Jump to content

ഹാഥിഗുംഫ ലിഖിതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒഡീഷയിൽ ഭൂവനേശ്വറിനടുത്ത് ഉദയഗിരി മലയിൽ സ്ഥിതി ചെയ്യുന്ന ഹാഥിഗുംഫ (ആനഗുഹ) യിൽനിന്നു കണ്ടെടുത്ത ലിഖിതം ഖരവേലൻ എന്ന രാജാവിന്റെ വർഷാനുചരിതം വിവരിക്കുന്നു. മൗര്യ സാമ്രാജ്യത്തിന്റെ തകർച്ചയ്ക്കു ശേഷം കലിംഗം BC 150 നോടടുത്ത് ഖരവേലനു കീഴിൽ ഒരു സ്വതന്ത്ര്യ രാജ്യമായി മാറിയിരുന്നു. ഒരു ഇന്ത്യൻ രാജാവിന്റെ ജീവചരിത്രം എന്ന നിലയ്ക്ക് ആദ്യത്തെതിൽ ഒന്നാണ് ഈ ലിഖിതം. ഒരു രാജ സ്തുതിയുടെ ശൈലിയിലാണ് എഴുതപ്പെട്ടിരിക്കുന്നത്. പ്രാകൃത ഭാഷയിൽ, ബ്രഹ്മി ലിപിയിലാണ് രചന. ഖരവേലന്റെ 13 ആം ഭരണ വർഷത്തിലാണ് ലിഖിതം എഴുതപ്പെട്ടിരിക്കുന്നത്. ലിഖിതത്തിൽ മൗര്യവർഷം 165 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആദ്യ മൗര്യ ചക്രവർത്തി ചന്ദ്രഗുപ്ത മൗര്യന്റെ സ്ഥാനാരോഹണ (BC 321) ത്തോടെയാണ് മൗര്യവർഷം ആരംഭിക്കുന്നത്. അതിനാൽ ഹാഥിഗുംഫാ ലിഖിതം BC 157 ലാണ് എഴുതപ്പെട്ടത് എന്നു കണക്കാക്കാം.

ജൈനമതത്തിന്റെ അഭ്യുദയകാംക്ഷി ആയിരുന്നു ചേദികളുമായി ബന്ധപ്പെട്ട മേഘവാഹന വംശജനായ ഖരവേലൻ. ലിഖിതം ചേദി രാജാവ് വസുവിന്റെ പിൻമുറക്കാരൻ എന്നാണ് ഖരവേലനെ വിശേഷിപ്പിക്കുന്നത്. AD മൂന്നാം നൂറ്റാണ്ടിൽ രചിക്കപ്പെട്ട ജൈനരാമായണമായ പൗമാചരിയം പ്രകാരം വസുവിന് പറക്കുന്ന രഥം ദേവൻമാരിൽ നിന്ന് വരം കിട്ടിയിരുന്നത്രെ! പൗമാചാരിയം പറയുന്നത് രാവണൻ മേഘവാഹന വംശജനെന്നാണ്. വസുവുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അവകാശവാദം ഖരവേലനെ ഇതിഹാസ വംശാവലികളുമായും കണ്ണിചേർക്കുന്നു.

ജൈനരുടെ നമോകാർ മന്ത്രത്തോടെയാണ് 17 വരികളുള്ള ലിഖിതം ആരംഭിക്കുന്നത്. ആ ദീർഘ ലിഖിതം വിവർത്തനം ചെയ്താൽ ഇങ്ങനെയാകും:

"ജൈനൻമാർക്ക് അയിരൻ (ആചാര്യൻ), മഹാനായ രാജാവ്, മഹാ മേഘവാഹനന്റെ അനന്ത തലമുറക്കാരൻ, ചേദി രാജ വംശത്തിന്റെ യശസ്സ് വർധിപ്പിച്ചവൻ, ശുഭ സൂചകങ്ങളായ അടയാളങ്ങളും രൂപസൗകുമാര്യവുമുള്ളവൻ, നാലുദിക്കിലും പരന്ന ഗുണങ്ങളുടെ വിളനിലം, കലിംഗത്തിന്റെ സർവാധിപൻ, മഹാനായ ഖരവേലന് പ്രണാമം.

15 വർഷം യുവ സഹജമായ ക്രീഡകളിൽ കരുത്തുറ്റു തുടുത്ത സുഭഗശരീരത്തോടെ പങ്കെടുത്തു. യുവരാജാവായി 9 വർഷത്തെ ഭരണത്തിനിടയിൽ കത്തെഴുത്ത്, ധനകാര്യം, പൗര- മതനിയമം എന്നിവ നന്നായി വശത്താക്കി. എല്ലാ വിജ്ഞാന ശാഖകളിലും വ്യുൽപ്പത്തി. പുരുഷനായപ്പോൾ കലിംഗ രാജ്യത്തിന്റെ രാജാവായി കിരീടധാരണം ചെയ്യപ്പെട്ടു.

ആദ്യ വർഷം ഒരു കൊടുങ്കാറ്റിൽ തകർന്ന നഗരത്തിലെ പടിവാതിലുകൾ, കെട്ടിടങ്ങൾ എന്നിവ നന്നാക്കിച്ചു. നഗരത്തിലെ തടാകത്തിൽ കുളങ്ങളും ചിറകളും പണികഴിപ്പിച്ചു. ഉദ്യാനങ്ങൾ വീണ്ടെടുത്തു. 35000 നാണയം ഇതിനായി ചെലവഴിച്ചു. ജനങ്ങൾ സന്തുഷ്ടരായി.

രണ്ടാം വർഷം അദ്ദേഹത്തിന്റെ നാലിരട്ടി യൂണിറ്റുകളായ കുതിരപ്പട, ആനപ്പട, തേർപ്പട എന്നിവ ശതകർണി (ശതവാഹന രാജാവ്)യാൽ നിയന്ത്രിതമായിരുന്ന പടിഞ്ഞാറൻ മേഖലകൾക്കെതിരെ അയയ് ക്കപ്പെട്ടു. മൂഷിക ജനതയുടെ നഗരത്തെയും ഭീഷണിപ്പെടുത്തി.

മൂന്നാം വർഷം ഉത്സവങ്ങളിലും സഭകളിലുമായി നൃത്ത സംഗീത പരിപാടികൾക്കായി സഹായം നൽകപ്പെട്ടു.

നാലാം വർഷം രഥികൻമാരും ഭോജകൻമാരും ആക്രമിക്കപ്പെട്ടു. അവർ അദ്ദേഹത്തിന് അടിയറവു പറഞ്ഞു.

അഞ്ചാം വർഷം അദ്ദേഹം ഒരു രാജാവ് (നന്ദ) മുമ്പ് പണികഴിച്ചിച്ച കനാൽ ദീർഘിപ്പിച്ചു. രാജസൂയം നടത്തുക ആയിരുന്നതിനാൽ നികുതികൾ ലഘുകരിക്കുകയും നൂറായിരം സ്ഥാപനങ്ങൾക്ക് വാരിക്കോരി കൊടുക്കുകയും ചെയ്തു.

ഏഴാം വർഷം അദ്ദേഹത്തിന്റെ ഭാര്യ ഒരമ്മയായി.

എട്ടാം വർഷം അദ്ദേഹം മഗധ തലസ്ഥാനത്തെ ആക്രമിച്ചു, അത് രാജാവ് ദിമിതൻ (ദിമെത്രിയസ്) മഥുരയിലേക്ക് പിൻവാങ്ങാൻ ഇടയാക്കി. 3800000 നാണയം ചെലവഴിച്ച് ഒരു രാജകൊട്ടാരം പണിതു. വീണ്ടും സമ്മാനങ്ങൾ - സുവർണ വൃക്ഷങ്ങൾ, ആനകൾ, രഥങ്ങൾ, ഭവനങ്ങൾ, സത്രങ്ങൾ. ബ്രാഹ്മണരെ നികുതിയിൽനിന്ന് ഒഴിവാക്കി.

പത്താം വർഷം ഭാരതവർഷം കീഴടക്കാൻ ഒരു സേനയെ അയച്ചു. മറ്റൊരു സേന തെക്ക് കൃഷ്ണാനദിയുടെ പ്രദേശത്തേക്ക് അയയ്ക്കപ്പെട്ടു. അത് പിഥുണ്ഡ പട്ടണത്തെ ആക്രമിച്ചു. അവിടെ കഴുതകളെ പൂട്ടിയ നുകം വച്ചായിരുന്നു ഉഴവ്. ത്രമിര (ദ്രാവിഡ) കൂട്ടുകെട്ട് തകർത്തു. അത് കലിംഗത്തിനൊരു ഭീഷണിയായിരുന്നു.

പന്ത്രണ്ടാം വർഷം അദ്ദേഹത്തിന്റെ സേനകൾ വടക്കോട്ടു തിരിഞ്ഞു. അത് മഗധയിലെ ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പടർത്തി. നന്ദൻമാർ കലിംഗത്തിൽ നിന്ന് കടത്തിയ ജൈനതീർഥങ്കര വിഗ്രഹങ്ങളും കൊട്ടാരത്തിലെ ആഭരണങ്ങളും വീണ്ടെടുത്തു. മഗധ -അംഗ രാജ്യങ്ങളുടെ സമ്പത്ത് കലിംഗത്തേക്ക് തിരികെ എത്തിച്ചു. നൂറ് കെട്ടിട നിർമ്മാതാക്കളെ കുടിയിരുത്തി, അവർക്ക് ഭൂനികുതി ഒഴിവാക്കിക്കൊടുത്തു, ഗോപുരങ്ങളും കൊത്തുപണി ചെയ്ത അകത്തളങ്ങളും ആന - കുതിര പന്തികളും പണിയാൻ നിർദ്ദേശിച്ചു.സഭയിലേക്ക് രത്ന കല്ലുകളും മറ്റും തെക്ക് പാണ്ഡ്യ രാജ്യത്തു നിന്നും കൊണ്ടുവരപ്പെട്ടു.

പതിമൂന്നാം വർഷം അദ്ദേഹമൊരു ജൈന വിഹാരത്തിന് ചെലവിനു തുകയും സമ്മാനങ്ങളും നൽകി. പരിവ്രാജകരുടെയും ഋഷിമാരുടെയും ഭിക്ഷുക്കളുടെയും ഒരു സഭ നടത്തപ്പെട്ടു. അർഹതാ വിശിഷ്ടങ്ങളുടെ നിക്ഷേപപ്പുര അലംകൃതമാക്കി. ജൈന ഗ്രന്ഥങ്ങൾ സമാകൃതമാകാനിടയാക്കി.

അദ്ദേഹം വസു (ചേദി രാജാവ്) എന്ന രാജർഷിയുടെ വംശത്തിൽ പിറന്നവനാണ്. അദ്ദേഹം സമാധാനത്തിന്റെ, സമൃദ്ധിയുടെ രാജാവാണ്. അസാധാരണ നൻമകളാൽ സമ്പന്നനാണ്. എല്ലാ വിഭാഗങ്ങളെയും ആദരിക്കുന്നു. എല്ലാ ആരാധനാലയങ്ങളും നന്നാക്കുന്നു. അദ്ദേഹത്തിന്റെ സേനയെ തോൽപിക്കാനാവില്ല. അദ്ദേഹം രാജ്യത്തെ സംരക്ഷിക്കുന്നു."

അവലംബം[തിരുത്തുക]

1. The Penguin History of Early India: From the Origins to Ad 1300: Volume 1 by Romila Thapar

"https://ml.wikipedia.org/w/index.php?title=ഹാഥിഗുംഫ_ലിഖിതം&oldid=3318541" എന്ന താളിൽനിന്ന് ശേഖരിച്ചത്