ഡയോസ്ക്കോറിയേസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഡയോസ്ക്കോറിയേസി
Dioscoreaceae
Dioscorea balcanica BotGardBln310505.jpg
Dioscorea balcanica
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: സസ്യം
(unranked): പുഷ്പിക്കുന്ന സസ്യങ്ങൾ
(unranked): Monocots
നിര: Dioscoreales
കുടുംബം: Dioscoreaceae
R.Br.
Genera

See text

എകബീജപത്രികളിൽപ്പെടുന്ന സസ്യകുടുംബമാണ് ഡയോസ്ക്കോറിയേസി. 10 ജീനസ്സുകളും 650 ഓളം സ്പീഷീസും ഈ കുടുംബത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഉഷ്ണമേഖലാപ്രദേശങ്ങളിലെല്ലായിടങ്ങളിലും ഇവ വളരുന്നു. കിഴങ്ങിൽ നിന്ന് ഇലകളുണ്ടാകുന്നില്ല. നീണ്ട ഒരു പ്രാഥമികകാണ്ഡം വളർന്ന് വള്ളിയായി മാറി അതിലാണ് ഇലകളുണ്ടാകുന്നത്. ഈ വള്ളി ചുറ്റിപ്പടരുന്ന ഏകവർഷിയാണ്. പ്രാഥമിക കാണ്ഡത്തിൽ നിന്ന് വേരുകളുണ്ടാവുകയും ഭക്ഷ്യശേഖരം നടത്തുകയും ചെയ്യുന്നു. ഭൂകാണ്ഡമാണ് ഭക്ഷ്യയോഗ്യമായ കിഴങ്ങായി രൂപാന്തരപ്പെടുന്നത്. ഹൃദയാകാരത്തിലുള്ള ലഘുപത്രങ്ങൾ സമ്മുഖമായോ ഏകാന്തരന്യാസത്തിലോ വിന്യസിച്ചിരിക്കും. ഇലകൾക്ക് ജാലിക സിരാവിന്യാസമാണുള്ളത്. ഇലഞെട്ടുകൾ കോണീയവും ചുവടുഭാഗം പിരിഞ്ഞതുമാണ്. ഇലകളുടെ കക്ഷ്യങ്ങളിൽ നിന്ന് ചെറുകന്ദങ്ങൾ ഉണ്ടാകാറുണ്ട്.

ഇലയുടെ കക്ഷ്യങ്ങളിൽ നിന്ന് കുലകളായിട്ടാണ് പുഷ്പങ്ങളുണ്ടാകുക. പുഷ്പങ്ങൾ വളരെ ചെറുതാണ്. ദ്വിലിംഗാശ്രയികളോ ഉഭയലിംഗികളോ ആയ പുഷ്പങ്ങൾക്ക് രണ്ടു വൃത്തങ്ങളിലായി ക്രമീകരിക്കപ്പെട്ട ആറ് പരിദളപുടങ്ങൾ ഉണ്ടായിരിക്കും. നളിനാകാരത്തിലുള്ള പരിദളങ്ങളുടെ ചുവടുഭാഗം യോജിച്ചനിലയിലാണെങ്കിലും അഗ്രം ആറായി പിളർന്നിരിക്കുന്നു. ഇതിനു ആറു കേസരങ്ങളുണ്ട്. ഇവയിൽ മൂന്നെണ്ണം വന്ധ്യകേസരങ്ങളായിരിക്കും. അണ്ഡാശയം അധോവർത്തിയും ത്രികോണികവും മൂന്നു കോശങ്ങളോടു കൂടിയതുമാണ്. ഓരോ അണ്ഡകോശത്തിലും രണ്ട് അണ്ഡങ്ങൾ വീതമുണ്ടായിരിക്കും. മൂന്നു ചെറിയ വർത്തികകളുണ്ട്. ഫലം മൂന്നു ചിറകുകളുള്ള സമ്പുടമോ ബെറിയോ ആയിരിക്കും. ഉരുതോ, പരന്നതോ, ആയ വിത്തുകൾക്ക് ചിറകുകളുണ്ട്. ഭ്രൂണം ചെറുതും കട്ടികൂടിയ ആൽബ്യുമിനുകൾകൊണ്ട് പൊതിഞ്ഞിരിക്കുന്നതുമാണ്.

ഇഞ്ചിക്കാച്ചിൽ, കാച്ചിൽ, കാട്ടുകാച്ചിൽ, ചെറുകിഴങ്ങ്, നനകിഴങ്ങ്, നൂറാൻ കിഴങ്ങ്, പെരുമുള്ളൻ കിഴങ്ങ് എന്നിവ ഈ കുടുംബത്തിൽപ്പെടുന്നു.

കാച്ചിൽ കിഴങ്ങിലുള്ള ചില ആൽക്കലോയിഡുകൾ നേരിയ വിഷാംശമുള്ളവയാണ്. രണ്ടു പ്രാവശ്യം വെള്ളത്തിലിട്ടു തിളപ്പിച്ച് ഊറ്റിക്കളഞ്ഞ് വിഷാംശം നിശ്ശേഷം നീക്കാം. കാച്ചിൽക്കിഴങ്ങിൽ കാത്സ്യം ഓക്സലേറ്റ് ക്രിസ്ററലുകളുള്ളതിനാൽ ചൊറിച്ചിൽ ഉണ്ടാക്കും.

Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡയോസ്ക്കോറിയേസി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡയോസ്ക്കോറിയേസി&oldid=2321157" എന്ന താളിൽനിന്നു ശേഖരിച്ചത്