മുംതാസ് മഹൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുംതാസ് എന്ന പേരിൽ ഒന്നിലധികം വ്യക്തികളുണ്ട്. അവരെക്കുറിച്ചറിയാൻ മുംതാസ് (വിവക്ഷകൾ) എന്ന താൾ കാണുക. മുംതാസ് (വിവക്ഷകൾ)
മുംതാസ് മഹൽ
മുഗൾ സാമ്രാജ്യം
മുംതാസ് മഹൽ കലാകാരന്റെ ഭാവനയിൽ
പൂർണ്ണനാമംഅർജ്ജുമാൻ ബാനു ബീഗം
അടക്കം ചെയ്തത്താജ്മഹൽ
ജീവിതപങ്കാളിഷാജഹാൻ
അനന്തരവകാശികൾജഹനാര ബീഗം,
ദാര ഷിക്കോ
ഷാ ഷുജ
റോഷ്നാര ബീഗം
ഔറംഗസേബ്
മുറാദ് ബക്ഷ്
ഗൗഹാര ബീഗം
രാജവംശംമുഗൾ സാമ്രാജ്യം
പിതാവ്മിർസ അബ്ദുൾഹസ്സൻ അസഫ് ഖാൻ
മതവിശ്വാസംഇസ്ലാം

മുഗൾ സാമ്രാജ്യത്തിലെ ഒരു രാജ്ഞിയായിരുന്നു മുംതാസ് മഹൽ (ഏപ്രിൽ, 1593 - 17 ജൂൺ1631) (പേർഷ്യൻ, ഉർദു: ممتاز محل; ഉച്ചാരണം [mumˈtɑːz ˈmɛhɛl];) .[1] അർജുമന്ദ് ബാനു ബീഗം എന്നായിരുന്നു ഇവരുടെ മുഴുവൻ പേര്. ആഗ്രയിൽ ജനിച്ച ഇവരുടെ അച്ഛൻ പേർഷ്യക്കാരനായ അബ്ദുൾ അസഫ് ഹസ്സൻ ഖാൻ ആയിരുന്നു.[2]

ജഹാംഗീറിന്റെ പുത്രനു, അടുത്ത മുഗൾ ചക്രവർത്തിയുമായ ഷാജഹാൻ ആണ് മുംതാസിനെ വിവാഹം കഴിച്ചത്. ഇവർക്ക് പതിനാലു മക്കളുണ്ടായിരുന്നു. മുംതാസ് മഹലിന്റെ ഓർമ്മയ്ക്കായാണ് ഭർത്താവായ ഷാജഹാൻ ആഗ്രയിലെ താജ്മഹൽ സ്ഥാപിച്ചത്.

ജീവചരിത്രം[തിരുത്തുക]

ആഗ്രയിലെ ഒരു പേർഷ്യൻ കുടുംബത്തിലാണ് അർജുമാന്ദ് ബാനു ബീഗം ജനിച്ചത്. പിതാവ് അബ്ദുൾ ഹസ്സൻ അസഫ് ഖാൻ. മുഗൾ സാമ്രാജ്യം ഭരിച്ചിരുന്ന ചക്രവർത്തിയായ ജഹാംഗീറിന്റെ ഭാര്യ നൂർ ജഹാന്റെ മുതിർന്ന സഹോദരൻ കൂടിയായിരുന്നു അബ്ദുൾഹസ്സൻ. അർജ്ജുമാൻ ബീഗം തന്റെ ജനനത്തോടെ, മുഗൾ സാമ്രാജ്യത്തിലെ ചക്രവർത്തിനിയുടെ അനന്തരവളായി മാറി.

1607 ൽ അർജുമാന് പതിനാലു വയസ്സുള്ളപ്പോഴാണ് ജഹാംഗീറിന്റെ പുത്രനായ ഖുറാം രാജകുമാരനുമായി അവളുടെ വിവാഹ നിശ്ചയം നടക്കുന്നത്. കൊട്ടാരം ജ്യോതിഷികളുടെ നിർദ്ദേശപ്രകാരം വിവാഹ നിശ്ചയം കഴിഞ്ഞ് അഞ്ചുവർഷത്തിനു ശേഷമായിരുന്നു ഇവരുടെ വിവാഹം നടക്കുന്നത്. അർജുമാന്ദ് ബീഗത്തിന് മുംതാസ് മഹൽ ബീഗം എന്ന പേരു സമ്മാനിക്കുന്നത് ഭർത്താവ് ഖുറാം രാജകുമാരനായിരുന്നു. പിന്നീട്, ഖുറാം രണ്ട് വിവാഹങ്ങൾ കൂടി ചെയ്തുവെങ്കിലും, കൂടുതൽ പ്രിയം മുംതാസിനെയായിരുന്നു. മറ്റു രാജകുമാരിമായുള്ള ഷാജഹാന്റെ വിവാഹം വെറും പേരിനു മാത്രമായിരുന്നുവത്രെ.[3] ചക്രവർത്തി പദം ഏറ്റെടുത്ത ശേഷമാണ് ഖുറാം ഷാജഹാൻ എന്നറിയപ്പെടാൻ തുടങ്ങിയത്. ഷാജഹാന്റെ വിശ്വസ്തയായ ഭാര്യയായിരുന്നു മുംതാസ്. ഷാജഹാൻ മുംതാസിനേയും കൊണ്ട് തന്റെ മുഗൾ സാമ്രാജ്യമാകെ സഞ്ചരിച്ചിരുന്നു.[3]

മരണം[തിരുത്തുക]

മുംതാസ് മഹലിനും, ഷാജഹാനും പതിനാലു മക്കളുണ്ടായിരുന്നു. വളരെ ക്ഷീണിതയായിരുന്നു മുംതാസ് മഹൽ. 1631 ൽ ഷാജഹാനോടൊപ്പം അവർ ഢക്കാൺ പീഠഭൂമിയിലെ ഒരു യുദ്ധത്തിനായി പോയിരുന്നു. അവിടെ വെച്ച് തന്റെ പതിനാലാമത്തെ പ്രസവത്തോടനുബന്ധിച്ചാണ് മുംതാസ് മഹൽ അന്തരിച്ചു. താപ്തി നദിക്കരയിലുള്ള സൈനാബാദ് എന്ന പൂന്തോട്ടത്തിൽ വച്ച് മുംതാസിനെ ഖബറടക്കി. ഒരു താൽക്കാലിക ശവകുടീരവും അവിടെ തയ്യാറാക്കിയിരുന്നു.[4]

സ്മാരകം[തിരുത്തുക]

1631 ഡിസംബർ ഒന്നാം തീയതി, മുംതാസ് മഹൽ മരണമടഞ്ഞ് ആറുമാസങ്ങൾക്കു ശേഷം, അവരുടെ ശരീരം ജീർണികാത്ത അവസ്ഥായിലായിരുന്നു, അത് അത്ഭുതമായി കാണുന്നു. ആഗ്രയിലെ യമുനാനദിക്കരയിലെ വിശാലമായ ഒരു പൂന്തോട്ടത്തിലേക്കു ഈ ശരീരം കൊണ്ടു വന്നു. മുംതാസ് മഹലിന്റെ സ്മരണക്കു വേണ്ടി ഒരു സ്മാരകം പണിയാൻ ഷാജഹാൻ തീരുമാനിക്കുകയും, 1632 ൽ താജ് മഹലിന്റെ നിർമ്മാണം ആരംഭിക്കുകയും ചെയ്തു. താജ് മഹൽ പേർഷ്യൻ സംസ്കാരത്തിന്റേയും മുഗൾ സംസ്കാരത്തിന്റേയും വാസ്തുവിദ്യകളുടെ ഒരു സങ്കലനമാണ്. ഇതു കൂടാതെ തിമുർ രാജവംശത്തിൽ നിന്നുള്ള ചില വാസ്തുവിദ്യയുടേയും പ്രചോദനം ഇതിന്റെ രൂപകല്പനയിൽ ഉണ്ടായിരുന്നു. മുംതാസ് മഹലുമായുള്ള ഷാജഹാന്റെ അഗാധ പ്രേമമാണ് താജ് മഹൽ പണിയുവാനുള്ള പ്രേരണയെന്ന് കാലാനുസൃതവിവരണങ്ങൾ കാണിക്കുന്നു.[5] 1648 ൽ ഒരു അടിസ്ഥാന ശവകുടീരം പണിതീർന്നു. പിന്നീട് ഇതിനു ചുറ്റുമുള്ള ഉദ്യാനങ്ങളും അനുബന്ധ കെട്ടിടങ്ങളും പിന്നീടുള്ള അഞ്ച് വർഷങ്ങൾ കൊണ്ട് പണിതീർന്നത്.

അവലംബം[തിരുത്തുക]

  1. "കോസ് ഓഫ് താജ്മഹാൽ". താജ്മഹൽ ഔദ്യോഗിക വെബ് വിലാസം. ശേഖരിച്ചത് 12-മേയ്-2014. {{cite web}}: Check date values in: |accessdate= (help)
  2. "മുംതാസ് മഹൽ". താജ്മഹൽ. ശേഖരിച്ചത് 12-മേയ്-2014. {{cite web}}: Check date values in: |accessdate= (help)
  3. 3.0 3.1 "മുംതാസ് മഹൽ". താജ്മഹൽ.ഓർഗ്.യു.കെ. ശേഖരിച്ചത് 13-മേയ്-2014. {{cite web}}: Check date values in: |accessdate= (help)
  4. ഗൗരി, ശ്രീവാസ്തവ. ദ ലെജൻഡ് മേക്കേഴ്സ് - സം എമിനന്റ് മുസ്ലിം വുമൺ ഓഫ് ഇന്ത്യ. കൺസപ്ട് പബ്ലിഷിംഗ് കമ്പനി. പുറം. 19. ISBN 978-8180690013.
  5. മുഹമ്മദ് അബ്ദുള്ള ചാഗ്താ ലെ താജ് മഹൽ ഡി ആഗ്ര (ഹിന്ദി). ഹിസ്റ്റോയർ എ ഡിസ്ക്രിപ്ഷൻ (ബ്രസ്സൽസ്) 1938 p46
"https://ml.wikipedia.org/w/index.php?title=മുംതാസ്_മഹൽ&oldid=3684640" എന്ന താളിൽനിന്ന് ശേഖരിച്ചത്