ഷാബാനു കേസ്
എഴുപതുകളിലും എൺപതുകളിലുമായി ഏറെ രാഷ്ട്രീയ പ്രാധാന്യവും ബഹുജന ശ്രദ്ധയും പിടിച്ചുപറ്റിയ ഒരു വിവാഹമോചന കേസാണ് ഷാബാനു കേസ് (1985 AIR 945, 1985 SCC (2) 556)[1][2][3]. 1932-ൽ വിവാഹിതരായ ഈ ദമ്പതികൾക്ക് രണ്ട് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളും ജനിക്കുകയുണ്ടായി. 1975 മുതൽ ഭർത്താവ് മുഹമ്മദ് അഹമ്മദ് ഖാൻ തന്നെ വീട്ടിൽ നിന്നും പുറത്താക്കി എന്ന് ആരോപിച്ച് 1978 ഏപ്രിൽ മാസത്തിൽ അവർ ഇൻഡോർ മജിസ്ട്രേറ്റ് കോടതിയിൽ അന്യായം സമർപ്പിച്ചു. സി.ആർ. പി.സി 125 പ്രകാരം ഭർത്താവിൽ നിന്നും അഞ്ഞൂറുരൂപ സംരക്ഷണച്ചെലവ് നൽകണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാൽ 1978 നവംബർ മാസം 6-ന് ഭർത്താവ് അവരെ ഏകപക്ഷീയമായി വിവാഹമോചനം നടത്തി. കഴിഞ്ഞ 2 വർഷക്കാലത്തോളം 200 രൂപ വീതം ഭാര്യക്ക് പ്രതിമാസം നൽകിയിരുന്നുവെന്നും, കൂടാതെ ഇദ്ദ കാല സംരക്ഷണ ചെലവായും, ബാക്കിയുള്ള മഹർ സംഖ്യയും കൂടി മൊത്തം, 3000/- രൂപ, ബഹു: കോടതിയിൽ കെട്ടി വെച്ചിട്ടുണ്ടെന്നും, അതിനാൽ 'ത്വലാഖ്' ചെയ്ത സ്ത്രീക്ക് സംരക്ഷണം നൽകാൻ തനിക്കു ബാദ്ധ്യതയില്ല എന്നും ഖാൻ വാദിച്ചു. ഈ വാദങ്ങൾ തള്ളിയ കോടതി, ഷാബാനുവിന് പ്രതിമാസം 25രൂപ ജീവനാംശം നൽകണമെന്ന് വിധിച്ചു. ഈ തുക നൽകാൻ കൂട്ടാക്കാതിരുന്ന ഭർത്താവ്, കോടതി മതവിശ്വാസത്തിൽ കൈ കടത്തുന്നതായി ആരോപിച്ച് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി ആ വാദം തള്ളുകയും സംരക്ഷണ ചെലവ് 179 രൂപ ആയി വർദ്ധിപ്പിക്കുകയും ചെയ്തു. തുടർന്ന് ഖാൻ സുപ്രീംകോടതിയെ സമീപിച്ചു. മുസ്‌ലിം വ്യക്തി നിയമ ബോർഡും ചില പ്രധാന മുസ്‌ലിം സംഘടനകളും പണ്ഡിതന്മാരും കേസിൽ കക്ഷി ചേർന്നു.
സുപ്രിം കോടതി വിധി
[തിരുത്തുക]ഈ കേസിൽ ബഹു; സുപ്രീം കോടതിയുടെ മുമ്പിൽ പല ചോദ്യങ്ങൾ ഉണ്ടായിരുന്നു. അതായത്, ഒരാൾ ഭാര്യയെ തലാഖ് ചൊല്ലുകയും ഇദ്ദ കാലം കഴിയുകയും ചെയ്തു കഴിഞ്ഞാൽ ഭാര്യ എന്ന പദവി നഷ്ടപ്പെടുന്നുണ്ടോ എന്നും , വിവാഹ മോചിതയായ സ്വയം സംരക്ഷിക്കാൻ പ്രാപ്തിയില്ലാത്ത ഏതൊരു സ്ത്രീക്കും ജീവനാംശം അവകാശമാക്കിയ സി.ആർ.പി.സി.125-)0 വകുപ്പ് മുസ്ലിം വിവാഹമുക്തയുടെ കാര്യത്തിൽ ബാധകമാണോ എന്നും, മുസ്ലിം വിവാഹമുക്തയ്ക്ക് തന്റെ മുൻ ഭരത്താവു ഇദ്ദ കാല ചെലവും മഹറും നൽകിയാൽ മുൻ ഭർത്താവിന്റെ ബാദ്ധ്യത അവസാനിക്കുമോ എന്നുള്ള കാര്യങ്ങൾ ഈ വിധിയിലൂടെ തീരുമാനിക്കപ്പെട്ടു. ഹൈക്കോടതി വിധിയെ ശരിവെച്ചുകൊണ്ടായിരുന്നു സുപ്രീംകോടതി വിധി. മാത്രമല്ല, വിധിയിൽ ഖുർആനിലെ നിർദ്ദേശങ്ങളെ സ്വയം വ്യാഖ്യാനിക്കുകയും ഏക സിവിൽകോഡ് നടപ്പിലാക്കാൻ നിർദ്ദേശിക്കുകയും ചെയ്തു[4].ഈ കേസിൽ കക്ഷിചേർന്ന അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോർഡ്, തലാക്ക് ചൊല്ലപ്പെട്ട മുസ്ലിം ഭാര്യയ്ക്ക് ഇദ്ദ കാലത്തേക്ക് ചിലവിനു നൽകാൻ മാത്രമേ മുൻ ഭർത്താവിനു ബാദ്ധ്യതയുള്ളുവെന്നും ആ കലയളവിനു ശേഷം ചെലവു നൽകേണ്ടത് വിവാഹമുക്തയുടെ കുടുംബമാണെന്നും വാദിക്കുകയുണ്ടായി. ബഹു; കോടതി, വിവിധ പണ്ഡിതന്മാരുടെ ഖുർ ആൻ തർജ്ജമ വിശകലനം ചെയ്യുകയും ഖുർ ആനിലെ അധ്യായം സുറ:2: ആയത്ത് 241,242 -ൽ വിവാഹ മോചിതയോടുള്ള കടമകൾ വിശദീകരിക്കുന്നിടത്ത് "മതാഅ്' എന്ന പദത്തിന്റെ അർത്ഥം വ്യാഖ്യാനിച്ചുകൊണ്ട് മൊഴിചൊല്ലപ്പെട്ട സ്ത്രീക്ക് ജീവനാംശം നൽകേണ്ടത് മുൻ ഭർത്താവിന്റെ ബാദ്ധ്യതയാണെന്നും ഇതിനെതിരായുള്ള വാദങ്ങൾ ഖുർആന്റെ ആശയത്തിനെതിരാണെന്നും കണ്ടെത്തുകയുണ്ടായി. കൂടാതെ, മഹർ വിവാഹ സമയത്ത് ഭർത്താവു നൽകേണ്ടതാണെന്നും വിവാഹമോചനം ചെയ്യുന്ന സമയത്ത് നൽകുന്നതല്ലെന്നും അഭിപ്രായപ്പെടുകയുണ്ടായി. ഈ കേസിൽ ഭർത്താവിന്റെയും മുസ്ലിം പേർസണൽ ലോ ബോർഡിന്റെയും വാദങ്ങൾ തള്ളിക്കൊണ്ട്, സ്വയം സംരക്ഷിക്കപ്പെടാൻ കഴിവില്ലാത്ത മുസ്ലിം വിവാഹ മുക്തയ്ക്ക്, തന്റെ മുൻ ഭർത്താവിൽ നിന്നും പുനർവിവാഹം ചെയ്യുന്നത് വരെ മറ്റേതൊരു ഇന്ത്യൻ വിവാഹ മോചിതയേയും പോലെ ജീവനംശം ആവശ്യപ്പെടാമെന്നു ബഹു; കോടതി വിധിക്കുകയുണ്ടായി
പ്രതിഷേധങ്ങൾ
[തിരുത്തുക]സുപ്രീംകോടതി വിധിക്കെതിരെ മുസ്‌ലിം സമൂഹത്തിൽ നിന്ന് വ്യാപകമായ പ്രതിഷേധമുണ്ടായി. വിശുദ്ധ ഗ്രന്ഥം വ്യാഖ്യാനിച്ച് കോടതി വിധി പറയുന്ന അവസ്ഥയുണ്ടാവരുതെന്നും ശരീഅത്തിലെ വ്യക്തി നിയമങ്ങൾ ഇമാമുമാർ ക്രോഡീകരിച്ചത് അവലംബിക്കുക മാത്രമേ കോടതി ചെയ്യുവാൻ പാടുള്ളുവെന്ന് ചില സംഘടനകൾ ആവശ്യപ്പെടുകയുണ്ടായി. ഏകസിവിൽകോഡ് നടപ്പാക്കുന്നതിനെതിരെ അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമബോർഡിന്റെ പ്രതിഷേധങ്ങളെ തുടർന്ന് രാജീവ് ഗാന്ധി ഗവണ്മെന്റ് നിയമനിർമ്മാണം നടത്തുകയും വിവാഹമുക്തകളായ മുസ്ലിം വനിതകളുടെ അവകാശ സംരക്ഷണ നിയമം പാസ്സാക്കുകയുമുണ്ടായി[4].
പരിണതഫലങ്ങൾ
[തിരുത്തുക]വിവാഹമോചിതരായ മുസ്ലിം സ്ത്രീകൾക്ക് മറ്റേതൊരു ഇന്ത്യൻ വിവാഹ മോചിതയേയും പോലെ ജീവനംശം ആവശ്യപ്പെടാമെന്ന സുപ്രീം കോടതി വിധി അസ്ഥിരപ്പെടുത്തുകയാണ് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായ പാർലമെൻ്റ് പാസാക്കിയ നിയമനിർമ്മാണം മൂലമുണ്ടായത്. നിയമത്തെ എതിർത്തവർ ,ഇത് പ്രഥമാ ദൃഷ്ടിയാൽ സ്ത്രീ വിരുദ്ധ നിയമമാണ് എന്നു വാദിക്കുന്നു. എന്നാൽ മുൻ ഭർത്താവിന്റെ ഓശാരംപറ്റി എന്നെന്നും ജീവിതം കഴിച്ചു കൂട്ടുവാൻ മാത്രം അന്തസ്സും അഭിമാനവും ഇല്ലാത്തവളായി സ്ത്രീയെ ഇസ്ലാം തരംതാഴ്ത്തിയിട്ടില്ലാ എന്ന് നിയമത്തെ അനുകൂലിക്കുന്നവരും വാദിക്കുന്നു. നിയമനിർമ്മാണത്തിന് ശേഷം വിവാഹമോചിതരായ മുസ്ലിം സ്ത്രീകൾക്ക് ഇസ്‌ലാമിക നിയമപ്രകാരം മതാഅ് ലഭിച്ചുതുടങ്ങി. വിവാഹമോചനത്തോടെ ഒറ്റത്തവണയായി നൽകപ്പെടുന്ന നഷ്ടപരിഹാരമാണ് മതാഅ്[1]. ജീവിതനിലവാരത്തിനനുസരിച്ച് നിശ്ചയിക്കപ്പെടുന്ന മതാഇന് സാധാരണ ജീവനാംശത്തിന്റെ പരിധികൾ ഒന്നും തന്നെ ഇല്ല[4][5].
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "The Shah Bano legacy" (in ഇംഗ്ലീഷ്). ദി ഹിന്ദു ദിനപത്രം. 2003 ആഗസ്റ്റ് 10. Archived from the original on 2012-11-11. Retrieved 2013 നവംബർ 03.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ 2009 സെപ്തംബർ 23-ലെ ഇൻഡ്യൻ എക്സ്പ്രസ് ദിനപത്രത്തിൽ ഉത്കർഷ് ആനന്ദ് എഴുതിയ ലേഖനം Flashback to Shah Bano case as Muslim woman wins alimony battle
- ↑ Business and Economy മാസികയിൽ മാലിക് റഷീദ് ഫൈസൽ എഴുതിയ ലേഖനം The Ghost of Shah Bano Archived 2014-05-03 at the Wayback Machine.
- ↑ 4.0 4.1 4.2 "മതാഇന്ന് വഴിയൊരുക്കിയ ഷാബാനു കേസ്" (in മലയാളം). ആരാമം കുടുംബമാസിക. 2013 ഒക്ടോബർ. Retrieved 2013 നവംബർ 03.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: unrecognized language (link) - ↑ bibin. "മറ്റൊരു വിവാഹത്തിനായി തലാക്ക് ചൊല്ലി ഭർത്താവ്; യുവതിക്ക് 72 ലക്ഷം രൂപ ജീവനാംശം നൽകാൻ ഉത്തരവ്". ഏഷ്യാനെറ്റ് ന്യൂസ്. Retrieved 2022-02-21.
സ്രോതസ്സ്
[തിരുത്തുക]- സുപ്രീം കോടതി വിധി ഇംഗ്ലീഷിൽ Archived 2014-05-03 at the Wayback Machine.
- ഖുർആൻ, അധ്യായം: 2, സൂക്തം 241, 242