ചാർ ധാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചാർ ധാം

ഇന്ത്യയിലെ നാല് പ്രധാന ഹൈന്ദവ തീർത്ഥാടന കേന്ദ്രങ്ങളുടെ ഒരു കൂട്ടമാണ് ചാർ ധാം.[1][2] ചാർധാം ക്ഷേത്രങ്ങൾ സ്ഥാപിതമായതുമുതൽ, ഈ സ്ഥലങ്ങൾ സന്ദർശിക്കുന്നത് മോക്ഷം നേടുന്നതിനുള്ള ഒരു വഴിയായി മാറി. ബദരീനാഥ്, ദ്വാരക, പുരി, രാമേശ്വരം എന്നിവയാണ് ഇതിൽ ഉൾപ്പെടുന്ന നാല് ക്ഷേത്രങ്ങൾ.[3] [4]

ആദിശങ്കരൻ (686–717 CE) ആണ് നാല് ഹിന്ദു തീർത്ഥാടന കേന്ദ്രങ്ങളെ ചാർ ധാം എന്ന പേരിൽ വിശേഷിപ്പിച്ചത്.[3] ഇവയിൽ ശിവ ക്ഷേത്രമായ രാമേശ്വരം ഒഴികെ ബാക്കി മൂന്നും വിഷ്ണുവിന്റെ ആരാധനാലയങ്ങളാണ്.

നാല് 'ധാമങ്ങൾ' നാല് യുഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.[5]

വിവരണം[തിരുത്തുക]

ഹിന്ദു ഐതിഹ്യമനുസരിച്ച്, വിഷ്ണുവിന്റെ അവതാരമായ നര-നാരായണൻ തപസ്സ് ചെയ്തതോടെയാണ് ബദരിനാഥ് ശ്രദ്ധേയമാകുന്നത്. അക്കാലത്ത് ആ സ്ഥലം "ബദരി" എന്ന് വിളിക്കുന്ന കായകൾ ഉണ്ടാകുന്ന മരങ്ങൾ നിറഞ്ഞ പ്രദേശം ആയിരുന്നു, അതിനാൽ അവർ ഈ സ്ഥലത്തിന് ബദരിക-വന എന്ന് പേരിട്ടു. നര-നാരായണൻ തപസ്സു ചെയ്ത പ്രത്യേക സ്ഥലത്ത്, മഴയിൽ നിന്നും വെയിലിൽ നിന്നും അവരെ രക്ഷിക്കാൻ ഒരു വലിയ ബദരി മരം രൂപപ്പെട്ടു. നാരായണനെ രക്ഷിക്കാൻ ലക്ഷ്മി ബദരി മരമായി മാറിയെന്നാണ് വിശ്വാസം. തപസ്സിന് ശേഷം നാരായണൻ, ആളുകൾ എപ്പോഴും തന്റെ പേരിന് മുമ്പ് ലക്ഷ്മിയുടെ പേര് ചേർക്കും എന്ന് പറഞ്ഞു, അതിനാൽ ഹിന്ദുക്കൾ "ലക്ഷ്മി-നാരായണ" എന്ന് വിളിക്കുന്നു. നാരായണനെ ബദ്രി നാഥ് എന്ന് വിളിച്ചു. സത്യയുഗത്തിലാണ് ഇതെല്ലാം സംഭവിച്ചത്. അങ്ങനെ ബദരീനാഥ് ആദ്യത്തെ ധാമമായി അറിയപ്പെട്ടു. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ അളകനന്ദ നദിയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

രണ്ടാം ക്ഷേത്രം ആയ രാമേശ്വരത്തിന് പ്രാധാന്യം ലഭിച്ചത്, ത്രേതായുഗത്തിൽ, ശിവന്റെ അനുഗ്രഹം ലഭിക്കാൻ, ഭഗവാൻ രാമൻ ഇവിടെ ഒരു ശിവലിംഗം നിർമ്മിച്ച് പൂജിച്ചതോടെയാണ്. രാമേശ്വരം എന്ന പേരിന്റെ അർത്ഥം "രാമന്റെ ദൈവം" എന്നാണ്. അവിടെ രാമന്റെ കാൽപ്പാടുകൾ പതിഞ്ഞിട്ടുണ്ടെന്നാണ് വിശ്വാസം.[6]

ദ്വാപരയുഗത്തിൽ ശ്രീകൃഷ്ണൻ തന്റെ ജന്മസ്ഥലമായ മഥുരയ്ക്ക് പകരം ദ്വാരകയെ തന്റെ വാസസ്ഥലമാക്കിയപ്പോൾ മൂന്നാമത്തേതായ ദ്വാരകയ്ക്ക് അതിന്റെ പ്രാധാന്യം ലഭിച്ചു.[7]

നാലാമത്തേതായ പുരിയിൽ വിഷ്ണുവിനെ ജഗന്നാഥനായി ആരാധിക്കുന്നു, നിലവിലെ യുഗത്തിലെ, അതായത് കലിയുഗത്തിലെ വിഷ്ണുവിന്റെ അവതാരമാണ് അത്.

ശങ്കരാചാര്യർ നാല് പീഠങ്ങൾ അല്ലെങ്കിൽ മഠങ്ങൾക്ക് കീഴിൽ ഹൈന്ദവ വിശ്വാസികളെ സംഘടിപ്പിച്ചു, പടിഞ്ഞാറ് ദ്വാരക, കിഴക്ക് ജഗന്നാഥ പുരി, തെക്ക് ശൃംഗേരി ശാരദാപീഠം, വടക്ക് ബദരീകാശ്രമം എന്നിവയാണ് അവ.[8]

ആദിശങ്കരൻ സ്ഥാപിച്ച നാല് ആമ്നായ മഠങ്ങളുടെ ഒരു അവലോകനവും അവയുടെ വിശദാംശങ്ങളും ചുവടെയുള്ള പട്ടികയിൽ നൽകുന്നു.[9]

ശിഷ്യ

(പരമ്പര)

ദിശ മഠം മഹാവാക്യ വേദം സമ്പ്രദായം
പത്മപാദ കിഴക്ക് ഗോവർദ്ധന പീഠം പ്രജ്ഞാനം ബ്രഹ്മ (ബോധം ബ്രഹ്മമാണ്) ഋഗ്വേദം ഭോഗവാല
സുരേശ്വര തെക്ക് ശൃംഗേരി ശാരദപീഠം അഹം ബ്രഹ്മാസ്മി (ഞാൻ ബ്രഹ്മമാണ്) യജുർവേദം ഭൂരിവാല
ഹസ്തമാലകാചാര്യ പടിഞ്ഞാറ് ദ്വാരകപീഠം തത്ത്വമസി (അത് നീയാണ്) സാമവേദം കീടാവല
തോടകാചാര്യ വടക്ക് ജ്യോതിർമഠം അയമാത്മ ബ്രഹ്മ (ഈ സ്വയം "ആത്മാവ്" ബ്രഹ്മമാണ്) അഥർവ്വവേദം നന്ദവാല

ചാർധാമുമായി ബന്ധപ്പെട്ട നാല് സ്ഥലങ്ങൾ[തിരുത്തുക]

ഹരിയെയും (വിഷ്ണു), ഹരനെയും (ശിവൻ) പുരാണങ്ങളിൽ നിത്യ സുഹൃത്തുക്കൾ എന്ന് വിളിക്കുന്നു. വിഷ്ണു എവിടെ വസിക്കുന്നുവോ അതിന് സമീപത്തു തന്നെ ശിവനും വസിക്കും എന്ന് പറയപ്പെടുന്നു. ചാർധാം ഈ നിയമം പാലിക്കുന്നു. അതിനാൽ കേദാർനാഥിനെ ബദരീനാഥിന്റെ ജോഡിയായും രാമസേതു രാമേശ്വരത്തിന്റെ ജോഡിയായും സോമനാഥിനെ ദ്വാരകയുടെ ജോഡിയായും ലിംഗരാജനെ ജഗന്നാഥ പുരിയുടെ ജോഡിയായും കണക്കാക്കുന്നു. എന്നിരുന്നാലും, ചില പാരമ്പര്യങ്ങൾ അനുസരിച്ച്, ചാർധാം ബദരീനാഥ്, രംഗനാഥ-സ്വാമി, ദ്വാരക, ജഗന്നാഥ-പുരി എന്നിവയാണ്, ഇവയെല്ലാം വൈഷ്ണവ ആരാധനാ സ്ഥലങ്ങളാണ്, അവയുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ യഥാക്രമം കേദാർനാഥ്, രാമേശ്വരം, സോമനാഥ്, ലിംഗരാജ ക്ഷേത്രം, ഭുവനേശ്വർ (അല്ലെങ്കിൽ ഒരുപക്ഷെ ഗുപ്തേശ്വർ) എന്നിവയാണ്.

ചാർ ധാം ഹൈവേ പ്രോജക്റ്റ് (കേദാർനാഥ്, ഭദ്രിനാഥ്, ഗംഗോത്രി, യമുനോത്രി) പ്രവർത്തനക്ഷമമാണ്, കൂടാതെ നിരവധി സേവന ദാതാക്കൾ തീർഥാടകർക്കായി ഹെലികോപ്റ്ററിൽ ചാർ ധാം യാത്ര വാഗ്ദാനം ചെയ്യുന്നു.

പുരി[തിരുത്തുക]

ജഗന്നാഥ ക്ഷേത്രം, പുരി

കിഴക്ക് സ്ഥിതി ചെയ്യുന്ന പുരി, ഒഡീഷ സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്. രാജ്യത്തിന്റെ കിഴക്കൻ ഭാഗത്തെ ഏറ്റവും പഴയ നഗരങ്ങളിലൊന്നാണ് പുരി. ബംഗാൾ ഉൾക്കടലിന്റെ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ജഗന്നാഥനായി ആരാധിക്കപ്പെടുന്ന കൃഷ്ണനാണ് പ്രധാന ദേവത. കൃഷ്ണന്റെ സഹോദരിയായ സുഭദ്ര ദേവിയെ ദേവിയുടെ സഹോദരന്മാരായ ജഗന്നാഥ, ബലഭദ്രൻ എന്നിവരോടൊപ്പം ആരാധിക്കുന്ന ഇന്ത്യയിലെ ഏക ക്ഷേത്രമാണിത്. ഏകദേശം 1000 വർഷം പഴക്കമുള്ള ഇവിടുത്തെ പ്രധാന ക്ഷേത്രം രാജ ചോള ഗംഗാദേവനും രാജ തൃതീയ അനംഗ ഭീമദേവനും ചേർന്ന് നിർമ്മിച്ചതാണ്. ആദിശങ്കരൻ പരിവർത്തനം ചെയ്ത നാല് മഠങ്ങളിൽ ഒന്നായ ഗോവർദ്ധന മഠത്തിന്റെ സ്ഥലമാണ് പുരി. പല ജൈന തീർത്ഥങ്കരന്മാരുടെ പേരിനോടും നാഥ് ചേർക്കുന്നതിനാൽ ജഗന്നാഥൻ ജൈന ദേവതയാണെന്ന് പണ്ഡിറ്റ് നീലകണ്ഠ ദാസ് അഭിപ്രായപ്പെടുന്നു.[10]

ജൈന പശ്ചാത്തലത്തിൽ ജഗന്നാഥ് എന്നത് 'ലോകം വ്യക്തിവൽക്കരിക്കപ്പെട്ടത്' എന്നാണ് അർത്ഥമാക്കുന്നത്, അത് ജിനനാഥിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്. മോക്ഷം എന്നർത്ഥം വരുന്ന കൈവല്യ പോലുള്ള ജൈന പദങ്ങളുടെ തെളിവുകൾ ജഗന്നാഥ പാരമ്പര്യത്തിൽ കാണപ്പെടുന്നു.[11] അതുപോലെ, ജൈനമതത്തിലെ 24 തീർത്ഥങ്കരന്മാരിൽ ആദ്യത്തെ 22 പേരെ പ്രതിനിധീകരിക്കുന്നതായി പറയപ്പെടുന്ന ക്ഷേത്രത്തിലേക്കുള്ള ഇരുപത്തിരണ്ട് പടികൾ, ബൈസി പഹാച്ച എന്ന് വിളിക്കപ്പെടുന്നു.[12]

യഥാർത്ഥ ജഗന്നാഥ പ്രതിഷ്ഠ ജൈനമതത്താൽ സ്വാധീനിക്കപ്പെട്ടുവെന്ന് അനിരുദ്ധ് ദാസ് പറയുന്നു.[13] ജൈന ഉത്ഭവ സിദ്ധാന്തത്തെ പിന്തുണയ്ക്കുന്നത് ജൈന ഹത്തിഗുംഫ ലിഖിതമാണ്. കുമാര കുന്നിലെ ഖണ്ഡഗിരി-ഉദയഗിരിയിലെ ഒരു സ്മാരകത്തിന്റെ ആരാധനയെക്കുറിച്ച് അതിൽ പരാമർശിക്കുന്നു. ഈ സ്ഥലവും ജഗന്നാഥ ക്ഷേത്രത്തിന്റെ സ്ഥലത്തിന് സമാനമാണെന്ന് പ്രസ്താവിക്കപ്പെടുന്നു. ജഗന്നാഥ ക്ഷേത്രം പുനഃസ്ഥാപിച്ച ജൈനരെ പരാമർശിക്കുന്ന ജൈന ഗ്രന്ഥമായ സ്റ്റാർസയിലെ വാചകത്തിന്റെ ആധികാരികതയും തീയതിയും വ്യക്തമല്ല.[14] ഈ ധാമിൽ രഥയാത്ര (രഥോത്സവം) എന്നറിയപ്പെടുന്ന ഒരു പ്രത്യേക ആഘോഷമുണ്ട്.[15][16]

രാമേശ്വരം[തിരുത്തുക]

രാമേശ്വരം ക്ഷേത്രം

ഇന്ത്യൻ ഉപദ്വീപിന്റെ തെക്ക് ഭാഗത്ത് തമിഴ്‌നാട് സംസ്ഥാനത്താണ് രാമേശ്വരം സ്ഥിതി ചെയ്യുന്നത്. ഐതിഹ്യങ്ങൾ അനുസരിച്ച്, ലങ്കയുടെ ഭരണാധികാരിയായ രാവണനാൽ തട്ടിക്കൊണ്ടുപോയ തന്റെ ഭാര്യ സീതയെ രക്ഷിക്കാൻ രാമനും തന്റെ സഹോദരൻ ലക്ഷ്മണനും ഭക്തനായ ഹനുമാനുമൊത്ത് ലങ്കയിലെത്താൻ ഒരു പാലം (രാമസേതു) നിർമ്മിച്ച സ്ഥലമാണിത്. ശിവന് സമർപ്പിച്ചിരിക്കുന്ന രാമനാഥസ്വാമി ക്ഷേത്രം രാമനാൽ പ്രതിഷ്ഠിക്കപ്പെട്ടതാണെന്ന് വിശ്വസിക്കപ്പെടുന്നു. രാമേശ്വരത്തേക്കുള്ള തീർത്ഥാടനം കൂടാതെ വാരാണസി തീർത്ഥാടനം അപൂർണ്ണമായതിനാൽ രാമേശ്വരം ഹിന്ദുക്കൾക്ക് പ്രധാനമാണ്. ശ്രീരാമനാഥ സ്വാമി എന്ന പേരുള്ള ഇവിടുത്തെ പ്രതിഷ്ഠ ലിംഗരൂപത്തിലാണ്; ഇത് പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിൽ ഒന്നാണ്.

ദ്വാരക[തിരുത്തുക]

ദ്വാരകാധീഷ് ക്ഷേത്രം, ദ്വാരക

ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്ത് ഗുജറാത്ത് സംസ്ഥാനത്താണ് ദ്വാരക സ്ഥിതി ചെയ്യുന്നത്. സംസ്കൃത ഭാഷയിൽ വാതിൽ അല്ലെങ്കിൽ കവാടം എന്നർത്ഥമുള്ള "ദ്വാര" എന്ന വാക്കിൽ നിന്നാണ് ദ്വാരക നഗരത്തിന് ഈ പേര് ലഭിച്ചത്. ഗോമതി നദി അറബിക്കടലിൽ ചേരുന്ന സംഗമസ്ഥാനത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. എന്നിരുന്നാലും, ഈ നദി ഗംഗാ നദിയുടെ കൈവഴിയായ ഗോമതി നദിയല്ല. ഇന്ത്യയുടെ പടിഞ്ഞാറൻ ഭാഗത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. കൃഷ്ണന്റെ വാസസ്ഥലമായിരുന്നു ഐതിഹാസിക നഗരമായ ദ്വാരക ആറ് തവണ വെള്ളത്തിൽ മുങ്ങി നശിച്ചതായി വിശ്വസിക്കപ്പെടുന്നു, ആധുനിക ദ്വാരക ഈ പ്രദേശത്ത് നിർമ്മിക്കപ്പെട്ട ഏഴാമത്തെ നഗരമാണ്.[17]

ബദരീനാഥ്[തിരുത്തുക]

ബദരീനാഥ് ക്ഷേത്രം

ഉത്തരാഖണ്ഡ് സംസ്ഥാനത്തിൽ അളകനന്ദ നദിയുടെ തീരത്തുള്ള ഗർവാൾ കുന്നുകളിലാണ് ബദരീനാഥ് സ്ഥിതി ചെയ്യുന്നത്. നാരായണ പർവതനിരകൾക്കിടയിലും നീലകണ്ഠ കൊടുമുടിയുടെ നിഴലിലും (6,560മീ) ഈ നഗരം സ്ഥിതിചെയ്യുന്നു. മന, വ്യാസ് ഗുഫ, മാതമൂർത്തി, ചരൺപാദുക, ഭീംകുണ്ഡ്, സരസ്വതി നദിയുടെ മുഖ് എന്നിവ പോലെയുള്ള നിരവധി ഇടങ്ങൾ ബദരീനാഥിൽ നിന്ന് 3 കിലോമീറ്റർ ചുറ്റളവിൽ ഉണ്ട്. അളകനന്ദ, ധൗലിഗംഗ നദികളുടെ സംഗമസ്ഥാനത്തിന് മുകളിലാണ് ജോഷിമഠ് സ്ഥിതി ചെയ്യുന്നത്. ആദിശങ്കരാചാര്യർ സ്ഥാപിച്ച നാല് മഠങ്ങളിൽ ഒന്നായ ജോഷിമഠ് ചാർധാമിലെ ശീതകാല ആസ്ഥാനമാണ്.

മറ്റ് മൂന്ന് ധാമുകൾ വർഷം മുഴുവനും തുറന്നിരിക്കുമ്പോൾ, എല്ലാ വർഷവും ഏപ്രിൽ മുതൽ ഒക്‌ടോബർ വരെ മാത്രമാണ് ബദരീനാഥ് ധാം തീർഥാടകരുടെ ദർശനത്തിനായി തുറന്നിരിക്കുന്നത്.

ഛോട്ടാ ചാർ ധാം[തിരുത്തുക]

ഇന്ത്യൻ സംസ്ഥാനമായ ഉത്തരാഖണ്ഡിലെ യമുനോത്രി, ഗംഗോത്രി, കേദാർനാഥ്, ബദരീനാഥ് എന്നിവ ഉൾക്കൊളളുന്ന നാല് പുരാതന തീർത്ഥാടന കേന്ദ്രങ്ങളുടെ മറ്റൊരു സർക്യൂട്ട് ആണ് ഛോട്ടാ ചാർ ധാം എന്ന പേരിൽ അറിയപ്പെടുന്നത്. പ്രധാന ചാർ ധാം സൈറ്റുകളുടെ വലിയ സർക്യൂട്ടിൽ നിന്ന് വേർതിരിച്ചറിയാൻ ആയി അവയെ ഛോട്ടാ ചാർ ധാം എന്ന് വിളിക്കുന്നു. ശൈത്യകാലത്ത് മഞ്ഞുവീഴ്ച കാരണം ഛോട്ടാ ചാർ ധാം ആരാധനാലയങ്ങൾ അടച്ചിടുകയും വേനൽക്കാലത്തിന്റെ വരവോടെ അവ തീർത്ഥാടകർക്കായി വീണ്ടും തുറക്കുകയും ചെയ്യുന്നു.[18][19][20][21]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Bharati, Agrhananda (2011-06-03). Agents and Audiences (in ഇംഗ്ലീഷ്). Walter de Gruyter. p. 53. ISBN 978-3-11-080584-0.
  2. "Chaar Dham Yatra: A True Test of Every Hindu's Quest Towards Spiritual Enlightenment". NewsGram. 20 March 2015. Archived from the original on 23 January 2022.
  3. 3.0 3.1 Dass, Parmeshwar (2022-02-21). "History of Chardham - The Amazing Story of Chota Char Dham". Namaste India Trip (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-11-09.
  4. Chakraborty, Yogabrata (28 June 2023). "পুরীধাম ও জগন্নাথদেবের ব্রহ্মরূপ বৃত্তান্ত" [Puridham and the tale of lord Jagannath's legendary 'Brahmarup']. dainikstatesmannews.com (in Bengali). Kolkata: Dainik Statesman (The Statesman Group). p. 4. Archived from the original on 28 June 2023. Retrieved 28 June 2023.
  5. ADMIN (2023-02-05). "Char Dham Yatra : Journey To Spiritual Liberation". TEMPLE KNOWLEDGE (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-11-09.
  6. Seeger, Elizabeth, 1889-1973. (1969). The Ramayana. New York :W.R. Scott
  7. Chakravarti Mahadev-1994-The Concept of Rudra-Śiva Through The Ages-Delhi-Motilal Banarsidass-Second Revised. ISBN 81-208-0053-2
  8. "Sankara Acarya: 4 - Monastic Traditions". Archived from the original on 8 May 2012. Retrieved 3 May 2009.
  9. The Amnaya Peethams | Sringeri Sharada Peetham Archived 26 June 2006 at the Wayback Machine.
  10. Mohanty, Jagannath (2009). Indian Culture and Education. Deep& Deep. p. 5. ISBN 978-81-8450-150-6.
  11. Barik, P M (July 2005). "Jainism and Buddhism in Jagannath culture" (PDF). Orissa Review: 36. Archived from the original (PDF) on 4 March 2012. Retrieved 29 November 2012.
  12. Avinash Patra (2011). Origin & Antiquity of the Cult of Lord Jagannath. Oxford University Press. pp. 8–10, 17–18.
  13. Das, Aniruddha. Jagannath and Nepal. pp. 9–10.
  14. O. M. Starza (1993). The Jagannatha Temple at Puri: Its Architecture, Art, and Cult. BRILL Academic. pp. 62–63 with footnotes. ISBN 90-04-09673-6.
  15. Char Dham Yatra, by G. R. Venkatraman. Published by Bharatiya Vidya Bhavan, 1988.
  16. Brockman, Norbert C. (2011), Encyclopedia of Sacred Places, California: ABC-CLIO, LLC, ISBN 978-1-59884-655-3
  17. Santosh, Urmila (22 November 2016). "Where Mythology Meets Reality: Sunken City Of Dwarka". gounesco.com. GoUNESCO. Archived from the original on 1 July 2019. Retrieved 25 July 2019.
  18. Char Dham of Garhwal Archived 5 April 2023 at the Wayback Machine. India, by Joe Windless, Sarina Singh, James Bainbridge, Lindsay Brown, Mark Elliott, Stuart Butler. Published by Lonely Planet, 2007. ISBN 1-74104-308-5. Page 468.
  19. Chardham Yatra, by Savitri Dubey. Published by Alekh Prakashan. ISBN 978-81-88913-25-1
  20. "Welcome To Alekh Prakashan". Archived from the original on 23 December 2010. Retrieved 11 December 2019.
  21. "Char Dham and Hemkund Sahib Yatra to restart from May 2014". IANS. news.biharprabha.com. 24 April 2014. Archived from the original on 7 January 2019. Retrieved 24 April 2014.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചാർ_ധാം&oldid=4016921" എന്ന താളിൽനിന്ന് ശേഖരിച്ചത്