ദീനദയാൽ ഉപാദ്ധ്യായ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പണ്ഡിറ്റ്‌ ദീനദയാൽ ഉപാദ്ധ്യായ
ജനനം(1916-09-25)25 സെപ്റ്റംബർ 1916
നഗല ചന്ദ്രഭാൻ(മഥുര),ഉത്തർ പ്രദേശ്‌, ഇന്ത്യ
മരണം11 ഫെബ്രുവരി 1968(1968-02-11) (പ്രായം 51)
അറിയപ്പെടുന്നത്എകാത്മാ മാനവ ദർശനം
രാഷ്ട്രീയ കക്ഷിഭാരതീയ ജന സംഘം

ഭാരതീയ ജനസംഘത്തിന്റെ സ്ഥാപക നേതാക്കളിൽ ഒരാളും അതിന്റെ ആദ്യ ജനറൽ സെക്രട്ടറിയുമായിരുന്നു പണ്ഡിറ്റ്‌ ദീനദയാൽ ഉപാദ്ധ്യായ[1]. ദാർശനികൻ, സാമ്പത്തിക സാമൂഹിക ശാസ്ത്രജ്ഞൻ, ചരിത്രകാരൻ എന്നീ നിലകളിലൊക്കെ അദ്ദേഹം അറിയപ്പെട്ടിരുന്നു. എകാത്മാ മാനവദർശനം എന്ന ഭാരതീയ സാമ്പത്തിക സാമൂഹിക തത്ത്വസംഹിതയുടെ ഉപജ്ഞാതാവാണ് ഇദ്ദേഹം.

ബാല്യം[തിരുത്തുക]

ശ്രീ ഭഗവതിപ്രസാദ് ഉപാദ്ധ്യായയുടെയും രാംപ്യാരി ദേവിയുടെയും മകനായി 1916 സെപ്റ്റംബർ 25നായിരുന്നു ദീനദയാൽ ഉപാദ്ധ്യായ ജനിച്ചത്‌. ചെറുപ്പത്തിൽത്തന്നെ മാതാപിതാക്കൾ നഷ്ടപ്പെട്ട ദീനദയാൽ മുത്തച്ഛനായ ചുനിലാലിൻറെ സംരക്ഷണയിലാണ് പിന്നീട് വളർന്നത്. ദീനദയാലിന് പത്ത് വയസ്സുള്ളപ്പോൾ മുത്തച്ഛനായ ചുനിലാലും അന്തരിച്ചു. അതിനുശേഷം അമ്മാവനായ രാധാരമണിൻറെ സംരക്ഷണയിലായി. കുട്ടിക്കാലത്ത് തന്നെ രോഗം മൂലം ദീനദയാലിൻറെ അനുജൻ ശിവദയാലും അന്തരിച്ചു.[2]

യൗവനവും വിദ്യാഭ്യാസവും[തിരുത്തുക]

ഒൻപതാം വയസു വരെ ദീനദയാലിൻറെ വിദ്യാഭ്യാസത്തിനു കൃത്യമായ ഒരു രൂപം ഉണ്ടായിരുന്നില്ല. അമ്മാവൻറെ സ്ഥലമായിരുന്ന ഗംഗാപൂരിൽ ആയിരുന്നു അദ്ദേഹത്തിൻറെ നാലാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം. ആ കാലയളവിൽ രോഗിയായ അമ്മാവനെ ശുശ്രൂഷിക്കേണ്ട ബാദ്ധ്യത കൂടി ദീനദയാലിനു മേൽ വന്നു ചേർന്നു. അഞ്ചു മുതൽ ഏഴു വരെ ഉള്ള ക്ലാസ്സുകൾക്കായി കോട്ട സ്കൂളിലേക്ക് മാറി. എട്ടാം ക്ലാസ് വിദ്യാഭ്യാസം രാജ്ഗരിൽ വച്ചായിരുന്നു. പിന്നീടു അമ്മാവനോടൊപ്പം സിക്കാരിലേക്ക് മാറി. സിക്കാരിൽ നിന്ന് റിക്കാർഡ് മാർക്കോടെ മെട്രിക്കുലേഷൻ വിജയിച്ചു. അത് എല്ലാ വിഷയങ്ങൾക്കും പുതിയ റെക്കോർഡ് ആയിരുന്നു അത്കൊണ്ട് മഹാരാജാ കല്യാൺ സിംഗ് ദീനദയാലിനു പ്രതിമാസ 10 രൂപ സ്കോളർഷിപ്പും 250 രൂപ പുസ്തകങ്ങൾക്കായും നൽകി. തുടർന്ന് ഇൻഡർമീഡിയേറ്റ്‌ വിദ്യാഭ്യാസത്തിനായി പിലാനിയിലേക്ക് പോയി അവിടെ നിന്ന് 1937-ൽ ഒന്നാം റാങ്കോടെ വിജയിച്ചു. തുടർന്ന് ബിർള അദ്ദേഹത്തിനു നൽകിയ ജോലി വാഗ്ദാനം പഠനം പൂർത്തിയാക്കാൻ ആണ് താൻ ഇഷ്ടപ്പെടുന്നത് എന്ന് പറഞ്ഞ് നിരസിച്ചു.

1939ഇൽ കാൺപൂരിലെ സനാതന ധർമ്മ കോളേജിൽ നിന്ന് ബിരുദം പൂർത്തിയാക്കി. ആഗ്ര സെൻറ് ജോൺസ് കോളേജിൽ തുടർവിദ്യാഭ്യാസത്തിനു ചേർന്നെങ്കിലും അദ്ദേഹത്തിൻറെ ബന്ധുവിനെ ശുശ്രൂഷിക്കേണ്ടതിനാൽ പരീക്ഷ എഴുതിയില്ല. അതിനു ശേഷം അദ്ദേഹം പഠനം തുടർന്നില്ല. [3]. അദ്ദേഹത്തിന്റെ അമ്മാവന്റെ നിർബന്ധത്തിൽ പ്രവിശ്യാ സർവ്വീസസ്‌ പരീക്ഷയിൽ പാസ്സാവുകയും അഭിമുഖത്തിനു ശേഷം തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എന്നാൽ അദ്ദേഹത്തിനു പൊതുപ്രവർത്തനത്തോടുള്ള അഭിവാഞ്ജ അതിനോടകം രൂഢമൂലമായിക്കഴിഞ്ഞിരുന്നു. അതുകൊണ്ട്‌ തന്നെ ദീനദയാൽ പ്രവിശ്യാ സർവ്വീസിൽ പ്രവേശിക്കാതെ പൊതുപ്രവർത്തനരംഗത്ത്‌ കർമ്മനിരതനായി.

രാഷ്ട്രീയ സ്വയംസേവക സംഘം[തിരുത്തുക]

ബി.എ പഠന കാലത്ത് ശ്രീ സുന്ദർ സിംഗ്‌ ഭണ്ഡാരിയുമായുള്ള ബന്ധമാണ് അദ്ദേഹത്തെ ആർഎസ്എസു മായി അടുപ്പിച്ചത്. കെ.ബി. ഹെഡ്ഗേവാർനെ പരിചയപ്പെടുന്നതും ഈ കാലയളവിലാണ്. ഹോസ്റ്റലിൽ ബാബസാഹിബ്‌ ആപ്തേയും ദാദാറാവു പരമാർത്ഥും ഒരുമിച്ചുള്ള ബൗദ്ധിക ചർച്ചകളിൽ ഹെഡ്‌ഗേവാർ ദീനദയാലിനെയും ക്ഷണിച്ചു.1942-ൽ അദ്ദേഹം ലഖിംപൂർ ജില്ലാ പ്രചാരകനായി. 1951-ൽ ഉത്തർപ്രദേശ്‌ സഹ പ്രാന്തപ്രചാരക് ആയി. ആ കാലയളവിൽ പാഞ്ചജന്യ , സന്ദേശ് എന്നീ പ്രസിദ്ധീകരണങ്ങൾ ആരംഭിച്ചു. സ്വാതന്ത്ര്യത്തിനു ശേഷം ശ്രീ ശ്യാമപ്രസാദ് മുഖർജി ഒരു ദേശീയ കക്ഷി ആരംഭിക്കുവാൻ ഉള്ള ശ്രമങ്ങൾ തുടങ്ങി. ആ യത്നത്തിലേക്ക് ദീനദയാൽ, വാജ്പേയി തുടങ്ങിയ ചിലരെ ആർ.എസ്.എസ് സർസംഘചാലക് ശ്രീ മാധവ സദാശിവ ഗോൾവൽക്കർ നിയോഗിച്ചു.[4]

ജനസംഘം[തിരുത്തുക]

1952 മുതൽ ജനസംഘം ജനറൽ സെക്രട്ടറി ആയിരുന്നു ശ്രീ ദീനദയാൽ. ശ്യാമ പ്രസാദ് മുഖർജി , രഘുവീർ ചൗധരി തുടങ്ങിയ നേതാക്കളുടെ മരണം ഈ കാലഘട്ടത്തിൽ ആയിരുന്നു. 1967-ൽ അധ്യക്ഷ സ്ഥാനത്ത് എത്തുന്നത് വരെ അദ്ദേഹം ജനറൽ സെക്രട്ടറിയായി തുടർന്നു. 1967-ലെ തിരഞ്ഞെടുപ്പിൽ ജനസംഘം ഭാരതത്തിലെ രണ്ടാമത്തെ വലിയ കക്ഷിയായി മാറി. എട്ടു സംസ്ഥാനങ്ങളിലെ ഭരണത്തിലും പങ്കാളികളായി[5]

എകാത്മാ മാനവ ദർശനം[തിരുത്തുക]

പ്രധാന ലേഖനം: ഏകാത്മക മാനവവാദം

ഭാരതീയ ചിന്താധാരകളുടെ അന്തഃസത്ത ഉൾക്കൊണ്ട് ശ്രീ ദീനദയാൽ ഉപാദ്ധ്യായ അവതരിപ്പിച്ച സാമ്പത്തിക സാമൂഹിക ദർശനമാണ് എകാത്മാ മാനവ ദർശനം.വ്യക്തികൾ മനുഷ്യ ശരീരത്തിലെ കോശങ്ങൾ പോലെയാണ്‌, അവ കൂടിചേർന്ന്‌ അവയവങ്ങൾ ഉണ്ടാകുന്നത്‌ പോലെ മനുഷ്യർ കൂടിചേർന്ന്‌ സാമാജത്തിൽ വ്യത്യസ്ത വ്യവസ്ഥിതികൾ ഉണ്ടാക്കുന്നു. ഭരണകൂടം,കുടുംബം,കോടതി ഇങ്ങനെ പല വ്യവസ്ഥിതികൾ കൂടിചേർന്ന്‌ രാജ്യം അഥവാ ശരീരം നിർമ്മിക്കപ്പെടുന്നു. എന്നാൽ ഈ ശരീരം എന്തിനുവേണ്ടി പ്രവർത്തിക്കുന്നു? ആ ശരീരം രാജ്യത്തിന്റെ ആത്മബോധത്തിന്റെ ചോദനക്കനുസരിച്ച്‌ പ്രവർത്തിക്കുന്നു. ആ ചോദനയെ ധർമ്മം എന്നും ആ ചോദന സൃഷ്ടിക്കുന്ന ആത്മബോധത്തെ ചിതി എന്നും വിളിക്കുന്നു. പുരാതന ഗ്രീസിനെ സംഹരിച്ചതും ആധുനിക അമേരിക്കയെ നിർമ്മിച്ചതും ഒപ്പം ഭാരതത്തെ ഭാരതം ആക്കി നിലനിർത്തിയതും ആ രാജ്യങ്ങളുടെ ചിതിയാണ്‌. അങ്ങനെ വരുമ്പോൾ വ്യക്തിയുടെ ചിതിയിൽ നിന്ന്‌ രാഷ്ട്രത്തിന്റെ ചിതിയിലേക്ക്‌ വ്യക്തി മാറുന്നത്‌ പോലെ രാഷ്ട്രങ്ങളുടെ ചിതികൾ കൂടിചേർന്ന്‌ മാനവീകതയുടെ ആത്മബോധവും അവ ചേർന്ന്‌ പ്രപഞ്ചത്തിന്റെ ആത്മബോധവും സൃഷ്ടിക്കപ്പെടുന്നു. ഈ ആത്മബോധത്തെ മാനവീകതയുടെ മുഴുവൻ ആത്മാവ്‌ എന്ന്‌ വിളിക്കാം . ഈ ബോധം ഉൾക്കൊള്ളുന്നവരാണ്‌ ഏകാത്മമാ‌ന‍വ‍‌‌‌‍‍ർ. ആ ദർശനമാണ്‌ ഏകാത്മതാ മാനവദർശനം..[6]

മരണം[തിരുത്തുക]

ജനസംഘത്തിന്റെ അദ്ധ്യക്ഷനായി ചുമതലയേറ്റ് 2 മാസം തികയും മുൻപാണ് അദ്ദേഹം തികച്ചും ദുരൂഹമായ സാഹചര്യത്തിൽ കൊല്ലപ്പെട്ടത്. ലക്നൗവിൽനിന്നും പാട്നയിലേക്ക് രാത്രി ട്രെയിനിൽ യാത്രചെയ്ത അദ്ദേഹത്തിന്റെ മൃതദേഹം ഫെബ്രുവരി 11, 1968 മുഗല്സാരായി റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടു കിട്ടുകയായിരുന്നു. മരണകാരണം ഇന്നും ദുരൂഹമായി തുടരുന്നു.[7] പല എം.പിമാരുടെയും അഭിപ്രായപ്രകാരം അന്നത്തെ കേന്ദ്ര സർക്കാർ മരണത്തെ പറ്റി അന്വേഷിക്കാനായി വൈ.വി. ചന്ദ്രചൂഡന്റെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണ റിപ്പോർട്ട് പ്രകാരം അത് രാഷ്ട്രീയ കൊലപാതകമല്ല, സാധാരണ ഒരു കുറ്റകൃത്യമാണെന്നും കമ്മീഷൻ നിരീക്ഷിച്ചു.[8]

അന്ത്യോദയ ദിവസ്[തിരുത്തുക]

പണ്ഡിറ്റ് ദീൻ ദയാൽ ഉപാദ്ധ്യയുടെ  സ്മരണാർത്ഥം അദ്ദേഹത്തിന്റെ ജന്മദിനമായ സെപ്റ്റംബർ 25-ാം തിയതി അന്ത്യോദയ ദിവസ് ആയി ആചരിക്കുവാൻ ഭാരത സർക്കാർ തീരുമാനിച്ചു. താഴെത്തട്ട് വരെയുള്ള ജനങ്ങളുടെ അടുത്തെത്തുക എന്നതാണ് അന്ത്യോദയ ദിവസത്തിന്റെ സന്ദേശം.[9]

അവലംബങ്ങൾ[തിരുത്തുക]

  1. Dr. Mahesh Chandra Sharma. Pandit Deendayal Upadhyaya
  2. പി.പരമേശ്വരൻ. സ്വാതന്ത്ര്യത്തിൻറെ സാഫല്യം p.150
  3. Dr. Mahesh Chandra Sharma. Pandit Deendayal Upadhyaya
  4. പി.പരമേശ്വരൻ. സ്വാതന്ത്ര്യത്തിൻറെ സാഫല്യം p.151
  5. M. L. Ahuja. Handbook of General Elections and Electoral Reforms in India, 1952-1999 p.212
  6. Pandit Deendayal upadhyaya. Integral Humanism
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-10-30. Retrieved 2013-11-22.
  8. "എന്നും ദീനരോടൊപ്പം; തികഞ്ഞ ദയാലുവായി". ജന്മഭൂമി ദിനപത്രം. 2015 ഫെബ്രുവരി 11. Archived from the original on 2015-02-14. Retrieved 14 ഫെബ്രുവരി 2015. {{cite news}}: Check date values in: |date= (help)
  9. "സെപ്റ്റംബർ 25 ഇനി 'അന്ത്യോദയ ദിവസ്'".
"https://ml.wikipedia.org/w/index.php?title=ദീനദയാൽ_ഉപാദ്ധ്യായ&oldid=3634645" എന്ന താളിൽനിന്ന് ശേഖരിച്ചത്