്ഷത്തിലധികം) അറിയിപ്പുകൾ കൊടുക്കുന്നു. ഉടൻ തന്നെ സംഘങ്ങളും അംഗങ്ങളും സംഭവവുമായി നേരിട്ടു ബന്ധമുള്ള സർക്കാരുദ്യോഗസ്ഥന്റെ പേർക്കു് പ്രതിഷേധവും ആശങ്കകളും അറിയിച്ചുകൊണ്ടു് എഴുത്തുകൾ എഴുതുന്നു. സാധാരണ ആംനസ്റ്റിയുടെ പേർ തുടക്കത്തിലേ വലിച്ചിഴയ്ക്കാറില്ല.

വരുമാനം

[തിരുത്തുക]

ആംനസ്റ്റി ഇന്റർനാഷണലിന്റെ വരുമാനത്തിൽ ഏറിയപങ്കും ലോകമാസകലമുള്ള മെമ്പർമാരിൽ നിന്നു പിരിയ്ക്കുന്ന വരിസംഖ്യയും പിന്നെ സംഭാവനകളുമാണു്. ശമ്പളം പറ്റുന്ന എതാനും ഡയറക്ടർമാരൊഴിച്ചാൽ, പിന്നെയുള്ള എല്ലാ മെമ്പർമാരും, സംഘാടകരും, ഏകോപകരും, പണിക്കാരും എല്ലാം തന്നെ സൗജന്യസേവകരാണു്.

ആംനസ്റ്റി ഒരു ചേരിചേരാസംഘടനയായതുകൊണ്ടു് സർക്കാരുകളിൽ നിന്നോ, സർക്കാർ സംഘടനകളിൽ നിന്നോ പണം സംഭാവനയായി സ്വീകരിയ്ക്കാറില്ല. സ്വന്തം അംഗങ്ങളിൽ നിന്നുള്ള വരിസംഖ്യയും പിന്നെ ചേരിചേരാ സംഘടനകളിൽ നിന്നുമുള്ള സംഭാവനകളുമാണു് ആംനസ്റ്റിയുടെ പ്രധാനവരുമാനം. ആംനസ്റ്റിയുടെ 2000 സാമ്പത്തികവർഷത്തിലെ പദ്ധതിവിഹിതങ്ങൾ താഴെ പറയും പ്രകാരമായിരുന്നു.

1. അംഗത്വചെലവുകൾ: ₤2,486,700 (13%)

2. പ്രചരണപ്രവർത്തനങ്ങൾ: ₤1,811,200 (10%)

3. പ്രസിദ്ധീകരണങ്ങളും വിവർത്തനങ്ങളും: ₤2,487,200 (13%)

4. ഗവേഷണങ്ങളും നടപടികളും: ₤5,065,100 (26%)

5. വികേന്ദ്രീകൃത കാര്യാലയങ്ങൾ: ₤1,246,300 (7%)

6. ഗവേഷണങ്ങൾക്കും നടപടികൾക്കുമുള്ള മറ്റു ചെലവുകൾ: ₤2,615,900 (14%)

7. സംഘടനാപ്രവർത്തനചെലവുകൾ: ₤3,247,200 (17%)

8. ആശ്വാസധനസഹായങ്ങൾ: ₤125,000 (10%)

മൊത്തം: ₤19,510,200

ഭരണഘടന

[തിരുത്തുക]

വളരെ അയഞ്ഞ രീതിയിൽ സംഘടിച്ചിരിയ്ക്കുന്ന ചെറുസ്വതന്ത്രസംഘങ്ങളെ നിയന്ത്രിയ്ക്കുന്നതു് കേന്ദ്രസംഘടനയാണു്. ഇതൊരു സങ്കീർണസംഘാടനമാണു്. ദേശീയതലത്തിൽ ഡയറക്ടർ ബോർഡിലേയ്ക്കു് സംഘാംഗങ്ങൾ ബഹുമാന്യരായ പതിനെട്ടു അംഗങ്ങളെ മൂന്നു കൊല്ലം കാലാവധിയോടെ തിരഞ്ഞെടുക്കുന്നു. വയസ്സു പരിഗണനയില്ലാതെ എല്ലാ അംഗങ്ങൾക്കും, ഒരോ സംഘത്തിനും ഓരോ വോട്ടുണ്ടു്. ഡയറക്ടർ ബോർഡു് പിന്നീടു് ഒരു എക്സിക്ക്യൂട്ടീവു് ഡയറക്ടറേയും ഒരു ജോലിക്കാരനേയും നിയമിയ്ക്കുന്നു.

അന്താരാഷ്ട്രതലത്തിൽ ആംനസ്റ്റിയെ നിയന്ത്രിയ്ക്കുന്നതു് എട്ടു അംഗങ്ങളുള്ള ഇന്റർനാഷണൽ എക്സിക്ക്യൂട്ടീവു് കൌൺസിൽ (IEC) ആണു്. ഇവരെ രണ്ടു കൊല്ലാം കാലാവധിയോടെ തിരഞ്ഞെടുക്കുന്നതു്, എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ ഒത്തുചേരുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ വച്ചാണു് (International Council Meeting). അവർ ഒരു സെക്രട്ടറി ജനറലിനെയും ഒരു അന്താരാഷ്ട്ര സെക്രട്ടേറിയറ്റിനേയും നിയമിയ്ക്കുന്നു.

രാഷ്ട്രങ്ങൾ തന്നെ തെറ്റുകാരാവുന്ന സാഹചര്യത്തിൽ നിഷ്പക്ഷത നിലനിർത്തുന്നതിനായി അംഗങ്ങൾ സ്വന്തം രാജ്യത്തു് നിശ്ശബ്ദരായിരിയ്ക്കാൻ ആംനസ്റ്റി അനുശാസിയ്ക്കുന്നു. അംഗങ്ങൾക്കെതിരെ സ്വന്തം സർക്കാരിൽ നിന്നു തന്നെയുണ്ടായേക്കാവുന്ന നടപടികളിൽ നിന്നു അവരെ രക്ഷിക്കാനാണു് ഇങ്ങനെയൊരു നയം. ഈ നിയമം (സ്വന്തം രാജ്യനിയമം - own country rule) അന്താരാഷ്ട്ര സിക്രട്ടേറിയറ്റിനു വേണ്ടി ഗവേഷണപ്രവർത്തനങ്ങൾ നടത്തുന്നവരേയും പ്രചരണപ്രവർത്തനങ്ങൾ നടത്തുന്നവരേയും കൂടി നിയന്ത്രിയ്ക്കുന്നു. കാരണം പ്രവർത്തകരുടെ സ്വരാജ്യസ്നേഹമോ രാഷ്ട്രീയചായ്‌വുകളോ അവരുടെ തീരുമാനങ്ങളിലും പ്രവർത്തനങ്ങളിലും വെള്ളം ചേർക്കാതിരിയ്ക്കുന്നതിനു വേണ്ടിയാണിതു്.

ഇന്ത്യയിൽ

[തിരുത്തുക]

വിദേശ വിനിമയ ചട്ടങ്ങൾ ലംഘിച്ചു കൊണ്ട് വിദേശഫണ്ട് സ്വീകരിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇ.ഡി. അന്വേഷണം നടത്തിവരുന്നത്. 2020 സെപ്റ്റംബറിൽ സംഘടന വിദേശ വിനിമയ ചട്ടങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ പുരോഗമിക്കവെ സംഘടനയുടെ ഇന്ത്യയിലെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരുന്നു. ഇന്ത്യയിലെ പ്രവർത്തനങ്ങൾ മുഴുവനായും അവസാനിപ്പിക്കുന്നുവെന്നും ജീവനക്കാരെ മുഴുവൻ പിരിച്ചുവിടുന്നെന്നും സംഘടന വ്യക്തമാക്കി.[2] പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കാത്ത സ്ഥിതിയിലാണ് ഉള്ളതെന്നും സർക്കാർ ബോധപൂർവം ഇത്തരം മനുഷ്യാവകാശ സംഘടനകളെ ലക്ഷ്യം വെക്കുകയും വേട്ടയാടുകയും ചെയ്യുന്നുവെന്ന് സംഘടന പ്രസ്താവനയിൽ പറഞ്ഞു.[3]

അവലംബം

[തിരുത്തുക]
  1. "മനുഷ്യാവകാശവിളംബരം മലയാളം യൂണികോഡിൽ". Archived from the original on 2008-12-04. Retrieved 2008-07-29.
  2. Lakshman, Sriram (October 1, 2020). "Amnesty's closure received attention at "highest levels" in U.S.: Official". The Hindu. Archived from the original on 2020-10-03. Retrieved October 3, 2020.{{cite web}}: CS1 maint: bot: original URL status unknown (link)
  3. "സർക്കാർ വേട്ടയാടുന്നു: ഇന്ത്യയിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നുവെന്ന് ആംനസ്റ്റി". മാതൃഭൂമി. September 29, 2020. Archived from the original on 2020-10-03. Retrieved October 3, 2020.{{cite web}}: CS1 maint: bot: original URL status unknown (link)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ആംനസ്റ്റി_ഇന്റർനാഷണൽ&oldid=4019512" എന്ന താളിൽനിന്ന് ശേഖരിച്ചത്