ഒനാഗ്രേസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഒനാഗ്രേസി
Onagraceae
Chamerion.latifolium.web.jpg
Dwarf Fireweed (Epilobium latifolium)
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
Onagraceae

Type genus
Oenothera
L.
Subfamilies

Ludwigioideae
Onagroideae

പര്യായങ്ങൾ

Circaeaceae Bercht. & J.Presl
Epilobiaceae Vent.
Jussiaeaceae Martinov
Oenotheraceae C.C.Robin[1]

ദ്വിബീജ പത്രകവിഭാഗത്തിലെ ഒരു സസ്യകുടുംബമാണ് ഒനാഗ്രേസി (Onagraceae). ചെടികൾ മുഖ്യമായും ഔഷധി (herb) കളാണ്. ഏകദേശം 38 ജിനസുകളിലായി 500 സ്പീഷീസുകളുള്ള ഇതിലെ മിക്ക സസ്യങ്ങളും സമശീതോഷ്ണ മേഖലയിൽ കണ്ടുവരുന്നു. എപിലോബിയം(Epilobium) ക്ലാർക്കിയ (Clarkia) മുതലായ ചില സ്പീഷീസുകൾ ഏകവർഷി (annal) കളാണ്; ഈനോത്തീറാ ബയനീസ് പോലുള്ള ചിലത് ദ്വിവർഷി (biennial) കളും. ചിരസ്ഥായിക (perennials) കളാണ് ഭൂരിപക്ഷം സ്പീഷീസുകൾ. ചില ജീനസുകളിൽ കുറ്റിച്ചെടികളും ചെറു വൃക്ഷങ്ങളും കാണാറുണ്ട് (ഉദാ. ഫ്യൂഷിയ). കട്ടിയുള്ള കാണ്ഡത്തോടു കൂടിയ ഫ്യൂഷിയ ആപെറ്റാല (Fushia apetala) എന്നയിനം സസ്യം പടർന്നു വളരുന്നു. ചതുപ്പു നിലങ്ങളിലും വെള്ളത്തിലും വളരുന്ന ജസിയ (Jussieua) ലഡ്‌‌വിജിയ (Ludwigia) എന്നിവയ്ക്ക് വേരിലെ കോർട്ടക്സി(cortex)ൽ വായൂഅറകളുണ്ട്. ചിലപ്പോൾ വെള്ളത്തിനടിയിലുള്ള കാണ്ഡങ്ങളിൽ നിന്നു ശ്വസന വേരുകൾ (respiratory roots) രൂപം പ്രാപിച്ച് ജലനിരപ്പിനു മുകളിൽ കാണപ്പെടാറുണ്ട്. വെള്ളത്തിൽ ഒഴുകിനടക്കുന്ന ട്രാപാ (Trapa) എന്ന ചെടിയുടെ ഇലകൾ ഒരു പ്രത്യേകരീതിയിൽ ക്രമീകരിച്ചിരിക്കുന്നു. ജലനിർപ്പിൽ കാണപ്പെടുന്ന ഇലയുടെ ഞെട്ട് വീർത്തതാണ്. ഇത് വെള്ളത്തിൽ ഒഴുകിനടക്കാൻ ചെടിയെ സഹായിക്കുന്നു. ഈ ചെടിക്ക് പല അസാധാരണ സ്വഭാവങ്ങളുമുണ്ട്. വിത്തുകൾ വലുതാണ്. ഉള്ളിൽ വലിപ്പവ്യത്യാസമുള്ള രണ്ടു ബീജപത്രങ്ങൾ (cotyledons) കാണാം. ധാരാളം അന്നജമുള്ള് വലിയ ബീജപത്രംകൊണ്ട് വിത്തിന്റെ പൂരിഭാഗവും നിറഞ്ഞിരിക്കും.

പ്രത്യേകതകൾ[തിരുത്തുക]

ഫ്യൂഷിയാ സ്പീഷീസുക്കളിലെ തൂങ്ങിക്കിടക്കുന്ന പൂക്കളും മൊട്ടുകളും

ഒനാഗ്രേസി കുടുംബത്തിലെ ചെടികളുടെ ഇലകൾ ലഘുവും പിച്ഛാകാര (pinnate) സിരാവിന്യാസമുള്ളവയുമാണ്. ഉള്ളിൽ റാഫൈഡ് ബണ്ടിലുകൾ (Raphide bundles). ഇലകൾ ഏകാന്തര (alternate) മായോ സമ്മുഖ (opposite) മായോ വൃത്താകാരത്തിലോ ക്രമീകരിച്ചിരിക്കുന്നു. ഫ്യൂഷിയ ജീനസിലും ക്ലാർക്കിയയിലും പൂക്കൾ ഒറ്റയായിട്ടാണ് കാണപ്പെടുന്നത്; എപ്പിലോബിയം, ഈനോത്തീറ മുതലായ ചെടികളിലേതുപോലെ ചിലപ്പൊൾ വർശബളിമയുള്ള പൂങ്കുലകളായും കാണാറുണ്ട്. പുഷ്പം സമമിത (regular) മാണ്. പുഷ്പഭാഗങ്ങൾ നാലോ അതിന്റെ ഗുണിതമോ ആയിരിക്കും (4 ബാഹ്യദളങ്ങൽ, 4 ദളങ്ങൾ, 8 കേസരങ്ങൾ). ബാഹ്യദളങ്ങളും കേസരങ്ങളും സ്വതന്ത്രങ്ങളാണ്. ബാഹ്യദളങ്ങൾക്കു വർണഭംഗിയുണ്ട്. ചില ചെടികളിൽ ദളങ്ങൾ തീരെ ചെറുതായിരിക്കും. ഫ്യൂഷിയ ആപെറ്റാലാ എന്ന സ്പീഷീസിന്റെ പൂവിന് ദളങ്ങളില്ല. കേസരങ്ങൾ സ്വതന്ത്രങ്ങളാണ്. ആന്തരീകവൃതിയിലെ കേസരങ്ങൾക്ക് പുറമേയുള്ളവയെക്കാൾ നീളം കുറവാണ്. ലോപീസിയ (Lopezia) ജിനസിൽ ഒരു കേസരം മാത്രമേയുള്ളു; പരാഗരേണുക്കൾ (pollen grains) വലുതും ഉരുണ്ടതുമാണ്. 4 അറകളുള്ള അണ്ഡാശയത്തിൽ ധാരാളം ബിജാണ്ഡങ്ങളുണ്ട്.[2]

പരാഗണം[തിരുത്തുക]

സാധാരണയായി പ്രാണികൾ മൂലമാണ് പരാഗണം സംഭവിക്കുന്നത്. എന്നാൽ ചില ഫ്യൂഷിയാ സ്പീഷീസുക്കളിലെ തൂങ്ങിക്കിടക്കുന്ന പൂക്കളിൽ വായൂമൂലം പരാഗണം നടക്കുന്നു.. സന്ധ്യാസമയത്തു വിടരുന്ന പുസ്പങ്ങളിൽ നിശാശലഭങ്ങൾ പരാഗണം നടത്തുന്നു. ഈനോത്തീറാ, എപ്പിലോബിയം എന്നിവയിൽ സമ്പുട ഫലമാണ് ഉത്പാദിപ്പിക്കപ്പെടുന്നത്; ഫ്യൂഷിയായിൽ മാംസളഫലവും.

വിവിധയിനങ്ങൾ[തിരുത്തുക]

ഫ്യൂഷിയ മൂൺഗ്ലോ

200 സ്പീഷീസുകൾ ഉൾക്കൊള്ളുന്ന എപ്പിലോബിയം ജീനസാണ് ധാരാളമായി കണ്ടുവരുന്നത്. വിത്തിന്റെ അഗ്രഭാഗത്ത് കുടുമപോലെ കാണുന്ന രോമങ്ങൾ വിത്തു വിതരണത്തിനു സഹായിക്കുന്നു. നിരവധി സങ്കരയിനങ്ങൾ ഉദ്യാനങ്ങളിൽ നട്ടുവളർത്തുന്നുണ്ട്.[3] ഇനോത്തീരാ ജിനസിൽ 100 സ്പീഷീസുകൾ ഉണ്ട്. പുഷ്പപടങ്ങൾ മഞ്ഞയോ വെളുപ്പോ ആയിരിക്കും. ജനിതകപഠനത്തിൽ ഈ ജീനസിന് പ്രമുഖമായ സ്ഥാനമുണ്ട്. ഡി വ്രീസിന്റെ മ്യൂട്ടേഷൻ (mutation) പഠനവുമായുള്ള ബന്ധം മൂലം ഈനോത്തീറ ലാമാർക്കിയാന (Oenothera lamarckiana) എന്ന സസ്യം വളരെയധികം പ്രാധന്യമർഹിക്കുന്നു.[4] ഫ്യൂഷിയ ജീനസിലെ നിരവധി സങ്കരയിനങ്ങൾ പൂന്തോട്ടങ്ങളിൽ ചട്ടികളിൽ നട്ടു വളർത്തുന്നു. നർത്തകി (dancing girl) എന്ന അപരനാമമുള്ള ഫ്യൂഷിയാ ഫുൾജെൻസിന്റെ പൂക്കൾ അതിമനോഹരങ്ങളാണ്. ചിലതിന്റെ മാംസളമായ കായ്കൾ ഭക്ഷ്യയോഗ്യമാകുന്നു. ഈനോത്തിറ, ക്ലാർക്കിയ, ഗോഡെലിയ എന്നിവ വേലിച്ചെടികളായി വച്ചുപിടിപ്പിക്കാറുണ്ട്.[5]

അവലംബം[തിരുത്തുക]

  1. "Family: Onagraceae Juss., nom. cons". Germplasm Resources Information Network. United States Department of Agriculture. 2007-04-12. ശേഖരിച്ചത് 2010-10-29.
  2. [1] Lopezia
  3. [2] EPILOBIUM
  4. [3] Evening Primrose (Oenothera lamarckiana)
  5. http://en.wikipedia.org/wiki/Fuchsia#Gallery Fuchsia

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഒനാഗ്രേസി&oldid=3205879" എന്ന താളിൽനിന്ന് ശേഖരിച്ചത്