അഫ്ഘാനിസ്ഥാന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇസ്ലാമിക്‌ റിപബ്ലിക്ക്‌ ഓഫ്‌ അഫ്ഗാനിസ്ഥാന്‍
Flag of Afghanistan.svg Coat of arms of Afghanistan.svg
(ദേശീയ പതാക) (ദേശീയ ചിഹ്നം)
LocationAfghanistan.png
ഔദ്യോഗിക ഭാഷകള്‍ പേര്‍ഷ്യന്‍,
പഷ്‌തു
തലസ്ഥാനം
 - ജനസംഖ്യ:
 
കാബൂള്‍
1,424,400 (1988)
ഗവണ്‍മെന്റ്‌ ഇസ്ലാമിക്‌ റിപബ്ലിക്ക്‌
പ്രസിഡന്റ്‌ ഹമീദ്‌ കര്‍സായി
വിസ്തീര്‍ണ്ണം
 
 

647,500 കി.മീ.²
അതിര്‍ത്തി ദൈര്‍ഘ്യം
5,529 കി.മീ.
ജനസംഖ്യ
 
  ജനസാന്ദ്രത:

33,609,937 (2009)[1]
43/കി.മീ.²
സ്വാതന്ത്ര്യ വര്‍ഷം
1919
ദേശീയ ദിനം ഓഗസ്റ്റ്‌ 19
മതങ്ങള്‍ സുന്നി ഇസ്ലാം 84%
ഷാ ഇസ്ലാം 15%
നാണയം അഫ്ഗാനി(Af) = 100 puls
സമയ മേഖല UTC+4:30
ഇന്റര്‍നെറ്റ്‌ സൂചിക .af
ടെലിഫോണ്‍ കോഡ്‌ 93

അഫ്ഗാനിസ്ഥാന്‍ ഏഷ്യയിലെ ഒരു പരമാധികാര രാജ്യമാണ്‌ . ഔദ്യോഗിക നാമം ഇസ്ലാമിക്‌ റിപബ്ലിക്‌ ഓഫ്‌ അഫ്ഗാനിസ്ഥാന്‍. മധ്യ ഏഷ്യയിലും തെക്കനേഷ്യയിലുമായി വ്യാപിച്ചു കിടക്കുന്നു. പടിഞ്ഞാറ്‌ ഇറാന്‍, കിഴക്കും തെക്കും പാക്കിസ്ഥാന്‍, വടക്ക്‌ തുര്‍ക്ക്‌മെനിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍, താജിക്കിസ്ഥാന്‍, കിഴക്കേ അറ്റത്ത്‌ ചൈന എന്നിവയാണ്‌ അഫ്ഗാനിസ്ഥന്റെ അയല്‍ രാജ്യങ്ങള്‍. ലോകത്തിലെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളിലൊന്ന്.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

മധ്യേഷ്യയുടെ കവാടം എന്നറിയപ്പെടുന്ന അഫ്‌ഗാനിസ്ഥാന്‍ അധിനിവേശങ്ങളുടെ നാടാണ്‌. പേര്‍ഷ്യന്‍ സാമ്രാജ്യം, ജെങ്കിസ് ഖാന്‍, അലക്സാണ്ടര്‍ ചക്രവര്‍ത്തി തുടങ്ങിയവരെല്ലാം പല കാലങ്ങളിലായി ഇവിടെ ആധിപത്യം സ്ഥാപിച്ചിരുന്നു. ഇന്നത്തെ രൂപത്തിലുള്ള അഫ്‌ഗാനിസ്ഥാന്‍ നിലവില്‍ വന്നത്‌ 1746-ലാണ്‌. ദുരാനി സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു ഇത്‌. എന്നാല്‍ അധികം താമസിയാതെ ബ്രിട്ടീഷുകാര്‍ ഇവിടെ ആധിപത്യമുറപ്പിച്ചു. 1919-ല്‍ അമാനുള്ള രാജാവിന്റെ കാലത്താണ്‌ ബ്രിട്ടീഷ്‌ ആധിപത്യം അവസാനിച്ചത്‌.
1900 മുതലിങ്ങോട്ട്‌ അഫ്‌ഗനിസ്ഥാനിലെ ഭരണാധികാരികളെല്ലാം അസ്വഭാവികമായി പുറത്താവുകയായിരുന്നു. ആര്‍ക്കുംതന്നെ സ്ഥിരമായി ഭരണ നിയന്ത്രണം ലഭിച്ചിരുന്നില്ല. 1933 മുതല്‍ 1973 വരെ സഹീര്‍ ഷാ രാജാവിന്റെ കാലത്താണ്‌ ഇവിടെ സ്ഥായിയായ ഭരണകൂടമുണ്ടായിരുന്നത്‌. എന്നാല്‍ 1973-ല്‍ സഹീര്‍ ഷായുടെ ഭാര്യാ സഹോദരന്‍ മുഹമ്മദ്‌ ദൌദ്‌ അദ്ദേഹത്തെ അധികാര ഭ്രഷ്ടനാക്കി. പിന്നീടിങ്ങോട്ട്‌ അഫ്ഗാനിസ്ഥാനില്‍ അസ്ഥിര ഭരണകൂടങ്ങളുടെ ഘോഷയാത്രയായിരുന്നു. ദൌദിനെയും കുടുംബത്തെയും വധിച്ച്‌ കമ്മ്യൂണിസ്റ്റുകള്‍ 1978-ല്‍ അധികാരം പിടിച്ചു. കമ്മ്യൂണിസ്റ്റ്‌ ഭരണകൂടത്തിനെതിരെയുള്ള മുജാഹിദീന്‍ സേനയുടെ നീക്കങ്ങള്‍ക്ക്‌ അമേരിക്ക പിന്തുണ നല്‍കിപ്പോന്നു. ഇതിനു മറുപടിയെന്നോണം 1979-ല്‍ അന്നത്തെ സോവിയറ്റ് യൂണിയന്‍ അഫ്‌ഗാന്റെ നിയന്ത്രണം കൈക്കലാക്കി. അമേരിക്ക, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ പിന്തുണയോടെ മുജാഹിദീനുകള്‍ നടത്തിയ ചെറുത്തുനില്‍പ്പിനെത്തുടര്‍ന്ന് 1989-ല്‍ സോവ്യറ്റ്‌ സൈന്യം പിന്‍വാങ്ങി.
മുജാഹിദീന്‍ വിഭാഗങ്ങള്‍ തമ്മിലുള്ള ആഭ്യന്തര യുദ്ധങ്ങള്‍ക്കാണ്‌ പിന്നീട്‌ അഫ്‌ഗാനിസ്ഥാനില്‍ കളമൊരുങ്ങിയത്‌. നീണ്ട പോരാട്ടങ്ങള്‍ക്കൊടുവില്‍ കടുത്ത യാഥാസ്ഥിക മതനിലപാടുകളുള്ള താലിബാന്‍ സേന അഫ്‌ഗാനിസ്ഥാനില്‍ ആധിപത്യമുറപ്പിച്ചു. എന്നാല്‍ ഒസാമ ബിന്‍ ലാദനെപ്പോലുള്ള ഇസ്ലാമിക ഭീകരര്‍ക്ക്‌ അഭയം നല്‍കിത്തുടങ്ങിയതോടെ തങ്ങള്‍തന്നെ പാലൂട്ടി വളര്‍ത്തിയ താലിബാന്‍ അമേരിക്കയ്ക്കു തലവേദനയായി. സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണത്തെത്തുടര്‍ന്ന് അൽഖയ്ദ ഭീകരര്‍ക്ക്‌ സംരക്ഷണം നല്‍കിയെന്ന പേരില്‍ അമേരിക്കയും സഖ്യസേനയും താലിബാന്‍ ഭരണകൂടത്തെ യുദ്ധത്തിലൂടെ പുറന്തള്ളി. അമേരിക്കയുടെ മേല്‍നോട്ടത്തിലുള്ള ഭരണകൂടമാണ്‌ ഇപ്പോള്‍ നിലവിലുള്ളത്‌. അമേരിക്കന്‍ സേനയുടെ സാന്നിധ്യം ഇപ്പോഴും തുടരുന്നു.

[തിരുത്തുക] ഭരണം

[തിരുത്തുക] പ്രവിശ്യകള്‍

അഫ്ഘാനിസ്താനിലെ 34 പ്രവിശ്യകളെ സൂചിപ്പിക്കുന്ന ഭൂപടം.

ഭരണപരമായി അഫ്ഘാനിസ്ഥാനെ 34 പ്രവിശ്യകളായി തിരിച്ചിരിക്കുന്നു. ഓരോ പ്രവിശ്യക്കും ഓരോ തലസ്ഥാനമുണ്ട്. ഓരോ പ്രവിശ്യകളെയും വിവിധ ജില്ലകളായി തിരിച്ചിരിക്കുന്നു. ആഭ്യന്തര മന്ത്രാലയമാണ് പ്രവിശ്യാ ഗവര്‍ണ്ണറെ നിയമിക്കുന്നത്. പ്രവിശ്യാ ഗവര്‍ണ്ണറാണ് ജില്ലാ ഭരണാധികാരികളെ നിയമിക്കുന്നത്.

  1. ബദാഖ്‌ശാന്‍
  2. ബദ്ഘീസ്
  3. ബാഘ്ലാന്‍
  4. ബാല്‍ഖ്
  5. ബാമിയാന്‍
  6. ദായ്‌കുണ്ഡി
  7. ഫറ
  1. ഫറ്യാബ്
  2. ഘാസ്നി
  3. ഘോര്‍
  4. ഹെല്‍മന്ദ്
  5. ഹെറാത്
  6. ജോസ്‌ജാന്‍
  7. കാബൂള്‍
  1. കപിസ
  2. ഖോസ്ത്
  3. കൊനാര്‍
  4. കുന്ദുസ്
  5. ലാഘ്മാന്‍
  6. ലോഗാര്‍
  7. നംഗര്‍താര്‍
  1. നിംറൂസ്
  2. നൂറിസ്താന്‍
  3. പാക്തിയ
  4. പാക്തിക
  5. പഞ്ച്ശീര്‍
  6. പാര്‍വന്‍
  7. കന്ദഹാര്‍
  1. സമംഗാന്‍
  2. സര്‍ ഇ പോല്‍
  3. തഖാര്‍
  4. ഉറൂസ്‌ഗാന്‍
  5. വാര്‍ദാക്
  6. സാബൂള്‍

[തിരുത്തുക] ജനങ്ങള്‍

അഫ്ഘാനിസ്ഥാന്റെ ഭൂപടം

അഫ്ഘാനിസ്ഥാനിലെ ഏകദേശജനസംഖ്യ 33,609,937 ആണ്. ജനങ്ങളുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം വളരെ കുറവാണ്. 2009 ആണ്ടിലെ ഒരു കണക്കനുസരിച്ച് ഇത് വെറും 44.64 വയസാണ്[1].

കാലങ്ങളിലായി നിരവധി ജനവംശങ്ങള്‍ അഫ്ഘാനിസ്ഥാനിലെത്തി വാസമുറപ്പിച്ചിട്ടുണ്ട്. രാജ്യത്തിന്റെ നാലു ദിക്കുകളില്‍ നിന്നും ഇത്തരത്തില്‍ കുടിയേറ്റം ഉണ്ടായിട്ടുണ്ട്. സമീപകാലത്തെ ഒരു പഠനമനുസരിച്ച് ഇവിടെ ഏതാണ്ട് 55 ജനവംശങ്ങളുണ്ട്. ഭാഷയനുസരിച്ച് ഇവരെ ഇറാനികള്‍ (ഇതില്‍ ബലൂചികള്‍, പഷ്തൂണുകള്‍, താജിക്കുകള്‍ എന്നിവര്‍ ഉള്‍പ്പെടുന്നു), തുര്‍ക്കിക്ക് വംശജര്‍ (തുര്‍ക്ക്മെന്‍, ഉസ്ബെക് വംശജര്‍), മറ്റുള്ളവര്‍ എന്നിങ്ങനെ മൂന്നായി തിരിക്കാറുണ്ട്[2]

[തിരുത്തുക] ഇറാനിയന്‍ വംശജര്‍

പഷ്തൂണുകളെയാണ് യഥാര്‍ത്ഥത്തില്‍ അഫ്ഘാനികള്‍ എന്നു വിളിക്കുന്നത്. അഫ്ഘാനിസ്ഥാനിലെ ജനസംഖ്യയുടെ 40 മുതല്‍ 50 ശതമാനം വരെ പഷ്തൂണുകളാണ്. പത്തൊമ്പതാം നൂറ്റാ‍ണ്ടുവരെ ഡ്യൂറണ്ട് രേഖക്ക് (പാക് അഫ്ഘാന്‍ അതിര്‍ത്തിരേഖ) വടക്കും തെക്കുമായി വസിക്കുന്ന പഷ്തൂണുകളുടെ ആവാസമേഖലയെ സൂചിപ്പിക്കുന്നതിനാണ് അഫ്ഘാനിസ്ഥാന്‍ എന്ന പദം പ്രയോഗിച്ചിരുന്നത്. ഈ സമയത്ത് ഖുറാസാന്‍ എന്നും തുര്‍ക്കെസ്ഥാന്‍ എന്നുമായിരുന്നു ഇന്നത്തെ അഫ്ഘാനിസ്ഥാന്റെ പടിഞ്ഞാറൂം വടക്കും ഭാഗങ്ങളെ വിളിച്ചിരുന്നത്.

പഷ്തൂണുകള്‍

അഫ്ഘാനിസ്ഥാനില്‍ പഷ്തൂണുകള്‍ ഇന്ന് രാജ്യത്തിന്റെ കിഴക്ക്, തെക്കുകിഴക്ക്, തെക്കുപടിഞ്ഞാറ് ഭാഗങ്ങളിലാണ്‌ കേന്ദ്രീകരിച്ചിരിക്കുന്നത്. രാജ്യത്തെ പഷ്തൂണുകളിലെ പ്രധാനവിഭാഗങ്ങള്‍ ദുറാനികളും ഘല്‍ജികളുമാണ്‌. ദുറാനികള്‍ ആദ്യകാലത്ത് അബ്ദാലികള്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. കന്ദഹാര്‍ കേന്ദ്രമാക്കി രാജ്യത്തിന്റെ തെക്കും തെക്കുപടിഞ്ഞാറും ഭാഗത്ത് ഇവര്‍ വസിക്കുന്നു. ഘല്‍ജികളാകട്ടെ, ഘസ്നി കേന്ദ്രീകരിച്ച് രാജ്യത്തിന്റെ കിഴക്കുവശത്ത് അധിവസിക്കുന്നു. ഘല്‍ജികളുടെ എണ്ണം ദുറാനികളെ അപേക്ഷിച്ച് ഏതാണ്‌ ഇരട്ടിയാണ്.

അഫ്ഘാനിസ്ഥാനിലെ ഇറാനിയന്‍ പേര്‍ഷ്യന്റെ ഒരു വകഭേദമായ ദാരി സംസാരിക്കുന്ന ഒരു ഇറാനിയന്‍ ജനവംശമാണ് താജിക്കുകള്‍. രാജ്യത്തെ വലിയ നഗരങ്ങളിലും വടക്കുകിഴക്കുഭാഗത്തുമാണ് താജിക്കുകള്‍ വസിക്കുന്നത്. അഫ്ഘാനിസ്ഥാനിലെ ഒരു പുരാതനജനവിഭാഗമാണിവര്‍. ആദ്യകാലത്ത് മദ്ധ്യേഷ്യയും വടക്കന്‍ അഫ്ഘാനിസ്ഥാനും പിടിച്ചടക്കിക്കൊണ്ടിരുന്ന ഉസ്ബെക്കുകള്‍, അഫ്ഘാനിസ്ഥാനിലെ ഫാഴ്സി സംസാരിക്കുന്ന തദ്ദേശീയരെ സൂചിപ്പിക്കുന്നതിന്‌ ഉപയോഗിച്ചിരുന്ന പേരാണ്‌ താജിക്. ഇക്കാലം മുതലേ, അഫ്ഘാനിസ്ഥാനിലേയും താജികിസ്ഥാന്‍ പോലുള്ള സമീപപ്രദേശങ്ങളിലേയും പേര്‍ഷ്യന്‍ സംസാരിക്കുന്ന സുന്നികളായ തദ്ദേശികളെ സൂചിപ്പിക്കുന്നതിന്‌ താജിക് എന്ന പേരുപയോഗിച്ചുവന്നു. എന്നാല്‍ ഇപ്പോള്‍, അഫ്ഘാനിസ്ഥാനിലെ പേര്‍ഷ്യന്‍ സംസാരിക്കുന്ന പഷ്തൂണുകളല്ലാത്ത എല്ലാവരേയും സൂചിപ്പിക്കാന്‍ ഈ പേര്‌ ഉപയോഗിക്കാറുണ്ട്. അഫ്ഘാനിസ്ഥാനിലെ യഥാര്‍ത്ഥ താജിക്കുകള്‍ രാജ്യത്തിന്റെ വടക്കുകിഴക്കുഭാഗത്താണ്‌ വസിക്കുന്നത്. താജിക് എന്ന പേരില്‍ അറിയപ്പെടാനിഷ്ടപ്പെടാത്ത ഇവര്‍, പഞ്ച്ശീരി, ബദാഖ്ശാനി എന്നിങ്ങനെ അവരുടെ ദേശത്തിന്റെ പേരില്‍ അറിയപ്പെടാനാഗ്രഹിക്കുന്നു.

മദ്ധ്യ അഫ്ഘാനിസ്ഥാനില്‍ പേര്‍ഷ്യന്‍ സംസാരിക്കുന്ന പ്രധാനപ്പെട്ട ഒരു ജനവിഭാഗമാണ്‌ ഹസാരകള്‍. ഇവര്‍ മംഗോളിയന്‍ വംശജരായ ഇവര്‍ കൂടുതലും ഷിയകളാണ്‌. അഫ്ഘാനിസ്ഥാനിലെ മൊത്തം ജനസംഖ്യയുടെ പത്തുശതമാനത്തോളം വരുന്ന ഇവര്‍ രാജ്യത്തെ മൂന്നാമത്തെ വലിയ ജനവിഭാഗമാണ്. 65 മുതല്‍ 81 ലക്ഷത്തോളമാണ്‌ ഇവരുടെ ജനസംഖ്യ.

രാജ്യത്തിന്റെ തെക്കുപടിഞ്ഞാറന്‍ പ്രദേശത്ത് അതായത് ഇറാന്റേയും പാകിസ്ഥാന്റേയും അതിര്‍ത്തിപ്രദേശങ്ങളില്‍ വസിക്കുന്ന ഇറാനിയന്‍ ജനവംശമാണ് ബലൂചികള്‍. വടക്കുപടിഞ്ഞാറന്‍ ഇറാനിയന്‍ ഭാഷയായ ബലൂചിയാണ് ഇവര്‍ സംസാരിക്കുന്നത്. 1979-ലെ കണക്കനുസരിച്ച് ഏതാണ്ട് രണ്ടു ലക്ഷം ബലൂചികള്‍ അഫ്ഘാനിസ്ഥാനിലുണ്ട്. ബലൂചികളോട് കൂടിക്കലര്‍ന്നു ബലൂചിസ്ഥാന്‍ പ്രദേശത്ത് വസിക്കുന്ന ഒരു ദ്രാവിഡജനതയാണ് ബ്രഹൂയികള്‍[2].

[തിരുത്തുക] തുര്‍ക്കിക്ക് വംശജര്‍

പ്രധാന ലേഖനങ്ങള്‍ ‍: ഉസ്ബെക്, തുര്‍ക്‌മെന്‍

ഉത്തര അഫ്ഘാനിസ്ഥാനിലെ തുര്‍ക്കിക്ക് വംശജരിലെ ഏറ്റവും വലിയ വിഭാഗമാണ്‌ ഉസ്ബെക്കുകള്‍. ഇവര്‍ പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ്‌ ഇവിടെ വാസമാരംഭിച്ചത്. ഇവരുടെ ജനസംഖ്യ ഏതാണ്ട് 16 ലക്ഷത്തോളമുണ്ട്. തൊട്ടടുത്ത ഉസ്ബെക്കിസ്ഥാനിലേയും മറ്റും ഉസ്ബെക്കുകളുമായി ഇവര്‍ക്ക് വംശീയവും, ഭാഷാപരവും, സാംസ്കാരികവുമായി വളരെ സാമ്യമുണ്ട്.

വടക്കുപടിഞ്ഞാറുഭാഗത്ത് വസിക്കുന്ന മറ്റൊരു തുര്‍ക്കിക്ക് വിഭാഗക്കാരാണ് തുര്‍ക്ക്മെന്‍ വംശജര്‍. പതിനാറാം നൂറ്റാണ്ടുമുതലാണ് ഇവര്‍ ഇവിടെ വാസം തുടങ്ങിയത്. പില്‍ക്കാലത്ത് റഷ്യന്‍ വിപ്ലവത്തിനു ശേഷം നിരവധി തുര്‍ക്ക്മെന്മാര്‍ അഭയാര്‍ത്ഥികളായി എത്തിയിട്ടുണ്ട്. പരവതാനി, തുകല്‍ നിര്‍മ്മാണത്തിന് പേരുകേട്ട ഇവരുടെ ജനസംഖ്യ 1995-ലെ കണക്കനുസരിച്ച് 5 ലക്ഷത്തോളമാണ്. ഉസ്ബെക്കുകളും തുര്‍ക്ക്മെന്മാരും സുന്നി മുസ്ലീങ്ങളാണ്[2].

[തിരുത്തുക] മറ്റുള്ളവര്‍

പ്രധാന ലേഖനങ്ങള്‍ ‍: നൂറിസ്താനി, അയ്‌മഖ്

കാബൂളിന്‌ വടക്കുകിഴക്കായുള്ള നൂറിസ്ഥാന്‍ പ്രദേശത്ത് വസിക്കുന്ന ഒരു ജനവിഭാഗമാണ്‌ നൂറിസ്ഥാനികള്‍. ഇവര്‍ പണ്ട് ഇസ്ലാംമതവിശ്വാസികളല്ലാത്തതിനാലും സമീപസ്ഥരുമായി വ്യത്യസ്ഥമായ സംസ്കാരവുമുള്ളവരായിരുന്നതിനാല്‍ ഇവരെ കാഫിറുകള്‍ എന്നും, ഇവരുടെ ആവാസമേഖലയെ കാഫിറിസ്ഥാന്‍ എന്നുമായിരുന്നു. അറിയപ്പെട്ടിരുന്നത്. നൂറിസ്ഥാന്റെ പടിഞ്ഞാറൂം തെക്കും അതിരുകളില്‍ വസിക്കുന്ന പഷായികളും ശ്രദ്ധേയമായ ഒരു ജനവംശമാണ്‌.

പശ്ചിമമദ്ധ്യ അഫ്ഘാനിസ്ഥാനിലെ നാടോടികളായ ഒരു ജനവിഭാഗമാണ്‌ അയ്‌മഖുകള്‍. പേര്‍ഷ്യന്‍ ഭാഷ സംസാരിക്കുന്ന ഇവര്‍ സുന്നികളാണ്‌. ഹെറാത് നഗരത്തിന്റെ സമീപപ്രദേശങ്ങളില്‍ വസിക്കുന്ന ഇവരുടെ ജനസംഖ്യ 1993-ലെ കണക്കനുസരിച്ച് ഏതാണ്ട് 4 ലക്ഷത്തിലധികമാണ്‌.

രാജ്യത്തെ മറ്റ് ന്യൂനപക്ഷവിഭാഗങ്ങളില്‍ മംഗോളിയര്‍ അറബികള്‍ ഖ്വിസില്‍ബാഷ് ജനവിഭാഗക്കാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മറ്റ് പല ജനവംശങ്ങളും അഫ്ഘാനിസ്ഥാനില്‍ വസിക്കുന്നുണ്ട്[2].

[തിരുത്തുക] മതം

ഇന്നത്തെ അഫ്ഘാനിസ്താനിലെ ജനങ്ങളിൽ ഏറിയ പങ്കും ഇസ്ലാംമതവിശ്വാസികളാണ്.

സസാനിയരുടെ കാലം വരെ സൊറോസ്ട്രിയൻ മതത്തിന് ഇവിടെ ശക്തമായ വേരോട്ടമുണ്ടായിരുന്നു. കുശാനരുടെ കാലത്ത് പ്രത്യേകിച്ച് അഫ്ഘാനിസ്താന്റെ കിഴക്കുഭാഗത്ത് ബുദ്ധമതം ശക്തമായി. ഇക്കാലത്ത് ബുദ്ധമതവുമായി ബന്ധപ്പെട്ട് വാസ്തുകലാരീതിയും ഇവിടെ ഉടലെടുത്തു. ഗാന്ധാരകല എന്നാണ് ഈ വാസ്തുകലാരീതി അറിയപ്പെടുന്നത്. ബുദ്ധമതത്തിന്റെ പ്രോത്സാഹകരായിരുന്ന കുശാനരുടെ ഭരണം മൂന്നാം നൂറ്റാണ്ടോടെ അവസാനിച്ചെങ്കിലും ആറാം നൂറ്റാണ്ടോടെയാണ് ബുദ്ധമതത്തിന്റെ അധപതനം ആരംഭിച്ചത്. മദ്ധ്യേഷ്യയിൽ നിന്നുള്ള തുർക്കിക്ക് വിഭാഗക്കാരുടെ വരവ് ബുദ്ധമതകേന്ദ്രങ്ങൾ തകർക്കപ്പെടാനും ബുദ്ധമതത്തിന്റെ മേഖലയിലെ ക്ഷയത്തിനും കാരണമായി[3]‌.

ബുദ്ധമതത്തിന്റെ ക്ഷയത്തോടെ കിഴക്കൻ മേഖലയിൽ ഹിന്ദുമതം അല്പം ഉയർച്ച പ്രാപിച്ചെങ്കിലും അറബികളുടെ വരവോടെ ഇസ്ലാം മതം വ്യാപകമായി.

[തിരുത്തുക] കൃഷി

ഭൂമിശാസ്ത്രഭൂപടം

അഫ്ഘാനിസ്ഥാന്റെ ആകെ ഭൂപ്രദേശത്തിന്റെ 12 ശതമാനം പ്രദേശത്ത് കൃഷി ചെയ്യുന്നുണ്ട്. ഇതില്‍ 20 ശതമാനം ഭാഗം ജലസേചനമില്ലാതെയുള്ള കൃഷിക്ക് അനുയോജ്യമാണ്.ഇവിടെ ഗോതമ്പും ബാര്‍ലിയും കൃഷി ചെയ്യുന്നു. ബാക്കി പ്രദേശത്ത് ജലസേചനം അത്യാവശ്യമാണ്.

തെക്കുകിഴക്കന്‍ ഭാഗത്ത് കണ്ടഹാര്‍ മരുപ്പച്ച പ്രദേശം, കിഴക്കുഭാഗത്ത് കാബൂള്‍ താഴ്വര, ജലാലാബാദ്, വടക്ക് ഖുണ്ഡസ്, മസാരി ഷരീഫ്, പടിഞ്ഞാറ് ഹാരി റുദ് താഴ്വര, ഹെറാത് എന്നിവിടങ്ങളിലാണ് രാജ്യത്തെ കൃഷിഭൂമിയുടെ ഭൂരിഭാഗവും സ്ഥിതി ചെയ്യുന്നത്. പണ്ട് സിസ്റ്റന്‍ ഉള്‍പ്പെടുന്ന വടക്കുകിഴക്കന്‍ ഭാഗത്ത് വന്‍ ജലസേചനപദ്ധതികളിലൂടെ കാര്‍ഷികപുരോഗതി കൈവരിച്ചിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് ഇവിടം നശിപ്പിക്കപ്പെടുകയോ താനേ നശിക്കുകയോ ചെയ്തു.

കന്നുകാലിവളര്‍ത്തല്‍ ഇവിടത്തുകാരുടെ മറ്റൊരു തൊഴിലാണ്. ആട്, ചെമ്മരിയാട്, കോഴി തുടങ്ങിയവയോക്കെ മിക്കവാറും അഫ്ഘാന്‍ ഗ്രാമങ്ങളിലും കണ്ടുവരുന്നു. കന്നുകാലികള്‍ക്കാവശ്യമായ തീറ്റ മുഴുവനായും അതാതു ഗ്രാമങ്ങളില്‍ ലഭിക്കാറില്ല. അതുകൊണ്ട് വേനല്‍ക്കാലങ്ങളില്‍ കന്നുകാലികളെ മേയ്ക്കുന്നതിന് മലമുകളില്‍ കൊണ്ടുപോകുന്നു.

ഇത്തരത്തില്‍ കന്നുകാലികളെ മലമുകളില്‍ മേയ്ക്കാന്‍ കൊണ്ടുപോകല്‍ ചിലയാളുകള്‍ തങ്ങളുടെ മുഴുവന്‍സമയ ജോലിയാക്കാറുണ്ട്. അലഞ്ഞുതിരിഞ്ഞു ജീവിക്കുന്ന ഇവര്‍, ഓരോ വസന്തകാലാത്തും തങ്ങളുടെ കാലിക്കൂട്ടങ്ങളേയും മേച്ച് മദ്ധ്യ അഫ്ഘാനിസ്ഥാനിലെ മലകളിലേക്ക് യാത്രയാകുന്നു. തണുപ്പു തുടങ്ങുന്നതിനു മുന്‍പ് ഇവര്‍ തങ്ങളുടെ ഗ്രാമങ്ങളിലോ തണുപ്പുകാലകേന്ദ്രങ്ങലിലോ തിരിച്ചെത്തുന്നു. 1979-ലെ ഒരു കണക്കെടുപ്പനിസരിച്ച് അഫ്ഘാനിസ്ഥാനില്‍ അലഞ്ഞുതിരിഞ്ഞുനടക്കുന്ന ഇത്തരം പത്തിനും ഇരുപതു ലക്ഷത്തിനുമിടയില്‍ ആളുകളുണ്ടെന്നു കണക്കാക്കുന്നു. ഇവരില്‍ മിക്കവാറൂം പേരും പഷ്തൂണുകളും ബലൂചികളുമാണ്. ഇവരെ പൊതുവേ കുചി എന്നു വിളിക്കുന്നു. അലഞ്ഞു തിരിഞ്ഞുനടക്കുന്നവര്‍ എന്ന ഫാഴ്സി വാക്കായ കുച് എന്ന വാക്കില്‍ നിന്നാണ് ഈ പേര്[4].

[തിരുത്തുക] ധാതുനിക്ഷേപം

പുരാതനകാലം മുതലേ അഫ്ഘാനിസ്താന്‍, ധാതുക്കളുടെ ഉല്പാദകരായിരുനു. രാജ്യത്തിന്റെ വടക്കുകിഴക്കന്‍ ഭാഗത്തുള്ള കോക്ച്ചാ നദിയുടെ തീരത്തുള്ള സരി സാങ് (sar-i sang) പ്രദേശത്തുള്ള ലാപിസ് ലസൂലി (നീലനിറത്തിലുള്ള കല്ല്) നിക്ഷേപം ഇതില്‍ വളരെ പ്രശസ്തമാണ്. അഫ്ഘാന്‍ പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ക്വെറ്റക്കു പടിഞ്ഞാറായുള്ള ചഗായ് കുന്നുകളിലും ഇപ്പോള്‍ ലാപിസ് ലസൂലിയുടെ നിക്ഷേപം ഇപ്പോള്‍ കണ്ടെത്തിയിട്ടുണ്ട്. ലോകത്ത് വളരെക്കുറച്ച് സ്ഥലങ്ങളില്‍ മാത്രമേ ലാപിസ് ലസൂലിയുടെ നിക്ഷേപമുള്ളൂ. എന്നാല്‍ അഫ്ഘാനിസ്ഥാനിലെ ഖനികളില്‍ നിന്നും പ്രത്യേകിച്ച് ബദാഖ്ഷാനില്‍ നിന്നും ഇത് പുരാതനകാലം മുതലേ ഖനനം ചെയ്യപ്പെട്ടിരുന്നു. ബി.സി.ഇ. നാലാം സഹസ്രാബ്ദത്തിന്റെ അവസാനകാലങ്ങളില്‍, ഈജിപ്തിലേക്കു വരെ ഈ കല്ലുകള്‍ ഇവിടെ നിന്നും കയറ്റുമതി ചെയ്തിരുന്നു.

രാജ്യത്ത് നിരവധി പ്രദേശങ്ങളില്‍ ചെമ്പിന്റെ നിക്ഷേപമുണ്ട്. കാബൂളിനു തെക്കുള്ള ലോഗര്‍ താഴ്വര, ഹെറാതിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗങ്ങള്‍, കണ്ടഹാറിനു വടക്ക് അര്‍ഘന്ദാബ് നദിയോടു ചേര്‍ന്നപ്രദേശങ്ങള്‍, പഞ്ച്ഷീര്‍ താഴ്വരക്കു വടക്കുള്ള അന്ദരാബ് തുടങ്ങിയ ഇടങ്ങളില്‍ ചെമ്പിന്റെ നിക്ഷേപമുണ്ട്.

ഹെറാത്തിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗങ്ങളില്‍ വെളുത്തീയത്തിന്റെ നിക്ഷേപമുണ്ട്. കണ്ടഹാറിനു വടക്കുകിഴക്കുള്ള മുഖര്‍ പ്രദേശത്തും, ബഡാഖ്ഷാനിലെ നദികളിലും സ്വര്‍ണനിക്ഷേപം കണ്ടെത്തിയിട്ടുണ്ട്. കാബൂളിനു പടിഞ്ഞാറുള്ള ഹാജിഗാക് ചുരത്തിനടുത്ത് ഇരുമ്പിന്റെ വന്‍‌നിക്ഷേപവുമുണ്ട്.

ഷിബര്‍ഘന്‍, സരൈ പൂല്‍ എന്നീ പ്രദേശങ്ങളില്‍ പ്രകൃതിവാതകനിക്ഷേപമുണ്ട്. ഇവിടെ നിന്നും 1960 മുതല്‍ തന്നെ പ്രകൃതിവാതകം ശേഖരിച്ച് കയറ്റുമതി ചെയ്യുന്നുണ്ട്[4]‌.

[തിരുത്തുക] അവലംബം

  1. 1.0 1.1 CIA factbook
  2. 2.0 2.1 2.2 2.3 Vogelsang, Willem (2002). "2-Peoples of Afghanistan". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK.. pp. 16-36. ISBN 978-1-4051-8243-0. 
  3. Vogelsang, Willem (2002). "9-Northern Rulers". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK.. pp. 156. ISBN 978-1-4051-8243-0. 
  4. 4.0 4.1 Vogelsang, Willem (2002). "1 - Up and Down the Hindu Kush". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK.. pp. 13-15. ISBN 978-1-4051-8243-0. 

‍‍

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍