മാധവ സദാശിവ ഗോൾവൽക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാധവ സദാശിവ ഗോൾവൽക്കർ
Guruji gfdl.png
ഗുരുജി
ജനനം മധു
1906 ഫെബ്രുവരി 9(1906-02-09)
രാംടേക്ക്, നാഗ്‌പൂർ, മഹാരാഷ്ട്ര
മരണം 1973 ജൂൺ 5(1973-06-05) (പ്രായം 67)
നാഗ്‌പൂർ, മഹാരാഷ്ട്ര
ദേശീയത ഇന്ത്യൻ
പൗരത്വം ഇന്ത്യൻ
വിദ്യാഭ്യാസം ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി
സംഘടന രാഷ്ട്രീയ സ്വയംസേവക സംഘം
പ്രശസ്തി രാഷ്ട്രീയ സ്വയംസേവക സംഘം പ്രചാരകൻ,
സർസംഘചാലക്
മതം ഹിന്ദു

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ രണ്ടാമത്തെ സർസംഘചാലകനായിരുന്നു മാധവ സദാശിവ ഗോൾവൽക്കർ. അനുയായികൾക്കിടയിൽ ഇദ്ദേഹം പരംപൂജനീയ ഗുരുജി എന്ന് അറിയപ്പെട്ടിരുന്നു.

ചെറുപ്പകാലം[തിരുത്തുക]

1906 ഫെബ്രുവരി മാസം 19-ന്‌ മഹാരാഷ്ട്രയിലെ നാഗ്‌പൂരിനടുത്തുള്ള രാംടേക്കിലാണ്‌ അദ്ദേഹം ജനിച്ചത്‌. മധു എന്ന് വിളിപ്പേരുണ്ടായിരുന്ന ഇദ്ദേഹം ഒൻപതുമക്കളിൽ നാലാമനായിരുന്നു. ഈ മകനൊഴികെ ബാക്കി കുട്ടികളെല്ലാം ചെറുപ്രായത്തിലേ മരിച്ചു.

ബനാറസ്‌ ഹിന്ദു സർവ്വകലാശാലയിൽ ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്ന സമയം മുതൽക്കേ പണ്ഡിറ്റ്‌ മദന മോഹന മാളവ്യയെപ്പോലുള്ള നേതാക്കളുടെ ആശയങ്ങൾ ഗോൾവൽക്കറെ സ്വാധീനിച്ചിരുന്നു. പഠനത്തിനു ശേഷം ഒന്നു രണ്ടു വർഷത്തോളം അദ്ദേഹം പ്രൊഫസ്സറായി സേവനമനുഷ്ഠിച്ചു. ഈ കാലയളവിൽ വിദ്യാർത്ഥികൾ അദ്ദേഹത്തെ ഗുരുജി എന്നു വിളിച്ചുപോന്നു. ആ സമയത്താണ്‌ സംഘത്തിൻറെ ആശയങ്ങളിലും പ്രവർത്തനങ്ങളിലും അദ്ദേഹം ആകൃഷ്ടനായത്‌. 1933ൽ ഗോൾവൽക്കർ മാതാപിതാക്കളോടൊപ്പം നാഗ്പൂരിലേയ്ക്ക്‌ തിരിച്ചുവന്നു. നാഗ്പൂരിൽ വച്ച് ഡോക്ടർ കേശവ ബലിറാം ഹെഡ്ഗേവാറിനെ പരിചയപ്പെട്ടു. നാഗ്പൂരിലെത്തിയതിനു ശേഷം അദ്ദേഹം നിയമം പഠിക്കുകയും പ്രാക്ടീസ്‌ ചെയ്യുകയും ചെയ്തിരുന്നു. അതോടൊപ്പം ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കായി യുവാക്കളെ സജ്ജീകരിക്കാനും അദ്ദേഹം യത്നിച്ചു.[1]

സ്വാമി അഖണ്ഡാനന്ദനിൽ നിന്നും സന്യാസം സ്വീകരിച്ച ഗോൾവൽക്കർ വിവാഹിതനായില്ല. നീണ്ട ദീക്ഷയും തോളൊപ്പമെത്തുന്ന ചുരുളൻ മുടിയും എല്ലാ കാര്യങ്ങളിലും അവഗാഹവുമുണ്ടായിരുന്ന അദ്ദേഹത്തെ മുതിർന്ന ആളുകൾ പോലും 'ഗുരുജി' എന്നു വിളിച്ച് ബഹുമാനിച്ചിരുന്നു.[2]

പ്രവർത്തനം[തിരുത്തുക]

 • ശ്രി കേശവ ബാലറാം ഹെഡ്ഗേവാറിൻറെ മരണ ശേഷം ആർ .എസ് .എസ്സിൻറെ സർസംഘചാലക് ചുമതല അദ്ദേഹത്തിൽ അർപ്പിക്കപ്പെട്ടു. സർസംഘചാലക് പദവിയിൽ അദ്ദേഹത്തിൻറെ മരണം വരെ, മുപ്പത്തിമൂന്നു വർഷം സേവനമനുഷ്ഠിച്ചു. ഏറ്റവും കൂടുതൽ കാലം ആർ .എസ് .എസ്സിൻറെ സർസംഘ ചാലക് ചുമതലയിൽ ഇരുന്ന വ്യക്തിയും അദ്ദേഹം തന്നെ ആണ് .[3]
 • ഈ കാലയളവിൽ അദ്ദേഹം ഭാരതം മുഴുവൻ ചുറ്റിസഞ്ചരിച്ചു. ഇത്ര വിശദമായ ഭാരതപര്യടനം മറ്റാരും ചെയ്തിരിക്കില്ല. ഓരോ വർഷവും, ഓരോ സംസ്ഥാനങ്ങളിലും ചുരുങ്ങിയത് രണ്ടുതവണയെങ്കിലും അദ്ദേഹം സന്ദർശനം നടത്തി.
 • ഹൈന്ദവമൂല്യങ്ങളിൽ ഊന്നിയ ദേശാഭിമാനം വളർത്തിയെടുക്കാൻ അദ്ദേഹം പ്രയത്നിച്ചു. ലളിതമായ ഭാഷയിൽ ഹൈന്ദവ തത്ത്വശാസ്ത്രങ്ങൾക്ക് അദ്ദേഹം വ്യാഖ്യാനം നൽകുകയും യുവാക്കളിൽ ദേശഭക്തി വളർത്തിയെടുക്കാൻ പ്രയത്നിക്കുകയും ചെയ്തു. ജമ്മു-കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് ചെറുതല്ല[4].
 • 1962 ലെ ചൈനയുടെ ഇന്ത്യ ആക്രമണ സമയത്ത് , സ്വയം സേവകരോട് (ആർ.എസ്.എസ് അംഗങ്ങൾ). ഭരണകൂടത്തിനോപ്പം രാജ്യ സുരക്ഷയ്ക്ക് വേണ്ടി നിലകൊള്ളാൻ ആഹ്വാനം ചെയ്തു . സ്വയംസേവകർ അദ്ദേഹത്തിൻറെ ആഹ്വാന ഫലമായി ദൽഹി കൊൽക്കത്ത, മുംബൈ തുടങ്ങിയ പട്ടണങ്ങളുടെ ആഭ്യന്തര സുരക്ഷ പാലനം, സൈനികർക്ക് മരുന്ന്, വൈദ്യസഹായം , രക്തം ഇവ എത്തിക്കൽ എന്നി പ്രവർത്തികളിൽ മുഴുകി ..[5]. ഈ പ്രവർത്തനങ്ങളുടെ ഫലമായി 1963 ഇൽ ആർ.എസ്.എസ് നോട് റിപബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ സർക്കാർ ആവശ്യപ്പെടുകയും ആർ.എസ്.എസ് പങ്കെടുക്കുകയും ചെയ്തു[6].

ഹൈന്ദവേതര മതങ്ങളോടുള്ള നിലപാട്[തിരുത്തുക]

ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു:-

ഞങ്ങളുടെ മത ബോധവും തത്ത്വ ചിന്തയും പ്രകാരം ഒരു മുസ്ലീം ഒരു ഹിന്ദുവിനോളം തന്നെ നല്ലവനാണ് .ഒരിക്കലും ഹിന്ദു മാത്രം മോക്ഷപ്രാപ്തിയിൽ എത്തും എന്ന് ഞങ്ങൾ ചിന്തിക്കുന്നില്ല .തൻറേതായ ചിന്തകൾക്ക് അനുസൃതമായ പാത സ്വീകരിക്കാൻ എല്ലാവർക്കും അവകാശം ഉണ്ട് . നിങ്ങളുടെ പാത അത് ഹിന്ദുത്വമാനെങ്കിലും , ക്രിസ്തു മതം ആണെങ്കിലും ഇസ്ലാം ആണെങ്കിലും അത് പിന്തുടരുക .ആളുകളെ യഥാർത്ഥ ഹിന്ദുത്വം പഠിപ്പിക്കൂ, യഥാർത്ഥ ഇസ്ലാം അവരെ പഠിപ്പിക്കൂ., മതങ്ങൾ മനുഷ്യനെ നിസ്വാർഥരാകാനാണ് പഠിപ്പിക്കുന്നത്‌ എന്ന് അവർ അറിയട്ടെ.

[7]

നിലപാടുകൾ[തിരുത്തുക]

 • ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിനെക്കുറിച്ച് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്, അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ സമാഹരിച്ച് തയ്യാറാക്കിയ വിചാരധാര എന്ന ഗ്രന്ഥത്തിൽ: "രാഷ്ട്രത്തെകുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടിൻറെ അടിസ്ഥാനം രൂപീകൃതമായിട്ടുള്ള ഭൂമിശാസ്ത്രപമായ ദേശീയതാ വാദത്തെയും സാമാന്യമായ അപകടത്തേയും കുറിച്ചുള്ള സിദ്ധാന്തങ്ങൾ നമ്മുടെ ഹിന്ദുത്വ രാഷ്ട്രത്തിൻറെ ഗുണപരവും പ്രചോദനാത്മകവുമായ ധാരണയെ തകർക്കുന്നതും നിരവധി 'സ്വാതന്ത്ര്യപ്രക്ഷോഭങ്ങൾ' വളരാൻ അവസരം ലഭിക്കുന്നവയുമാണ്‌. അവ പൂർണ്ണമായും ബ്രിട്ടീഷ് വിരുദ്ധ പ്രസ്ഥാനങ്ങളാണ്‌. ബ്രിട്ടീഷ് വിരുദ്ധതയെ ദേശസ്നേഹത്തോടും ദേശിയതാവാദത്തോടും സമീകരിക്കപ്പെട്ടു. പ്രതിലോമപരമായ ഈ വീക്ഷണം സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ മുഴുവൻ ഗതിയിലും അതിലെ നേതാക്കളിലും സാധാരണക്കാരിലും വിനാശകരമായ ഫലങ്ങൾ സൃഷ്ടിച്ചു"[8].
 • ജനാധിപത്യത്തെ കുറിച്ച് ഗോൾവൽക്കർ പറയുന്നത് ഇങ്ങനെയാണ്: 'ജനങ്ങൾക്കു വേണ്ടി, ജനങ്ങളാൽ' എന്ന ജനാധിപത്യാശയം രാഷ്ട്രഭരണത്തിൽ എല്ലാവരും തുല്യരാണെന്ന അർത്ഥത്തിൽ, ഒരളവോളം പ്രായോഗിക തലത്തിലെ മിത്താകുന്നു.' (വിചാരധാര)
 • സമത്വത്തെക്കുറിച്ച് ഗോൾവൽക്കർ ഇങ്ങനെ പറയുന്നുണ്ട്: 'സമത്വമെന്നത് കമ്യൂണിസ്റ്റ്കാരുടെ മൗലിക തത്ത്വമാണല്ലോ. പക്ഷേ അത് നില നിൽക്കുന്നത് ഒരു തെറ്റായ അടിസ്ഥാനത്തിന്മേലാണ്. അതായത് ഭൗതികതയുടെ അടിസ്ഥാനം. ഞാൻ വെറും ഭൗതിക വസ്തു മാത്രമാണെങ്കിൽ, സമത്വത്തിൻറെ അടിസ്ഥാനത്തിൽ മറ്റുള്ളവരുമായി സഹകരിക്കണമെന്നുള്ള വികാരങ്ങൾ ഉൾക്കൊള്ളുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല. മറ്റുള്ളവരെ വിഴുങ്ങിക്കൊണ്ട് എന്തുകൊണ്ട് എനിക്ക് ജീവിച്ചുകൂടാ? ' (വിചാരധാര)

വിമർശനങ്ങളും മറുവാദങ്ങളും[തിരുത്തുക]

 • "കഴിവും പാരമ്പര്യവുമുള്ള രാഷ്ട്രങ്ങളുടെ അനുഭവം ഉൾക്കൊണ്ട് ഹിന്ദുസ്ഥാനിലെ വിദേശ വംശങ്ങൾ ഹൈന്ദവ സംസ്കാരവും ഭാഷയും ഉൾക്കൊള്ളണം, ഹിന്ദുമതത്തെ ബഹുമാനിക്കാൻ പഠിക്കുകയും ഹിന്ദു സംസ്ക്കാരത്തെയും വംശത്തെയും ആദരവോടെ സാംശീകരിക്കാനും കഴിയണം. ഹിന്ദുരാഷ്ട്രത്തിന്റെ മഹദ്‌വത്കരണമൊഴിച്ച് മറ്റൊരാശയവും അവരിൽ ഉണ്ടാകരുത്. അതായത് ഹിന്ദു വംശത്തിൻറെതല്ലാത്ത മറ്റൊരു നിലനിൽപ്പിനെ ഉപേക്ഷിക്കണം, അല്ലെങ്കിൽ ഒന്നും അവകാശപ്പെടാതെ, ഒരു ആനുകൂല്യവും ചോദിക്കാതെ, ഒരു തരത്തിലുള്ള മുൻഗണനയ്ക്കും അവകാശമില്ലാതെ ഹൈന്ദവ രാജ്യത്തിന്റെ കീഴിൽ കഴിയാം - ഒരു പൌരൻറെ അവകാശം പോലും ലഭിക്കാതെ."[9]
 • ഗോൾവൽക്കറുടെ പ്രവർത്തനങ്ങൾ ഒരു പരിധി വരെ മറ്റുമതസ്ഥർക്കിടയിൽ അദ്ദേഹത്തിന് വർഗ്ഗീയവാദിയുടെ പ്രതിച്ഛായ നൽകി[അവലംബം ആവശ്യമാണ്] . എന്നാൽ ഇത് രാഷ്ട്രീയ ധ്രുവീകരണങ്ങൾ മൂലമാണെന്നും യഥാർത്ഥത്തിൽ മറ്റു മതങ്ങളേയോ, അവയുടെ പ്രവാചകന്മാരെയോ വിശുദ്ധഗ്രന്ഥങ്ങളെയോ കുറിച്ച് ബഹുമാനമില്ലാത്ത ഒരു വാക്കുപോലും ഗോൾവൽക്കർ പറയുകയോ എഴുതുകയോ ചെയ്തിട്ടില്ല എന്നും വാദിക്കപ്പെട്ടിട്ടുണ്ട്.മറ്റു മതങ്ങളെ കുറിച്ച് ആഴത്തിൽ പഠിച്ചിരുന്ന ഗോൾവാൾക്കർ പല അവസരങ്ങളിലും തൻറെ അറിവ് പ്രകടിപ്പിച്ചിട്ടുണ്ട് . [10][11]
 • ജൂതന്മാരെ കൂട്ടക്കൊല നടത്തിയ ഹിറ്റ്ലറുടെ ഫാസിസ്റ്റ് നടപടികളെ ഗോൾവൾ‍ക്കർ വളരെയേറെ ശ്ലാഘിച്ചിരുന്നതായി 'നമ്മൾ അല്ലെങ്കിൽ നമ്മുടെ ദേശീയത നിർവ്വചിക്കപ്പെടുന്നു' (We or Our Nationhood Defined) എന്ന ഗ്രന്ഥത്തിലെ ഗോൾവൽക്കറുടെ വാചകം എടുത്തു കാട്ടുന്നു."ജർമ്മനി അതിന്റെ വംശത്തിന്റെയും സംസ്കാരത്തിന്റെയും പരിശുദ്ധി കാത്തുസൂക്ഷിക്കുന്നതിന് വേണ്ടി അവിടുത്തെ സെമിറ്റിക്‌ വംശങ്ങളെ- ജൂതൻമാരെ- ഉൻമൂലനം ചെയ്തുകൊണ്ട്‌ ലോകത്തെ ഞെട്ടിച്ചു. വംശാഭിമാനം അതിന്റെ പരമകാഷ്ഠയിൽ പ്രത്യക്ഷീഭവിക്കുകയായിരുന്നു അവിടെ. ഹിന്ദുസ്ഥാനിലെ നമുക്ക്‌ പഠിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യാവുന്ന നല്ലൊരു പാഠമാണിത്‌."[12]
 • അതേസമയം ജൂതന്മാരെ ഇല്ലാതാക്കിയ ഹിറ്റ്ലറുടെ നടപടിയെ അദ്ദേഹം വിചാരധാര എന്ന പുസ്തകത്തിൽ ഇങ്ങനെ വിമർശിക്കുന്നു:"കൃസ്ത്യാനികൾ ജൂതന്മാരെ "ക്രിസ്തുവിന്റെ ഘാതകർ" എന്ന ലേബലിൽ വളരെയധികം വേട്ടയാടി. ഹിറ്റ്ലറും വ്യത്യസ്തനാകാതെ രണ്ടായിരത്തിൽ കൂടുതൽ വർഷം കൃസ്ത്യാനികളിൽ നിന്നും വേട്ടയാടപ്പെട്ട ജൂതന്മാരുടെ കഷ്ട്ടപ്പാടുകൾ മൂർത്തീഭവിപ്പിച്ചു"[13]
 • ഗോൾവർക്കറുടെ ദർശനങ്ങൾ സയണിസ്റ്റ് പ്രസ്ഥാനത്തോടും ഇസ്രായേലിൻറെ രൂപീകരണത്തിനെയും പിന്തുണക്കുന്നതാണ്. "ജൂതന്മാർ അവരുടെ വംശം, മതം, സംസ്ക്കാരം, ഭാഷ തുടങ്ങിയവ നിലനിർത്തി. അവർക്ക് വേണ്ടത് അവരുടെതായ ഒരു രാജ്യമാണ്"[14]


ഗാന്ധിയെ വിമർശിച്ചുള്ള ഗോൾവാക്കറുടെ പ്രസംഗത്തെയും ഗാന്ധിവധത്തിനുശേഷമുള്ള ആർ.എസ്.എസിന്റെ മധുര പലഹാര വിതരണത്തെയും വിമർശിക്കുന്ന ഒ.എൻ.വി കുറിപ്പിന്റെ വാക്കുകൾ.[തിരുത്തുക]

ഗാന്ധിജി വെടിയേറ്റ് മരിക്കുന്നതിന് ഒരാഴ്ച മൂൻപ് തിരുവനന്തപുരം തൈക്കാട് മൈതാനിയിൽ RSS ന്റെ ഒരു യോഗം നടക്കുന്നു. ഗുരുജി ഗോൾവാൾക്കർ ആണ് പ്രഭാഷകൻ. ദേശീയ ഐക്യത്തേയും സ്വാതന്ത്ര്യത്തേയും കുറിച്ച് അദ്ദേഹം എന്ത് പറയുന്നു എന്ന് കേൾക്കാൻ കോളേജിൽ നിന്ന് ഞാനുൾപ്പെടെ ഒരു ചെറിയ സംഘം തൈക്കാട്ടേക്ക് പോയി.

ഗോൾവാക്കർ അതിനിശിതമായി ഗാന്ധിജിയെ വിമർശിച്ച് സംസാരിക്കുന്നു. എന്റെ ഓർമ്മശരിയാണെങ്കിൽ മലയാറ്റൂരും കരുനാഗപ്പള്ളി കാർത്തികേയനും യോഗാനന്തരം ചില ചോദ്യങ്ങൾ ഗോൾവാക്കറോട് ചോദിച്ചു ‘ ശാന്തമായി മറുപടി പറയുന്നതിന് പകരം അയാൾ ഞങ്ങളെ തല്ലാൻ മൗനാനുവാദം നൽകുകയാനുണ്ടായത്. യോഗത്തിലുണ്ടായിരന്നവർ ഞങ്ങളെ തല്ലാൻ തുടങ്ങി.ഞങ്ങളും തിരിച്ചവരെ തല്ലി.രണ്ടാഴ്ച കഴിഞ്ഞ് ഒരു ദിവസം കോളേജിൽ നിന്ന് ഹോസ്റ്റലിൽ എത്തിയപ്പോഴാണ് ഗാന്ധിജി വെടിയേറ്റു മരിച്ച വിവരം അറിയുന്നത്.

കനത്ത ദു:ഖത്തോടെ തൈക്കാട് മൈതാനത്തിന് സമീപത്ത് കൂടെ ഞങ്ങൾ നടന്ന് പോകബോൾ അതിനടുത്ത് ഒരു RSSകാരന്റെ വീട്ടിൽ മധുര പലഹാരം വിതരണം ചെയ്യുന്നത് കണ്ട് അക്രമത്തിന് തുനിഞ്ഞ ഞങ്ങളെ വരദരാജൻ നായർ സമാധാനിപ്പിച്ച് കറുത്ത ബാഡ്ജ് ധരിപ്പിച്ച് ഒരു മൗന ജാഥയാക്കി മാറ്റി. വർഷങ്ങൾക്ക് ശേഷം ഇന്നും ഗോൾവാക്കരുടെ പ്രസംഗവും മധുര പലഹാര വിതരണവും എന്റെ മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ഓർമ്മയായി അവശേഷിക്കുന്നു

ഒ.എൻ.വി കുറുപ്പ് കലാകൗമുദി 1991 ഫെ: 10.

മരണം[തിരുത്തുക]

ഗുരുജി ഗോൾവൽക്കർ ജൂൺ 5, 1973-ൽ ക്യാൻസർ ബാധിതനായി അന്തരിച്ചു . തൻറെ മരണശേഷം തുറക്കാനായി മൂന്ന് കത്തുകൾ അദ്ദേഹം അവശേഷിപ്പിച്ചു . ഒന്ന് തൻറെ പിൻഗാമിയായി ബാലാസാഹെബ് ദേവറസ്സിനെ നിയോഗിക്കുകയും അടുത്തത് സ്വയം സേവകർക്കുള്ള കത്തും, മൂന്നാമത്തേത് തൻറെ മരണാനന്തരം ചെയ്യേണ്ട കാര്യങ്ങളും ആയിരുന്നു [15]


മുൻഗാമി
കെ.ബി. ഹെഡ്ഗേവാർ
ആർ.എസ്.എസ്സിന്റെ സർസംഘചാലക്
1940 - 1973
പിൻഗാമി
മധുകർ ദത്താത്രയ ദേവറസ്

അവലംബം[തിരുത്തുക]

പുറത്തുനിന്നും[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാധവ_സദാശിവ_ഗോൾവൽക്കർ&oldid=2475837" എന്ന താളിൽനിന്നു ശേഖരിച്ചത്