മലയാലപ്പുഴ ദേവീ ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Malayalapuzha Devi Temple എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Malayalappuzha Devi Temple

പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി താലൂക്കിൽ മലയാലപ്പുഴ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് മലയാലപ്പുഴ ഭഗവതി ക്ഷേത്രം. പത്തനംതിട്ട ടൗണിൽ നിന്ന് 7 കിലോമീറ്റർ അകലെ മലയാലപ്പുഴയിൽ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. കേരളത്തിൽ അറിയപ്പെടുന്ന പ്രധാന ക്ഷേത്രങ്ങളിൽ ഒന്നാണിത്. ആദിപരാശക്തിയുടെ മാതൃഭാവമായ ശ്രീ ഭദ്രകാളിയാണ് മുഖ്യ പ്രതിഷ്ഠ. മലയാലപ്പുഴ അമ്മ എന്ന് ഭഗവതി അറിയപ്പെടുന്നു. അഞ്ച് മലകളുടെ ഭഗവതിയാണ് മലയാലപ്പുഴ അമ്മ എന്ന് വിശ്വാസം. കൊല്ലൂർ മൂകാംബിക ചൈതന്യം തന്നെയാണ് മലയാലപ്പുഴ അമ്മ എന്ന് ഐതീഹ്യം. മൂകാംബിക ക്ഷേത്രത്തിലേതുപോലെ മഹാകാളി, മഹാലക്ഷ്മീ, മഹാസരസ്വതീ ഐക്യരൂപേണയുള്ള ആദിപരാശക്തിയാണ് മലയാലപ്പുഴ അമ്മ. ആയിരത്തിലധികം വർഷത്തെ പഴക്കമുള്ള ക്ഷേത്രമാണിത്. [1] കടുംശർക്കരയോഗം കൊണ്ടാണ് പ്രതിഷ്ഠ നിർമ്മിച്ചിരിക്കുന്നത്. ദ്രാവിഡ ക്ഷേത്രങ്ങളിലെ പ്രത്യേകതയായ പൊങ്കാല ഉത്സവം ഇവിടെയും പ്രധാനമാണ്. വിളിച്ച് അപേക്ഷിച്ചാൽ എത്ര വലിയ ആപത്തും മലയാലപ്പുഴയമ്മ തടയും എന്നാണ് വിശ്വാസം. തുടർച്ചയായി ഒൻപത് ചൊവ്വ അല്ലെങ്കിൽ വെള്ളി ദിവസങ്ങളിൽ തുടർച്ചയായി ദർശനം നടത്തിയാൽ ആഗ്രഹസാഫല്യമുണ്ടാകും എന്നും വിശ്വാസമുണ്ട്. മാസത്തിലെ ഒന്നാം തീയതി, ചൊവ്വ, വെള്ളി, പൗർണമി, അമാവാസി ദിനങ്ങൾ പ്രധാനം.

ക്ഷേത്രം[തിരുത്തുക]

കേരളീയ ശൈലിയിലാണ് ക്ഷേത്രത്തിന്റെ നിർമാണം. ക്ഷേത്രത്തിൽ ഒരു ചെറിയ നമസ്കാരമണ്ഡപവും ചുറ്റമ്പലവും ക്ഷേത്രത്തിനുള്ളിലായി ഒരു ബലിക്കൽപ്പുരയുമുണ്ട്. ക്ഷേത്രത്തിന് മൂവായിരം വർഷത്തിലേറെ പഴക്കമുള്ളതായി വിശ്വസിക്കപ്പെടുന്നു. ഇടത്തരം വലിപ്പമുള്ള ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തായി ഗാംഭീര്യമുള്ള ഒരു ഗോപുരമുണ്ട്.  ദീർഘ ചതുരാകൃതിയിലുള്ള ശ്രീകോവിലിനു മുമ്പിൽ ഒരു മുഖമണ്ഡപമുണ്ട്.

പ്രതിഷ്ഠ[തിരുത്തുക]

മറ്റു ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങളിൽ നിന്ന് വ്യത്യസ്തമായി പലതരം വസ്തുക്കളാലാണ് ഇവിടത്തെ ഭഗവതി വിഗ്രഹം പണിതിട്ടുള്ളത്. കടുശർക്കരയോഗം എന്ന രീതിയാണ് അതിനുവേണ്ടി ഉപയോഗിച്ചിരിക്കുന്നത്. പല തരം തടിക്കഷണങ്ങൾ, കളിമണ്ണ്, ആയുർവേദ പച്ചമരുന്നുകൾ, പാൽ, നെയ്യ്, ശർക്കര, മഞ്ഞൾ, ചന്ദനം, കർപ്പൂരം, സ്വർണ്ണം, വെള്ളി, മണൽ, പ്രകൃതിദത്തമായ പശ തടങ്ങിയവ ചേരുന്നതാണിത്.

മനുഷ്യശരീരത്തിലെ എല്ലാ ഭാഗങ്ങൾക്കും സമാനമായ ഘടന നൽകി താന്ത്രിക വിധിപ്രകാരം പ്രാണ പ്രതിഷ്ഠ നടത്തിയിട്ടുണ്ട്.

ഉപദേവതകൾ[തിരുത്തുക]

പാർവ്വതിയുടെ മടിയിലിരിക്കുന്ന രൂപത്തിലുള്ള ഗണപതി, സ്വയംഭൂ ശിവൻ, മുഹൂർത്തി തുടങ്ങിയ പ്രതിഷ്ഠകളുണ്ട്. ക്ഷേത്രമതിലിനു കിഴക്ക് ആൽമരച്ചുവട്ടിൽ “മലമാട് സ്വാമിത്തറ” എന്ന പേരില് ഒരു മലദൈവ സങ്കൽപ്പമുണ്ട്. വെറ്റില,​ അടയ്ക്ക,​ പുകയില എന്നിവയാണ് ഇവിടുത്തെ വഴിപാട്.

ക്ഷേത്രത്തിലെ സ്വയംഭൂവായ ശിവലിംഗം വളർന്നുകൊണ്ടിരിക്കുന്നു എന്നാണ് വിശ്വാസം. വർഷം മുഴുവൻ പൂത്തുനിൽക്കുന്ന ഒരു കൊന്നമരത്തിന്റെ തണലിൽ സ്ഥിതിചെയ്യുന്ന ഈ ശിവലിംഗത്തിന് ക്ഷേത്രമില്ല. ശിവരാത്രി ദിവസം ഇവിടെ പ്രത്യേക പൂജകൾ നടക്കുന്നു.

ഐതിഹ്യം[തിരുത്തുക]

ഉത്തര തിരുവിതാംകൂറിലുള്ള രണ്ടു നമ്പൂതിരിമാർ ഭഗവതിയുടെ മൂലസ്ഥാനമായ കൊല്ലൂർ മൂകാംബികാ ക്ഷേത്രത്തിൽ എത്തി ഭജനമിരുന്നു. അവരുടെ സന്തതസഹചാരിയായിരുന്നു ഒരു ഭഗവതീ വിഗ്രഹം. ദീർഘകാലത്തെ ഭജനയ്ക്കു ശേഷം "നിങ്ങളുടെ കൈവശമുള്ള ദേവീരൂപത്തിൽ എന്റെ സാന്നിധ്യം എപ്പോഴും ഉണ്ടാകും" എന്ന് അവർക്കു മൂകാംബികയുടെ അരുളപ്പാട് ഉണ്ടായി. അവർ ക്ഷേത്ര ദർശനവും തീർത്ഥാടനവുമായി നാടുചുറ്റി. പ്രായാധിക്യം കാരണം യാത്ര പറ്റാതെ വന്നപ്പോൾ പരാശക്തി അവർക്കു സ്വപ്നത്തിൽ ദർശനം നൽകി. പ്രതിഷ്ഠക്കു പറ്റിയ സ്ഥലം മലയാപ്പുഴയാണെന്നു ഉപദേശിച്ചത്രേ. തുടർന്ന് അവർ മലയാലപ്പുഴയിൽ എത്തി പ്രതിഷ്ഠ നടത്തി. എന്നാൽ മലയാലപ്പുഴയിൽ എത്തിച്ചേർന്ന സമയം രാത്രി ആയതിനാൽ ഭഗവതി കാളി ഭാവത്തിലേക്ക് മാറിയിരുന്നു. അങ്ങനെയാണ് ഇന്ന് കാണുന്ന ഭഗവതിയുടെ പ്രതിഷ്ഠ നടന്നത് എന്നാണ് ഐതീഹ്യം. കാളി പ്രധാനമാണെങ്കിലും മൂകാംബിക ക്ഷേത്രത്തിലെ പോലെ മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി ചൈതന്യങ്ങളുടെ ഐക്യരൂപമാണ് മലയാലപ്പുഴ അമ്മ എന്ന് ഭക്തർ വിശ്വസിക്കുന്നത് അതുകൊണ്ടാണ്. അച്ചക്കണ്ണാമല, ഉപ്പിടുംപാറമല, ഊട്ടുപാറമല, ചെറുകുന്നത്തുമല, പുലിപ്പാറമല എന്നീ അഞ്ചു മല ദൈവങ്ങളുടെ മദ്ധ്യത്തിലാണ് ഇവിടെ പരാശക്തി കുടികൊള്ളുന്നത്.

മറ്റൊരു ഐതീഹ്യപ്രകാരം ശ്രീ ഭദ്രകാളി കൊടുമൺ ഇടതിട്ടയിൽ നിന്നും തന്റെ ഒരു ഉപാസകനൊപ്പം മലയാലപ്പുഴയിൽ പോവുകയും, ഉപാസകന്റെ താന്ത്രിക കർമ്മങ്ങളുടെ പരിസമാപ്തിയിൽ മലയാലപ്പുഴയിൽ കുടിയിരിക്കുകയും ചെയ്‌തു എന്നാണ് ഐതിഹ്യം. ഇന്നും ഇടതിട്ടയിൽ മലയാലപ്പുഴ ഭഗവതിയുടെ തിരുമൂലസ്ഥാനവും ദേവാലയവും കാണാം. വലഞ്ചൂഴിയമ്മ താഴുരമ്മ കടമ്മനിട്ടക്കാവിലമ്മ എന്നീ ഭഗവതിമാരുടെ ജേഷ്ഠസഹോദരി സങ്കല്പത്തിൽ വിശ്വാസികൾ മലയാലപ്പുഴ ദേവിയെ ആരാധിക്കാറുണ്ട്.

പ്രധാന ദിവസങ്ങൾ[തിരുത്തുക]

പരാശക്തിക്ക് പ്രധാന്യമുള്ള ചൊവ്വ, വെള്ളി, പൗർണമി, അമാവാസി ദിവസങ്ങളിൽ ദർശനത്തിന് ഭക്തരുടെ നീണ്ടനിര തന്നെ കാണാം. മലയാളം, ഇംഗ്ലീഷ് മാസങ്ങളിലെ ഒന്നാം തീയതി, നവരാത്രി, തൃക്കാർത്തിക, ശിവരാത്രി, ദീപാവലി, മണ്ഡലകാല ദിവസങ്ങൾ തുടങ്ങിയവ വിശേഷമാണ്. മൂകാംബിക പ്രാധാന്യം ഉള്ളതിനാൽ നവരാത്രി വിജയദശമി ദർശനം, വിദ്യാരംഭം എന്നിവ വിശേഷമാണ്.

വഴിപാടുകൾ[തിരുത്തുക]

രക്തപുഷ്പാഞ്ജലി, തൂണിയരിപ്പായസം, കോഴിയെ നടയ്ക്ക് വയ്ക്കൽ, ചുവന്നപട്ട്, മഞ്ഞളഭിഷേകം, നെയ്‍വിളക്ക്, നിറപറ (അരി, നല്ല്, പഞ്ചസാര തുടങ്ങിയവ പറനിറച്ച് നിവേദിക്കൽ) എന്നിവയാണ് പ്രധാന വഴിപാടുകൾ. പൂക്കള്, മഞ്ചാടി കുരു തുടങ്ങിയവയാണ് പ്രിയപ്പെട്ട കാണിക്കകൾ. മനസ്സറിഞ്ഞു പ്രാർഥിച്ചാൽ വിളികേൾക്കുന്ന അമ്മയാണ് മലയാലപ്പുഴ ഭഗവതിയെന്നു വിശ്വാസം. അമ്മയുടെ അടുത്തെത്തി പ്രാർഥിച്ചാൽ എന്ത് ആഗ്രഹവും സഫലമാകുമെന്ന് ഭക്തർ വിശ്വസിക്കുന്നു. ആധി വ്യാധികളിൽ നിന്നു രക്ഷ നേടുവാനും നല്ല ജീവിത പങ്കാളിയെ ലഭിക്കുവാനും തൊഴിൽ തടസ്സം മാറുവാനുമെല്ലാം ഇവിടെ വിശ്വാസികൾ പ്രാർഥിക്കുവാനെത്തുന്നു. തുടർച്ചയായി കുറഞ്ഞത് ഒൻപത് വെള്ളിയാഴ്ചകളിൽ ഇവിടെ പ്രാർഥിച്ചാൽ ആഗ്രഹസാഫല്യവും ഐശ്വര്യവും ഉണ്ടാകുമെന്നൊരു വിശ്വാസവുമുണ്ട്. ചിലർ മാസത്തിലൊരിക്കാൻ ദർശനം നടത്തുന്ന (മാസത്തൊഴീല്) രീതിയും കണ്ടുവരുന്നു

മകര പൊങ്കാല[തിരുത്തുക]

ഇവിടുത്തെ പ്രധാന ഉത്സവങ്ങളിലൊന്നാണ് മകര മാസത്തിലെ പൊങ്കാല. ഇതിൽ പങ്കെടുക്കുവാൻ ദൂരദേശങ്ങളിൽ നിന്നുപോലും ഭക്തർ എത്താറുണ്ട്.

ഉത്സവം[തിരുത്തുക]

മലയാലപ്പുഴ ഭഗവതിക്ഷേത്രത്തിലെ വാർഷികോത്സവം കുംഭമാസത്തിലെ (ഫെബ്രുവരി- മാർച്ച്) തിരുവാതിര നക്ഷത്രത്തിൽ ആരംഭിക്കുന്നു. പതിനൊന്നാം ദിവസം ആറാട്ടോടുകൂടി അവസാനിക്കും. നവരാത്രി ഉത്സവമാണ് മറ്റൊന്ന്. തൃക്കാർത്തിക, ദീപാവലി തുടങ്ങിയവയും ക്ഷേത്രത്തിൽ ആഘോഷിക്കുന്നു.

ദർശന സമയം[തിരുത്തുക]

  • അതിരാവിലെ 5 AM മുതൽ ഉച്ചക്ക് 1 PM വരെ
  • വൈകുന്നേരം 5 PM മുതൽ രാത്രി 8 PM വരെ

എത്തിച്ചേരാൻ[തിരുത്തുക]

പത്തനംതിട്ട നഗരത്തിൽ നിന്ന് 7 കിലോമീറ്റർ അകലെ മലയാലപ്പുഴയിൽ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. പത്തനംതിട്ടയിൽ നിന്നും സ്വകാര്യ ബസുകളും KSRTC ബസുകളും ഇങ്ങോട്ടേക്ക് സർവീസ് നടത്തുന്നുണ്ട്.

അവലംബം[തിരുത്തുക]

  1. "സാമൂഹിക-സംസ്ക്കാരിക ചരിത്രം - മലയാലപ്പുഴ ഗ്രാമപഞ്ചായത്ത്, ശേഖരിച്ചത് 2013 ഓഗസ്റ്റ്‌ 1". Archived from the original on 2016-02-15. Retrieved 2013-08-01.