അപഹ്നുതി (അലങ്കാരം)
ഒരു കാര്യത്തെ അല്ലെങ്കിൽ സംഭവത്തെ അതേപടി വെളിപ്പെടുത്താതെ സമാനമായ വസ്തുതയെ ഉയർത്തിക്കാട്ടുന്നതിനാണ് അപഹ്നുതി എന്ന അലങ്കാരം ഉപയോഗിക്കുന്നത്.
ലക്ഷണം
[തിരുത്തുക]- സ്വധർമ്മത്തെമറച്ചന്യ-
- ധർമ്മാരോപമപഹ്നുതിഃ
ഉദാഹരണം:
- തിങ്കളല്ലിതു വിൺഗംഗാ-
- പങ്കജം വികസിച്ചത്.
വർണ്ണ്യവസ്തുവിനെ അതല്ലെന്നു് ശബ്ദം കൊണ്ടു തന്നെയോ അർത്ഥം കൊണ്ടോ നിഷേധിച്ചിട്ട് അതിനോട് സദൃശമെന്നു തോന്നുന്ന മറ്റൊരു വസ്തുവാണെന്ന് പറയുന്നത് അപഹ്നുതി. ഒന്നിനെ അതല്ലെന്നു് മറയ്ക്കുക എന്നു് അർത്ഥയോജന. രൂപകത്തിൽ വർണ്ണ്യത്തിനെ നിഷേധിക്കുന്നില്ല. ഉദാഹരണത്തിൽ ആകാശഗംഗാപങ്കജത്തിന്റെ ധർമ്മത്തെ ആരോപിക്കാൻ വേണ്ടി ചന്ദ്രനെ ചന്ദ്രനല്ലെന്നു് നിഷേധിച്ചിരിക്കുന്നു.
വേറെ ഉദാഹരണം :
- നീരന്ധ്രനീലമിതു വിണ്ടലമല്ല സിന്ധു;
- താരങ്ങളല്ലിവ നുരക്കഷണങ്ങളത്രേ;
- അല്ലേ ശശാങ്കനിതു സങ്കുചിതൻ ഫണീന്ദ്രൻ;
- അല്ലേ കളങ്കമിതു തല്പഗതൻ മുരാരി.
രണ്ടുദാഹരണങ്ങളിലും നിഷേധം ശബ്ദകൃതമായിത്തന്നെയുണ്ടു്.
കൈതവാപഹ്നുതി
[തിരുത്തുക]- തവ കീർത്തിയും ദ്യുതിയുമുള്ളപോതു പി-
- ന്നിവരെന്തിനെന്നു കരുതുമ്പൊഴൊക്കവേ
- പരിവേഷമെന്നൊരു മിഷേണ കുണ്ഡലം
- പരിചോടിടുന്നു വിധി ചന്ദ്രസൂര്യരിൽ
ഇതിൽ കുണ്ഡലമിടുന്നതു് പരിവേഷം എന്നുള്ള ഒരു വ്യാജേനയാകുന്നു എന്നു പറഞ്ഞിരിക്കുന്നു. അപ്പോൾ പരിവേഷം എന്നു പറയുന്നതു് ഒരു വ്യാജമേ ഉള്ളൂ. വാസ്തവത്തിൽ കുണ്ഡലരേഖയാണു് എന്നു് അർത്ഥത്താൽ സിദ്ധിക്കുന്നു. ഇങ്ങനെ മിഷം, ഛലം, വ്യാജം, കൈതവം മുതലായ ശബ്ദങ്ങളെക്കൊണ്ടു ചെയ്യുന്ന ‘അപഹ്നുതിയ്ക്ക്‘ കൈതവാപഹ്നുതി എന്നു പേർ.
ഹേത്വപഹ്നുതി
[തിരുത്തുക]- യുക്തിയും ചേർത്തു ചൊന്നാകി-
- ലതുതാൻ ഹേത്വപഹ്നുതിഃ
- ചുടാ ചന്ദ്രൻ, വരാ രാവി-
- ലർക്കൻ, ഔർവ്വനിതബ്ധിജൻ.
ഒന്നിനെ അതല്ലെന്നു പറഞ്ഞു് മറ്റൊന്നാക്കുന്നതിൽ അങ്ങനെ കല്പിക്കാനുള്ള യുക്തികൂടി കാണിച്ചാൽ ‘ഹേത്വപഹ്നുതി’ ആയി. വിരഹിവാക്യമായ ലക്ഷ്യത്തിൽ ചന്ദ്രനെ സമുദ്രത്തിൽ നിന്നു് ഉദിച്ചു വന്ന ബഡവാഗ്നി ആക്കുന്നതിലേക്കു്, 'ഇത് ചന്ദ്രനാണെങ്കിൽ ചൂടു് യോജിക്കുകയില്ല; രാത്രിയാകയാൽ സൂര്യനാകാനും പാടില്ല’ എന്ന് കാരണം കൂടി നിബന്ധിക്കപ്പെട്ടിരിക്കുന്നു. വേറെ ഉദാഹരണം:
- പാരിച്ച മന്ഥഗിരിതന്നുടെ പാറകൊണ്ടു
- കീറിച്ചമഞ്ഞ വടു കാണ്മതു വെണ്മതിക്കു്;
- ചൊല്ലാവതോ നിഴൽ മൃഗം മുയലെന്നതെല്ലാം?
- ചൊല്ലാനവയ്ക്കു വഴിയെന്തിഹ ചന്ദ്രബിംബേ?
അവലംബം
[തിരുത്തുക]എ.ആർ. രാജരാജവർമ്മയുടെ ഭാഷാഭൂഷണം പേജ് 28ഉം പേജ് 29ഉം; നാഷണൽ ബുക്ക് സ്റ്റാൾ (NBS) ആറാം പതിപ്പ്.(1976 സെപ്റ്റംബർ) - പരിശോധകൻ കുട്ടികൃഷ്ണമാരാര്
• അതിശയോക്തി • അധികം • അനന്വയം • അനുമാനം • അന്യോന്യം • അപഹ്നുതി • അപ്രസ്തുത പ്രശംസ • അസംഗതി • അർത്ഥാന്തരന്യാസം • അർത്താപത്തി • ആക്ഷേപം • ഉദാത്തം • ഉപമ • ഉപമേയോപമ • ഉത്തരം • ഉല്ലേഖം • ഉൽപ്രേക്ഷ • ഏകാവലി • കാരണമാല • കാവ്യലിംഗം • തദ്ഗുണം • ദീപകം • ദൃഷ്ടാന്തം • നിദർശന • പരികരം • പരിസംഖ്യ • പര്യായോക്തം • പ്രതീപം • പ്രത്യനീയം • ഭാവികം • ഭ്രാന്തിമാൻ • മീലിതം • മുദ്രാലങ്കാരം • രൂപകം • രൂപകാതിശയോക്തി • വക്രോക്തി • വിഭാവന • വിരോധാഭാസം • വിശേഷോക്തി • വിഷമം • വ്യാജസ്തുതി • വ്യാജോക്തി • വ്യാഘാതം • വ്യതിരേകം • ശ്ലേഷം • സമാധി • സമം • സാരം • സൂക്ഷ്മം • സംഭാവന • സ്വഭാവോക്തി • സമാസോക്തി • സ്മൃതിമാൻ • സസന്ദേഹം • യമകം |