ആട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആട്
പരിപാലന സ്ഥിതി
വളർത്തുമൃഗം
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Mammalia
നിര: Artiodactyla
കുടുംബം: Bovidae
ഉപകുടുംബം: Caprinae
ജനുസ്സ്: Capra
വർഗ്ഗം: C. aegagrus
ഉപവർഗ്ഗം: C. a. hircus
ശാസ്ത്രീയ നാമം
Capra aegagrus hircus
(Linnaeus, 1758)
Synonyms
Capra hircus

മനുഷ്യർ മാംസത്തിനും, പാലിനും, തോലിനും, രോമത്തിനുമായി വളർത്തുന്ന മൃഗമാണ് ആട്. ഇതിൽ ചെമ്മരിയാടുകളെയാണ് രോമത്തിനു വേണ്ടി വളർത്തുന്നത്. കാടുകളിൽ കാണപ്പെടുന്ന വരയാട് വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന ജീവിയാണ്. വരയാടുകളുടെ സാന്നിദ്ധ്യമുള്ള ലോകത്തിലെ അപൂർവ്വം ‍സ്ഥലങ്ങളിലൊന്ന് കേരളത്തിലെ മൂന്നാറിലുള്ള ഇരവികുളം ദേശീയ ഉദ്യാനമാണ്.

രോമാവൃതമായ ശരീരമുള്ള ആടുകളുടെ നിറം വെള്ള, കറുപ്പ്, തവിട്ട് എന്നീ നിറങ്ങളിലോ അതിന്റെ പല സങ്കലനത്തിലോ ആയിരിക്കും. ചെറിയ കൊമ്പുകളും ഇവക്കുണ്ടായിരിക്കും. ആട് ഇരട്ട കുളമ്പുള്ള മൃഗമാണ്. ആട്ടിൻ പുഴുക്ക (കാഷ്ടം) എന്ന് കേരളത്തിൽ അറിയപ്പെടുന്ന ആടിന്റെ വിസർജ്യം വളമായി ഉപയോഗിക്കുന്നു . കറുത്ത നിറത്തിലുള്ള ആട്ടിൻ പുഴുക്കകൾ എല്ലാം ആകൃതിയിലും വലിപ്പത്തിലും എകദേശം സമാനമായിരിക്കും എന്നതാണിതിന്റെ പ്രത്യേകത.

ഉള്ളടക്കം

[തിരുത്തുക] ജീവിത രീതി

ആടുകൾ പൊതുവെ പച്ചില ഭക്ഷിക്കുവാൻ ഇഷ്ടപ്പെടുന്ന മൃഗമാണ്. നനവുള്ള പ്രതലത്തിൽ നിന്നും മാറി നിലത്തുനിന്നും ഉയർന്ന തടിത്തട്ടുകളിലോ കൂടുകളിലോ ആണ് ആടിനെ പാർപ്പിക്കുന്നത്. അറബി നാടുകളിലെ മരുഭൂമികളിൽ മണലിൽ ചുറ്റു വേലി കെട്ടി ആടുകളെ സംരക്ഷിക്കുന്നു.

ആടുകൾ പൊതുവെ ശാന്തശീലരാണ്. നാടൻ ആടുകളുടെ ഒരു പ്രസവത്തിൽ ഒന്നു മുതൽ ആറ് വരെ കുട്ടികൾ ഉണ്ടാവാനിടയുണ്ട്. എന്നാൽ വംശനാശഭീക്ഷണി നേരിടുന്ന വരയാടുകൾക്ക് ഒരു പ്രസവത്തിൽ ഒരു കുട്ടി മാത്രമെ ഉണ്ടാവുകയുള്ളൂ. തന്മൂലം ഇവയുടെ വംശവർദ്ധനവ് വളരെ സാവധാനത്തിലാണ് നടക്കുന്നത്.

[തിരുത്തുക] ഗർഭകാല പരിചരണം, പ്രസവം

ആടുകളിലെ ഗർഭകാലം 145 മുതൽ 150 ദിവസം വരെയാണ്‌. പാൽ കറവ നടത്തുന്നു എങ്കിൽ പ്രസവത്തിന്‌ ഏകദേശം ഒരു മാസം മുൻപ് കറവ് നിർത്തേണ്ടതാണ്‌. പ്രസവത്തിന്‌ രണ്ടാഴ്ചമുൻപ് മുതൽ അകിട് ഇറങ്ങി തുടങ്ങും. പ്രസവം അടുക്കുന്തോറും ഈറ്റം തടിച്ചു വീർക്കുകയും വയർ കൂടുതൽ വലുതാകുകയും ചെയ്യും. കൂടെക്കൂടെ കിടക്കുകയും എഴുന്നേൽക്കുകയും ചെയ്യുന്നത് പ്രസവത്തിന്റെ ലക്ഷണമാണ്‌. തുടർന്ന് ഈറ്റത്തിൽ നിന്നും മാശ് ഒലിച്ചുതുടങ്ങും. തുടർന്ന് ഒരു മണിക്കൂറിനുള്ളിൽ പ്രസവം നടക്കും. ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ആടിന്റെ പരിചരണത്തിനായി ഒരാൾ ഉണ്ടായിരിക്കേണ്ടതാണ്‌. പ്രസവത്തിൽ ഉപയോഗിക്കുന്നതിലേക്കായി വൃത്തിയുള്ള തുണിയും ഒരു ചാക്കും സൂക്ഷിക്കേണ്ടതാണ്‌. പ്രസവിക്കുന്നത് ആദ്യം കുട്ടിയുടെ മുൻ‌കാലും തലയുമാണ്‌ വരുന്നത്. അതിനുശേഷം ഉടലും അവസാനം പിൻ ‌കാലുകളും പുറത്തേക്ക് വരുന്നു. ഒന്നിൽ കൂടുതൽ കുട്ടികളുണ്ടെങ്കിൽ ആദ്യ പ്രസവത്തിനുശേഷം 15 മിനിറ്റിനുശേഷം രണ്ടാമത്തെ കുട്ടിയും വരുന്നു. പ്രസവിച്ചിടുന്ന കുട്ടിയുടെ മുഖവും ശരീരവും ഉണങ്ങിയ തുണികൊണ്ട് തുടച്ചു വൃത്തിയാക്കി ചാക്കിൽ കിടത്തി തള്ളയാടിന് നക്കിത്തോർത്താൻ അവസരം നൽകേണ്ടതുമാണ്‌. പ്രസവ ലക്ഷണങ്ങൾക്കു ശേഷം പ്രസവം നടക്കാതിരുന്നാൽ പെട്ടെന്നു തന്നെ വൈദ്യസഹായം തേടേണ്ടതുമാണ്‌[1].

[തിരുത്തുക] വിവിധ ഇനങ്ങൾ

കേരളത്തിലെ കാലാവസ്ഥയിൽ നാടൻ ആടുകളും വിവിധ ഇനം മറുനാടൻ ആടുകളും അധിവസിക്കുന്നു.

[തിരുത്തുക] ജംനാപാരി

പ്രധാന ലേഖനം: ജംനാപാരി

ഈ ഇനത്തിനെ ഇന്ത്യയുടെ അന്തസ്സ് എന്നാണ്‌ അറിയപ്പെടുന്നത്. ഉത്തർപ്രദേശാണ്‌ ജംനാപാരിയുടെ ജന്മസ്ഥലം. ഇന്ന് ഇന്ത്യയിൽ ലഭ്യമായതിൽവച്ച് ഏറ്റവും വലിപ്പം വയ്ക്കുന്ന ആട് ഇനമാണ്‌ ഇത്.

    • സവിശേഷതകൾ

പൊതുവേ വെള്ളനിറത്തിലാണ്‌ ഇത്തരം ആടുകളെ കാണപ്പെടുന്നത്. നീളമുള്ള ചെവി, കഴുത്ത്, റോമൻ മൂക്ക്, തുടയുടെ ഭാഗത്തെ നീളം കൂടിയ രോമം എന്നിവ ഇത്തരം ആടിന്റെ പ്രത്യേകതകളാണ്‌. കൂടാതെ ഇത്തരം ആടുകളുടെ കീഴ്താടിക്ക് മേൽതാടിയെക്കാൾ നീളം കൂടുതൽ ഉണ്ടാകും. ഒന്നരവയസ്സായാൽ ആദ്യത്തെ പ്രസവം. 85% വരെ പ്രസവങ്ങളിൽ ഒരു കുട്ടിയേ കാണൂ എങ്കിലും വളരെ അപൂർവ്വമായി മാത്രം രണ്ട് കുട്ടികൾ വരെ കാണും. ആറ് മാസമാണ്‌ കറവക്കാലം. പെണ്ണാടിന്‌‌ 60 കിലോ മുതൽ 70 കിലോ വരെയും ഭാരം ഉണ്ടാകും. ശരാശരി ലഭിക്കുന്ന പാലിന്റെ അളവ് 2 ലിറ്റർ മുതൽ 3 ലിറ്റർ വരെയാണെങ്കിലും 4 ലിറ്റർ വരെ പാൽ ലഭിക്കുന്ന ആടുകളും ഉണ്ട്. പ്രായപൂർത്തിയായ മുട്ടനാടിന്‌ 80കിലോ മുതൽ 90 കിലോവരെ ഭാരം ഉണ്ടാകാം. കേരളത്തിൽ കോട്ടയം, വയനാട് എന്നീ ജില്ലകളിൽ വളരെയധികം ജംനാപാരി ആടുകളെ വളർത്തുന്നുണ്ട്.

മുട്ടനാട്

[തിരുത്തുക] ബാർബാറി

പ്രധാന ലേഖനം: ബാർബാറി

വെള്ള നിറത്തിൽ തവിട്ട് നിറത്തിലുള്ള പുള്ളികൾ ഈ ആടിന്റെ പ്രത്യേകതകളാണ്‌. ചെറിയ മുഖവും മൂക്കിന്റെ അഗ്രം കൂർത്തതുമാണ്‌. ചെവികൾ നീളം കുറഞ്ഞതും ഇരുവശത്തേക്കും തള്ളി നിൽക്കുന്നവയുമാണ്‌. കാലുകൾക്ക് നീളം കുറവായതിനാൽ ഉയരം കുറവാണ്‌.

[തിരുത്തുക] സിരോഹി

പ്രധാന ലേഖനം: സിരോഹി

രാജസ്ഥാന്റെ കരുത്തനായ ആട് എന്നാണ്‌ ഈ ഇനങ്ങൾ അറിയപ്പെടുന്നത്. രാജസ്ഥാനിലെ സിരോഹി ജില്ലയിലാണ്‌ ഈ ആടിന്റെ ജന്മസ്ഥലം എങ്കിലും ഗുജറാത്തിന്റെ ചില പ്രദേശങ്ങളിലും ഇതിനെ കാണാൻ കഴിയും.

    • സവിശേഷതകൾ

ശരാശരി വലിപ്പം ഉള്ള ഇനമാണ്‌ ഇത്. പ്രായപൂർത്തിയായ മുട്ടനാടിന്‌ ശരാശരി 50 കിലോ തൂക്കവും പെണ്ണാടിന്‌ 25 കിലോ തൂക്കവുമുണ്ടാകും. തവിട്ട് നിറമാണ്‌ സാധാരണ ഇത്തരം ആടുകൾക്കുള്ളതെങ്കിലും തവിട്ടുനിറത്തിലുള്ള പുള്ളികൾ ആയിരിക്കും കാണുന്നത്. മിക്കവാറും ആടുകൾക്കും കഴുത്തിൽ "കിങ്ങിണി" ഉണ്ടായിരിക്കും. 18 സെന്റീ മീറ്റർ വരെ നീളമുള്ള ചെവികൾ പരന്നതും തൂങ്ങിനിൽക്കുന്നവയുമാണ്‌. ചെറിയതും വളഞ്ഞതുമായ കൊമ്പ് ആണ്‌ ഇത്തരം ആടുകൾക്കുള്ളത്. വാൽ ചെറുതും മുകളിലേക്ക് വളഞ്ഞതുമാണ്‌. 90% പ്രസവത്തിലും ഒരു കുട്ടിയായിരിക്കും ഉണ്ടാകുക. 9% പ്രസവങ്ങളിൽ 2 കുട്ടികളും ഉണ്ടാകാറുണ്ട്. കറവ ശരാശരി ആറുമാസമാണ്‌. ദിവസവും ഏകദേശം ഒന്നര ലിറ്റർ വരെ പാൽ ലഭിക്കാറുണ്ട്. ഏതു കാലാവസ്ഥയും അതിജീവിക്കാനുള്ള കഴിവാണ്‌ ഈ ജനുസ്സിൽ പെട്ട ആടുകളുടെ ഏറ്റവും വലിയ പ്രത്യേകത.

[തിരുത്തുക] ബീറ്റൽ

പ്രധാന ലേഖനം: ബീറ്റൽ ആട്
കുഞ്ഞാടുകൾ

പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ കണ്ടുവരുന്ന ഈ ഇനം ആടുകൾ ഇന്ത്യയിലെ ഏറ്റവും മുന്തിയ ഇനമെന്നു പറയപ്പെടുന്നു.

    • സവിശേഷതകൾ

ചൂടും തണുപ്പും അതിജീവിക്കാനുള്ള കഴിവ്, മികച്ച രോഗപ്രതിരോധശേഷി, പ്രതിദിനം ലഭിക്കുന്ന പാലിന്റെ അളവ് എന്നിങ്ങനെ പല കാര്യങ്ങളിലും മുൻപിൽ നിൽക്കുന്ന ആടിനമാണിത്. നീളമുള്ള ചെവി, കട്ടിയുള്ളതും കുറുകിയതുമായ കൊമ്പ്, ചെറിയ വാൽ എന്നിവ ഈ ജനുസ്സിന്റെ പ്രത്യേകതയാണ്‌. പ്രായപൂർത്തിയായ മുട്ടനാടിന്‌ 60 കിലോഗ്രാമോളം തൂക്കം ഉണ്ടാകും. പെണ്ണാടിന്‌ 45 കിലോഗ്രാമോളം ഭാരവും ഉണ്ടാകും. ഈ ഇനത്തിൽപ്പെട്ട ആടിൽ നിന്നും പ്രതിദിനം രണ്ടര ലിറ്റർ വരെ പാൽ ലഭിക്കുന്നുണ്ട്. 41% പ്രസവത്തിൽ ഇരട്ടക്കുട്ടികളും, 52% മൂന്ന് കുട്ടികളും 7% നാലുകുട്ടികളും ഒരു പ്രസവത്തിൽ ഉണ്ടാകാറുണ്ട്. കറുപ്പ്, തവിട്ട്, കറുത്തനിറത്തിൽ വെള്ളപ്പുള്ളി എന്നിങ്ങനെ പല നിറത്തിൽ ബീറ്റിൽ ആടുകളെ കാണാൻ കഴിയും.

[തിരുത്തുക] ജർക്കാന

പ്രധാന ലേഖനം: ജർക്കാന
ഒരു ആട്ടിൻകുട്ടി

ബീറ്റിൽ ഇനത്തിനോട് വളരെയധികം സാദൃശ്യമുള്ള ഇത് ആടുകളിലെ ജഴ്സി എന്നറിയപ്പെടുന്നു. രാജസ്ഥാനിലെ "അൽവാർ" ജില്ലയിലാണ്‌ കണ്ടുവരുന്നത്.

    • സവിശേഷതകൾ

നല്ല രോഗപ്രതിരോധശേഷി, ഏത് കാലാവസ്ഥയിലും ജീവിക്കാനുള്ള കഴിവ് എന്നിവ ഈ ഇനത്തിന്റെ പ്രത്യേകതയാണ്‌. നീളമുള്ള ചെവിയാണ്‌ ഈ ഇനത്തിനുള്ളതെങ്കിലും ചില കർഷകർ ചെവിയുടെ നീളം മുറിയ്ക്കാറുണ്ട്. മുലക്കാമ്പുകൾ കൂർത്ത ആകൃതിയുള്ളതാണ്‌. ദിനം‌പ്രതി നാല്‌ ലിറ്റർ വരെ പാൽ നൽകുന്ന ആടുകൾ ഉണ്ടെങ്കിലും ശരാശരി പാലുല്പാദനം രണ്ടര ലിറ്ററാണ്‌. കറുത്ത നിറത്തിൽ മുഖത്തും താടിയിലും വെള്ളപ്പൊട്ടുകൾ ഈ ഇനത്തിന്റെ മറ്റൊരു സവിശേഷതയാണ്‌.

[തിരുത്തുക] മാർവാറി

പ്രധാന ലേഖനം: മാർവാറി ആട്

രാജസ്ഥാനിലെ "മാർവാർ" ജില്ലയാണ്‌ സ്വദേശം.

    • സവിശേഷതകൾ

തവിട്ടു നിറത്തിലോ കറുപ്പ് നിറത്തിലോ കാണപ്പെടുന്ന ഇവയുടെ ശരീരത്തിലെ രോമം നീളം കൂടിയതാണ്‌. കൂടാതെ മുട്ടനാടിനെപ്പോലെ ഇവയിൽ എല്ലാറ്റിനും താടിരോമങ്ങൾ ഉണ്ട്. പരന്നു നീണ്ട ചെവി, വണ്ണം കുറഞ്ഞ കൊമ്പ്, ഒതുക്കമുള്ള ശരീരം എന്നിവ ഇവയുടെ എടുത്തുപറയത്തക്ക പ്രത്യേകതകളാണ്‌. മുട്ടനാടിന്‌ ശരാശരി 35 കിലോഗ്രാം തൂക്കവും പെണ്ണാടിന്‌ 25 കിലോഗ്രാം തൂക്കവും ഉണ്ടാകും. ഒരു ദിവസം ഒരു ലിറ്റർ പാൽ ആണ്‌ ശരാശരി ലഭിക്കുന്നത്. പ്രസവത്തിൽ സാധാരണയായി ഒരു കുട്ടി മാത്രമാകും ഉണ്ടാകുക.

[തിരുത്തുക] ഔഷധഗുണങ്ങൾ

ആട് ധാരാളം ഔഷധഗുണങ്ങളുള്ള ഒരു വളർത്തുമൃഗമാണ്. ആടിന്റെ ‍പാൽ, മൂത്രം എന്നിവ വിഷ ചികിത്സക്ക് ഉപയോഗിക്കാറുണ്ട്. ആട്ടിൻകൊമ്പ് ആയുർവേദ ഗുളികകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്നു. വാതത്തിന് ആടിന്റെ അസ്ഥികൾ, കൈകാൽ എന്നിവ തിളപ്പിച്ച് ഉപയോഗിക്കുന്നു. ആട്ടിൻകുടൽ, കുടൽ സംബന്ധമായ അസുഖങ്ങൾക്ക് മറ്റു ഔഷധങ്ങളുടെ കൂടെ ഉപയോഗിക്കുന്നു[2]. ആടിന്റെ ഒട്ടുമിക്ക എല്ലാ ഭാഗങ്ങളും നല്ലതുപോലെ വേവിച്ച് ഉലുവ, കടുക്, കൊത്തമല്ലി, അയമോദകം എന്നിവയിട്ട് എണ്ണയിൽ വരട്ടി കുരുമുളക്, മല്ലിപ്പൊടി ചേർത്ത് പ്രസവിച്ച സ്ത്രീകൾക്ക് കൊടുക്കാറുണ്ട്[2].

[തിരുത്തുക] ചിത്രശാ‍ല

[തിരുത്തുക] അവലംബം

  1. ഡോ. സി.കെ. ഷാജു, കർഷകശ്രീ മാസിക. ഏപ്രിൽ 2010 താൾ 58. ശേഖരിച്ച തീയതി 03-04-2010
  2. 2.0 2.1 http://kif.gov.in/ml/index.php?option=com_content&task=view&id=278&Itemid=29
  • കർഷകശ്രീ മാസിക. ജൂൺ 2008. താൾ 60-61


[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=%E0%B4%86%E0%B4%9F%E0%B5%8D&oldid=1191135" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ