മലയാലപ്പുഴ ദേവീ ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
മലയാലപ്പുഴ ദേവീ ക്ഷേത്രം

പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിൽ മലയാലപ്പുഴ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് മലയാലപ്പുഴ ദേവീ ക്ഷേത്രം. അഞ്ച് മലകളുടെ ഭഗവതിയാണ് മലയാലപ്പുഴയിൽ ഇരിക്കുന്നത് എന്ന് വിശ്വാസം. പരാശക്തിയായ ഭദ്രകാളിയാണ് "മലയാലപ്പുഴ അമ്മ". ദാരികവധത്തിന് ശേഷമുള്ള രൗദ്രഭാവത്തിൽ ആണ്‌ പ്രതിഷ്ഠ. ദുർഗ്ഗ, മഹാലക്ഷ്മീ, മഹാസരസ്വതീ, ഭുവനേശ്വരി സങ്കല്പങ്ങളിലും ആരാധിക്കുന്നു. ആയിരത്തിലധികം വർഷത്തെ പഴക്കമുള്ള ക്ഷേത്രമാണിത്. [1] കടും ശർക്കര യോഗം കൊണ്ടാണ് വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്. ദ്രാവിഡഭഗവതി ക്ഷേത്രങ്ങളിലെ പ്രത്യേകതയായ പൊങ്കാല ഉത്സവം ഇവിടെയും പ്രധാനമാണ്. ഇതാണ് മകരമാസത്തിലെ "മകരപൊങ്കാല". ചൊവ്വ, വെള്ളി, പൗർണമി ദിവസങ്ങളിൽ ധാരാളം ഭക്തജനങ്ങൾ ഇവിടെ എത്താറുണ്ട്. വിളിച്ച് അപേക്ഷിച്ചാൽ എത്ര വലിയ ആപത്തും മലയാലപ്പുഴയമ്മ തടയും എന്നാണ് വിശ്വാസം. 7 ആഴ്ചകളിൽ തുടർച്ചയായി ദർശനം നടത്തിയാൽ ആഗ്രഹസാഫല്യമുണ്ടാകും എന്നും വിശ്വാസമുണ്ട്. രക്തപുഷ്പാഞ്ജലി, തൂണിയരിപ്പായസം, കോഴിയെ നടയ്ക്ക് വയ്ക്കൽ, ചുവന്നപട്ട്, മഞ്ഞളഭിഷേകം എന്നിവയാണ് പ്രധാന വഴിപാടുകൾ.

മലയാലപ്പുഴ അമ്മ ഇടതിട്ട യിൽ നിന്നുപോയ ഒരു സത്യമാണ്(ദേവിയാണ് ). കൊടുമൺ ഇടതിട്ടയിൽ നിന്നും തന്റെ ഒരു ഉപസകനൊപ്പം മലയാലപ്പുഴയിൽ പോവുകയും, ഉപസകന്റെ മാന്ത്രിക കർമ്മങ്ങളുടെ പരിസമാപ്തി ക്കൊടുവിൽ ഉപസകനെ തിരിച്ചഴയച്ചു മലയാലപ്പുഴയിൽ കുടിയിരുന്നു എന്നാണ് ഐതിഹ്യം. ഇന്നും തെളിവായി ഇടതിട്ടയിൽ അമ്മയുടെ തിരുഃ മൂലസ്ഥാനവും ദേവാലയവും കാണാം.

ഐതിഹ്യം[തിരുത്തുക]

ഉത്തര തിരുവിതാംകൂറിലുള്ള രണ്ടു നമ്പൂതിരിമാർ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ എത്തി ഭജനമിരുന്നു. അവരുടെ സന്തതസഹചാരിയായിരുന്നു ഒരു ഭഗവതീവിഗ്രഹം. ദീർഘ കാലത്തെ ഭജനയ്ക്കു ശേഷം "നിങ്ങളുടെ കൈവശമുള്ള ദേവീരൂപത്തിൽ എന്റെ സാന്നിധ്യം എപ്പോഴും ഉണ്ടാകും" എന്ന് അവർക്കു മൂകാംബികാദേവിയുടെ അരുളപ്പാട് ഉണ്ടായി. അവർ ക്ഷേത്ര ദർശനവും തീർത്ഥാടനവുമായി നാടുചുറ്റി. പ്രായാധിക്യം കാരണം യാത്ര പറ്റാതെ വന്നപ്പോൾ പരാശക്തി അവർക്കു സ്വപ്നത്തിൽ ദർശനം നൽകി. പ്രതിഷ്ഠക്കു പറ്റിയ സ്ഥലം മലയാപ്പുഴയാണെന്നു ഉപദേശിച്ചത്ര. തുടർന്ന് ഭഗവതി വിഗ്രഹവുമായി അവർ മലയാലപ്പുഴയിൽ എത്തി പ്രതിഷ്ഠ നടത്തി. എത്തിച്ചേർന്ന സമയം രാത്രി ആയതിനാൽ മഹാമായ തന്റെ രൗദ്രഭാവമായ കാളിയായി മാറിയിരുന്നു. അങ്ങനെയാണ് ഇന്ന് കാണുന്ന ഭദ്രകാളിയുടെ പ്രതിഷ്ഠ നടന്നത്.

അവലംബം[തിരുത്തുക]