ഉത്തരേന്ത്യയെ നാല്പ്പതോളം വർഷം ഭരിച്ച ഒരു രാജാവായിരുന്നു ഹർഷൻ അഥവാ ഹർഷവർദ്ധനൻ (हर्षवर्धन) (590–647). പ്രഭാകരവർദ്ധനന്റെ മകനും താനേസറിലെ രാജാവായ രാജ്യവർദ്ധനന്റെ സഹോദരനുമായിരുന്നു ഹർഷവർദ്ധനൻ.ഹർഷന്റെ സദസ്സിലെ പ്രമുഖനായിരുന്നു ബാണഭട്ടൻ. ഹർഷന്റെ ജീവചരിത്രമായ ഹർഷചരിതം രചിച്ചത് ഇദ്ദേഹമാണ്.
ഹർഷവർദ്ധനൻ ഉത്തര ഇന്ത്യയിലെ അവസാന ഹിന്ദു രാജാവായിരുന്നു.[അവലംബം ആവശ്യമാണ്].ഹർഷന്റെ തലസ്ഥാനം കനൗജ് ആയിരുന്നു. സാമ്രാജ്യത്തിന്റെ ഉന്നതിയിൽ അദ്ദേഹത്തിന്റെ രാജ്യം പഞ്ചാബ്, ബംഗാൾ, ഒറീസ്സ എന്നിവിടങ്ങളും നർമ്മദ നദിയുടെ വടക്കോട്ടുള്ള സിന്ധു-ഗംഗാ സമതലം മുഴുവനും വ്യാപിച്ചു കിടന്നു.
ആറാം നൂറ്റാണ്ടിൽ ഗുപ്തസാമ്രാജ്യത്തിന്റെ പതനത്തിനുശേഷം വടക്കേ ഇന്ത്യ ചെറിയ നാട്ടുരാജ്യങ്ങളും റിപ്പബ്ലിക്കുകളും ആയിത്തീർന്നു. ഹർഷവർദ്ധനൻ പഞ്ചാബു മുതൽ മദ്ധ്യേന്ത്യ വരെയുള്ള ഈ നാട്ടുരാജ്യങ്ങളെ ഏകീകരിച്ചു. ഈ നാട്ടുരാജ്യങ്ങളിലെ പ്രതിനിധികൾ ഒരു സഭയിൽ വെച്ച് ഹർഷവർദ്ധനനെ എ.ഡി. 606ഏപ്രിലിൽ രാജാവായി അവരോധിച്ചു. അന്ന് ഹർഷവർദ്ധനന് 16 വയസ്സു മാത്രം ആയിരുന്നു പ്രായം.
ഹർഷൻ തന്റെ പിതാവിന്റെ മൂത്തപുത്രനായിരുന്നില്ല. തന്റെ പിതാവിന്റേയും ജ്യേഷ്ഠന്റേയും മരണശേഷമാണ് അദ്ദേഹം താനേസറിലെ രാജാവായി അധികാരമേറ്റത്. കനൂജിലെ രാജാവായിരുന്ന തന്റെ മാതുലനെ ബംഗാൾ രാജാവ് വധിച്ചതിനെത്തുടർന്ന് ഹർഷൻ കനൂജിലെ ഭരണം ഏറ്റെടുത്ത് ബംഗാൾ രാജാവിനെതിരെ യുദ്ധം നടത്തി. ഇതിനെത്തുടർന്ന് ബംഗാളും മഗധയും പിടിച്ചടക്കി[1].
ഹർഷന്റെ ജീവചരിത്രം അദ്ദേഹത്തിന്റെ കൊട്ടാരം കവിയായിരുന്ന ബാണഭട്ടൻ സംസ്കൃതകാവ്യമായി എഴുതിയിട്ടുണ്ട്. ഇതാണ് ഹർഷചരിതം. ഇതിൽ ഹർഷന്റെ കുടുംബപരമ്പരയെക്കുറിച്ചും അദ്ദേഹം രാജാവാകുന്നതുവരെയുള്ള കാലഘട്ടത്തേയും വിശദീകരിച്ചിരിക്കുന്നു. ഹർഷന്റെ കാലഘട്ടത്തിൽ ഇന്ത്യ സന്ദർശിച്ച ചൈനീസ് സഞ്ചാരിയാണ് ഷ്വാൻ ത്സാങ് (ഹുയാൻ സാങ്). ഇദ്ദേഹം തന്റെ സന്ദർശനവേളയിൽ കുറേക്കാലം ഹർഷന്റെ സദസ്സിൽ ചെലവഴിച്ചിരുന്നു.[1].