ചെസ്സുകളിയിലെ അന്ത്യഘട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ബോർഡിൽ കുറച്ചുകരുക്കൾ മാത്രം അവശേഷിക്കുന്ന കളിയിലെ ഘട്ടത്തെയാണ് ചെസ്സും അതുപോലെയുള്ള ബോർഡ് ഗയിമുകളിലും അന്ത്യഘട്ടം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. ചെസ്സ്കളിയിൽ മദ്ധ്യഘട്ടവും അന്ത്യഘട്ടവും തമ്മിൽ വ്യക്തമായ അതിർവരമ്പൊന്നുമില്ല, ക്രമേണയോ പെട്ടെന്ന് കുറെ കരുക്കൾ പരസ്പരം വെട്ടിമാറ്റുന്നതിലൂടയോ കളി അന്ത്യഘട്ടത്തിലേക്കു കടക്കാം. മദ്ധ്യഘട്ടത്തിൽ നിന്ന് വ്യത്യസ്തമാണ് ചെസ്സുകളിയിലെ അന്ത്യഘട്ടം. അതിനാൽ തന്നെ തന്ത്രങ്ങളും ഭിന്നമായിരിക്കും. കാലാളിന്റെ പ്രാധാന്യം വർദ്ധിക്കുന്നു എന്നത് ഈ ഘട്ടത്തിന്റെ ഒരു സവിശേഷതയാണ്. കാലാളിന് സ്ഥാനക്കയറ്റം നൽകാനുള്ള ശ്രമത്തെ ചുറ്റിപ്പറ്റിയാണ് ഈ ഘട്ടത്തിൽ കളിനീങ്ങുന്നത്. കളിയുടെ മദ്ധ്യഘട്ടത്തിൽ ചെക്ക്മേറ്റിന്റെ ഭീഷണിമൂലം സുരക്ഷിതമായ സ്ഥാനങ്ങളിൽ വയ്ക്കാറുള്ള രാജാവ് അന്ത്യഘട്ടങ്ങളിൽ ശക്തമായ ഒരു കരുവായി ഉപയോഗപ്പെടുന്നു. രാജാവിനെ ബോർഡിന്റെ മദ്ധ്യത്തിലേക്കു കൊണ്ടുവന്ന് ആക്രമണത്തിനായി ഉപയോഗപ്പെടുത്താമെന്നതും അന്ത്യഘട്ടത്തിന്റെ ഒരു പ്രത്യേകതയാണ്. ബോർഡിൽ ശേഷിക്കുന്ന കരുക്കളെ അടിസ്ഥാനമാക്കി അന്ത്യഘട്ടങ്ങൾ വർഗീകരിക്കാം. സാധരണമായ ചിലതരം അന്ത്യഘട്ടങ്ങൾ താഴെ ചർച്ച ചെയ്യുന്നു.

ഉള്ളടക്കം


വിഭാഗങ്ങൾ[തിരുത്തുക]

അന്ത്യഘട്ടങ്ങൾ മൂന്നു വർഗങ്ങളായി തരംതിരിക്കാം.

  1. സൈദ്ധാന്തിക അന്ത്യഘട്ടങ്ങൾ – കളിക്കേണ്ടവിധം നന്നായി അറിയാവുന്നതും നന്നായി വിശകലനം ചെയ്യപ്പെട്ടവയുമാണിവ്. അതിനാൽ ഇവയുടെ നിർദ്ധാരണം കേവലം സാങ്കേതികകാര്യം മാത്രമാണ്.
  2. പ്രായോഗിക അന്ത്യഘട്ടങ്ങൾ – കളിയിൽ ഉണ്ടാകുന്ന അന്ത്യഘട്ട കരുനിലകളെ അവധാനതാപൂർവമായ കളിയിലൂടെ സൈദ്ധാന്തിക അന്ത്യഘട്ടങ്ങളായി പരിവർത്തിപ്പിക്കുകയാണ് ഇത്തരം അന്ത്യഘട്ടത്തിന്റെ പഠനത്തിൽ ചെയ്യുന്നത്.
  3. കലാത്മക അന്ത്യഘട്ടങ്ങൾ (studies) – സൈദ്ധാന്തിക അന്ത്യഘട്ടങ്ങളെ സങ്കീർണമാക്കി ചെസ് പ്രശ്നങ്ങളാക്കി അവതരിപ്പിക്കുന്നവയാണിവ.