കാസ്‌ലിങ്ങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചെസ്സ് കളിയിലെ ഒരു പ്രത്യേകതരം നീക്കമാണ് കാസ്‍ലിങ്ങ്. ഒരു നീക്കത്തിനുള്ള അവസരത്തിൽ രണ്ടുകരുക്കളെ ഒരേസമയം നീക്കാൻ അനുവദിക്കുന്ന ഏക സന്ദർഭമാണ് കാസ്‌ലിങ്ങ്. രാജാവിനെയും തേരിനെയും രണ്ടു നിശ്ചിത കളങ്ങളിലേക്ക് ഒരു നീക്കത്തിനുള്ള അവസരത്തിൽ തന്നെ ഒരുമിച്ച് നീക്കുന്നതിനെ കാസലിങ് എന്നു പറയുന്നു.

രാജാവും തേരുമാണ് കാസ്ലിങ്ങിൽ ഉപയോഗിക്കുന്നത്. രാജാവ് രണ്ടുകളം തേരിന്റെ വശത്തേക്ക് നീങ്ങുന്നു. തേര് രാജാവിന്റെ മറുവശത്തുള്ള തൊട്ടടുത്ത കളത്തിലേക്ക് നീങ്ങുന്നു. ഇത്രയും ചെയ്യുന്നതിനു "കാസ്ലിങ്ങ് ചെയ്തു" എന്നു പറയുന്നു. രണ്ടു കരുക്കൾ നീക്കുന്നുണ്ടെങ്കിലും ഇത് ഒരു നീക്കമായാണ് കണക്കാക്കുക.

റാണിയുടെ വശത്തുള്ള തേരിനെയാണ് കാസ്ലിങ്ങിനു ഉപയോഗിക്കുന്നതെങ്കിൽ അതിനെ ക്വീൻസൈഡ് കാസ്ലിങ്ങ് എന്നോ ലോങ്ങ് കാസ്ലിങ്ങ് (long castling) എന്നോ പറയുന്നു.ഇത് സ്കോർഷീറ്റിൽ രേഖപ്പെടുത്തുന്നതിനുപയോഗിക്കുന്ന സൂചകം "0-0-0" എന്നതാണ്. രാജാവിന്റെ വശത്തുള്ള തേരിനെയാണ് കാസ്ലിങ്ങിനു ഉപയോഗിക്കുന്നതെങ്കിൽ ഇതിന്റെ കിങ്ങ്സൈഡ് കാസ്ലിങ്ങ് എന്നോ ഷോർട്ട് കാസ്ലിങ്ങ് (short castling) എന്നോ പറയുന്നു.ഇത് സ്കോർഷീറ്റിൽ രേഖപ്പെടുത്തുന്നതിന് "0-0" എന്ന സൂചകം ഉപയോഗിക്കുന്നു.ചെസ്സ്കളിയിൽ വളരെ പ്രാധാന്യമുള്ള ഈ നീക്കം ഒരു കോട്ട കെട്ടി രാജാവിനെ സുരക്ഷിതനാക്കുന്നതിനു സമമാണ്.

ഇതിന്റെ മറ്റു നിയമങ്ങൾ

  1. കാസ്ലിങ്ങ് നടത്തുമ്പോൾ രാജാവ് ചെക്കിലായിരിക്കാൻ പാടുള്ളതല്ല.
  2. കാസ്ലിങ്ങ് നടത്തുമ്പോൾ രാജാവ് നീങ്ങുന്ന കളങ്ങളോ രാജാവ് എത്തുന്ന കളമോ എതിരാളിയുടെ കാലിൽ ആകുവാൻ പാടുള്ളതല്ല.
  3. രാജാവോ കാസ്ലിങ്ങിനുപയോഗിക്കുന്ന തേരോ അതിനു മുൻപേ ഒരിക്കൽ പോലും നീക്കിയിട്ടുള്ളതാവാൻ പാടില്ല.
  4. രാജാവിനും തേരിനുമിടയിൽ മറ്റു കരുക്കൾ ഒന്നും തന്നെ ഉണ്ടാ‍വാൻ പാടില്ല.

അവലംബങ്ങൾ[തിരുത്തുക]

http://www.fide.com/fide/handbook?id=124&view=article http://www.chessvariants.org/d.chess/castlefaq.html

"https://ml.wikipedia.org/w/index.php?title=കാസ്‌ലിങ്ങ്&oldid=3236726" എന്ന താളിൽനിന്ന് ശേഖരിച്ചത്