Jump to content

ഭാരതീയ വാസ്തുവിദ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Architecture of India എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കെട്ടിട നിർമ്മാണത്തിലെ കലയും ശാസ്ത്രവും അടങ്ങുന്ന വിജ്ഞാന ശാഖയാണ് വാസ്തുവിദ്യ. വാസ്തുവിദ്യയിൽ സമ്പന്നമായ പാരമ്പര്യമുള്ള രാജ്യമാണ് ഭാരതം. പൗരാണിക ഭാരതീയ വാസ്തുവിദ്യയുടെ അന്തഃസത്ത അതിലടങ്ങിയ ആത്മീയാംശം ആണെന്ന് പറയപ്പെടുന്നു. പ്രാചീന ഭാരതീയവാസ്തുശില്പങ്ങളിൽ പുരാണേതിഹാസങ്ങളിലെ സംഭവങ്ങളും കഥാപാത്രങ്ങളും ചിത്രീകരിച്ചിരിക്കുന്നു. കൊത്തുപണികൾ ഇല്ലാത്ത ചുമരുകളോ, മോടിപിടിപ്പിക്കാത്ത തൂണുകളോ, അലങ്കരിക്കപ്പെടാത്ത തട്ടുകളോ ഇവയിൽ കണ്ടെത്താനാവില്ല.

ചരിത്രാതീതകാലം (ബി.സി. 3000-2000)[തിരുത്തുക]

മോഹൻജൊദാരോയിൽ നിന്നും ഉത്ഖനനം ചെയ്ത അവശിഷ്ടങ്ങൾ

ഭാരതീയ വാസ്തുവിദ്യയിലെ അറിയപ്പെടുന്ന ആദ്യകാല നിർമിതികളുടെ സ്മാരകങ്ങളായി ചില അവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട്. സിന്ധുനദീതടത്തിലെ മോഹൻജൊദാരോ,[1] ഹരപ്പ, ചുറുദാരോ, എന്നിവിടങ്ങളിൽ (ബി.സി. 3000) പുരാതന സംസ്കാരം നിലനിന്നതായി ഇവ തെളിയിക്കുന്നു.[2] ദീർഘ ചതുരാകൃതിയിൽ സംവിധാനം ചെയ്തിരുന്ന പാർപ്പിട കേന്ദ്രങ്ങൾ ചെറിയ വീഥികളും വൃത്തിയും സൗകര്യവുമുള്ള പാർപ്പിടങ്ങളും പൊതുസ്ഥാപനങ്ങളും ഉൾക്കൊണ്ടിരുന്നു. ചുട്ട ഇഷ്ടികകൾ, കളിമണ്ണ്, ജിപ്സംമുതലായ സാധനങ്ങൾ ഉപയോഗിച്ചുള്ള ഒരു പ്രത്യേക നിർമ്മാണശൈലി ഇവിടെ പ്രചാരത്തിലിരുന്നതായി ഊഹിക്കാം. ഈ നിർമ്മാണങ്ങളെ സംബന്ധിച്ച് രണ്ടു കാര്യങ്ങൾ ശ്രദ്ധേയങ്ങളാണ്:-

 1. ഇത്ര സംഘടിതമായ നിർമ്മാണ പ്രവർത്തനം പിന്നീട് ഈ ഭൂഖണ്ഡത്തിൽ നൂറ്റാണ്ടുകൾക്ക് ശേഷമാണ് വീണ്ടും ഉണ്ടാകുന്നത്
 2. അവയുടെ ഒറ്റപ്പെട്ട സ്വഭാവം.

സമകാലീന സംസ്കാരങ്ങൾ നൈൽ-യൂഫ്രട്ടീസ്-ടൈഗ്രീസ് നദീതടങ്ങളിൽ ആർഭാടപൂർണമായ ഉത്തുംഗ ശില്പങ്ങൾ ഉണ്ടാക്കിയിരുന്നപ്പോൾ ഈ ജനപഥങ്ങളിൽ ലളിതസുന്ദരമായ ശൈലിയിൽ ഉള്ളതും സർവജനങ്ങൾക്കും പ്രയോജനകരവും സൗകര്യവും പ്രദാനം ചെയ്യുന്നതുമായ നിർമിതികൾ രൂപംകൊണ്ടു. ബി.സി 2000-ത്തോടുകൂടി ഈ സംസ്കാരം നശിച്ചുപോയതായി കണക്കാക്കുന്നു.

വാസ്തുവിദ്യ ഭാരതത്തിൽ പിന്നീടു വളർന്നു വികസിക്കുകയുണ്ടായെങ്കിലും അത് സിന്ധുനദീതട സംസ്കാരത്തിന്റെ തുടർച്ചയായിരുന്നില്ല. തികച്ചും വ്യത്യസ്തവും നവീനവുമായ ഒരു ധാരയായിരുന്നു. അതിന്റെ ആരംഭമാണ് വേദകാല ശൈലിയിൽ കാണുന്നത്.

വേദകാലശൈലി (ബി.സി. 1500 - 300)[തിരുത്തുക]

ഒരു വേദികാവേലി

ബി.സി രണ്ടാം നൂറ്റാണ്ടിൽ മദ്ധ്യേഷ്യയിൽ നിന്നും ഇന്ത്യയിൽ കുടിയേറിപ്പാർത്തെന്നു കരുതപ്പെടുന്ന ആര്യവംശജരാണ് വേദകാലഘട്ടത്തിന്റെ പ്രാണേതാക്കൾ. സിന്ധുനദീതടസംസ്കാരകാലത്തെ ജനങ്ങൾ നാഗരീകർ ആയിരുന്നുവെങ്കിൽ ആര്യന്മാർ പ്രധാനമായും കാർഷികവൃത്തിയെ ആശ്രയിച്ച് ഗ്രാമങ്ങളായി താമസിക്കുന്നവരായിരുന്നു.[3] അവരുടെ ഗ്രാമങ്ങൾ വികസിച്ച് നഗരരൂപം കൈക്കൊണ്ടപ്പോഴും അവയെ മഹാഗ്രാമങ്ങൾ എന്നാണ് വിശേഷിപ്പിച്ചിരുന്നത്. വേദകാല ഗ്രാമങ്ങൾക്കെല്ലാം പൊതുവായ ഒരു ബാഹ്യരൂപം ദൃശ്യമാണ്. ദീർഘചതുരാകൃതിയുള്ള ഗ്രാമങ്ങൾക്ക്ചുറ്റും ഒരു വേദികാവേലി (palisade) ഉണ്ടായിരിക്കും.[4] കുത്തനെയുള്ള തൂണുകൾക്കു മുകളിലായി മേൽപ്പലക, അവയിലൂടെ കോർത്തെടുത്ത മുളകൾ (സൂചി), തൂണുകൾക്കു മുകളിലായി മേല്പലക (ഉഷ്ണിക) എന്നിവയാണ് വേദികയുടെ ഭാഗങ്ങൾ. വേദികയിൽ നാലു പ്രധാന ദിശകളിലും പ്രവേശനദ്വാരങ്ങൾ ഉണ്ടായിരിക്കും. ഇവയുടെ നിർമ്മാണരീതിയും മുകളിൽ സൂചിപ്പിച്ചതു പോലെ തന്നെ. ഗ്രാമത്തിനുള്ളിൽ അടുത്തടുത്തുള്ള പാർപ്പിടങ്ങളിൽ ഒരു ഗോത്രം താമസമാക്കിയിരിക്കും. വീടുകൾ വൃത്താകൃതിയിലോ, ദീർഘചതുരാകൃതിയിലോ, ഇവരണ്ടും ചേർത്തുണ്ടാകുന്ന ആകൃതിയിലോ ആയിരിക്കും. മരക്കൊമ്പുകൾ വളച്ച് മുകളിൽ കൂട്ടിക്കെട്ടിയാണ് മേല്പുര ഉണ്ടാകുന്നത്. ഇങ്ങനെയാണ് അന്നത്തെ നിർമ്മാണങ്ങളുടെ പ്രാകൃതരൂപം. ഗ്രാമവേദിക സുരക്ഷിതത്വത്തിന്റെ പ്രതീകമായിരുന്നു. ഗ്രാമകവാടം രൂപാന്തരപ്പെട്ട് ബൗദ്ധശൈലിയിലെ തോരണമായി തീരുകയും ഏതു പരിശുദ്ധ മന്ദിരത്തിലേക്കുമുള്ള പ്രവേശനദ്വാരത്തിന്റെ പ്രതീകമായി അതു മാറുകയും ചെയ്തു. തോരണരൂപം ചൈന, ജപ്പാൻ എന്നീരാജ്യങ്ങളുടെ വാസ്തുവിദ്യകളിലും പിന്നീടു കടന്നുകൂടി.

ബി.സി 5-ാം നൂറ്റാണ്ടോടെ വേദകാല സംസ്കാരം ഉത്തരേന്ത്യ മുഴുവൻ വ്യാപിച്ചതായി കാണാം. ആര്യന്മാർ ദേശവാസികളുടെമേൽ ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു. രാജാവിന്റെ അധികാരം വിപുലമായി. പലഗ്രാമങ്ങളും വളർന്ന് മഹാഗ്രാമങ്ങളായി മാറി. വേദകാലനിർമിതികളുടെ ഈ മഹാഗ്രാമങ്ങൾക്ക് ഉദാഹരണമാണ് കപിലവസ്തു,[5] കുശിനഗരം, പാടലീപുത്രം[6] തുടങ്ങിയവ. മൗര്യതലസ്ഥാനമായ പാടലീപുത്രത്തെ ചന്ദ്രഗുപ്തന്റെ (ബി.സി. 4-ആം നൂറ്റാണ്ട്) മെഗസ്തനീസ് എഴുതിയ വിവരണത്തിൽ അവിടത്തെ നിർമ്മാണരീതി വിവരിക്കുന്നുണ്ട്. 21 യോജന ചുറ്റളവുള്ള സമചതുരാകൃതിയായിരുന്നു പാടലീപുത്രത്തിന്. നിർമ്മാണവസ്തു ഇക്കാലത്തും മരംതന്നെ. നഗരത്തിന്റെ പ്രകാരം നിർമിച്ചിരുന്നതുപോലും മരംകൊണ്ടാണ്. നഗരത്തിനുള്ളിലെ രാജധാനി അനേകം തൂണുകൾ ഉള്ള മണ്ഡപങ്ങൾ അടങ്ങിയതായിരുന്നു. മരത്തിന്റെ കനത്ത സ്തംഭങ്ങളിൽ സസ്യജന്തുജാലങ്ങളുടെ രൂപങ്ങൾ കൊത്തി വർണത്തകിടുകൾകൊണ്ട് പൊതിഞ്ഞ് മോടിപിടിപ്പിച്ചിരുന്നു.

പതിനഞ്ചു നൂറ്റാണ്ടുകളോളം മുഖ്യ നിർമ്മാണവസ്തുവായി മരംതന്നെയാണ് ഉപയോഗിച്ചു വന്നത്. മരത്തിന്റെ എല്ലാഗുണദോഷങ്ങളും മനസ്സിലാക്കി സംരചനാഭാഗങ്ങൾ രൂപപ്പെടുത്തുവാൻ ശില്പികൾക്ക് കഴിയുകയുണ്ടായി. ഇവയിൽ ഏറ്റവു പ്രാധാന്യമർഹിക്കുന്ന ഒരു നിർമ്മാണരീതി വളവുകൂര (vault)[7][8] കളുടേതാണ്. മരം വളച്ചെടുത്ത് ഒരു കൂടുണ്ടാക്കി അവയ്ക്കിടയിൽ പലകകൾ നിരത്തി ഇവയുടെ മേല്പുര നിർമ്മിക്കുന്നത്. പരന്ന മേൽത്തട്ടുകളുടെ നിർമ്മാണത്തിലും ഇതേ കൗശലം ദൃശ്യമാണ്. ഭാരംതാങ്ങാനുള്ള ശേഷിയും ഉചിതമായ അനുപാദങ്ങളും ഉള്ളവയായിരുന്നു സ്തംഭങ്ങളും തുലാങ്ങളും. ഈ കാലഘട്ടത്തിൽ പൂർണതയിലെത്തിയ ദാരുപ്രധാനമായ നിർമ്മാണരീതി പിൽക്കാലത്തെ ശില്പഗ്രന്ഥങ്ങളിൽ സ്ഥിരപ്രതിഷ്ട നേടി. വേദകാലഘട്ടത്തിന്റെ അവസാനത്തോടെ ശില ഒരു നിർമ്മാണ വസ്തുവായി സ്വീകരിക്കപ്പെട്ടു തുടങ്ങി. പക്ഷേ ശിലാശില്പത്തിന് തനതായ അസ്തിത്വം കൈവന്നത് അഞ്ചു നൂറ്റാണ്ടുകൾക്കെങ്കിലും ശേഷമാണ്. അതുവരെ മരപ്പണികളുടെ രീതികൾ അപ്പാടെ കല്ലുകളിൽ പകർത്തുക മാത്രമാണ് ശില്പികൾ ചെയ്തുവന്നത്.

ബൗദ്ധശൈലി (ബി.സി. 250 - എ.ഡി. 750)[തിരുത്തുക]

ബൗദ്ധശൈലി

ഓരോ കാലഘട്ടത്തിലും വാസ്തു വിദ്യയിൽ മതങ്ങൾ സ്വാധീനം ചെലുത്തിയിട്ടുണ്ട്.[9] [9] ഭാരതീയ വാസ്തു വിദ്യയുടെ വികാസത്തിൽ ബുദ്ധമതത്തിന്റെ സ്വാധീനം അതിപ്രധാനമാണ്. ബുദ്ധന്റെ അനുയായികൾ നിർമിച്ച സ്തൂപങ്ങൾ, ചൈത്യങ്ങൾ, വിഹാരങ്ങൾ എന്നിവയുടെ ആശയങ്ങൾ സ്വീകരിച്ചുകൊണ്ടാണ് പിൽക്കാലത്ത് ഹൈന്ദവശൈലിയിലെ പല നിർമ്മിതികളും ഉണ്ടായിട്ടുള്ളത്. ബുദ്ധമതം മുഖ്യമായും പ്രതീകാത്മകവും ഭാവപ്രകാശകവും (graphic) ആണ്. അതുകൊണ്ട് ആധ്യാത്മികാശയങ്ങളുടെ പ്രകാശനം സ്വാഭാവികമായും ശില്പകലയിലൂടെ പ്രകടമാവുക സാധാരണമായിരുന്നു.[10]

വാസ്തുവിദ്യയിൽ ബൗദ്ധശൈലി ആരംഭിക്കുന്നത് അശോകന്റെ കാലത്താണ്. കനിഷ്കന്റെ കാലത്ത് ബുദ്ധമതം ഹീനയാനം, മഹായാനം എന്നീ രണ്ടു ശാഖകളായി പിരിഞ്ഞു. ഹർഷന്റെ കാലത്തോടുകൂടി ബൗദ്ധശൈലിയുടെ വികാസപ്രക്രിയ അവസാനിക്കുകയും ചെയ്തു. അശോകശാഖ, ഹീനയാന-മഹായാന ശാഖകൾ എന്നിങ്ങനെ ബൗദ്ധശൈലിയെ തരം തിരിക്കാവുന്നതാണ്.[11]

അശോകശാഖ[തിരുത്തുക]

സാഞ്ചിയിലെ സ്തൂപം
അശോക സ്തഭം വൈഷാലി ബീഹാർ

ഇതിന്റെ പ്രധാനസംഭാവനകൾ സ്തൂപങ്ങൾ, സ്തംഭങ്ങൾ, ഗുഹാക്ഷേത്രങ്ങൾ എന്നിവയാണ്. സ്തൂപങ്ങൾ രചനാവൈശിഷ്ട്യത്തിനും സ്തംഭങ്ങൾ കലാമൂല്യത്തിനും ഗുഹാക്ഷേത്രങ്ങൾ നിർമ്മാണ പ്രവൃത്തിരീതിക്കും (construction technique) ഉത്തമോദാഹരണങ്ങളായി നിലനിൽക്കുന്നു.

ബുദ്ധസ്മരണക്കുവേണ്ടി പടുത്തുയർത്തിയ വൃത്താകാര നിർനിതികളാണ് സ്തൂപങ്ങൾ. ബ്രഹ്മാണ്ഡത്തിന്റെ പ്രതീകമായി വൃത്താകാരം വളരെ മുമ്പുതന്നെ ഭാരതത്തിൽ സ്വീകരിക്കപ്പെട്ടിരുന്നു. ബുദ്ധന്റെ ജീവിതവുമായി ബന്ധമുള്ള പരിശുദ്ധ സഥലങ്ങൾ സ്ഥിരമായി അടയാളപ്പെടുത്തുവാനാണ് അശോകൻ സ്തൂപങ്ങൾ നിർമിച്ചത്. അവയിലെല്ലാം ബുദ്ധന്റെ ഭൗതികാവശിഷ്ടങ്ങളുടെ അംശങ്ങൾ അടങ്ങിയിരിക്കുന്നു. ഇവയ്ക്കു പൊതുവെ ഉണ്ടായിരിക്കുന്ന ആകാരം കുംഭാകൃതിയാണ്. സാഞ്ചിസ്തൂപം (ബി.സി. 250-എ.ഡി. 25) ഒരു മാതൃകയായെടുക്കാം. ആദ്യം നിർമിച്ചപ്പോൾ ഇഷ്ടികയിൽ, 22 മീറ്റർ വ്യാസവും 11 മീറ്റർ ഉയരവുമുള്ള അർധഗോളമായിരുന്നു ഈ സ്തൂപം. അണ്ഡം എന്നറിയപ്പെടുന്ന ഇതിനുള്ളിലായി ഭൗതികാവശിഷ്ടം അടക്കം ചെയ്ത പേടകം സ്ഥാപിച്ചിരുന്നു. അതിന്റെ പരിശുദ്ധി കാണിക്കുവാൻ സ്തൂപത്തിന്റെ മൂർദ്ധാവിൽ മരംകൊണ്ടുള്ള മൂന്നു കുടകൾ (ഛത്രാവലി) ഒന്നിനുമുകളിൽ ഒന്നായി നാട്ടിയിരുന്നു. ഇഷ്ടികപ്പണി കനത്തപ്ലാസ്റ്റർ കൊണ്ടു മിനുക്കിയിരുന്നു. സ്തൂപത്തിനു ചുറ്റും പ്രദക്ഷിണപഥവും വേദികയും ഉണ്ടായിരുന്നു. സ്തൂപത്തിന്റെ ഈ പ്രാരംഭരൂപം അപ്പാടെ നിലനിർത്തിയെങ്കിലും സുംഗന്മാരുടെ കാലത്ത് (ബി.സി. 2-ആം നൂറ്റാണ്ട്) അത് വിപുലീകരിക്കപ്പെടുകയുണ്ടായി. സ്തൂപത്തിന്റെ വ്യാസം 37 മീറ്ററാക്കി. പുറംഭാഗം കല്ലുകൊണ്ട് മൂടപ്പെട്ടു. ഛത്രാവതി മിനുക്കിയ കല്ലുകൾ കൊണ്ടുള്ളതാക്കി. ആന്ധ്രവംശകാലത്ത് (ബി.സി. 1-ആം നൂറ്റാണ്ട്) ഈ സ്തൂപത്തിനു ചുറ്റും വേദികയും നാലു മനോഹര തോരണങ്ങളും ശിലയിൽ നിർമ്മിക്കപ്പെട്ടു.[12]

സാഞ്ചിയിലെ തോരണങ്ങൾ ഓരോന്നും 10 മീറ്റർ ഉയർ ഉയരവും 6 മീറ്റർ വീതിയും ഉള്ളവയാണ്. 5.5 മീറ്റർ ഉയരത്തിൽ 60 സെന്റീമീറ്റർ സമചതുരച്ഛേദമുള്ള കൽത്തൂണുകൾ, അവയ്ക്കുമുകളിൽ മൂന്നുനിര താങ്ങുപണികൾ (lintels), ഈ തുലാങ്ങൾക്കിടയ്ക്ക് കൊത്തുപണികളുള്ള ഇടത്തൂണുകൾ - ഇതാണ് തോരണത്തിന്റെ ഘടന. ഈ തോരണങ്ങൾ സ്തൂപത്തിൽനിന്നും വേറിട്ടുനിൽക്കുന്ന അലങ്കാര നിർമിതികളാണ്. തോരണം പരിപൂർണമായി ബൗദ്ധകഥകളുടെയും പ്രതീകങ്ങളുടെയും കൊത്തുപണികൾ കൊണ്ട് അലങ്കരിക്കപ്പെട്ടിരിക്കുന്നു. കരകൗശല വിദഗ്ദ്ധരുടെ തീവ്രയത്നഫലമായി രൂപംകൊണ്ട ഈ കവാടങ്ങളുടെ ശില്പസമ്പുഷ്ടി അനന്യസാധാരണമാണ്.[13]

അശോക സ്തംഭം സാരാനാഥ്

ബുദ്ധമതവുമായി ബന്ധപ്പെട്ട് വിശുദ്ധസ്ഥലങ്ങളിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള ഒറ്റക്കൽ സ്തംഭങ്ങളാണ് അശോകശാഖയിലെ രണ്ടാമത്തെ പ്രധാന സ്മാരകങ്ങൾ. ഇത്തരം മുപ്പതോളം സ്തംഭങ്ങൾ ഭാരതത്തിന്റെ നാനാഭാഗങ്ങളിലായി സ്ഥാപിച്ചിരിക്കുന്നു. ഇവയിൽ പത്തെണ്ണത്തിന്റെ അവശിഷ്ടങ്ങൾ ഇന്നും കാണാം. അലങ്കാരങ്ങൾ ഒന്നുമില്ലാതെ 12 മീറ്റർവരെ ഉയരത്തിൽ ഉയർന്നു നിൽക്കുന്ന ഈ തൂണുകൾക്ക് പാദങ്ങളില്ല. വൃത്താകൃതിയിലുള്ള പരിച്ഛേതം മുകളിലേക്കു പോകുന്തോറും ശോഷിചുവരുന്നു. സ്തംഭത്തിന്റെ ശിരോഭാഗത്ത് പ്രത്യേക ആകൃതിയിൽ കാപ്പിറ്റലും (capital) അതിനുമുകളിൽ ഒരു പീഠവും ഉണ്ടായിരിക്കും. ഈ പീഠത്തിൽ ആന, കുതിര, കാള സിംഹം എന്നീ രൂപങ്ങൾ സ്ഥാപിച്ചിരിക്കും. പീഠത്തിനു ചുറ്റും ബുദ്ധപ്രതിമകൾ കൊത്തി മോടിപിടിപ്പിച്ചിട്ടുള്ളതും ദൃശ്യമാണ്.[14]

വാസ്തുവിദ്യയുടെ നിർവചനങ്ങളിൽ പെടുന്നില്ലെങ്കിൽകൂടി ഒറ്റയ്ക്കു നിൽക്കുന്ന ഈ സ്മാരകസ്തംഭങ്ങൾ സുവ്യക്തമായ കല്പനാവൈഭവവും മനോഹരമായ അനുപാതവുംകൊണ്ട് ശ്രദ്ധാർഹങ്ങളാണ്. അശോക സ്തംഭങ്ങളിൽ ഏറ്റവും മനോഹരം സാരാനാഥിലേതാണ്.[15]

ലോമസ് ഗുഹ

ഗുഹാക്ഷേത്രങ്ങളുടെ നിർമ്മാണം ആരംഭിച്ചതും അശോകന്റെ കാലത്തുതന്നെ. ഗയ, നാഗാർജുനി, രാജ്ഗീർ എന്നിവിടങ്ങളിൽ പാറതുരന്നു നിർമിച്ചിരിക്കുന്ന ഗുഹാക്ഷേത്രങ്ങളുടെ ആകാരം കല്ലും മരവും ഉപയോഗിച്ചു ചെയ്യുന്ന കെട്ടിടങ്ങളുടേതു പോലെ തന്നെ. ദീർഘചതുരാകൃതിയിൽ ഉള്ള ഒരു മണ്ഡപം, അതിന്റെ ഒരറ്റത്തായി വൃത്താകൃതിയിലുള്ള ഒരു മുറി എന്നിവ അടങ്ങിയ ലോമാസ് ഗുഹ ഇതിനൊരുദാഹരണമാണ്.[16] മണ്ഡപത്തിന്റെ മേൽഭാഗം വക്രാകൃതിയിലും മുറിയുടെ മേൽപ്പുര കുംഭാകൃതിയിലും ആണ്. മരം കൊണ്ടു നിർമിച്ച ചരിഞ്ഞ മേല്പുരകൾക്കുള്ള മോന്തായം (front elevation) തന്നെ കൊത്തിയുണ്ടാക്കിയാണ് ശില്പികൾ ഈ ഗുഹാമുഖങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. ധാരാളം കൊത്തുപണികൾ കൊണ്ട് ഈ ഗുഹാമുഖങ്ങൾ അലങ്കരിച്ചിക്കും.[17]

അശോകന്റെ കാലശേഷം 300 വർഷങ്ങൾക്ക് ശേഷം ബുദ്ധമതം രണ്ടായി പിരിഞ്ഞു. എ.ഡി. ഒന്നാം നൂറ്റാണ്ടിൽ. ഹീനയാനം, മഹായാനം എന്നീ രണ്ടൂ ശാഖകൾ രൂപം കൊണ്ടു. ഈ രണ്ടു ശാഖകളിലും സ്തൂപങ്ങളും ഗുഹാക്ഷേത്രങ്ങളും ഉണ്ട്. സ്തുപങ്ങൾക്ക് ചുറ്റുമായി ബുദ്ധവിഹാരങ്ങൾ ആവിർഭവിച്ചു. ഗുഹാക്ഷേത്രങ്ങൾ ചൈത്യങ്ങൾ ആയി മാറി. വിഹാരങ്ങൾ ഉൾപ്പെടുന്ന ചൈത്യങ്ങൾ നിർമ്മിക്കുന്നതിനുള്ള ശ്രമങ്ങളും പിന്നീടുനടന്നു. അലങ്കാരങ്ങളുടെ വിശദാംശങ്ങളിൽ കാണുന്ന വ്യത്യാസങ്ങൾ ഹീനയാനത്തെയും മഹായാനത്തെയും വാസ്തുവിദ്യയിൽ രണ്ടു വ്യത്യസ്ത ശാഖകളായി തിരിക്കുന്നു. ഹീനയാനശൈലിയിൽ ബുദ്ധന്റെ ഭൗതികരൂപം ചിത്രീകരിക്കുക നിഷിദ്ധമാണ്. അദ്ദേഹത്തിന്റെ ആത്മീയ സാന്നിധ്യം പ്രതീകങ്ങളിലൂടെയാണ് ആവിഷ്കരിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ മഹായാന ശൈലിയിൽ ബുദ്ധപ്രതിമകൾ സർവസാധാരണം ആയിരുന്നു.

ഹീനയാന ശാഖ[തിരുത്തുക]

ഹീനയാന ശാഖയിലെ വാസ്തുശില്പങ്ങളിൽ ഏറ്റവും പ്രധാനം ചൈത്യങ്ങളാണ്. ദീർഘചതുരവും അർദ്ധവൃത്തവും ചേർന്ന ആകൃതിയിലാണ് ചൈതന്യമന്ദിരങ്ങളുടെ സംവിധാനം.[18][19] അർദ്ധവൃത്താകാര ഭാഗത്തു സ്ഥാപിച്ചിരിക്കുന്ന സ്തൂപത്തിന്റെ ലഘുരൂപമാണ് മന്ദിരത്തിലെ കേന്ദ്രബിന്ദു രണ്ടുവരി തൂണുകൾകൊണ്ട് ശാലനീളത്തിൽ മൂന്നായി വിഭജിക്കപ്പെടുന്നു; വീതികൂടിയ മധ്യഭാഗം ആരാധനാ മണ്ഡപമായും വശങ്ങളിലുള്ള ഇടനാഴികൾ പ്രദക്ഷിണ പഥമായും ഉദ്ദേശിക്കപ്പെട്ടിരുന്നു. വളഞ്ഞ മേല്പുരയാണ് ഇവയ്ക്കുണ്ടായിരുന്നത് പാറയിൽ തുരന്നുണ്ടാക്കിയിരിക്കുന്ന ഈ ഗുഹാക്ഷേത്രങ്ങളിൽ തൂണുകൾ ഭാരം താങ്ങുന്നവ അല്ലെന്നതിനാൽ ചൈതന്യങ്ങളുടെ രൂപം മറ്റു സംരചനകളിൽനിന്ന് അപ്പാടെ പകർത്തിയതാണെന്ന് അനുമാനിക്കാം. സമകാലികമായി ഗ്രീസിലും റോമിലും പ്രചാരത്തിലിരുന്ന ബസിലിക്ക (Basilica) കളും ഈ ഗുഹകളും തമ്മിൽ നല്ല സാമ്യമുണ്ട്.[20]

ശില്പ കൗശലത്തിന്റെ മുഴുവൻകഴിവുകളും പ്രകടമായിട്ടുള്ളത് ചൈത്യ മുഖത്തിന്റെ സംവിധാനത്തിലാണ്. മണ്ഡപത്തിലേക്കും ഇടനാഴികളിലേക്കുമുള്ള മൂന്നു പ്രവേശന ദ്വാരങ്ങൾ, അവയ്ക്കു മുകളിലായി ഒരു ചൈത്യജലകം എന്നിവയാണ് ചൈത്യമുഖ ഭാഗങ്ങൾ. മരക്കമ്പുകൾ വളച്ച് മേൽഭാഗം കൂട്ടികെട്ടി ഉണ്ടാക്കിയിരുന്ന മേൽപ്പുരകളുടെ ആശയാവിഷ്ക്കാരമാണ് ചൈത്യജാലകത്തിന്റെ ആകൃതിയിൽ പ്രകടമാകുന്നത്. ഗുഹാമുഖങ്ങളിലെ ഈ ജലകങ്ങളുടെ ലക്ഷ്യം ഗുഹക്കുള്ളിലേക്കു വെളിച്ചം നൽകുകഎന്നതാണ്.

ഭാജ, കോണ്ടേൻ, പീതൽകോറ, അജന്ത, ഭേദ്സാ, നാസിക്, കാർലേ എന്നിവിടങ്ങളിലായി എട്ടു പ്രധാനപ്പെട്ട ഹീനയാന ചൈത്യമന്ദിരങ്ങളുണ്ട്. കാർലേയിലെ ചൈത്യമന്ദിരം ഇക്കൂട്ടത്തിൽ ഏറ്റവും മനോഹരമായി കണക്കാക്കപ്പെടുന്നു (ബി.സി. ഒന്നാം നൂറ്റാണ്ട്). രണ്ടു സിംഹ സ്തംഭങ്ങൾ ഈ ചൈത്യമന്ദിരത്തിന്റെ പ്രവേശനദ്വാരത്തിന്റെ ഇരുവശത്തുമായുണ്ട്. ചൈത്യമന്ദിരത്തിൽ പ്രവേശിക്കുന്നവർക്ക് കാൽകഴുകുവാൻ സാധിക്കവുന്നതരത്തിൽ പ്രവേശന ദ്വാരങ്ങളുടെ മുൻഭാഗത്ത് വെള്ളം കെട്ടിനിറുത്താനുള്ള ചെറിയ തളങ്ങൾ കൊത്തിതാഴ്ത്തിയിട്ടുണ്ട്. ഹാളിന് 38 മീറ്റർ നീളവും 14 മീറ്റർ വീതിയും 14 മീറ്റർ ഉയരവും ഉള്ളതാണ്. പ്രദക്ഷിണ പഥത്തെയും മണ്ഡപത്തെയും തമ്മിൽ വേർതിരിക്കുന്ന 37 തൂണുകളുണ്ട്. ചതുരാകൃതിയിലുള്ള തറ, കുഭാകൃതിയിലുള്ള പാദം, എട്ടുപട്ടമുള്ള വള (പട്ടിക), ഘടകൃതിയിലുള്ള ശിരോഭാഗം, വിതരിതമായ പീഠം അതിനും മുകളിൽ ശില്പാലങ്കാരം എന്നിവ അടങ്ങിയതാണ് തൂണുകൾ ഓരോന്നും. അലങ്കാരങ്ങളിൽ ആനകളും അവയുടെ പുറത്തിരിക്കുന്ന സ്ത്രീപുരുഷ രൂപങ്ങളുമാണുള്ളത്. ശ്രദ്ധാകേന്ദ്രമായ സ്തൂപത്തിൽ പ്രകാശം ചൊരിയുന്ന വിധത്തിലാണ് ചൈത്യജാലകത്തിന്റെ സ്ഥാനം. ജാലകത്തിലും ഹാളിന്റെ തട്ടിലും മരപ്പാളികൾ സജ്ജീകരിച്ച് ചൈത്യമന്ദിരത്തിലെ പ്രകശവിതരണം ആകർഷകമാക്കിയിരിക്കുന്നു.[21]

അമരാവതി സ്തൂപം ബ്രിട്ടീഷ് മ്യൂസിയം

ഹീനയാന ശാഖയിലെ വിഹാരങ്ങൾ ചൈത്യങ്ങളോളം പ്രധാനമല്ലെങ്കിൽകൂടി സംവിധാന സവിശേഷതകൾ കൊണ്ട് ശ്രദ്ധേയങ്ങളാണ്. ബൗദ്ധസന്യാസിമാരുടെ മഠങ്ങളാണ് വിഹാരങ്ങൾ. വിഹാരങ്ങളുടെ സാമാന്യരൂപം, വിശാലമായ നടുത്തളവും അതിനു ചുറ്റുമായി ഭിക്ഷുക്കൾക്ക് താമസത്തിനുള്ള മുറികളുമാണ്. നടുത്തളത്തിനോടു ബന്ധപ്പെടുന്ന ഒരു ആരാധനാമുറിയും കാണപ്പെടുന്നു. വിഹാരങ്ങളുടെ ഈ രൂപം നളന്ദയിലെ അവശിഷ്ടങ്ങളിലും കാണുന്നു. നാസിക്, ചന്ദ്രഗിരി എന്നിസ്ഥലങ്ങളിൽ പാറ തുരന്ന് ഇത്തരം വിഹാരങ്ങൾ നിർമിച്ചിരുന്നു.[22]

വിഹാരങ്ങൾ അധികവും സ്തൂപങ്ങളെ കേന്ദ്രീകരിച്ചാണ് നിലവിൽ വന്നത്. ഹീനയാനകാലത്ത് സ്തൂപങ്ങൾ അവയുടെ പൂർണതയിൽ എത്തിയിരുന്നു. കൃഷ്ണാനദീ തീരത്ത് അമരാവതിയിലുണ്ടായിരുന്ന (എ.ഡി. 3-ാം നൂറ്റാണ്ട്) സ്തൂപമായിരുന്നു ഏറ്റവും മനോഹരമായത്. ആന്ധ്രാവംശ തലസ്ഥാനമായ അമരാവതി നശിച്ചുപോയതുകൊണ്ട് ഈ സ്മാരകത്തെപ്പറ്റിയുള്ള വിവരങ്ങൾ മറ്റു ബൗദ്ധകേന്ദ്രങ്ങളിൽ നിന്നും ലഭിച്ച രേഖാഫലകങ്ങളിൽ നിന്നാണ് അനുമാനിച്ചത്. 58 മീറ്റർ വ്യാസവും 49 മീറ്റർ ഉയരവുമുള്ള ഒരു ഉത്തുംഗ നിർമിതിയായിരുന്നു ഈ സ്തൂപം. കൊത്തുപണികൾ ചെയ്ത മാർബിൾകൊണ്ടും പ്ലാസ്റ്റർകൊണ്ടും ഈ രൂപം ആവരണം ചെയ്യപ്പെട്ടിരുന്നു. മറ്റു സ്തൂപങ്ങളിലേതെന്നപോലെ ചുറ്റും വേദികയും നാലുഭാഗത്തും മനോഹരമായ തോരണങ്ങളും അമരാവതി സ്തൂപത്തിനും ഉണ്ടായിരുന്നതായി രേഖകൾ സൂചിപ്പിക്കുന്നു.[23]

മഹായാന ശാഖ[തിരുത്തുക]

ബിംബാരാധന സ്വീകരിച്ച ബൗദ്ധശാഖയാണ് മഹായാന ശാഖ. കനിഷ്ക ചക്രവർത്തിയുടെ കാലത്ത് ആരംഭിച്ച ഈ പ്രസ്ഥാനം[24] കാഴ്ച്ചവച്ച വാസ്തുശില്പങ്ങളെ ഗാന്ധാരശില്പങ്ങൾ, ഗുഹാശില്പങ്ങൾ, ക്ഷേത്രങ്ങൾ എന്നിങ്ങനെ തരംതിരിക്കാം.[25]

ശ്രീ ബുദ്ധൻ ഗാന്ധാര ശില്പം

ഗാന്ധാരശില്പങ്ങളിൽ പ്രധാനമായവ സ്തൂപങ്ങളും വിഹാരങ്ങളും അടങ്ങിയ സംഘാരാമങ്ങളാണ്.[26] ഗാന്ധാരസ്തൂപങ്ങൾ ഹീനയാനസ്തൂപങ്ങളെ അപേക്ഷിച്ച് ഉയരംകൂടിയവയും ഒന്നിലധികം തട്ടുകളിലായി പടുത്തുയർത്തപ്പെട്ടവയുമാണ്. തക്ഷശില (എ.ഡി. 5-ാം നൂറ്റാണ്ട്), സാരാനാഥ് (എ.ഡി. 6-ാം നൂറ്റാണ്ട്) എന്നിവിടങ്ങളിൽ കാണപ്പെടുന്ന സ്തൂപങ്ങൾ ഇവയ്ക്കുദാഹരണങ്ങളാണ്. ചൈന, ജപ്പാൻ, ബർമ എന്നിവിടങ്ങളിൽ കാണപ്പെടുന്ന പഗോഡകൾ ഈ സ്തൂപങ്ങൾ രൂപാന്തരപ്പെട്ടതാണെന്നു വ്യക്തമാണ്. സംഘാരാമങ്ങളിലെ വിഹാരങ്ങളിൽ ഗ്രീസ്, പേർഷ്യ എന്നീ രാജ്യങ്ങളിലെ ശില്പശൈലികളും പ്രതിഫലിക്കുന്നു. [27]

മഹായാന ഗുഹാശില്പങ്ങൾ അജന്ത, എല്ലോറ, ഔറംഗാബാദ് എന്നീ മൂന്നു സ്ഥലങ്ങളിലാണ് കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്. ഇവയിൽ ചൈത്യങ്ങളും വിഹാരങ്ങളും ഉൾപ്പെടുന്നു.[28] ഹീനയാന വാസ്തുശില്പങ്ങളുമായി ഇവയ്ക്കു സാമ്യമുണ്ട്. മഹായാന വിശ്വാസികൾ വിഗ്രഹാരാധന സ്വീകരിച്ചതുകൊണ്ട് അലങ്കാരങ്ങളിൽ വന്ന മാറ്റമാണ് രണ്ടു ശൈലികളും തമ്മിലുള്ള ഒരു വ്യത്യാസം; മറ്റൊന്ന് കല്പണിയിൽ ലഭിച്ച നൈപുണ്യം മൂലം ശില്പികൾ ദാരുനിർമിതിയുടെ അനുകരണത്തിൽ നിന്നു വിമുക്തരായി എന്നുള്ളതും. തത്ഫലമായി കല്ല് ഒരു സ്വതന്ത്ര നിർമ്മാണവസ്തുവായി ഉപയോഗിക്കപ്പെടുന്നതും ചൈത്യങ്ങൾ അതിന്റെ പൂർണതയിൽ എത്തുന്നതും അജന്തയിലും എല്ലോറയിലും കാണാം. എല്ലോറയിൽ ഒന്നിലധികം നിലകളുള്ള വിഹാരങ്ങൾ പാറയിൽ തുരന്നുണ്ടാക്കിയിരുന്നു (ഉദാഹരണം തീൻതാൻ ഗുഹ) ഇവിടത്തെ ഗുഹാമന്ദിരത്തിലെ (വിശ്വകർമശാല) സ്തൂപം മുൻസ്തൂപങ്ങളിൽ നിന്നും വ്യത്യസ്തമായി ബുദ്ധന്റെ പ്രതിമ ഉൾക്കോള്ളുന്ന ക്ഷേത്രത്തിന്റെ അടിസ്ഥാനരൂപം കൈക്കൊള്ളുന്നു. ഇതിനെ പിൽക്കാലത്തുണ്ടയ ബൗദ്ധക്ഷേത്രങ്ങളുടെ മുന്നോടിയായി കണക്കാക്കാം.

മഹാബോധി ക്ഷേത്രം ബുദ്ധഗയ

ഔറംഗാബാദിൽ എല്ലോറയിലേതുപോലെ കാണപ്പെടുന്ന ഗുഹാവിഹാരങ്ങളിലെ അലങ്കാരങ്ങൾ മനുഷ്യരൂപങ്ങൾ ഉപയോഗിച്ചുകൊണ്ടാണെന്ന വ്യത്യാസമുണ്ട്. ഇവിടത്തെ മൂന്നാം നമ്പർ വിഹാരത്തിൽ ഭീമാകാരമായ ബുദ്ധപ്രതിമയ്ക്ക് മുമ്പിൽ ശിഷ്യഗണങ്ങൾ നമസ്കരിക്കുന്നത് യഥാതഥമായി ചിത്രീകരിച്ചിരിക്കുന്നു. ശിലാശില്പത്തിൽ കലാകാരന്മാർ നേടിയ നിപുണത വെളിപ്പെടുത്തുന്നവയാണ് ഈ പണികൾ.[29]

ബുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ട ബുദ്ധഗയ, നളന്ദ, രാജഗൃഹം, ശ്രാവസ്തി, വൈശാലി, സാരനാഥ് എന്നി സ്ഥലങ്ങൾ ബുദ്ധഭിക്ഷുക്കളുടെ തീർഥാടന കേന്ദ്രങ്ങളായിരുന്നു. മഹായാന കാലഘട്ടത്തിൽ ഈ സ്ഥലങ്ങളിലെല്ലാം ബുദ്ധക്ഷേത്രങ്ങളും വിഹാരങ്ങളും പഠനകേന്ദ്രങ്ങളും ഉൾപ്പെടുന്ന സംരചനാ സമുച്ചയങ്ങൾ രൂപം കൊണ്ടു. ഇഷ്ടികയായിരുന്നു ഇവിടങ്ങളിലെ പ്രധാന നിർമ്മാണവസ്തു. ബുദ്ധഗയ ഈ നിർമിതികളുടെ ഉത്തമോദാഹരണങ്ങളാണ് (എ.ഡി. 7-ാം നൂറ്റാണ്ട്). 15 മീറ്റർ സമചതുരത്തിൽ 6 മീറ്റർ ഉയരമുള്ള ഒരു തറയ്ക്കു മുകളിൽ സ്തൂപികാകൃതിയിൽ 50 മീറ്ററോളം ഉയരത്തിലുള്ളതാണ് ബുദ്ധഗയയിലെ പ്രധാനഗോപുരം. തറയുടെ നാലു മൂലകളിലും പ്രധാനഗോപുരത്തിന്റെ മാതൃകയിൽ ഉപഗോപുരങ്ങളുമുണ്ട്. പണ്ടുണ്ടായിരുന്ന ക്ഷേത്രം കൊത്തുപണികൾകൊണ്ട് സമൃദ്ധമായിരുന്നതായി രേഖകൾ വെളിപ്പെടുത്തുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് പുനരുദ്ധരിക്കപ്പെട്ട നിലയിലാണ് ക്ഷേത്രം ഇപ്പോൾ നിലനിൽക്കുന്നത്.

ക്ഷേത്രത്തിനുചുറ്റും കാണപ്പെടുന്ന ചെറുസ്തൂപങ്ങൾ ബൗദ്ധസന്യാസിമാരുടെ സമാധിസ്ഥലങ്ങൾ ആയിരുന്നിരിക്കണം. ഇവയ്ക്കെല്ലാം ചുറ്റിലും കല്ലുകൾകൊണ്ടുള്ള വേദികകളും ഉണ്ട്. ക്ഷേത്രത്തിലേക്കുള്ള പ്രവേശനം കിഴക്കുവശത്തുള്ള തോരണത്തിലൂടെയാണ്. ഈ ക്ഷേത്രത്തിനോടുചേർന്ന് വേദികയ്ക്കു പുറത്തായി ക്ഷേത്രത്തിന്റെ വടക്കു ഭാഗത്ത് ബുദ്ധവിഹാരത്തിന്റെ അവശിഷ്ടങ്ങളും കാണാം. നളന്ദയിൽ ഇത്തരം ബുദ്ധവിഹാരങ്ങൾ സർവ്വകലാശാലകൾ ആയിത്തീർന്നു. ഈ സ്ഥലത്ത് പല ഘട്ടങ്ങളായി നിർമ്മിക്കപ്പെട്ട ഒരു സ്തൂപത്തിന്റെയും ഭംഗിയായി സംവിധാനം ചെയ്യപ്പെട്ട ഒട്ടനേകം വിഹാരങ്ങളുടെയും അവശിഷ്ടങ്ങൾ പിന്നീടു കണ്ടെടുക്കപ്പെട്ടു.[30]

ഹൈന്ദവശൈലി (എ.ഡി. 600 - 1600)[തിരുത്തുക]

എ.ഡി. 600 വരെയും ഹിന്ദുമതം പ്രായേണ പൂജാവിധികളിലും മന്ത്രോച്ചാരണങ്ങളിലും ഒതുങ്ങി നിന്നിരുന്നു. സാമൂഹ്യ ജീവിതത്തിലും വാസ്തുവിദ്യയിലും ബുദ്ധമതം ആഴ്ന്നിറങ്ങിയ ഇക്കാലമത്രയും ഹിന്ദുമതം സുഷുപ്തിലാണ്ടു കഴിയുകയായിരുന്നു. ഗുപ്തകാലഘട്ടത്തിൽ ഹിന്ദുമതത്തിന് നവോത്ഥാനം ലഭിച്ചു.[31] ബുദ്ധമതത്തിൽകണ്ട സമൂഹാരാധനാക്രമങ്ങളും ബിംബാരാധനയും ക്ഷേത്രങ്ങളുടെ ആവശ്യവും ഹിന്ദുക്കളെ ബോധ്യപ്പെടുത്തി. കൂടാതെ യവനശില്പികളുമായുള്ള സമ്പർക്കവും നിർമ്മാണകലയിൽ കൈവന്ന വൈദഗ്ദ്ധ്യവും വാസ്തുവിദ്യയിൽ ഒരു പുതിയ ശൈലിക്കു പ്രേരകമായി. ഏതാണ്ട് ഒരു സഹസ്രാബ്ദത്തോളം സമ്പുഷ്ടമായി പരിലസിച്ച ഹൈന്ദവ ശൈലിയിൽ ഉയർന്നുവന്ന ശില്പങ്ങൾ അധികവും ക്ഷേത്രങ്ങളാണ്.[32]

ഗുപ്തകാലഘട്ടത്തിനു മുമ്പു നിർമ്മിക്കപ്പെട്ടതെന്നു കരുതാവുന്ന ക്ഷേത്രങ്ങൾ ഇന്ത്യയിൽ ഒരിടത്തും അവശേഷിക്കുന്നില്ല. ഗുപ്തകാല ക്ഷേത്രങ്ങൾ തന്നെ പരന്ന മേല്പുരയുള്ള ചെറിയ നിർമിതികളായിരുന്നു. കല്ലുകൊണ്ടു തീർത്ത അവയിൽ തൂണുകളിലെ കൊത്തുവേലകളാണ് ഏറ്റവും ശ്രദ്ധേയമായത്. സുന്ദരമായി കൊത്തിയെടുത്ത ഈ തൂണുകൾക്കു മുകളിൽ പീഡത്തിലിരിക്കുന്ന മൃഗങ്ങളുടെ രൂപങ്ങളും ഉണ്ടായിരിക്കും. ഇക്കാലത്തെ ക്ഷേത്രങ്ങളിൽ ഏറ്റവും സുന്ദരമായയത് ത്സാൻസിക്കടുത്തുള്ള ദേവ്ഘർക് ക്ഷേത്രമാണ്. ആറുമീറ്റർ ഉയരമുള്ള മണ്ഡപത്തിൽ പടുത്തുയർത്തിയ സമചതുരാകൃതിയിലുള്ള ഒരു ക്ഷേത്രമാണിത്. നാലുവശത്തും തൂണുകളുള്ള വരാന്തയുമുണ്ട്. ക്ഷേത്രത്തിനകത്തു കടക്കാൻ ഒരു പ്രവേശന ദ്വാരമേയുള്ളു. മറ്റു മൂന്നു വശങ്ങൾ കൊത്തുപണികൾ ചെയ്ത് അലങ്കരിച്ചിരിക്കുന്നു. കല്ലുകൾ കൂട്ടിയിണക്കിയിരുന്നത് ഇരുമ്പുകുറ്റികൾകൊണ്ടാണ്. ക്ഷേത്രത്തിന്റെ സ്തൂപികാകൃതിയിലുള്ള മേല്പുര 12 മീറ്ററോളം ഉയർന്നു നിൽക്കുന്നു.[33]

ഭുവനേശ്വറിലെ ലിംഗരാജ ക്ഷേത്രം

6-ആം നൂറ്റണ്ടിനു ശേഷം നിർമ്മിക്കപ്പെട്ട ഹൈന്ദവക്ഷേത്രങ്ങൾക്കെല്ലാം ഒരു പൊതുരൂപം ഉണ്ട്. ക്ഷേതത്തിന്റെ ഹൃദയഭാഗം ഇരുട്ടുനിറഞ്ഞ ഒരു ഗർഭഗൃഹമാണ്; അതിനു മുമ്പിലായി ആരാധകർക്കുള്ള മണ്ഡപവും. ഗർഭഗൃഹവും മണ്ഡപവും ഒരു അന്തരാളമാർഗ്ഗം വഴി യോജിപ്പിച്ചിരിക്കും. മണ്ഡപത്തിലേക്കുള്ള പ്രവേശനം അധർമണ്ഡപത്തിലൂടെയാണ്. ഗർഭഗൃഹത്തിന്റെ പ്രാധാന്യം കാണിക്കാനെന്നവണ്ണം അതിന്റെ മേല്പുര സ്തൂപാകൃതിയിൽ ഉയർത്തിയിരിക്കും; ഇതാണ് വിമാനം. ക്ഷേത്രത്തിനു ചുറ്റുമായി പ്രദക്ഷിണപഥവും അതിനുപുറമെ പ്രാകാരവും കാണാം. പ്രാകാരത്തിനകത്ത് ചിലപ്പോൾ ഉപക്ഷേത്രങ്ങളും ഉണ്ടായിരിക്കും.

ശില്പശാത്രങ്ങളിൽ ക്ഷേത്രനിർമിതിയെപ്പറ്റിയും അലങ്കാരങ്ങളെ പറ്റിയും നിഷ്കൃഷ്ടമായ നിർദ്ദേശങ്ങളും നിബന്ധനകളുമുണ്ട്. ലളിതമായ സംരചനാസിദ്ധാന്തമാണ് (തൂൺ, തുലാം രീതി) ക്ഷേത്രങ്ങൾക്ക് സ്വീകരിക്കപ്പെട്ടിരുന്നത്. കമാനങ്ങൾ ഇല്ലെങ്കിലും കമാനരൂപങ്ങൾ അലങ്കാരങ്ങളായി സൃഷ്ടിക്കപ്പെട്ടിരുന്നു. ഇരുണ്ട ഗർഭഗൃഹമുൾപ്പെടെ ക്ഷേത്രഭിത്തികൾ കൊത്തുപണികളാലും ചിത്രങ്ങളാലും സമ്പന്നമാക്കിയിരിക്കും. നിഷ്കൃഷ്ടമായ പ്രവിധികളാൽ നിർമിതികൾ നിയന്ത്രിക്കപ്പെട്ടിരുന്നതുകൊണ്ട് ഭാരതമൊട്ടുക്കുമുള്ള ക്ഷേത്രശില്പങ്ങളുടെ സംവിധാനത്തിൽ ഏകീകൃതസ്വഭാവം ദർശിക്കാം. പക്ഷേ, സൂക്ഷ്മപരിശോധനയിൽ കാലദേശാനുസൃതമായി നിർമ്മാണ കലയിൽ വന്ന വ്യത്യാസം കാണുവാൻകഴിയും. പൊതുവേ ഹൈന്ദവശൈലിയിലെ നിർമ്മാണങ്ങളെ ആര്യശൈലി ദ്രാവിഡശൈലി എന്നിങ്ങനെ രണ്ടായി വർഗ്ഗീകരിക്കാം; ഓരോശൈലിയിലും അനേകം ഉപശാഖകളും ഉണ്ട്. ആര്യ - ദ്രാവിഡ ശൈലികൾ തമ്മിലുള്ള പ്രധാന വ്യത്യാസം വിമാന (ശ്രീകോവിലിനു മുകളിലുള്ള സ്തൂപം) ത്തിന്റെ രൂപം സംബന്ധിച്ചാണ്. ആര്യശൈലിയിൽ വിമാനങ്ങൾ പൊതുവിൽ വക്രാകൃതിയുള്ള സ്തൂപങ്ങളാണെങ്കിൽ ദ്രാവിഡശൈലിയിൽ അവ ഋജുവായ അരികുകൾ ഉള്ളവയാണ്.[34]

ആര്യശൈലി[തിരുത്തുക]

സൂര്യക്ഷേത്ര കൊണാർക്ക്

ഉത്തര ഭാരതത്തിലാണ് ആര്യശൈലി രൂപംകൊണ്ടത്. എന്നാൽ ഈ ശൈലിയുടെ വളർച്ചയെ കാണിക്കുന്ന ശില്പ-സ്മാരകങ്ങൾ ഒന്നും തന്നെ ഇന്ന് അവശേഷിക്കുന്നില്ല. ഉത്തരേന്ത്യ നാശകരമായ യുദ്ധങ്ങളിൽ നിന്നും വിമുക്തമായിരുന്ന കാലങ്ങൾ വിരളമായിരുന്നതാണ് ഇതിനു കാരണം. ആര്യശൈലിയുടെ വികസനത്തിന്റെ അന്ത്യഘട്ടം ഒറീസ ഉപശാഖയിൽ (എ.ഡി. 1000 - 1300) കാണാം. പുരി, ഭുവനേശ്വർ എന്നിവിടങ്ങളിൽ ഈ ശൈലിയിലെ ക്ഷേത്രങ്ങൾ ഉണ്ട്. ഭുവനേശ്വറിലെ ലിംഗരാജ ക്ഷേത്രത്തിനാണ് ഇവയിൽ പ്രാധിനിധ്യ സ്വഭാവമുള്ളത്.[35] ഈക്ഷേത്രത്തിന് പ്രധാനമായും നാലു മണ്ഡപങ്ങൾ ഉണ്ട്: ഗർഭഗൃഹം (ശ്രീമന്ദിർ), സഭാമണ്ഡപം (ജഗ്മോഹൻ), നൃത്തമണ്ഡപം (നാച്മന്ദിർ), അർച്ചനാമണ്ഡപം (യോഗ്‌മന്ദിർ) എന്നിവ. ഗർഭഗൃഹത്തിനു മുകളിലായി 61 മീറ്റർ ഉയരത്തിൽ അതിന്റെ വിമാനം പൊങ്ങിനിൽക്കുന്നു. വിമാനത്തിന്റെ മൂന്നിലൊന്നുവരെ കുത്തനെയും അവിടന്നങ്ങോട്ട് മുകളറ്റംവരെ വക്രാകൃതിയുമാണ്. വിമാനത്തിന്റെ മൂർദ്ധാവിൽ വൃത്താകൃതിയിലുള്ള ഫലകവും അതിനു മുകളിൽ മംഗള കലശവും സ്ഥാപിച്ചിരിക്കുന്നു. മറ്റുമണ്ഡപങ്ങൾക്കും അനുയോജ്യമായ മേൽപ്പുരകൾ നൽകിയിട്ടുണ്ടെങ്കിലും ക്ഷേത്രത്തിന്റെ ശ്രദ്ധാകേന്ദ്രം വിമാനമായിരിക്കത്തക്കവണ്ണമാണ് ക്ഷേത്രം പണിതിട്ടുള്ളത്.

ആര്യശൈലിയിൽ ഏറ്റവും മനോഹരമായി കണക്കാക്കപ്പെടുന്നത് കൊണാർക്ക് സൂര്യക്ഷേത്രമാണ് (പതിമൂന്നാം നൂറ്റാണ്ട്). ഭുവനേശ്വര ക്ഷേത്തിന്റേതിനെക്കാൾ ഉയരമുണ്ടായിരുന്നു ഇതിന്റെ വിമാനത്തിന്. ഗർഭഗൃഹവും മണ്ഡപവും ഉന്നതമായ ഒരു പീഡത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. പീഠത്തിന്റെ വശങ്ങളിൽ മൂന്നു മീറ്റർ വ്യാസത്തിൽ ചക്രങ്ങളും സോപാനങ്ങൾക്ക് ഇരുവശത്തുമായി കുതിക്കുന്ന കുതിരകളും കല്ലിൽ കൊത്തിയുണ്ടാക്കി സൂര്യരഥത്തിന്റെ മാതൃകയിലാണ് ഈ ക്ഷേത്രം ആസൂത്രണം ചെയ്തിരിക്കുന്നത്. ആര്യശൈലിയിലെ ക്ഷേത്രങ്ങളിലെ ബാഹ്യതലങ്ങൾ പൊതുവെ കണ്ണഞ്ചിപ്പിക്കുന്ന കൊത്തുപണികൾ നിറഞ്ഞവയാണ്. അതേസമയം ക്ഷേത്രങ്ങളുടെ ഉൾഭാഗം പ്രായേണ അലങ്കാരങ്ങൾ ഇല്ലാതയുമായിരിക്കും.[36]

ഖജുരാഹോ ശാഖ (എ.ഡി. 950 - 1050)[തിരുത്തുക]

കന്തരീയ മഹാദേവക്ഷേത്രം

ആര്യ ശൈലിയുടെ വികസിത മാതൃകയായി പ്രതിപാദിക്കപ്പെട്ടത് ഒറീസ ഉപശാഖയാണ്. പ്രസ്തുത ശൈലിയുടെ സ്വാധീനത മധ്യേന്ത്യ, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലെ നിർമ്മാണകലയിലും കാണാം. മദ്ധ്യേന്ത്യയിലെ ക്ഷേത്രങ്ങൾക്ക് ഉദാഹരണമാണ് ഖജുരാഹോയിലെ ക്ഷേത്രങ്ങൾ. പൊതുവിൽ അവയെല്ലാം ചെറിയക്ഷേത്രങ്ങളാണ്. മറ്റുശൈലികളിലെ ക്ഷേത്ര രൂപങ്ങളിൽ നിന്നു വ്യത്യസ്തമായി പ്രധാനക്ഷേത്രങ്ങൾ ഒന്നിപ്പിച്ച സമഗ്രരൂപമാണ് ഇവയ്ക്കുള്ളത്. കിഴക്കുപടിഞ്ഞാറായി കിടക്കുന്ന ക്ഷേത്രാക്ഷത്തിൽ ഗർഭഗൃഹം, അന്തരാളം, മണ്ഡപം എന്നിവ കൂട്ടിയിണക്കിയിരിക്കുന്നു. ലളിതമായ ഈ രൂപം കൊത്തുപണികൾ കൊണ്ടു ശ്രദ്ധേയമാക്കിയിരിക്കും.[37]

ഖജുരാഹോ ക്ഷേത്രങ്ങളുടെ പുറംഭാഗം ഒട്ടനേകം ബിംബങ്ങൾ മനോഹരാനുപാദത്തിൽ നിരനിരയായി കൊത്തി നയന മനോഹരം ആക്കിയിട്ടുണ്ട്. ഉദാഹരണത്തിന് കന്ദരിയമഹാദേവക്ഷേത്രം, ഖജുരാഹോയിൽ മാത്രം ചൈതന്യമുള്ള 650 ബിംബങ്ങളുണ്ട്. ഇവയുടെ ഉൾഭാഗം ഒറീസക്ഷേത്രങ്ങളിലേതുപോലെ ശുഷ്കമല്ല. ഇവിടെയും കൊത്തുപണികൾ നിർലോഭമായുണ്ട്. ക്ഷേത്രത്തിന്റെ വിമാനരചനയിലും ഹജുരാഹോ വേറിട്ടു നിൽക്കുന്നു. ഒറ്റശിഖരത്തിനു പകരം പല വലിപ്പത്തിലുള്ള അനേകം ശിഖരങ്ങൾ സമ്മിതിയിൽ ഒന്നിച്ചു ചേർത്ത് മലനിരകളെപ്പോലെ ഉയരുന്ന വിമാനമാണ് ഇവിടെ.[38]

രാജസ്ഥാൻ ശാഖ (900 - 1200)[തിരുത്തുക]

ഡൽഹി, അജ്മീർ എന്നീ സ്ഥലങ്ങൾ ഉൾപ്പെട്ടിരുന്ന രാജപുട്ടാണ പ്രദേശത്തെ വാസ്തുശില്പങ്ങൾ എല്ലാംതന്നെ അഫ്ഗാൻകാരുടെ ആക്രമണത്തിൽ നശിപ്പിക്കപ്പെട്ടു. ഇവിടത്തെ ക്ഷേത്രങ്ങളുടെ തൂണുകളും മറ്റവശിഷ്ടങ്ങളും ഉപയോഗിച്ചു പണിതവയാണ് കുത്തബ് പള്ളിയും അജ്മീർ പള്ളിയും. അനേകം ക്ഷേത്രങ്ങളുടെ ഭാഗങ്ങൾ ഇവയിലുണ്ട്. ഈ ക്ഷേത്രങ്ങൾ എല്ലാംതന്നെ പ്രായേണ ചെറിയവയായിരുന്നു. തൂണുകളുടെ സംസ്കരണത്തിൽതന്നെയാണ് ഈശാഖ വേറിട്ടുനിൽക്കുന്നത്. തൂണുകളുടെ മുകൾഭാഗത്ത് പൂച്ചട്ടിയും പുഷ്പലതാദികളുമാണ് കൊത്തിയുണ്ടാക്കിയിട്ടുള്ളത്. മദ്ധ്യേന്ത്യയിലെ സാഗർ, ജോഡ്പൂരിനടുത്തുള്ള ഓസിയ എന്നിവിടങ്ങളിൽ ഇത്തരം പണികളുടെ അവശിഷ്ടങ്ങൾ കാണാം. രജസ്ഥാനിലെ കോട്ട എന്ന സ്ഥലത്തും ചില ക്ഷേത്രഭാഗങ്ങൾ കാണപ്പെടുന്നുണ്ട്. ഈ ക്ഷേത്രങ്ങൾ അധികവും പഞ്ചയാതനം എന്ന ഇനത്തില്പെടുന്ന അഞ്ചു വീതമുള്ള ചെറുക്ഷേത്രങ്ങളുടെ സംയുക്തരൂപമാണ്. ഈ ക്ഷേത്രങ്ങളുടെ മറ്റൊരു പ്രത്യേകത അവയുടെ പ്രവേശനദ്വാരത്തിന്റെ മേല്പടികളിൽ നവഗ്രഹങ്ങളുടെയും ചില പ്രതീകങ്ങളുടെയും കൊത്തുപണികൾ ഉണ്ട്.[39]

ഗുജറാത്ത് ശാഖ (941 - 1311)[തിരുത്തുക]

സോമനാഥ ക്ഷേത്രം

കത്തിയവാഡ് കേന്ദ്രമായി വളർന്നുവന്നതാണ് ഈ ശാഖ. പത്താം നൂറ്റാണ്ടിന്റെ ആദ്യത്തിൽ മുഹമ്മദ് ഗസ്നി സോമനാഥ ക്ഷേത്രം കൊള്ളയടിച്ചു നശിപ്പിക്കുകയുണ്ടായി. ഗസ്നിയുടെ പിന്മാറ്റത്തെത്തുടർന്ന് ക്ഷേത്രത്തിൽ പുനരുദ്ധാരണശ്രമങ്ങൾ നടന്നു. ഈ കലഘട്ടത്തിൽ സോളങ്കിവംശക്കാർ ആയിരുന്നു വാസ്തുവിദ്യയുടെ രക്ഷാധികാരികൾ. നിർഭാഗ്യവശാൽ ഇക്കാലത്തെ ക്ഷേത്രങ്ങൾ ഡൽഹി സുൽത്താന്മാരുടെ ആക്രമണങ്ങൾക്കു വിധേയമാകുകയുണ്ടായി.

സോളങ്കിവംശക്കാലത്ത് വിദഗ്ദ്ധരായ അനേകം വാസ്തുശില്പികൾ നിർമ്മാണപ്രവർത്ത്നങ്ങളിൽ ഏർപ്പെട്ടിരുന്നു. സോമനാഥക്ഷേത്രം പുതുക്കിപണിതപ്പോഴും പുതിയ ക്ഷേത്രങ്ങൾ നിർമിച്ചപ്പോഴും ഇവരുടെ സേവനങ്ങൾ പ്രയോജനപ്പെട്ടു. സോളങ്കി വംശത്തിന്റെ മറ്റൊരു സംഭാവന കീർത്തിസ്തംഭങ്ങളും വിജയസ്തംഭങ്ങളുമാണ്. ഗുജറാത്ത്ശഖയിലെ പ്രവേശന തോരണങ്ങൾക്കും വാസ്തുവിദ്യാപരമായ മേന്മകൾ ഉണ്ട്.[40]

മഥുര ശാഖ (16-ാം നൂറ്റാണ്ട്)[തിരുത്തുക]

മഥുരയിലെ ശ്രീ കൃഷ്ണ ക്ഷേത്രം

ശ്രീ കൃഷ്ണന്റെ ജന്മസ്ഥലമായി പറയപ്പെടുന്ന മഥുരയിൽ ഉണ്ടായിരുന്ന നിരവധി ക്ഷേത്രങ്ങളിൽ ഇന്ന് ബാക്കിനിൽക്കുന്നവ വളരെ വിരളമാണ്. 15-ാം നൂറ്റാണ്ടിൽ ഉടലെടുത്ത ചൈതന്യന്റെ കൃഷ്ണഭക്തി പ്രസ്ഥാനമാണ് മഥുരയെ പുനരുജ്ജീവിപ്പിച്ചത്. ഗോവിന്ദദേവിക് ക്ഷേത്രമാണ് (1590) ഇവിടത്തെ വാസ്തുശില്പങ്ങളിൽ ഏറ്റവും വലുത്. ഇത് ഔറംഗസീബിന്റെ കാലത്ത് ഭാഗികമായി നശിപ്പിക്കപെടുകയുണ്ടായി. ഇപ്പോൾ ഈ ക്ഷേത്രത്തിന്റെ മഹാമണ്ഡപം മാത്രമേ അവശേഷിക്കുന്നുള്ളു. മൂന്നുനിലകളിലായി കമാനങ്ങളോടുകൂടിയ ഈ നിർമിതി ആര്യശൈലിയുടെയും മുഗളശൈലിയുടെയും സങ്കരമാണ്. ഈ ക്ഷേത്രത്തിലെ കൊത്തുപണികളിൽ മനുഷ്യരൂപങ്ങൾ ഇല്ലെന്നത് ഇസ്ലാമിക ശൈലിയുടെ സ്വാധീനമായി കണക്കാക്കാം. വൃന്ദാവനത്തിലെ മറ്റൊരു ക്ഷേത്രമായ ജഗൽകിഷോർ ക്ഷേത്രത്തിൽ ഇസ്ലാമിക ശൈലിയുടെ സ്വാധീനത പ്രകടമായി കാണാം. അഷ്ടകോണാകൃതിയിലുള്ള വിമാനവും മുഖപ്പിലെ കമാനവും ബിംബാലങ്കാരങ്ങളുടെ അഭാവവും ശ്രദ്ധേയമാണ്. വിമാനത്തിന്റെ ശിരോഭാഗത്തുള്ള അമലശില മാത്രമാണ് ഹൈന്ദവശൈലിയുടെ സൂചകമായി അവശേഷിക്കുന്നത്.

ദ്രാവിഡ ശൈലി[തിരുത്തുക]

ദക്ഷിണേന്ത്യയിലെ ശില്പസ്മാരകങ്ങളിൽ വൈവിധ്യമാർന്ന ദ്രാവിഡശൈലിയുടെ വികാസഘട്ടങ്ങൾ പ്രകടമായി കാണാൻ കഴിയുന്നു. ശില്പശാസ്ത്രം അനുശാസിക്കുന്ന അടിസ്ഥാന രൂപം നിലനിറുത്തി പ്രാദേശികമായ വ്യതിയാനങ്ങൾ ഉൾക്കൊണ്ട ദ്രാവിഡശൈലിയെ പല ഉപശാഖകളായി തിരിക്കാം.

പല്ലവ ശാഖ (എ.ഡി 600 - 900)[തിരുത്തുക]

പാണ്ഡവരഥം

പല്ലവരാജാക്കന്മാരുടെ രക്ഷാധികാരത്തിൽ മാമല്ലപുരം (മഹാബലിപുരം) കേന്ദ്രമായി വളർന്നുവന്ന ഈ ഉപശാഖയിൽ ഏതാണ്ട് ഇരുപതോളം ശില്പസ്മാരകങ്ങൾ ഉണ്ട്. ഇവയിൽ ഒന്നുപോലും വലിപ്പംകൊണ്ട് ശ്രദ്ധയാകർഷിക്കുന്നതല്ല. ഇവയെ വീണ്ടും ശിലാശില്പങ്ങൾ, ക്ഷേത്രങ്ങൾ എന്നിങ്ങനെ തരംതിരിക്കാം. ശില്പങ്ങളിൽ പ്രധാനപ്പെട്ടവ മഹാബലിപുരത്തെ ആറു രഥങ്ങളാണ്:

 • ധർമരാജരഥം
 • സഹദേവരഥം
 • ഗണേശരഥം
 • ഭീമരഥം
 • അർജുനരഥം
 • ദ്രൗപതീരഥം.

ഒറ്റപ്പാറയിൽ കൊത്തിയുണ്ടാക്കിയ ക്ഷേത്രരൂപങ്ങളാണ് ഈ രഥങ്ങൾ. ഇവയിൽ ഒന്നും തന്നെ പൂർണമല്ല. ഇവ വിഭിന്ന നിർമ്മാണ പ്രവിധികൾ കാണിക്കുന്നു. ഇവയോരോന്നിലും ദാരുശില്പത്തിന്റെ പ്രഭാവം കാണാം. കൂടാതെ ബൗദ്ധനിർമിതികളൊടാണ് ഇവയ്ക്ക് കൂടുതൽ അടുപ്പം. ദ്രൗപതീരഥമാണ് ഇവയിൽ ഏറ്റവും ചെറുത്; രഥങ്ങളിൽവച്ച് പ്രായേണ പൂർത്തിയായി കാണപ്പെടുന്നതും ഇതുതന്നെ. മൂന്നരമീറ്റർ വശമുള്ള സമചതുരവും കോടിമേല്പുരയുമാണ് ഇതിനുള്ളത്. ദ്രൗപതീരഥത്തിന് തൊട്ടടുത്തുള്ള അർജ്ജുനരഥം പിന്നീടുവരുന്ന ധർമരാജരഥത്തിന്റെ ഒരു ചെറിയ പതിപ്പാണ്. ഭീമരഥം നിർമ്മാണരീതികൊണ്ട് പ്രാധാന്യമർഹിക്കുന്നു. 15 മീറ്റർ നീളവും 7.5 മീറ്റർ വീതിയും അത്രതന്നെ ഉയരവുമുള്ള ഈ രഥത്തിന്റെ ബാഹ്യഭാഗം പൂർണമായിട്ടുണ്ടെങ്കിലും ഉൾവശം അപൂർണമാണ്. മരപ്പണിയെ അനുകരിച്ച് തൂണുകൾ ഉണ്ടാക്കിയപ്പോൾ കല്ലിന്റെ ഭാരക്കൂടുതൽകൊണ്ട് സംഭവിച്ച തകരാറുകൾമൂലം ഈ ക്ഷേത്രനിർമ്മാണം ഉപേക്ഷിക്കപ്പെട്ടതായിരിക്കണം. ദീർഘചതുരാകൃതിയുള്ള ഒരു മണ്ഡപവും ചുറ്റും വരാന്തയുമായിട്ടാണ് ഈ രഥം സങ്കല്പിച്ചിരുന്നത്. ഇതിലെ തൂണുകളുടെ നിർമ്മാണം ശ്രദ്ധേയമാണ്. വ്യാളിയുടെ ആകൃതിയിൽ രൂപപ്പെടുത്തിയ അടിഭാഗം, ശിരോഭാഗത്ത് വൃത്താകൃതിയിലുള്ള പീഠം അവയ്ക്ക് മുകളിൽ തുലാങ്ങൾ താങ്ങുന്ന ബ്രാക്കറ്റുകൾ എന്നിവയാണ് തൂണുകളുടെ ഭാഗങ്ങൾ. ഭീമരഥത്തിന്റെ മേല്പുരയും ചരിഞ്ഞ ആകൃതിയിലാണ്.[41]

രഥങ്ങളിൽ ഏറ്റവും വലുതാണ് ധർമരാജരഥം. മൂന്നുനിലകളുള്ള ബുദ്ധവിഹാരത്തിന്റെ മാതൃകയിൽ രൂപകല്പനച്യ്തിട്ടുള്ള ഈ രഥത്തിന്റെ ഉയരം പത്തര മീറ്റർ ആണ്. ഇതിൽ ചൈത്യജാലകങ്ങളും സ്തൂപരൂപങ്ങളും അലങ്കാരത്തിനായി ഉപയോഗിച്ചിരിക്കുന്നു. ധർമരാജരഥത്തിന്റെ ശിരോഭാഗത്ത് സ്തൂപരൂപമാണ് സ്ഥാപിച്ചിരിക്കുന്നത്. ഈ നാലുരഥങ്ങൾക്ക് സമീപമായി നിൽക്കുന്ന സഹദേവരഥത്തിൽ ഒരു ചൈത്യമന്ദിരത്തിന്റെ പുനാരാവിഷ്കാരം കാണാം. ആറാമത്തെ ഗണേശരഥമാകട്ടെ ഈ സ്മാരകങ്ങൾക്കകലെ ആയിട്ടാണുള്ളത്. ഇതും മൂന്നുനിലകളായി തോന്നുന്ന ദീറ്ഘചതുരാകൃതിയിലാണുള്ളത്. വക്രാകൃതിയിലുള്ള ചരിഞ്ഞമേല്പുരയും മോന്തായത്തിൽ കലശങ്ങളുമുള്ള ഈ രഥത്തിന് ദ്രാവിഡക്ഷേത്രങ്ങളുടെ ഗോപുരങ്ങളെ ഓർമിപ്പിക്കുന്ന പ്രാകൃത രൂപമാണ്. സമചതുരാകൃതിയുള്ള രഥങ്ങൾ പിൽക്കാലത്ത് ക്ഷേത്രവിമാനങ്ങൾക്ക് മാതൃകയായും സ്വീകരിക്കപ്പെട്ടിട്ടുണ്ടാവാം.[42]

മഹാബലിപുരത്തെ സമുദ്രതീര ക്ഷേത്രം

മഹാബലിപുരത്തെ സമുദ്രതീര ക്ഷേത്രം പല്ലവോപശാലയിലെ ക്ഷേത്രങ്ങളുടെ പൂർണരൂപം കാണിക്കുന്നു. ധർമരാജരഥത്തിന്റെ മാതൃകയിൽ തീർത്ത രണ്ടു ക്ഷേത്രങ്ങളും വേറെ രണ്ടുമണ്ഡപങ്ങളും അടങ്ങിയതാണ് സമുദ്രതീര ക്ഷേത്രം. മണ്ഡപങ്ങൾ ഇന്നവശേഷിക്കുന്നില്ല. ഈ നിർമ്മാണത്തിൽ 7-ആം നൂറ്റാണ്ടിലെ ശില്പികൾ കൽപ്പണിയിൽ നേടിയ വൈദഗ്ദ്ധ്യം വ്യക്തമായി കാണാം. ധർമരാജരഥത്തെ അപേക്ഷിച്ച് ഈ ക്ഷേതത്തിന്റെ വിമാനങ്ങൾ ലോലമായ അനുപാതത്തിലാണ്. രഥങ്ങളിൽ കാണപ്പെടുന്ന വ്യാളീസ്തംഭങ്ങളും കൂടുതൽ ഭംഗിയായി ഇതിൽ കൊത്തിയെടുത്തിരിക്കുന്നു.

ഈ ഉപശാഖയിലെ അവസാന നിർമിതികളാണ് കാഞ്ചീപുരത്തെ കൈലാസനാഥ ക്ഷേത്രവും വൈകുണ്ഠപ്പെരുമാൾ ക്ഷേത്രവും. ഗർഭഹൃഹം, മണ്ഡപം, അർത്ഥമണ്ഡപം എന്നീ മൂന്നു ഭാഗങ്ങൾ അടങ്ങിയതാണ് കൈലാസനാഥ ക്ഷേത്രം. ക്ഷേത്രത്തിനു ചുറ്റുമുള്ള പ്രകാരത്തിൽ അനേകം ചെറു ക്ഷേത്രങ്ങളും രൂപപ്പെടുത്തിയിട്ടുണ്ട്. 14-ാം നൂറ്റാണ്ടിൽ ഗർഭഗൃഹവും മണ്ഡപവും ഒരന്തരാളം വഴി യോജിപ്പിക്കപ്പെട്ടു. വൈകുണ്ഠപ്പെരുമാൾ ക്ഷേത്രത്തിൽ ധർമരാജരഥത്തിന്റെ സംവിധാനം അപ്പാടെ പകർത്തിയിരിക്കുന്നു. മൂന്നു നിലകളിലുള്ള ഈ ക്ഷേത്രവിമാനം 27 മീറ്റർ വശമുള്ള സമചതുരാകൃതിയിലാണ്. മണ്ഡപവും വിമാനവും ഒന്നിച്ചുചേർത്താണ് ഇവിടെ നിർമിച്ചിരിക്കുന്നത്. കൈലാസനാഥ ക്ഷേത്രത്തിലെ പ്രാകാരത്തിൽനിന്നു വ്യത്യസ്തമായി ഈ ക്ഷേത്രത്തിനു ചുറ്റുമുള്ള പ്രാകാരത്തോടു ചേർന്ന് പ്രദക്ഷിണ പഥമാണുള്ളത്. ഈ പ്രദക്ഷിണപഥത്തിലെ തൂണുകളെല്ലാം വ്യാളീസ്തംഭങ്ങളാണ്. കൈലാസനാഥക്ഷേത്രത്തിലെ കൊത്തുപണികളുടെ അനുപാദമോ സൗന്ദര്യമോ വൈകുണ്ഡപ്പെരുമാൾ ക്ഷേത്രത്തിലില്ലെങ്കിലും സംരചനയിലും സംവിധാനത്തിലും ഉണ്ടായിട്ടുള്ള ശ്രദ്ധേയമായ മാറ്റങ്ങൾ ഇവിടെ നിഴലിക്കുന്നുണ്ട്.[43]

ചോള ശാഖ (എ.ഡി. 900 - 1150)[തിരുത്തുക]

തഞ്ചാവൂർ ക്ഷേത്രത്തിന്റെ വിമാനം

ചോളവംശത്തിന്റെ ചരിത്രം 9-ാം നൂറ്റാണ്ടിൽ ആരംഭിക്കുന്നുവെങ്കിലും പതിനൊന്നാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ അവർ തീർത്ത മനോഹരമായ രണ്ടു ക്ഷേത്രങ്ങളാണ് ചോളശാഖയെ ഒരു പ്രത്യേക ശില്പകലാപ്രസ്ഥാനമാക്കി ഉയർത്തുന്നത്; തഞ്ചാവൂരിലും ഗംഗൈകൊണ്ടചോളപുരത്തും ഉള്ള ശിവക്ഷേത്രങ്ങളാണിവ. രാജരാജചോളൻ പണിതീർത്ത തഞ്ചാവൂർ ക്ഷേത്രം അതുവരെ ഭാരതീയ ശില്പികൾ നിർമിച്ചതിൽ ഏറ്റവും വലുതും ഉന്നതവും മഹത്തുമാണ്.[44] ആര്യശൈലിയിലെ ഏറ്റവും വലിപ്പമേറിയ ഒറീസയിലെ ലിഗരാജക്ഷേത്രത്തിന്റെ വിമാനത്തിന് 49 മീറ്റർ ആണ്. തഞ്ചാവൂർ ക്ഷേത്രത്തിന്റെ വിമാനം 58 മീറ്റർ ഉയർന്നു നിൽക്കുന്നു. ഒരു അക്ഷത്തിൽ കോർത്തിണക്കിയ അനേകം നിർമിതികൾ ചേർന്നതാണ് ഈ ക്ഷേത്രത്തിന്റെ സംവിധാനരൂപം. ഒരു സമചതുരസ്തൂപികയുടെ ആകൃതിയിൽ മൂന്നു തട്ടുകളായി ഉയരുന്ന ഇതിന്റെ വിമാനം ഏറ്റവുംമുകളിൽ ഒരു ബൗദ്ധസ്തൂപാകൃതിയിൽ അവസാനിക്കുന്നു. ഈ സംരചന അലങ്കരിച്ചിരിക്കുന്ന വിധം അതിന്റെ വലിപ്പത്തിന് ഏറ്റവും അനുയോജ്യമായ രീതിയിലാണ്. കുത്തനെ ഉയരുന്ന ആദ്യത്തെ രണ്ടു തട്ടുകൾ ഇടത്തൂണുകൾ ഉള്ള ചുമരുകൾ പോലെ കാണപ്പെടുന്നു. ഇവയും ഇവയ്ക്കിടയിലുള്ള സ്ഥലങ്ങളും ജന്തുജാലങ്ങളുടെ രൂപങ്ങൾകൊണ്ടലംകൃതമാണ്. സ്തൂപികാകൃതിയിലുള്ള മുന്നാം ഭാഗം പതിമൂന്നു വിലങ്ങൻ തലങ്ങളിലായിവിഭജിക്കപ്പെട്ടും കൊത്തുപണികളാൽ സമ്പന്നമായും ഇരിക്കുന്നു. വിമാനാഗ്രത്തിലുള്ള ചതുര പീഠത്തിൽ സ്തൂപവും അതിനുമുകളിൽ കലശവും സ്ഥാപിച്ചിട്ടുണ്ട്. ഗർഭഗൃഹത്തിനു മുമ്പിലുള്ള മറ്റുപ്രധാന നിർമിതികൾ നന്ദിമണ്ഡപം, പ്രവേശനമണ്ഡപം, സഭാഭവനം എന്നിവയാണ്; ഇവയെല്ലാം ഉൾക്കൊള്ളുന്ന പ്രാകാരവുമുണ്ട്.[45]

ഗംഗൈകൊണ്ടചോളപുരം ക്ഷേത്രം

കുംഭകോണത്തിനു സമീപമുള്ള ചരിത്രപ്രസിദ്ധമായ ഗംഗൈകൊണ്ടചോളപുരത്ത് രാജരജചോളന്റെ പുത്രനായ രാജേന്ദ്രൻ കുടുംബക്ഷേത്രമായി പണികഴിപ്പിച്ചതാണ് രണ്ടാമത്തേത്. തഞ്ചാവൂർക്ഷേത്രത്തിനെക്കാൾ ഭീമാകരമാണ് ഈ ക്ഷേത്രം. ദീർഘചതുരാകൃതിയിലുള്ള സഭാമണ്ഡപം, സമചതുരാകൃതിയിലുള്ള ഗർഭഗൃഹം ഇവയെ ബന്ധിപ്പിക്കുന്ന ഒരന്തരാളം എന്നിവയാണ് ക്ഷേത്രഭാഗങ്ങൾ. 53 മീറ്റർ നീളവും 29 മീറ്റർ വീതിയുമുള്ള സഭാമണ്ഡപം 150 തൂണുകളിലാണ് നിൽക്കുന്നത്; ഇത് പിൽക്കാലത്തുവന്ന ആയിരംകാൽ മണ്ഡപങ്ങളുടെ മുന്നോടിയായിത്തീർന്നു. 45 മീറ്റർ ഉയരമുള്ള ഇതിന്റെ വിമാനത്തിൽ തഞ്ചാവൂർക്ഷേത്രത്തിലെ നിർമ്മാണരീതി കാണാം. കൊത്തുപണികളിൽ തികഞ്ഞ വൈവിധ്യം കാണാമെന്നതാണ് ഈ ക്ഷേത്രത്തിന്റെ ഒരു പ്രത്യേകത. ദേവതകളും അപ്സരസ്സുകളും യക്ഷന്മാരും രാക്ഷസന്മാരുമെല്ലാം ഇവിടെ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു.[46]

പാണ്ഡ്യ ശാഖ (എ.ഡി. 1100 - 1600)[തിരുത്തുക]

മധുര മീനാക്ഷി ക്ഷേത്രം
ആയിരംകാൽ മണ്ഡപം
ശ്രീരഗത്തെ വിഷ്ണു ക്ഷേത്രഗോപുരം
ശ്രീരംഗം വിഷ്ണുക്ഷേത്രത്തിലെ ആയിരംകാൽ മണ്ഡപം

ചോളവംശത്തിനു പിറകേ ദക്ഷിണേന്ത്യയിൽ അധികാരത്തിൽ വന്നവരാണ് പാണ്ഡ്യവംശജർ. വാസ്തുവിദ്യയിൽ പാണ്ഡ്യന്മാരുടെ സംഭാവനകൾ അവരുടെ കാലഘട്ടത്തേയും (എ.ഡി. 1100 - 1350) അതിജീവിച്ച് 1600 വരെ തുടരുകയുണ്ടായി. അതിന്റെ വികസിതദശയിൽ ഏതാണ്ട് മുപ്പതോളം ക്ഷേത്രങ്ങൾ പണിതീർത്തിട്ടുണ്ട്. ഇവയിൽ ഏറ്റവും പ്രധാനം മധുര, ശ്രീരംഗം, രാമേശ്വരം, ചിദംബരം, തിരുനെൽവേലി, തിരുച്ചിറപ്പള്ളി, തിരുവാളൂർ, ശ്രീവല്ലിപുത്തൂർ എന്നിവിടങ്ങളിൽ ഉള്ളവയാണ്.[47]

ചോളശാഖയും പാണ്ഡ്യശാഖയും തമ്മിലുള്ള പ്രധാന വ്യത്യാസം ക്ഷേത്രഭാഗങ്ങളുടെ പരിഷ്കരണത്തിലും പ്രത്യേക ഊന്നലിലുമാണ്. ക്ഷേത്രവിമാനം പാണ്ഡ്യ കാലഘട്ടമായപ്പോഴേക്കും വികസിതമായിക്കഴിഞ്ഞു. പാണ്ഡ്യകാലഘട്ടത്തിൽ ശില്പകലാവൈദഗ്ദ്ധ്യം പ്രകടമാക്കപ്പെട്ടത് വിമാനങ്ങളിലല്ല മറിച്ച് ഗോപുരങ്ങളിലാണ്. ക്ഷേത്രത്തിന്റെ പ്രാധാന്യത്തിനനുസരിച്ച് പ്രാകാരങ്ങളുടെ എണ്ണവും നാലുവശങ്ങളിലുമുള്ള ഗോപുരങ്ങളുടെ വലിപ്പവും വർദ്ധിക്കുന്നതായി കാണാം. പ്രാകാരങ്ങൾക്കകത്ത് പ്രധാന വിമാനത്തിനു പുറമെ ഉപക്ഷേത്രങ്ങൾ, സ്തംഭമണ്ഡപങ്ങൾ, പ്രദക്ഷിണപഥങ്ങൾ എന്നിങ്ങനെ ഉപനിർമിതികളുടെ എണ്ണവും കൂടിവരുന്നു.

ഗോപുരങ്ങളുടെ ആശയം വേദകാലഘട്ടത്തിലെ ഗ്രാമ കവാടങ്ങളുടേതുതന്നെ. പാണ്ഡ്യകാല ഗോപുരത്തിന്റെ പ്രാകൃതരൂപം മഹാബലിപുരത്തെ ഗണേശരഥത്തിലും കാണപ്പെടുന്നു. ദീർഘചതുരാകൃതിയിലാണ് ഇതിന്റെ സംവിധാനം; പലതട്ടുകളിലായി ഇത് ഉയരുന്നു; ഏറ്റവും മുകൾഭാഗത്ത് വക്രാകൃതിയിലുള്ള മേല്പുരയും മോന്തായത്തിൽ കലശങ്ങളും ഉണ്ട്.

പാണ്ഡ്യശൈലിയിലെ ഒരു പ്രാമാണിക മാതൃകയായി മധുരയിലെ മീനാക്ഷീക്ഷേത്രത്തെ കണക്കാക്കാം. മൂന്ന് പ്രാകാരങ്ങളും രണ്ട് ക്ഷേത്രവിമാനങ്ങളുമുള്ള ഒരു മാതൃകയാണിത്. ഓരോ ക്ഷേത്രത്തിനും ഗർഭഗൃഹം, അന്തരാളം, മണ്ഡപം എന്നിവയുണ്ട്; ക്ഷേത്രത്തിനു ചുറ്റുമായി തൂൺ നിരകളുള്ള പ്രദക്ഷിണപഥവുമുണ്ട്. മീനാക്ഷിക്ഷേത്രത്തിന്റെ മുമ്പിലായി നാലുവശത്തും പടവുകളുള്ള പുഷ്കരണി (തമരക്കുളം) ഉണ്ട്. ക്ഷേത്രത്തിനകത്തെ മറ്റൊരു പ്രധാന നിർമിതി 1560-ൽ നായക്ക് വംശം പണിതീർത്ത ആയിരം കാൽ മണ്ഡപമാണ്;[48] 76 മീറ്റർ നീളമുള്ള ഈ മണ്ഡപത്തിൽ യഥാർഥത്തിൽ 985 തൂണുകളേയുള്ളു. തൂണുകളിലെ സമ്പുഷ്ടമായ കൊത്തുപണികളാണ് ഇതിനെ പ്രാധാന്യമുള്ളതാക്കുന്നത്. മറ്റൊരുശില്പം 1633-ൽ തിരുമല നായിക്കർ പണിയിച്ച വസന്ത മണ്ഡപമാണ്.[49] വിശേഷാവസരങ്ങളിൽ ഉത്സവമൂർത്തികളെ പ്രതിഷ്ഠിക്കാൻ ഉദ്ദേശിട്ടുള്ള ഈ മണ്ഡപത്തിൽ ഏറ്റവും ശ്രദ്ധേയമായത് ശില്പസുന്ദരങ്ങളായ തൂണുകളാണ്.

ശ്രീരംഗത്തെ വിഷ്ണുക്ഷേത്രത്തിൽ അക്ഷീയസംവിധാനമാണ് കാണുന്നത്. ഈ ക്ഷേത്രത്തിലെ നിർമിതികളും മധുരയിലെപ്പോലെ പല കാലഘട്ടങ്ങളിൽ ഉണ്ടാക്കിയതാണ്. ഏഴു പ്രാകാരങ്ങളുള്ള ഈ ക്ഷേതത്തിൽ 21 ഗോപുരങ്ങൾ കാണുന്നു. 90 മീറ്റർ ഉയരം ഉദ്ദേശിക്കപ്പെട്ട ഏറ്റവും പുറത്തെ ഗോപുരത്തിന്റെ പണി പൂർത്തിയായിട്ടില്ല. ഇടയ്ക്ക് പ്രാകാരങ്ങൾക്കിടയിൽ പല നിർമ്മാണ ശ്രമങ്ങളും നടന്നതായിക്കാണാം. ക്ഷേത്രത്തിനകത്തുള്ള ആയിരംകാൽ മണ്ഡപം, അശ്വമണ്ഡപം, സൂര്യപുഷ്കരണി, ചന്ദ്രപുഷ്കരണി എന്നിവയാണ് ഇവയിൽ പ്രധാനം.[50]

പാണ്ഡ്യകാലക്ഷേത്രങ്ങളിൽ കാണുന്ന വൈവിധ്യമാർന്ന നിർമിതികൾ ക്ഷേത്രം ആരാധനാസ്ഥലം എന്നതിനൊപ്പം തന്നെ സാമൂഹ്യജീവിതത്തിന്റെയും കേന്ദ്രമായിരുന്നു എന്ന് സൂചിപ്പിക്കുന്നു. ഇന്നും ഈ ക്ഷേത്രങ്ങൾ സജീവങ്ങളാണ്. ഈ ക്ഷേത്രങ്ങളിൽ ബൗദ്ധകാല ശില്പങ്ങളുടെ പ്രഭാവം ഏറ്റവും പ്രകടമാണ്. ബൗദ്ധകാലഘട്ടത്തിന്റെ സുവർണദശയിൽ വിഹാരങ്ങൾക്കുണ്ടായിരുന്ന പ്രാധാന്യമാണ് ഹൈന്ദവ കാലഘട്ടത്തിലെ ഈ ക്ഷേത്രങ്ങൾ വഹിക്കുന്നത്. വിഹാരങ്ങളിലെ സ്തൂപങ്ങളുടെ സ്ഥാനമാണ് വിമാനങ്ങൾക്ക്; ചൈത്യമന്ദിരങ്ങളുടെ സ്ഥാനം സഭാമണ്ഡപങ്ങൾക്കും. മാത്രമല്ല, രണ്ടുശൈലികളിലെയും ഗുണധർമങ്ങൾ തമ്മിലും സാദൃശ്യമുണ്ട്.[51]

കേരള ശാഖ[തിരുത്തുക]

ഗുരുവായൂർ ക്ഷേത്രത്തിലെ പ്രവേശന കവാടം
ശ്രീ പത്മനാഭസ്വാമി ക്ഷേത്രം തിരുവനന്തപുരം

കേരളത്തിലെ വാസ്തുവിദ്യാ സ്മാരകങ്ങൾ ദ്രാവിഡശൈലിയിൽ നിന്ന് പ്രത്യക്ഷത്തിൽ വ്യത്യസ്തമെന്നു തോന്നിക്കുന്നതാണ്. ചരിഞ്ഞ മേൽപ്പുരയാണ് കേരള വാസ്തുവിദ്യയുടെ പ്രത്യേകത. ബി.സി. ഒന്നാം നൂറ്റാണ്ട് മുതൽ ഇത്തരം മേല്പുരകൾ ഭാരതത്തിൽ സ്വീകരിക്കപ്പെട്ടിരുന്നു. എങ്കിലും കേരളത്തിൽ മാത്രമേ അതു വികസിക്കുകയുണ്ടായിട്ടുള്ളു. കേരള ശൈലിയുടെയും ഉത്തമ മാതൃകകൾ ക്ഷേത്രങ്ങൾ തന്നെ.

കേരളത്തിലാകെ 2000 ത്തിലധികം ക്ഷേത്രങ്ങളുണ്ട്. എങ്കിലും വലിപ്പംകൊണ്ട് പ്രധാനമായവ വളരെ ചുരുക്കമാണ്. ക്ഷേത്രങ്ങളെല്ലാം ശ്രീകുമാരന്റെ ശില്പരത്നം എന്ന വാസ്തുവിദ്യാ ഗ്രന്ഥത്തിലെ പ്രമാണങ്ങൾ അനുസരിച്ചു നിർമിച്ചവയാണ്. ക്ഷേത്രത്തിന്റെ കേന്ദ്രബിന്ദു ശ്രീകോവിൽ അഥവാ ഗർഭഗൃഹം ആണ്. സമചതുരം, ദീർഘചതുരം, വൃത്തം, ചതുരവൃത്തസംയുക്തം എന്നീ ആകൃതികളിൽ ശ്രീകോവിൽ കാണാം. ശ്രീകോവിലിനു മുമ്പിലായി നമസ്കാരമണ്ഡപം ഉണ്ട്. ഈ മണ്ഡപം തൃച്ചംബരം ക്ഷേത്രത്തിലേതുപോലെ ശ്രീകോവിലിനോട്ചേർന്നോ, ഗുരുവായൂർ ക്ഷേത്രത്തിലേതുപോലെ ശ്രീകോവിലിൽനിന്ന് വേറിട്ടോ സ്ഥിതിചെയ്യുന്നു.[52] ഇവയെ ചുറ്റിയാണ് നാലമ്പലം അഥവാ ചുറ്റമ്പലം. പല്ലവ ശൈലിയിലെ തൂണുകളും വരാന്തയും അടങ്ങിയ പ്രാകാരത്തെ ഓർമിപ്പിക്കുന്നതാണ് ചുറ്റമ്പലം. ചുറ്റംബലത്തിന്റെ ഭാഗങ്ങൾ മടപ്പള്ളിയായും കലവറയായും ഉപയോഗിക്കുന്നു ചുറ്റമ്പലത്തിന്റെ പുറംഭാഗത്ത് പലവരികളിലായി വിളക്കുമാടം ഉണ്ടാകും. ക്ഷേത്രത്തിന്റെ പ്രവേശനമണ്ഡപം ഈ നാലമ്പലത്തിനു പുറമേയാണ്. ഇവിടെ ദ്വജസ്തഭം സ്ഥാപിച്ചിരിക്കും. പ്രധാന ക്ഷേത്രങ്ങളിൽ കൂത്തമ്പലങ്ങൾ സാധാരണമാണ്. ദ്രാവിഡക്ഷേത്രങ്ങളിലെ നാട്യ മണ്ഡപങ്ങളുടെ സ്ഥാനമാണ് കൂത്തമ്പലങ്ങൾക്കുള്ളത്. ഉപക്ഷേത്രങ്ങളും ക്ഷേത്രകുളങ്ങളും ചേർന്നാൽ ക്ഷേത്രത്തിന്റെ പ്രധാന ഭാഗങ്ങളായി. ഇവയ്ക്കെല്ലാം പുറമെ പ്രവേശന ഗോപുരങ്ങൾ ഉള്ള പ്രാകാരങ്ങളും ഉണ്ട്.

കല്ല്, ഇഷ്ടിക, മണ്ണ് ഇവയെല്ലാമാണ് ചുമർ നിർമ്മിക്കാൻ ഉപയോഗിച്ചിട്ടുള്ളത്. കല്ലുകൊണ്ടോ മരം കൊണ്ടോ തൂണുകൾ നിർമിച്ചിരിക്കുന്നു. ശ്രീകോവിലിന്റെ പുറംചുമരുകൾ കൊത്തുപണികളാൽ അലംകൃതവും ചായപ്പണികൊണ്ടു മോടിയേറ്റിയതുമാണ്. വിശിഷ്ടമായ മരപ്പണികൊണ്ട് ശ്രദ്ധയാകർഷിക്കുന്നതാണ് മേൽപ്പുരകൾ. പലനിലകളിലുള്ള കോടി-മേൽപ്പുരകൾ ചേർന്നതാണ് ക്ഷേത്രവിമാനം. മേയുവാൻ ചെമ്പുതകിടുകളോ ഓടുകളോ ഉപയോഗിക്കുന്നു. ഇത്തരം മേൽപ്പുരകൾ നേപാളിലെ ക്ഷേത്രങ്ങളിലും ചൈനയിലെ പഗോഡകളിലും കാണപ്പെടുന്നുണ്ട്. ബുദ്ധവിഹാരങ്ങളിലെ സംവിധാനരീതിയോട് സാമ്യമുള്ള ക്ഷേത്രങ്ങളും കേരളത്തിലുണ്ട്. കേരളത്തിലേയും ദ്രാവിഡദേശത്തിലെയും നിർമ്മാണരീതികൾ യോജിപ്പിച്ച ഒരു മിശ്രശൈലി തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രം കാണാൻ കഴിയും.

കേരളത്തിൽ ക്ഷേത്രവാസ്തുശില്പങ്ങൾ അധികവും മനുഷ്യാലയചന്ദ്രിക എന്ന ശില്പഗ്രന്ഥത്തിലെ പ്രമാണങ്ങൾക്കനുസൃതമാണ്. നാലുകെട്ട്, എട്ടുകെട്ട് എന്നീ നിർമ്മാണരീതികൾ ഇതിൽ വിവരിച്ചിരിക്കുന്നു. പത്മനാഭപുരം കൊട്ടാരം, മട്ടാഞ്ചേരികൊട്ടാരം, തിരുവനന്തപുരം മ്യൂസിയം കെട്ടിടം, കനകക്കുന്നു കൊട്ടാരം എന്നിവ ഗൃഹവാസ്തുവിദ്യയുടെ മകുടോദാഹരണങ്ങളായെടുക്കാം. ഈ നിർമ്മാണങ്ങളിലെല്ലാം കോടിമേല്പുരകളും വിശിഷ്ടമായ മരപ്പണികളും ചായപ്പണികളും ഉണ്ട്.[53]

വിജയനഗര ശാഖ[തിരുത്തുക]

ആനക്കൊട്ടിൽ
തൂണുകളുടെ മിർമിതി

എ.ഡി. 1350 മുതൽ 1565 വരെ ദ്രാവിഡത്തിന്റെ അധികാരികൾ വിജയനഗര വംശജരായിരുന്നു. ഈ കാലഘട്ടത്തിലെ വാസ്തുശില്പങ്ങൾ തുംഗഭദ്രാനദീതടത്തിൽ സ്ഥാപിതമായ വിജയനഗരത്തിൽ കാണാം. ഈ നഗരത്തിന്റെ അവശിഷ്ടങ്ങളിൽ ക്ഷേത്രങ്ങൾക്കു പുറമേ കൊട്ടാരങ്ങളുടേയും പൊതുസ്ഥാപനങ്ങളുടെയും സൂചനകൾ ഉണ്ട്. 1513-ൽ പണിയാരംഭിച്ച വിഠോബാക് ക്ഷേത്രം വിജയനഗര നിർമ്മാണങ്ങളുടെ പ്രാരൂപികാമാതൃകയാണ്. ഗർഭഗൃഹം, മണ്ഡപം, അർദ്ധമണ്ഡപം എന്നിവയടങ്ങിയ പ്രധാന ക്ഷേത്രവും കല്യാണമണ്ഡപവുമാണ് ഈ ക്ഷേത്രത്തിലുള്ളത്. കൊട്ടരത്തിന്റെ അവശിഷ്ടങ്ങളിൽ വിജയസഭ, രാജസഭ, നൂറുകാൽമണ്ഡപം എന്നിവ കാണുന്നുണ്ട്.[54]

ദ്രാവിഡശൈലിയിലെ അവസാനഘട്ടമാണ് വിജയനഗര ശാഖയിലുള്ള നിർമ്മാണങ്ങൾ സൂചിപ്പിക്കുന്നത്. ക്ഷേത്രഭാഗങ്ങളും ശില്പരൂപങ്ങളും സംരചനാപ്രവിധികളും ചോള-പാണ്ഡ്യ കാലഘട്ടത്തോടെ വികസിതമായി കഴിഞ്ഞിരുന്നു. വിജയനഗരദശയിൽ ഈ നിർമിതികൾക്ക് വൈവിധ്യവും അലങ്കാരവും കൈവരുത്തുക എന്നതിൽ കവിഞ്ഞ് ഒന്നും ചെയ്യുവാൻ ഉണ്ടായിരുന്നില്ല വിജയനഗര കാലഘട്ടത്തിലെ ക്ഷേത്രങ്ങളും ഉപനിർമിതികളും വലിപ്പത്തിൽ മുന്തിയവയല്ല; എന്നിരുന്നാലും, ഒരു പ്രത്യേകശാഖയെന്നു വ്യവഹരിക്കത്തക്കവണ്ണം ഇതിൽ ചില സവിശേഷതകൾ ഉണ്ടായിരുന്നു. വിജയനഗരശില്പങ്ങൾ അലങ്കാര സമൃദ്ധിയുടെ ധാരാളിത്തമാണ് കാണിക്കുന്നത്. ഇവ യൂറോപ്പിൽ നവോത്ഥാന കാലഘട്ടത്തിനു ശേഷം ഉണ്ടായ ബറോക്ക് (Boroque) ശില്പങ്ങളെ ഓർമിപ്പിക്കുന്നു. അസാധരണ മനസ്സിനുമാത്രം സങ്കല്പിക്കുവാൻ കഴിയുന്നതും അതിവിദഗ്ദ്ധ കൈകൾക്കുമാത്രം രൂപപ്പെടുത്താൻ ആവുന്നതുമായ ശില്പങ്ങളാണ് വിജ്യയനഗര ശാഖയുടെ മുഖമുദ്രകൾ. ഇതാകട്ടെ ഏറ്റവും പ്രകടമാകുന്നത് തൂണുകളുടെ നിർമ്മാണത്തിലാണ്. ഇവിടെ തൂണുകളപ്പാടെ ശില്പരൂപങ്ങളായി മാറുന്നു. ഈ തൂണുകളിലെ ചിത്രീകരണങ്ങൾ കുതിര, വ്യാളി എന്നിവയുടെ ജീവസ്സുറ്റ രൂപങ്ങളാണ്. ഈ ശൈലീവിശേഷത്തിന്റെ പ്രഭാവം ദക്ഷിണേന്ത്യയുടെ മറ്റുഭാഗങ്ങളിലും കാണാം. വെല്ലൂർ കോട്ടയ്ക്കകത്തെ ക്ഷേത്രവും ശ്രീരംഗത്തെ അശ്വമണ്ഡപവും ഇതിനുദാഹരണങ്ങളാണ്.[55]

ചാലൂക്യ ശാഖ (1050 - 1300)[തിരുത്തുക]

മഹാദേവ ക്ഷേത്രം ഇറ്റാഗി കർണാടക
കലേശ്വര ക്ഷേത്രം ബാഗാളി
ഒറ്റകല്ലിൽ കടഞ്ഞെടുത്ത തൂണ്

ഗുപ്തക്ഷേത്രത്തിന്റെ പ്രാകൃതരൂപങ്ങൾ ഉത്തരേന്ത്യയിൽ ഉരുത്തിരിഞ്ഞു വന്നുകൊണ്ടിരിക്കുമ്പോൾ തന്നെ ധാർവാറിനടുത്തായി മറ്റൊരു ക്ഷേത്രശില്പശൈലിയും രൂപംകൊള്ളുന്നുണ്ടായിരുന്നു. അയ്ഹോൾ, ബദാമി, പട്ടാടക്കൽ എന്നീ മൂന്നു ചാലൂക്യ തലസ്ഥാന നഗരങ്ങളിൽ വളർന്നുവന്ന ഈ ശൈലി പത്താം നൂറ്റാണ്ടിനുശേഷം ഡക്കാൻ മുഴുവൻ വ്യാപിച്ചു. മുൻ കാലങ്ങളിൽ തടിച്ചതരികളുള്ള വലിയ മണൽക്കല്ലുകളായിരുന്നു നിർമ്മാണവസ്തു. ഹോയ്സാല കാലം മുതൽ ലോലമായ പണികൾക്കു പറ്റിയ സൂക്ഷ്മ തരികളുള്ള ഇളം നീല കരിങ്കല്ല് നിർമ്മാണവസ്തുവായി സ്വീകരിക്കപ്പെട്ടു. [56]

ദ്രാവിഡ ശൈലിയുടെ സ്വാധീനത ചാലൂക്യശൈലിയിൽ പ്രകടമാണ്. വിമാനത്തിന്റെ സംവിധാനം, ചുവരുകളുടെ സംസ്കരണം, ശിഖരത്തിന്റെ രൂപം, തൂണുകളുടെ രൂപകല്പന എന്നി നാലു ഘടകങ്ങളിൽ ഇവ തമ്മിലുള്ള വ്യത്യാസം കാണാം.

ദ്രാവിഡശൈലിയിലെ ക്ഷേത്രവിമാനങ്ങളെല്ലാം സമചതുരാകൃതിയിലാണ്. എന്നാൽ ചാലൂക്യ ക്ഷേത്രങ്ങളുടെ പ്ലാൻ അനേകം മൂലകളുള്ള ബഹുഭുജാകൃതിയിലാണ്. അതേ ആകൃതിയിൽ തന്നെ വിസ്താരമുള്ള തറയുണ്ടക്കി അതിനു മുകളിലാണ് ക്ഷേത്രം സ്ഥാപിച്ചിട്ടുള്ളത്. ക്ഷേത്രത്തിനു ചുറ്റുമുള്ള തറഭാഗം പ്രദക്ഷിണപഥമായി ഉപയോഗിക്കുന്നു. ചുമരുകളുടെ സംവിധാനം അടിസ്ഥാനപരമായ തിരശ്ചീനത ദ്വോതിപ്പിക്കുന്ന വിധമാണ്. അനേകം തിരശ്ചീന നിരകളായി ക്രമീകരിക്കപ്പെട്ടിരിക്കുന്ന ചുമരിൽ പ്രതീകാത്മക രൂപങ്ങൾ കൊത്തിപ്പിടിപ്പിച്ചിട്ടുണ്ട്. ദൃഷ്ടിനിരപ്പിൽ പുരാണേതിഹാസങ്ങളിലെ ദൃശ്യങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നു. ശിഖരങ്ങൾ ഉയരം കുറഞ്ഞവയാണ്. ക്ഷേത്രത്തിന്റെ പ്ലാനിന്റെ ആകൃതിയിൽ നിന്നാരംഭിച്ച് പരിശ്ചേത വിസ്താരത്തിൽ ക്രമേണ കുറഞ്ഞ് തിരശ്ചീനത നിലനിർത്തി മുകളിലേക്ക് വക്രാകൃതിയിൽ ഉയരുന്ന വിമാനത്തിന് ഗാംഭീര്യത്തിനു പകരം ശില്പസൗന്ദര്യമാണ് ഉള്ളത്. ചാലൂക്യ ശൈലിയുടെ മറ്റൊരു പ്രത്യേകത ഒറ്റക്കൽ തുണുകളാണ്. ആവശ്യമുള്ള വീതിയിൽ കല്ലുവെട്ടിയെടുത്ത് കടഞ്ഞ് പിന്നീട് കൊത്തുപണികൾ ചെയ്ത് ഭംഗിയാക്കിയവയാണിവ. തൂണിന്റെ മുകളിലായി പീഠവും അതിനുമുകളിൽ തുലാംതാങ്ങികളും ഉണ്ട്.[57]

ചാലൂക്യശൈലിയുടെ പ്രധാന മാതൃകകൾ ഹലേബിഡിലെ ഹൊയ്സാലേശ്വര ക്ഷേത്രവും സോമനാഥപുരത്തെ കേശവക്ഷേത്രം, ബേലൂരിലെ ചെന്ന കേശവക്ഷേത്രം എന്നിവയാണ്. ഇവയുടെ പൊതുവായ രൂപം വിവിധ കരകൗശല വിദ്യകൾ സംയോജിച്ചുണ്ടായതാണെന്ന് കാണുവാൻ വിഷമമില്ല. ദന്തശില്പികൾ, സ്വർണ പണിക്കാർ, ലോഹപണിക്കാർ എന്നിവരുടെയെല്ലാം ശില്പനൈപുണികൾ വിവിധ തോതുകളിൽ പകർത്തിയിട്ടുള്ളത് ഇവിടെ കാണാൻ കഴിയും.[58]

ബൗദ്ധശൈലിയിൽ നിർമ്മിക്കപ്പെട്ട ഹൈന്ദവ ക്ഷേത്രങ്ങൾ അജന്തയിലും എല്ലോറയിലും ധാരാളമുണ്ട്. കാശ്മീരിലെ മാർത്താണ്ഡക്ഷേത്രം മിക്കവാറും ആര്യശൈലിയിലാണ്. വക്രാകൃതിയിലുള്ള മേല്പുരകൾക്ക് ആദികാലത്തെ കുടിലുകളുടെ രൂപമാണുള്ളത്. എല്ലോറയിലെ കൈലാസനാഥ ക്ഷേത്രം രചനാപരമായി ആര്യശൈലിയിലാണ്. നിർമ്മാണത്തിൽ മറ്റെല്ലാക്ഷേത്രങ്ങളിൽ നിന്നും ഇത് വിഭിന്നവുമാണ്. ഇവിടെ പാറയിൽനിന്ന് ക്ഷേത്രം കൊത്തിയുണ്ടാക്കിയിരിക്കുന്നു.[59]

ജൈനശൈലി (എ.ഡി. 1000 - 1300)[തിരുത്തുക]

ജൈന ക്ഷേത്രം പാലിതാന ഇന്ത്യ

ജൈന സംരചനകൾ അതതു കാലഘട്ടങ്ങളിലെ ബൗദ്ധ ശില്പങ്ങളെയോ ഹൈന്ദവ ശില്പങ്ങളെയോ അനുസ്മരിപ്പിക്കുന്നവയാണ്; പക്ഷേ അവ സ്ഥാപിക്കപ്പെട്ട സ്ഥലങ്ങളുടെ പ്രത്യേകതകൾ കൊണ്ടും സംവിധാന രീതികൊണ്ടും വ്യത്യസ്തങ്ങളാണ്. ജൈനന്മരുടെ എല്ലാ ആരാധനാ കേന്ദ്രങ്ങളും ജനവാസ കേന്ദ്രത്തിൽ നിന്നകലെ സ്ഥാപിക്കപ്പെട്ടിരിക്കുന്ന ക്ഷേത്രസമുച്ചയങ്ങളാണ്. പൊതുവിൽ ഇവയെല്ലാം സുശക്തമായ മതിലുകളാൽ സുരക്ഷിതവുമാണ്. ഈ മന്ദിര സമുച്ചയങ്ങളെ തീർത്ഥങ്ങൾ എന്നാണ് വിളിക്കാറ് ജൈനതീർത്ഥങ്ങളിൽ പ്രധാനപ്പെട്ട ചൗമുഖ് (ചതുർമുഖ) വിഭാഗത്തിലെ ക്ഷേത്രങ്ങളിൽ തീർത്ഥങ്കരരന്മാരുടെ വിഗ്രഹങ്ങൾ കാണാം. ഓരോഭാത്തും മുഖങ്ങളുള്ളതുകൊണ്ട് നാലു ദിശകളിൽനിന്നും ക്ഷേത്രങ്ങൾക്കകത്തേക്കു പ്രവേശനമുണ്ട്. ജൈനതീർത്ഥങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടവ കത്തിയവാഡിലെ ശത്രുഞ്ജയ, ഗീർനാർ എന്നീ മലകളിലാണുള്ളത്.[60]

മൗണ്ട് അബു, ജോദ്പൂർ എന്നീ സ്ഥലങ്ങളിൽ ഒറ്റപ്പെട്ട ജൈനക്ഷേത്രങ്ങൾ ഉണ്ട്. സോളങ്കി വംശക്കാർ 12-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ പണിതീർത്ത ക്ഷേത്രമാണ് മൗണ്ട് അബു. ഏറ്റവും പ്രസിദ്ധമായ ജൈനക്ഷേത്രവും ഇതു തന്നെ. ഗുജറാത്ത് ശാഖയിലെ ഹൈന്ദവ ക്ഷേത്രങ്ങളുടെ മാതൃകയിൽത്തന്നെയാണ് ഇതും നിർമിച്ചിട്ടുള്ളത്.

ദക്ഷിണേന്ത്യയിൽ ശ്രവണബെൽഗോളയിൽ ഒരു ജൈനതീർത്ഥമുണ്ട്. ഇതൊരു തീർത്ഥാടനകേന്ദ്രമായി അറിയപ്പെടാൻ തുടങ്ങിയത് 12-ാം നൂറ്റാണ്ടുമുതലാണ്. ചന്ദ്രഗിരി, ഇന്ദ്രബട്ട എന്നീ രണ്ടു കുന്നുകളിൽ സ്ഥാപിക്കപ്പെട്ട അനേകം വസതികളും അവയ്ക്കിടയിലുള്ള ഒരു കുളവും ചേർന്നതാണ് ഈ തീർത്ഥം. ചന്ദ്രഗിരിയിലുള്ള വസതികൾക്ക് ദ്രാവിഡ ശൈലിയാണ്. ഇന്ദ്രബെട്ടയിൽ ഗോമതേശ്വരന്റെ 17 മീറ്റർ ഉയരമുള്ള ഒരു പൂർണകായ പ്രതിമയും ബെട്ട എന്നറിയപ്പെടുന്ന ചില നിർമിതികളുമാണുള്ളത്. ജൈന ദിവ്യന്മാരുടെ ബിംബങ്ങൾ സ്ഥാപിച്ചിട്ടുള്ള തുറന്ന മണ്ഡപങ്ങളാണ് ബട്ടകൾ. മേൽത്തട്ടിന്റെ അലങ്കരണം, ലോലമായ കമാനങ്ങളുടെ നിർമ്മാണം, തുറന്ന സംവിധാനരീതി എന്നിവയാണ് ജൈനക്ഷേത്രങ്ങളുടെ പ്രത്യേക സ്വഭാവങ്ങൾ. ജൈന നിർമിതികളിൽ സ്തംഭങ്ങളും ഉൾപ്പെടുന്നു.[61]

ഇന്തോ-ഇസ്ലാമിക ശൈലി (എ.ഡി. 1190-1900)[തിരുത്തുക]

താജ് മഹൽ

ഇസ്ലാം മതം ഇന്ത്യയിൽ പ്രചരിക്കാൻ തുടങ്ങിയത് 8-ാം നൂറ്റാണ്ടുമുതൽ ആയിരുന്നു. എന്നാൽ 13-ാം നൂറ്റാണ്ടിനു ശേഷമാണ് വാസ്തുവിദ്യയിൽ ഇന്തോ-ഇസ്ലാമിക ശൈലി ഉടലെടുത്തത്. അടിമവംശം സ്ഥാപകനായ കുത്തബുദ്ദീൻ ഐബക്ക് നൂതനമായ ഒരു കമാനനിർമ്മാണ രീതി (arch construction technique) ഇന്ത്യയിൽ അവതരിപ്പിച്ചു. പിന്നീട് വൈവിദ്ധ്യമാർന്ന രൂപങ്ങളിലും ഭാവങ്ങളിലും പടർന്നു പന്തലിച്ച ഒരു വാസ്തുവിദ്യാശൈലി ബിജാവാപം ചെയ്യപ്പെട്ടു. ഈ ശൈലി ഡൽഹിയിലും സമീപ പ്രദേശങ്ങളിലുമാണ് കേന്ദ്രീകരിച്ചിരുന്നത്. അതേസമയം ഇസ്ലാം മതം ഇന്ത്യയുടെ ഇതരഭാഗങ്ങളിൽ വ്യാപിച്ചപ്പോൾ അവിടങ്ങളിൽ ഈ നൂതന ശൈലി പ്രാദേശിക വ്യതിയാനങ്ങളോടെ ഉപശാഖകളായി പ്രത്യക്ഷപ്പെട്ടിട്ടുള്ളതായും കാണാം.[62]

സാധാരണ ഹൈന്ദവ ശൈലിയിലെ വാസ്തുവിദ്യാമാതൃകൾ അധികവും ക്ഷേത്രങ്ങളിൽ ഒതുങ്ങികൂടിയപ്പോൾ ഇസ്ലാമികശൈലി വിവിധതരം നിർമ്മാണങ്ങളിൽ വ്യാപിച്ചിരുന്നു. പൊതുവിൽ അവയെ മതപരം, ലൗകികം എന്നിങ്ങനെ രണ്ടായി തരംതിരിക്കാം. മതപരമായ നിർമ്മാണങ്ങളിൽ പള്ളികളും ശവകുടീരങ്ങളും ഉൾപ്പെടുന്നു; ലൗകിക നിർമ്മാണങ്ങളിൽ കൊട്ടാരങ്ങൾ, മണ്ഡപങ്ങൾ, നഗരകവാടങ്ങൾ, സ്തംഭങ്ങൾ, ഉദ്യാനങ്ങൾ എന്നിവകളാണ് പ്രധാനമായിട്ടുള്ളത്.

ഹാജിഅലി ദർഗ്ഗ മുംബൈ

സമൂഹത്തിലുള്ള എല്ലാവർക്കും ഒന്നിച്ചിരുന്നു പ്രാർഥിക്കാനുള്ള സ്ഥലമാണ് പള്ളികൾ. ഡൽഹിയിലെ പള്ളികൾ ചുറ്റികെട്ടിയ ഒരുമുറ്റത്തിന്റെ മാതൃകയിലാണ്. പ്രാർത്ഥനാദിശ കാണിക്കുന്ന മിഹിറാബിന്റെ അലങ്കരണത്തിലും ധാടിയിലുമാണ് ശില്പകല പ്രദർശിപ്പിക്കപ്പെടുന്നത്. വിശുദ്ധന്മാരുടെയും രാജാക്കന്മാരുടെയും മറ്റുപ്രമുഖ വ്യക്തികളുടെയും ഭൗതികാവശിഷ്ടങ്ങൾ കബറടക്കം ചെയ്ത സ്ഥലങ്ങളിലെ നിർമിത്കളാണ് ശവകുടീരങ്ങൾ. മതപരമായ നിരോധനമുണ്ടായിട്ടും ഇന്ത്യയിലെ മുസ്ലീം ഭരണാധികാരികൾ ഇത്തരം നിർമിതികൾക്കു തുനിഞ്ഞത് അത്ഭുതകരമായിരിക്കുന്നു. ഇസ്ലാം ശൈലിയിലെ ഏറ്റവും മനോഹര വാസ്തുവിദ്യാമാതൃകയായ താജ്മഹൽ തന്നെ ഒരു ശവകുടീരമാണ്. ഈജിപ്റ്റിലെ ഫറോവന്മാരുടെ ശവകുടീരങ്ങളായ പിരമിഡികളും ഏഷ്യാമൈനറിലെ മുസോളിയങ്ങളുമായിരിക്കാം ശവകുടീരങ്ങളുടെ നിർമിതിക്ക് പ്രചോതനമായത്. ഒറ്റമുറി, അതിനു നടുവിലായി പൊള്ളയായ കല്ലറ, പടിഞ്ഞാറെ ചുവരിൽ മിഹിറാബ്, കുംബാകൃതിയിലുള്ള മേല്പുര എന്നിവയാണ് ശവകുടീരങ്ങളുടെ ഏകദേശരൂപം. മുറിയുടെ താഴെയുള്ള മറ്റൊരറയിലാണ് യഥാർത്ഥ കബർ. വലിയ ശവകുടീരങ്ങളിൽ പള്ളി വേറിട്ടുതന്നെ പണിതിരിക്കും.[63]

കൊട്ടാരങ്ങൾ, രാജാക്കന്മാരുടെയും ചക്രവർത്തിമാരുടെയും ആസ്ഥാന മണ്ഡപങ്ങളും ന്യായപീഠങ്ങളും വാസഗൃഹങ്ങളും ഉൾപ്പെടുന്ന സംരചനാസമുച്ചയങ്ങളാണ്. നടുമുറ്റങ്ങളുണ്ടെന്നതാണ് ഈ നിർമിതികളുടെ പൊതുസ്വഭാവം. റോമിലെ വിജയകമാനങ്ങളെ അനുസ്മരിപ്പിക്കുന്നവയാണ് നഗരകവാടങ്ങൾ. ഇവ പ്രധാനവീഥികളിലും പ്രധാന സ്ഥലങ്ങളിലേക്കുള്ള പ്രവേശനദ്വാരങ്ങളിലും സ്ഥാപിക്കപ്പെട്ടിരിക്കുന്നു. വിജയ സ്മാരകങ്ങളായും അലങ്കാരനിർമിതികളായും പ്രധാന സ്ഥാനങ്ങൾ സൂചിപ്പിക്കുന്ന ഉപനിർമിതികളായും സ്തംഭങ്ങൾ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ജ്യാമിതീയാകൃതികളിൽ മനോഹരമായി സംവിധാനംചെയ്ത ഉദ്യാനങ്ങൾ ഇസ്ലാമിക ശൈലിയുടെ ഒരു പ്രത്യേക സംഭാവനയാണ്. ഉദ്യാനങ്ങളിൽ വിശ്രമമണ്ഡപങ്ങളും ജലസംഭരണികളും ജലധാരകളും സാധാരണമാണ്.[64]

ഇസ്ലാമികശൈലിയെ അതിനുമുമ്പുണ്ടായ മറ്റുവസ്തുവിദ്യാ ശൈലികളിൽ നിന്നും വേർതിരിക്കുന്ന ചില പൊതുസ്വഭാവങ്ങളുണ്ട്. സംരചനയിൽ കമാനങ്ങൾ അവതരിപ്പിക്കപ്പെട്ടതാണ് ഒന്നാമത്തേത്. ഭാരസംവഹനം ചുമരുകളിൽനിന്ന് കമാനങ്ങൾവഴി തൂണുകളിലേക്ക് വ്യാപരിപ്പിക്കുകയാണ് ഇതുകൊണ്ടു ചെയ്യുന്നത്. തന്മൂലം ചുമരുകളുടെ ഉപയോഗം കുറയുകയും സംരചനകൾക്ക് തുറന്ന സ്വഭാവം കൈവരികയും ചെയ്തു. അലങ്കാരങ്ങളിൽ കാണുന്ന മാറ്റമാണ് മറ്റൊരു പ്രത്യേകത. ജന്തുക്കളുടെ ചിത്രങ്ങളും പ്രതിമകളും പാടേ തിരോധാനം ചെയ്തു. പകരം മോടിപിടിപ്പിക്കുവാനുള്ള പ്രധാന ഘടകങ്ങൾ സസ്യജാലങ്ങളും തിരുവെഴുത്തുകളുമായി. ഡൽഹി, ആഗ്ര എന്നീ സ്ഥലങ്ങളിൽ ഈ ശൈലിയിലെ പുരാതന കാലത്തെ നിർമിതികൾ കാണാം. പൊതുവേ ഇവിടങ്ങളിലെ വാസ്തുശിൽപ്പങ്ങളെ രാജകീയശൈലി എന്നു വിശേഷിപ്പിക്കാറുണ്ട്. ഇസ്ലാമികശൈലി മറ്റുസ്ഥങ്ങളിലെ വാസ്തുവിദ്യയുമായി ചേർന്നുണ്ടായ നിർമ്മാണ രീതിയെ പ്രാദേശിക ശൈലി എന്നും വിളിക്കുന്നു. ഈ വിഭജനം പഠനസൗകര്യത്തിനുവേണ്ടി മാത്രമാണ്.

രാജകീയശൈലിയിൽ 12-ാം നൂറ്റാണ്ടു മുതൽ 16-ാം നൂറ്റാണ്ടു വരെ ഡൽഹിഭരിച്ച അഞ്ചു മുസ്ലീം രാജവംശങ്ങളുടെ സംഭാവനകൾ ഉൾപ്പെടുന്നു:

 • അടിമവംശം (1191 - 1246)
 • കിൽജി (1291 - 1320)
 • തുഗ്ലക് (1320 - 1414)
 • സയ്യദ് (1414 - 1451)
 • ലോദി (1451 - 1457)

16-ാം നൂറ്റാണ്ടിന്റെ മദ്ധ്യം മുതൽ 18-ാം നൂറ്റാണ്ടുവരെ പ്രാബല്യത്തിലിരുന്ന മുഗളവംശ വാസ്തുവിദ്യയിൽ പല നൂതന പ്രവണതകളും അവതരിപ്പിച്ചു. ഡൽഹിയിലും ആഗ്രയിലുമായി കാണപ്പെടുന്ന ഇത്തരം ശില്പങ്ങളെ മുഗളശൈലി എന്നും വിളിക്കാറുണ്ട്.[65]

അടിമവംശം[തിരുത്തുക]

കുത്തബ് മിനാർ
കമാനങ്ങളുടെ നിരയും അയസ്തംഭവും

ഇന്ത്യയിൽ ആദ്യമായി ഇസ്ലാമികശൈലി കൊണ്ടുവന്നത് അടിമവംശമാണ്. ഡൽഹി ഭരിച്ച മറ്റു നാല് മുസ്ലീം രാജവംശങ്ങളുടെ സംഭാവനകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ വംശത്തിന്റെ നേട്ടങ്ങൾ മികച്ചു നിൽക്കുന്നു. അടിമവംശ സ്ഥാപകനായ കുത്തബുദ്ദീൻ ഐബക്കും ജാമാതാവായ ഷംസുദ്ദീൻ ഇൽത്തമീഷും ആണ് ഈ വംശത്തിലെ പ്രധാന വാസ്തുശില്പങ്ങൾ കാഴ്ച്ചവച്ചത്. കുത്തബുദ്ദീൻ ആക്രമിച്ചു കീഴടക്കിയ കിലാറായ്പിത്തോറ എന്ന സ്ഥലത്ത് ഹിന്ദുക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾ ഉപയോഗിച്ച് പണിതീർത്ത കുത്തബ് പള്ളിയാണ് ഇസ്ലാമികശൈലിയിലെ ആദ്യവാസ്തുശില്പം.[66] ഈ പള്ളിയുടെ മുമ്പിലാണ് പ്രസിദ്ധമായ് അയസ്തംഭം. മഥുരയിൽ മൗര്യവംശകാലത്ത് സ്ഥാപിക്കപ്പെട്ട ഗരുഡധ്വജമാണ് ഈ തൂണെന്ന് വിശ്വസിക്കപ്പെടുന്നു. പള്ളി പിന്നീട് വലുതാക്കിയപ്പോൾ അതിന്റെ പടിഞ്ഞാറുഭാഗത്ത് കമാനങ്ങളുടെ ഒരു നിര നിർമ്മിക്കപ്പെട്ടു. കമാനങ്ങൾ മുസ്ലീം മേസ്തിരിമാരുടെ മേൽനോട്ടത്തിൽ ഇന്ത്യൻ കരകൗശലക്കാർ ഭംഗിയിലും ഉറപ്പിലും തീർത്ത ആദ്യത്തെ പണിയാണ്. 6.7 മീറ്റർ വിസ്തൃതിയും 14 മീറ്റർ ഉയരവുമുള്ളതാണ് ഇതിന്റെ മദ്ധ്യകമാനം. ഇതിനു രണ്ടുവശത്തുമായി 7.5 മീറ്റർ ഉയരത്തിൽ രണ്ടു ചെറിയ കമാനങ്ങളുമുണ്ട്. കാഴ്ചയ്ക്ക് അതീവ കൗതുകകരമായ ഈ കമാനനിര ആപ്പുകല്ലുകൾ ഉപയോഗിച്ചല്ല നിർമിച്ചിരിക്കുന്നത്. പകരം തള്ളുവച്ച് പണിതുയർത്തിയിരിക്കുകയാണ്. ഇത്തരത്തിലുള്ള നിർമ്മാണത്തിൽ ഭാരതീയ ശില്പികൾ വിദഗ്ദ്ധരായിരുന്നു. ബൗദ്ധശൈലിയിലെ ചൈത്യജാലകങ്ങളുടെ രൂപം ഈ കമാനങ്ങളിൽ സ്വാഭാവികമായും കാണാം. ഈ പള്ളിയുടെ ഒരുവശത്തായി കുത്തബ്മീനാർ സ്ഥിതിചെയ്യുന്നു. 73 മീറ്ററിൽ നാലു നിലകളിലായി സംവിധാനംചെയ്ത ഈ സ്തംഭം ഇസ്ലാം മതത്തിന്റെ അധികാരവും പ്രതാപവും സൂചിപ്പിക്കുവാൻ എന്നവണ്ണം കുത്തബുദ്ദീൻ നിർമിച്ചതാണ്.[67] പിൽക്കാലത്ത് ഇതിന് ഒരു നിലകൂടി കൂട്ടിച്ചേർക്കുകയുണ്ടായി. 14 മീറ്ററാണ് ഇതിന്റെ അടിയിലെ വ്യാസം. മുകളിലെത്തുമ്പോൾ അതു മൂന്നു മീറ്ററായി ചുരുങ്ങുന്നു. ഓരോനിലയും വിഭിന്നമായ പ്രസാധനരീതികളിൽ സംസ്കരിക്കപ്പെട്ടിരിക്കുന്നു. മുകളിൽ കയറുന്നതിന് സ്ർപ്പിലാകൃതിയിലുള്ള ഒരു കോണിയും ഓരോനിലയിലും നിരീക്ഷണവേദികളും ഉണ്ട്. ഈ തട്ടുകൾ തങ്ങിയിരികുന്നത് ചരിഞ്ഞ കമാനപ്രലംബിനികളാണ്. കുത്തബുദ്ദീൻ ഐബക്ക് അജ്മീറിൽ മറ്റൊരു പള്ളിയുടേയും നിർമ്മാണമാരംഭിച്ചു ഈപള്ളി ഡൽഹിയിലെക്കാൾ രണ്ടുമടങ്ങു വലുതാണ്. ഇൽത്തമീഷ് ആണ് ഇതിന്റെ നിർമ്മാണം പൂർത്തിയാക്കിയത്.

ഇൽത്തമീഷ് കുത്തബ്പള്ളി വിപുലീകരിക്കാൻ ശ്രമങ്ങൾ നടത്തുകയുണ്ടായി. സ്വപുത്രന്റെ സ്മരണക്കായി ഇൽത്തമിഷ് നിർമിച്ച ശവകുടീരമാണ് ആവിഭാഗത്തിലെ ആദ്യമാതൃക. ഇൽത്തമീഷിന്റെ കാലശേഷം 60 വർഷത്തേക്ക് കാര്യമായ നിർമ്മാണങ്ങളൊന്നും ഉണ്ടായില്ല. ഇടയ്ക്കു കുറച്ചുകാലത്തേക്കു ഡൽഹി ഭരിച്ച ബാൽബൻ തനിക്കായി പണികഴിപ്പിച്ച ശവകുടീരം കുത്തബ്പള്ളിയുടെ സമീപത്തായി അവശേഷിക്കുന്നു. സംരചനാപരമായി മാത്രമേ ഇതിനു പ്രാധാന്യമുള്ളു. ഇന്ത്യയിൽ തീർത്ത ആദ്യത്തെ യഥാർത്ഥ കമാനങ്ങൾ ഈ നിർമ്മാണത്തിൽ കാണാം.

കിൽജിവംശം[തിരുത്തുക]

കുത്തബ്മീനറും അലിദർവാസയും

കുത്തബ്പള്ളിയുടെ വിപുലീകരണം തുടങ്ങിയത് അലാവുദീൻ കിൽജി ഡൽഹിയിൽ അധികാരത്തിൽ വന്നതിനു ശേഷമാണ്. അടിമവംശക്കാലത്തെ നിർമിതികളുടെയും കുത്തബ്പള്ളിയുടെയും പുനരുദ്ധാരണശ്രമം അലാവുദ്ദീന്റെ കാലശേഷം തുടർന്നില്ല. ഇദ്ദേഹത്തിന്റെ കാലത്ത് അലിദർവാസ എന്നറിയപ്പെടുന്ന കവാടം മാത്രമാണ് പൂർത്തിയായത്. പള്ളിയിലേക്കുള്ള പ്രവേശനദ്വാരമാണിത്. കമാനനിർമ്മാണത്തിന്റെ സംശുദ്ധിക്കും കുംഭകത്തിന്റെ ആധാരരീതിക്കും നിദർശമാണ് ഇത്. ഇതിന്റെ നിർമ്മാണത്തിന് ഏഷ്യാമൈനറിലെ നിർമ്മാണ രീതിയുമായി സാമ്യമുണ്ട്. കിൽജിവംശകാലത്തെ മറ്റൊരു പ്രധാനനിർമിതി ജമത്ഖാന മസ്ജിത് എന്നറിയപ്പെടുന്ന മറ്റൊരുപള്ളിയാണ്. നിസാമുദ്ദീൻ ഔലിയ എന്ന വിശുദ്ധന്റെ കബർ ഇവിടെയാണ്. അലിദർവാസ പോലെയാണ് ഇതും നിർമിച്ചിട്ടുള്ളത്. ചിത്തോറിലെ കമാനപ്പാലം, ഭരത്പൂറിലെ ഉഖാമസ്ജിത്ത് എന്നിവയാണ് ഈ വംശത്തിന്റെ ഇതര സംരചനകൾ.[68]

തുഗ്ലക്‌വംശം[തിരുത്തുക]

തുഗ്ലക്കാബാദ് കോട്ട

ഈ വശത്തിലെ പതിനൊന്നു ഭരണകർത്താക്കളിൽ വാസ്തുവിദ്യയിൽ താല്പര്യമുണ്ടായിരുന്നവർ വെറും മൂന്നുപേർ മാത്രമായിരുന്നു. അവർ ഗിയാസുദ്ദിൻ തുഗ്ലക്, മുഹമ്മദ് ഷാ തുഗ്ലക്, ഫിറോസ് ഷാ തുഗ്ലക് എന്നിവരായിരുന്നു. ഗിയാസുദ്ദീൻ തുഗ്ലക് അഞ്ചു വർഷം മാത്രം നീണ്ടുനിന്ന തന്റെഭരണകാലത്ത് തുഗ്ലക്കാബാദ് കോട്ടയുടെ നിർമ്മാണം ആരംഭിച്ചു.[69] കൊട്ടാരം, ഭരണസ്ഥാപനങ്ങൾ, സൈനികപ്പാളയങ്ങൾ എന്നിവയെല്ലാമടങ്ങുന്ന മന്ദിരസമുച്ചയമാണ് ഈ കോട്ടക്കകത്തുള്ളത്. തുഗ്ലക്കാബാദിലെ സംരചനകൾ വ്യക്തമായ സംവിധാനരീതിയിൽ ഉള്ളവയല്ലെങ്കിലും വൈവിദ്ധ്യമാർന്ന നിർമ്മാണരീതികൾ സമന്വയിപ്പിക്കാനുള്ള ഒരു ശ്രമം ഇവയിൽ കാണുന്നുണ്ട്.

തുഗ്ലക്കാബാദിൽ കേടുപാടുകളില്ലാതെ ഇന്നവശേഷിക്കുന്നത് ഗിയാസുദ്ദീന്റെ ശവകുടീരം മാത്രമാണ്. ഒരു കോട്ടയ്ക്കകത്ത് സുരക്ഷിതമാക്കിയിരിക്കുന്ന ഈ ശവകുടീരം 18.5 മീറ്റർ ചതുരത്തിലും 25 മീറ്റർ ഉയരത്തിലുമാണ് നിർമിച്ചിരിക്കുന്നത്. ചുമരുകളുടെ പുറംഭാഗത്തിന് 75 ഡിഗ്രി ചരിവുണ്ട്. താങ്ങുചുമർപോലെ പടിഞ്ഞാറുഭാഗത്ത് മിഹിറാബും മറ്റുമൂന്നുവശങ്ങളിൽ കമാനവതിലുകളും കാണാം. 9 മീറ്റർ ചതുരത്തിൽ ഒറ്റമുറിയായാണ് ഉൾഭാഗം. മുറിയുടെ നാലുമൂലകളിൽ നിന്നും പ്രലംബിനികൾ ഉയർന്ന് അഷ്ടഭുജാകൃതിയിൽ കുംഭകമേൽപ്പുരയ്ക്കുള്ള ആധാരമായിത്തീരുന്നു. കുംഭകത്തിന്റെ മേൽഭാഗത്ത് ഹിന്ദുക്ഷേത്രങ്ങളിലേതുപോലെ കലശരൂപവും സ്ഥാപിച്ചിരിക്കുന്നു.[70]

ഫിറോഷാ കോട്ടയിൽ അവശേഷിച്ച കെട്ടിടം 1795.

മുഹമ്മദ് തുഗ്ലക്ക് മറ്റൊരുനഗരത്തിന്റെ പണി ഡൽഹിയിൽ തുടങ്ങിയെങ്കിലും അതു പൂർത്തിയാക്കിയില്ല. ഈ കോട്ടയുടെ അവശിഷ്ടങ്ങളിൽ കാണുന്ന പ്രധാനപ്പെട്ട മൂന്നു നിർമിതികൾ രണ്ടുനിലകളിൽ 7 സ്പാനുകളുള്ള സാത്പുൽ എന്ന പാലവും വിജയ് മണ്ഡൽ എന്നറിയപ്പെടുന്ന കൊട്ടാരവും ബാരാഖംബ എന്ന പ്രഭുമന്ദിരവുമാണ്. മുഹമ്മദ് തുഗ്ലക്ക് തന്റെ ഭരണത്തിന്റെ അവസാനകാലത്ത് തലസ്ഥാനം ഡക്കാനിലെ ദൗലത്താബാദിലേക്കു മാറ്റിയതോടെ ഈ നഗരം ഉപേക്ഷിക്കപ്പെട്ടു. പിന്നീട് ഫിറോസ്ഷാ തുഗ്ലക്കിന്റെ കാലത്താണ് ഡൽഹി പ്രാമുഖ്യം വീണ്ടെടുത്തത്.

ഫിറോസ്ഷാ തുഗ്ലക്കിന്റെ നാമധേയം നാലു കോട്ടകളുടെയെങ്കിലും നിർമ്മാണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഫിറോസാബാദ് എന്ന രാജധാനിയും അനേകം പള്ളികളും ശവകുടീരങ്ങളും ഫിറോസ്ഷായുടെകാലത്ത് പണികഴിപ്പിക്കപ്പെട്ടു. യമുനയുടെ തീരത്താണ് കോത്തിലാ ഫിറോഷാ എന്ന രാജധാനി. ദീർഘചതുരാകൃതിയിലുള്ള ഈ കോട്ടയുടെ പ്രധാന കവാടം പടിഞ്ഞാറുഭാഗത്താണ്. രാജകൊട്ടാരം, പള്ളി, സഭാമണ്ഡപം എന്നിങ്ങനെ വിവിധ ഉപയോഗങ്ങൾക്കുള്ള നിരവധി കെട്ടിടങ്ങൾ ഈ കോട്ടയ്ക്കകത്തു പണിതിരിക്കുന്നു. കലാമേന്മയ്ക്കുള്ള പ്രശസ്തിയാർജിച്ചിട്ടുള്ള മുന്നു ശവകുടീരങ്ങളും ഇവിടെയുണ്ട്. ഫിറോസ്ഷാ തുഗ്ലക്കിന്റെയും അദ്ദേഹത്തിന്റെ പ്രധാനമന്ത്രിയുടെയും കബറുദ്ദീൻ ഔലിയ എന്ന വിശുദ്ധന്റെയും ശവകുടിരങ്ങളാണിവ. തുഗ്ലക് വംശത്തിന്റെ അവസാനകാലത്ത് തിമൂർ ഡൽഹി കൊള്ളയടിച്ചതോടെ അതിനുമുമ്പുള്ള രണ്ടു നൂറ്റാണ്ടുകളിലെ നിർമ്മാണ പ്രയത്നഫലങ്ങൾ നശിപ്പിക്കപ്പെട്ടു.[71]

സയ്യദ്-ലോദിവംശങ്ങൾ[തിരുത്തുക]

സിക്കന്തർ ലോദിയുടെ ശവകുടീരം

തിമൂറിന്റെ ആക്രമണകാലത്തിനു ശേഷം മുഗൾവംശം അധികാരത്തിൽ വരുന്നതുവരെ ഡൽഹിയുടെ പ്രതാപം മങ്ങിക്കിടന്നു. ഈ കാലഘട്ടത്തിൽ ഡൽഹി ഭരിച്ചിരുന്ന സയ്യദ്-ലോദിവംശക്കാർ വാസ്തുവിദ്യയ്ക്കു നൽകിയ പരിമിതമായമായ സംഭാവനകൾ ശവകുടീര നിർമ്മാണങ്ങളിൽ മാത്രമായി ഒതുങ്ങിനിൽക്കുന്നു; ഡൽഹി ശവകുടീരങ്ങളുടെ ഒരു നഗരമായി മാറുകയായിരുന്നു. അൻപതോളം വരുന്ന ഇവയിൽ മുബാറക് സയ്യദ്, മുഹമ്മദ് സയ്യദ്, സിക്കന്തർ ലോദി എന്നിവരുടെ ശവകുടീരങ്ങൾ മാത്രമാണ് പ്രധാനമായിട്ടുള്ളത്. ഇവമൂന്നിനും അഷ്ടഭുജാകൃതിയാണ്. ചുറ്റും കമാനനിരകളുള്ള ഒരു വരാന്തയും മുകളിൽ കുംഭകാകൃതിയിലുള്ള മേല്പുരയും ഇവയ്ക്കുണ്ട്. വരാന്തയുടെ മേല്പുരയിലും ചെറിയ കുംഭകമണ്ഡപങ്ങൾ നിർമിച്ചിരിക്കുന്നു. സിക്കന്ദർ ലോദിയുടെ ശവകുടീരത്തിന് മറ്റുരണ്ടിനേയും അപേക്ഷിച്ച് ചില പ്രത്യേകതൾ ഉണ്ട്. ഇതിനു വരാന്തയുടെ ഭാഗത്ത് ചെറിയ കുംഭമണ്ഡപങ്ങൾ ഇല്ല. മേൽപ്പുരയാകട്ടെ രണ്ട് അർധകുംഭകങ്ങൾ ചേർന്നതുമാണ്. അകത്തുനിന്നും പുറത്തുനിന്നും നോക്കുമ്പോൾ മേല്പുര മനോഹരമായ അനുപാതങ്ങളിൽ കാണുവാൻ വേണ്ടിയാണ് ഈ യുഗ്മകുംഭകം നിർമിച്ചിരിക്കുന്നത്. താജ്മഹലിലും രണ്ടു പ്രധാന ശവകുടീരങ്ങളിലും ഈ നിർമ്മാണ രീതി പിന്നീട് ഉപയോഗിക്കപ്പെടുകയുണ്ടായി. ശവകുടീരങ്ങളിൽ ഇക്കാലത്ത് കാണുന്ന മറ്റൊരുമാതൃക സമചതുരാകൃതിയിൽ പ്ലാനുള്ളതും വരാന്തകളില്ലാതെ രണ്ടോ മൂന്നോ നിലയിൽ നിർമ്മിക്കപ്പെട്ടതുമായ ഒന്നാണ്. ഇത്തരത്തിലുള്ള ഏഴെണ്ണമെങ്കിലും ഡൽഹിയിലും പരിസരങ്ങളിലുമായി കാണപ്പെടുന്നു. അവയിലേറ്റവും വലുത് 24.5 മീറ്റർ ഉയരമുള്ള ബഡാഖാൻ കാ ഗുംഭദ് ആണ്. ഇക്കാലത്തെ മറ്റൊരുപ്രത്യേകത വാസ്തുവിദ്യയുടെ രക്ഷാധികാരം സുൽത്താന്മാരിൽ നിന്നും ധനാഢ്യരായ പ്രഭുക്കന്മാരിലേക്കു മാറി എന്നതാണ്. ഈ പ്രവണതയുടെ ഫലമായി ധാരാളം ചെറിയ പള്ളികളും ശവകുടീരങ്ങളും ബഗ്ലാവുകളും ഉയർന്നുവരുവാൻ തുടങ്ങി.

മുഗൾശൈലി[തിരുത്തുക]

പുരാനകില

1526-ൽ ബാബറാണ് മുഗളവംശം സ്ഥാപിച്ചത്. അതിനുമുമ്പ് 15 വർഷക്കാലം (1530 - 1545) ഡൽഹി സേർഷാസൂറിന്റെ അധികാരപരിധിയിലായി. ഈ ചുരുങ്ങിയ കാലത്തിനിടയ്ക്കും വ്യക്തമായ വാസ്തുവിദ്യാമാതൃകകൾക്ക് രൂപം കൊടുക്കുവാൻ മാത്രം കഴിവുണ്ടായിരുന്ന ഒരു പ്രതിഭാശാലിയായിരുന്നു ഷേർസാസൂർ. ലോദിവംശക്കാലത്തുണ്ടായ വാസ്തുവിദ്യാരീതികൾ പൂർണതയിലെത്തിക്കുകയും മുഗളശൈലിക്ക് ആരംഭം കുറിക്കുകയും ചെയ്തത് അദ്ദേഹമാണ്. അലിവാൽഖാൻ ആയിരുന്നു ഷേർഷാസൂറിന്റെ രാജശില്പി. ബീഹാറിലെ സസ്രാം എന്ന സ്ഥലത്ത് ഷേഷാസൂറിന്റെ പിതാവായ ഹസ്സൻഖാന്റെ ശവകുടീരമാണ് അലിവാൽഖാൻ മേൽനോട്ടം വഹിച്ച ആദ്യത്തെശില്പം. ലോദിശൈലിയുടെ പൂർണതയാണ് ഇവിടെ കാണുന്നത്. ഒരു കൃത്രിമ തടാകത്തിന്റെ മധ്യത്തിലാണ് ഈ സ്മാരകം. ഡൽഹിയിൽ ഷേർഷാസൂറിന്റെ നിർമ്മാണസംരംഭങ്ങൾ പുരാനാകില എന്ന നിർമിതിയോടെയാണ് ആരംഭിക്കുന്നത്.[72] 1540-ൽ ആരംഭിച്ച ഈ നിർമ്മാണം പൂർത്തിയാക്കുന്നതിനുമുൻപ് ഹുമയൂൺ അധികാരം വീണ്ടെടുത്തു. ഷേർഷാ നിർമിച്ചുവന്നിരുന്ന പണികൾ പലതും ഹുമയൂൺ നശിപ്പിച്ചു. പുരാനാകിലയുടെ രണ്ട് പ്രവേശനകവാടങ്ങൾ മാത്രമേ ഈ കോട്ടയുടെ വിപുലത കാണിച്ചുകൊണ്ട് നിലനിൽക്കുന്നുള്ളു. നശിപ്പിക്കപ്പെടാത്ത മറ്റൊരു നിർമിതി കിലാ-ഇ-ഖുന മസ്ജിദ് ആണ്.[73] ഇതിന്റെ മുഖപ്പ് അഞ്ചുകമാനങ്ങളുള്ളതാണ്. ദീർഘചതുരാകൃതിയിലുള്ള ചട്ടക്കൂടിൽ കമാനവും രണ്ടിനുമിടയ്ക്കുള്ള ചുമരിലും ചട്ടകൂടിലും സമൃദ്ധമായ കൊത്തുപണികളുമുള്ള ഈ മുഖപ്പാണ് പിൽക്കാലത്തുണ്ടായ മുഗൾകവാടങ്ങളുടെ മാതൃക. ഇക്കാലത്തോടെ കമാനങ്ങളുടെ നിർമ്മാണതത്വങ്ങൾ തികച്ചും മനസ്സിലാക്കപ്പെട്ടു. തുടർന്നുള്ള പണികളിൽ ഈ തത്ത്വം ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുവാനും സ്വതസ്സിദ്ധമായി പരിഷ്കാരങ്ങൾ വരുത്തി നിർമ്മാണ പ്രശ്നങ്ങൾക്ക് പുതിയ പരിഹാരങ്ങൾ കാണുവാനും ശില്പികൾക്കു സാധിച്ചു.

ഹുമയൂണിന്റെ ശവകുടീരം

1526 മുതൽ 1531 വരെയുള്ള അഞ്ചു വർഷക്കാലം മാത്രമേ ബാബർ അധികാരത്തിൽ ഉണ്ടായിരുന്നുള്ളു. പാനിപ്പത്തിലും ഡൽഹിക്കടുത്തുള്ള സംഭാലിലും പണിതിട്ടുള്ള പള്ളികൾ മാത്രമാണ് ബാബറിന്റെ വാസ്തുവിദ്യകളുടെ ഉദാഹരണമായിട്ടുള്ളത്. ഹുമയൂണിന്റെ കാലത്ത് (1531 - 1556) പതിനഞ്ചു വർഷം പേർഷ്യയിലാണ് അദ്ദേഹം കഴിചുകൂട്ടിയത്. വീണ്ടും ഡൽഹിയിൽ അധികാരം സ്ഥാപിച്ചശേഷവും വാസ്തുവിദ്യാപരമായി മേന്മയുള്ള ശില്പങ്ങളൊന്നും അദ്ദേഹം നിർമ്മിക്കുകയുണ്ടായില്ല. മുഗളശൈലി രൂപപ്പെടുന്നത് വാസ്തവത്തിൽ ഹുമയൂണിന്റെ വിധവയായ ഹാജി ബീഗം പണികഴിപ്പിച്ച ഹുമയൂണിന്റെ ശവകുടീരത്തിൽ നിന്നാണ്.[74] ഹുമയൂണിന്റെ കാലശേഷം (1556) അക്ബർ തന്റെ തലസ്ഥാനം ആഗ്രയിലേക്കു മാറ്റിയതുമൂലം ഡൽഹിയുടെ പ്രാധാന്യം കുറഞ്ഞെങ്കിലും ഹാജീബീഗം ഡൽഹിയിൽ തന്നെയാണ് താമസമാക്കിയത്. അവർ ഹുമയൂണിന്റെ രാജധാനിയായിരുന്ന ദിൻപനയിൽ ഹുമയൂണിന്റെ ശവകുടീരം പണിയിച്ചു. ഒരു പേർഷ്യൻ ശില്പിയായ മിരാക് മിർസാ ഗിയാസ് ആണ് ഇതിന്റെ രൂപരേഖ തയ്യാറാക്കിയത്. താജ്മഹലിന്റെ നിർമ്മാണത്തിൽ ഈ സ്മാരകത്തിന്റെ വ്യക്തമായ സ്വാധീനം കാണാം.

അഗ്രാക്കോട്ട
ജഹാംഗീരിമഹൽ

ഈ ശവകുടീരം പണിതീർത്തിരിക്കുന്നത് വിശാലമായ ഒരു ഉദ്യാനത്തിലണ്. ഇതിന്റെ നാലുഭാഗത്തും കമാനങ്ങളുള്ള കവാടങ്ങളുണ്ട്. ഉദ്യാനത്തിന്റെ മദ്ധ്യത്തിലായി 7 മീറ്റർ ഉയരമുള്ള ഒരു തറയിലാണ് ഈ ശില്പം നിൽക്കുന്നത്. തറയ്ക്കുള്ളിൽ സന്ദർശകർക്കു താമസിക്കാൻ മുറികളുണ്ട്. ഈ മുറികളിലേക്കുള്ള പ്രവേശന കവാടങ്ങൾ തറയിൽ കമാനങ്ങളുടെ ഒരു നിര സൃഷ്ടിക്കുന്നു. 57 മീറ്റർ ചതുരത്തിൽ 42.5 മിറ്റർ ഉയരമുള്ള ഈ സൗധത്തിനകത്ത് മധ്യത്തിലായി ഒരു വലിയ മുറിയും നാലു മൂലകളിലും ഓരോ ചെറുമുറിയുമുണ്ട്. എല്ലാ മുറികളും അഷ്ടഭുജാകൃതിയിലാണ്. കോണോടു കോണായുള്ള ഇടനാഴികൾ മുറികളെയെല്ലാം ബന്ധിപ്പിക്കുന്നു. മുറികൾക്കകത്തു പ്രകാശം ചൊരിയുന്നതിന് ഉയരത്തിലുള്ള വാതായനയവനികകളാണ്. സമ്മിതി, ലയം, അനുപാതം തുടങ്ങിയ വാസ്തുവിദ്യാതത്വങ്ങൾ സമന്വയിപ്പിക്കുകമൂലം ഈ ശില്പം നയനാകർഷകമായിരിക്കുന്നു. സിക്കന്ദർ ലോദിയുടെ ശവകുടീരത്തിൽ ആവിഷ്കരിക്കപ്പെട്ട യുഗ്മകുംഭസങ്കല്പം ഇവിടെ പൂർണതയിൽ എത്തിയതായി കാണാം[75]

അക്ബറുടെ കാലഘട്ടമായിരുന്നു മുഗളശൈലിയുടെ വികാസദശ. നിരവധി വാസ്തുശില്പങ്ങൾ ഇക്കാലത്തുണ്ടായി. ചുവന്ന മണൽക്കല്ലാണ് എല്ലാ നിർമ്മാണങ്ങൽക്കും ഉപയോഗിച്ചിരുന്നത്. മോടിപിടിപ്പിക്കുവാൻ മാർബിൾ മണൽക്കല്ലിൽ നിവേശിപ്പിക്കുന്നതും സാധാരണമായിരുന്നു.

ആഗ്രകോട്ടയാണ് അക്ബറുടെ ആദ്യനിർമിതി.[76] 21 മീറ്റർ ഉയരവും രണ്ടര കിലോമീറ്റർ ചുറ്റളവുമുള്ള ഈ കോട്ടയ്ക്ക് രണ്ടു പ്രവേശന കവാടങ്ങളാണുള്ളത്. പടിഞ്ഞാറുവശത്തുള്ള ഡൽഹി കവാടമാണ് ഇവയിൽ പ്രധാനം. അഷ്ടഭുജാകൃതിയിലുള്ള രണ്ടു ഗോപുരങ്ങളും ഇടയ്ക്കൊരു കമാനവുമുള്ളതാണ് ഈ പ്രവേശനദ്വാരം. ഇതിന്റെ അലങ്കരണത്തിൽ മറ്റ് ഇസ്ലാമിക ശില്പങ്ങളിൽ കാണാത്ത രൂപങ്ങൾ (ഉദാ. പക്ഷികൾ) ഉണ്ട്. കോട്ടയ്ക്കകത്ത് ഏതാണ്ട് 500 എടുപ്പുകൾ ഉണ്ടായിരുന്നു. ഇവയിൽ പലതും പിൽക്കാലത്ത് ഷാജഹാൻ പൊളിച്ചുമാറ്റി. അവിടെ വിശാലമായ ഒരു വെണ്ണക്കൽ മണ്ഡപം പണിയുകയുണ്ടായി. അക്ബറുടെ കൊട്ടാരത്തിന്റെ ബാക്കിനിൽക്കുന്ന ഭാഗങ്ങളാണ് ജഹാംഗീരിമഹൽ [77]എന്നറിയപ്പെടുന്നത്. അതുവരെയുണ്ടായിരുന്ന ഇസ്ലാമികശൈലി പ്രധാനമായും പേർഷ്യൻ കലയുടെ പുനരാവിഷ്കരണമായിരുന്നു. ഇസ്ലാമികശൈലിയെ ഭാരതത്തിലെ പരമ്പരാഗതശൈലിയുമായി കൂട്ടിയിണക്കുവാനുള്ള ആദ്യശ്രമത്തിന്റെ ലക്ഷണങ്ങൾ അക്ബറുടെ നിർമിതികളിൽ കാണുന്നു. തൂണുകളുടെയും താങ്ങുകളുടെയും നിർമ്മാണത്തിലും സംസ്കരണത്തിലും പണ്ടുണ്ടായിരുന്ന രീതികൾ ഇവിടെ കാണാം. അക്ബർ നിർമിച്ച രണ്ടു കോട്ടകൾ ലാഹോറിലും അലഹബാദിലുമാണ്. ആഗ്രാകോട്ടപോലെ തന്നെയാണ് ഇവയുടെയും സംവിധാനരീതികൾ.

ഫത്തേപൂർസിക്രി

വാസ്തുവിദ്യയ്ക്ക് അക്ബറുടെ ഏറ്റവും മഹത്തായ സംഭാവന ഫത്തേപൂർസിക്രിയിലെ നിർമ്മാണ സമുച്ചയങ്ങളാണ്. [78] അക്ബർ ഇതു പണിയിപ്പിച്ചത് അദ്ദേഹത്തിന്റെ തലസ്ഥാനമാക്കാൻ വേണ്ടിയാണ്. തലസ്ഥാന നഗരിയിലെ വൈവിദ്ധ്യമാർന്ന ആവശ്യങ്ങൾക്കായി രൂപകല്പനചെയ്ത് പണിതീർത്ത നിരവധി കെട്ടിടങ്ങൾ ഇവിടെയുണ്ട്. അവിടെയുള്ള കെട്ടിടങ്ങളെ പൊതുവിൽ മതപരമെന്നും ലൗകികമെന്നും രണ്ടായി തരംതിരിക്കാം

ജുമാമസ്ജിദ്

മതപരമായ കെട്ടിടങ്ങളിൽ രണ്ടെണ്ണമാണ് പ്രധാനം. ബുലന്ത്ദർവാസ എന്നറിയപ്പെടുന്ന വിജയകവാടം കടന്നു ചെല്ലുമ്പോൾ കാണുന്ന ജുമാമസ്ജിദും[79] സലീംചിസ്തി[80] എന്ന വിശുദ്ധന്റെ കബറുമാണവ. അക്ബറുടെ ഡക്കാൺവിജയത്തിന്റെ സ്മാരകമായിട്ടാണ് ബുലന്ത്ദർവാസ നിർമിച്ചത്.[81] ഒരു നടുമുറ്റവും അതിന്റെ മൂന്നുവശത്തും തൂണുകളുള്ള വരാന്തയും നാലാമത്തെവശത്ത് വിശുദ്ധസ്ഥലവും ചേർന്നതാണ് ഇതിന്റെ സംവിധാനം. ചുമർചിത്രങ്ങളാണ് ഇവിടത്തെ എടുത്തുപറയേണ്ട പ്രത്യേകത. പള്ളിയുടെ വലിയരൂപം മറ്റുള്ള കെട്ടിടങ്ങളെയെല്ലാം ചെറുതാക്കി കാണിക്കുന്നു. സലീംചിസ്തിയുടെ ശവകുടീരം മിനുസപ്പെടുത്തിയ വെള്ളമാർബിളിൽ നിർമ്മിക്കപ്പെട്ട ഒരു സുന്ദര സ്മാരകമാണ്. പുറത്ത് ചതുരാകൃതിയും അകത്തു വൃത്താകൃതിയുമുള്ള ഒരു മുറിയും മുമ്പിൽ ഒരു മുഖപ്പുമാണ് ഇതിനുള്ളത്. മുഖപ്പിലെ തൂണുകൾ ഗുജറാത്തിലെ ക്ഷേത്രങ്ങളിലേതുപോലെ സർപ്പിലാകൃതിയിൽ ഉള്ളവയാണ്.

മറിയംസമാനി പാലസ് (ജോദ്ഭായിക്കുവേണ്ടി നിർമിച്ച കൊട്ടാരം)
ദിവൻ-ഇ-ഖാസ്
പാഞ്ച്മഹൽ

ലൗകിക നിർമ്മാണങ്ങളെ കൊട്ടാരങ്ങൾ, ഭരണസ്ഥാപനങ്ങൾ, മറ്റുപാർപ്പിടങ്ങൾ എന്നിങ്ങനെ തരംതിരിക്കാം. അക്ബറുടെ പ്രിയപത്നിയായിരുന്ന ജോദ്ഭായിക്കു വേണ്ടിനിർമിച്ച കൊട്ടാരമാണ് ഇവയിൽ ഏറ്റവും വലുത്.[82] ലളിതമായ ബാഹ്യഭാഗമുള്ള ഈ കെട്ടിടത്തിനകത്ത് ഒരു നടുമുറ്റത്തിനു ചുറ്റുമായി സംവിധാനം ചെയ്ത ഇരുനില സൗധങ്ങളുണ്ട്. പശ്ചിമേന്ത്യയിലെ ക്ഷേത്രശില്പങ്ങളെ അനുസ്മരിപ്പിക്കുന്നവയാണ് ജോദ്ബായി കൊട്ടാരം. നിർമ്മാണഘടകങ്ങളുടെ സംസ്കരണം പരിശോധിച്ചാൽ ഗുജറാത്തിൽ നിന്നും വരുത്തിയ ശില്പികളാണ് ഇതു നിർമിച്ചതെന്നു വ്യക്തമാകും. മറ്റൊരു പ്രധാനകൊട്ടാരം അക്ബറുടെ പ്രധാനമന്ത്രിയായിരുന്ന ബീർബല്ലിന്റേതാണ്.[83] തഴെ നാലുമുറികളും മുകളിൽ രണ്ടു മുറികളുമുള്ള ഈ കെട്ടിടം അതിന്റെ മനോഹരമായ അനുപാതങ്ങൾക്കു പ്രസിദ്ധമാണ്. ഈ കെട്ടിടത്തിലെ മേല്പുര ഇരട്ട കുംഭകങ്ങളാണ്. ചരിഞ്ഞ ഇറമ്പും അവയെതാങ്ങുന്ന ബ്രാക്കറ്റുകളുമാണ് ഫത്തേപൂർസിക്രിയിലെ എല്ലാ നിവാസ മന്ദിരങ്ങളിലും കാണുന്ന പ്രത്യേകത. ഇവ ബീർബെല്ലിന്റെ കൊട്ടാരത്തിൽ ഏറ്റവും ഭംഗിയായി രൂപപ്പെടുത്തിയിരിക്കുന്നു.

ഭരണസ്ഥാപനങ്ങളിൽ പ്രധാനം ദിവാൻ-ഇ-ഖാസ് ആണ്.[84] ചക്രവർത്തി പ്രജകളെ സ്വീകരിക്കുന്ന മണ്ഡപമാണിത്. പരന്ന മേല്പുരയുള്ള ഇരുനിലക്കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ഒറ്റമുറിയായി സംവിധാനം ചെയ്തിട്ടുള്ള ദിവാൻ-ഇ-ഖാസിന്റെ ഏറ്റവും ശ്രദ്ധേയമായ ഘടകം ഹാളിന്റെ നടുവിലായി സ്ഥാപിച്ചിരിക്കുന്ന സ്തംഭമാണ്. ഈ തൂണിന്റെ ശിരോഭാഗം വലുതാക്കി ചക്രവർത്തിക്കുള്ള പീഠം തയ്യാറാക്കിയിരിക്കുന്നു. ഹാളിന്റെ എല്ലാവശത്തുമുള്ള ഗാലറികളിലേക്ക് ഈ പീഠസ്ഥലത്തുനിന്നും ഉയരത്തിൽ വഴികളുണ്ട്.

ഫത്തേപൂർ സിക്രിയിലെ മറ്റുവാസ്തുശില്പങ്ങളുടെയും പൊതുരൂപം മേല്പറഞ്ഞവയുടേതു തന്നെ. ഇവയിൽ പ്രധാനമായ ഒന്ന് പാഞ്ച്മഹൽ എന്നറിയപ്പെടുന്ന അഞ്ചുനിലക്കെട്ടിടമാണ്.[85] ഫത്തേപൂർസിക്രി വളരെ കുറച്ചു കാലത്തേക്കു മാത്രമേ ഉപയോഗിക്കപ്പെടുകയുണ്ടായുള്ളു. തലസ്ഥാനം വീണ്ടും ആഗ്രകോട്ടയിലേക്കു മാറ്റിയതോടെ ഈ നഗരം ഉപേക്ഷിക്കപ്പെട്ടു. എന്നിരുന്നാലും ഇവിടുത്തെ കെട്ടിടങ്ങളും മറ്റും കേടുപാടുകൾ കൂടതെ ഇന്നും നിലനിൽക്കുന്നു. ചുരുങ്ങിയ കാലംകൊണ്ടു നിർമ്മിക്കപ്പെടേണ്ടി വന്നതിനാൽ ഭാരതത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള ശില്പികൾ ഈ പണിയിൽ പങ്കെടുത്തിട്ടുണ്ട്. അതുകൊണ്ടുണ്ടായ നാനാത്വം വാസ്തുവിദ്യയിൽ കാണുന്നുമുണ്ട്. എന്നിരുന്നാലും ഈ നാനാത്വത്തിലും ഒരു ഏകരൂപത ഉണ്ടാക്കുവാൻ മാത്രം ദീർഘവീക്ഷണവും സർഗശക്തിയുമുള്ള ഒരു നേതൃശില്പിയുടെ കൈകൾ ഇതിനുപിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്നു കാണുന്നു.

അക്ബറുടെ ശവകുടീരം

വാസ്തുവിദ്യാപരമായി പ്രാധാന്യമുള്ള ഒരു നിർമിതി മാത്രമേ ജഹാംഗീറിന്റെ കാലഘട്ടത്തിൽ (1605 - 1627) ഉണ്ടായിട്ടുള്ളു. ആഗ്രക്കടുത്ത് സിക്കന്ദരയിൽ നിർമിച്ച സ്വന്തം ശവകുടീരം പൂർത്തിയാക്കുവാൻ അക്ബറിനു കഴിഞ്ഞില്ല. ഈ സൗധത്തിന്റെ പ്രാഥമിക സംവിധാനവും സ്ഥാനനിർണയവും ഒഴികെ മറ്റുപണികളെല്ലാം ജഹാംഗീറിനു പൂർത്തിയാക്കേണ്ടിവന്നു. മറ്റു ശവകുടീരങ്ങളിലെല്ലാം ആകർഷണകേന്ദ്രം ആയിരുന്നത് അവയുടെ കുംഭകങ്ങളായിരുന്നു. അവയിൽനിന്നു വ്യത്യസ്തമായ നിർമ്മാണരീതിയാണ് ഈ ശവകുടീരത്തിൽ കൈക്കൊണ്ടിട്ടുള്ളത്. ഈ പരിശ്രമം ഒരു പുതിയ പരീക്ഷണമായിരുന്നെങ്കിൽക്കൂടി നിർമ്മാണത്തിന്റെ മൊത്തത്തിലുള്ള അനുപാതത്തിൽ വന്ന വീഴ്ച്ച അതിന്റെ ഭംഗി കുറച്ചു എന്നാണ് വിദഗ്ദാധാഭിപ്രായം. ഒരുദ്യാനത്തിന്റെ മധ്യത്തിലാണ് ഇതു സംവിധാനം ചെയ്തിരിക്കുന്നത്. തെക്കുഭാഗത്ത് സ്മാരകത്തിലേക്കുള്ള പ്രധാനകവാടം സ്ഥിതിചെയ്യുന്നു. മറ്റു മുന്നു വശങ്ങളിലും ചില കൃത്രിമ നിർമിതികളും പണിതുവച്ചിട്ടുണ്ട്. ഈ പ്രവേശനകവാടങ്ങൾ കൗതുകമുളവാക്കുന്ന വാസ്തുവിദ്യാമാതൃകളാണ്. മുഗൾ ശൈലിയിലെ സ്തംഭഗോപുരങ്ങൾ (minarets) ആദ്യമായി പ്രത്യക്ഷപ്പെടുന്നത് ഈ നിർമിതികളിലാണ്. ഉദ്യാനവും മറ്റു നിർമിതികളും സമഞ്ജസമായി സമ്മേളിപ്പിക്കുവാനുള്ള ഫലപ്രദമായ ആദ്യത്തെ ശ്രമവും ഇവിടെക്കാണാം.[86]

അക്ബറുടെ ശവകുടീരതിന്റെ പ്രധാന കവാടം അകത്തു നിന്നുമുള്ള കാഴ്ച
അലങ്കരിച്ച മാർബിൾ പാനൽ അക്ബറിന്റെ ശവകുടീരത്തിൽ

ഇവിടെ ശവകുടീരം മൂന്നു ഭാഗങ്ങളിലായി സംവിധാനം ചെയ്തിരിക്കുന്നു. അടിയിൽ വിശാലമായ ഒരു തറയാണ്. 97 മീറ്റർ വശമുള്ള സമചതുരം 9 മീറ്റർ ഉയരം. ഹുമയൂണിന്റെ ശവകുടീരത്തിലേതുപോലെ തന്നെ ഇതും. തറയുടെ നാലുവശത്തും ഉന്നതങ്ങളായ പ്രവേശന കവാടങ്ങൾ. തെക്കുഭാഗത്തെ കവാടം ഒരു ഇടനാഴിവഴി കല്ലറയിലേക്കു നയിക്കുന്നു. തറക്കുമുകളിൽ മൂന്നു നിലകളിലായി പണിതിട്ടുള്ള മണ്ഡപങ്ങൾ അടങ്ങിയതാണ് രണ്ടാമത്തെ ഭാഗം. ലോലവും സൂക്ഷ്മവുമായി പണിതിട്ടുള്ള കമാനങ്ങളും ചെറുമണ്ഡപങ്ങളും ഈ ഭാഗത്തെ നയന മനോഹരമാക്കിയിട്ടുണ്ടെങ്കിലും മറ്റുഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതു ദുർബലമായി കാണപ്പെടുന്നു. ഏറ്റവും മുകളിലത്തെ ഭാഗം മുഴുവൻ വെള്ള മാർബിളിൽ തിർത്തതാണ്. ഒരു തുറന്ന വെണ്മാടത്തിനു ചുറ്റും യവനികളും വരാന്തയും ചേർന്നതാണ് ഈ ഭാഗം. നാലു മൂലകളിൽ ഭംഗിയുള്ള വെണ്ണക്കൽ മണ്ഡപങ്ങളും പണിതുയർത്തിയിരിക്കുന്നു. ഈ വെണ്മാടത്തിൽ ശവക്കല്ലറയ്ക്കു നേരേമുകളിൽ വരത്തക്കവണ്ണം ഒരു പൊള്ള കല്ലറയുണ്ട്. ഈ ഭാഗത്തിനു മേല്പുരയായി ഒരു കുംഭകം പണിയുവാൻ ആലോചന ഉണ്ടായിരുന്നിരിക്കണം എന്നാണ് ചില വാസ്തുവിദ്യാ വിദഗ്ദ്ധന്മാർ അഭിപ്രായപ്പെടുന്നത്. ആകപ്പാടെ ഈ നിർമിതി മുഗൾശൈലിയിലെ മഹത്തായ കലാസൃഷ്ടി ആകുമായിരുന്നു; പ്രത്യേകിച്ച് വാസ്തുവിദ്യയുടെ മറ്റൊരു പ്രവണത ഇവിടെ ആരംഭിച്ചസ്ഥിതിക്ക്. മാർബിൾ ഒരു നിർമ്മാണ വസ്തുവായി ഉപയോഗിക്കുന്നതിന്റെ ആരംഭം കുറിക്കപ്പെട്ടു എന്നതാണീ പ്രവണത.

വാസ്തുവിദ്യയിൽ മുഗൾശൈലിയുടെ സുവർണ്ണദശയാണ് ഷാജഹാന്റെ കാലഘട്ടം. മാർബിളാണ് ഷാജഹാൻ സ്വീകരിച്ച നിർമ്മാണവസ്തു. ജോദ്പൂരിലെ മടകളിൽ നിന്നാണ് മാർബിൾ എടുത്തിരുന്നത്. അതിസൂക്ഷ്മമായ പണികൾക്ക് വിധേയമാക്കാവുന്നതാണ് മാർബിൽ. മാർബിൾ തലങ്ങളിൽ വ്യത്യസ്തനിറങ്ങളുള്ള കല്ലുകൾ കൊത്തിയിറക്കിയാണ് അലങ്കരണം സാധിക്കുന്നത്. ഇക്കാലത്തെ ശില്പങ്ങളിൽ കാണുന്ന പ്രധാന പ്രത്യേകതകൾ 9 ഇതളുകളുള്ള കമാനങ്ങൾ, ഉള്ളിയുടെ ആകൃതിയിലുള്ള കുംഭകങ്ങൾ, സസ്യലതാദികൾ കൊത്തിവിതാനിച്ച സ്തംഭപാദങ്ങൾ എന്നിവയാണ്.

മോത്തിമസ്ജിത് ആഗ്രാ (പെയിന്റിംഗ്)

ആഗ്രാകോട്ടയിൽ അക്ബർ നിർമിച്ച ഏതാനും കെട്ടിടങ്ങൾ പൊളിച്ചുമാറ്റി അവിടെ ദിവാൻ-ഇ-ആം, ദിവാൻ-ഇ-ഖാസ്,[87] മോത്തിമസ്ജിദ്[88] എന്നീ മന്ദിരങ്ങൾ മാർബിളിൽ നിർമിമിക്കുവാനായിരുന്നു ഷാജഹാന്റെ ആദ്യത്തെ ശ്രമം ഇവയിൽ ഏറ്റവും മനോഹരം മോത്തിമസ്ജിദ് ആണ്. 1638-ൽ ഷാജഹാൻ തന്റെ തലസ്ഥാനം ആഗ്രയിൽനിന്നും ഡൽഹിയിലേക്ക് മാറ്റുവനായി ഷാ ഇഹാനാബാദ് എന്ന നഗരം പണിയുവാൻ ആരംഭിച്ചു. ആ നഗരമാണ് ഇന്നത്തെ ചെങ്കോട്ട. കോട്ടയ്ക്കാകെ ക്രമരൂപമല്ല ഉള്ളത്. എന്നാൽ അകത്ത് ദീർഘചതുരാകൃതിയിൽ 500 മിറ്റർ നീളത്തിലും 350 മീറ്റർ വീതിയിലും ഉള്ള ഒരുഭാഗത്ത് പ്രധാന നിർമ്മാണങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ദിവാൻ-ഇ-ആം, രംഗ്‌മഹൽ കൊട്ടാരം, ദിവാൻ-ഇ-ഖാസ് എന്നീ മൂന്നു സൗധങ്ങളിൽ നിർലോഭം കൊത്തുപണികളും ചിത്രപ്പണികളും കാണാം. പൊതുവിൽ തുറസായ നിർമ്മാണങ്ങളാണ് ഇവയെല്ലാം. കോട്ടയ്ക്കകത്തു മുഴുവൻ വെള്ളമെത്തിക്കുവാൻ വേണ്ട സജ്ജീകരണങ്ങളും ജലധാരകളും ഇവിടെ ഉണ്ടായിരുന്നു.

ചെങ്കോട്ടയ്ക്ക് അടുത്തായി ജുമാമസ്ജിദ് നിർമ്മിച്ചതും ഷാജഹാനാണ്.[89] ഇന്ത്യയിലെ ഏറ്റവും വലുതും പ്രസിദ്ധവുമായ മുസ്ലീം പള്ളിയാണിത്. മുന്നു കവാടങ്ങൾ വഴി പ്രവേശനമുള്ള നടുമുറ്റമാണ് പ്രാർത്ഥനാസ്ഥലം. മുറ്റത്തിന് 100 മീറ്റർ വീതിയുണ്ട്. പടിഞ്ഞാറു വശത്തുള്ള വിശുദ്ധസ്ഥലം ചുവന്നകല്ലിൽ പണിതിട്ടുള്ള ഒരു ബൃഹത് നിർമിതിയാണ് രണ്ടറ്റത്തും ഗോപുരങ്ങൾ, മേല്പുരയ്ക്കു മുന്നു കുംഭകങ്ങൾ, പുരോഭാഗത്ത് 11 കമാനങ്ങൾ ഇവയെല്ലാമാണ് ഈ നിർമിതിയുടെ ഘടകങ്ങൾ. വിശുദ്ധസ്ഥലത്തിന് 61 മീറ്റർ നീളവും 27.5 മീറ്റർ വീതിയുമുണ്ട്. ഷാജഹാന്റെ കാലഘട്ടത്തിലെ മറ്റുനിർമിതികളിൽ ലാഹോർകോട്ടയും വസീർഖാൻ പള്ളിയും (ലാഹോർ) ആഗ്രയിലെ ജുമാമസ്ജിദും ആണ് ശ്രദ്ധേയങ്ങളായിട്ടുള്ളത്. മുഗൾ ഉദ്യാനങ്ങളാണ് ഷാജഹാന്റെ മറ്റൊരു സംഭാവന

ജുമാമസ്ജിദ് ആഗ്ര

വാസ്തുവിദ്യയിലും ഉദ്യാനസംവിധാനത്തിലും ഷാജഹാനുണ്ടായിരുന്ന ദീർഘവീക്ഷണത്തിന്റെയും സങ്കല്പങ്ങളുടെയും പാരമ്യമാണ് താജ്മഹലിൽ കാണുന്നത്.[90] ആഗ്രയിൽ യമുനാനദിയുടെ തീരത്തുള്ള ലോകപ്രസിദ്ധമായ ഈ മനോഹരശില്പം മുംതാസ്മഹലിനോട് ഷജഹാനുണ്ടായിരുന്ന അതുല്യസ്നേഹത്തിന്റെ നിത്യസ്മാരകമാണ്. മുഗളരാജധാനിയിലെ രാജശില്പിയായിരുന്ന വെനീസ്കാരനായ ജറോനിമോവെറോനിയോ ആണ് ഷാജഹാന്റെ അഭിലാഷങ്ങൾക്ക് ഭൗതികരൂപം നൽകിയതെന്ന് വിശ്വസിക്കപ്പെടുന്നു.. മുഗളശൈലിക്ക് അന്നുവരെ കൈവന്ന സ്വഭാവവിശേഷങ്ങൾ താജ്മഹലിലും കാണപ്പെടുന്നതുകൊണ്ട് ഇന്ത്യയിലെ ശില്പികളാണു ഇത് അഭികല്പന ചെയ്തതെന്ന മറ്റൊരഭിപ്രായവും നിലവിലുണ്ട്. ഹുമയൂണിന്റെ ശകുടീരവുമായി ഇതിനുള്ള സാമ്യം ഈ വാദഗതിക്ക് ഉപോദ്ബലകമാണ്.

ചാർമിനാർ ഹൈദരാബാദ്
സഫ്ദർജംഗിന്റെ ശവകുടീരം

ഷാജഹാന്റെ പുത്രൻ ഔറംഗസീബിന്റെ കാലത്തോടെ (1658 - 1707) മുഗളവംശം നാശോന്മുഖമായിത്തീർന്നു. ഈ കാലയളവിലെ വാസ്തുശില്പങ്ങൾ എണ്ണത്തിലും ഗുണത്തിലും മെച്ചപ്പെട്ടതല്ല. ദക്ഷിണേന്ത്യയിൽ അധികാരം സ്ഥാപിക്കുവാനായി ഔറഗസീബ് ഒരു ദക്ഷിണ തലസ്ഥാനം ഔറംഗാബാദിൽ സ്ഥാപിക്കുകയുണ്ടായി. ഔറംഗാബാദിൽ താജ്മഹലിന്റെ മാതൃകയിൽ തന്റെ ഭാര്യയ്ക്കു വേണ്ടി ഔറംഗസീബ് ഒരു ശവകുടീരം നിർമിച്ചു. ഈ രണ്ടു സ്മാരകങ്ങളും താരതമ്യം ചെയ്താൽ വാസ്തുവിദ്യക്ക് ഔറംഗസീബിന്റെ കാലത്ത് സംഭവിച്ച മാന്ദ്യം മനസ്സിലാകും. ഔറംഗസീബ് പണിയിച്ച മറ്റുപ്രധാന നിർമിതികൾ ലാഹോറിലെ ബാദ്ഷാഹിമസ്ജിദ്, ചെങ്കോട്ടയിലെ മോത്തിമസ്ജിദ്, മഥുരയിലെ ജുമാമസ്ജിദ് എന്നിവയാണ്.

ഔറഗസീബിന്റെ കാലശേഷം ഡൽഹിയുടെ പ്രാധാന്യം നശിച്ചു. കുറേക്കാലത്തേയ്ക്കു ഭരണകേന്ദ്രം ലഖ്നൗവിലേക്കു മാറി. പിൽക്കാലത്തു ഡൽഹിയിലുണ്ടായ നിർമിതികൾ എല്ലാം അപ്രധാനവും മുമ്പുണ്ടായിരുന്ന സ്മാരകങ്ങളുടെ വിരസമായ ആവർത്തനങ്ങളും ആയിരുന്നു. ഉദാഹരണത്തിന് 1753-ൽ പണിതീർത്ത സഫ്ദർജംഗിന്റെ ശവകുടീരം ഹുമയൂൺ ചക്രവർത്തിയുടെ ശവകുടീരത്തിന്റെ മാതൃക തന്നെയാണ്. ഡൽഹിയിൽ വളർന്നു വികസിച്ച ഇന്തോ-ഇസ്ലാമിക ശൈലിയുടെ സ്വാധീനം ഇക്കാലത്തിനിടയ്ക്ക് ഇന്ത്യയൊട്ടാകെ വ്യാപിച്ചതായിക്കാണുന്നു. മുസ്ലീം ഭരണാധികാരികളുടെ ആസ്ഥാനങ്ങളിൽ സ്വാഭാവികമായും പള്ളികളും ശവകുടീരങ്ങളും ഡൽഹിയെ അനുകരിച്ച് പടുത്തുയർത്തപ്പെട്ടു. ബിജാപൂർ, ഗോൽക്കൊണ്ട, ബിദാർ, ബംഗാൾ, ഗുജറാത്ത്, പഞ്ചാബ്, കാശ്മീർ, മാൾവ, എന്നിവിടങ്ങളിലെല്ലാം ഇത്തരം നിർമിതികൾ കാണപ്പെടുന്നു. ഇസ്ലാമിക ശൈലിയിലെ കമാനങ്ങൾ കുംഭകങ്ങൾ, കവാടങ്ങൾ, മിനാറുകൾ എന്നിങ്ങനെയുള്ള നിർമ്മാണ ഘടകങ്ങൾ സ്വീകരിച്ചും വിതാനത്തിന് പ്രാദേശികമായുണ്ടായിരുന്ന പ്രതീകങ്ങൾ നിലനിർത്തിയും ആണ് ഈ നിർമിതികൾ രൂപംകൊണ്ടത്. ഇവയുടെ ഉത്തമമാതൃകകൾ അഹമ്മദാബാദിലെ ജുമാമസ്ജിത് ഹൈദരാബാദിലെ ചാർമിനാർ, ബിജാപൂരിലെ ഗോൾഗുംഭാസ് എന്നിവയാണ്. ഇന്തോ-ഇസ്ലാമിക ശൈലിയിലെ പ്രാദേശികോപശാഖകളായി ഈ നിർമിതികളെ വിശേഷിപ്പിക്കാറുണ്ട്. 19-ാം നൂറ്റാണ്ടിൽ ഇന്ത്യൻ വാസ്തുവിദ്യയിൽ യൂറോപ്യൻ സംസ്കാരത്തിന്റെ സ്വാധീനം വളരെയധികം അനുഭവപ്പെട്ടുതുടങ്ങി

ഇസ്ലാമിക സ്വാധീനവും മുഗൾ വാസ്തുവിദ്യയും (ക്രി.വ1526- ക്രി.വ1857)[തിരുത്തുക]

കൂടുതൽ വിവരങ്ങൾക്ക്: താജ് മഹൽ, ഇസ്‌ലാമിക വാസ്തുവിദ്യ, മുഗൾ വാസ്തുവിദ്യ എന്നീതാളുകൾ സന്ദർശിക്കുക

ചെങ്കോട്ടയ്ക്കകത്തെ ദിവാൻ-ഇ-ആമിൽ നിന്നുള്ള ഒരു ദൃശ്യം. ചുവന്ന മണൽക്കല്ലുകളിലാണ് ഈ കമാനങ്ങൾ നിർമിച്ചിരിക്കുന്നത്

മുഗൾ സാമ്രാജ്യ കാലഘട്ടത്തിലാണ് ഭാരതത്തിൽ ഇസ്ലാമിക വാസ്തുവിദ്യ അതിന്റെ സ്ഥാനം ശക്തമാക്കുന്നത്. മുസ്ലീം പള്ളികൾ, കോട്ടകൾ, സ്മാരകകുടീരങ്ങൾ, ഉദ്യാനങ്ങൾ തുടങ്ങിയവയാണ് ഇസ്ലാമിക വാസ്തുവിദ്യയുടെ പ്രധാന സംഭാവനകൾ. ഭാരതത്തിലെ ഇസ്ലാമിക വാസ്തുവിദ്യയെ പേർഷ്യൻ ശൈലിയും സ്വാധീനിച്ചിരുന്നു..[91] മണൽകല്ലിലും മാർബ്ബിളിലുമായ് പണിതീർത്ത മുഗൾ രാജവംശജരുടെ ശവകുടീരങ്ങളിൽ ഇത് പ്രകടമാണ്.

1565 -74 കളിൽ നിർമിച്ച ആഗ്ര കോട്ട, കോട്ടനഗരമായ ഫത്തേപ്പൂർ സിക്രി തുടങ്ങിയവ ഭാരതീയ വാസ്തുവിദ്യയുടെ നേട്ടങ്ങളായ് കണക്കാക്കുന്നു. മുഗൾ നിർമിതികളിൽ ഏറ്റവും ശ്രേഷ്ഠമായത് ഷാജഹാൻ ചക്രവർത്തി പണികഴിപ്പിച്ച താജ്മഹലാണ്. തന്റ്റെ പത്നിയായ മുംതാസ് മഹലിന്റെ സ്മരണയ്ക്കയ് സൃഷ്ടിച്ച ഈ മഹാനിർമിതി ഇന്നും അനശ്വര പ്രണയത്തിന്റെ പ്രതീകമായ് നിലകൊള്ളുന്നു.[91]

ദക്ഷിണഭാരതത്തിൽ ഇസ്ലാമിക വാസ്തുനിർമിതികൾ വിരളമാണ്. ഇന്നത്തെ കർണാടക ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളുടെ വടക്കുഭാഗത്തായണ് ഇവയിൽ മിക്കതും സ്ഥിതിചെയ്യുന്നത്. ചാർമിനാർ ,ഗോൽ ഗുംബസ് തുടങ്ങിയവയാണ് ദക്ഷിണഭാരത്തത്തിലെ പ്രധാന ഇസ്ലാമിക നിർമിതികൾ

ഇന്തോ-യൂറോപ്യൻ ശൈലി[തിരുത്തുക]

റൈറ്റേഴ്സ് ബിൽഡിംഗ്
പ്രിൻസ് ഓഫ് വെയിൽസ് മ്യൂസിയം
ഫോർട്ട് സെയിന്റ് ജോർജ് പള്ളി
രാഷ്ട്രപതി ഭവൻ

15-ാം നൂറ്റാണ്ടുമുതൽ വ്യാപാരാവശ്യങ്ങൾക്കു വേണ്ടി ധാരാളം യൂറോപ്യന്മാർ ഇന്ത്യയിൽ വരികയും ക്രമേണ ഇവിടെ ആധിപത്യം സ്ഥാപിക്കുകയും ചെയ്തുതുടങ്ങി. ഇവരിൽ പ്രമുഖർ പോർട്ടുഗീസുകാർ, ഡച്ചുകാർ, ഫ്രഞ്ചുകാർ, ഇംഗ്ലീഷുകാർ മുതലായവർ ആയിരുന്നു. അതതുകാലത്തു യൂറോപ്പിലുണ്ടായിരുന്ന നിർമ്മാണ ശൈലികളിൽ അവർ ഫാക്റ്ററികളും വീടുകളും ശവകുടീരങ്ങളും ദേവാലയങ്ങളും മഠങ്ങളും കോട്ടകളും ഇന്ത്യയിൽ പണിയിച്ചു. പ്രധാനമായും ഗോഥിക്ക് നവോത്ഥാന ശൈലികളിലാണ് ഈ നിർമിതികൾ. ഇന്ത്യൻ വാസ്തുവിദ്യയുടെ സ്വാധീനതയും സ്വാഭാവികമായും ഇവിടെ പ്രകടമായിട്ടുണ്ട്. കൊച്ചി, കണ്ണൂർ, ഗോവ, കോഴിക്കോട് എന്നീസ്ഥലങ്ങളിൽ പൊർട്ടുഗീസ് ശില്പിയായ തോമസ് ഫർണാണ്ടസിന്റെ ഏതാനും നിർമിതികൾ കാണുന്നു. ഇന്ത്യയിൽ ആദ്യം വന്നവർ പോർച്ചുഗീസുകാർ ആയതിനാൽ ആകാം പോർച്ചുഗീസ് ശൈലിയുടെ സ്വാധീനത പിന്നീടുണ്ടായ എല്ലാപണികളിലും പ്രകടമായത്. തള്ളിനിൽക്കുന്ന ബാൽക്കണികൾ അലംകൃത ജനാലകൾ, ഗോഥിക് കമാനങ്ങൾ എന്നിവയാണ് ഈ ശൈലിയുടെ പ്രധാന ലക്ഷണങ്ങൾ. ഇന്ത്യയിലെ ഫ്രഞ്ചുശൈലിയിലുള്ള കെട്ടിടങ്ങളിൽ പ്രധാനപ്പെട്ടത് പോണ്ടിച്ചേരിയിലെ കോടതിമന്ദിരമാണ്. 1788-ൽ നിർമിച്ച ഇതിന്റെ ശില്പി ലാ-ലസ്റ്റിയറാണ്. ഗ്രീക്കുശൈലിയിലെ അയോണിക് തൂണുകളും ഫ്രഞ്ചുശൈലിയിലെ ഗാലറികളും ഇതിൽ കാണാം.

നിർമിതികൾ സാമ്രാജ്യശക്തിയുടെ പര്യായങ്ങൾകൂടിയാണ്. ഇന്ത്യകീഴടക്കാൻ മോഹിച്ചെത്തിയ പല സാമ്രാജ്യ ശക്തികളും ഇവിടെ നിരവധി കെട്ടിടങ്ങൾ പണിതീർത്ത് തങ്ങളുടെ അധികാരം സ്ഥാപിച്ചെടുക്കാൻ ശ്രമിച്ചു. ഇംഗ്ലീഷുകാർ, ഫ്രഞ്ചുകാർ, ഡച്ചുകാർ,പറങ്കികൾ എന്നിവരാണ് ഇന്ത്യയിലെത്തിയ പ്രധാന സാമ്രാജ്യ ശക്തികൾ. ഇവരിൽ ബ്രിട്ടീഷുകാരാണ് ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളേയും തങ്ങളുടെ കോളനികളാക്കിയത്[92] 1651നോടടുത്താണ് ഇന്ത്യയിൽ ബ്രിട്ടീഷ് കോളനിയുഗം ആരംഭിക്കുന്നത്. അതുവരെ രാജ്യം ഭരിച്ചിരുന്ന മുഗൾ സാമ്രാജ്യത്തിന് പൂർണ പരിസമാപ്തികുറിച്ചാണ് ബ്രിട്ടീഷ് ഭരണം ആരംഭിക്കുന്നത്. മൂന്നു നൂറ്റാണ്ടുകളോളം ബ്രിട്ടീഷ് ഭരണം നീണ്ടുനിന്നു. ഈ കാലയളവിൽ തങ്ങളുടെ അധീന പ്രദേശങ്ങളിലെല്ലാം അനവധി കെട്ടിടങ്ങളും നിർമിതികളും അവർ നിർമിച്ചു.

18-ാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ നിർമ്മിക്കപ്പെട്ട മിക്കകെട്ടിടങ്ങളിലും ഇംഗ്ലണ്ടിൽ അക്കാലത്തുണ്ടായിരുന്ന വാസ്തുവിദ്യാശൈലിയാണുള്ളത്. ഇവയിൽ പ്രധാനപ്പെട്ടവ മദ്രാസ്, കൽക്കട്ട, ബോംബെ, ഡൽഹി എന്നിവിടങ്ങളിൽ കാണപ്പെടുന്നു. നവോസ്ഥാന ശൈലിയാണ് ഇവയിലധികവും. പുരാതനഗ്രീസിലെ ക്ഷേത്രങ്ങളുടെ മുഖപ്പുകൾ, തൂണുകൾ, അലങ്കാരപ്പണികൾ എന്നിവയും റോമൻ ശൈലിയിലെ കമാനങ്ങൾ, വാൾട്ടുകൾ, കുംഭകങ്ങൾ, വിജയകവാടങ്ങൾ എന്നിവയും പുനരാവിഷ്കരിച്ചാണ് നവോസ്ഥാന ശൈലിതന്നെ ഉണ്ടായത്. ഇതു തന്നെ ക്രിസ്റ്റോഫർ റെൻ, റോബർട്ട് ആഡം എന്നിവർ പരിഷ്കരിച്ച് റീജൻസിസ്റ്റൈൽസ് എന്നറിയപ്പെടുന്ന ശൈലിയുണ്ടായി. ഇന്ത്യയിൽ ഈ ശൈലിയിലുള്ള കെട്ടിടങ്ങൾ കൽക്കത്തയിലെ സെന്റ് ജോർജ്പള്ളി റൈറ്റേഴ്സ് ബിൽഡിംഗ്[93] എന്നിവയും ബോബെയിലെ ഗേറ്റ്വേ ഓഫ് ഇന്ത്യാ, പ്രിൻസ് ഓഫ് വെയിൽസ് മ്യൂസിയം[94] എന്നിവയും മദ്രാസിലെ ഫോർട്ട് സെയിന്റ് ജോർജ്,[95] സെയിന്റ് ആൻഡ്രൂസ് പള്ളി എന്നിവയും ആണ്.

നവോസ്ഥാനശൈലിയുടെ അവസാനഘട്ടം ഡൽഹിയിലും കൽക്കത്തയിലും കാണാം. കൽക്കത്തയിലെ വിക്റ്റോറിയ മെമ്മോറിയൽ ഇന്ത്യൻ വാസ്തുവിദ്യാ പ്രതീകങ്ങളും ഘടകങ്ങളും നവോസ്ഥാനശൈലിയുടെ ചട്ടക്കൂട്ടിൽ സമന്വയിപ്പിച്ച് വെള്ളമാർബിളിൽ പണിയിച്ച ഒരുമനോഹര സൗധമാണ്. വില്യം എമേഴ്സൺ ആണ് ഇതു സംവിധാനം ചെയ്തത്. എഡ്വേർഡ് ലൂട്ടിൽസ് വലിയ അനുപാതങ്ങളിലും അക്ഷീയസംവിധാന മാതൃകയിലും ന്യൂഡൽഹി ആസൂത്രണം ചെയ്തു വൈസ്രോയീസ് ബിൽഡിംഗ്സ് (ഇന്നത്തെ രാഷ്ട്രപതിഭവൻ),[96] കോടതിമന്ദിരങ്ങൾ, സെക്രട്ടേറിയറ്റ് ഇവയെല്ലാം ചുവന്നകല്ലിൽ നവോത്ഥാനശൈലിയിൽ നിർമിച്ചവയാണ്. രാഷ്ട്രപതിഭവന്റെ കുംഭത്തിന് ബൗദ്ധസ്തൂപവുമായി സാമ്യമുണ്ട്.

ഇന്ത്യയുടെ നാനാഭാഗത്തുമുള്ള ക്രൈസ്തവ ദേവലയങ്ങൾ, ടൗൺഹാളുകൾ, റെയിൽവേസ്റ്റേഷനുകൾ, ബംഗ്ലാവുകൾ, വിദ്യാലയങ്ങൾ, കൊളേജുകൾ ഇവയിലെല്ലാം യൂറോപ്യൻ വാസ്തുവിദ്യാശൈലിയുടെ സ്വാധീനത പ്രകടമായി കാണാം. ഇന്ത്യയിലെ നഗരസംവിധാനങ്ങളിലും ഈ സ്വാധീനത കാണാം. ജയ്സിംഗ് 1728-ൽ സംവിധാനം ചെയ്ത ജെയ്പൂർനഗരം യൂറോപ്യൻശൈലിയും ഇന്തൻ വസ്തുവിദ്യാശൈലിയും സമന്വയിപ്പിച്ചുണ്ടാക്കിയതാണ്.

ആധുനികശൈലി[തിരുത്തുക]

അസംബ്ലി മന്ദിരം ചണ്ഡിഗഡ്

ഇന്ത്യൻവാസ്തു വിദ്യയിൽ ആധുനികശൈലിയുടെ ആരംഭം സ്വാതന്ത്ര്യ പ്രാപ്തിയോടുകൂടിയാണ് ഉണ്ടായതെന്നു പറയാം. ചണ്ഡിഗഡ് സംവിധാനം ചെയ്തു നിർമ്മിക്കുന്നതിനായി ലീ കോർബൂസിയർ നിയുക്തനായി. ആധുനിക പ്രവണതകളുടെ വക്താവായ ലീ കോർബൂസിയർ തന്റെ ആശയങ്ങൾ ഇന്ത്യയിലെ സാഹചര്യങ്ങളിൽ പരിമിതികളും നിയന്ത്രണങ്ങളുമില്ലാതെ സമൂർത്തമാക്കിയത് ചണ്ഡിഗഡിൽ കാണാം. നഗരത്തെ പല ഘടകങ്ങളായി വിഭജിച്ച് ഓരോന്നിലും ഗ്രാമീണാന്തരീക്ഷം നിലനിർത്തുകയാണ് അദ്ദേഹം ചെയ്തത്. അതേ സമയംതന്നെ ആധുനിക നഗരത്തിനുള്ള അനുപാതത്തിൽ ഒരു തലസ്ഥാന സംവിധാനമാതൃക (Capital complex) ആവിഷ്കരിക്കുകയും ചെയ്തു. പരുക്കൻ കോൺക്രീറ്റ് തലങ്ങൾ, സൺബ്രേക്കറുകൾ (sun brackers), ജ്യാമിതീയ രൂപങ്ങളും അനുപാതങ്ങളും, പ്ലാസ്തീകരരൂപം (plastic forms) എന്നിവയാണ് കാപ്പിറ്റൽ കോംപ്ലക്സ് കെട്ടിടങ്ങളുടെ പ്രധാന സ്വഭാവങ്ങൾ. കോൺക്രീറ്റും ഇഷ്ടികയുമാണ് കോർബുസിയറുടെ ഇഷ്ടപ്പെട്ട നിർമ്മാണ വസ്തുക്കൾ. ആധുനിക നിർമ്മാണങ്ങളിൽ ഏറ്റവും അധികം സ്വാധീനത ചെലുത്തുന്ന ഒരു ശില്പശൈലി ഇന്ത്യയിൽ വേരുറപ്പിക്കുകയാണ് ചണ്ഡിഗഡിലെ നിർമ്മാണ സംരംഭങ്ങളിലൂടെ അദ്ദേഹം ചെയ്തത്.[97]

ഇന്നു പരക്കെ അറിയപ്പെടുന്ന രണ്ട് ഇന്ത്യൻ ശില്പികൾ ബി.വി.ദോഷിയും സി.എം. കോറിയയും ആണ്. ദോഷിയുടെ പ്രധാന നിർമിതികൾ അഹമ്മദാബാദിലെ ഗുജറാത്ത് യൂണിവേഴ്സിറ്റി, ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്തോളജി, വാസ്നയിലെ സ്കൂൾ എന്നിവയാണ്. കോർബുസിയറെപ്പോലെ ദോഷിയുടെ വാസ്തുവിദ്യാ മാദ്ധ്യമവും ഇഷ്ടികയും കോൺക്രീറ്റുമാണ്. നിർമ്മാണങ്ങൾ പൊതുവേ കാലാവസ്ഥക്കനുസൃതമായ വരാന്തകൾ, മുറ്റങ്ങൾ, മുറികൾ എന്നിവ ഉൾപ്പെടുന്നതാണ്. തീവ്രമായ സൂര്യപ്രകാശത്തിൽ നിന്നുള്ള സംരക്ഷണവും സമൃദ്ധമായ വാതായന സംവിധാനവും ഈ നിർമ്മാണങ്ങളുടെ മറ്റു പ്രത്യേകതകളാണ്.

സബർമതി ആശ്രമം (1948)
ഗാന്ധിസ്മാരക സംഗ്രഹാലയം

സി.എം.കോറിയയുടെ ശ്രദ്ധേയമായ് സംഭാവനകൾ ഗാന്ധിസ്മാരക് സംഗ്രഹാലയ (ഗാന്ധി ആശ്രമം സബർമതി), വല്ലഭ്‌വിദ്യാനഗർ യൂണിവേഴ്സിറ്റി എന്നിവയാണ്. അദ്ദേഹം രൂപകല്പന ചെയ്ത വീടുകളും ധാരാളമുണ്ട്. കോവളത്തെ വികസനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തതും ഇദ്ദേഹമാണ്.[98]

എക്കാലത്തും വാസ്തുവിദ്യയുടെ ഉദ്ദേശങ്ങൾ ഒന്നു തന്നെയാണെങ്കിലും ഓരോകെട്ടിടത്തിലെയും നിർമ്മാണവും നിർമ്മാണസാമഗ്രികളും ദൃശ്യരൂപങ്ങളും മറ്റുചിലഘടകങ്ങളെ ആശ്രയിച്ച് മാറിക്കൊണ്ടിരിക്കും. കാലാവസ്ഥ, നിർമ്മാണവസ്തുക്കൾ വ്യക്തിസാമൂഹ്യതാത്പര്യങ്ങൾ മുതലായവയാണ് ഈ ഘടകങ്ങൾ. കോറിയ ഗാന്ധിസ്മാരക സംഗ്രഹാലയത്തിലെ നിർമ്മാണത്തിൽ ഇവ ഭംഗിയായി സമന്വയിപ്പിച്ചതു കാണാം. ലളിതമായ ഒരു നിർമ്മാണരൂപം ജൈവവളർച്ച ദ്യോതിപ്പിക്കുന്ന ഒരു സംവിധാനത്തിൽ ലയിപ്പിക്കുകയാണ് ഇവിടെ കോറിയ ചെയ്തിരിക്കുന്നത് അതും ഗാന്ധിസ്മാരകത്തിന് ഏറ്റവും അനുയോജ്യമായ രൂപത്തിൽ.

ഇന്ത്യയിൽ തനതായ ഒരു വാസ്തുവിദ്യാശൈലി രൂപപ്പെടുന്നതിൽ സ്വാധീനത ചെലുത്തുന്ന പലഘടകങ്ങളുമുണ്ട്. നിർമ്മാണവസ്തുക്കൾ, സാമൂഹ്യ സാമ്പത്തിക താത്പര്യങ്ങൾ, നിർമ്മാണത്തിലെ സങ്കേതികവിധികൾ എന്നിവയെല്ലാം മറ്റു രാജ്യങ്ങളിലേതിൽ നിന്നും വിഭിന്നമാണ് ഇവിടെ. അതേസമയം ആധുനിക ഭാരതത്തിൽ വൈവിധ്യമാർന്ന അനേകം കെട്ടിടങ്ങളുടെ ആവശ്യവുമുണ്ട്. ഈ കെട്ടിടങ്ങൾ കഴിഞ്ഞകാലത്തുണ്ടായ നിർമ്മാണങ്ങളുടെ അന്ധമായ അനുകരണങ്ങളായിക്കൂടാ. കഴിഞ്ഞ 5000 വർഷത്തെ വാസ്തുവിദ്യാചരിത്രം പരിശോധിച്ചാൽ ഓരോകാലത്തെയും നിർമ്മാണങ്ങളിൽ അതതു കാലഘട്ടത്തിലെ ജീവസ്പന്ദങ്ങൾ പ്രതിഫലിക്കുന്നതായി കാണാം. സഹചര്യങ്ങൾക്കും പാരമ്പര്യത്തിനും അനുയോജ്യമായ തനിമയുള്ള ഒരാധുനിക ഇന്ത്യൻ വാസ്തുവിദ്യാശൈലി ഇനിയും ഉരുത്തിരിഞ്ഞിട്ടില്ല. ഇദ്ദേഹമാണ്.[98]

ഗ്രന്ഥസൂചി[തിരുത്തുക]

 • sarvavijanakosam vol 4 p78 to 100

അവലംബം[തിരുത്തുക]

 1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-10-24. Retrieved 2012-11-20.
 2. http://sympweb.tripod.com/IndusValleyhistory.htm
 3. http://tenets.parsizoroastrianism.com/histar33.html
 4. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-11-20.
 5. http://orissa.gov.in/e-magazine/Journal/jounalvol1/pdf/orhj-3.pdf
 6. http://earlyworldhistory.blogspot.in/2012/02/pataliputra.html
 7. http://www.thefreedictionary.com/vault
 8. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-05. Retrieved 2012-11-21.
 9. 9.0 9.1 https://www.treeservicesslc.com/
 10. http://www.sscnet.ucla.edu/southasia/Culture/Archit/BudhArch.html
 11. http://profcohen.net/publications/discontented_categories.pdf
 12. http://indiapicks.com/annapurna/B_Buddhist.htm BUDDHIST ART & ARCHITECTURE
 13. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-09-23. Retrieved 2021-08-16.
 14. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-17. Retrieved 2012-11-22.
 15. http://www.asiaexplorers.com/india/ashoka_pillar.htm
 16. http://www.mapability.com/travel/p2i/barabar_4.php The Barabar Caves - 4: Inside the Lomas Rishi Cave
 17. http://depts.washington.edu/chinaciv/bud/5temcave.htm Cave Temples
 18. http://www.wondermondo.com/Countries/As/India/Maharashtra/Karla.htm
 19. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-01-08. Retrieved 2012-11-23.
 20. http://www.newadvent.org/cathen/02325a.htm CATHOLIC ENCYCLOPEDIA: Basilica
 21. http://www.archinomy.com/case-studies/1920/evolution-and-development-of-chaitya-halls
 22. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-05-24. Retrieved 2012-11-24.
 23. http://www.ancientindia.co.uk/buddha/explore/exp_set.html Amaravathy stupa
 24. http://www.bookrags.com/biography/kanishka/ Encyclopedia of World Biography on Kanishka
 25. http://www.religionfacts.com/buddhism/sects/mahayana.htm Archived 2012-10-31 at the Wayback Machine. Mahayana Buddhism
 26. http://www.indianartcircle.com/arteducation/page_6_gandhara_Art.shtml Archived 2012-10-15 at the Wayback Machine. Gandhara Art
 27. http://sites.asiasociety.org/gandhara/exhibit-sections/narratives-and-architectural-context/ Gandhara » Narratives and Architectural Context
 28. http://www.nagaraprathama.com/uploads/3/6/5/7/3657511/mahyna_buddhist_art_and_architecture1.pdf[പ്രവർത്തിക്കാത്ത കണ്ണി] Mahāyāna Buddhist Art and Architecture
 29. http://www.wondermondo.com/Countries/As/India/Maharashtra/AurangabadC.htm Aurangabad Caves - rock cut Buddhist temples
 30. http://www.thisismyanmar.com/nibbana/thtoon02.htm BURMESE BUDDHIST TEMPLE BUDDHA GAYA, INDIA
 31. http://www.indianetzone.com/22/art_architecture_gupta_period.htm Art and Architecture of the Gupta Period
 32. http://www.ushistory.org/civ/8e.asp The Gupta Period of India
 33. http://www.kaladarshana.com/essays/essay-temples-gupta.html Archived 2013-06-13 at the Wayback Machine. Gupta Temples
 34. http://hinduism.about.com/od/temples/a/historyoftemple.htm History of Hindu Temples
 35. http://www.orissatourismindia.com/lingaraj-temple-bhubaneswar.html Archived 2012-10-31 at the Wayback Machine. The Lingaraj Temple in Bhubaneswar
 36. http://whc.unesco.org/en/list/246 Sun Temple, Konârak
 37. http://whc.unesco.org/en/list/240 Khajuraho Group of Monuments
 38. http://www.khajuraho-india.org/kandariya-mahadev-temple.html Archived 2012-07-12 at the Wayback Machine. Kandariya Mahadev Temple, Khajuraho
 39. http://worldvisitguide.com/salle/MS05386.html t is a sandhara temple (one with an enclosed pathway around the sanctum) of the panchayatana (five-shrined) variety, and stands on a high platform.
 40. http://www.culturopedia.com/Architecture/solanki.html Archived 2012-09-01 at the Wayback Machine. SOLANKI STYLE OF TEMPLE ARCHITECTURE
 41. http://asi.nic.in/asi_monu_whs_mahabalipuram_monolithic.asp World Heritage Sites - Mahabalipuram - Monolithic Temples
 42. http://india.bizhat.com/fiverathas.html Five Rathas in Mahabalipuram
 43. http://trimurthyswaroop.blogspot.in/2009/02/kailasanatha-temple-kanchipuram-tamil.html Kailasanatha Temple (Kanchipuram) , Tamil Nadu
 44. http://www.indianetzone.com/3/chola_temples.htm Chola Temples, South India
 45. http://www.culturalindia.net/indian-temples/gangaikond-temple.html Gangaikondacholapuram Temple
 46. http://treasuresoftamilnadu.blogspot.in/2008/03/blog-post.html Treasures of Tamilnadu
 47. http://www.culturalindia.net/indian-temples/meenakshi-temple.html Meenakshi Temple
 48. http://maduraimeenakshitemple.com/article/id/201/hall-of-thousand-pillars/madurai-meenakshi-temple Hall Of Thousand Pillars
 49. http://maduraimeenakshitemple.com/article/id/181/vasantha-mandapam Vasantha Mandapam
 50. http://www.srirangam.org/ Archived 2010-10-29 at the Wayback Machine. Sri Ranganathar Swamy Temple - Srirangam
 51. http://www.travelindia360.net/vishnu-temple-of-srirangam.html Archived 2013-10-23 at the Wayback Machine. Vishnu temple of Srirangam: Miracle that still lively playing its role
 52. http://www.guruvayoortemple.org/ All about guruvayoor / guruvayur temple and lord sree krishna
 53. http://www.vaikhari.org/architecture.html Architecture of Kerala Temples
 54. http://hampi.in/vijayanagar-architecture Vijayanagara architech
 55. [1] Archived 2012-07-23 at the Wayback Machine. VIJAYANAGARA-ARCHITECTURE AND SCULPTURE
 56. http://www.classicalkannada.org/DataBase/KannwordHTMLS/CLASSICAL%20KANNADA%20ART%20and%20ARCHITECTURE%20HTML/CHALUKYA%20ARCHITECTURE%20AND%20SCULPTURE.htm Archived 2013-05-21 at the Wayback Machine. CHALUKYA ARCHITECTURE AND SCULPTURE
 57. http://indiapicks.com/annapurna/J_Chalukya.htm CHALUKYA ARCHITECTURE
 58. http://www.india9.com/i9show/Chalukyan-Architecture-82378.htm Chalukyan Architecture
 59. http://www.slideshare.net/aziz_khan/chalukyan-architecture-12744279 Chalukyan architecture — Presentation Transcript
 60. http://www.jaindharmonline.com/more/jsc.htm Archived 2013-03-18 at the Wayback Machine. Jain Arts and Architecture
 61. http://www.indianetzone.com/53/jain_architecture_india.htm Jain Architecture in India
 62. http://www.culturalindia.net/indian-architecture/indo-islamic.html Indo-Islamic Architecture
 63. http://www.culturopedia.com/Architecture/indoislamic.html Archived 2012-11-04 at the Wayback Machine. THE INDO-ISLAMIC ARCHITECTURE
 64. http://www.iloveindia.com/history/medieval-india/delhi-sultunate/indo-islamic-culture.html Indo Islamic Culture
 65. http://history-world.org/islam6.htm Archived 2012-08-18 at the Wayback Machine. The Coming Of Islam To South Asia
 66. http://www.kamit.jp/02_unesco/11_qutub/qut_eng.htm QUTB MOSQUE and MINAR in DELHI
 67. http://www.delhicapital.com/monuments-in-delhi/qutub-minar.html Qutub Minar: The Tallest Monument in India
 68. http://www.iloveindia.com/history/medieval-india/alauddin-khilji.html Alauddin Khilji
 69. http://www.bharatonline.com/delhi/forts/tughlaqabad-fort.html Tughlaqabad Fort
 70. http://www.delhiwonders.com/delhi-tughlaqabad-fort-ghiyasuddin-tughlaq-tomb Archived 2012-12-15 at the Wayback Machine. Ghiyasuddin Tughlaq Tomb
 71. http://www.indianetzone.com/26/firuz_shah_tughluq_ruler.htm Firoz Shah Tughlaq, Delhi Sultanate
 72. http://www.delhitourism.gov.in/delhitourism/tourist_place/purana_quila.jsp Purana Quila
 73. http://archnet.org/library/sites/one-site.jsp?site_id=2205 Archived 2012-06-12 at the Wayback Machine. Qal'a-i Kuhna, Qil'a I Kuhna, Qala-i-Kuhna
 74. http://asi.nic.in/asi_monu_whs_humayuntomb.asp Archived 2009-04-10 at the Wayback Machine. World Heritage Sites - Humayun's Tomb
 75. http://wikimapia.org/2165963/Tomb-of-Sikandar-Lodi Tomb of Sikandar Lodi (Delhi)
 76. http://whc.unesco.org/en/list/251 Agra Fort
 77. http://www.indiavideo.org/uttarpradesh/travel/jehangir-mahal-agrafort-1403.php Jehangir's Palace, Agra Fort
 78. http://www.orientalarchitecture.com/india/agra/fatehpur.php Fatehpur Sikri (built mostly 1571-86)
 79. http://www.agraindia.org.uk/fatehpur-sikri/monuments/jami-masjid.html Jami Masjid Fatehpur Sikri
 80. http://www.salaam.co.uk/knowledge/biography/viewentry.php?id=1455 Archived 2015-09-05 at the Wayback Machine. Biographical Data of salim chisti
 81. http://www.culturalindia.net/monuments/buland-darwaza.html Buland Darwaza
 82. http://www.liveindia.com/fatehpur-sikri/jodha_bai_palace.html Jodha Bai's Palace Fatehpur Sikri
 83. http://www.agraindia.org.uk/fatehpur-sikri/imperial-harem/birbals-house.html Birbal's House Fatehpur Sikri
 84. http://www.agraindia.org.uk/fatehpur-sikri/royal-complex/diwan-i-khas.html Diwan-i-Khas Fatehpur Sikri
 85. http://www.agraindia.org.uk/fatehpur-sikri/imperial-harem/panch-mahal.html Panch Mahal
 86. http://archnet.org/library/sites/one-site.jsp?site_id=2257 Archived 2012-12-22 at the Wayback Machine. Akbar's Tomb
 87. http://www.agraindia.org.uk/agra-fort/diwan-i-khas.html Diwan-i-khas Agra Fort
 88. http://www.agraindia.org.uk/agra-fort/moti-masjid.html Moti Masjid Agra Fort
 89. http://www.mustseeindia.com/Agra-Jama-Masjid/attraction/10759 Archived 2013-01-05 at the Wayback Machine. Jama Masjid , Agra
 90. http://www.islamicity.com/culture/taj/default.htm Taj Mahal, Agra, India
 91. 91.0 91.1 Encyclopædia Britannica (2008), Mughal architecture.
 92. name="European Architecture in India" group="European Architecture in India 1750-1850">Nilsson, Sten (1968). European Architecture in India 1750 - 1850. London: Faber and Faber. p. 9. ISBN 571082254. {{cite book}}: Check |isbn= value: length (help)
 93. http://www.calcuttaweb.com/history.shtml Archived 2007-05-10 at the Wayback Machine. KOLKATA (CALCUTTA) : HISTORY
 94. http://www.mumbainet.com/travel/powmuseum.htm Archived 2012-06-03 at the Wayback Machine. Prince of Wales Museum
 95. http://www.chennai.org.uk/monuments/george-fort.html Fort St. George
 96. File:Delhi India Government .jpg Viceroy's House - New Delhi - 1929
 97. http://www.citcochandigarh.gov.in/how_to_reach.html Archived 2013-03-08 at the Wayback Machine. The Union Territory of Chandigarh is well served by an excellent network of roads.
 98. 98.0 98.1 https://www.treeremovalsanmateo.com/

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

വീഡിയോ[തിരുത്തുക]

Qal'a-i Kuhna, Qil'a I Kuhna, Qala-i-Kuhna

"https://ml.wikipedia.org/w/index.php?title=ഭാരതീയ_വാസ്തുവിദ്യ&oldid=3820217" എന്ന താളിൽനിന്ന് ശേഖരിച്ചത്