ദൗലത്താബാദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുഗൾ പവിലിയൻ ദൗലത്താബാദ് കോട്ട

മഹാരാഷ്ട്രയിലെ ഔറംഗബാദ് ജില്ലയിലുള്ള ഒരു പട്ടണമാണ് ദൗലത്താബാദ്. ഔറംഗബാദിന് 14.5 കി.മീ. വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്നു. കോട്ടകൊത്തളങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്ന ഈ പട്ടണം മധ്യകാല ഘട്ടത്തിൽ ഏറെ പ്രശസ്തമായിരുന്നു. ചരിത്രപരമായും മതപരമായും ഏറെ പ്രാധാന്യമുള്ള പട്ടണമാണ് ദൌലത്താബാദ്.

മുസ്ലീം വാസ്തുവിദ്യ[തിരുത്തുക]

മുസ്ലിം വാസ്തുവിദ്യാ മാതൃകയിൽ നിർമിച്ച കെട്ടിടങ്ങളാണ് ഇവിടത്തെ മുഖ്യ ആകർഷണം. 13-ആം നൂറ്റാണ്ടിലെ വലിയ കോട്ടയാണ് ദൗലത്താബാദിലെ ശ്രദ്ധാകേന്ദ്രം. സുമാർ 180 മീറ്ററാണ് ഇതിന്റെ ഉയരം. 1453-ൽ നിർമിച്ച ചാന്ദ്മിനാർ എന്ന വിജയസ്തംഭം, മുഗൾ ചക്രവർത്തി ഷാജഹാൻ ധ്യാനത്തിനും വിശ്രമത്തിനും ഉപയോഗിച്ചിരുന്ന ബറാദരി എന്ന രമ്യഹർമ്മ്യം, മുസ്ലിം-ജൈന-ഹിന്ദു മതസ്ഥരുടെ ആരാധനാലയങ്ങൾ തുടങ്ങിയവ ഈ പ്രദേശത്തിന് ഏറെ വിനോദസഞ്ചാരപ്രാധാന്യം നേടിക്കൊടുത്തിരിക്കുന്നു. യാദവ രാജാവായിരുന്ന ബില്ലാമയാണ് ദൗലത്താബാദ് സ്ഥാപിച്ചത് എന്നാണ് അനുമാനം. അന്ന് ദേവഗിരി എന്ന പേരിലാണ് പട്ടണം അറിയപ്പെട്ടത്. 13-ആം നൂറ്റാണ്ടിൽ ദേവഗിരി അലാവുദ്ദീൻ കിൽജിയുടെ ആക്രമണത്തിനു വിധേയമായി. ദക്ഷിണേന്ത്യയിലേക്ക് തന്റെ അധീശത്വം വ്യാപിപ്പിക്കുവാനുള്ള ആഗ്രഹവും ദേവഗിരിയുടെ അളവറ്റ സമ്പത്തുമായിരുന്നു വിന്ധ്യയ്ക്ക് തെക്കോട്ടു നീങ്ങാൻ അലാവുദ്ദീനെ പ്രേരിപ്പിച്ചത്. 1296-ൽ അലാവുദ്ദീനുമായുള്ള യുദ്ധത്തിൽ പരാജയപ്പെട്ടതോടെ സന്ധിക്കു മുതിർന്ന ദേവഗിരിയിലെ രാമചന്ദ്ര രാജാവ് വർഷംതോറും ഡൽഹിക്കു കപ്പം നൽകാൻ തയ്യാറായി. എന്നാൽ, ഇതിൽ വീഴ്ചവരുത്തിയ പശ്ചാത്തലത്തിൽ മാലിക് കഫൂറിന്റെ (അലാവുദ്ദീന്റെ സേനയുടെ ജനറൽ) നേതൃത്വത്തിലുള്ള കിൽജിസേന ദേവഗിരി ആക്രമിക്കുകയും യാദവരെ പരാജയപ്പെടുത്തുകയും ചെയ്തു (1307). അലാവുദ്ദീന്റെ സന്നിധിയിൽ ഹാജരാക്കപ്പെട്ട രാമചന്ദ്രനെയും കുടുംബത്തെയും സുൽത്താൻ ബഹുമാനപൂർവമാണ് സ്വീകരിച്ചത്. ദേവഗിരിയുടെ രാജപദവി അലാവുദ്ദീൻ ഇദ്ദേഹത്തിനു തിരിച്ചുനൽകിയതോടെ രാമചന്ദ്രൻ സുൽത്താന്റെ അനുഭാവിയായി മാറി. തുടർന്ന് ഡെക്കാൺ, ദക്ഷിണേന്ത്യ എന്നിവിടങ്ങളിലേക്കുള്ള കിൽജികളുടെ സൈനിക പര്യടനങ്ങളിലെ ഒരു ഇടത്താവളമായി ദേവഗിരി വർത്തിച്ചു.

ചരിത്രം[തിരുത്തുക]

രാമചന്ദ്രന്റെ മരണശേഷം അധികാരത്തിൽ വന്ന സിങ്കാന II-ആമൻ (രാമചന്ദ്രന്റെ പുത്രൻ) ഡൽഹിയിൽനിന്ന് സ്വാതന്ത്യം പ്രഖ്യാപിച്ച സാഹചര്യത്തിൽ ദേവഗിരി ആക്രമിച്ച മാലിക് കഫൂർ ആ രാജ്യത്തെ ഡൽഹി സുൽത്താനേറ്റിന്റെ ഭാഗമാക്കി (1313). ഡൽഹിക്ക് വെല്ലുവിളി ഉയർത്തിക്കൊണ്ട് 1316-ൽ ഹരപാലദേവൻ (രാമചന്ദ്രന്റെ മരുമകൻ) സ്വാതന്ത്യം പ്രഖ്യാപിച്ചെങ്കിലും 1318-ൽ മുബാരക് (അലാവുദ്ദീന്റെ പുത്രൻ) ദേവഗിരി വീണ്ടെടുത്തു.

മുഹമ്മദ് ബിൻ തുഗ്ളക്ക് ഭരണ സൗകര്യത്തിനായി 1327-ൽ തലസ്ഥാനം ഡൽഹിയിൽനിന്ന് ദേവഗിരിയിലേക്കു മാറ്റിയെങ്കിലും ഡൽഹിയെ വീണ്ടും തലസ്ഥാനമാക്കി. ഇദ്ദേഹമായിരുന്നു ദേവഗിരിയെ ദൌലത്താബാദ് എന്നു നാമകരണം ചെയ്തത്. തുഗ്ലക്കിന്റെ ഭരണത്തിൽ അമർഷംപൂണ്ട ഡെക്കാണിലെ പ്രഭുക്കന്മാർ ദൗലത്താബാദ്കോട്ട പിടിച്ചെടുക്കുകയും സ്വതന്ത്ര ബാഹ്മനി സാമ്രാജ്യത്തിന് അടിത്തറ ഇടുകയും ചെയ്തു (1347). ദൗലത്താബാദിൽ വച്ചായിരുന്നു അലാവുദ്ദീൻ ബാഹ്മൻ ഷായുടെ (ബാഹ്മനി രാജ്യത്തിന്റെ സ്ഥാപകൻ) സ്ഥാനാരോഹണ ചടങ്ങുകൾ നടന്നത്. ഭരണ സൌകര്യത്തിനായി സാമ്രാജ്യത്തെ ദൗലത്താബാദ് ഉൾപ്പെടെ നാല് പ്രവിശ്യകളായി ഇദ്ദേഹം വിഭജിച്ചിരുന്നു.

15-ആം നൂറ്റാണ്ടോടെ ശിഥിലമായിത്തീർന്ന ബാഹ്മനി രാജ്യം ബിജാപ്പൂർ, ഗോൽക്കൊണ്ട, അഹമ്മദ്നഗർ, ബീദാർ, ബീറാർ എന്നീ അഞ്ച് സ്വതന്ത്ര രാജ്യങ്ങളായി വിഭജിക്കപ്പെട്ടു. 1499-ൽ ദൗലത്താബാദ് അഹമ്മദ്നഗറിന്റെ സ്ഥാപകനായ മാലിക് അഹമ്മദിന്റെ അധീനതയിലായി. 1633-ൽ മുഗൾ ജനറലായിരുന്ന മഹബത് ഖാൻ ദൗലത്താബാദ് പിടിച്ചടക്കുന്നതുവരെ ഇവിടം അഹമ്മദ്നഗറിന്റെ അധീനതയിലായിരുന്നു. മുഗളർക്കുശേഷം നൈസാം (ഹൈദരാബാദ്), മറാത്തർ എന്നിവരായിരുന്നു ദൗലത്താബാദിൽ അധീശത്വം സ്ഥാപിച്ചിരുന്നത്.

ചിത്രശാല[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ദൗലത്താബാദ് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ദൗലത്താബാദ്&oldid=3898915" എന്ന താളിൽനിന്ന് ശേഖരിച്ചത്