കൊമോഡോ ഡ്രാഗൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊമോഡോ ഡ്രാഗൺ[1]
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Reptilia
നിര: Squamata
ഉപനിര: Scleroglossa
കുടുംബം: Varanidae
ജനുസ്സ്: Varanus
വർഗ്ഗം: V. komodoensis
ശാസ്ത്രീയ നാമം
Varanus komodoensis
Ouwens, 1912
Komodo dragon distribution

മദ്ധ്യ ഇന്തോനേഷ്യയിലെ കൊമോഡോ ദ്വീപുകൾ, റിൻ‌കാ, ഫ്ലോർസ്, ഗിലി മുതലായ സ്ഥലങ്ങളിൽ കണ്ടുവരുന്ന പ്രത്യേക വംശത്തിൽപ്പെടുന്ന പല്ലികളാണ് കൊമോഡോ ഡ്രാഗൺ[2]. ഉരഗങ്ങളായ വരനിഡേയ് (Varanidae) കുടുംബത്തിൽ പെടുന്നതും 2 മുതൽ 3 മീ വരെ നീളം വെക്കുന്നതും 70 കി.ഗ്രാം വരെ ഭാരം വെക്കുന്നതുമായ ഇവയാണ് ലോകത്തിൽ ഇന്ന് ജീവിച്ചിരിക്കുന്നതിൽ ഏറ്റവും വലിയ പല്ലികൾ. ദ്വീപുകളിൽ തങ്ങൾക്ക് എതിരാളികളായി ഒന്നുമില്ല എന്ന സ്ഥിതിവിശേഷവും പരിണാമത്തിലുണ്ടായ അസാധാരണമായ മന്ദതയും ഈ ജീവികൾക്ക് അസാധാരണമായ വലിപ്പം നൽകിയെന്നു കരുതുന്നു[3][4]. ഇത്തരത്തിലുള്ള വലിയ വലിപ്പത്തിന്റെ ഫലമായി ദ്വീപുകളിലെ ഭക്ഷ്യശൃംഖലയിലേയും ജൈവവ്യവസ്ഥയുടേയും അവസാനകണ്ണിയാണ് ഈ പല്ലികൾ[5]. പ്രധാനമായി മറ്റുജീവികളുടെ ശവശരീരങ്ങളാണ് ഭക്ഷിക്കുകയെന്നിരുന്നാലും ഇരകളാക്കാവുന്ന എന്തിനേയും വേട്ടയാടിപ്പിടിച്ചും ഭക്ഷിക്കാറുണ്ട്. മേയ് മുതൽ ഓഗസ്റ്റ് വരെയാണ് ഇണചേരൽ കാലം, സെപ്തംബറോടുകൂടി മുട്ടകളിടുന്നു. മെഗാപോഡ് എന്ന പക്ഷികൾ ഉപേക്ഷിച്ച കൂടുകളിലാണ് കൊമോഡോ ഡ്രാഗൺ മുട്ടയിടുന്നത്. ഏഴെട്ടുമാസം അടയിരുന്നതിനു ശേഷം മുട്ടകൾ ഏപ്രിൽ മാസത്തിൽ വിരിയുന്നു. കൊച്ചു കൊമോഡോകളെ മുതിർന്നവതന്നെ തിന്നാനിടയുള്ളതിനാൽ അവ മരങ്ങളിലും മറ്റും ഒളിച്ചാണു പാർക്കുക. അമ്പത് കൊല്ലം വരെ ജീവിച്ചിരിക്കാറുള്ള കൊമോഡോ ഡ്രാഗണുകളുകൾക്ക് ബീജസംയോജനം കൂടാതെ മുട്ടയിടാനുള്ള കഴിവുമുണ്ട്[6][7].

പടിഞ്ഞാറൻ ശാസ്ത്രലോകത്തിന്റെ കണ്ണിൽ 1910 -ൽ മാത്രമാണ് ഈ ഉരഗങ്ങൾ പെട്ടത്. മാനുഷിക പ്രവർത്തനങ്ങളുടെ ഭാഗമായി വംശനാശത്തിന്റെ വക്കിലെത്തിയ ഇവയെ ഐ.യു.സി.എൻ. പെട്ടെന്നു തന്നെ നാശോന്മുഖമായ ജീവികളുടെ പട്ടികയിൽ പെടുത്തി. ഇന്തോനേഷ്യയിൽ നിയമത്താൽ ഇവ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. സംരക്ഷണ പ്രവർത്തനങ്ങൾക്കായി കൊമോഡോ ദേശീയോദ്യാനം എന്നൊരു ദേശീയോദ്യാനം തന്നെ അവിടുണ്ട്. കൊമോഡോ ഡ്രാഗണുകളെ അത്ര വിപുലമായിട്ടല്ലെങ്കിലും ശാസ്ത്ര സാഹിത്യങ്ങളിൽ കൊമോഡോ മോണിറ്റർ അല്ലെങ്കിൽ കൊമോഡോ ഐലൻഡ് മോണിറ്റർ (Komodo Island Monitor) എന്നൊക്കെ വിളിക്കാറുണ്ട്[1]. പ്രാദേശികമായി ഇവയെ ‘ഓറ’യെന്നോ ‘ബുവാജ ദുറാത്’ (കര മുതല) എന്നോ ‘ബിയാവക് രാക്സസ‘ (ഭീമൻ രാക്ഷസൻ) എന്നൊക്കെ വിളിക്കുന്നു[8][9].

ഉള്ളടക്കം

[തിരുത്തുക] പരിണാമം

ഏകദേശം 4 കോടി വർഷം മുൻപ് ഏഷ്യയിലാണ്‌ കൊമോഡോ ഡ്രാഗണിന്റെ പൂർവികരായ വറാനസ് (Varanus) എന്ന ജൈവജാതിയുടെ പരിണാമം ആരംഭിച്ചത്. തുടർന്ന് ഇവ ഓസ്ട്രേലിയയിലേക്ക് കുടിയേറി. ഒന്നരക്കോടി കൊല്ലങ്ങൾക്കു മുമ്പ് ഓസ്ട്രേലിയൻ ഭൂഖണ്ഡം ദക്ഷിണപൂർവേഷ്യയിൽ വന്നിടിച്ചപ്പോൾ ഇവയ്ക്ക് ഇന്ന് ഇന്തോനേഷ്യൻ ആർക്കിപെലാഗോ എന്ന് വിളിക്കുന്ന ഭൂഭാഗത്തേക്ക് പ്രവേശിക്കാൻ സാധിച്ചു. കൊമോഡോ ഡ്രാഗണുകൾ അവയുടെ ഓസ്ട്രേലിയൻ പൂർവികരിൽ നിന്നും 40 ലക്ഷം വർഷങ്ങൾക്കു മുമ്പെങ്കിലും വേർപെട്ടുവെന്നും അവയുടെ ആവാസം കിഴക്കോട്ട്, ടിമോർ ദ്വീപ് വരെ വ്യാപിച്ചു എന്നു കരുതുന്നു. ഹിമയുഗവും അതിനേത്തുടർന്ന് സമുദ്രനിരപ്പിലുണ്ടായ വൻവ്യതിയാനവും കൊമോഡോ ഡ്രാഗണുകൾ ജീവിച്ചിരുന്ന ദ്വീപുകളെ ഇന്നത്തെ സ്ഥാനത്തെത്തിക്കുകയും ചെയ്തു എന്ന് കരുതുന്നു[9].

[തിരുത്തുക] ശരീരപ്രകൃതി

ഭീമൻ പല്ലികളുടെ ചർമ്മത്തിന്റെ സമീപദൃശ്യം.

കാടുകളിൽ വസിക്കുന്ന പൂർണ്ണവളർച്ചയെത്തിയ കൊമോഡോ ഡ്രാഗണുകൾക്ക് 70 കിലോഗ്രാം ഭാരമുണ്ടാകും[10]. എന്നാൽ മൃഗശാലകളിലുള്ളവക്ക് അതിനേക്കാൾ ഭാരം വരും. അത്തരത്തിലുള്ള കൊമോഡോ ഡ്രാഗണുകളിൽ വച്ച് ഏറ്റവും വലുത്, 166 കിലോഗ്രാം ഭാരമുള്ളതും(ദഹിക്കാത്ത ഭക്ഷണമടക്കം) 3.13 മീറ്റർ നീളമുള്ളതുമായ ഒന്നാണ്‌ [9].

കൊമോഡോ ഡ്രാഗണുകളുടെ വാലിന് അതിന്റെ ഉടലിനോളം തന്നെ നീളമുണ്ടാകും. 2.5 സെ.മീ. നീളമുള്ളതും ഇടക്കിടക്ക് പൊഴിയുന്നതുമായ അറുപതോളം പരുപരുത്ത പല്ലുകളും ഇവയ്ക്കുണ്ടാകും. പല്ലുകൾ ഏതാണ്ട് പൂർണ്ണമായും മോണയാൽ‍ മൂടിയിരിക്കും, ഭക്ഷണം ചവയ്ക്കുമ്പോൾ മോണ[1]മുറിയുന്നതിനാൽ ഉമിനീരിൽ എപ്പോഴും രക്താംശമുണ്ടായിരിക്കും[11]. ഇത് വായ്ക്കുള്ളിൽ അത്യന്തം അപകടകാരിയായ പ്രത്യേകതരം ബാക്റ്റീരിയകൾക്ക് താമസിക്കാനുള്ള മാദ്ധ്യമമായി പ്രവർത്തിക്കുന്നു[12]. മഞ്ഞനിറമുള്ള നീണ്ടു രണ്ടായി പിരിഞ്ഞ നാവാണിവയ്ക്കുള്ളത്.

[തിരുത്തുക] ഇന്ദ്രിയ ശേഷികൾ

കൊമോഡോ ഡ്രാഗണുകൾക്ക് സൂക്ഷ്മമായിട്ടുള്ള (പൊതുവെയുള്ളതല്ല) കേഴ്‌വിശക്തി ഇല്ല, 400 ഹെട്സിനും 2000 ഹെട്സിനും ഇടയിൽ ആവൃത്തിയുള്ള ശബ്ദം മാത്രം ശ്രവിക്കാനുള്ള കഴിവേ അവയ്ക്കുള്ളു[13][9]. മുന്നൂറ് മീറ്റർ അകലെയുള്ള കാര്യങ്ങൾ കാണാനുള്ള കഴിവുണ്ടെങ്കിലും റെറ്റിനയിൽ കോൺ കോശങ്ങൾ മാത്രം ഉള്ളതിനാൽ രാത്രികാഴ്ച തുലോം പരിമിതമാണ്. ദൃശ്യപ്രകാശത്തിലെ നിറങ്ങൾ കാണാനുള്ള കഴിവുണ്ടെങ്കിലും നിശ്ചലമായ വസ്തുക്കളെ തിരിച്ചറിയാനുള്ള കഴിവ് കുറവാണ്[14].

വെയിൽ കായുന്ന കൊമോഡോ ഡ്രാഗൺ - ചിത്രീകരിച്ചത് ഡിസ്നിയുടെ അനിമൽ കിങ്ഡം

മറ്റു പല ഉരഗങ്ങളേയും പോലെ ജേക്കബ്സൺസ് അവയവം ഉപയോഗിച്ച്, കൊമോഡോ ഡ്രാഗൺ തന്റെ നാവിന്റെ സഹായത്തോടെ പദാർത്ഥങ്ങളെ രുചിച്ചും മണത്തുമാണ് കാര്യങ്ങൾ മനസ്സിലാക്കുന്നത്. ഈ കഴിവ് ഇരുട്ടിലും ഇവയ്ക്ക് വഴികാട്ടുന്നു[12]. സഞ്ചരിക്കുമ്പോൾ തല ഇരുവശത്തോട്ടും ആട്ടുന്ന സ്വഭാവം കൊണ്ട് അനുകൂലമായ കാറ്റിന്റെ സഹായം ഉണ്ടെങ്കിൽ ജീർണ്ണമാംസത്തെ 4 മുതൽ 9.5 കി.മി. അകലെ നിന്നേ തിരിച്ചറിയാൻ ഇവയ്ക്കു കഴിയും[11][14]. കൊമോഡോ ഡ്രാഗണുകളുടെ നാസാരന്ധ്രങ്ങൾ തൊറാസിക് ഡയഫ്രത്തിന്റെ അഭാവം മൂലം കാര്യമായ ഉപയോഗമില്ലാത്തതാണ്‌.[11][15].

ഏതാനും ചില രുചി മുകുളങ്ങളേ അവയുടെ തൊണ്ടക്കീഴിലുള്ളൂ[12]. ശൽക്കങ്ങൾക്ക്, അവയിൽ ചിലത് എല്ലുമായി ചേർന്ന് ബലപ്പെട്ടതാണ്, സ്പർശനക്ഷമതയുള്ള മൃദുകോശങ്ങളാൽ (plaque) അവയിൽ ചിലത് തലച്ചോറുമായി ബന്ധിക്കപ്പെട്ടിരിക്കുന്നതിനാൽ അവക്ക് സ്പർശനം അറിയാൻ കഴിവുണ്ട്. . ചെവി, ചുണ്ട്, കവിൾ, കാൽ‌പ്പാദം എന്നിവയിൽ മൂന്നോ അതിലധികമോ സ്പർശസംവേദിനികൾ കാണാറുണ്ട്[11]. വന്യാവസ്ഥയിൽ കൊമോഡോ ഡ്രാഗണുകൾ മർമ്മരങ്ങൾക്കും, ഒച്ചകൾക്കും ഒന്നും പ്രതികരിക്കാറില്ലായിരുന്നതു കൊണ്ട് അവ ബധിരരാണെന്നു മുമ്പ് വിശ്വസിച്ചിരുന്നു. എന്നാൽ ലണ്ടനിലെ സെഡ്.എസ്.എൽ. മൃഗശാലയിലെ ജോവൻ പ്രോക്റ്റർ എന്ന ജീവനക്കാരി തന്റെ ശബ്ദം കേൾക്കുമ്പോൾ ഭക്ഷണത്തിനായി വരാൻ ഒരു മൃഗത്തെ പരിശീലിപ്പിച്ചെടുത്തു. അവരെ കണ്ടില്ലെങ്കിൽ പോലും ശബ്ദം കേൾക്കുമ്പോൾ മൃഗം എത്തിയിരുന്നു[16].

[തിരുത്തുക] ആവാസവ്യവസ്ഥ

കൊമോഡോ ഡ്രാഗന്റെ പാദങ്ങളുടേയും വാലിന്റേയും സമീപദൃശ്യം

കൊമോഡോ ഡ്രാഗണുകൾ വരണ്ട ചൂടുള്ള പ്രദേശം ഇഷ്ടപ്പെടുന്നു. പൊതുവേ തുറസായ വരണ്ട പുൽമേടുകളോ സവേനകളോ താഴ്ന്ന സ്ഥലങ്ങളിലെ മധ്യരേഖാ വനങ്ങളോ തിരഞ്ഞെടുക്കുന്നു. ശീതരക്തം ആയതിനാൽ പകലാണ് സജീവമായി പ്രവർത്തിക്കുക. എന്നിരുന്നാലും രാത്രിയിലും പുറത്തിറങ്ങാറുണ്ട്. ഭക്ഷണം കഴിക്കാനും പ്രത്യുത്പാദനത്തിനും മാത്രമേ ഇവ ഒത്തുകൂടാറുള്ളു. മണിക്കൂറിൽ 20 കി.മീ. വേഗത്തിൽ ഓടാൻ കഴിവുള്ള ഇവയ്ക്ക് 4.5 മീറ്റർ ദൂരം ചാടാനും കഴിവുണ്ട്. കാൽനഖങ്ങൾ ഉപയോഗിച്ച് മരം കയറാനും (പ്രത്യേകിച്ച് ചെറുപ്പത്തിൽ) ഇവയ്ക്ക് കഴിയും[10]. വലുതാവും തോറും നഖങ്ങൾ ആയുധങ്ങളായി രൂപം പ്രാപിക്കുകയും അതിന്റെ വലിപ്പക്കൂടുതൽ കൊണ്ട് മരംകയറ്റം പ്രായോഗികമല്ലാതായി തീരുകയും ചെയ്യുന്നു[11]. ഇരപിടിക്കാൻ കൊമോഡോ പിൻ‌കാലുകളിൽ വാലിനെ താങ്ങാക്കി ഉയർന്നു നിൽക്കാറുണ്ട്. താമസിക്കാനായി ബലമുള്ള മുൻ‌കാലുകളും നഖങ്ങളുമുപയോഗിച്ച് 1 മുതൽ മീറ്റർ വരെയുള്ള മാളങ്ങൾ തീർക്കുന്ന ഇവ രാത്രികാലങ്ങളിൽ ശരീര താപനില നിലനിർത്താനായി അതിനുള്ളിൽ കഴിയുന്നു[17].

കൊമോഡോ ഡ്രാഗണുകൾ ഉച്ചതിരിഞ്ഞാണ് വേട്ടയാടാനിറങ്ങുക. ദിവസത്തിലെ ചൂടുകൂടിയ സമയങ്ങളിൽ തണലുകളിലിവ അഭയം പ്രാപിക്കും[18]. ഇത്തരം അഭയസ്ഥാനങ്ങൾ തണുത്ത കടൽക്കാറ്റ് ലഭിക്കുന്ന വിധത്തിലായിരിക്കും, വിസർജ്ജ്യങ്ങളുപയോഗിച്ചും, ചെടികൾ നീക്കം ചെയ്തും അടയാളപ്പെടുത്തിയിരിക്കുകയും ചെയ്യും. മാനുകളേയും മറ്റും ആക്രമിക്കാനുള്ള ഒളിസ്ഥലമായും ഇവ ഉപയോഗിക്കുന്നു[19].

[തിരുത്തുക] ഭക്ഷണം

കൊമോഡോ ഡ്രാഗണുകൾ, റിൻ‌കായിൽ നിന്ന്

കൊമോഡോ ഡ്രാഗണുകൾ മാംസഭുക്കുകളാണ്. പ്രധാനമായും ചീഞ്ഞമാംസമാണവ ഭക്ഷിക്കുക[3] എങ്കിലും ഒളിഞ്ഞിരുന്നാക്രമിച്ച് ഇരപിടിക്കാറുമുണ്ട് . പ്രാപ്യരായ ഇരകൾ അവ പതുങ്ങിയിരിക്കുന്ന ഇടത്തിനു സമീപത്തു വരുമ്പോൾ കൊമോഡോ ഡ്രാഗണുകൾ വളരെ പെട്ടെന്ന് പാഞ്ഞടുത്ത് ഇരയുടെ കഴുത്തിൽ കടിച്ച് കീഴ്പ്പെടുത്തുകയാണു ചെയ്യുക[11]. ചത്തതോ ചത്തുകൊണ്ടിരിക്കുന്നതോ ആയ ജീവികളെ 9.5 കി.മീ. അകലെ നിന്നു തന്നെ ശക്തമായ ഘ്രാണശക്തി ഉപയോഗിച്ച് തിരിച്ചറിയാനിവയ്ക്കു കഴിവുണ്ട്[11]. കൊമൊഡോ ഡ്രാഗണുകൾ അവയുടെ ശക്തിയുള്ള വാലുകൾ ഉപയോഗിച്ച് പനികളേയും മറ്റും അടിച്ചിടാറുമുണ്ട്.

മുൻ‌കാലുകൾ ഉപയോഗിച്ച് ഇരയെ അമർത്തിപ്പിടിച്ചശേഷം വൻ മാംസക്കഷണങ്ങൾ ചീന്തിയെടുത്ത് വിഴുങ്ങുകയാണ് ഭക്ഷണ രീതി. ആടിനോളം ചെറിയ ഇരകളെ ലഘുവായി മാത്രം തലയോടുമായി ഘടിപ്പിച്ചിട്ടുള്ള താടിയെല്ലും വികസിപ്പിക്കാവുന്ന തലയോടും ഉദരവും നൽകുന്ന സൌകര്യമുപയോഗിച്ച് ഒറ്റയടിക്ക് വിഴുങ്ങുകയാണ് ചെയ്യുക. ഇരയുടെ വയറ്റിലുണ്ടാകുന്ന സസ്യഭക്ഷണവും കുടൽ ഭാഗങ്ങളും ഉപേക്ഷിക്കുന്നു[19]. ഇവ ചുവന്ന ഉമിനീര് ധാരാളം ഉത്പാദിപ്പിക്കുന്നുണ്ട് ഇത് ഭക്ഷണം വഴുവഴുപ്പുള്ളതാക്കാൻ സഹായിക്കുമെങ്കിലും അതൊരു നീണ്ട പ്രക്രിയയാണ് (ഒരു ആടിനെ വിഴുങ്ങാൻ 15-20 മിനിട്ടുകൾ എടുക്കും). വിഴുങ്ങുന്നതിന്റെ വേഗത കൂട്ടാനും മരത്തിൽ ശരീരം ശക്തിയായി ഇടിക്കുകയും ചിലപ്പോഴൊക്കെ മരം തന്നെ മറിഞ്ഞ് വീഴാൻ അത് കാരണമാകുകയും ചെയ്യാറുണ്ട്. അത്രയ്ക്ക് ശക്തിയിലാണവയുടെ പ്രഹരം[19]. വിഴുങ്ങുമ്പോൾ ശ്വാസോച്ഛ്വാസം തടസ്സപ്പെടാതിരിക്കാൻ ഈ ഭീമൻ പല്ലികൾ നാക്കിനടിയിലൂടെ ശ്വാസകോശങ്ങളിലേക്ക് നേരിട്ട് ബന്ധപ്പെടുന്ന ചെറിയൊരു കുഴലുപയോഗിക്കുന്നു[11]. ശരീരഭാരത്തിന്റെ 80 ശതമാനത്തോളം ഭക്ഷണം ഒരിക്കൽ കഴിച്ചാൽ[5] ദഹനം വേഗത്തിലാകാൻ വെയിലേൽക്കാൻ പാകത്തിൽ എവിടെയെങ്കിലും വിശ്രമിക്കുന്നു. മെല്ലെയുള്ള പോഷണ സ്വാംശീകരണം മൂലം ഇവയ്ക്ക് വർഷത്തിൽ വെറും 12 പ്രാവശ്യം ഭക്ഷണം കഴിച്ചാൽ മതിയാവും[11]. ദഹനത്തിനു ശേഷം കൊമോഡോ ഡ്രാഗണുകൾ കൊമ്പ്, രോമങ്ങൾ, പല്ലുകൾ തുടങ്ങിയവ ദുർഗന്ധം വമിക്കുന്ന മ്യൂക്കസിൽ പൊതിഞ്ഞ കട്ടകളായി ഛർദ്ദിക്കുന്നു. മുഖത്തും മറ്റും പുരളുന്ന മ്യൂക്കസ് ഒഴിവാക്കാൻ ഇവ മണ്ണിലും കുറ്റിച്ചെടികളിലും മുഖമിട്ടുരക്കാറുണ്ട്. മനുഷ്യനെ പോലെ സ്വന്തം വിസർജ്ജ്യങ്ങളുടെ ഗന്ധം ഇവയ്ക്കും ഇഷ്ടമല്ലെന്നാണ് പറയപ്പെടുന്നത്[11].

നീർക്കുതിരയുടെ ശവശരീരം ഭക്ഷിക്കുന്ന കുട്ടിക്കൊമോഡോ ഡ്രാഗൺ, റിൻ‌കോയിൽ നിന്നുമുള്ള ചിത്രം

കൂട്ടത്തിൽ വലിപ്പം കൂടിയവ ആദ്യമാദ്യം ഭക്ഷണം കഴിക്കും. ഭക്ഷണം കഴിക്കുന്ന ഊഴത്തിൽ ചെറിയവ പിന്തുടർച്ചാവകാശം കാണിക്കാറുണ്ട്. വലിയ മൃഗം തന്റെ ആധിപത്യം കാട്ടുമ്പോൾ ചെറിയവ ശരീരഭാഷകൊണ്ടും ശീൽക്കാരം കൊണ്ടും വിധേയത്വം പ്രകടമാക്കും. ഒരേ വലിപ്പമുള്ളവ തമ്മിൽ മൽപ്പിടുത്തമുണ്ടായെന്നുവരാം. തോൽക്കുന്നവർ സാധാരണ ഓടി രക്ഷപെടുന്നു, വിജയികൾ പരാജിതരെ കൊന്നു തിന്നുകയും ചെയ്യാറുണ്ട്[11]

കൊമോഡോ ഡ്രാഗണുകളുടെ ഭക്ഷണത്തിൽ നട്ടെല്ലില്ലാത്ത ജീവികള് മറ്റുരഗങ്ങൾ (ചെറിയ കൊമോഡോ ഡ്രാഗണുകളടക്കം), പക്ഷികൾ, പക്ഷിമുട്ടകൾ, കുരങ്ങുകൾ, കാട്ടുപന്നികൾ, ആടുകൾ, മാനുകൾ, കുതിരകൾ, നീർക്കുതിരകൾ മുതലായവ ഉൾപ്പെടുന്നു. ചെറിയ കൊമോഡോകൾ ഷഡ്പദങ്ങളേയും, മുട്ടകളേയും, ചെറു‌ഉരഗങ്ങളേയും ചെറു സസ്തനികളേയും മറ്റും തിന്നു വിശപ്പടക്കുന്നു[3]. ഇടയ്ക്കിടെ മനുഷ്യരേയും, ശവക്കുഴികളിൽ നിന്നും തോണ്ടിയെടുത്ത് മനുഷ്യശരീരങ്ങളും തിന്നതായും അറിയപ്പെടുന്നു[16]. ഇത് മൂലം അവിടുത്തെ ഗ്രാമീണർ ശവക്കുഴികൾ കളിമണ്ണും പാറയുമുപയോഗിച്ച് ബലപ്പെടുത്താറുണ്ട്[19]. പരിണാമജീവശാസ്ത്രജ്ഞനായ ജാഡ് ഡയമണ്ടിന്റെ അഭിപ്രായത്തിൽ വംശനാശം വന്നു പോയതും പ്രദേശത്ത് ഒരിക്കൽ ജീവിച്ചിരുന്നതുമായ കുള്ളൻ ആനകളായ സ്റ്റെഗോഡനേയും ഇവ ഭക്ഷിച്ചിരുന്നു[20]. ഗർഭിണിയായ ഒരു മാനിനെ ബോധപൂർവ്വം ഞെട്ടിക്കാൻ ശ്രമിക്കുന്ന കൊമോഡോ ഡ്രാഗണേയും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. തത്ഫലമായി ഗർഭം അലസുകയാണെങ്കിൽ അത് ഭക്ഷിക്കാമെന്നുള്ള ആഫ്രിക്കയിലെ വന്യമൃഗങ്ങളുടെ സാധാരണ തന്ത്രമായിരുന്നു അത്[20].

നെഞ്ചിനടിയിലെ ശ്വാസ പാളി (tThorasic Diaphragm) ഇല്ലാത്തതിനാൽ ഇവയ്ക്ക് ജലം വലിച്ചുകുടിക്കാ സാധിക്കില്ല കഴിവില്ല. നാക്ക് താഴ്തി വെള്ളം പിടിക്കാനും ഇവക്ക് പറ്റില്ല. പകരം വായ നിറയെ വെള്ളമെടുത്ത് തലയുയർത്തുമ്പോൾ ജലം തൊണ്ടയ്ക്കുള്ളിലൂടെ സ്വയം ഒഴുകിയകത്തെത്തുകയാണ് ചെയ്യുന്നത്[11].

[തിരുത്തുക] വിഷവും ബാക്റ്റീരിയയും

ഉറങ്ങുന്ന ഒരു ദ്വീപ് രാക്ഷസൻ .

2005-നൊടുവിൽ മെൽബോൺ സർവ്വകലാശാലയിൽ നടന്ന പഠനത്തിൽ മറ്റൊരു ഭീമൻ പല്ലിയായ പെരെന്റൈയും (Varanus giganteus), വേറെ ചില ഭീമൻ പല്ലികളും കുറച്ചൊക്കെ വിഷമുള്ളതാവുമെന്നു കണ്ടെത്തി. ഇവയുടെ ഉമിനീരിലുള്ള കീടാണുക്കളുടെഫലമായാണ് വിഷബാധയേൽക്കുന്നതെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാൽ കടിയേറ്റയുടനേയുണ്ടാകുന്ന ചെറു വിഷബാധ ജീവികളുടെ കഴിവാണെന്നു ഗവേഷകർ കണ്ടെത്തി. ലേസ് മോണിറ്റർ (V. varius), കൊമോഡോ ഡ്രാഗൺ, ട്രീ മോണിറ്റർ (V. scalaris) തുടങ്ങിയവ ഭീമൻ പല്ലികളെക്കൊണ്ട് മനുഷ്യരുടെ വിരലുകളിൽ കടിപ്പിക്കുകയും അവരെ നിരീക്ഷിക്കുകയുമാണ്‌ ചെയ്തത്. ഒരേ ലക്ഷണങ്ങളാണു ശാസ്ത്രജ്ഞന്മാർ കണ്ടത്: മിനിറ്റുകൾക്കകം നീരു ബാധിക്കുകയും, കടിയേറ്റ ഭാഗത്ത് ചോര കട്ടപിടിക്കാതിരിക്കുകയും, മടക്കുകളിലെല്ലാം കടുത്ത വേദന ഉണ്ടാവുകയും ചെയ്തു. ചിലപ്പോൾ ഈ ലക്ഷണങ്ങൾ മണിക്കൂറുകൾ നീണ്ടു നിൽക്കുകയും ചെയ്തു[21].

കൊമോഡോ ഡ്രാഗണുകളുടെ ഉമിനീരിൽ വളരെവേഗത്തിൽ പെരുകുന്ന ബാക്റ്റീരിയകൾ ഉണ്ട് അതിൽ 28 എണ്ണത്തിൽ കൂടുതൽ ഗ്രാം നെഗറ്റീവും 29 എണ്ണം ഗ്രാം പോസിറ്റീവുമാണ്‌[22]. ഈ ബാക്റ്റീരിയ രക്തവിഷബാധയുണ്ടാക്കുന്നു. ആദ്യത്തെ കടി ഇരയെ കൊല്ലുന്നില്ലെങ്കിൽ തന്നെ ഒരാഴ്ചക്കുള്ളിൽ തന്നെ ഇര വിഷബാധയുടെ ഫലത്താൽ ചാകുന്നു. എലികളെ ഉപയോഗിച്ചു നടത്തിയ പഠനങ്ങളിൽ നിന്നും, കൊമോഡോ ഡ്രാഗണുകൾ വഹിക്കുന്ന ബാക്റ്റീരിയ പാസ്റ്ററേല മൾട്ടോസിഡ (Pasteurella multocida) ആണെന്നു കരുതുന്നു[23]. ഈ രോഗാണുക്കളിൽ നിന്നെല്ലാം കോമോഡോ ഡ്രാഗണുകൾക്ക് പ്രതിരോധശേഷി ലഭിക്കുന്നതിനെപറ്റി ഏറെ ശാസ്ത്രജ്ഞർ ഗവേഷണം നടത്തുന്നുണ്ട്[24]. ഗവേഷണങ്ങൾ മനുഷ്യനിലും പ്രതിരോധം തീർക്കാനായേക്കുന്ന തന്മാത്രയെ വേർതിരിച്ചെടുക്കാനുംകൂടിയാണ്‌>

[തിരുത്തുക] പ്രത്യുത്പാദനം

മേയ് ഓഗസ്റ്റ് മാസങ്ങളിലാണ് ഇണ ചേരൽ നടക്കുന്നത്, സെപ്റ്റംബറിൽ മുട്ടകളിടുന്നു[24]. ആൺ ജീവികൾ പെൺജീവികളുടെ പരിധിക്കുള്ളിൽ ആക്രമിച്ചു കയറിയാണ് ഇണചേരൽ സാധ്യമാക്കുന്നത്. പിൻ‌കാലുകളിൽ ഉയർന്നു നിന്ന് കൈയ്ക്കു കൈ യുദ്ധമാണ് നടത്താറ്, പരാജിതയെ നിലവുമായി ബന്ധിച്ചിടുന്നു. ഈ യുദ്ധത്തിനു മുമ്പ് ആൺജീവികൾ ഛർദ്ദിക്കുകയും വിസർജ്ജിക്കുകയും ചെയ്യാറുണ്ട്[16]. ഇണയുടെ യോഗ്യതയെക്കുറിച്ചറിയാൻ പിന്നീട് തന്റെ നീണ്ട നാക്കുപയോഗിച്ച് ആണ് പെണ്ണിനെ പരിശോധിക്കുന്നു[5]. പെൺജീവികൾ പല്ലും നഖവുമുപയോഗിച്ച് എതിർക്കാറുണ്ട്, എന്നാൽ ആൺജീവി മുറിവുകളൊന്നും പറ്റാതിരിക്കാൻ ശ്രദ്ധാലുവായിരിക്കും, മുഖമുരസിയും പുറം ചൊറിഞ്ഞും നക്കിയും സ്നേഹം പ്രകടിപ്പിക്കാറുമുണ്ട്[25] . ഉരഗങ്ങളിൽ അപൂർവ്വങ്ങളായ ഏകപത്നി-ഏകപതി സ്വഭാവവും ഇവയിൽ കണ്ടുവരുന്നു[16].

In this image, the long tail and claws are fully visible.

കുന്നിൻ ചെരുവുകളിലും ഭിത്തികളിലും ഓറഞ്ച് പാദ സ്ക്രബ്ഫൌൾ (Orange-footed Scrubfowl അഥവാ Moundbuilder അഥവാ Megapode) എന്ന പക്ഷി നിർമ്മിച്ചുപയോഗിച്ചുപേക്ഷിച്ചു പോകുന്ന കൂട്ടിലാണ് പെൺ കൊമോഡോ ഡ്രാഗണുകൾ മുട്ടയിടാറുള്ളത്[26]. വിരിയാനായി ഏഴെട്ടുമാസമെടുക്കുന്ന ഇരുപതോളം മുട്ടകളാണ് കൂട്ടിലുണ്ടാവുക[16]. ഏപ്രിൽ മാസത്തിൽ മഴക്കാലത്തിനൊടുവിൽ ധാരാളം ഷഡ്പദങ്ങളുള്ളപ്പോൾ വിരിയാൻ പാകത്തിനാവും അവയുണ്ടാവുക. വിരിയുക എന്നത് കൊച്ച് കൊമോഡോകൾക്ക് ശ്രമകരമായ പണിയാണ്. തങ്ങളുടെ മുട്ടപ്പല്ല് (Egg tooth) ഉപയോഗിച്ച് മുട്ടത്തോട് പൊട്ടിക്കുന്ന ഇവ പിന്നെ മണിക്കൂറുകളോളം അതിനുള്ളിൽ തന്നെ വിശ്രമിക്കുന്നു. പിന്നീട് കുഴിയിൽ നിന്നും പുറത്തു കടക്കേണ്ടതുണ്ട്. ജനിച്ചുവീഴുമ്പോൾ യാതൊരു പ്രതിരോധ ശക്തിയുമില്ലാത്ത ഇവയെ മറ്റിരപിടിയന്മാർ ധാരാളമായി തിന്നുന്നു[11].

കൊച്ചു കൊമോഡോ ഡ്രാഗണുകൾ ജീവിതത്തിൽ ആദ്യ കുറച്ചു വർഷങ്ങൾ താരതമ്യേന സുരക്ഷിതമായ അഭയസ്ഥാനങ്ങളായ മരങ്ങളിൽ താമസമാക്കുന്നു. അവിടെ അവ പ്രായപൂർത്തിയായ കൊമോഡോ ഡ്രാഗണുകളടക്കമുള്ള മറ്റ് ഇരപിടിയന്മാരിൽ നിന്നും സുരക്ഷിതരായിരിക്കും. കൊമോഡോ ഡ്രാഗണുകളുടെ ഭക്ഷണത്തിന്റെ 10% സ്വന്തം കുഞ്ഞുങ്ങൾ തന്നെയാണ്. ഇടത്തരം ഇരകൾ ദ്വീപുകളിൽ കുറവായതുകൊണ്ടാണ് കൊമോഡോകൾ സ്വവംശഭോജികളായത് എന്നാണ് ഡേവിഡ് ആറ്റൻബറോയുടെ അഭിപ്രായം[27]. മുതിർന്ന കൊമോഡോ സമീപിക്കുമ്പോൾ വിസർജ്ജ്യത്തിൽ കിടന്നുരുണ്ടും മറ്റും അവയെ പിന്തിരിപ്പിക്കാൻ ചെറിയവ ശ്രമിക്കാറുണ്ട്[16]. കൊമോഡോ ഡ്രാഗണുകൾ മൂന്നുമുതൽ അഞ്ച് വർഷം വരെയെടുത്താണ് പൂർണ്ണവളർച്ചയെത്തുക, പിന്നീട് 50 കൊല്ലം വരെ ജീവിച്ചിരിക്കാറുമുണ്ട്[28].

[തിരുത്തുക] ബീജരഹിത പ്രത്യുത്പാദനം

ലണ്ടൻ മൃഗശാലയിൽ സുൻ‌ഗായി എന്ന പേരിൽ അറിയപ്പെട്ട കൊമോഡോ ഡ്രാഗൺ 2005 ഒടുവിൽ ആൺകൊമോഡോയിൽ നിന്നകന്ന് രണ്ട് വർഷത്തിനു ശേഷം മുട്ടകളിട്ടു. ആൺപ്രജയുമായുള്ള മുൻസംയോജനത്തിലെ ബീജങ്ങൾ അവൾ സൂക്ഷിച്ച് വച്ച് ഉപയോഗിച്ചതാവാമായിരിക്കും(superfecundation) എന്നാണ് ശാസ്ത്രജ്ഞർ ആദ്യം കരുതിയത്[29]. എന്നാൽ 2006 ഡിസംബർ 20-ന്‌ ഇംഗ്ലണ്ടിലെ തന്നെ ചെസ്റ്റർ മൃഗശാലയിലെ ഫ്ലോറ എന്ന കൊമോഡോ ഡ്രാഗണും ഇങ്ങനെ 11 മുട്ടകളിട്ടു; അതിൽ 7 എണ്ണം വിരിയുകയും ചെയ്തു, എല്ലാം ആൺജീവികളായിരിക്കുകയും ചെയ്തു[30]. വടക്കൻ ഇംഗ്ലണ്ടിലെ ലിവർപൂൾ സർവ്വകലാശാലയിലെ ശാസ്ത്രജ്ഞർ അടവെയ്ക്കാനായി മാറ്റിയപ്പോൾ ഉടഞ്ഞുപോയ മൂന്നു മുട്ടകളിൽ നടത്തിയ പഠനങ്ങൾ ഫ്ലോറയ്ക്ക് പുരുഷസാമീപ്യം ലഭിച്ചിട്ടില്ലെന്നു മനസ്സിലായി. അതിനു ശേഷം സുൻ‌ഗായിയുടെ മുട്ടകളിൽ നടന്ന പഠനവും അവയിൽ ബീജസംയോജനം നടന്നിട്ടില്ലെന്നു വെളിവാക്കി.[31]

ഇംഗ്ലണ്ടിലെ ചെസ്റ്റർ മൃഗശാലയിൽ ജനിച്ച ബീജസംയോജന ഫലമല്ലാതെയുണ്ടായ കുട്ടി

കൊമോഡോ ഡ്രാഗണുകൾക്ക് സസ്തനികളിലെ എക്സ്.വൈ. ലിംഗ നിർണ്ണയ രീതി അല്ല, മറിച്ച് സെഡ്.ഡബ്ല്യു. ലിംഗ നിർണ്ണയ രീതി ആണുള്ളത്. അതുകൊണ്ട് മാതാവിന് പുത്രന്മാരെ സൃഷ്ടിക്കാൻ കഴിയും, ഉദാഹരണമായി ഫ്ലോറയുടെ മുട്ടകളിലെല്ലാം ഒരേ തരത്തിലുള്ള ക്രോമസോം ആയിരുന്നു ഉണ്ടായിരുന്നത് അത് പിന്നീടാണ് ഇരട്ട ക്രോമസോം ഉള്ളതായി തീർന്നത്. ഒരു പെൺ കൊമോഡോ ഡ്രാഗണ് (സെഡ്.ഡബ്ല്യു ക്രോമസോമാണ് പെണ്ണിനുള്ളത്) ഒരൊറ്റ ക്രോമസോം ഉപയോഗിച്ച് പ്രത്യുത്പാദനം സാധ്യമാകും. ഈ ഒരൊറ്റ ഗണം ക്രോമസോം മുട്ടക്കുള്ളിൽ വച്ച് രണ്ടാകുന്നു. സെഡ് ക്രോമസോം ലഭിക്കുന്നവ സെഡ്.സെഡ്. ആകുന്നു (പുത്രൻ). ഡബ്ല്യു ലഭിച്ച ഡബ്ല്യു.ഡബ്ല്യു. ആകുന്നവ നശിച്ചും പോകുന്നു[32][33].


ഈ പ്രതിഭാ‍സം പഠിച്ച ശാസ്ത്രജ്ഞർ എത്തിയ നിഗമനം ഒരു പെൺ കൊമോഡോ ഡ്രാഗൺ എവിടെയെങ്കിലും നല്ലൊരു ആവാസവ്യവസ്ഥയിൽ ഒറ്റപ്പെട്ടുപോയാൽ (ഒരു ദ്വീപിലോ മറ്റോ) ഇത്തരത്തിൽ വംശം നിലനിർത്തുന്നതിനാണ് എന്നാണ് (ഒരിക്കൽ പുത്രന്മാരുണ്ടായാൽ പിന്നെ ലൈംഗിക പ്രത്യുത്പാദനം തുടരാവുന്നതാണ്)[32]. ഇങ്ങനെയുള്ള ഗുണങ്ങളുണ്ടെങ്കിലും ജനിതക വൈവിധ്യം നഷ്ടമാകാനിടയുള്ളതിനാൽ മൃഗശാലകൾ ഇതു സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കുന്നുണ്ട്[34].

2008 ജനുവരി 31-നു അമേരിക്കയിലെ കാൻസാസിലുള്ള സെഡ്വിഗ് മൃഗശാലയിലും ബീജരഹിത പ്രത്യുത്പാദനം നടന്നു. മൃഗശാലയിലുണ്ടായിരുന്ന രണ്ട് പെൺ കോമഡോ ഡ്രാഗണുകളിലൊന്ന് 2007 മേയ് 19 - 20 തീയതികളിലായി 17 മുട്ടകളിട്ടു. സ്ഥലപരിമിതിമൂലം രണ്ട് മുട്ടകൾ മാത്രമേ മൃഗശാലയിൽ അടവച്ചുള്ളു. 2008 ജനുവരി 31-നു ആദ്യമുട്ടയും ഫെബ്രുവരി 1-നു രണ്ടാമത്തെ മുട്ടയും വിരിഞ്ഞു. രണ്ടും ആൺകുഞ്ഞുങ്ങളായിരുന്നു[35][36].

[തിരുത്തുക] ചരിത്രം

[തിരുത്തുക] പാശ്ചാത്യലോകത്തിനുള്ള അറിവ്

ഇന്തോനേഷ്യയിലെ കൊമോഡോ ഡ്രാഗൺ നാണയം

ഡച്ച് കോളനി ഭരണത്തിലെ ലെഫ്റ്റനന്റ് വാൻ സ്റ്റെയ്ൻ വാൻ ഹെൻസ്ബ്രോക്കിനെ (van Steyn van Hensbroek) ‘കര മുതലകൾ‘ സമീപിച്ചു എന്ന കേട്ടുകേൾവിയെ തുടർന്ന് 1910 -ൽ ആണ് യൂറോപ്യന്മാർ ആദ്യമായി കൊമോഡോ ഡ്രാഗണെക്കുറിച്ച് രേഖപ്പെടുത്തിയത്[37]. 1912-ൽ ജാവാ ദ്വീപിലെ ജന്തുശാസ്ത്രമ്യൂസിയം ഡിറക്റ്ററായ പീറ്റർ ഓവൻസ് ഈ വിഷയത്തെക്കുറിച്ച് ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചതിനു ശേഷമാണ്‌ ഈ ജീവികൾക്ക് വൻ പ്രസിദ്ധി കൈവന്നത്.‌ ഒരു ലെഫ്റ്റനെന്റിന്റെ കൈയ്യിൽ നിന്നും ഒരു നിശ്ചലചിത്രവും ജീവിയുടെ തുകലും, മറ്റൊരു ശേഖരണകുതുകിയുടെ കൈയിൽ നിന്നും അതേ സമയത്തു തന്നെ രണ്ട് മാതൃകകളും ഓവൻസിനു ലഭിച്ചതിനെത്തുടർന്നാണ്‌ അദ്ദേഹം ഈ പ്രബന്ധം പ്രസിദ്ധീകരിച്ചത്[9][16]. 1926-ൽ അമേരിക്കൻ മ്യൂസിയം ഓഫ് നാച്വറൽ ഹിസ്റ്ററിയിലെ ഒരു ട്രസ്റ്റിയായ വില്ല്യം ഡഗ്ലസ് ബർഡൻ കൊമോഡോ ദ്വീപിലേക്കു നടത്തിയ സാഹസിക യാത്രയ്ക്കൊടുവിൽ രണ്ടു ജീവനുള്ള ഡ്രാഗണുകളേയും 12 സ്റ്റഫ് ചെയ്ത മാതൃകകളും അമേരിക്കയിലെത്തിച്ചു. 1933-ൽ പുറത്തിറങ്ങിയ കിങ് കോങ് എന്ന ചലച്ചിത്രത്തിനു പ്രേരകമായും ഈ യാത്ര ഭവിച്ചു[38]. ബർഡനാണ് ജീവിയ്ക്ക് കൊമോഡോ ഡ്രാഗണെന്നു പേരു നൽകിയത്[18] ഡഗ്ലസ് ബർഡൻ കൊണ്ടുവന്ന മൂന്നു മാതൃകകൾ അമേരിക്കൻ നാചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ ഇന്നുമുണ്ട്[39].

[തിരുത്തുക] പഠനങ്ങൾ

ജീവികളുടെ എണ്ണത്തിലുണ്ടായ ക്രമാതീതമായ കുറവിനെത്തുടർന്ന് കൊമോഡോ ദ്വീപുകൾ നിയന്ത്രിച്ചിരുന്ന ഡച്ചുകാർ വിനോദത്തിനായുള്ള നായാട്ടും, പഠനത്തിനായി ജീവികളെ കൊണ്ടുപോകുന്നതും നിരോധിച്ചു. രണ്ടാം ലോകമഹായുദ്ധത്തോടെ ഡ്രാഗണുകൾക്കായുള്ള പടിഞ്ഞാറൻ സാഹസികരുടെ യാത്രകൾ വളരെ കുറഞ്ഞു. 1950-1960-കളിലാണ്‌ ഇവയുടെ ഭക്ഷണക്രമം, പ്രത്യുല്പാദനം, ശരീരതാപനില എന്നിവയെക്കുറിച്ചുള്ള പഠനങ്ങൾ പുനരാരംഭിച്ചത്. 1969-ൽ അമേരിക്കയിലെ ഫ്ലോറിഡ നാച്ച്വറൽ ഹിസ്റ്ററി മ്യൂസിയത്തിന്റെ അദ്ധ്യക്ഷനായിരുന്ന വാൾട്ടർ ഓഫൻബർഗും കുടുംബവും പതിനൊന്നു മാസക്കാലം കൊമോഡോ ദ്വീപിൽ താമസിച്ച് ഡ്രാഗണുകളെക്കുറിച്ചുള്ള ഒരു വിശദമായ പഠനം നടത്തി. 1969-ൽ വാൾട്ടർ ഓഫൻബർഗും സഹായി പുത്ര ശസ്ത്രവാനും ചേർന്ന് അമ്പതിലധികം കൊമോഡോ ഡ്രാഗണുകളെ അടയാളപ്പെടുത്തി വിട്ടിരുന്നു[24]. ഈ പഠനം ഇവയെ പിടികൂടി വളർത്താൻ കാരണമായി[2]. ഏറെ വിവരങ്ങൾ വെളിപ്പെട്ട ആ പഠനത്തിനു ശേഷം, ക്ലൌഡിയോ സിയോഫിയെ പോലുള്ള ജന്തു ശാസ്ത്രജ്ഞർ പഠനം തുടരുന്നുണ്ട്[40].

[തിരുത്തുക] സംരക്ഷണം

Komodo dragons video.wmv.OGG
കൊമോഡോ ദ്വീപിൽ.

കൊമോഡോ ഡ്രാഗൺ വംശനാശത്തിന്റെ വക്കിൽ നിൽക്കുന്ന ജീവിയാണെന്ന് ഐ.യു.സി.എൻ കണ്ടെത്തി ചുവന്ന പട്ടികയിൽ ചേർത്തു[41]. 4,000 മുതൽ 5,000 വരെ കൊമോഡോ ഡ്രാഗണുകൾ വന്യാവസ്ഥയിൽ ഇന്നുണ്ട്. ജനസംഖ്യാവിതരണം ഇപ്രകാരമാണ്: ഗിലി മോതങ് -100, ഗിലി ദസമി -100, റിൻ‌ക-1300, ഫ്ലോർസ്- 2000[2]. പ്രത്യുത്പാദനം നടത്തുന്ന 300 പെൺ ഡ്രാഗണുകളുണ്ടെന്ന് തീർച്ചയാണ്[8]. സംരക്ഷണത്തിനായി മാത്രം 1980-ൽ കൊമോഡോ, റിൻ‌ക, പദർ ദ്വീപുകളിലായി കൊമോഡോ ദേശീയോദ്യാനം സ്ഥാപിതമായി[42]. പിന്നീട് വേ വൂൾ, വോളോ താഡോ എന്നിങ്ങനെ രണ്ട് സംരക്ഷണ പ്രദേശങ്ങൾ ഫ്ലോറയിലായി ഇതിനു തുറന്നു[40]. കൊമോഡോ ഡ്രാഗണുകൾ മനുഷ്യരോട് ഇണങ്ങിയതിനാൽ കൊമോഡോ ഡ്രാഗണുകൾക്ക് ഭക്ഷണം നൽകാനായി നിരവധി കേന്ദ്രങ്ങൾ അവിടുണ്ട്[3].

അഗ്നിപർവ്വത പ്രവർത്തനങ്ങൾ, ഭൂകമ്പം, ആവാസവ്യവസ്ഥയുടെ നാശം, തീ (പദറിലെ ജീവികളെ അവിടുണ്ടായ കാട്ടുതീയ്ക്കു ശേഷം അത്ഭുതകരമായി കാണാതായി)[40][11] ഇരകളിലുണ്ടായ കുറവ്, വിനോദസഞ്ചാരം, വേട്ട മുതലായവയെല്ലാം ഇവ നാശോന്മുഖമാകാൻ കാരണമായി. സൈറ്റ്സിന്റെ (CITES -the Convention on International Trade in Endangered Species) ഒന്നാം അനുബന്ധം അനുസരിച്ച് തോലിന്റേയും സ്പെസിമനുകളുടേയും വ്യാപാരം നിയമവിരുദ്ധമാണ്[15][43].

ഓസ്റ്റ്രേലിയൻ ജീവശാസ്ത്രജ്ഞനായ ടിം ഫ്ലാനെറി കൊമോഡോ ഡ്രാഗണുകൾക്കായി ഓസ്റ്റ്രേലിയൻ ജൈവവ്യവസ്ഥ, അതായത് മെഗാലാനിയ എന്ന വംശനാശം വന്ന ഓസ്റ്റ്രേലിയൻ ഭീമൻ പല്ലികൾ ഒഴിച്ചിട്ട പ്രദേശം തുറന്നു കൊടുക്കാവുന്നതാണെന്ന് നിർദ്ദേശിച്ചു. കൊമോഡോ ഡ്രാഗണുകൾക്ക് പുതിയ വാസപ്രദേശത്ത് താമസിക്കുമ്പോഴുണ്ടാകാവുന്ന പ്രശ്നങ്ങളേക്കുറിച്ചും മനുഷ്യർക്കുണ്ടാകാവുന്ന പ്രശ്നങ്ങളെക്കുറിച്ചും പഠിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഉപ്പുവെള്ള മുതലകളുമായി പ്രദേശവാസികൾ കൈക്കൊണ്ടു വരുന്ന വിജയകരമായ സഹവാസത്തെക്കുറിച്ചും അദ്ദേഹം ഉദാഹരിച്ചു[44].

ആക്രമണങ്ങൾ വളരെ വിരളമാണെങ്കിലും കൊമോഡോ ഡ്രാഗണുകൾ മനുഷ്യനെ കൊന്നിട്ടുണ്ട്. 2007 ജൂൺ 4-നു എട്ടുവയസ്സുള്ള ഒരാൺകുട്ടിയെ കൊമോഡോ ദ്വീപിൽ വച്ച് ആക്രമിക്കുകയും മുറിവുകളിലൂടെ രക്തം വാർന്ന് കുട്ടി മരിക്കുകയും ചെയ്തിട്ടുണ്ട്. 33 വർഷത്തിനിടെയുണ്ടായ മരണകാരണമായ ആക്രമണമായിരുന്നു അത്[45].

[തിരുത്തുക] മനുഷ്യബന്ധനത്തിൽ

അമേരിക്കയിലെ സ്മിത്ത്സോണിയൻ ദേശീയ ജൈവോദ്യാനത്തിൽ. കാണാവുന്ന ചെവിയുണ്ടെങ്കിലും കേഴ്വിശക്തി പരിമിതമാണ്

കൊമോഡോ ഡ്രാഗണുകൾക്ക് മൃഗശാലയിലേക്ക് ആൾക്കാരെ ആകർഷിക്കാനുള്ള കഴിവുണ്ട്, അവയുടെ ഭീമാകാരം കാണാൻ ആൾക്കാർ എത്താറുമുണ്ട്. പക്ഷേ അപൂർവ്വം മൃഗശാലകളിലേ ഇവയുള്ളു കാരണം വനത്തിൽ നിന്നു പിടിക്കുന്ന മൃഗങ്ങൾ പല പരാദരോഗങ്ങളെയും അണുബാധകളേയും അതിജീവിക്കാൻ പ്രാപ്തമായിരിക്കില്ല. പ്രത്യുത്പാദനം വേഗത്തിൽ നടക്കാറുമില്ല[8].

അമേരിക്കൻ ഐക്യനാടുകളിലെ സ്മിത്‌സോണിയൻ മൃഗശാലയിൽ 1934-ൽ ആദ്യ കൊമോഡോ ഡ്രാഗണെ കൊണ്ടുവന്നെങ്കിലും അത് രണ്ട് കൊല്ലം മാത്രമേ ജീവിച്ചിരുന്നുള്ളു. കൂടുതൽ ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും പിടിയിലെ ജീവിതം ശരാശരി അഞ്ചുകൊല്ലമേ നീണ്ടുനിന്നിരുന്നുള്ളു. വാൾട്ടർ ഓഫൻബർഗ് നടത്തി ‘ദ് ബിഹേവിയറൽ ഇകോളജി ഓഫ് തെ കൊമോഡോ മോണിറ്റർ‘ (The Behavioral Ecology of the Komodo Monitor“) എന്ന പേരിൽ പ്രസിദ്ധീകരിച്ച പഠനങ്ങൾ കൂടുതൽ വിജയകരമായി എങ്ങനെ ഇവയെ നാട്ടിൽ വളർത്താമെന്നു കണ്ടെത്തിത്തന്നു[2].

മനുഷ്യബന്ധനത്തിൽ വളരുന്ന പല കൊമോഡോ ഡ്രാഗണുകളും കുറഞ്ഞകാലയളവിൽ തന്നെ താരതമ്യേന ഇണങ്ങുന്നതായി കണ്ടുവരുന്നു. പലസൂക്ഷിപ്പുകാരും ഈ ജീവികളെ കുട്ടികളടക്കമുള്ള മൃഗശാലാസന്ദർശകരുടെ അടുത്ത് അപായമൊന്നും സംഭവിക്കാതെ കൊണ്ടുവരാറുണ്ട്[46][47]. ഈ ജീവികൾക്ക് വ്യത്യസ്ത വ്യക്തികളെ തിരിച്ചറിയാനുള്ള കഴിവുമുണ്ടെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ഡള്ളാസ് മൃഗശാലയിലെ റസ്റ്റൺ ഹാർട്ടൺ പറയുന്നതനുസരിച്ച് കൊമോഡോ ഡ്രാഗണുകൾ സ്ഥിരം സൂക്ഷിപ്പുകാരനോടും ഇടക്കിടെ വരുന്നയാളോടും ഒട്ടും പരിചയമില്ലാത്തയാളോടും ഇടപഴകുന്നത് വ്യത്യസ്തമായിട്ടായിരിക്കുമെന്നാണ്[48].

നാട്ടിൽ വളരുന്ന കൊമോഡോ ഡ്രാഗണുകളിൽ നടത്തിയ പഠനങ്ങൾ ഇവ കളികളിൽ ഏർപ്പെടുന്നുണ്ടെന്നു വെളിവാക്കി. ഒരു പഠനത്തിൽ ഒരു മൃഗം തന്റെ സൂക്ഷിപ്പുകാരൻ ഉപേക്ഷിച്ചു പോയ കൈക്കോട്ട് തള്ളിക്കൊണ്ട് നടക്കുന്നതായാണ് കണ്ടത്, പ്രത്യേകിച്ചും അവ പാറപ്രദേശത്ത് ഒച്ച കേൾപ്പിച്ചു തള്ളിയിരുന്നു. അമേരിക്കയിലെ വാഷിങ്ടൺ ഡി.സി.യിലെ ദേശീയോദ്യാനത്തിൽ വളർന്ന ഒരു കൊമോഡോ പെൺകുട്ടി പ്രതിമകളും, പാട്ടക്കുപ്പികളും, പ്ലാസ്റ്റിക് വളയങ്ങളും മറ്റും വലിച്ചുകൊണ്ടു നടക്കുന്നതിലും ഇളക്കുന്നതിലും ആനന്ദം കണ്ടെത്തി. പെട്ടികളിലും ഷൂവുകളിലും തലയിടാനും ഈ ജീവി ശ്രമിച്ചിരുന്നു. എലിയുടെ ചോരയാൽ നനച്ചിരുന്നാൽ മാത്രമേ അവൾ അതെല്ലാം വിഴുങ്ങാൻ ശ്രമിച്ചിരുന്നുള്ളു എന്നതിനാൽ അത് ഭക്ഷണമല്ലെന്നു തെറ്റിദ്ധരിച്ചല്ലെന്നുറപ്പാണ്. ഇത്തരം കളികൾ സസ്തനികൾക്കിടയിലെ കളികളുമായി പെട്ടെന്നു താരതമ്യം ചെയ്തു പോവും[5].

കാനഡയിലെ ടൊറന്റോ മൃഗശാലയിൽ. കൃത്യമായി ഭക്ഷണം ലഭിക്കുന്നതിനാൽ മനുഷ്യൻ വളർത്തുന്നവ, പ്രത്യേകിച്ച് വാൽഭാഗത്ത് കൂടുതൽ വലിപ്പമുള്ളതായിത്തീരുന്നു.

അമേരിക്കയിലെ ടെന്നിസീ സർവ്വകലാശാലയിൽ 1992 സെപ്റ്റംബർ 13-നു ജനിച്ച ഇന്തോനേഷ്യക്കു പുറത്ത് മനുഷ്യൻ ആദ്യം വിരിയിച്ച കോമഡോ ഡ്രാഗണായ “ക്രാക്കൺ” കുട്ടിയായിരുന്നപ്പോൾ ഇതുപോലെ പ്ലാസ്റ്റിക് വളയങ്ങളും, ഒരു ഷൂ, ഒരു പാട്ട മുതലായവ ഉപയോഗിച്ച് കളിച്ചിരുന്നു. അതും ഭക്ഷണത്തെ സമീപിക്കുന്നതിൽ നിന്നും വ്യത്യസ്തമായാണ് കളിപ്പാട്ടങ്ങളെ സമീപിച്ചിരുന്നത്. പ്രധാന ഗവേഷകനായ ഗോർഡൻ ബർഗാർട്ടിന്റെ അഭിപ്രായത്തിൽ ഈ കളികളെല്ലാം ഇരപിടുത്തപഠനം ലക്ഷ്യം വച്ചുള്ളതായിരുന്നു[49][9].

ചിലപ്പോൾ അപ്രതീക്ഷിതമായി, പ്രത്യേകിച്ച് അധീനപ്രദേശത്തേയ്ക്ക് അപരിചിതർ കടന്നുവന്നാൽ ഇവ ആക്രമണകാരികളാകാറുണ്ട്. 2001 ജൂണിൽ ‘സാൻ ഫ്രാൻസിസ്കോ ക്രോണിക്കിൾ‘ എന്ന പത്രത്തിന്റെ എഡിറ്ററായ ഫിൽ ബ്രോൻസ്റ്റൺ ഇത്തരത്തിൽ ഗൌരവതരമായ പരിക്കേറ്റിരുന്നു. അദ്ദേഹം ലോസാഞ്ചലസ് മൃഗശാലയിൽ സൂക്ഷിപ്പുകാരൻ സ്വാഗതം ചെയ്തതിനെത്തുടർന്ന് അടുത്തു ചെന്നപ്പോഴായിരുന്നു ഇത്. അദ്ദേഹത്തിന്റെ വെളുത്ത ഷൂ ജീവിയെ പ്രകോപിച്ചേക്കാം എന്ന സൂക്ഷിപ്പുകാരന്റെ ഉപദേശമനുസരിച്ച് ഷൂ അഴിച്ചപ്പോൾ നഗ്നമായ കാലിലായിരുന്നു കടി കിട്ടിയത്[50][51]. അദ്ദേഹം രക്ഷപെട്ടെങ്കിലും കാൽ ശരിയാകാൻ ശസ്ത്രക്രിയവേണ്ടി വന്നു[52].

[തിരുത്തുക] കുറിപ്പുകൾ

  • ^  പല്ലുകൾ എല്ലിൽ ഉറപ്പിച്ചിരിക്കുന്ന ഭാഗത്ത് മാത്രമേ മോണ മൂടിക്കിടക്കുകയുള്ളൂ. എന്നാൽ അപൂർവമായി ഇത് പല്ലുകളുടെ മേലേക്ക് വളരാറുണ്ട്, ഇതിനെ ജിൻജൈവൽ ഹൈപ്പെർ പ്ലാസിയ എന്നും മോണയുടെ കോശങ്ങളുടെ വലിപ്പം കൂടി ഉണ്ടാകുന്ന ദശക്ക് ജിൻജൈവൽ ഹൈപ്പെർ ട്റൊഫി എന്നും പറയും. ഡ്രാഗണുകളുടെ പല്ലുകൾ ഏതാണ്‌ പൂർണ്ണമായും മോണകൊണ്ട് മൂടപ്പെട്ടിരിക്കുന്നതിനാൽ ചവക്കുമ്പോൾ മോണ മുറിഞ്ഞ് രക്തം വരുമെന്നതാണ്‌ പ്രസ്താവിച്ചിരിക്കുന്നത്.

[തിരുത്തുക] അവലംബം‍

  1. 1.0 1.1 Varanus komodoensis (TSN 202168). Integrated Taxonomic Information System. Retrieved on 19 June 2007.
  2. 2.0 2.1 2.2 2.3 Trooper Walsh;Murphy, James Jerome; Claudio Ciofi; Colomba De LA Panouse. Komodo Dragons: Biology and Conservation (Zoo and AquariumBiology and Conservation Series). Washington, D.C.: SmithsonianBooks. ISBN 1-58834-073-2. 
  3. 3.0 3.1 3.2 3.3 Chris Mattison, (1989 & 1992). Lizards of the World. New York: Facts on File. താളുകൾ. pp. 16, 57, 99, 175. ISBN 0-8160-5716-8. 
  4. Burness G, Diamond J, Flannery T (2001). "Dinosaurs, dragons, and dwarfs: theevolution of maximal body size". Proc Natl Acad Sci U S A 98 (25): 14518-23. PMID 11724953. 
  5. 5.0 5.1 5.2 5.3 Tim Halliday(Editor), Kraig Adler (Editor). Firefly Encyclopedia of Reptiles and Amphibians. Hove: Firefly Books Ltd. താളുകൾ. 112, 113, 144, 147, 168, 169. ISBN 1-55297-613-0. 
  6. http://www.nature.com/nature/journal/v444/n7122/full/4441021a.html;jsessionid=97944BF417119D462D0B87A1460A87B6
  7. "'Virgin births' for giant lizards" (ഇംഗ്ലീഷ് ഭാഷയിൽ). ബിബിസി. 2006 നവംബർ 16. http://www.nature.com/nature/journal/v444/n7122/full/4441021a.html;jsessionid=97944BF417119D462D0B87A1460A87B6, ശേഖരിച്ചത്: 17-07-2008. 
  8. 8.0 8.1 8.2 "Endangered! Ora". American Museum of Natural History. http://www.amnh.org/nationalcenter/Endangered/ora/ora.html, ശേഖരിച്ചത്: 2007-01-15. 
  9. 9.0 9.1 9.2 9.3 9.4 9.5 Ciofi, Claudio. "The Komodo Dragon". Scientific American. http://www.sciam.com/article.cfm?id=the-komodo-dragon, ശേഖരിച്ചത്: 2006-12-21. 
  10. 10.0 10.1 Burnie, David; Don E. Wilson (2001). Animal. New York, New York: DK Publishing,Inc.. താളുകൾ. 417, 420. ISBN 0-7894-7764-5. 
  11. 11.00 11.01 11.02 11.03 11.04 11.05 11.06 11.07 11.08 11.09 11.10 11.11 11.12 11.13 Tara Darling (Illustrator). Komodo Dragon: On Location (Darling, Kathy. on Location.). Lothrop, Lee and Shepard Books. ISBN 0-688-13777-6. 
  12. 12.0 12.1 12.2 [http://web.archive.org/web/20061127173608/http://www.szgdocent.org/resource/rr/c-komodo.htm "Komodo Dragon"]. Singapore Zoological Gardens. Archived from the original on 2006-11-27. http://web.archive.org/web/20061127173608/http://www.szgdocent.org/resource/rr/c-komodo.htm, ശേഖരിച്ചത്: 2006-12-21. 
  13. "Komodo Conundrum". bbc.co.uk. http://www.bbc.co.uk/nature/animals/features/336feature1.shtml, ശേഖരിച്ചത്: 2007-11-25. 
  14. 14.0 14.1 "Komodo Dragon Fact Sheet". National Zoo. http://nationalzoo.si.edu/Animals/ReptilesAmphibians/Facts/FactSheets/Komododragon.cfm, ശേഖരിച്ചത്: 2007-11-25. 
  15. 15.0 15.1 "Zipcodezoo: Varanus komodoensis (Komodo Dragon, Komodo Island Monitor, Komodo Monitor)". BayScience Foundation, Inc.. http://zipcodezoo.com/animals/v/varanus_komodoensis.asp, ശേഖരിച്ചത്: 2007-02-01. 
  16. 16.0 16.1 16.2 16.3 16.4 16.5 16.6 text by David Badger; photography by John Netherton (2002). Lizards: A Natural History of Some Uncommon Creatures, Extraordinary Chameleons, Iguanas, Geckos, and More. Stillwater, MN: Voyageur Press. താളുകൾ. 32, 52, 78, 81, 84, 140-145, 151. ISBN 0-89658-520-4. 
  17. Eric R. Pianka and Laurie J. Vitt; with a foreword by Harry W. Greene (2003). Lizards: Windows to the Evolution of Diversity. Berkeley: University of California Press. താളുകൾ. 244. ISBN 0-520-23401-4. 
  18. 18.0 18.1 "Komodo National Park". Komodo Foundation. http://www.komodo-gateway.org/faq1.html, ശേഖരിച്ചത്: 2007-10-25. 
  19. 19.0 19.1 19.2 19.3 Alison Ballance; Morris, Rod. South Sea Islands: A Natural History. Hove: Firefly Books Ltd. ISBN 1-55297-609-2. 
  20. 20.0 20.1 Diamond, Jared M. (1987). "Did Komodo dragons evolve to eat pygmy elephants?". Nature 326 (6116): 832. doi:10.1038/326832a0. 
  21. Fry, Brian G., et al.. "Early Evolution of the Venom System in Lizards and Snakes" (PDF). The Center for North American Herpetology. http://www.naherpetology.org/pdf_files/467.pdf, ശേഖരിച്ചത്: 2008-03-13. 
  22. Montgomery JM, Gillespie D, Sastrawan P, Fredeking TM, Stewart GL (2002). "Aerobic salivary bacteria in wild and captive Komodo dragons". J. Wildl. Dis. 38 (3): 545–51. PMID 12238371. 
  23. Feldman, Ruth Tenzer (Feb 2007). "Dragon Drool!". Odyssey 16.2: 49. 
  24. 24.0 24.1 24.2 Cheater, Mark (August/September 2003). "Chasing the Magic Dragon". National Wildlife Magazine (National Wildlife Federation) 41 (5). http://www.nwf.org/nationalwildlife/article.cfm?articleId=810&issueId=63. 
  25. "Komodo Dragon". San Diego Zoo. Archived from the original on 2005-12-16. http://web.archive.org/web/20051216073115/http://library.sandiegozoo.org/Fact+Sheets/komodo_dragon/Komodo.htm, ശേഖരിച്ചത്: 2008-01-24. 
  26. Jessop, Tim S., et al.. "Distribution, Use and Selection of Nest Type by Komodo Dragons" (PDF). Elsevier. http://www.komododragon.biz/uploads/downloads/jessop%20et%20al%202004e.pdf, ശേഖരിച്ചത്: 2008-03-13. 
  27. Attenborough, David (2008). Life in Cold Blood. Princeton, N.J: Princeton University Press. ISBN 0-691-13718-8. 
  28. consultant editors, Harold G. Cogger & Richard G. Zweifel; illustrations by David Kirshner (1998). Encyclopedia of Reptiles & Amphibians. Boston: Academic Press. താളുകൾ. 132, 157-8. ISBN 0-12-178560-2. 
  29. Morales, Alex. "Komodo Dragons, World's Largest Lizards, Have Virgin Births". Bloomberg Television. http://www.bloomberg.com/apps/news?pid=20601082&sid=apLYpeppu8ag&refer=canada, ശേഖരിച്ചത്: 2008-03-28. 
  30. Notice by her cage in Chester Zoo in England
  31. "Wise men testify to Dragon's virgin birth". The Times. http://www.timesonline.co.uk/tol/news/uk/article759338.ece, ശേഖരിച്ചത്: 2007-11-26. 
  32. 32.0 32.1 "'Virgin births' for giant lizards". BBC News. http://news.bbc.co.uk/2/hi/science/nature/6196225.stm, ശേഖരിച്ചത്: 2008-03-13. 
  33. "Strange but True: Komodo Dragons Show that "Virgin Births" Are Possible: Scientific American". Scientific American. http://www.sciam.com/article.cfm?id=strange-but-true-komodo-d, ശേഖരിച്ചത്: 2008-03-24. 
  34. Watts PC, Buley KR, Sanderson S, Boardman W, Ciofi C, Gibson R (2006). "Parthenogenesis in Komodo Dragons". Nature 444 (7122): 1021–2. doi:10.1038/4441021a. PMID 17183308. 
  35. "Recent News - Sedgwick County Zoo". Sedgwick County Zoo. http://www.scz.org/n_recent.html, ശേഖരിച്ചത്: 2008-02-12. 
  36. "Komodo dragons hatch with no male involved". MSNBC. http://www.msnbc.msn.com/id/23058689/, ശേഖരിച്ചത്: 2008-02-12. 
  37. Daily Mail - Should we really be scared of the Kimodo dragon?
  38. Rony, Fatimah Tobing (1996). The third eye: race, cinema, and ethnographic spectacle. Durham, N.C: Duke University Press. താളുകൾ. 164. ISBN 0-8223-1840-7. 
  39. "American Museum of Natural History: Komodo Dragons". American Museum of Natural History. http://www.amnh.org/exhibitions/expeditions/treasure_fossil/Treasures/Komodo_Dragons/komodo.html?aa, ശേഖരിച്ചത്: 2007-06-07. 
  40. 40.0 40.1 40.2 "Trapping Komodo Dragons for Conservation". National Geographic. http://news.nationalgeographic.com/news/2003/01/0129_030129_komodo.html, ശേഖരിച്ചത്: 2007-11-08. 
  41. World Conservation Monitoring Centre (1996). Varanus komodoensis. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 11 May 2006.
  42. "The official website of Komodo National Park, Indonesia.". Komodo National Park. http://www.komodonationalpark.org/, ശേഖരിച്ചത്: 2007-02-02. 
  43. "Appendices I, II and III". CITES. http://www.cites.org/eng/app/appendices.shtml, ശേഖരിച്ചത്: 2008-03-24. 
  44. Flannery, Tim (2002). The Future Eaters: An Ecological History of the Australian Lands and People. New York: Grove Press. താളുകൾ. 384-385. ISBN 0-8021-3943-4. 
  45. "Komodo dragon kills boy in Indonesia". MSNBC. http://www.msnbc.msn.com/id/19026658/, ശേഖരിച്ചത്: 2007-06-07. 
  46. Procter, J.B. (October 1928). "On a living Komodo Dragon Varanus komodoensis Ouwens, exhibited at the Scientific Meeting". Proc. Zool. Soc. London: 1017–1019. 
  47. Lederer, G. (1931). "Erkennen wechselwarme Tiere ihren Pfleger?". Wochenschr. Aquar.-Terrarienkunde 28: 636–638. 
  48. Murphy, J.; T. Walsh (2006). "Dragons and Humans". Herpetological Review 37: 269–275. 
  49. "Such jokers, those Komodo dragons". Science News 78 (1): 78. August 2002. 
  50. "Transcript: Sharon Stone vs. the Komodo Dragon". Time. http://www.time.com/time/sampler/article/0,8599,133163,00.html, ശേഖരിച്ചത്: 2008-03-20. 
  51. Phillip T. Robinson (2004). Life at the Zoo: Behind the Scenes with the Animal Doctors. New York: Columbia University Press. താളുകൾ. 79. ISBN 0-231-13248-4. 
  52. "Editor stable after attack by Komodo dragon / Surgeons reattach foot tendons of Chronicle's Bronstein in L.A.". San Francisco Chronicle. http://www.sfgate.com/cgi-bin/article.cgi?f=/c/a/2001/06/11/MN204069.DTL, ശേഖരിച്ചത്: 2008-03-23. 

[തിരുത്തുക] കൂടുതൽ അറിവിന്

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'കൊമോഡോ ഡ്രാഗൺ' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
  • Auffenberg, Walter (1981). The Behavioral Ecology of the Komodo Monitor. Gainesville: University Presses of Florida. ISBN 0-8130-0621-X. 
  • Eberhard, Jo; King, Dennis; Green, Brian; Knight, Frank; Keith Newgrain (1999). Monitors: The Biology of Varanid Lizards. Malabar, Fla: Krieger Publishing Company. ISBN 1-57524-112-9. 
  • Richard L. Lutz, Judy Marie Lutz,. Komodo, the Living Dragon: The Living Dragon. Salem, Or: DiMI Press. ISBN 0-931625-27-0. 
  • W. Douglas Burden,. Dragon Lizards of Komodo: An Expedition to the Lost World of the Dutch East Indies. Kessinger Publishing. ISBN 0-7661-6579-5. 

"http://ml.wikipedia.org/w/index.php?title=കൊമോഡോ_ഡ്രാഗൺ&oldid=1298233" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ