രാജവെമ്പാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
രാജവെമ്പാല
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Reptilia
നിര: Squamata
ഉപനിര: Serpentes
കുടുംബം: Elapidae
ജനുസ്സ്: Ophiophagus
വർഗ്ഗം: O. hannah
ശാസ്ത്രീയ നാമം
Ophiophagus hannah
Cantor, 1836
Range (in red)

കരയിൽ ജീവിക്കുന്ന ഏറ്റവും വലിപ്പമുള്ള വിഷപ്പാമ്പാണ്‌ രാജവെമ്പാല (Ophiophagus hannah)[1] പൂർണ്ണവളർച്ചയെത്തിയ രാജവെമ്പാലയ്ക്ക് 18 അടിയോളം (എകദേശം 5.5. മീറ്റർ) നീളം വന്നേയ്ക്കും. ന്യൂറോടോക്സിൻ ഗണത്തിൽ പെടുന്ന രാജവെമ്പാലയുടെ ഒറ്റക്കൊത്തിലെ വിഷത്തിനു ഒരു ശരാശരി മനുഷ്യനെ പതിനഞ്ചുമിനുറ്റുകളിൽ കൊല്ലുവാനുള്ള കഴിവുണ്ടു്. വിഷപ്പാമ്പുകളടങ്ങുന്ന മറ്റു നാഗങ്ങളെ ആഹാരമാക്കുന്ന രാജവെമ്പാലയുടെ സ്വഭാവത്തെയാണു ശാസ്ത്രീയനാമത്തിലെ Ophiophagus എന്ന പദം സൂചിപ്പിക്കുന്നതു്. രാജവെമ്പാലയുടെ ആംഗലേയനാമമായ King Cobra എന്ന പേരിൽ നിന്നും പ്രസ്തുത ഉരഗം, മൂർഖൻ (Naja naja) പാമ്പുകളുടെ കൂട്ടത്തിലെ ഏറ്റവും വലിയ വർഗ്ഗമാണെന്ന ധാരണ പൊതുവായിട്ടുണ്ടു്. നജാ കുടുംബത്തിൽ പെടുന്ന പാമ്പുകളെ പോലെ പത്തി വിടർത്തുവാൻ കഴിയുമെന്നതൊഴിച്ചാൽ മൂർഖനുമായി യാതൊരു സാമ്യവും രാജവെമ്പാലയ്ക്കില്ല.

സാധാരണഗതിയിൽ രാജവെമ്പാലയ്ക്ക് അതിന്റെ നീളത്തിന്റെ മൂന്നിലൊരുഭാഗം തറയിൽ നിന്നുയർത്തിപ്പിടിച്ച് പത്തിവിടർത്തുവാൻ സാധിക്കാറുണ്ടു്, അങ്ങിനെ ഒരു സാധാരണ മനുഷ്യനെ ഭയചകിതനാക്കുംവിധം നേർക്കുനേർ നോക്കുവാൻ ഈ സർപ്പത്തിന് കഴിയുന്നതുകാരണം രാജവെമ്പാലയെ കുറിച്ചു പല അത്ഭുതകഥകളും ഐതിഹ്യങ്ങളും പ്രചാരത്തിലുണ്ടു്.

ഉള്ളടക്കം

[തിരുത്തുക] ആവാസം

രാജവെമ്പാല പ്രധാനമായും വസിച്ചുപോരുന്നതു് ഇന്ത്യൻ ഉപഭൂഖണ്ഡം (ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ പടിഞ്ഞാറു ഭാഗം, ശ്രീലങ്ക എന്നിവ ഒഴികെ), ദക്ഷിണ ചൈന, ദക്ഷിണപൂർവേഷ്യ എന്നിവിടങ്ങളിലെ മഴക്കാടുകളിലാണ് ‍. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പർവ്വതപ്രദേശങ്ങളിൽ സമുദ്രനിരപ്പിൽ നിന്നും 6500 അടിവരെ ഉയരത്തിൽ രാജവെമ്പാലയുടെ ആവാസങ്ങൾ നിരീക്ഷിക്കാവുന്നതാണു്. വനനശീകരണം നിമിത്തം രാജവെമ്പാലയുടെ എണ്ണത്തിൽ ഗണ്യമായ കുറവുകളുണ്ടായിട്ടുണ്ടെങ്കിലും ഈ ജീവി വംശനാശഭീഷണിയിലല്ല. തടാകങ്ങളും അരുവികളും നിറഞ്ഞ ഭൂപ്രകൃതിയിൽ ജീവിക്കുവാൻ ഇഷ്ടപ്പെടുന്ന രാജവെമ്പാലയ്ക്ക് ഉത്‌പ്ലവിക്കുവാനുള്ള കഴിവുകൾ കൂടിയുണ്ടു്. വയനാട്ടിലെ കാടുകളിൽ രാജവെമ്പാല ധാരാളമായുണ്ട്. കർണാടകയിലെ അഗുംബെ വനമേഖലയിലും ഇവ ധാരാളമായി കാണപ്പെടുന്നു. ബ്രഹ്മഗിരി വനങ്ങളിലും ഇവ വസിക്കുന്നു.

[തിരുത്തുക] ഇരതേടൽ

ഇതര നാഗങ്ങളെ പോലെ രാജവെമ്പാലയും അഗ്രം പിളർന്ന നാക്കുകൊണ്ടു മണം പിടിക്കുന്നു. കൃത്യതയുള്ള കാഴ്ചശക്തിയും (എകദേശം 300 അടിദൂരെയുള്ള ഇരയെപോലെ ശ്രദ്ധിക്കാനാവുന്ന തരത്തിലുള്ളതു്), പ്രകമ്പനങ്ങൾ പൊടുന്നനെ തിരിച്ചറിയുവാനുള്ള കഴിവും, ബുദ്ധിശക്തിയും രാജവെമ്പാലയെ നല്ലൊരു വേട്ടക്കാരനാക്കുന്നു. ഇരയെ വിഷം പ്രയോഗിച്ചു കീഴ്‌പ്പെടുത്തിയ ശേഷം വിഴുങ്ങുകയാണു പതിവു്. വിഷം ദഹനസഹായിയായി കൂടി പ്രവർത്തിക്കുന്നു. മറ്റു പാമ്പുകളെപ്പോലെ കീഴ്‌താടിയെല്ലുകൾ സ്ഥാനഭ്രംശനം ചെയ്തു സ്വന്തം തലയേക്കാൾ വലിപ്പമുള്ള ഇരകളെ കൂടി വിഴുങ്ങുവാൻ രാജവെമ്പാലയ്ക്കു സാധിക്കുന്നു.

[തിരുത്തുക] ഭക്ഷണം

രാജവെമ്പാലയുടെ മുഖ്യ ആഹാരം മറ്റു പാമ്പുകൾ തന്നെയാണു്, ഇവയിൽ വിഷമുള്ളവയും ഇല്ലാത്തവും ഉൾപ്പെടുന്നു. എന്നിരുന്നാലും ആഹാരത്തിനു ദൌർലഭ്യം നേരിടുമ്പോൾ പല്ലി മുതലായ ജീവികളെയും ഇരകളാക്കുന്നു. ആഹാരം ദഹിക്കുന്നതിനുള്ള കാലതാമസവും കുറഞ്ഞ മെറ്റബോളിസവും കാരണം പൂർണ്ണമായ ഒരു ആഹാരത്തിനുശേഷം മാസങ്ങളോളം ഇവയ്ക്ക് ഇരതേടാതെ ജീവിക്കുവാനാകും. പകൽ സമയങ്ങളിൽ ഇരതേടുന്ന രാജവെമ്പാലയെ ദുർലഭമായെങ്കിലും രാത്രികാലങ്ങൾ കാണാറുണ്ടു്, ഇതുമൂലം തന്നെ Diurnal ജീവികളെന്നു തെറ്റായി വ്യാഖ്യാനിച്ചും കാണപ്പെടുന്നു.

[തിരുത്തുക] വിഷം

രാജവെമ്പാലയുടെ വിഷം, മുഖ്യമായും പ്രോട്ടീനുകളും പോളിപെപ്‌റ്റൈഡുകളും അടങ്ങിയതാണു്, ഇതു ഇവയുടെ കണ്ണുകൾക്കു പുറകിലുള്ള ദഹനഗ്രന്ഥിയിൽ നിന്നും ഉത്പാദിപ്പിക്കപ്പെടുന്നു. രാജവെമ്പാല കൊത്തുമ്പോൾ അരയിഞ്ചു നീളമുള്ള അവയുടെ പല്ലുകൾ വിഷം ഇരയുടെ ദേഹത്തേയ്ക്ക് കുത്തിവയ്ക്കുകയാണു ചെയ്യുന്നതു്. ഗബൂൺ അണലി എന്നൊരു ഇനം പാമ്പു കഴിഞ്ഞാൽ ഇരയുടെ ദേഹത്തേയ്ക്ക് ഒറ്റത്തവണ ഏറ്റവും അധികം വിഷം കുത്തിവയ്ക്കുന്നതു രാജവെമ്പാലയാണു്. ഇത്രയും വിഷത്തിന് ഒരു ഇന്ത്യൻ ആനയെ മൂന്നുമണിക്കൂറിനുള്ളിൽ കൊല്ലാൻ ശേഷിയുണ്ടാകുമെന്ന് കണക്കുകൾ പറയുന്നു. [അവലംബം ആവശ്യമാണ്]

രാജവെമ്പാലയുടെ വിഷം ഇരയുടെ നാഡീവ്യൂഹത്തെയാണു ബാധിക്കുന്നതു്. വിഷബാധ ഇരകളിൽ കലശലായ വേദനയും, കാഴ്ച മങ്ങലും, തലചുറ്റലും, ശരീരസ്തംഭനവും വരുത്തി വയ്ക്കുന്നു. വിഷബാധയേറ്റു മിനുറ്റുകൾക്കുള്ളിൽ ഹൃദയത്തിന്റെ പ്രവർത്തനും തകരാറിലാവുകയും വിഷബാധയേറ്റ ജീവി കോമ എന്നു വൈദ്യശാസ്ത്രത്തിൽ വിശദീകരിക്കുന്ന അവസ്ഥയിലാവുകയും ചെയ്യുന്നു. തുടർന്നുവരുന്ന ശ്വാസതടസ്സം വിഷബാധയേറ്റവരിൽ മരണം വരുത്തുന്നു. മനുഷ്യർക്കു രാജവെമ്പാലയുടെ വിഷബാധയേൽക്കുകയാണെങ്കിൽ രക്ഷപ്പെടുവാൻ മറുമരുന്നുകളുണ്ടു്. ഇന്ത്യയിൽ രാജവെമ്പാലയുടെ ദംശനമേൽക്കുന്ന ഒരു ലക്ഷം പേരിൽ 5.6 - 12.6 ആളുകൾക്ക് മരണം സംഭവിക്കാറുണ്ടെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു.

തുള്ളിയോട് തുള്ളി താരതമ്യം ചെയ്യുമ്പോൾ രാജവെമ്പാലയുടെ വിഷത്തിന് മറ്റു പല പാമ്പുകളുടെയും വിഷത്തേക്കാൾ ശക്തി തീരെ കുറവാണ് (ഉദാ: ഇന്ത്യൻ മൂർഖൻ, ആഫ്രിക്കയിലെ കറുത്ത മാംമ്പ എന്നിവ.). എന്നാൽ ഇവ വിഷം ഇരയുടെ ശരീരത്തിലേക്ക് കുത്തി വയ്കുന്നതിനാൽ കൂടുതൽ വിഷം അകത്തു ചെല്ലുകയും തന്മൂലം അപകടസാധ്യത വളരെയേറെ കൂടുകയും ചെയ്യുന്നു.

[തിരുത്തുക] ഇതും കാണുക

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക] അവലംബം

  1. http://animals.nationalgeographic.com/animals/reptiles/king-cobra.html.

[തിരുത്തുക] ചിത്രശാല

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ