കുന്നംകുളം താലൂക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തൃശ്ശൂർ ജില്ലയിൽ പുതുതായി രൂപം കൊണ്ട താലൂക്കാണ് കുന്നംകുളം താലൂക്ക്. കുന്നംകുളം പട്ടണമാണ് താലൂക്കിന്റെ ആസ്ഥാനം. 2017-ലെ കേരള സർക്കാർ ബഡ്ജറ്റിൽ അനുവദിച്ച കുന്നംകുളം താലൂക്ക് 2018 മാർച്ച് 31-നാണ് നിലവിൽ വന്നത്. പഴയ തലപ്പിള്ളി താലൂക്കിന്റെ ഭാഗങ്ങളായിരുന്ന കുന്നംകുളം നഗരസഭയും ചൂണ്ടൽ, ചൊവ്വന്നൂർ, കടവല്ലൂർ, കടങ്ങോട്, പോർക്കുളം, കണ്ടാണശ്ശേരി, എരുമപ്പെട്ടി, വേലൂർ കാട്ടകാമ്പാൽ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് ഈ താലൂക്ക്. കിഴക്ക് തലപ്പിള്ളി താലൂക്ക്, തെക്ക് തൃശ്ശൂർ താലൂക്ക്, പടിഞ്ഞാറ് ചാവക്കാട് താലൂക്ക്, വടക്ക് പൊന്നാനി (മലപ്പുറം ജില്ല), പട്ടാമ്പി (പാലക്കാട് ജില്ല) താലൂക്കുകൾ എന്നിവയാണ് അതിർത്തികൾ.

Map
കുന്നംകുളം താലൂക്ക്


തലപ്പിള്ളി താലൂക്ക് വിഭജിച്ച് കുന്നംകുളം ആസ്ഥാനമായി പുതിയ താലൂക്ക് ഉണ്ടാക്കണമെന്ന് ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. താലൂക്കിന്റെ അസാമാന്യമായ വലിപ്പവും തന്മൂലം പ്രദേശവാസികൾക്ക് നേരിടേണ്ടിവന്ന ബുദ്ധിമുട്ടുകളുമായിരുന്നു അതിനുള്ള കാരണം. പല തവണ ഇത് ചർച്ചയ്ക്കെടുത്തിരുന്നെങ്കിലും അപ്പോഴൊക്കെ ഇത് തള്ളിക്കളയുകയായിരുന്നു. തുടർന്ന്, 2017-ലെ ബഡ്ജറ്റിലാണ് ഇത് അംഗീകരിച്ചത്. ഏറെ ആഹ്ലാദത്തോടെയാണ് കുന്നംകുളം നിവാസികൾ ഈ വാർത്ത സ്വീകരിച്ചത്.

2017 ഡിസംബർ 7-ന് താലൂക്കിന്റെ രൂപരേഖയിൽ തീരുമാനം വന്നു. തലപ്പിള്ളി താലൂക്കിൽ പെട്ട എട്ട് ഗ്രാമപഞ്ചായത്തുകൾക്കും ഒരു നഗരസഭയ്ക്കുമൊപ്പം [തൃശ്ശൂർ താലൂക്കിലെ തോളൂർ, കൈപ്പറമ്പ് പഞ്ചായത്തുകളും ചാവക്കാട് താലൂക്കിലെ വടക്കേക്കാട് പഞ്ചായത്തും കൂട്ടിച്ചേർത്ത് താലൂക്ക് രൂപീകരിയ്ക്കാനായിരുന്നു അതിലെ തീരുമാനം. എന്നാൽ, ഇത് വൻ വിമർശനത്തിന് വഴിയാക്കി. തുടർന്ന്, തലപ്പിള്ളി താലൂക്ക് ഭാഗങ്ങൾ മാത്രം കൂട്ടിച്ചേർക്കാൻ തീരുമാനമാകുകയായിരുന്നു. 2018 മാർച്ച് 31-ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ, സ്ഥലം എം.എൽ.എ.യും സംസ്ഥാന വ്യവസായമന്ത്രിയുമായ എ.സി. മൊയ്തീൻ എന്നിവർ ചേർന്ന് താലൂക്ക് ഉദ്ഘാടനം ചെയ്തു. കുന്നംകുളം കക്കാട്ടുള്ള മിനി സിവിൽ സ്റ്റേഷൻ മന്ദിരത്തിലാണ് താലൂക്കിന്റെ താത്കാലിക ആസ്ഥാനം പ്രവർത്തിയ്ക്കുന്നത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കുന്നംകുളം_താലൂക്ക്&oldid=3984428" എന്ന താളിൽനിന്ന് ശേഖരിച്ചത്