കൊമോഡോ ഡ്രാഗണ്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|
||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
|
||||||||||||||||
| ശാസ്ത്രീയ വര്‍ഗീകരണം | ||||||||||||||||
|
||||||||||||||||
|
|
||||||||||||||||
| Varanus komodoensis Ouwens, 1912 |
||||||||||||||||
![]() Komodo dragon distribution
|
മദ്ധ്യ ഇന്തോനേഷ്യയിലെ കൊമോഡോ ദ്വീപുകള്‍, റിന്‍കാ, ഫ്ലോര്‍സ്, ഗിലി മുതലായ സ്ഥലങ്ങളില്‍ കണ്ടുവരുന്ന പ്രത്യേക വംശത്തില്‍പ്പെടുന്ന പല്ലികളാണ് കൊമോഡോ ഡ്രാഗണ്‍[2]. ഉരഗങ്ങളായ വരനിഡേയ് (Varanidae) കുടുംബത്തില്‍ പെടുന്നതും 2 മുതല്‍ 3 മീ വരെ നീളം വെക്കുന്നതും 70 കി.ഗ്രാം വരെ ഭാരം വെക്കുന്നതുമായ ഇവയാണ് ലോകത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും വലിയ പല്ലികള്‍. ദ്വീപുകളില്‍ തങ്ങള്‍ക്ക് എതിരാളികളായി ഒന്നുമില്ല എന്ന സ്ഥിതിവിശേഷവും പരിണാമത്തിലുണ്ടായ അസാധാരണമായ മന്ദതയും ഈ ജീവികള്‍ക്ക് അസാധാരണമായ വലിപ്പം നല്‍കിയെന്നു കരുതുന്നു[3][4]. ഇത്തരത്തിലുള്ള വലിയ വലിപ്പത്തിന്റെ ഫലമായി ദ്വീപുകളിലെ ഭക്ഷ്യശൃംഖലയിലേയും ജൈവവ്യവസ്ഥയുടേയും അവസാനകണ്ണിയാണ് ഈ പല്ലികള്‍[5]. പ്രധാനമായി മറ്റുജീവികളുടെ ശവശരീരങ്ങളാണ് ഭക്ഷിക്കുകയെന്നിരുന്നാലും ഇരകളാക്കാവുന്ന എന്തിനേയും വേട്ടയാടിപ്പിടിച്ചും ഭക്ഷിക്കാറുണ്ട്. മേയ് മുതല്‍ ഓഗസ്റ്റ് വരെയാണ് ഇണചേരല്‍ കാലം, സെപ്തംബറോടുകൂടി മുട്ടകളിടുന്നു. മെഗാപോഡ് എന്ന പക്ഷികള്‍ ഉപേക്ഷിച്ച കൂടുകളിലാണ് കൊമോഡോ ഡ്രാഗണ്‍ മുട്ടയിടുന്നത്. ഏഴെട്ടുമാസം അടയിരുന്നതിനു ശേഷം മുട്ടകള്‍ ഏപ്രില്‍ മാസത്തില്‍ വിരിയുന്നു. കൊച്ചു കൊമോഡോകളെ മുതിര്‍ന്നവതന്നെ തിന്നാനിടയുള്ളതിനാല്‍ അവ മരങ്ങളിലും മറ്റും ഒളിച്ചാണു പാര്‍ക്കുക. അമ്പത് കൊല്ലം വരെ ജീവിച്ചിരിക്കാറുള്ള കൊമോഡോ ഡ്രാഗണുകളുകള്‍ക്ക് ബീജസംയോജനം കൂടാതെ മുട്ടയിടാനുള്ള കഴിവുമുണ്ട്[6][7].
പടിഞ്ഞാറന്‍ ശാസ്ത്രലോകത്തിന്റെ കണ്ണില്‍ 1910 -ല്‍ മാത്രമാണ് ഈ ഉരഗങ്ങള്‍ പെട്ടത്. മാനുഷിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വംശനാശത്തിന്റെ വക്കിലെത്തിയ ഇവയെ ഐ.യു.സി.എന്‍. പെട്ടന്നു തന്നെ നാശോന്മുഖമായ ജീവികളുടെ പട്ടികയില്‍ പെടുത്തി. ഇന്തോനേഷ്യയില്‍ നിയമത്താല്‍ ഇവ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി കൊമോഡോ ദേശീയോദ്യാനം എന്നൊരു ദേശീയോദ്യാനം തന്നെ അവിടുണ്ട്. കൊമോഡോ ഡ്രാഗണുകളെ അത്ര വിപുലമായിട്ടല്ലങ്കിലും ശാസ്ത്ര സാഹിത്യങ്ങളില്‍ കൊമോഡോ മോണിറ്റര്‍ അല്ലങ്കില്‍ കൊമോഡോ ഐലന്‍ഡ് മോണിറ്റര്‍ (Komodo Island Monitor) എന്നൊക്കെ വിളിക്കാറുണ്ട്[1]. പ്രാദേശികമായി ഇവയെ ‘ഓറ’യെന്നോ ‘ബുവാജ ദുറാത്’ (കര മുതല) എന്നോ ‘ബിയാവക് രാക്സസ‘ (ഭീമന്‍ രാക്ഷസന്‍) എന്നൊക്കെ വിളിക്കുന്നു[8][9].
ഉള്ളടക്കം |
[തിരുത്തുക] പരിണാമം
ഏകദേശം 4 കോടി വര്‍ഷം മുന്‍പ് ഏഷ്യയിലാണ് കൊമോഡോ ഡ്രാഗണിന്റെ പൂര്‍വികരായ വറാനസ് (Varanus) എന്ന ജൈവജാതിയുടെ പരിണാമം ആരംഭിച്ചത്. തുടര്‍ന്ന് ഇവ ഓസ്ട്രേലിയയിലേക്ക് കുടിയേറി. ഒന്നരക്കോടി കൊല്ലങ്ങള്‍ക്കു മുമ്പ് ഓസ്ട്രേലിയന്‍ ഭൂഖണ്ഡം ദക്ഷിണപൂര്‍വേഷ്യയില്‍ വന്നിടിച്ചപ്പോള്‍ ഇവയ്ക്ക് ഇന്ന് ഇന്തോനേഷ്യന്‍ ആര്‍ക്കിപെലാഗോ എന്ന്‍ വിളിക്കുന്ന ഭൂഭാഗത്തേക്ക് പ്രവേശിക്കാന്‍ സാധിച്ചു. കൊമോഡോ ഡ്രാഗണുകള്‍ അവയുടെ ഓസ്ട്രേലിയന്‍ പൂര്‍വികരില്‍ നിന്നും 40 ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പെങ്കിലും വേര്‍പെട്ടുവെന്നും അവയുടെ ആവാസം കിഴക്കോട്ട്, ടിമോര്‍ ദ്വീപ് വരെ വ്യാപിച്ചു എന്നു കരുതുന്നു. ഹിമയുഗവും അതിനേത്തുടര്‍ന്ന് സമുദ്രനിരപ്പിലുണ്ടായ വന്‍വ്യതിയാനവും കൊമോഡോ ഡ്രാഗണുകള്‍ ജീവിച്ചിരുന്ന ദ്വീപുകളെ ഇന്നത്തെ സ്ഥാനത്തെത്തിക്കുകയും ചെയ്തു എന്ന് കരുതുന്നു[9].
[തിരുത്തുക] ശരീരപ്രകൃതി
കാടുകളില്‍ വസിക്കുന്ന പൂര്‍ണ്ണവളര്‍ച്ചയെത്തിയ കൊമോഡോ ഡ്രാഗണുകള്‍ക്ക് 70 കിലോഗ്രാം ഭാരമുണ്ടാകും[10]. എന്നാല്‍ മൃഗശാലകളിലുള്ളവക്ക് അതിനേക്കാള്‍ ഭാരം വരും. അത്തരത്തിലുള്ള കൊമോഡോ ഡ്രാഗണുകളില്‍ വച്ച് ഏറ്റവും വലുത്, 166 കിലോഗ്രാം ഭാരമുള്ളതും(ദഹിക്കാത്ത ഭക്ഷണമടക്കം) 3.13 മീറ്റര്‍ നീളമുള്ളതുമായ ഒന്നാണ് [9].
കൊമോഡോ ഡ്രാഗണുകളുടെ വാലിന് അതിന്റെ ഉടലിനോളം തന്നെ നീളമുണ്ടാകും. 2.5 സെ.മീ. നീളമുള്ളതും ഇടക്കിടക്ക് പൊഴിയുന്നതുമായ അറുപതോളം പരുപരുത്ത പല്ലുകളും ഇവയ്ക്കുണ്ടാകും. പല്ലുകള്‍ ഏതാണ്ട് പൂര്‍ണ്ണമായും മോണയാല്‍ മൂടിയിരിക്കും, ഭക്ഷണം ചവയ്ക്കുമ്പോള്‍ മോണമുറിയുന്നതിനാല് ഉമിനീരില്‍ എപ്പോഴും രക്താംശമുണ്ടായിരിക്കും[11]. ഇത് വായ്ക്കുള്ളില്‍ അത്യന്തം അപകടകാരിയായ പ്രത്യേകതരം ബാക്റ്റീരിയകള്‍ക്ക് താമസിക്കാനുള്ള മാദ്ധ്യമമായി പ്രവര്‍ത്തിക്കുന്നു[12]. മഞ്ഞനിറമുള്ള നീണ്ടു രണ്ടായി പിരിഞ്ഞ നാവാണിവയ്ക്കുള്ളത്.
[തിരുത്തുക] ഇന്ദ്രിയ ശേഷികള്‍
കൊമോഡോ ഡ്രാഗണുകലള്‍ക്ക് സൂക്ഷ്മമായിട്ടുള്ള (പൊതുവെയുള്ളതല്ല) കേഴ്‌വിശക്തി ഇല്ല, 400 ഹെട്സിനും 2000 ഹെട്സിനും ഇടയില്‍ ആവൃത്തിയുള്ള ശബ്ദം മാത്രം ശ്രവിക്കാനുള്ള കഴിവേ അവയ്ക്കുള്ളു[13][9]. മുന്നൂറ് മീറ്റര്‍ അകലെയുള്ള കാര്യങ്ങള്‍ കാണാനുള്ള കഴിവുണ്ടെങ്കിലും റെറ്റിനയില്‍ കോണ്‍ കോശങ്ങള്‍ മാത്രം ഉള്ളതിനാല്‍ രാത്രികാഴ്ച തുലോം പരിമിതമാണ്. ദൃശ്യപ്രകാശത്തിലെ നിറങ്ങള്‍ കാണാനുള്ള കഴിവുണ്ടെങ്കിലും നിശ്ചലമായ വസ്തുക്കളെ തിരിച്ചറിയാനുള്ള കഴിവ് കുറവാണ്[14].
മറ്റു പല ഉരഗങ്ങളേയും പോലെ ജേക്കബ്സണ്‍സ് അവയവം ഉപയോഗിച്ച്, കൊമോഡോ ഡ്രാഗണ്‍ തന്റെ നാവിന്റെ സഹായത്തോടെ പദാര്‍ത്ഥങ്ങളെ രുചിച്ചും മണത്തുമാണ് കാര്യങ്ങള്‍ മനസ്സിലാക്കുന്നത്. ഈ കഴിവ് ഇരുട്ടിലും ഇവയ്ക്ക് വഴികാട്ടുന്നു[12]. സഞ്ചരിക്കുമ്പോള്‍ തല ഇരുവശത്തോട്ടും ആട്ടുന്ന സ്വഭാവം കൊണ്ട് അനുകൂലമായ കാറ്റിന്റെ സഹായം ഉണ്ടെങ്കില്‍ ജീര്‍ണ്ണമാംസത്തെ 4 മുതല്‍ 9.5 കി.മി. അകലെ നിന്നേ തിരിച്ചറിയാന്‍ ഇവയ്ക്കു കഴിയും[11][14]. കൊമോഡോ ഡ്രാഗണുകളുടെ നാസാരന്ധ്രങ്ങള്‍ തൊറാസിക് ഡയഫ്രത്തിന്റെ അഭാവം മൂലം കാര്യമായ ഉപയോഗമില്ലാത്തതാണ്.[11][15].
ഏതാനം ചില രുചി മുകുളങ്ങളേ അവയുടെ തൊണ്ടക്കീഴിലുള്ളൂ[12]. ശല്‍ക്കങ്ങള്‍ക്ക്‍, അവയില്‍ ചിലത് എല്ലുമായി ചേര്‍ന്ന് ബലപ്പെട്ടതാണ്, സ്പര്‍ശനക്ഷമതയുള്ള മൃദുകോശങ്ങളാല്‍ (plaque) അവയില്‍ ചിലത് തലച്ചോറുമായി ബന്ധിക്കപ്പെട്ടിരിക്കുന്നതിനാല്‍ അവക്ക് സ്പര്‍ശനം അറിയാന്‍ കഴിവുണ്ട്. . ചെവി, ചുണ്ട്, കവിള്‍, കാല്‍പ്പാദം എന്നിവയില്‍ മൂന്നോ അതിലധികമോ സ്പര്‍ശസംവേദിനികള്‍ കാണാറുണ്ട്[11]. വന്യാവസ്ഥയില്‍ കൊമോഡോ ഡ്രാഗണുകള്‍ മര്‍മ്മരങ്ങള്‍ക്കും, ഒച്ചകള്‍ക്കും ഒന്നും പ്രതികരിക്കാറില്ലായിരുന്നതു കൊണ്ട് അവ ബധിരരാണെന്നു മുമ്പ് വിശ്വസിച്ചിരുന്നു. എന്നാല്‍ ലണ്ടനിലെ സെഡ്.എസ്.എല്‍. മൃഗശാലയിലെ ജോവന്‍ പ്രോക്റ്റര്‍ എന്ന ജീവനക്കാരി തന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ ഭക്ഷണത്തിനായി വരാന്‍ ഒരു മൃഗത്തെ പരിശീലിപ്പിച്ചെടുത്തു. അവരെ കണ്ടില്ലങ്കില്‍ പോലും ശബ്ദം കേള്‍ക്കുമ്പോള്‍ മൃഗം എത്തിയിരുന്നു[16].
[തിരുത്തുക] ആവാസവ്യവസ്ഥ
കൊമോഡോ ഡ്രാഗണുകള്‍ വരണ്ട ചൂടുള്ള പ്രദേശം ഇഷ്ടപ്പെടുന്നു. പൊതുവേ തുറസായ വരണ്ട പുല്‍മേടുകളോ സവേനകളോ താഴ്ന്ന സ്ഥലങ്ങളിലെ മധ്യരേഖാ വനങ്ങളോ തിരഞ്ഞെടുക്കുന്നു. ശീതരക്തം ആയതിനാല്‍ പകലാണ് സജീവമായി പ്രവര്‍ത്തിക്കുക. എന്നിരുന്നാലും രാത്രിയിലും പുറത്തിറങ്ങാറുണ്ട്. ഭക്ഷണം കഴിക്കാനും പ്രത്യുത്പാദനത്തിനും മാത്രമേ ഇവ ഒത്തുകൂടാറുള്ളു. മണിക്കൂറില്‍ 20 കി.മീ. വേഗത്തില്‍ ഓടാന്‍ കഴിവുള്ള ഇവയ്ക്ക് 4.5 മീറ്റര്‍ ദൂരം ചാടാനും കഴിവുണ്ട്. കാല്‍നഖങ്ങള്‍ ഉപയോഗിച്ച് മരം കയറാനും (പ്രത്യേകിച്ച് ചെറുപ്പത്തില്‍) ഇവയ്ക്ക് കഴിയും[10]. വലുതാവും തോറും നഖങ്ങള്‍ ആയുധങ്ങളായി രൂപം പ്രാപിക്കുകയും അതിന്റെ വലിപ്പക്കൂടുതല്‍ കൊണ്ട് മരംകയറ്റം പ്രായോഗികമല്ലാതായി തീരുകയും ചെയ്യുന്നു[11]. ഇരപിടിക്കാന്‍ കൊമോഡോ പിന്‍കാലുകളില്‍ വാലിനെ താങ്ങാക്കി ഉയര്‍ന്നു നില്‍ക്കാറുണ്ട്. താമസിക്കാനായി ബലമുള്ള മുന്‍കാലുകളും നഖങ്ങളുമുപയോഗിച്ച് 1 മുതല്‍ മീറ്റര്‍ വരെയുള്ള മാളങ്ങള്‍ തീര്‍ക്കുന്ന ഇവ രാത്രികാലങ്ങളില്‍ ശരീര താപനില നിലനിര്‍ത്താനായി അതിനുള്ളില്‍ കഴിയുന്നു[17].
കൊമോഡോ ഡ്രാഗണുകള്‍ ഉച്ചതിരിഞ്ഞാണ് വേട്ടയാടാനിറങ്ങുക. ദിവസത്തിലെ ചൂടുകൂടിയ സമയങ്ങളില്‍ തണലുകളിലിവ അഭയം പ്രാപിക്കും[18]. ഇത്തരം അഭയസ്ഥാനങ്ങള്‍ തണുത്ത കടല്‍ക്കാറ്റ് ലഭിക്കുന്ന വിധത്തിലായിരിക്കും, വിസര്‍ജ്ജ്യങ്ങളുപയോഗിച്ചും, ചെടികള്‍ നീക്കം ചെയ്തും അടയാളപ്പെടുത്തിയിരിക്കുകയും ചെയ്യും. മാനുകളേയും മറ്റും ആക്രമിക്കാനുള്ള ഒളിസ്ഥലമായും ഇവ ഉപയോഗിക്കുന്നു[19].
[തിരുത്തുക] ഭക്ഷണം
കൊമോഡോ ഡ്രാഗണുകള്‍ മാംസഭുക്കുകളാണ്. പ്രധാനമായും ചീഞ്ഞമാംസമാണവ ഭക്ഷിക്കുക[3] എങ്കിലും ഒളിഞ്ഞിരുന്നാക്രമിച്ച് ഇരപിടിക്കാറുമുണ്ട് . പ്രാപ്യരായ ഇരകള്‍ അവ പതുങ്ങിയിരിക്കുന്ന ഇടത്തിനു സമീപത്തു വരുമ്പോള്‍ കൊമോഡോ ഡ്രാഗണുകള്‍ വളരെ പെട്ടന്ന് പാഞ്ഞടുത്ത് ഇരയുടെ കഴുത്തില്‍ കടിച്ച് കീഴ്പ്പെടുത്തുകയാണു ചെയ്യുക[11]. ചത്തതോ ചത്തുകൊണ്ടിരിക്കുന്നതോ ആയ ജീവികളെ 9.5 കി.മീ. അകലെ നിന്നു തന്നെ ശക്തമായ ഘ്രാണശക്തി ഉപയോഗിച്ച് തിരിച്ചറിയാനിവയ്ക്കു കഴിവുണ്ട്[11]. കൊമൊഡോ ഡ്രാഗണുകള്‍ അവയുടെ ശക്തിയുള്ള വാലുകള്‍ ഉപയോഗിച്ച് പനികളേയും മറ്റും അടിച്ചിടാറുമുണ്ട്.
മുന്‍കാലുകള്‍ ഉപയോഗിച്ച് ഇരയെ അമര്‍ത്തിപ്പിടിച്ചശേഷം വന്‍ മാംസക്കഷണങ്ങള്‍ ചീന്തിയെടുത്ത് വിഴുങ്ങുകയാണ് ഭക്ഷണ രീതി. ആടിനോളം ചെറിയ ഇരകളെ ലഘുവായി മാത്രം തലയോടുമായി ഘടിപ്പിച്ചിട്ടുള്‍ല താടിയെല്ലും വികസിപ്പിക്കാവുന്ന തലയോടും ഉദരവും നല്‍കുന്ന സൌകര്യമുപയോഗിച്ച് ഒറ്റയടിക്ക് വിഴുങ്ങുകയാണ് ചെയ്യുക. ഇരയുടെ വയറ്റിലുണ്ടാകുന്ന സസ്യഭക്ഷണവും കുടല്‍ ഭാഗങ്ങളും ഉപേക്ഷിക്കുന്നു[19]. ഇവ ചുവന്ന ഉമിനീര് ധാരാളം ഉത്പാദിപ്പിക്കുന്നുണ്ട് ഇത് ഭക്ഷണം വഴുവഴുപ്പുള്ളതാക്കാന്‍ സഹായിക്കുമെങ്കിലും അതൊരു നീണ്ട പ്രക്രിയയാണ് (ഒരു ആടിനെ വിഴുങ്ങാന്‍ 15-20 മിനിട്ടുകള്‍ എടുക്കും). വിഴുങ്ങുന്നതിന്റെ വേഗത കൂട്ടാനും മരത്തില്‍ ശരീരം ശക്തിയായി ഇടിക്കുകയും ചിലപ്പോഴൊക്കെ മരം തന്നെ മറിഞ്ഞ് വീഴാന്‍ അത് കാരണമാകുകയും ചെയ്യാറുണ്ട്. അത്രക്ക ശക്തിയിലാണവയുടെ പ്രഹരം[19]. വിഴുങ്ങുമ്പോള്‍ ശ്വാസോച്ഛ്വാസം തടസ്സപ്പെടാതിരിക്കാന്‍ ഈ ഭീമന്‍ പല്ലികള്‍ നാക്കിനടിയിലൂടെ ശ്വാസകോശങ്ങളിലേക്ക് നേരിട്ട് ബന്ധപ്പെടുന്ന ചെറിയൊരു കുഴലുപയോഗിക്കുന്നു[11]. ശരീരഭാരത്തിന്റെ 80 ശതമാനത്തോളം ഭക്ഷണം ഒരിക്കല്‍ കഴിച്ചാല്‍[5] ദഹനം വേഗത്തിലാകാന്‍ വെയിലേല്‍ക്കാന്‍ പാകത്തില്‍ എവിടെയെങ്കിലും വിശ്രമിക്കുന്നു. മെല്ലെയുള്ള പോഷണ സ്വാംശീകരണം മൂലം ഇവയ്ക്ക് വര്‍ഷത്തില്‍ വെറും 12 പ്രാവശ്യം ഭക്ഷണം കഴിച്ചാല്‍ മതിയാവും[11]. ദഹനത്തിനു ശേഷം കൊമോഡോ ഡ്രാഗണുകള്‍ കൊമ്പ്, രോമങ്ങള്‍, പല്ലുകള്‍ തുടങ്ങിയവ ദുര്‍ഗന്ധം വമിക്കുന്ന മ്യൂക്കസില്‍ പൊതിഞ്ഞ കട്ടകളായി ഛര്‍ദ്ദിക്കുന്നു. മുഖത്തും മറ്റും പുരളുന്ന മ്യൂക്കസ് ഒഴിവാക്കാന്‍ ഇവ മണ്ണിലും കുറ്റിച്ചെടികളിലും മുഖമിട്ടുരക്കാറുണ്ട്. മനുഷ്യനെ പോലെ സ്വന്തം വിസര്‍ജ്ജ്യങ്ങളുടെ ഗന്ധം ഇവയ്ക്കും ഇഷ്ടമല്ലന്നാണ് പറയപ്പെടുന്നത്[11].
കൂട്ടത്തില്‍ വലിപ്പം കൂടിയവ ആദ്യമാദ്യം ഭക്ഷണം കഴിക്കും. ഭക്ഷണം കഴിക്കുന്ന ഊഴത്തില്‍ ചെറിയവ പിന്തുടര്‍ച്ചാവകാശം കാണിക്കാറുണ്ട്. വലിയ മൃഗം തന്റെ ആധിപത്യം കാട്ടുമ്പോള്‍ ചെറിയവ ശരീരഭാഷകൊണ്ടും ശീല്‍ക്കാരം കൊണ്ടും വിധേയത്വം പ്രകടമാക്കും. ഒരേ വലിപ്പമുള്ളവ തമ്മില്‍ മല്‍പ്പിടുത്തമുണ്ടായെന്നുവരാം. തോല്‍ക്കുന്നവര്‍ സാധാരണ ഓടി രക്ഷപെടുന്നു, വിജയികള്‍ പരാജിതരെ കൊന്നു തിന്നുകയും ചെയ്യാറുണ്ട്[11] ള്‍
കൊമോഡോ ഡ്രാഗണുകളുടെ ഭക്ഷണത്തില്‍ നട്ടെല്ലില്ലാത്ത ജീവികള് മറ്റുരഗങ്ങള്‍ (ചെറിയ കൊമോഡോ ഡ്രാഗണുകളടക്കം), പക്ഷികള്‍, പക്ഷിമുട്ടകള്‍, കുരങ്ങുകള്‍, കാട്ടുപന്നികള്‍, ആടുകള്‍, മാനുകള്‍, കുതിരകള്‍, നീര്‍ക്കുതിരകള്‍ മുതലായവ ഉള്‍പ്പെടുന്നു. ചെറിയ കൊമോഡോകള്‍ ഷഡ്പദങ്ങളേയും, മുട്ടകളേയും, ചെറുഉരഗങ്ങളേയും ചെറു സസ്തനികളേയും മറ്റും തിന്നു വിശപ്പടക്കുന്നു[3]. ഇടയ്ക്കിടെ മനുഷ്യരേയും, ശവക്കുഴികളില്‍ നിന്നും തോണ്ടിയെടുത്ത് മനുഷ്യശരീരങ്ങളും തിന്നതായും അറിയപ്പെടുന്നു[16]. ഇത് മൂലം അവിടുത്തെ ഗ്രാമീണര്‍ ശവക്കുഴികള്‍ കളിമണ്ണും പാറയുമുപയോഗിച്ച് ബലപ്പെടുത്താറുണ്ട്[19]. പരിണാമജീവശാസ്ത്രജ്ഞനായ ജാഡ് ഡയമണ്ടിന്റെ അഭിപ്രായത്തില്‍ വംശനാശം വന്നു പോയതും പ്രദേശത്ത് ഒരിക്കല്‍ ജീവിച്ചിരുന്നിരുന്നതുമായ കുള്ളന്‍ ആനകളായ സ്റ്റെഗോഡനേയും ഇവ ഭക്ഷിച്ചിരുന്നു[20]. ഗര്‍ഭിണിയായ ഒരു മാനിനെ ബോധപൂര്‍വ്വം ഞെട്ടിക്കാന്‍ ശ്രമിക്കുന്ന കൊമോഡോ ഡ്രാഗണേയും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. തത്ഫലമായി ഗര്‍ഭം അലസുകയാണെങ്കില്‍ അത് ഭക്ഷിക്കാമെന്നുള്ള ആഫ്രിക്കയിലെ വന്യമൃഗങ്ങളുടെ സാധാരണ തന്ത്രമായിരുന്നു അത്[20].
നെഞ്ചിനടിയിലെ ശ്വാസ പാളി (tThorasic Diaphragm) ഇല്ലാത്തതിനാല്‍ ഇവയ്ക്ക് ജലം വലിച്ചുകുടിക്കാ സാധിക്കില്ല കഴിവില്ല. നാക്ക് താഴ്തി വെള്ളം പിടിക്കാനും ഇവക്ക് പറ്റില്ല. പകരം വായ നിറയെ വെള്ളമെടുത്ത് തലയുയര്‍ത്തുമ്പോള്‍ ജലം തൊണ്ടയ്ക്കുള്ളിലൂടെ സ്വയം ഒഴുകിയകത്തെത്തുകയാണ് ചെയ്യുന്നത്[11].
[തിരുത്തുക] വിഷവും ബാക്റ്റീരിയയും
2005-നൊടുവില്‍ മെല്‍ബോണ്‍ സര്‍വ്വകലാശാലയില്‍ നടന്ന പഠനത്തില്‍ മറ്റൊരു ഭീമന്‍ പല്ലിയായ പെരെന്റൈയും (Varanus giganteus), വേറെ ചില ഭീമന്‍ പല്ലികളും കുറച്ചൊക്കെ വിഷമുള്ളതാവുമെന്നു കണ്ടെത്തി. ഇവയുടെ ഉമിനീരിലുള്ള കീടാണുക്കളുടെഫലമായാണ് വിഷബാധയേല്‍ക്കുന്നതെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ കടിയേറ്റയുടനേയുണ്ടാകുന്ന ചെറു വിഷബാധ ജീവികളുടെ കഴിവാണെന്നു ഗവേഷകര്‍ കണ്ടെത്തി. ലേസ് മോണിറ്റര്‍ (V. varius), കൊമോഡോ ഡ്രാഗണ്‍, ട്രീ മോണിറ്റര്‍ (V. scalaris) തുടങ്ങിയവ ഭീമന്‍ പല്ലികളെക്കൊണ്ട് മനുഷ്യരുടെ വിരലുകളില്‍ കടിപ്പിക്കുകയും അവരെ നിരീക്ഷിക്കുകയുമാണ് ചെയ്തത്. ഒരേ ലക്ഷണങ്ങളാണു ശാത്രജ്ഞന്മാര്‍ കണ്ടത്: മിനിറ്റുകള്‍ക്കകം നീരു ബാധിക്കുകയും, കടിയേറ്റ ഭാഗത്ത് ചോര കട്ടപിടിക്കാതിരിക്കുകയും, മടക്കുകളിലെല്ലാം കടുത്ത വേദന ഉണ്ടാവുകയും ചെയ്തു. ചിലപ്പോള്‍ ഈ ലക്ഷണങ്ങള്‍ മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുകയും ചെയ്തു[21].
കൊമോഡോ ഡ്രാഗണുകളുടെ ഉമിരീനില്‍ വളരെവേഗത്തില്‍ പെരുകുന്ന ബാക്റ്റീരിയയേയും ഉണ്ട് അതില്‍ 28 എണ്ണത്തില്‍ കൂടുതല്‍ ഗ്രാം മെഗറ്റീവും 29 എണ്ണം ഗ്രാം പോസിറ്റീവുമാണ്[22]. ഈ ബാക്റ്റീരിയ രക്തവിഷബാധയുണ്ടാക്കുന്നു. ആദ്യത്തെ കടി ഇരയെ കൊല്ലുന്നില്ലങ്കില്‍ തന്നെ ഒരാഴ്ചക്കുള്ളില്‍ തന്നെ ഇര വിഷബാധയുടെ ഫലത്താല്‍ ചാകുന്നു. എലികളെ ഉപയോഗിച്ചു നടത്തിയ പഠനങ്ങളില്‍ നിന്നും, കൊമോഡോ ഡ്രാഗണുകള്‍ വഹിക്കുന്ന ബാക്റ്റീരിയ പാസ്റ്ററേല മള്‍ട്ടോസിഡ (Pasteurella multocida) ആണെന്നു കരുതുന്നു[23]. ഈ രോഗാണുക്കളില്‍ നിന്നെല്ലാം കോമോഡോ ഡ്രാഗണുകള്‍ക്ക് പ്രതിരോദശേഷി ലഭിക്കുന്നതിനെപറ്റി ഏറെ ശാസ്ത്രജ്ഞര്‍ ഗവേഷണം നടത്തുന്നുണ്ട്[24]. ഗവേഷണങ്ങള്‍ മനുഷ്യനിലും പ്രതിരോധം തീര്‍ക്കാനായേക്കുന്ന തന്മാത്രയെ വേര്‍തിരിച്ചെടുക്കാനുംകൂടിയാണ്>
[തിരുത്തുക] പ്രത്യുത്പാദനം
മേയ് ഓഗസ്റ്റ് മാസങ്ങളിലാണ് ഇണ ചേരല്‍ നടക്കുന്നത്, സെപ്റ്റംബറില്‍ മുട്ടകളിടുന്നു[24]. ആണ്‍ ജീവികള്‍ പെണ്‍ജീവികളുടെ പരിധിക്കുള്ളില്‍ ആക്രമിച്ചു കയറിയാണ് ഇണചേരല്‍ സാധ്യമാക്കുന്നത്. പിന്‍കാലുകളില്‍ ഉയര്‍ന്നു നിന്ന് കൈയ്ക്കു കൈ യുദ്ധമാണ് നടത്താറ്, പരാജിതയെ നിലവുമായി ബന്ധിച്ചിടുന്നു. ഈ യുദ്ധത്തിനു മുമ്പ് ആണ്‍ജീവികള്‍ ഛര്‍ദ്ദിക്കുകയും വിസര്‍ജ്ജിക്കുകയും ചെയ്യാറുണ്ട്[16]. ഇണയുടെ യോഗ്യതയെക്കുറിച്ചറിയാന്‍ പിന്നീട് തന്റെ നീണ്ട നാക്കുപയോഗിച്ച് ആണ് പെണ്ണിനെ പരിശോധിക്കുന്നു[5]. പെണ്‍ജീവികള്‍ പല്ലും നഖവുമുപയോഗിച്ച് എതിര്‍ക്കാറുണ്ട്, എന്നാല്‍ ആണ്‍ജീവി മുറിവുകളൊന്നും പറ്റാതിരിക്കാന്‍ ശ്രദ്ധാലുവായിരിക്കും, മുഖമുരസിയും പുറം ചൊറിഞ്ഞും നക്കിയും സ്നേഹം പ്രകടിപ്പിക്കാറുമുണ്ട്[25] . ഉരഗങ്ങളില്‍ അപൂര്‍വ്വങ്ങളായ ഏകപത്നി-ഏകപതി സ്വഭാവവും ഇവയില്‍ കണ്ടുവരുന്നു[16].
കുന്നിന്‍ ചെരുവുകളിലും ഭിത്തികളിലും ഓറഞ്ച് പാദ സ്ക്രബ്ഫൌള്‍ (Orange-footed Scrubfowl അഥവാ Moundbuilder അഥവാ Megapode) എന്ന പക്ഷി നിര്‍മ്മിച്ചുപയോഗിച്ചുപേക്ഷിച്ചു പോകുന്ന കൂട്ടിലാണ് പെണ്‍ കൊമോഡോ ഡ്രാഗണുകള്‍ മുട്ടയിടാറുള്ളത്[26]. വിരിയാനായി ഏഴെട്ടുമാസമെടുക്കുന്ന ഇരുപതോളം മുട്ടകളാണ് കൂട്ടിലുണ്ടാവുക[16]. ഏപ്രില്‍ മാസത്തില്‍ മഴക്കാലത്തിനൊടുവില്‍ ധാരാളം ഷഡ്പദങ്ങളുള്ളപ്പോള്‍ വിരിയാന്‍ പാകത്തിനാവും അവയുണ്ടാവുക. വിരിയുക എന്നത് കൊച്ച് കൊമോഡോകള്‍ക്ക് ശ്രമകരമായ പണിയാണ്. തങ്ങളുടെ മുട്ടപ്പല്ല് (Egg tooth) ഉപയോഗിച്ച് മുട്ടത്തോട് പൊട്ടിക്കുന്ന ഇവ പിന്നെ മണിക്കൂറുകളോളം അതിനുള്ളില്‍ തന്നെ വിശ്രമിക്കുന്നു. പിന്നീട് കുഴിയില്‍ നിന്നും പുറത്തു കടക്കേണ്ടതുണ്ട്. ജനിച്ചുവീഴുമ്പോള്‍ യാതൊരു പ്രതിരോധ ശക്തിയുമില്ലാത്ത ഇവയെ മറ്റിരപിടിയന്മാര്‍ ധാരാളമായി തിന്നുന്നു[11].
കൊച്ചു കൊമോഡോ ഡ്രാഗണുകള്‍ ജീവിതത്തില്‍ ആദ്യ കുറച്ചു വര്‍ഷങ്ങള്‍ താരതമ്യേന സുരക്ഷിതമായ അഭയസ്ഥാനങ്ങളായ മരങ്ങളില്‍ താമസമാക്കുന്നു. അവിടെ അവ പ്രായപൂര്‍ത്തിയായ കൊമോഡോ ഡ്രാഗണുകളടക്കമുള്ള മറ്റ് ഇരപിടിയന്മാരില്‍ നിന്നും സുരക്ഷിതരായിരിക്കും. കൊമോഡോ ഡ്രാഗണുകളുടെ ഭക്ഷണത്തിന്റെ 10% സ്വന്തം കുഞ്ഞുങ്ങള്‍ തന്നെയാണ്. ഇടത്തരം ഇരകള്‍ ദ്വീപുകളില്‍ കുറവായതുകൊണ്ടാണ് കൊമോഡോകള്‍ സ്വവംശഭോജികളായത് എന്നാണ് ഡേവിഡ് ആറ്റന്‍ബറോയുടെ അഭിപ്രായം[27]. മുതിര്‍ന്ന കൊമോഡോ സമീപിക്കുമ്പോള്‍ വിസര്‍ജ്ജ്യത്തില്‍ കിടന്നുരുണ്ടും മറ്റും അവയെ പിന്തിരിപ്പിക്കാന്‍ ചെറിയവ ശ്രമിക്കാറുണ്ട്[16]. കൊമോഡോ ഡ്രാഗണുകള്‍ മൂന്നുമുതല്‍ അഞ്ച് വര്‍ഷം വരെയെടുത്താണ് പൂര്‍ണ്ണവളര്‍ച്ചയെത്തുക, പിന്നീട് 50 കൊല്ലം വരെ ജീവിച്ചിരിക്കാറുമുണ്ട്[28].
[തിരുത്തുക] ബീജരഹിത പ്രത്യുത്പാദനം
ലണ്ടന്‍ മൃഗശാലയില്‍ സുന്‍ഗായി എന്ന പേരില്‍ അറിയപ്പെട്ട കൊമോഡോ ഡ്രാഗണ്‍ 2005 ഒടുവില്‍ ആണ്‍കൊമോഡോയില്‍ നിന്നകന്ന് രണ്ട് വര്‍ഷത്തിനു ശേഷം മുട്ടകളിട്ടു. ആണ്‍പ്രജയുമായുള്ള മുന്‍സംയോജനത്തിലെ ബീജങ്ങള്‍ അവള്‍ സൂക്ഷിച്ച് വച്ച് ഉപയോഗിച്ചതാവാമായിരിക്കും(superfecundation) എന്നാണ് ശാസ്ത്രജ്ഞര്‍ ആദ്യം കരുതിയത്[29]. എന്നാല്‍ 2006 ഡിസംബര്‍ 20-ന് ഇംഗ്ലണ്ടിലെ തന്നെ ചെസ്റ്റര്‍ മൃഗശാലയിലെ ഫ്ലോറ എന്ന കൊമോഡോ ഡ്രാഗണും ഇങ്ങിനെ 11 മുട്ടകളിട്ടു; അതില്‍ 7 എണ്ണം വിരിയുകയും ചെയ്തു, എല്ലാം ആണ്‍ജീവികളായിരിക്കുകയും ചെയ്തു[30]. വടക്കന്‍ ഇംഗ്ലണ്ടിലെ ലിവര്‍പൂള്‍ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ അടവെയ്ക്കാനായി മാറ്റിയപ്പോള്‍ ഉടഞ്ഞുപോയ മൂന്നു മുട്ടകളില്‍ നടത്തിയ പഠനങ്ങള്‍ ഫ്ലോറയ്ക്ക് പുരുഷസാമീപ്യം ലഭിച്ചിട്ടില്ലന്നു മനസ്സിലായി. അതിനു ശേഷം സുന്‍ഗായിയുടെ മുട്ടകളില്‍ നടന്ന പഠനവും അവയില്‍ ബീജസംയോജനം നടന്നിട്ടില്ലന്നു വെളിവാക്കി.[31]
കൊമോഡോ ഡ്രാഗണുകള്‍ക്ക് സസ്തനികളിലെ എക്സ്.വൈ. ലിംഗ നിര്‍ണ്ണയ രീതി അല്ല, മറിച്ച് സെഡ്.ഡബ്ല്യു. ലിംഗ നിര്‍ണ്ണയ രീതി ആണുള്ളത്. അതുകൊണ്ട് മാതാവിന് പുത്രന്മാരെ സൃഷ്ടിക്കാന്‍ കഴിയും, ഉദാഹരണമായി ഫ്ലോറയുടെ മുട്ടകളിലെല്ലാം ഒരേ തരത്തിലുള്ള ക്രോമസോം ആയിരുന്നു ഉണ്ടായിരുന്നത് അത് പിന്നീടാണ് ഇരട്ട ക്രോമസോം ഉള്ളതായി തീര്‍ന്നത്. ഒരു പെണ്‍ കൊമോഡോ ഡ്രാഗണ് (സെഡ്.ഡബ്ല്യു ക്രോമസോമാണ് പെണ്ണിനുള്ളത്) ഒരൊറ്റ ക്രോമസോം ഉപയോഗിച്ച് പ്രത്യുത്പാദനം സാധ്യമാകും. ഈ ഒരൊറ്റ ഗണം ക്രോമസോം മുട്ടക്കുള്ളില്‍ വച്ച് രണ്ടാകുന്നു. സെഡ് ക്രോമസോം ലഭിക്കുന്നവ സെഡ്.സെഡ്. ആകുന്നു (പുത്രന്‍). ഡബ്ല്യു ലഭിച്ച ഡബ്ല്യു.ഡബ്ല്യു. ആകുന്നവ നശിച്ചും പോകുന്നു[32][33].
ഈ പ്രതിഭാസം പഠിച്ച ശാസ്ത്രജ്ഞര്‍ എത്തിയ നിഗമനം ഒരു പെണ്‍ കൊമോഡോ ഡ്രാഗണ്‍ എവിടെയെങ്കിലും നല്ലൊരു ആവാസവ്യവസ്ഥയില്‍ ഒറ്റപ്പെട്ടുപോയാല്‍ (ഒരു ദ്വീപിലോ മറ്റോ) ഇത്തരത്തില്‍ വംശം നിലനിര്‍ത്തുന്നതിനാണ് എന്നാണ് (ഒരിക്കല്‍ പുത്രന്മാരുണ്ടായാല്‍ പിന്നെ ലൈംഗിക പ്രത്യുത്പാദനം തുടരാവുന്നതാണ്)[32]. ഇങ്ങിനെയുള്ള ഗുണങ്ങളുണ്ടെങ്കിലും ജനിതക വൈവിധ്യം നഷ്ടമാകാനിടയുള്ളതിനാല്‍ മൃഗശാലകള്‍ ഇതു സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്[34].
2008 ജനുവരി 31-നു അമേരിക്കയിലെ കാന്‍സാസിലുള്ള സെഡ്വിഗ് മൃഗശാലയിലും ബീജരഹിത പ്രത്യുത്പാദനം നടന്നു. മൃഗശാലയിലുണ്ടായിരുന്ന രണ്ട് പെണ്‍ കോമഡോ ഡ്രാഗണുകളിലൊന്ന് 2007 മേയ് 19 - 20 തീയതികളിലായി 17 മുട്ടകളിട്ടു. സ്ഥലപരിമിതിമൂലം രണ്ട് മുട്ടകള്‍ മാത്രമേ മൃഗശാലയില്‍ അടവച്ചുള്ളു. 2008 ജനുവരി 31-നു ആദ്യമുട്ടയും ഫെബ്രുവരി 1-നു രണ്ടാമത്തെ മുട്ടയും വിരിഞ്ഞു. രണ്ടും ആണ്‍കുഞ്ഞുങ്ങളായിരുന്നു[35][36].
[തിരുത്തുക] ചരിത്രം
[തിരുത്തുക] പാശ്ചാത്യലോകത്തിനുള്ള അറിവ്
ഡച്ച് കോളനി ഭരണത്തിലെ ലെഫ്റ്റനന്റ് വാന്‍ സ്റ്റെയ്ന്‍ വാന്‍ ഹെന്‍സ്ബ്രോക്കിനെ (van Steyn van Hensbroek) ‘കര മുതലകള്‍‘ സമീപിച്ചു എന്ന കേട്ടുകേള്‍വിയെ തുടര്‍ന്ന് 1910 -ല്‍ ആണ് യൂറോപ്യന്മാര്‍ ആദ്യമായി കൊമോഡോ ഡ്രാഗണെക്കുറിച്ച് രേഖപ്പെടുത്തിയത്[37]. 1912-ല്‍ ജാവാ ദ്വീപിലെ ജന്തുശാസ്ത്രമ്യൂസിയം ഡിറക്റ്ററായ പീറ്റര്‍ ഓവന്‍സ് ഈ വിഷയത്തെക്കുറിച്ച് ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചതിനു ശേഷമാണ് ഈ ജീവികള്‍ക്ക് വന്‍ പ്രസിദ്ധി കൈവന്നത്. ഒരു ലെഫ്റ്റനെന്റിന്റെ കൈയ്യില്‍ നിന്നും ഒരു നിശ്ചലചിത്രവും ജീവിയുടെ തുകലും, മറ്റൊരു ശേഖരണകുതുകിയുടെ കൈയില്‍ നിന്നും അതേ സമയത്തു തന്നെ രണ്ട് മാതൃകകളും ഓവന്‍സിനു ലഭിച്ചതിനെത്തുടര്‍ന്നാണ് അദ്ദേഹം ഈ പ്രബന്ധം പ്രസിദ്ധീകരിച്ചത്[9][16]. 1926-ല്‍ അമേരിക്കന്‍ മ്യൂസിയം ഓഫ് നാച്വറല്‍ ഹിസ്റ്ററിയിലെ ഒരു ട്രസ്റ്റിയായ വില്ല്യം ഡഗ്ലസ് ബര്‍ഡന്‍ കൊമോഡോ ദ്വീപിലേക്കു നടത്തിയ സാഹസിക യാത്രയ്ക്കൊടുവില്‍ രണ്ടു ജീവനുള്ള ഡ്രാഗണുകളേയും 12 സ്റ്റഫ് ചെയ്ത മാതൃകകളും അമേരിക്കയിലെത്തിച്ചു. 1933-ല്‍ പുറത്തിറങ്ങിയ കിങ് കോങ് എന്ന ചലച്ചിത്രത്തിനു പ്രേരകമായും ഈ യാത്ര ഭവിച്ചു[38]. ബര്‍ഡനാണ് ജീവിയ്ക്ക് കൊമോഡോ ഡ്രാഗണെന്നു പേരു നല്‍കിയത്[18] ഡഗ്ലസ് ബര്‍ഡന്‍ കൊണ്ടുവന്ന മൂന്നു മാതൃകകള്‍ അമേരിക്കന്‍ നാചുറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ ഇന്നുമുണ്ട്[39].
[തിരുത്തുക] പഠനങ്ങള്‍
ജീവികളുടെ എണ്ണത്തിലുണ്ടായ ക്രമാതീതമായ കുറവിനെത്തുടര്‍ന്ന് കൊമോഡോ ദ്വീപുകള്‍ നിയന്ത്രിച്ചിരുന്ന ഡച്ചുകാര്‍ വിനോദത്തിനായുള്ള നായാട്ടും, പഠനത്തിനായി ജീവികളെ കൊണ്ടുപോകുന്നതും നിരോധിച്ചു. രണ്ടാം ലോകമഹായുദ്ധത്തോടെ ഡ്രാഗണുകള്‍ക്കായുള്ള പടിഞ്ഞാറന്‍ സാഹസികരുടെ യാത്രകള്‍ വളരെ കുറഞ്ഞു. 1950-1960-കളിലാണ് ഇവയുടെ ഭക്ഷണക്രമം, പ്രത്യുല്പാദനം, ശരീരതാപനില എന്നിവയെക്കുറിച്ചുള്ള പഠനങ്ങള്‍ പുനരാരംഭിച്ചത്. 1969-ല്‍ അമേരിക്കയിലെ ഫ്ലോറിഡ നാച്ച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിന്റെ അദ്ധ്യക്ഷനായിരുന്ന വാള്‍ട്ടര്‍ ഓഫന്‍ബര്‍ഗും കുടുംബവും പതിനൊന്നു മാസക്കാലം കൊമോഡോ ദ്വീപില്‍ താമസിച്ച് ഡ്രാഗണുകളെക്കുറിച്ചുള്ള ഒരു വിശദമായ പഠനം നടത്തി. 1969-ല്‍ വാള്‍ട്ടര്‍ ഓഫന്‍ബര്‍ഗും സഹായി പുത്ര ശസ്ത്രവാനും ചേര്‍ന്ന് അമ്പതിലധികം കൊമോഡോ ഡ്രാഗണുകളെ അടയാളപ്പെടുത്തി വിട്ടിരുന്നു[24]. ഈ പഠനം ഇവയെ പിടികൂടി വളര്‍ത്താന്‍ കാരണമായി[2]. ഏറെ വിവരങ്ങള്‍ വെളിപ്പെട്ട ആ പഠനത്തിനു ശേഷം, ക്ലൌഡിയോ സിയോഫിയെ പോലുള്ള ജന്തു ശാസ്ത്രജ്ഞര്‍ പഠനം തുടരുന്നുണ്ട്[40].
[തിരുത്തുക] സംരക്ഷണം
കൊമോഡോ ഡ്രാഗണ്‍ വംശനാശത്തിന്റെ വക്കില്‍ നില്‍ക്കുന്ന ജീവിയാണെന്ന് ഐ.യു.സി.എന്‍ കണ്ടെത്തി ചുവന്ന പട്ടികയില്‍ ചേര്‍ത്തു[41]. 4,000 മുതല്‍ 5,000 വരെ കൊമോഡോ ഡ്രാഗണുകള്‍ വന്യാവസ്ഥയില്‍ ഇന്നുണ്ട്. ജനസംഖ്യാവിതരണം ഇപ്രകാരമാണ്: ഗിലി മോതങ് -100, ഗിലി ദസമി -100, റിന്‍ക-1300, ഫ്ലോര്‍സ്- 2000[2]. പ്രത്യുത്പാദനം നടത്തുന്ന 300 പെണ്‍ ഡ്രാഗണുകളുണ്ടെന്ന് തീര്‍ച്ചയാണ്[8]. സംരക്ഷണത്തിനായി മാത്രം 1980-ല്‍ കൊമോഡോ, റിന്‍ക, പദര്‍ ദ്വീപുകളിലായി കൊമോഡോ ദേശീയോദ്യാനം സ്ഥാപിതമായി[42]. പിന്നീട് വേ വൂള്‍, വോളോ താഡോ എന്നിങ്ങനെ രണ്ട് സംരക്ഷണ പ്രദേശങ്ങള്‍ ഫ്ലോറയിലായി ഇതിനു തുറന്നു[40]. കൊമോഡോ ഡ്രാഗണുകള്‍ മനുഷ്യരോട് ഇണങ്ങിയതിനാല്‍ കൊമോഡോ ഡ്രാഗണുകള്‍ക്ക് ഭക്ഷണം നല്‍കാനായി നിരവധി കേന്ദ്രങ്ങള്‍ അവിടുണ്ട്[3].
അഗ്നിപര്‍വ്വത പ്രവര്‍ത്തനങ്ങള്‍, ഭൂകമ്പം, ആവാസവ്യവസ്ഥയുടെ നാശം, തീ (പദറിലെ ജീവികളെ അവിടുണ്ടായ കാട്ടുതീയ്ക്കു ശേഷം അത്ഭുതകരമായി കാണാതായി)[40][11] ഇരകളിലുണ്ടായ കുറവ്, വിനോദസഞ്ചാരം, വേട്ട മുതലായവയെല്ലാം ഇവ നാശോന്മുഖമാകാന്‍ കാരണമായി. സൈറ്റ്സിന്റെ (CITES -the Convention on International Trade in Endangered Species) ഒന്നാം അനുബന്ധം അനുസരിച്ച് തോലിന്റേയും സ്പെസിമനുകളുടേയും വ്യാപാരം നിയമവിരുദ്ധമാണ്[15][43].
ഓസ്റ്റ്രേലിയന്‍ ജീവശാസ്ത്രജ്ഞനായ ടിം ഫ്ലാനെറി കൊമോഡോ ഡ്രാഗണുകള്‍ക്കായി ഓസ്റ്റ്രേലിയന്‍ ജൈവവ്യവസ്ഥ, അതായത് മെഗാലാനിയ എന്ന വംശനാശം വന്ന ഓസ്റ്റ്രേലിയന്‍ ഭീമന്‍ പല്ലികള്‍ ഒഴിച്ചിട്ട പ്രദേശം തുറന്നു കൊടുക്കാവുന്നതാണെന്ന് നിര്‍ദ്ദേശിച്ചു. കൊമോഡോ ഡ്രാഗണുകള്‍ക്ക് പുതിയ വാസപ്രദേശത്ത് താമസിക്കുമ്പോഴുണ്ടാകാവുന്ന പ്രശ്നങ്ങളേക്കുറിച്ചും മനുഷ്യര്‍ക്കുണ്ടാകാവുന്ന പ്രശ്നങ്ങളെക്കുറിച്ചും പഠിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഉപ്പുവെള്ള മുതലകളുമായി പ്രദേശവാസികള്‍ കൈക്കൊണ്ടു വരുന്ന വിജയകരമായ സഹവാസത്തെക്കുറിച്ചും അദ്ദേഹം ഉദാഹരിച്ചു[44].
ആക്രമണങ്ങള്‍ വളരെ വിരളമാണെങ്കിലും കൊമോഡോ ഡ്രാഗണുകള്‍ മനുഷ്യനെ കൊന്നിട്ടുണ്ട്. 2007 ജൂണ്‍ 4-നു എട്ടുവയസ്സുള്ള ഒരാണ്‍കുട്ടിയെ കൊമോഡോ ദ്വീപില്‍ വച്ച് ആക്രമിക്കുകയും മുറിവുകളിലൂടെ രക്തം വാര്‍ന്ന് കുട്ടി മരിക്കുകയും ചെയ്തിട്ടുണ്ട്. 33 വര്‍ഷത്തിനിടെയുണ്ടായ മരണകാരണമായ ആക്രമണമായിരുന്നു അത്[45].
[തിരുത്തുക] മനുഷ്യബന്ധനത്തില്‍
കൊമോഡോ ഡ്രാഗണുകള്‍ക്ക് മൃഗശാലയിലേക്ക് ആള്‍ക്കാരെ ആകര്‍ഷിക്കാനുള്ള കഴിവുണ്ട്, അവയുടെ ഭീമാകാരം കാണാന്‍ ആള്‍ക്കാര്‍ എത്താറുമുണ്ട്. പക്ഷേ അപൂര്‍വ്വം മൃഗശാലകളിലേ ഇവയുള്ളു കാരണം വനത്തില്‍ നിന്നു പിടിക്കുന്ന മൃഗങ്ങള്‍ പല പരാദരോഗങ്ങളെയും അണുബാധകളേയും അതിജീവിക്കാന്‍ പ്രാപ്തമായിരിക്കില്ല. പ്രത്യുത്പാദനം വേഗത്തില്‍ നടക്കാറുമില്ല[8].
അമേരിക്കന്‍ ഐക്യനാടുകളിലെ സ്മിത്‌സോണിയന്‍ മൃഗശാലയില്‍ 1934-ല്‍ ആദ്യ കൊമോഡോ ഡ്രാഗണെ കൊണ്ടുവന്നെങ്കിലും അത് രണ്ട് കൊല്ലം മാത്രമേ ജീവിച്ചിരുന്നുള്ളു. കൂടുതല്‍ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും പിടിയിലെ ജീവിതം ശരാശരി അഞ്ചുകൊല്ലമേ നീണ്ടുനിന്നിരുന്നുള്ളു. വാള്‍ട്ടര്‍ ഓഫന്‍ബര്‍ഗ് നടത്തി ‘ദ് ബിഹേവിയറല്‍ ഇകോളജി ഓഫ് തെ കൊമോഡോ മോണിറ്റര്‍‘ (The Behavioral Ecology of the Komodo Monitor“) എന്ന പേരില്‍ പ്രസിദ്ധീകരിച്ച പഠനങ്ങള്‍ കൂടുതല്‍ വിജയകരമായി എങ്ങിനെ ഇവയെ നാട്ടില്‍ വളര്‍ത്താമെന്നു കണ്ടെത്തിത്തന്നു[2].
മനുഷ്യബന്ധനത്തില്‍ വളരുന്ന പല കൊമോഡോ ഡ്രാഗണുകളും കുറഞ്ഞകാലയളവില്‍ തന്നെ താരതമ്യേന ഇണങ്ങുന്നതായി കണ്ടുവരുന്നു. പലസൂക്ഷിപ്പുകാരും ഈ ജീവികളെ കുട്ടികളടക്കമുള്ള മൃഗശാലാസന്ദര്‍ശകരുടെ അടുത്ത് അപായമൊന്നും സംഭവിക്കാതെ കൊണ്ടുവരാറുണ്ട്[46][47]. ഈ ജീവികള്‍ക്ക് വ്യത്യസ്ത വ്യക്തികളെ തിരിച്ചറിയാനുള്ള കഴിവുമുണ്ടെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ഡള്ളാസ് മൃഗശാലയിലെ റസ്റ്റണ്‍ ഹാര്‍ട്ടണ്‍ പറയുന്നതനുസരിച്ച് കൊമോഡോ ഡ്രാഗണുകള്‍ സ്ഥിരം സൂക്ഷിപ്പുകാരനോടും ഇടക്കിടെ വരുന്നയാളോടും ഒട്ടും പരിചയമില്ലാത്തയാളോടും ഇടപഴകുന്നത് വ്യത്യസ്ഥമായിട്ടായിരിക്കുമെന്നാണ്[48].
നാട്ടില്‍ വളരുന്ന കൊമോഡോ ഡ്രാഗണുകളില്‍ നടത്തിയ പഠനങ്ങള്‍ ഇവ കളികളില്‍ ഏര്‍പ്പെടുന്നുണ്ടെന്നു വെളിവാക്കി. ഒരു പഠനത്തില്‍ ഒരു മൃഗം തന്റെ സൂക്ഷിപ്പുകാരന്‍ ഉപേക്ഷിച്ചു പോയ കൈക്കോട്ട് തള്ളിക്കൊണ്ട് നടക്കുന്നതായാണ് കണ്ടത്, പ്രത്യേകിച്ചും അവ പാറപ്രദേശത്ത് ഒച്ച കേള്‍പ്പിച്ചു തള്ളിയിരുന്നു. അമേരിക്കയിലെ വാഷിങ്ടണ്‍ ഡി.സി.യിലെ ദേശീയോദ്യാനത്തില്‍ വളര്‍ന്ന ഒരു കൊമോഡോ പെണ്‍കുട്ടി പ്രതിമകളും, പാട്ടക്കുപ്പികളും, പ്ലാസ്റ്റിക് വളയങ്ങളും മറ്റും വലിച്ചുകൊണ്ടു നടക്കുന്നതിലും ഇളക്കുന്നതിലും ആനന്ദം കണ്ടെത്തി. പെട്ടികളിലും ഷൂവുകളിലും തലയിടാനും ഈ ജീവി ശ്രമിച്ചിരുന്നു. എലിയുടെ ചോരയാല്‍ നനച്ചിരുന്നാല്‍ മാത്രമേ അവള്‍ അതെല്ലാം വിഴുങ്ങാന്‍ ശ്രമിച്ചിരുന്നുള്ളു എന്നതിനാല്‍ അത് ഭക്ഷണമല്ലന്നു തെറ്റിദ്ധരിച്ചല്ലന്നുറപ്പാണ്. ഇത്തരം കളികള്‍ സസ്തനികള്‍ക്കിടയിലെ കളികളുമായി പെട്ടന്നു താരതമ്യം ചെയ്തു പോവും[5].
അമേരിക്കയിലെ ടെന്നിസീ സര്‍വ്വകലാശാലയില്‍ 1992 സെപ്റ്റംബര്‍ 13-നു ജനിച്ച ഇന്തോനേഷ്യക്കു പുറത്ത് മനുഷ്യന്‍ ആദ്യം വിരിയിച്ച കോമഡോ ഡ്രാഗണായ “ക്രാക്കണ്‍” കുട്ടിയായിരുന്നപ്പോള്‍ ഇതുപോലെ പ്ലാസ്റ്റിക് വളയങ്ങളും, ഒരു ഷൂ, ഒരു പാട്ട മുതലായവ ഉപയോഗിച്ച് കളിച്ചിരുന്നു. അതും ഭക്ഷണത്തെ സമീപിക്കുന്നതില്‍ നിന്നും വ്യത്യസ്തമായാണ് കളിപ്പാട്ടങ്ങളെ സമീപിച്ചിരുന്നത്. പ്രധാന ഗവേഷകനായ ഗോര്‍ഡന്‍ ബര്‍ഗാര്‍ട്ടിന്റെ അഭിപ്രായത്തില്‍ ഈ കളികളെല്ലാം ഇരപിടുത്തപഠനം ലക്ഷ്യം വച്ചുള്ളതായിരുന്നു[49][9].
ചിലപ്പോള്‍ അപ്രതീക്ഷിതമായി, പ്രത്യേകിച്ച് അധീനപ്രദേശത്തേയ്ക്ക് അപരിചിതര്‍ കടന്നുവന്നാല്‍ ഇവ ആക്രമണകാരികളാകാറുണ്ട്. 2001 ജൂണില്‍ ‘സാന്‍ ഫ്രാന്‍സിസ്കോ ക്രോണിക്കിള്‍‘ എന്ന പത്രത്തിന്റെ എഡിറ്ററായ ഫില്‍ ബ്രോന്‍സ്റ്റണ്‍ ഇത്തരത്തില്‍ ഗൌരവതരമായ പരിക്കേറ്റിരുന്നു. അദ്ദേഹം ലോസാഞ്ചലസ് മൃഗശാലയില്‍ സൂക്ഷിപ്പുകാരന്‍ സ്വാഗതം ചെയ്തതിനെത്തുടര്‍ന്ന് അടുത്തു ചെന്നപ്പോഴായിരുന്നു ഇത്. അദ്ദേഹത്തിന്റെ വെളുത്ത ഷൂ ജീവിയെ പ്രകോപിച്ചേക്കാം എന്ന സൂക്ഷിപ്പുകാരന്റെ ഉപദേശമനുസരിച്ച് ഷൂ അഴിച്ചപ്പോള്‍ നഗ്നമായ കാലിലായിരുന്നു കടി കിട്ടിയത്[50][51]. അദ്ദേഹം രക്ഷപെട്ടെങ്കിലും കാല്‍ ശരിയാകാന്‍ ശസ്ത്രക്രിയവേണ്ടി വന്നു[52].
[തിരുത്തുക] കുറിപ്പുകള്‍
- ^ പല്ലുകള്‍ എല്ലില്‍ ഉറപ്പിച്ചിരിക്കുന്ന ഭാഗത്ത് മാത്രമേ മോണ മൂടിക്കിടക്കുകയുള്ളൂ. എന്നാല്‍ അപൂര്‍വമായി ഇത് പല്ലുകളുടേ മേലേക്ക് വളരാറുണ്ട്, ഇതിനെ ജിന്‍ജൈവല്‍ ഹൈപ്പെര്‍ പ്ലാസിയ എന്നും മോനയുടെ കോശങ്ങളൂടെ വലുപ്പം കൂടി ഉണ്ടാകുന്ന ദശക്ക് ജിന്‍ജൈവല്‍ ഹൈപ്പെര്‍ ട്റൊഫി എന്നും പറയും. ഡ്രാഗണുകളുടെ പല്ലുകള്‍ ഏതാണ് പൂര്‍ണ്ണമായും മോണകൊണ്ട് മൂടപ്പെട്ടിരിക്കുന്നതിനാല്‍ ചവക്കുമ്പോള്‍ മോണ മുറിഞ്ഞ് രക്തം വരുമെന്നതാണ് പ്രസ്താവിച്ചിരിക്കുന്നത്.
[തിരുത്തുക] അവലംബം
- ↑ 1.0 1.1 Varanus komodoensis (TSN 202168). Integrated Taxonomic Information System. Retrieved on 19 June 2007.
- ↑ 2.0 2.1 2.2 2.3 Trooper Walsh;Murphy, James Jerome; Claudio Ciofi; Colomba De LA Panouse. Komodo Dragons: Biology and Conservation (Zoo and AquariumBiology and Conservation Series). Washington, D.C.: SmithsonianBooks. ISBN 1-58834-073-2.
- ↑ 3.0 3.1 3.2 3.3 Chris Mattison, (1989 & 1992). Lizards of the World. New York: Facts on File. pp. pp. 16, 57, 99, 175. ISBN 0-8160-5716-8.
- ↑ Burness G, Diamond J, Flannery T (2001). "Dinosaurs, dragons, and dwarfs: theevolution of maximal body size". Proc Natl Acad Sci U S A 98 (25): 14518-23. PMID 11724953.
- ↑ 5.0 5.1 5.2 5.3 Tim Halliday(Editor), Kraig Adler (Editor). Firefly Encyclopedia of Reptiles and Amphibians. Hove: Firefly Books Ltd. pp. 112, 113, 144, 147, 168, 169. ISBN 1-55297-613-0.
- ↑ http://www.nature.com/nature/journal/v444/n7122/full/4441021a.html;jsessionid=97944BF417119D462D0B87A1460A87B6
- ↑ "'Virgin births' for giant lizards", ബിബിസി, 2006 നവംബര്‍ 16. ശേഖരിച്ചത് 17-07-2008. (ഇംഗ്ലീഷ്)
- ↑ 8.0 8.1 8.2 Endangered! Ora. American Museum of Natural History. ശേഖരിച്ചത് 2007-01-15.
- ↑ 9.0 9.1 9.2 9.3 9.4 9.5 Ciofi, Claudio. The Komodo Dragon. Scientific American. ശേഖരിച്ചത് 2006-12-21.
- ↑ 10.0 10.1 Burnie, David; Don E. Wilson (2001). Animal. New York, New York: DK Publishing,Inc.. pp. 417, 420. ISBN 0-7894-7764-5.
- ↑ 11.00 11.01 11.02 11.03 11.04 11.05 11.06 11.07 11.08 11.09 11.10 11.11 11.12 11.13 Tara Darling (Illustrator). Komodo Dragon: On Location (Darling, Kathy. on Location.). Lothrop, Lee and Shepard Books. ISBN 0-688-13777-6.
- ↑ 12.0 12.1 12.2 [http://web.archive.org/web/20061127173608/http://www.szgdocent.org/resource/rr/c-komodo.htm Komodo Dragon]. Singapore Zoological Gardens. Archived from the original on 2006-11-27. ശേഖരിച്ചത് 2006-12-21.
- ↑ Komodo Conundrum. bbc.co.uk. ശേഖരിച്ചത് 2007-11-25.
- ↑ 14.0 14.1 Komodo Dragon Fact Sheet. National Zoo. ശേഖരിച്ചത് 2007-11-25.
- ↑ 15.0 15.1 Zipcodezoo: Varanus komodoensis (Komodo Dragon, Komodo Island Monitor, Komodo Monitor). BayScience Foundation, Inc.. ശേഖരിച്ചത് 2007-02-01.
- ↑ 16.0 16.1 16.2 16.3 16.4 16.5 16.6 text by David Badger; photography by John Netherton (2002). Lizards: A Natural History of Some Uncommon Creatures, Extraordinary Chameleons, Iguanas, Geckos, and More. Stillwater, MN: Voyageur Press. pp. 32, 52, 78, 81, 84, 140-145, 151. ISBN 0-89658-520-4.
- ↑ Eric R. Pianka and Laurie J. Vitt; with a foreword by Harry W. Greene (2003). Lizards: Windows to the Evolution of Diversity. Berkeley: University of California Press. pp. 244. ISBN 0-520-23401-4.
- ↑ 18.0 18.1 Komodo National Park. Komodo Foundation. ശേഖരിച്ചത് 2007-10-25.
- ↑ 19.0 19.1 19.2 19.3 Alison Ballance; Morris, Rod. South Sea Islands: A Natural History. Hove: Firefly Books Ltd. ISBN 1-55297-609-2.
- ↑ 20.0 20.1 Diamond, Jared M. (1987). "Did Komodo dragons evolve to eat pygmy elephants?". Nature 326 (6116): 832. DOI:10.1038/326832a0.
- ↑ Fry, Brian G., et al.. Early Evolution of the Venom System in Lizards and Snakes (PDF). The Center for North American Herpetology. ശേഖരിച്ചത് 2008-03-13.
- ↑ Montgomery JM, Gillespie D, Sastrawan P, Fredeking TM, Stewart GL (2002). "Aerobic salivary bacteria in wild and captive Komodo dragons". J. Wildl. Dis. 38 (3): 545–51. PMID 12238371.
- ↑ Feldman, Ruth Tenzer (Feb 2007). "Dragon Drool!". Odyssey 16.2: 49.
- ↑ 24.0 24.1 24.2 Cheater, Mark (August/September 2003). "Chasing the Magic Dragon". National Wildlife Magazine 41 (5).
- ↑ Komodo Dragon. San Diego Zoo. Archived from the original on 2005-12-16. ശേഖരിച്ചത് 2008-01-24.
- ↑ Jessop, Tim S., et al.. Distribution, Use and Selection of Nest Type by Komodo Dragons (PDF). Elsevier. ശേഖരിച്ചത് 2008-03-13.
- ↑ Attenborough, David (2008). Life in Cold Blood. Princeton, N.J: Princeton University Press. ISBN 0-691-13718-8.
- ↑ consultant editors, Harold G. Cogger & Richard G. Zweifel; illustrations by David Kirshner (1998). Encyclopedia of Reptiles & Amphibians. Boston: Academic Press. pp. 132, 157-8. ISBN 0-12-178560-2.
- ↑ Morales, Alex. Komodo Dragons, World's Largest Lizards, Have Virgin Births. Bloomberg Television. ശേഖരിച്ചത് 2008-03-28.
- ↑ Notice by her cage in Chester Zoo in England
- ↑ Wise men testify to Dragon's virgin birth. The Times. ശേഖരിച്ചത് 2007-11-26.
- ↑ 32.0 32.1 'Virgin births' for giant lizards. BBC News. ശേഖരിച്ചത് 2008-03-13.
- ↑ Strange but True: Komodo Dragons Show that "Virgin Births" Are Possible: Scientific American. Scientific American. ശേഖരിച്ചത് 2008-03-24.
- ↑ Watts PC, Buley KR, Sanderson S, Boardman W, Ciofi C, Gibson R (2006). "Parthenogenesis in Komodo Dragons". Nature 444 (7122): 1021–2. DOI:10.1038/4441021a. PMID 17183308.
- ↑ Recent News - Sedgwick County Zoo. Sedgwick County Zoo. ശേഖരിച്ചത് 2008-02-12.
- ↑ Komodo dragons hatch with no male involved. MSNBC. ശേഖരിച്ചത് 2008-02-12.
- ↑ Daily Mail - Should we really be scared of the Kimodo dragon?
- ↑ Rony, Fatimah Tobing (1996). The third eye: race, cinema, and ethnographic spectacle. Durham, N.C: Duke University Press. pp. 164. ISBN 0-8223-1840-7.
- ↑ American Museum of Natural History: Komodo Dragons. American Museum of Natural History. ശേഖരിച്ചത് 2007-06-07.
- ↑ 40.0 40.1 40.2 Trapping Komodo Dragons for Conservation. National Geographic. ശേഖരിച്ചത് 2007-11-08.
- ↑ World Conservation Monitoring Centre (1996). Varanus komodoensis. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 11 May 2006.
- ↑ The official website of Komodo National Park, Indonesia.. Komodo National Park. ശേഖരിച്ചത് 2007-02-02.
- ↑ Appendices I, II and III. CITES. ശേഖരിച്ചത് 2008-03-24.
- ↑ Flannery, Tim (2002). The Future Eaters: An Ecological History of the Australian Lands and People. New York: Grove Press. pp. 384-385. ISBN 0-8021-3943-4.
- ↑ Komodo dragon kills boy in Indonesia. MSNBC. ശേഖരിച്ചത് 2007-06-07.
- ↑ Procter, J.B. (October 1928). "On a living Komodo Dragon Varanus komodoensis Ouwens, exhibited at the Scientific Meeting". Proc. Zool. Soc. London: 1017–1019.
- ↑ Lederer, G. (1931). "Erkennen wechselwarme Tiere ihren Pfleger?". Wochenschr. Aquar.-Terrarienkunde 28: 636–638.
- ↑ Murphy, J.; T. Walsh (2006). "Dragons and Humans". Herpetological Review 37: 269–275.
- ↑ (August 2002) "Such jokers, those Komodo dragons". Science News 78 (1): 78.
- ↑ Transcript: Sharon Stone vs. the Komodo Dragon. Time. ശേഖരിച്ചത് 2008-03-20.
- ↑ Phillip T. Robinson (2004). Life at the Zoo: Behind the Scenes with the Animal Doctors. New York: Columbia University Press. pp. 79. ISBN 0-231-13248-4.
- ↑ Editor stable after attack by Komodo dragon / Surgeons reattach foot tendons of Chronicle's Bronstein in L.A.. San Francisco Chronicle. ശേഖരിച്ചത് 2008-03-23.
[തിരുത്തുക] കൂടുതല്‍ അറിവിന്
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതല്‍ പ്രമാണങ്ങള്‍ ലഭ്യമാണ്
- Auffenberg, Walter (1981). The Behavioral Ecology of the Komodo Monitor. Gainesville: University Presses of Florida. ISBN 0-8130-0621-X.
- Eberhard, Jo; King, Dennis; Green, Brian; Knight, Frank; Keith Newgrain (1999). Monitors: The Biology of Varanid Lizards. Malabar, Fla: Krieger Publishing Company. ISBN 1-57524-112-9.
- Richard L. Lutz, Judy Marie Lutz,. Komodo, the Living Dragon: The Living Dragon. Salem, Or: DiMI Press. ISBN 0-931625-27-0.
- W. Douglas Burden,. Dragon Lizards of Komodo: An Expedition to the Lost World of the Dutch East Indies. Kessinger Publishing. ISBN 0-7661-6579-5.
