Jump to content

കമ്പിത്തപാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സന്ദേശങ്ങളെ കോഡുകളാക്കി മാറ്റുന്നതിന്‌ ഉപയോഗിച്ചിരുന്ന മോഴ്സ് കീ

ഭൂതലത്തിലൂടെ കമ്പികൾ വലിച്ചുകെട്ടി അവയിലൂടെ പ്രത്യേകം ക്രോഢീകരിച്ച കോഡുകളിലുള്ള സന്ദേശങ്ങൾ പ്രസാരണം ചെയ്തുകൊണ്ട് വാർത്താവിനിമയം നടത്തിപ്പോന്ന രീതി. ഇംഗ്ലീഷ് അക്ഷരമാലയിലെ ഓരോ അക്ഷരങ്ങൾക്കും വെവ്വേറെ കോഡുകൾ ഇതിൽ ഉപയോഗിച്ചിരുന്നു. അയക്കുന്നിടത്ത് അക്ഷരങ്ങളെ കോഡുകളാക്കി മാറ്റിയും സ്വീകരിക്കുന്നിടത്ത് അവയെ തിരികെ വാക്കുകളാക്കി എഴുതിയും ആണ്‌ ഇത് സാധിച്ചുപോന്നത്. രണ്ടു സ്ഥലത്തും ഒരുപോലെ ഉപയോഗിക്കാവുന്ന ലളിതമായ ഒരു യന്ത്രമേ ഇതിന്നാവശ്യമുണ്ടായിരുന്നുള്ളൂ. ഏറെക്കാലം പ്രചാരത്തിലിരുന്നെങ്കിലും പിൽക്കാലത്ത് ടെലിഫോണിന്റെ പ്രചാരത്തോടെ ഇത് അസംഗതമാകുകയും അപ്രത്യക്ഷമാകുകയും ചെയ്തു. എങ്കിലും വിദൂരവാർത്തവിനിമയരംഗത്തെ ഒരു കുതിച്ചുചാട്ടം തന്നെയായിരുന്നു ഇത്.

ഒരുകാലത്ത് നാട്ടിൻപുറങ്ങളിൽ കമ്പി വരിക എന്നു വച്ചാൽ എന്തോ അത്യാഹിതം സംഭവിച്ചപോലെയായിരുന്നു. പലപ്പോഴും ദൂരെ നിന്നുള്ള മരണ വാർത്തകൾ ബന്ധുക്കളെ പെട്ടെന്നു തന്നെ അറിയിക്കാനാണ്‌ ഇതു കൂടുതലായും ഉപയോഗിച്ചിരുന്നത്. അതുകൊണ്ട് നാട്ടിൻപുറങ്ങളിൽ കമ്പിശിപായി എത്തിയാൽ ആ വാർത്ത കാട്ടുതീ പോലെ പടർന്നെത്തുമായിരുന്നു. ഇംഗ്ലീഷ് വായിക്കാനറിയാതിരുന്ന നാട്ടിൻപുറത്തുകാർ കമ്പിയിലെ വാർത്ത തെറ്റി വായിച്ച് തമാശകളും ദുരിതങ്ങളും സംഭവിച്ചുപോയ കഥകളും വിരളമല്ല.

ചരിത്രം

[തിരുത്തുക]
കമ്പിത്തപാലയക്കാനായി പണ്ടുപയോഗിച്ചിരുന്ന മോഴ്സ് കീയും മോഴ്സ് സൗണ്ടറും. കൊല്ലം ടെലിഗ്രാഫ് ഓഫീസിൽ നിന്ന്
ടെലിഗ്രാം അയക്കാനുപയോഗപ്പെടുത്തിയിരുന്ന ടെലി പ്രിന്റർ പേപ്പർ സ്ട്രിപ്പ്

മറ്റെല്ലാ കണ്ടുപിടിത്തങ്ങളേയും പോലെ ഇതും യുദ്ധകാര്യങ്ങൾക്കാണ് ഏറ്റവും ആദ്യം കാര്യക്ഷമമായി ഉപയോഗിക്കപ്പെട്ടത്. പിൽകാലത്ത് പൊതുജനത്തിന് ഉപയോഗിക്കാൻ ലഭ്യമായപ്പോഴും മിക്കവാറും രാജ്യങ്ങളിൽ അതത് സർക്കാറുകളുടെ നടത്തിപ്പിലായിരുന്നു കമ്പിത്തപാൽ പ്രവർത്തിച്ചുപോന്നത്. അവയുടെ നടത്തിപ്പിനും അതിനുള്ള സംവിധാനങ്ങളുടെ പരിരക്ഷക്കുമായി പ്രത്യേകം നിയമങ്ങൾ തന്നെ സർക്കാറുകൾ പാസ്സാക്കിയിരുന്നു.

ടെലിഗ്രാം വഴി അയക്കുന്ന സന്ദേശങ്ങളുടെ പട്ടിക, കൊല്ലം ടെലിഗ്രാഫ് ഓഫീസിൽ നിന്ന്

കമ്പിയാഫീസിൽ ചെന്ന് വാങ്ങുന്ന അപേക്ഷാഫാറത്തിൽ കമ്പി അടിക്കേണ്ട മേൽ വിലാസവും അയക്കേണ്ട വിവരവും കുറിച്ചുകൊടുത്താൽ അവിടത്തെ ഉദ്യോഗസ്ഥർ അതിലെ വാക്കുകളുടെ എണ്ണം നോക്കി അതയക്കാൻ വേണ്ട തുക കണക്കാക്കി പറയുകയായിരുന്നു പതിവ്. കേരളത്തിൽ നന്ന് ദൽഹി,കൊൽക്കൊത്ത തുടങ്ങിയ ദൂരസ്ഥലങ്ങളിലേക്കും തിരികേയും അയക്കുന്ന കമ്പികൾ കിട്ടാൻ ആദ്യകാലങ്ങളിൽ ഒന്നിൽ കൂടുതൽ ദിവസങ്ങൽ തന്നെ എടുക്കുമായിരുന്നു. അന്ന് പല സ്ഥലങ്ങളിലൂടെ പുനർപ്രേഷണം ചെയ്യപ്പെട്ടാണ് അവ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിയിരുന്നത്.

ടെലിഗ്രാം സന്ദേശങ്ങൾ എഴുതിയിരുന്ന അപേക്ഷ ഫാറം

മൈക്രൊവേവ് സംവിധാനങ്ങൾ സാർവത്രികമാകുന്നതു വരെ റെയിൽവേകളുടെ പ്രധാന വാർത്താവിനിമയോപാധിയും കമ്പിത്തപാൽ ആയിരുന്നു. ഇന്ത്യയിലെങ്ങും വിദൂരസ്ഥലങ്ങളിൽ നിന്നു പുറപ്പെടുന്ന തീവണ്ടികളുടെ സീറ്റ് റിസർവേഷൻ, ചരക്കു നീക്കത്തിന്റെ വിവരങ്ങൾ തുടങ്ങിയവയൊക്കെ കൈകാര്യം ചെയ്തിരുന്നത് ഇതിലൂടെയായിരുന്നു. ഇതിനായി റെയിൽവേക്ക് സ്വന്തമായി കമ്പിത്തപാൽ ശൃംഖലകളും ഉണ്ടായിരുന്നു. അക്കാലത്ത് റെയിൽ ട്രാക്കുകളുടെ ഓരങ്ങളിലൂടെ കമ്പികാലുകൾ നിരനിരയായി നിലകൊണ്ടിരുന്നു.

മോഴ്സ് കോഡ്

[തിരുത്തുക]
മോഴ്സ് കോഡ്

കമ്പിയും കമ്പിയില്ലാക്കമ്പിയും വഴി സന്ദേശങ്ങൾ കൈമാറുന്നതിന് ഉപയോഗിക്കുന്ന സങ്കേതമാണ് മോഴ്സ് കോഡ്. സാമുവൽ ‌മോഴ്സ് എന്ന ശാസ്ത്രജ്ഞനാണ് ഇതിൻറെ ഉപജ്ഞാതാവ്.

ഇംഗ്ലീഷ് ഭാഷയിലാണ് സന്ദേശങ്ങൾ കൈമാറുന്നത്. ഓരോ ഇംഗ്ളീഷ് അക്ഷരത്തിനും പകരം രണ്ടു തരത്തിലുള്ള ശബ്ദങ്ങൾ ഉപയോഗിച്ച് ഉള്ള കോഡുകൾ ഉണ്ട്. ചെറിയ ഇടവേളയുള്ള ശബ്ദത്തെ ഡിറ്റ് എന്നും അതിൻറെ മൂന്നിരട്ടി ദൈർഘ്യമുള്ള ശബ്ദത്തെ ഡാഷ് എന്നും വിളിക്കുന്നു. ഒരു ഡിറ്റും ഒരു ഡാഷും ചേർന്നാൽ ഇംഗ്ളീഷ് ഭാഷയിലെ 'A' എന്ന ശബ്ദമായി. ഇത്തരത്തിൽ എല്ലാ ഇംഗ്ളീഷ് അക്ഷരങ്ങൾക്കും ശബ്ദരൂപത്തിലുള്ള കോഡുകൾ ഉണ്ട്. ഡിറ്റിനെ "ഡി" എന്നും ഡാഷിനെ "ഡാ" ന്നും ഉച്ചരിക്കും.

മോഴ്‌സ് കോഡിൽ നിന്ന് ടെലിപ്രിന്ററിലേക്ക് മാറി. സേവനം നിറുത്തലാക്കുന്ന ഘട്ടത്തിൽ ഓൺലൈനിൽ ഇ-മെയിലായാണ് സന്ദേശങ്ങളെത്തിച്ചിരുന്നത്. ഇതിന്റെ പകർപ്പെടുത്ത് മെസഞ്ചർ മുഖേന എത്തിക്കും. നഗരത്തിന് പുറത്താണെങ്കിൽ ഇത് തപാലിലായിരുന്നു അയച്ചിരുന്നത്.[1]

ഇന്ത്യയിൽ

[തിരുത്തുക]

ഏകദേശം 160 വർഷക്കാലം ഇന്ത്യയിൽ ഈ സേവനം നിലവിലുണ്ടായിരുന്നു. പഴയ കൽക്കട്ടയ്ക്ക് 50 കിലോമീറ്റർ അകലെയുള്ള ഡയമണ്ട് ഹാർബറിലേക്ക് 1850 നവംബർ അഞ്ചിനാണ് രാജ്യത്തെ ആദ്യത്തെ ടെലിഗ്രാം സന്ദേശം (ഇലക്ട്രിക്കൽ സിഗ്നലായി) അയച്ചത്. ഡോക്ടർ വില്യം ബ്രൂക്ക്‌ ഒഷുഗെൻസിയാണ് ഇതിന്റെ ചുമതല നിർവഹിച്ചത്‌. കൽക്കത്തയിൽ നിന്ന്‌ ഡയമണ്ട്‌ ഹാർബർ വരെയുളള 43.5 കിലോമീറ്റർ ദൂരമായിരുന്നു ആദ്യ ടെലിഗ്രാഫ്‌ ലൈൻ. [2]

2013 കൊല്ലത്തെ ടെലിഗ്രാഫ് ഓഫീസിൽ നിന്ന്

തുടക്കത്തിൽ, ഇത് പോസ്റ്റ് ആൻഡ് ടെലിഗ്രാഫ് (പി ആൻഡ് ടി) വകുപ്പിനു കീഴിലാണ് പ്രവർത്തിച്ചുപോന്നത്. പിന്നീട് ടെലിഫോണിനും കമ്പിത്തപാലിനും മാത്രമായി ടെലിഗ്രാഫ് വകുപ്പും ഉണ്ടായിരുന്നു. ബി.എസ്.എൻ.എൽ രൂപീകരിച്ചപ്പോൾ ടെലിഗ്രാഫും കമ്പനിക്കു കീഴിലാക്കി.[3] ടെലിഗ്രാഫ് സർവീസ് നിലനിർത്താൻ പ്രതിവർഷം 300 മുതൽ 400 കോടി വരെ നഷ്ടമുണ്ടായതിനെത്തുടർന്ന് ബി.എസ്.എൻ.എൽ 2013 ജൂലായ് 15 മുതൽ ടെലിഗ്രാം സേവനം രാജ്യത്ത് നിർത്തലാക്കുന്നതിന് തീരുമാനിച്ചു.[4]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-07-14. Retrieved 2013-07-14.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-07-09. Retrieved 2013-07-14.
  3. http://malayalam.yahoo.com/%E0%B4%92%E0%B4%9F%E0%B5%81%E0%B4%B5%E0%B4%BF%E0%B4%B2%E0%B5%8D-%E0%B4%86-%E0%B4%B8%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%87%E0%B4%B6%E0%B4%B5%E0%B5%81%E0%B4%82-%E0%B4%9F%E0%B5%86%E0%B4%B2%E0%B4%BF%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%82-%E0%B4%85%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%8D-150556896.html[പ്രവർത്തിക്കാത്ത കണ്ണി]
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-06-16. Retrieved 2013-06-13.

ഇതും കാണുക

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കമ്പിത്തപാൽ&oldid=3627603" എന്ന താളിൽനിന്ന് ശേഖരിച്ചത്