ഇളംകുളം മഹാദേവക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം താലൂക്കിൽ തിരുവനന്തപുരം കോർപ്പറേഷന്റെ വടക്കുഭാഗത്ത് ശ്രീകാര്യം ദേശത്ത് സ്ഥിതിചെയ്യുന്ന പുരാതനമായ ഒരു ക്ഷേത്രമാണ് ഇളംകുളം മഹാദേവക്ഷേത്രം.[1] ഉഗ്രമൂർത്തിയായ ശിവൻ മുഖ്യപ്രതിഷ്ഠയായ ഈ ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, പാർവ്വതി, ദുർഗ്ഗ, ഭദ്രകാളി, ഹനുമാൻ, അയ്യപ്പൻ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ്, യക്ഷിയമ്മ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. കൂടാതെ തൊട്ടടുത്ത് പ്രത്യേകം ക്ഷേത്രത്തിൽ ശ്രീകൃഷ്ണന്റെ പ്രതിഷ്ഠയുമുണ്ട്. 2023-ൽ ഇവിടെയുള്ള ഗോശാലയുടെ പേരിൽ ഈ ക്ഷേത്രം ഏറെ ശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി. ഇതുവഴി നിരവധി ആളുകൾ ഇവിടെ ദർശനത്തിനെത്താറുണ്ട്. കുംഭമാസത്തിൽ തിരുവാതിരനാളിൽ ആറാട്ട് വരത്തക്ക വിധത്തിലുള്ള എട്ടുദിവസത്തെ കൊടിയേറ്റുത്സവമാണ് ക്ഷേത്രത്തിലുള്ളത്. കൂടാതെ അതേ മാസത്തിലെ ശിവരാത്രി, കന്നിമാസത്തിലെ നവരാത്രി, ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി, അതേ മാസത്തിലെ വിനായക ചതുർത്ഥി, ധനുമാസത്തിലെ തിരുവാതിര, വൃശ്ചികം ഒന്നുമുതൽ ധനു 11 വരെ നീണ്ടുനിൽക്കുന്ന മണ്ഡലകാലം, കന്നിമാസത്തിലെ നവരാത്രി തുടങ്ങിയവയും ഇവിടെ പ്രധാന ആണ്ടുവിശേഷങ്ങളാണ്. നാട്ടുകാരുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റിയാണ് ക്ഷേത്രഭരണം നടത്തുന്നത്.

ഐതിഹ്യം[തിരുത്തുക]

ഏകദേശം ആയിരത്തിലധികം വർഷത്തെ പഴക്കം ഇളംകുളം മഹാദേവക്ഷേത്രത്തിനുണ്ടെന്ന് പറയപ്പെടുന്നു. ക്ഷേത്രം വരുന്നതിനും വളരെ മുമ്പുതന്നെ ഇവിടെ ക്ഷേത്രക്കുളം നിലനിന്നിരുന്നുവെന്നും അവിടെയാണ് ക്ഷേത്രത്തിലെ സ്വയംഭൂവായ ശിവലിംഗം ഉദ്ഭവിച്ചതെന്നും ഇതിന്റെ നിർമ്മാണരീതി കൊണ്ടുതന്നെ മനസ്സിലാക്കാം. ഈ ക്ഷേത്രത്തിന്റെ ഉദ്ഭവത്തിന് കാരണമായി പറയപ്പെടുന്ന ഒരു കഥയുണ്ട്. അതിങ്ങനെ:

ഒരുകാലത്ത്, ഇന്ന് ക്ഷേത്രമിരിയ്ക്കുന്ന സ്ഥലത്തിനുസമീപം മഹാശിവഭക്തനായ ഒരു ബ്രാഹ്മണൻ താമസിച്ചുപോന്നു. ഇവിടെനിന്ന് ഏറെ ദൂരെക്കിടക്കുന്ന ഒരു ശിവക്ഷേത്രത്തിൽ മുടങ്ങാതെ ദർശനത്തിന് പോയിവന്നിരുന്ന അദ്ദേഹത്തിന് പ്രായമായശേഷം ഒരിയ്ക്കൽ ഗുരുതരമായ കാലുവേദന വരികയും തുടർന്ന് അദ്ദേഹത്തിന്റെ യാത്ര മുടങ്ങുകയും ചെയ്തു. ദുഃഖിതനായ അദ്ദേഹം തനിയ്ക്ക് എളുപ്പത്തിൽ വരാൻ കഴിയുന്ന ഒരു സ്ഥലത്ത് കുടികൊള്ളാൻ മഹാദേവനോട് അഭ്യർത്ഥിച്ചു. പിറ്റേന്ന് സമീപത്തുള്ള ക്ഷേത്രക്കുളത്തിന് നടുവിലുള്ള പാറയിൽ സ്വയംഭൂവായ ശിവലിംഗം ഉദ്ഭവിച്ചു. മഹാഭക്തനായിരുന്ന ആ ബ്രാഹ്മണൻ അവിടെ ഭഗവാന് ഒരു ക്ഷേത്രം പണിയുകയും അവിടെ ആരാധന തുടങ്ങുകയും ചെയ്തു. ആ ക്ഷേത്രമാണ് ഇന്ന് പ്രസിദ്ധമായ ഇളംകുളം മഹാദേവക്ഷേത്രം.[2]

ക്ഷേത്രനിർമ്മിതി[തിരുത്തുക]

ക്ഷേത്രപരിസരവും മതിലകവും[തിരുത്തുക]

ശ്രീകാര്യം ദേശത്തിന്റെ ഒത്ത നടുക്ക്, പ്രധാന പാതയിൽ നിന്ന് 50 മീറ്റർ തെക്കുമാറിയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രദർശനം. എന്നാൽ, ആ ഭാഗം മുഴുവൻ കുളത്താൽ നിറഞ്ഞിരിയ്ക്കുകയാണ്. വടക്കുഭാഗത്താണ് പ്രധാന കവാടം സ്ഥിതിചെയ്യുന്നത്. പ്രധാന വഴിയിൽ നിന്ന് ക്ഷേത്രത്തിലേയ്ക്ക് തിരിയുന്ന ഭാഗത്ത് ക്ഷേത്രത്തിന്റെ പേരെഴുതിയ മനോഹരമായ അലങ്കാരഗോപുരം കാണാം. ചുവന്ന ചായം പൂശിവച്ചിരിയ്ക്കുന്ന ഈ ഗോപുരത്തിന് മുകളിൽ മഹാദേവന്റെ ഒരു ശില്പം കാണാം. ഇടതുകയ്യിൽ ത്രിശൂലം ധരിച്ച് വലതുകൈ കൊണ്ട് അനുഗ്രഹിയ്ക്കുന്ന രൂപത്തിലുള്ള മഹാദേവന്റെ രൂപമാണിത്. കൂടാതെ, ഗോപുരകവാടത്തിന് ഇരുവശവും രണ്ട് നന്ദികേശരൂപങ്ങളും കാണാം. ക്ഷേത്രത്തിന് തൊട്ടുവടക്കായി സ്ഥിതിചെയ്യുന്ന, പൂജാസാമഗ്രികൾ വിൽക്കുന്ന ഒരു കടയും മാരുതി കാർ കെയർ സെന്ററുമൊഴിച്ചുനിർത്തിയാൽ പരിസരത്ത് മറ്റ് സ്ഥാപങ്ങളൊന്നും തന്നെയില്ല. വടക്കേ നടയിൽ പ്രവേശനകവാടത്തിന് നേരെ മുന്നിൽ വലിയൊരു അരയാൽമരം കാണാം. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായ അരയാലിന്റെ മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടികൊള്ളുന്നതായി പറയപ്പെടുന്നു. അങ്ങനെ, ത്രിമൂർത്തികളുടെ പ്രത്യക്ഷസ്വരൂപമായി കണക്കാക്കപ്പെടുന്ന അരയാലിനെ നിത്യവും രാവിലെ വലംവയ്ക്കുന്നത് ഉത്തമമായി കണക്കാക്കപ്പെടുന്നു. ഇതിന് സമീപമാണ് ക്ഷേത്രം വകയുള്ള അതിവിശാലമായ സർപ്പക്കാവ് സ്ഥിതിചെയ്യുന്നത്. ക്ഷേത്രം ഉദ്ഭവിയ്ക്കുന്നതിനുമുമ്പേ ഇവിടെ സർപ്പസാന്നിദ്ധ്യമുണ്ടായിരുന്നു എന്നാണ് പൊതുവിശ്വാസം. നാഗരാജാവായി വാസുകി കുടികൊള്ളുന്ന ഈ കാവിൽ, കൂടെ ധാരാളം പരിവാരങ്ങളുമുണ്ട്. എല്ലാ മാസവും ആയില്യം നാളിൽ ഇവർക്ക് വിശേഷാൽ പൂജകളും കന്നിമാസത്തിലെ ആയില്യത്തിന് സർപ്പബലിയും നാഗദൈവങ്ങൾക്ക് നടത്തപ്പെടുന്നു.

വടക്കേ നടയിലൂടെ ക്ഷേത്രമതിലകത്തെത്തുമ്പോൾ ആദ്യം ശ്രദ്ധയിൽ വരുന്നത് ഭഗവദ്വാഹനമായ നന്ദികേശനെ ശിരസ്സിലേറ്റുന്ന ചെമ്പുകൊടിമരവും അതിന് മുന്നിലുള്ള ആനക്കൊട്ടിലുമാണ്. കഷ്ടിച്ച് മൂന്ന് ആനകളെ മാത്രം എഴുന്നള്ളിയ്ക്കാൻ കഴിയുന്ന ചെറിയൊരു ആനക്കൊട്ടിലാണ് ഇവിടെയുള്ളത്. ഇവിടെ വച്ചാണ് ക്ഷേത്രത്തിൽ ചോറൂൺ, തുലാഭാരം, വിവാഹം തുടങ്ങിയ ക്രിയകൾ നടത്തുന്നത്. ഇവിടെ നിന്ന് ക്ഷേത്രക്കുളത്തിന് മുകളിലേയ്ക്ക് പ്രത്യേകമായി ഒരു നടപ്പാത നിർമ്മിച്ചിട്ടുണ്ട്. ഇത് അവസാനിയ്ക്കുന്നത് ചതുരാകൃതിയിൽ തീർത്ത ഒരു കൊച്ചുശ്രീകോവിലിന് മുന്നിലാണ്. ഹനുമാൻ സ്വാമിയാണ് ഈ ശ്രീകോവിലിലെ പ്രതിഷ്ഠ. രണ്ടുകൈകളും കൂപ്പിനിൽക്കുന്ന ഭക്തഹനുമാന്റെ രൂപത്തിലാണ് ഇവിടെയുള്ള വിഗ്രഹം. പടിഞ്ഞാറോട്ട് ദർശനം നൽകുന്ന ഈ വിഗ്രഹത്തിന് ഏകദേശം അഞ്ചടി ഉയരം വരും. നിൽക്കുന്ന രൂപത്തിലാണ് വിഗ്രഹം. ഉഗ്രമൂർത്തിയായ ശിവന്റെ കോപം തണുപ്പിയ്ക്കാനാണ് ഇവിടെ ഹനുമാനെ പ്രതിഷ്ഠിച്ചതെന്ന് വിശ്വസിയ്ക്കപ്പെടുന്നു. ഹനുമാന് നിത്യേന വിശേഷാൽ വഴിപാടുകൾ നടത്തിവരാറുണ്ട്. വടമാല, വെറ്റിലമാല, അവിൽ നിവേദ്യം, വെണ്ണ ചാർത്തൽ തുടങ്ങിയവ അവയിൽ പ്രധാനമാണ്. എല്ലാ ശനിയാഴ്ചകളും, മൂലം നക്ഷത്രദിവസങ്ങളും ഹനുമാന്റെ വിശേഷദിവസങ്ങളിൽ വരും. ധനുമാസത്തിലെ അമാവാസിനാളിൽ ആഘോഷിയ്ക്കപ്പെടുന്ന ഹനുമാൻ ജയന്തിയാണ് ഏറ്റവും പ്രധാനപ്പെട്ട ആണ്ടുവിശേഷം.

ക്ഷേത്രത്തിന്റെ തെക്കുകിഴക്കുഭാഗത്താണ് ക്ഷേത്രത്തിലെ പ്രധാന ആകർഷണമായ ഗോശാല സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിൽ നടയ്ക്കുവച്ച പശുക്കളെ സംരക്ഷിയ്ക്കുന്ന സ്ഥലമാണിത്. 2000-ൽ നടന്ന നവീകരണത്തിനുശേഷമാണ് ഇത് ഉദ്ഘാടനം ചെയ്യപ്പെട്ടത്. 2023-ൽ ഇതിനോടുചേർന്ന് ഒരു ശ്രീകൃഷ്ണക്ഷേത്രം പണിയുകയുമുണ്ടായി. ക്ഷേത്രോത്പത്തി മുതലേ ഇവിടെ വിഷ്ണുസാന്നിദ്ധ്യമുള്ളതായി പറയപ്പെട്ടിരുന്നുവെന്നും തദ്പ്രതീകമായി ഒരു സാളഗ്രാമം പൂജിച്ചിരുന്നുവെന്നും കഥകളുണ്ട്. ഗോശാലകൃഷ്ണഭാവത്തിലായിരുന്നു ആരാധന. 2019-ൽ നടന്ന ദേവപ്രശ്നത്തിലാണ് ഇവിടെ ഗോശാലകൃഷ്ണന് പ്രത്യേകം ക്ഷേത്രം വേണമെന്ന് തെളിഞ്ഞതും അതനുസരിച്ച് ക്ഷേത്രനിർമ്മാണം തുടങ്ങിയതും. നിലവിൽ ഇവിടെ 13 പശുക്കളുണ്ട്. ഇവർ ക്ഷേത്രത്തിൽ അങ്ങിങ്ങായി കറങ്ങിനടക്കുന്നു. ക്ഷേത്രത്തിൽ വരുന്ന ഭക്തർ ഇവർക്ക് ധാരാളമായി ഭക്ഷണം കൊടുക്കാറുണ്ട്. പ്രധാന മൂർത്തിയായ ഗോശാലകൃഷ്ണൻ, കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്നു. മൂന്നടി ഉയരം വരുന്ന ശിലാവിഗ്രഹമാണ് ഇവിടെയുള്ളത്. ഒരുകയ്യിൽ ചമ്മട്ടിയേന്തി പശുക്കളെ നോക്കുന്ന രൂപത്തിലാണ് ഈ വിഗ്രഹം. പാൽപ്പായസം, അപ്പം, അട, വെണ്ണ, തുളസിമാല, പുരുഷസൂക്തപുഷ്പാഞ്ജലി എന്നിവയാണ് ഇവിടെ പ്രധാന വഴിപാടുകൾ. എല്ലാ വ്യാഴാഴ്ചകളും, രോഹിണി നാളുകളും ഇവിടെ അതിവിശേഷമാണ്.അഷ്ടമിരോഹിണിയും വിഷുവുമാണ് പ്രധാന ആണ്ടുവിശേഷങ്ങൾ.

ക്ഷേത്രമതിലകത്ത് തെക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേകം ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠയുണ്ട്. മൂന്നടി ഉയരം വരുന്ന അയ്യപ്പവിഗ്രഹം, ശിലാനിർമ്മിതവും ഇരിയ്ക്കുന്ന രൂപത്തിലുള്ളതുമാണ്. ശബരിമലയിലെ വിഗ്രഹവുമായി പ്രകടമായ രൂപസാദൃശ്യമുള്ള ഈ വിഗ്രഹത്തിനും നെയ്യഭിഷേകമാണ് പ്രധാനം. കൂടാതെ നീരാജനം, അഷ്ടാഭിഷേകം, പുഷ്പാഭിഷേകം, എള്ളുപായസം, നീലപ്പട്ട് ചാർത്തൽ തുടങ്ങിയവയും പ്രധാന വഴിപാടുകളാണ്. നീരാജനം ചെയ്തുകഴിഞ്ഞാൽ അവശേഷിയ്ക്കുന്ന തേങ്ങ അഗ്നിയ്ക്ക് സമർപ്പിയ്ക്കാമെന്നൊരു വലിയ പ്രത്യേകതയും ഇവിടെയുണ്ട്. മണ്ഡലകാലത്ത് നിരവധി അയ്യപ്പഭക്തർ ഇവിടെനിന്ന് മാലയിടുകയും കെട്ടുനിറയ്ക്കുകയും ചെയ്യാറുണ്ട്. അവർക്ക് ധാരാളം സൗകര്യങ്ങൾ ക്ഷേത്രക്കമ്മിറ്റി അനുവദിച്ചുകൊടുക്കുകയും ചെയ്യുന്നുണ്ട്. മുമ്പ് ഈ ഉപദേവതയ്ക്കും കൊടിമരമുണ്ടായിരുന്നു എന്നാണ് കേൾവി. അത് ഈ പ്രതിഷ്ഠയുടെ പ്രാധാന്യത്തെ സൂചിപ്പിയ്ക്കുന്നു.

വടക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേകം തീർത്ത ഒറ്റ ശ്രീകോവിലിലാണ് പാർവ്വതി, ദുർഗ്ഗ, ഭദ്രകാളി എന്നീ ദേവിമാരുടെ പ്രതിഷ്ഠകൾ. രണ്ട് കലമാൻ കൊമ്പുകളും ഒരു വാൽക്കണ്ണാടിയുമാണ് ഈ മൂന്ന് ദേവിമാരെ പ്രതിനിധീകരിയ്ക്കുന്നത്. ക്ഷേത്രത്തിന്റെ ഉദ്ഭവത്തിനുകാരണമായ ബ്രാഹ്മണന്റെ പരദേവതകളായിരുന്നു ഇവരെന്നാണ് വിശ്വാസം. അന്നപൂർണ്ണേശ്വരീസങ്കല്പത്തിലാണ് ഇവിടെ പാർവ്വതീദേവിയെ പ്രതിഷ്ഠിച്ചിരിയ്ക്കുന്നത്. മൂന്ന് ദേവിമാരെ ഒരേ ശ്രീകോവിലിൽ പ്രതിഷ്ഠിച്ചിട്ടുള്ള ഏക ക്ഷേത്രം ഒരു പക്ഷേ ഇതായിരിയ്ക്കും. നവരാത്രിനാളുകൾ ഈ ദേവിമാർക്ക് അതിവിശേഷമായി കണക്കാക്കപ്പെടുന്നു. ഈ ദിവസങ്ങളിൽ ഇവർക്ക് വിശേഷാൽ പൂജകളും അഭിഷേകവുമുണ്ടാകും. നെയ്പ്പായസം, ദേവീമാഹാത്മ്യ അർച്ചന, സഹസ്രനാമാർച്ചന തുടങ്ങിയവയാണ് ദേവിമാർക്കുള്ള പ്രധാന വഴിപാടുകൾ.

ശ്രീകോവിൽ[തിരുത്തുക]

ഗജപൃഷ്ഠാകൃതിയിൽ തീർത്ത ഇരുനില ശ്രീകോവിലാണ് ഈ ക്ഷേത്രത്തിലുള്ളത്. കരിങ്കല്ലിൽ തീർത്ത ഈ ശ്രീകോവിലിന് ഏകദേശം നൂറടി ചുറ്റളവുണ്ട്. ഇതിന്റെ മേൽക്കൂര ചെമ്പുമേഞ്ഞിട്ടുണ്ട്. മുകളിൽ സ്വർണ്ണത്താഴികക്കുടം ശോഭിച്ചുനിൽക്കുന്നു. ശ്രീകോവിലിനകത്ത് മൂന്നുമുറികളുണ്ട്. അവയിൽ പടിഞ്ഞാറേ അറ്റത്തുള്ളതാണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. ഏകദേശം രണ്ടടി ഉയരം വരുന്ന സ്വയംഭൂവായ ശിവലിംഗം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിച്ചിരിയ്ക്കുന്നു. തറനിരപ്പിൽ നിന്ന് താഴെയായാണ് ഇവിടെ ഗർഭഗൃഹം കാണപ്പെടുന്നത്. ശിവലിംഗം പൊന്തിവന്നത് കുളത്തിലാണെന്ന ഐതിഹ്യത്തെ സാധൂകരിയ്ക്കും വിധത്തിലാണ് ഇവിടെയുള്ള പ്രതിഷ്ഠ. ശിവലിംഗത്തിൽ ചാർത്താൻ പഞ്ചലോഹത്തിൽ തീർത്ത തിരുമുഖവും തൃക്കണ്ണുകളും തിരുനാസികയും ചന്ദ്രക്കലകളും കാണാം. ശിവലിംഗത്തിനൊപ്പം അതേ പീഠത്തിൽ ഒരു സാളഗ്രാമവും ഇവിടെയുണ്ട്. ഒരേ സ്ഥലത്ത് ശിവനെയും വിഷ്ണുവിനെയും സങ്കല്പിച്ച് ആരാധന നടത്തുന്നത് ഒരു പ്രത്യേകതയാണ്. അങ്ങനെ, വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് ഇളംകുളത്തപ്പൻ ശ്രീകോവിലിൽ വിരാജിയ്ക്കുന്നു.

ശ്രീകോവിലിന്റെ പുറംചുമരുകൾ ചുവർച്ചിത്രങ്ങളാലോ ദാരുശില്പങ്ങളാലോ അലംകൃതമല്ല. എന്നാൽ, കരിങ്കല്ലിൽ തീർത്ത നിരവധി രൂപങ്ങൾ ഇവിടെ പലയിടങ്ങളിലായി കാണാം. ഗർഭഗൃഹം തറനിരപ്പിന് താഴെയായതിനാൽ ഇവിടെ സോപാനപ്പടികൾ താഴേയ്ക്കാണ്. അവ പിച്ചളയിൽ പൊതിഞ്ഞ് സ്വർണ്ണം പൂശിവച്ചിട്ടുണ്ട്. ശ്രീകോവിലിന് തെക്കുവശത്ത് പ്രത്യേകം തീർത്ത മുറിയിൽ ഗണപതിപ്രതിഷ്ഠയുണ്ട്. മഹാദേവന്റെ ഒക്കത്ത് കുടികൊള്ളുന്ന സങ്കല്പമുള്ളതിനാൽ ഇവിടെ ഒക്കത്ത് ഗണപതി എന്നാണ് ഗണപതിയെ ഇവിടെ വിളിയ്ക്കുന്നത്. ഒരടി മാത്രം ഉയരം വരുന്ന ചെറിയ വിഗ്രഹം കിഴക്കോട്ട് ദർശനമായി പ്രതിഷ്ഠിച്ചിരിയ്ക്കുന്നു. ഒരു ഉപദേവത മാത്രമാണെങ്കിലും ഈ ഗണപതിയ്ക്കും വിശേഷാൽ പൂജകളും വഴിപാടുകളുമുണ്ട്. ഗണപതിഹോമം, ഒറ്റയപ്പം, കറുകമാല, നാരങ്ങാമാല തുടങ്ങി നിരവധി വഴിപാടുകളാണ് ഇവിടെയുള്ളത്. വിനായക ചതുർത്ഥിനാളിൽ ഇവിടെ വിശേഷാൽ പൂജകളുണ്ടാകാറുണ്ട്. വടക്കുവശത്ത് അഭിഷേകദ്രവ്യങ്ങൾ ഒഴുകിപ്പോകാൻ ഓവ് പണിതിട്ടുണ്ട്. ശിവക്ഷേത്രമായതിനാൽ ഇതിനപ്പുറം പ്രദക്ഷിണം നിരോധിച്ചിരിയ്ക്കുന്നു.

നാലമ്പലം[തിരുത്തുക]

  1. https://elamkulamsreemahadevatemple.com
  2. https://elamkulamsreemahadevatemple.com/history