Jump to content

അർജ്ജുനൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അർജ്ജുനൻ
ശിവനിൽ നിന്ന് പാശുപതാസ്ത്രം സ്വീകരിക്കുന്ന അർജ്ജുനൻ
മറ്റു പേരുകൾകൃഷ്ണൻ
ധനജ്ഞയൻ
ജിഷ്ണു
വിജയൻ
ഗുഡാകേശൻ
കിരീടി
സ്വേതവാഹനൻ
കപിധ്വാജൻ
ഭീബൽസു
കൗന്തേയൻ
സവ്യാസാച്ചി
പാർത്ഥൻ
ദേവനാഗരി अर्जुन
സംസ്കൃത ഉച്ചാരണംArjuna
മലയാളം ലിപിയിൽ അർജുനൻ
ആയുധങ്ങൾഗാണ്ടീവം
യുദ്ധങ്ങൾവിരാടയുദ്ധം
ഗന്ധർവയുദ്ധം
കുരുക്ഷേത്രയുദ്ധം
ചിഹ്നംകപിധ്വജം
ശരീരവർണ്ണംകൃഷ്ണവർണം
ഗ്രന്ഥംവ്യാസമഹാഭാരതം
ലിംഗംപുരുഷൻ
യുഗങ്ങൾ ദ്വാപരയുഗം
വംശാവലി
ജന്മനാമം
കൃഷ്ണ
രക്ഷിതാക്കൾഇന്ദ്രൻ,പാണ്ഡു (പിതാവ്)
കുന്തി (മാതാവ്)
സഹോദരങ്ങൾകർണ്ണൻ, യുധിഷ്ഠിരൻ , ഭീമൻ ( മാതാവ് കുന്തി)
നകുലൻ, സഹദേവൻ ( മാതാവ് മാദ്രി)
ജീവിതപങ്കാളികൾദ്രൗപദി, ഉലൂപി, ചിത്രാംഗദ, സുഭദ്ര
കുട്ടികൾUpapandavas# ശ്രുതകീർത്തി, അഭിമന്യു, ബഭ്രുവാഹനൻ, ഇരാവാൻ
ഗണംമനുഷ്യൻ
പൂർവജന്മംനരൻ

ഹൈന്ദവം
എന്ന പരമ്പരയുടെ ഭാഗം

ഓം

പരബ്രഹ്മം · ഓം
ചരിത്രം · ഹിന്ദു ദേവതകൾ
ഹൈന്ദവ വിഭാഗങ്ങൾ · ഗ്രന്ഥങ്ങൾ

ബ്രഹ്മം
മീമാംസ · വേദാന്തം ·
സാംഖ്യം · യോഗം
ന്യായം · വൈശേഷികം

ധർമ്മം · അർത്ഥം · കാമം · മോക്ഷം
കർമം · പൂജാവിധികൾ · യോഗ · ഭക്തി
മായ · യുഗങ്ങൾ · ക്ഷേത്രങ്ങൾ · ഷോഡശക്രിയകൾ

വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ
രാമായണം · മഹാഭാരതം
ഭാഗവതം · ഭഗവത് ഗീത · പുരാണങ്ങൾ
ഐതീഹ്യങ്ങൾ · മറ്റുള്ളവ

മറ്റ് വിഷയങ്ങൾ

ഹിന്ദു
ഗുരുക്കന്മാർ · ചാതുർവർണ്യം
ആയുർവേദം · ഉത്സവങ്ങൾ · നവോത്ഥാനം
ജ്യോതിഷം
വാസ്തുവിദ്യ, <> ഹിന്ദുമതവും വിമർശനങ്ങളും

സ്വസ്തിക

ഹിന്ദുമതം കവാടം

മഹാഭാരത കഥകളിൽ നായകനായ കഥാപാത്രം അർജ്ജുനൻ. (സംസ്കൃതം: अर्जुन). പാണ്ഡവരിൽ മൂന്നാമൻ. പാണ്ഡു പത്നിയായിരുന്ന കുന്തി ദേവിക്ക് ദേവരാജാവായ ഇന്ദ്രനിൽ നിന്ന് വരപ്രസാദമായി ജനിച്ച പുത്രനാണ് ഇദ്ദേഹം. മഹാഭാരതത്തിൽ അസ്ത്രശസ്ത്ര വിദ്യകളിൽ ഒന്നാമനായും നിപുണനായും ഈ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ളത്. ശിവനെ തപസ്സു ചെയ്തു അർജ്ജുനൻ പാശുപതം എന്ന ദിവ്യാസ്ത്രം സമ്പാദിച്ചു. കൃഷ്ണൻ സാരഥിയായി നിന്നുകൊണ്ട് ഇദ്ദേഹം കുരുക്ഷേത്രയുദ്ധത്തിൽ 14ാം ദിവസം കൗരവരുടെ പതിനൊന്ന് അക്ഷൗഹിണിപ്പടയിൽ ഏഴും ഇല്ലാതെയാക്കി. നരനാരാണയന്മാരുടെ അവതാരങ്ങളായിരുന്നു കൃഷ്ണനും അർജ്ജുനനും. മനുഷ്യരിൽ അഥവാ നരന്മാരിൽ ശ്രേഷ്ഠൻ അർജ്ജുനനായിരുന്നുവെന്ന് ഭഗവാൻ കൃഷ്ണൻ ഗീതയിൽ പറയുന്നുണ്ട്.വ്യാസ മഹാഭാരതവും ഭാഗവതവും അനുസരിച്ചു പുരാതന മുനികളായ നരനാരായണന്മാർ ദേവകാര്യത്തിനു വേണ്ടി അസുര സംഹാരത്തിനായി മനുഷ്യനായി അവതരിച്ചു എന്നാണ് വിശ്വാസം..

പാണ്ഡു മഹാരാജാവിന്റെ മകനാണ് അർജ്ജുനൻ. ഇത് പ്രശസ്തമായ ചന്ദ്രവംശത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ശാഖയാണ്. ഈ വംശം ചന്ദ്രനിൽ നിന്നും ആരംഭിച്ചതിനാൽ ചന്ദ്രവംശം എന്നറിയപ്പെടുന്നു. ഭഗവാൻ കൃഷ്ണനും ചന്ദ്രവംശത്തിലെ മറ്റൊരു ശാഖയിലെ അംഗമായിരുന്നു.

മക്കളില്ലാത്തതിനാൽ തന്നെ പാണ്ഡുവിൻ്റെ ആജ്ഞ അനുസരിച്ച് കുന്തി മന്ത്രസിദ്ധി ഉപയോഗിച്ച് മൂന്നു ദേവൻമാരെ ആവാഹിച്ച് കുട്ടികളെ ജനിപ്പിച്ചു. ഇതിൽ മൂന്നാം പ്രാവശ്യം ആവാഹിക്കപ്പെട്ട ദേവരാജാവായ ഇന്ദ്രനു കുന്തിയിലുണ്ടായ പുത്രനാണ് അർജ്ജുനൻ. അതിനാൽ പഞ്ചപാണ്ഡവരിൽ മൂന്നാമനാണ് അർജ്ജുനൻ. വായുദേവനിൽ നിന്നും ഭീമസേനൻ ജനിച്ചതിനു ശേഷം അതിമാനുഷനും ശ്രേഷ്ഠനും ലോകപ്രശസ്തനുമായ ഒരു പുത്രൻ തനിക്കുണ്ടാകണമെന്നു പാണ്ഡു മഹാരാജാവ് ആഗ്രഹിച്ചു. തുടർന്ന് മുനിഗണങ്ങളുമായി പാണ്ഡു വലിയൊരു കൂടിയാലോചന നടത്തുകയുണ്ടായി. മുനിമാരിൽ നിന്നും കിട്ടിയ അറിവ് പ്രകാരം ദേവാധിപനായ സാക്ഷാൽ ഇന്ദ്രനിൽ നിന്നും ലഭിക്കുന്ന പുത്രൻ മാനുഷരെയും അമാനുഷരെയും ജയിക്കുവാൻ പോന്നതായിരിക്കുമെന്നു പാണ്ഡു മനസ്സിലാക്കി. തുടർന്ന് മനോ-വാക്ക് കർമ്മങ്ങളാൽ ആ പുത്രനുവേണ്ടി ഇന്ദ്രപ്രീതിക്കായി തപസ്സിൽ മുഴുകുവാൻ പാണ്ഡു തീരുമാനിച്ചു. കൂടാതെ ധർമ്മപത്നിയായ കുന്തിയോട് ഒരു വർഷം നീണ്ടു നില്ക്കുന്നതായ ഒരു മംഗളവൃതം ആചരിക്കുവാനും പാണ്ഡു നിർദേശിക്കുകയുണ്ടായി. പാണ്ഡു മഹാരാജാവ് ഒറ്റക്കാലിൽ നിന്ന് തപസ്സു ചെയ്തു സമാധിയിൽ പ്രവേശിച്ചു. ദേവരാജാവായ ഇന്ദ്രനെ പ്രീതനാക്കി കൊടും തപസ്സിൽ പാണ്ഡു സൂര്യനെപ്പോലെ ജ്വലിച്ചു. കുറച്ചു നാളുകൾക്കു ശേഷം ഇന്ദ്രൻ പ്രത്യക്ഷനായി ഇങ്ങനെ പറഞ്ഞു. " ത്രിലോകങ്ങളിൽ പുകൽപ്പെടുന്നവനും ശത്രുഹന്താവും പരമധാർമ്മികനും ബന്ധുക്കൾക്ക് ആനന്ദം നൽകുന്നവനുമായ ഒരു പുത്രനെ ഞാൻ അങ്ങേക്ക് തരുന്നതായിരിക്കും". ഇതുകേട്ട് പാണ്ഡു സന്തുഷ്ടനാവുകയും, ഇന്ദ്രനെ സ്തുതിക്കുകയും ചെയ്തു. തുടർന്ന് തപസ്സു മതിയാക്കിയ പാണ്ഡു കുന്തിയോട് ഇന്ദ്രന്റെ വചനങ്ങളെക്കുറിച്ച് പറഞ്ഞു. തുടർന്ന് കുന്തി സന്താനലബ്ധിക്കായി ദുർവ്വാസാവ് മഹർഷി നല്കിയ മന്ത്രത്താൽ ഇന്ദ്രനെ ആവാഹിക്കുന്നു. മന്ത്രപ്രഭാവത്താൽ ദേവാധിപൻ പ്രത്യക്ഷനായി കുന്തിയിൽ പുത്രോല്പ്പാദനം ചെയ്തു. അങ്ങനെ അർജ്ജുനൻ പിറന്നു. അർജ്ജുനകുമാരൻ ജനിച്ചപ്പോൾ ആകാശത്തെ ഭേദിക്കുമാറ് മുഴങ്ങിക്കൊണ്ട് വലിയൊരു അശരീരി സ്പഷ്ടമായി കേട്ടു. "അല്ലയോ കുന്തീ, നിന്റെ ഈ പുത്രൻ കാർത്തവീര്യനു തുല്യനും ശിവതുല്യ പരാക്രമിയും ആയിരിക്കും. അജയ്യനായ ഇന്ദ്രൻ അദിതിക്ക്‌ വേണ്ടിയെന്നതുപോലെ നിന്റെ പേര് ഇവൻ പ്രസിദ്ധമാക്കും. അദിതിക്കു വിഷ്ണുവെന്നതു പോലെ നിനക്ക് ഇവൻ ആഹ്ലാദം വർദ്ധിപ്പിക്കും. ഇവന്റെ ബാഹുബലത്താൽ ഖാണ്ഡവ വനം ഭക്ഷിച്ച് അഗ്നിദേവൻ സർവ്വഭൂതങ്ങളുടെയും മേദസ്സുകൊണ്ടു തൃപ്തനാകും. ജാമദഗ്ന്യനായ പരശുരാമന് തുല്യനായ ഇവൻ വിഷ്ണു സമാനനായ അതിസാഹസികനാകുന്നതാണ്. സർവ്വ ദിവ്യാസ്ത്രങ്ങളും നേടുന്ന ഇവൻ ക്ഷയിച്ചുപോയ എല്ലാ ഐശ്വര്യങ്ങളെയും തിരികെ നേടിയെടുക്കും. ഈ അശരീരി കേട്ടിട്ട് മുനിമാരെല്ലാം സന്തോഷിച്ചു. ആകാശത്തിൽ ഇന്ദ്രാദികളായ ദേവന്മാർ ഭേരീ വാദ്യങ്ങൾ മുഴക്കി സന്തോഷം പങ്കിട്ടു. സർവ്വദേവന്മാരും, മുനിമാരും അർജ്ജുനന്റെ മേൽ പുഷ്പവൃഷ്ടി ചെയ്തുകൊണ്ട് അവരുടെ ആനന്ദം പ്രകടമാക്കി അനുഗ്രഹിച്ചു. അവരിൽ കാദ്രവേയർ [നാഗങ്ങൾ], പക്ഷീന്ദ്രന്മാർ, അപ്സരസ്സുകൾ, ഗന്ധർവ്വന്മാർ, സപ്തർഷികൾ, പ്രജാപതിമാർ, ഭരദ്വാജൻ, കശ്യപൻ, ഗൌതമൻ, വിശ്വാമിത്രാൻ, ജമദഗ്നി, വസിഷ്ഠൻ, അത്രി, മരീചി, അംഗിരസ്സ്, പുലസ്ത്യൻ, പുലഹൻ, ക്രതു, ദക്ഷൻ തുടങ്ങിയ എല്ലാവരും സന്നിഹിതരായിരുന്നു. ദിവ്യാഭരണങ്ങൾ അണിഞ്ഞുവന്ന അപ്സരസ്സുകൾ അർജ്ജുനനു ചുറ്റും നൃത്തം ചെയ്തു. ഉർവ്വശി, രംഭ, തിലോത്തമ തുടങ്ങിയവർ മധുരങ്ങളായ ഗാനങ്ങൾ ആലപിച്ചു. ഇതുകൂടാതെ 12 ആദിത്യന്മാരും, കാർക്കോടകൻ, തക്ഷകൻ തുടങ്ങിയ മഹാക്രോധികളായ നാഗങ്ങളും, എണ്ണിക്കൂടാത്ത അസംഖ്യം ദേവന്മാരും, അവിടെയെത്തിച്ചേർന്നു. എല്ലാവരും അർജ്ജുനനെ ദർശിച്ചു സന്തുഷ്ടരായി. ഇതെല്ലാം ദർശിച്ചു മുനിമാരും പാണ്ഡുവും അത്ഭുതപ്പെട്ടു. (വ്യാസ മഹാഭാരതം , ആദിപർവ്വം , സംഭവ - ഉപ പർവ്വം, അദ്ധ്യായം 123, ശ്ളോകങ്ങൾ 20 മുതൽ 75 വരെ)

വിദ്യാഭ്യാസം

[തിരുത്തുക]

കൗരവഗുരുവായ കൃപരുടെ കീഴിൽ അർജ്ജുനൻ ആയുധാഭ്യാസം തുടങ്ങി. അസ്ത്രശസ്ത്ര വിദ്യകളിൽ നിപുണനായ ദ്രോണർ പിന്നീട് അർജ്ജുനന്റെ ഗുരുവായി. പഠനത്തിനിടെ നടന്ന ഒരു പരീക്ഷയിൽ മുതലയുടെ അക്രമണത്തിൽ നിന്നും ദ്രോണരെ രക്ഷിച്ച അർജ്ജുനൻ ഗുരുവിന്റെ വത്സലശിഷ്യനായി. അർജ്ജുനന്റെ ഗുരുത്വവും അസ്ത്രവിദ്യയിലുള്ള താല്പര്യവും കണ്ടു പ്രസന്നനായ ദ്രോണാചാര്യർ ഇദ്ദേഹത്തിന് മറ്റാർക്കും ലഭ്യമല്ലാത്തതും തനിക്ക് അഗസ്ത്യനിൽ നിന്നു ലഭിച്ചതുമായ ബ്രഹ്മശിരസ്സ് എന്ന ദിവ്യാസ്ത്രം പ്രദാനം ചെയ്യുകയുണ്ടായി. ഗുരുദക്ഷിണയായി ദ്രോണാചാര്യരുടെ ശത്രുവായ ദ്രുപദ മഹാരാജാവിനെ അർജ്ജുനൻ കീഴ്‌പ്പെടുത്തി ദ്രോണർക്കു സമർപ്പിക്കുകയും അദ്ദേഹത്തിന്റെ പാഞ്ചാലരാജ്യത്തെ രണ്ടായി പകുത്ത് ദക്ഷിണപാഞ്ചാലത്തിന്റെ അധിപതിയായി മാറുവാൻ ദ്രോണരെ സഹായിക്കുകയും ചെയ്തു .

അർജ്ജുനനും ഏകലവ്യനും

[തിരുത്തുക]

(മഹാഭാരതം, ആദിപര്വ്വം, സംഭവപർവ്വം, 132 ആം അദ്ധ്യായം) ഹിരണ്യധനുസ്സെന്ന നിഷാദരാജാവിന്റെ പുത്രനായ ഏകലവ്യൻ, ദ്രോണരുടെ അടുക്കലെത്തി തന്നെ ശിഷ്യനായി സ്വീകരിക്കണമെന്ന് അപേക്ഷിച്ചു. നിഷാദനായതിനാൽ ദ്രോണര് മറ്റുള്ളവരുടെ അഭിപ്രായം കണക്കിലെടുത്ത് ഏകലവ്യനെ സ്വീകരിച്ചില്ല. പക്ഷെ അവൻ ദ്രോണരെ ഭക്തിപൂര്വ്വം വണങ്ങി പാദങ്ങളിൽ നമസ്ക്കരിച്ചു തിരികെ പോന്നു. വനത്തിൽ ചെന്ന്, ഗുരുവായ ദ്രോണരുടെ രൂപം മണ്ണില് തീർത്ത്‌ സാങ്കല്പ്പികമായ ആചാര്യ സാന്നിധ്യത്തിൽ അസ്ത്രപ്രയോഗം നിഷ്ടാപൂര്വ്വം അഭ്യസിച്ചു. അസ്ത്രങ്ങൾ ഇക്ഷ്വ നിര്മ്മിതമായിരുന്നു (കട്ടിയുള്ള മൂര്ച്ചയുള്ള ഒരുതരം പുല്ല്). പരമശ്രധയോടും യോഗത്തോടും സ്വയം അഭ്യസനം നടത്തി ഏകലവ്യൻ മറ്റുള്ള കുമാരന്മാർക്ക് അറിവില്ലാത്ത ചില കഴിവുകൾ നേടി.

ഒരിക്കൽ കൗരപാണ്ഡവൻമാർ രഥങ്ങളിൽ നായാട്ടിനായി കാട്ടിലേക്ക് പോയി. അവരുടെ കൂടെയുണ്ടായിരുന്ന വേട്ടനായ അലയുമ്പോൾ, അസ്ത്രാഭ്യാസം ചെയ്യുന്ന ഏകലവ്യന്റെ അടുക്കലെത്തി. നായ കുരച്ചുകൊണ്ടു അടുത്തെത്തുമ്പോൾ ഏകലവ്യൻ തന്റെ അമിതമായ കൈവഴക്കത്തോടെ വേഗതയിൽ ഏഴു അസ്ത്രങ്ങൾ നായുടെ വായിലേക്ക് എയ്തു കയറ്റി. നായ നിലവിളിച്ചുകൊണ്ട് കുമാരന്മാരുടെ അടുക്കലെത്തി. അവരെല്ലാം ആ അസ്ത്ര നൈപുണ്യം കണ്ടു അത്ഭുതപ്പെട്ടു. കൈവേഗം, ശബ്ദഭേദിത്വം തുടങ്ങിയ വൈദ്യഗ്ധ്യത്തോടെയുള്ള ആ അസ്ത്രപ്രയോഗം കണ്ടു കുമാരന്മാർ ലജ്ജിച്ചു. കാട്ടിൽ വസിക്കുന്ന ആ അസ്ത്രവിശാരദനെ അവർ അന്വേഷിച്ചു കണ്ടെത്തി. വിവരങ്ങൾ ചോദിച്ചപ്പോൾ ഏകലവ്യൻ ഇങ്ങനെ പറഞ്ഞു. "ഞാൻ നിഷാദരാജാവായ ഹിരണ്യധനുസ്സിന്റെ മകനും, ദ്രോണാചാര്യരുടെ ശിഷ്യനുമാണ്" ഈ വിവരം ദ്രോണരും അർജ്ജുനനും അറിഞ്ഞു.

അർജ്ജുനൻ ഇക്കാര്യം ദ്രോണരെ അറിയിച്ചു.

അദ്ദേഹം അർജ്ജുനനേയും കൂട്ടി ഏകലവ്യന്റെ സമീപമെത്തി. തുടർന്ന് ഏകലവ്യനോട്‌ ഇങ്ങനെ ദ്രോണര് ആവശ്യപ്പെട്ടു. "എന്റെ ശിഷ്യനെന്നു നീ അവകാശപ്പെടുന്നു. അങ്ങനെയെങ്കിൽ ഗുരു ദക്ഷിണ എവിടെ? എനിക്ക് ഗുരുദക്ഷിണ തരിക ". "എന്താണ് അങ്ങേക്ക് വേണ്ടത്?"- മഹാനായ ഏകലവ്യൻ തിരക്കി. " നിന്റെ വലതു കയ്യിലെ തള്ളവിരലാണ് ഗുരുദക്ഷിണയായി എനിക്ക് വേണ്ടത് "-ദ്രോണർ പറഞ്ഞു.

ക്രൂരമായ ഈ വാക്കുകൾ കേട്ട ഏകലവ്യൻ സന്തോഷത്തോടെ അത് നല്കുവാൻ തയ്യാറായി. അദ്ദേഹം മൂര്ച്ചയേറിയ ഒരു ആയുധത്താൽ വലതുകയ്യിലെ തള്ളവിരല് മുറിച്ചെടുത്തു ദ്രോണർക്കു നല്കി. അന്നുമുതൽ അദ്ദേഹം അർജുനനെക്കാളും താണ നിലയിലുള്ള വില്ലാളിയായി മാറി. തുടർന്ന് വ്യാസമുനി ഇങ്ങനെ വർണ്ണിക്കുന്നു

തതോർജ്ജുന പ്രീതമനാ ബഭൂവ വിഗതജ്വരഃ
ദ്രോണശ്ച സത്യവാഗാസിന്നാന്യോഭിഭവിതാർജ്ജുനം
(മഹാഭാരതം , ആദിപർവ്വം , അദ്ധ്യായം 132 , ശ്ളോകം -60)

(ഭാഷാ അർത്ഥം) ഇത്തരത്തിൽ അർജ്ജുനൻ അദ്ദേഹത്തിൻറെ വിഗതജ്വരം(ഉൾച്ചൂട്) വിട്ടു പ്രീതനായി . അർജ്ജുനന് തുല്യനായി മറ്റാരുമുണ്ടാകില്ലെന്ന ദ്രോണരുടെ വാക്കുകൾ സത്യമായി .

അർജ്ജുനനും പാശുപതവും

[തിരുത്തുക]

പാണ്ഡവരുടെ വനവാസക്കാലത്ത് അർജ്ജുനൻ യുധിഷ്ഠിരനിൽ നിന്നും മന്ത്രം സ്വീകരിച്ചു, അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം അസ്ത്ര സമ്പാദനത്തിനായി വനത്തിലേക്ക് പുറപ്പെട്ടു . അവിടെ വച്ച് അദ്ദേഹം ഇന്ദ്രനെ ദർശിക്കുകയും അദ്ദേഹത്തിൻറെ നിർദ്ദേശപ്രകാരം ഭഗവാൻ പരമശിവനെ പ്രത്യക്ഷനാക്കുവാനുദ്ദേശിച്ചു ഘോരമായ തപസ്സിൽ മുഴുകുകയും ചെയ്തു . അർജ്ജുനന്റെ തപസ്സിൽ പ്രീതനായ ഭഗവാൻ പരമശിവൻ ഒരു കിരാതന്റെ രൂപത്തിൽ വനത്തിൽ എത്തിച്ചേരുകയും അർജ്ജുനനെ പരീക്ഷിച്ചു അദ്ദേഹത്തിന്റെ വീര്യം ബോധ്യപ്പെട്ട ശേഷം പാശുപതാസ്ത്രം നല്കുകയും ചെയ്തു. തുടർന്ന് ഭഗവാൻ ഇങ്ങനെ പറഞ്ഞു "അർജ്ജുനാ , ഇന്ദ്രൻ, യമൻ, വരുണൻ, കുബേരൻ, വായു തുടങ്ങി ഒരു ദേവന്മാർക്കും ഈ അസ്ത്രം സിദ്ധിച്ചിട്ടില്ലെന്നറിയുക. പ്രപഞ്ചത്തിലെ ത്രിലോകങ്ങളിലെ സർവ്വ ചരാചരങ്ങളും പാശുപതമേറ്റാൽ ഭസ്മമായിപ്പോകും. വാക്കു, നോട്ടം, മനസ്സ്, വില്ലു എന്നിവയാൽ പാശുപതം പ്രയോഗിക്കാവുന്നതാണ്". തുടർന്ന് ആ അസ്ത്രത്തിന്റെ പ്രയോഗ - ഉപസംഹാര വിധികളും മന്ത്രങ്ങളുമെല്ലാം അര്ജ്ജുനന് ഉപദേശിച്ചിട്ടു ശിവൻ മറഞ്ഞു. ശിവൻ നിന്നും മഹത്തായ അസ്ത്രം അർജ്ജുനൻ നേടിയതറിഞ്ഞു അത്ഭുതസ്തബ്ധരായ ദേവന്മാർ അർജ്ജുനനിൽ വളരെയധികം പ്രീതരായിത്തീരുകയും അവരെല്ലാം അവരവരുടെ അസ്ത്രങ്ങൾ അര്ജ്ജുനന് നല്കി അനുഗ്രഹിക്കുകയും ചെയ്തു.

ശിവനിൽ നിന്നും പാശുപതാസ്ത്രം നേടിയെങ്കിലും അർജ്ജുനൻ ജീവിതത്തിലൊരിക്കലും അതുപയോഗിച്ചിട്ടില്ല. അത് ഉപയോഗിക്കാതിരിക്കാൻ അർജ്ജുനൻ തീരുമാനിക്കുന്നതിന് കാരണം വ്യാസമുനി വർണ്ണിച്ചിട്ടുണ്ട്. കാരണം തന്നെക്കാൾ മുകളിൽ ഉള്ള യോദ്ധാവ് മുൻപിൽ വന്നാലോ അതി ശക്തമായ ഏതെങ്കിലും ദിവ്യാസ്ത്രം തടുക്കാനോ മാത്രമേ അത് ഉപയോഗിക്കേണ്ട ആവശ്യമുള്ള. അത്തരം സന്ദർഭം ഉണ്ടാകാത്ത കൊണ്ട് അർജ്ജുനന് അത് ഉപയോഗിക്കേണ്ടി വന്നില്ല. യുദ്ധത്തിന് മുൻപ് തന്റെ വീര്യം യുധിഷ്ഠിരനോട് അർജ്ജുനൻ വർണ്ണിക്കുന്നതാണ് പ്രസ്തുത രംഗം. യുധിഷ്ഠിരന്റെ ഭീതി ഒഴിവാക്കാനായിരുന്നു അത്.

(ഉദ്യോഗപർവ്വം , അദ്ധ്യായം 196, ശ്ളോകങ്ങൾ 11,12,13)

സാമരാനാപി ലോകാംസ്ത്രീൻ സർവ്വാൻ സ്ഥാവര ജംഗമാൻ
ഭൂതം ഭവ്യം ഭവിഷ്യം ച നിമേഷാദിതി മേ മതി : ( 11)
യദ് തദ്‌ ഘോരം പശുപതി പ്രദാദസത്രം മഹന്മമ
കൈരാതെ ദ്വന്ദ്വയുദ്ധേ തു തദിദം മയി വർത്തതേ ( 12 )
യദ് യുഗാന്തേ പശുപതി : സർവ്വ ഭൂതാനി സംഹരൻ
പ്രയുക്തേ പുരുഷവ്യാഘ്ര തദിദം മയി വർത്തതേ ( 13 )
(ഭാഷാ അർത്ഥം ) (അർജ്ജുനൻ യുധിഷ്ഠിരനോട് പറയുന്നു ) " ദേവന്മാരുൾപ്പെടെയുള്ള (സാമരാനാപി = അമരന്മാർ (ദേവന്മാർ) ഉൾപ്പെടെ) മൂന്നു ലോകവും സകല ചരാചരങ്ങളേയും, ഭൂതം ഭവ്യം ഭവിഷ്യത്തും ഒരു നിമിഷം കൊണ്ട് എനിക്ക് മുടിക്കുവാൻ സാധിക്കും. അതിനു തക്കതായ ഘോരമായ അസ്ത്രം - പശുപതിയായ ശിവൻ നൽകിയത് എന്റെ കൈവശമുണ്ട്. കൈരാത ദ്വന്ദ്വയുദ്ധത്തിൽ എനിക്ക് ലഭിച്ചതാണത്. യുഗാന്തത്തിൽ പശുപതിയായ ശിവൻ സർവ്വ ഭൂതങ്ങളേയും സംഹരിക്കാനാണ് ആ അസ്ത്രം ഉപയോഗിക്കുന്നത് . അത് എന്റെ കൈവശമുണ്ട്".

കൂടാതെ, ദിവ്യാസ്ത്രം സാധാരണക്കാരായ പ്രജകളിൽ പ്രയോഗിക്കുന്നത് ശെരിയല്ലാത്തതു കൊണ്ട്, ആ അസ്ത്രം താൻ ഉപയോഗിക്കുകയില്ലെന്നും അർജ്ജുനൻ പറയുന്നുണ്ട്. (ഉദ്യോഗപർവ്വം, അദ്ധ്യായം 196 ,ശ്ളോകം 15)

ലോകത്തെ മുഴുവൻ നശിപ്പിക്കാനായി ശിവൻ യുഗാന്തത്തിൽ ഉപയോഗിക്കുന്ന അസ്ത്രമാണ് പാശുപതം. ദേവന്മാരുൾപ്പെടെയുള്ള ത്രിലോകവും വെറും ഒറ്റ നിമിഷം കൊണ്ട് ആ അസ്ത്രം നശിപ്പിച്ചു കളയും. ദേവന്മാരിൽ പെടുന്നതാണല്ലോ ദേവേന്ദ്രനും മറ്റുമൊക്കെ. അപ്പോൾ അവരും അർജ്ജുനൻ പാശുപതം പ്രയോഗിച്ചാൽ ചത്തൊടുങ്ങും. സർവ്വ ചരാചരങ്ങളും നശിച്ചു പ്രളയം വരും. അപ്പോൾ ലോകക്ഷേമത്തെ മുൻനിറുത്തിയാകണം അർജ്ജുനൻ ജീവിതത്തിലൊരിക്കലും മാരകമായ ഈ അസ്ത്രം ഉപയോഗിക്കാതിരുന്നത്.

ഭാര്യമാർ

[തിരുത്തുക]

പാഞ്ചാലരാജ്യത്തെ രാജകുമാരിയായിരുന്ന ദ്രൗപദി, കൃഷ്ണന്റെ സഹോദരി സുഭദ്ര, നാഗരാജകുമാരിയായിരുന്ന ഉലൂപി, മണലൂർ രാജകുമാരിയായിരുന്ന ചിത്രാംഗദ എന്നിവർ അർജ്ജുനന്റെ ഭാര്യമാരായിരുന്നു.

ഓരോ ഭാര്യമാരാരിലും ഓരോ ആൺമക്കൾ അർജ്ജുനനുണ്ടായിരുന്നു. സുഭദ്രയിൽ പിറന്ന അഭിമന്യുവാണ് ഇവരിൽ ശ്രദ്ധേയൻ. പാഞ്ചാലിയിൽ ശ്രുതകർമ്മ, ഉലൂപിയിൽ ഇരാവാൻ, ചിത്രാംഗദയിൽ ബഭ്രുവാഹനൻ എന്നവരായിരുന്നു മറ്റു പുത്രന്മാർ.

മിത്രം

[തിരുത്തുക]

കൃഷ്ണൻ ആണ് അർജ്ജുനന്റെ ഏറ്റവും വലിയ മിത്രം. കുട്ടിക്കാലത്തുതുടങ്ങിയ ഈ ബന്ധം മഹാഭാരതയുദ്ധത്തിലും തുടർന്നു. മിത്രമെന്നതിലുപരി അർജ്ജുനന്റെ വഴികാട്ടിയും കൃഷ്ണനായിരുന്നു. മഹാഭാരതയുദ്ധത്തിൽ പല നിർണായകസന്ദർഭങ്ങളിലും അർജ്ജുനന്റെ സഹായത്തിനെത്തിയതും കൃഷ്ണൻതന്നെ. ഗുരുക്കന്മാർക്കും ഉറ്റവർക്കും ഉടയവർക്കുമെതിരെ ആയുധമെടുക്കാനാകാതെ വിഷമിച്ചുനിന്ന അർജ്ജുനനെ യുദ്ധോത്സുകനാക്കാൻ കൃഷ്ണൻ ഉപദേശിച്ച സന്ദേശങ്ങളാണ് ഭഗവദ്‌ഗീത.

ശത്രുതയും യുദ്ധങ്ങളും

[തിരുത്തുക]

ദുര്യോധനന്റെ സ്നേഹിതനും അതിരഥന്റെ വളർത്തുമകനുമായ കർണ്ണൻ . കുന്തിയുടെ മൂത്തപുത്രനായതിനാൽ അർജ്ജുനന്റെ ജ്യേഷ്ഠനുമാണ്. ദ്രോണാചാര്യരുടെ ഗുരുകുലത്തിൽ കർണനും , പാർത്ഥനും ഒരുമിച്ച് വിദ്യ പഠിച്ചിരുന്നു. ധനുർവ്വേദം പഠിക്കുവാൻ അർജുനൻ എല്ലാവരേക്കാളും മുൻപിൽ ആയിരുന്നു. ഒരുദിവസം ജലക്രീഡ സമയത്ത് ദ്രോണാചാര്യരുടെ കാലിൽ മുതല ആക്രമിച്ചു . അതു കണ്ട അർജുനൻ മൂന്ന് അസത്രങ്ങളാൽ മുതലയെ വധിച്ചു. പ്രിയ ശിഷ്യൻ തന്നെ രക്ഷിച്ച സന്തോഷത്തിൽ ആശ്ലേഷത്തിന് ശേഷം ധനുർവ്വേദ ധർമ്മം ഉയർത്തിപ്പിടുക്കുന്നത് അർജുനൻ ആയിരിക്കും എന്ന വ്യക്തമായ തീരുമാനത്തിൽ ബ്രഹ്മശിര എന്ന അതിശക്തമായ ദിവ്യാസ്ത്രം അർജുനന് ഉപദേശിച്ചു. അർജുനനോട് കടുത്ത അസൂയ ഉളള കർണൻ ഗുരുവായ ദ്രോണരോട് തന്നെക്കാൾ 12 വയസ്സ് മൂപ്പ കുറവുള്ള ബാലനായ അർജ്ജുനനോട് മത്സരിക്കാൻ തനിക്ക് രഹസ്യമായി ബ്രഹ്മാസ്ത്രം തരണം എന്ന് ആവശ്യപ്പെട്ടു. ധനുർവ്വേദ നിയമം പാലിക്കും എന്ന് ഉറപ്പുള്ളവനും, യോഗബലസിദ്ധി ഉള്ളവർക്കും മാത്രമേ ഞാൻ ഉപദേശിക്കുകയുള്ളൂ എന്ന് പറഞ്ഞ് ദ്രോണർ കർണന് നൽകിയില്ല. കർണ്ണന്റെ മനസ്സിലെ ദുരുദ്ദേശം അദ്ദേഹം മനസിലാക്കിയിരുന്നു. ഇത് കേട്ട കർണൻ ദിവ്യാസ്ത്രങ്ങൾ ആർജിക്കാൻ പരശുരാമൻറെ സമീപത്ത് അദ്ദേഹത്തിന്റെ ബന്ധുക്കളുടെ താവഴിയിൽ പെട്ട ബ്രാഹ്മണൻ ആണെന്നുള്ള വ്യാജേന ശിഷ്യത്വം സ്വീകരിച്ചു .

മഹാഭാരതത്തിലെ മികച്ച യോദ്ധാവും ധർമ്മനിഷ്ഠനുമായിരുന്ന അർജ്ജുനനെ ദ്രോണാചാര്യർ സ്വന്തം പുത്രനെപ്പോലെ കരുതിയിരുന്നു. സകല അസ്ത്രങ്ങളും അദ്ദേഹം അർജ്ജുനനു പകർന്നു നൽകി. ദേവന്മാരും കൃഷ്ണനും എപ്പോഴും അർജ്ജുനന്റെ രക്ഷയിൽ ജാഗരൂകരായിരുന്നു. ശ്രീകൃഷ്ണന്റെ ഉത്തമഭക്തനായ ഇദ്ദേഹം, അദ്ദേഹത്തിൻറെ ആജ്ഞകളെന്തും ശിരസ്സാവഹിക്കുവാൻ സന്നദ്ധനായിരുന്നു. കഠിനമായ തപസ്സിലൂടെ ശിവനിൽ നിന്നും പാശുപതാസ്ത്രം നേടിയവനും, ജ്യേഷ്ഠനായ യുധിഷ്ഠിരന്റെ ശ്രേയസ്സിനു വേണ്ടി ഘോരയത്നം നടത്തിയവനുമായ അർജ്ജുനൻ തികച്ചും ധാർമ്മികനും ഭാഗ്യവാനുമാണ്‌. ഋഷികൾക്കും ദേവന്മാർക്കും ബ്രാഹ്മണർക്കും പ്രിയങ്കരനായ അർജ്ജുനൻ എന്നുമെന്നും ധർമ്മത്തിന്റെ രക്ഷയ്ക്കായി നിലകൊണ്ടു . ധർമ്മത്തിന്റെ അവതാരമായ യുധിഷ്ഠിരന് വേണ്ടി പല സാഹസകൃത്യങ്ങളും ചെയ്തു. ബന്ധുക്കളെ വധിക്കുന്നതിൽ കഠിന ദുഖിതനും യുദ്ധവിമുഖനുമായിത്തീർന്ന അർജ്ജുനനെ യുദ്ധോദ്യക്തനാക്കുവാനായി ഭഗവാൻ കൃഷ്ണൻ നൽകിയ ഉപദേശങ്ങളാണ് പിൽക്കാലത്തു ഭഗവദ്ഗീത എന്ന് പ്രസിദ്ധമായത്. ശ്രീകൃഷ്ണനിൽ നിന്നും ഇദ്ദേഹത്തിന് ജ്ഞാനോപദേശവും ദേവന്മാർക്കുപോലും ദുർലഭവുമായ വിശ്വരൂപദർശനവും ലഭിച്ചു.

കർണാർജ്ജുനയുദ്ധം

[തിരുത്തുക]

മഹാഭയാനകമായ കുരുക്ഷേത്രയുദ്ധത്തിന്റെ 17 - മത്തെ ദിവസം ഉച്ചയോടെ അർജ്ജുനൻ കർണ്ണപുത്രനായ വൃഷസേനനെ, അദ്ദേഹത്തിന്റെ കണ്മുന്നിലിട്ടു വധിക്കുന്നു. ഇതുകണ്ട് കരളുരുകിയ കർണ്ണൻ അർജ്ജുനനോട് തന്റെ അന്തിമയുദ്ധം പ്രഖ്യാപിച്ചു. ആ സമയം പ്രകൃതിയിൽ ചില ദുർന്നിമിത്തങ്ങൾ കാണപ്പെട്ടു. പ്രകൃതിയിലെ ശക്തികൾ തന്നെ രണ്ടായി പിരിഞ്ഞു, ഒരു വിഭാഗം അർജ്ജുനനെയും, മറു വിഭാഗം കർണ്ണനേയും പിന്താങ്ങി. വിഷ്ണുവും, ബ്രഹ്‌മാവും, ശിവനും, ഇന്ദ്രനും, ദേവന്മാരും, ഋഷിമാരും, ബ്രാഹ്മണരും , ക്ഷത്രിയരും, ഭൂമിയും , ഗോക്കളും [ സസ്യഭുക്കുകളായ മൃഗങ്ങൾ], പാലുള്ള വൃക്ഷങ്ങളും, സോമനും, പഞ്ചഭൂതങ്ങളിൽ ഭൂമി - അഗ്നി - വായു - ജലം എന്നീ നാലു ഭൂതങ്ങളും, ഋഗ് -യജുര് -സാമ വേദങ്ങളും, ത്രിസന്ധ്യകളും, ഉത്തമ നാഗങ്ങളും അർജുനപക്ഷം സ്വീകരിച്ചു. സൂര്യദേവനും, 12 ആദിത്യന്മാരും, അസുരന്മാരും, പഞ്ചഭൂതങ്ങളിൽ ആകാശവും, നക്ഷത്രങ്ങളും, മുള്ളുള്ള ശമീ വൃക്ഷങ്ങളും, ഭൂത - പ്രേത - പിശാചുക്കളും, കുറുനരി - സിംഹം തുടങ്ങിയ മാംസഭുക്കുകൾ, വേദങ്ങളിൽ നാലാം വേദമായ അഥർവ്വവും, ജാതികളിൽ ക്ഷത്രിയർക്കു തൊട്ടു താഴെയുള്ള വൈശ്യ - ശൂദ്ര - കീഴാള ജാതിക്കാരും - മ്ളേച്ഛരും, അർദ്ധരാത്രിയും, നീച സർപ്പങ്ങളും കർണ്ണനോട് ചേർന്നു നിന്നു.

ആദ്യമായി അർജ്ജുനൻ ഗാണ്ഡീവവും കൈകളും തുടച്ചു കര്ണ്ണനു നേരെ നാരാചം, നാളീകം, വരാഹ കർണ്ണം, അർദ്ധചന്ദ്രം, ക്ഷുരപ്രം, അഞ്ജലികം തുടങ്ങിയ അസ്ത്രങ്ങളയച്ചു. കർണ്ണൻ ഈ അസ്ത്രങ്ങളെയൊക്കെ അടക്കിയപ്പോൾ, അർജ്ജുനൻ ആഗ്നേയാസ്ത്രം പ്രയോഗിക്കുന്നു . ഈ ആഗ്നേയാസ്ത്രത്തിനു നേരെ കർണ്ണൻ വരുണാസ്ത്രം പ്രയോഗിച്ചു തീയണച്ചു. തുടർന്ന്, വായവ്യാസ്ത്രത്താൽ കർണ്ണൻ സൃഷ്ടിച്ച മേഘജാലങ്ങളെ തകർത്ത അർജ്ജുനൻ , മഹേന്ദ്രാസ്ത്രം പ്രയോഗിച്ചു, ശത്രുനിരയെ കൂട്ടക്കൊല ചെയ്തു. കർണ്ണൻ അർജ്ജുനന്റെ അസ്ത്രങ്ങളെയെല്ലാം തടുത്തു ഭാർഗ്ഗവാസ്ത്രത്തിന്റെ ശക്തിയാൽ എതിർ പക്ഷത്തു വലുതായ നാശനഷ്ടങ്ങൾ വരുത്തി. അർജ്ജുനനെ സംരക്ഷിച്ചു നിന്നിരുന്ന സോമകന്മാരെല്ലാം ചത്തൊടുങ്ങി. ആ സമയത്തു കൗരവ സൈന്യം "കർണ്ണൻ ജയിച്ചു, കർണ്ണൻ ജയിച്ചു" എന്ന് ആർത്തു വിളിക്കുവാൻ തുടങ്ങി. കർണ്ണന്റെ വിജയം കണ്ടു, ഭീമസേനൻ കോപത്തോടെ അർജ്ജുനനോട് പറഞ്ഞു. "നിന്റെ മുന്നിലിട്ട് സോമകരെ കർണ്ണൻ കൊന്നത് കണ്ടില്ലേ ? ഇനി മടിക്കരുത്. അവനെ വധിക്കുക." തുടർന്ന് കൃഷ്ണനും ഇതുപോലെ തന്നെ അർജുനനെ ഉപദേശിച്ചു. ഇതുകേട്ടുണർന്ന അർജ്ജുനൻ, അനേകമനേകം ദിവ്യാസ്ത്രങ്ങൾ പ്രയോഗിച്ചു, കൗരവസേനയെ ക്ഷോഭിപ്പിച്ചു. കർണ്ണന്റെ സൈന്യം ഓടാൻ തുടങ്ങി. കർണ്ണന്റെ രഥം തകർന്നു പൊളിയുന്നു. ദേഹമാസകലം മുറിവേറ്റെങ്കിലും ഭയങ്കരമായ അസ്ത്രങ്ങൾ പ്രയോഗിച്ചു കർണ്ണൻ അർജ്ജുനന്റെ അസ്ത്രങ്ങളെ തടയുകയും, പാണ്ഡവ സൈന്യത്തെയും പരവശമാക്കുകയും ചെയ്തു. അർജ്ജുനനും വിട്ടു കൊടുത്തില്ല. കർണ്ണനെ വീണ്ടും ദിവ്യാസ്ത്രങ്ങൾ കൊണ്ട് പ്രഹരിച്ചു. ഇത്തരത്തിൽ തുല്യനിലയിൽ യുദ്ധം പുരോഗമിച്ചു കൊണ്ടിരുന്നു.

യുദ്ധത്തിലെ ഒരു ഘട്ടത്തിൽ അർജ്ജുനനോളം ഉയരുവാൻ സാധിക്കാതെ വന്നപ്പോൾ കർണ്ണൻ, അർജ്ജുനനെ കൊല്ലുവാനായി ഒറ്റയ്ക്കുള്ള അസ്ത്രങ്ങളിൽ ഭയാനകമായ ഉരഗാസ്യാ എന്ന സർപ്പമുഖബാണം കയ്യിലെടുത്തു. ആ അസ്ത്രത്തിൽ നാഗാസ്ത്രമന്ത്രം ജപിച്ചപ്പോൾ അർജ്ജുനന്റെ പൂർവ്വശത്രുവായ അശ്വസേനനാഗമാണ് പ്രകടമായത്. ഖാണ്ഡവ ദാഹത്തിൽ തന്റെ മാതാവിനെ വധിച്ച അർജ്ജുനനോട് അശ്വസേനന് തീരാത്ത പകയുണ്ടായിരുന്നു. കർണ്ണന്റെ അസ്ത്രത്തോടൊപ്പം നാഗവും അർജ്ജുനന്റെ കഴുത്തറുക്കാനായി പാഞ്ഞു കയറി. നാഗാസ്ത്രം പ്രയോഗിച്ചപ്പോൾ ദിക്കൊക്കെയും ശോഭിച്ചു. വാനത്തിൽ കൊള്ളിമീൻ പോലെ എരിഞ്ഞുകൊണ്ട് കർണ്ണന്റെ നാഗാസ്ത്രം മുന്നേറി. അസ്ത്രത്തിന്റെ തീക്ഷ്ണത കണ്ട് "അർജ്ജുനാ നീ മരിച്ചു കഴിഞ്ഞു "എന്ന് കർണ്ണൻ വെമ്പലോടെ പറഞ്ഞുപോയി. എന്നാൽ ഭഗവാൻ കൃഷ്ണൻ സമയോചിതമായി പ്രവർത്തിച്ചു. ഭയാനകമായ നാഗാസ്ത്രം വരുന്നതുകൊണ്ട് ഭഗവാൻ കൃഷ്ണൻ അർജ്ജുനന്റെ തേർത്തട്ടിനെ നാലംഗുലം ചവുട്ടി താഴ്ത്തിക്കളഞ്ഞു. കുതിരകൾ മുട്ടുകുത്തുകയും പാഞ്ഞുവന്ന നാഗാസ്ത്രം അർജ്ജുനന്റെ കിരീടത്തെ തകർത്തുകൊണ്ട് കടന്നുപോകുകയും ചെയ്തു. ദേവേന്ദ്രൻ അണിയിച്ച ഈ കിരീടത്തിന്റെ മഹത്ത്വത്താലാണ് അർജ്ജുനന് കിരീടി എന്ന് പേരുണ്ടായത്. ദിവ്യാസ്ത്രങ്ങൾക്കു പോലും അപ്രതിരോധ്യമായ ആ കിരീടത്തെ കർണ്ണന്റെ സർപ്പമുഖബാണം തകർത്തുകളഞ്ഞു. കിരീടം കത്തിക്കരിഞ്ഞു പൊടിയായി നിലംപതിച്ചു. അതിനു ശേഷം അശ്വസേന നാഗം കിരീടം വീണ സ്ഥാനത്തുനിന്നും ഉയർന്നുവന്നു കർണ്ണനോട് തന്നെ വീണ്ടും ഒരസ്ത്രത്തോടൊപ്പം അയയ്ക്കുവാനും കര്ണ്ണന് വേണ്ടി താൻ അർജ്ജുനനെ വധിക്കുമെന്നും അറിയിച്ചു. എന്നാൽ കർണ്ണൻ അത് സ്വീകരിക്കുകയുണ്ടായില്ല. തുടർന്ന് അർജ്ജുനനെ വധിക്കുവാനായി സ്വയം അസ്ത്രരൂപമെടുത്തു കുതിച്ചു പാഞ്ഞ നാഗത്തെ കൃഷ്ണൻ അർജ്ജുനനു കാണിച്ചു കൊടുക്കുകയും ആറ് മഹാസ്ത്രങ്ങളാൽ അർജ്ജുനൻ ആ നാഗത്തെ കഷ്ണങ്ങളായി നുറുക്കുകയും ചെയ്തു. കർണൻ അയച്ച നാഗസ്ത്രം ഒഴിവാക്കാൻ കൃഷ്ണൻ രഥം താഴ്ത്തിയതോടെ അർജ്ജുനന്റെ തേര് ഊരി ഭാഗം ചെരിഞ്ഞ അവസ്ഥയിൽ ആയിരുന്നു എന്നിട്ടും അർജ്ജുനൻ കുലുങ്ങാതെ യുദ്ധം തുടർന്നു. ആ യുദ്ധത്തിൽ അർജ്ജുനൻ കർണ്ണന്റെ കിരീടവും പടച്ചട്ടയും തകർത്തു. കർണ്ണനെ വധിക്കാൻ അർജ്ജുനൻ ഘോരമായ രൗദ്രസ്ത്രം ആവാഹിച്ചു അയക്കാൻ തുടങ്ങിയപ്പോൾ കർണ്ണന്റെ രഥം ഭൂമിയിൽ താഴ്ന്നു.പണ്ട് കിട്ടിയ ബ്രാഹ്മണശാപത്താൽ കർണ്ണന്റെ തേരിന്റെ ഇടത്തേചക്രം ഭൂമിയിൽ താണുപോയി. തേര് ഇളകുകയുണ്ടായില്ല. കൂടാതെ പരശുരാമന്റെ ശാപത്താൽ ബ്രഹ്മാസ്ത്രം വേണ്ടവിധം തോന്നുകയുണ്ടായില്ല. കർണ്ണൻ ആകപ്പാടെ പരിഭ്രമിച്ചു നടുങ്ങിപ്പോയി. തന്റെ വധകാലം അടുത്തെന്നോർത്തു അദ്ദേഹം സഹിക്കാനാകാതെ ധർമ്മത്തെ അധിക്ഷേപിച്ചു. തുടർന്ന് അർജ്ജുനന്റെ അസ്ത്രങ്ങളേറ്റുകൊണ്ടു തേരിൽ നിന്നും ചാടിയിറങ്ങിയ കർണ്ണൻ തന്റെ രണ്ടു കൈകൾ കൊണ്ടു രഥചക്രത്തെ പിടിച്ചു പൊക്കിനോക്കി. ഫലമുണ്ടായില്ല. രഥചക്രം അണുമാത്രം പോലുമിളകിയില്ല. ആ തത്രപ്പാടിൽ കർണ്ണൻ ദിവ്യമായ തന്റെ രഥചക്രങ്ങളെ വലിക്കവേ ഭൂമണ്ഡലത്തെയാകെ നാലംഗുലം വലിച്ചുയർത്തിക്കളഞ്ഞു. എന്നിട്ടും രഥചക്രം ഇളകിയില്ല. തുടർന്ന് അയാൾ കൃഷ്ണനും അർജ്ജുനനും നേരെ അസ്ത്രവര്ഷം ചെയ്തു തുടങ്ങി. വീണ്ടും കർണ്ണൻ പൂർവ്വാധികം ശക്തിയോടെ യുദ്ധം തുടർന്നു. പിന്നീട് നടന്ന സംഭവങ്ങളെ വ്യാസമുനി ഇങ്ങനെ വർണ്ണിക്കുന്നു.

അസ്ത്രൈരസ്ത്രാണിരാധേയ പ്രത്യഹന്സവ്യസാചിന
ചക്രേ ചാഭ്യാധികം പാർത്ഥസ്ത്വ വീര്യം പ്രതി ദർശയൻ(56)
തതഃ കൃഷ്ണോർജ്ജുനം ദൃഷ്ട്വാ കർണ്ണാസ്ത്രേണാഭിപീഡിതം
അഭ്യസ്യേത്യബ്രവീത് പാർത്ഥമാധിഷ്ഠാസ്ത്രമനുത്തമം(57)
[BORI Critical Edition പ്രകാരം കർണ്ണപർവ്വം , അദ്ധ്യായം 66 , ശ്ളോകങ്ങൾ 56 , 57 ]

(ഭാഷാ അർത്ഥം) സവ്യസാചിയായ അർജ്ജുനന്റെ അസ്ത്രങ്ങളെ തന്റെ അസ്ത്രങ്ങൾ കൊണ്ട് അടക്കി അർജ്ജുനനെക്കാൾ മേലെയാണ് തന്റെ വീര്യമെന്നു കർണ്ണൻ കാണിച്ചു . കർണ്ണന്റെ അസ്ത്രങ്ങളാൽ പീഡിതനായ അർജ്ജുനനെ കണ്ടിട്ട് (കൃഷ്ണോർജ്ജുനം ദൃഷ്ട്വാ കർണ്ണാസ്ത്രേണാഭിപീഡിതം); അർജ്ജുനനോട് ഉത്തമമായ ഏതെങ്കിലും അസ്ത്രമെടുത്തു പ്രയോഗിക്കാൻ കൃഷ്ണൻ ആവശ്യപ്പെടുന്നു.

ഉത്തമാസ്ത്രങ്ങളിൽ ഏതെങ്കിലും കൊണ്ട് കർണ്ണനെ വധിക്കുവാൻ കൃഷ്ണൻ അർജ്ജുനനോട് ആവശ്യപ്പെട്ടു. അതുകേട്ടു അർജ്ജുനൻ ഭയാനകമായ രൗദ്രാസ്ത്രം ജപിച്ചുവിടാൻ തുടങ്ങവേ കർണ്ണന്റെ തേർചക്രം വീണ്ടും കുറേക്കൂടി താണു പോയി . അതുകണ്ടു അർജ്ജുനൻ ആ അസ്ത്രം കര്ണ്ണന് നേരെ പ്രയോഗിച്ചില്ല. തുടർന്ന് കലങ്ങിയ കണ്ണുകളോടെ കർണ്ണൻ അർജ്ജുനനോട് താൻ തേർചക്രം ഉയർത്തുന്നതുവരെ തന്റെ മേല് ബാണം പ്രയോഗിക്കരുതെന്നും, ധർമ്മത്തെയോർത്തു അർജ്ജുനൻ കുറച്ചു ക്ഷമിക്കണമെന്നും കെഞ്ചി. എന്നാൽ കൃഷ്ണൻ അതിനു ചുട്ട മറുപടി നൽകി. " ധർമ്മത്തെക്കുറിച്ചു പറയാൻ കർണ്ണനെന്തവകാശം? കൃഷ്ണയെ സഭയിലിട്ടു വസ്ത്രാക്ഷേപം ചെയ്തപ്പോഴും, ശകുനിയോടൊപ്പം ചതിച്ചൂതു നടത്തിയപ്പോഴും കർണ്ണന്റെ ധർമ്മം എവിടെപ്പോയിരുന്നു, പതിമൂന്നുവര്ഷം കഴിഞ്ഞു പാണ്ഡവർ തിരികെ വന്നപ്പോൾ അവർക്കുള്ള രാജ്യം കൊടുക്കാൻ നീ വിസമ്മതിച്ചിലേ, അന്നൊക്കെ നിന്റെ ധർമ്മം എവിടെപ്പോയിരുന്നു? അപ്പോഴൊന്നുമില്ലാത്ത ധർമ്മത്തിന് വേണ്ടി ഇപ്പോഴെന്തിനാണ് വ്യര്ഥമായി പുലമ്പുന്നത്? എന്തായാലും നിന്നെ വിടുകയില്ല" കൃഷ്ണൻ പറഞ്ഞു. കർണ്ണൻ അതുകേട്ടു ലജ്ജിച്ചു തലകുനിച്ചു നിന്നുപോയി. തുടർന്നു ലജ്ജിതനായ കർണ്ണൻ വീണ്ടും യുദ്ധമാരംഭിച്ചു. അർജ്ജുനന്റെ വായവ്യസ്ത്രം കര്ണ്ണന് തടുക്കാൻ സാധിച്ചില്ല. തീക്ഷ്ണമായ ഒരസ്ത്രത്താൽ അദ്ദേഹം കർണ്ണന്റെ ആനച്ചങ്ങല ചിഹ്നത്തോട് കൂടിയ ധ്വജത്തെ അറുത്തു വീഴ്ത്തി. അതോടെ കർണ്ണന്റെ യശസ്സ് തീർന്നു. കർണ്ണ വധം ഉറപ്പാക്കാനായി അർജ്ജുന യമദണ്ഡം പോലെ ഭയങ്കരവും, വജ്രം പോലെ ശോഭിക്കുന്നതും നാരായണാസ്ത്രം പോലെ ഭയങ്കരവും ആയ ആഞ്ജലികം എന്ന അസ്ത്രത്തെ വില്ലിൽ ചേർത്തു. അപ്പോൾ മഹർഷിമാരും ദേവന്മാരും ലോകത്തിനു "സ്വസ്തി,സ്വസ്തി" എന്ന് ആശംസിച്ചു. "ഞാൻ ചെയ്ത തപസ്സിനു ഫലമുണ്ടെങ്കിൽ, ഗുരുപ്രസാദം എന്നലുണ്ടെങ്കിൽ ഞാൻ പൂജിക്കുന്ന ഈ ശരം കർണ്ണനെ വധിക്കും "- എന്ന് പറഞ്ഞുകൊണ്ട് അർജ്ജുനൻ അസ്ത്രം പ്രയോഗിച്ചു. ആ അസ്ത്രം കർണ്ണന്റെ ശിരസ്സറുത്തു വീഴ്ത്തി. മരിച്ചുവീണ കർണ്ണന്റെ ശരീരത്തിൽ നിന്നും തീക്ഷ്ണമായ ഒരു തേജസ്സുയർന്നു സൂര്യദേവനിൽ പോയി ലയിക്കുന്നതു സകലരും അത്ഭുതത്തോടെ കണ്ടുനിന്നു. [1] [2]

വിരാടയുദ്ധം

[തിരുത്തുക]

പാണ്ഡവർ വിരാടരാജധാനിയിൽ അജ്ഞാതവാസം അനുഷ്ഠിച്ചിരുന്നു സമയത്തു അവിടത്തെ പ്രധാന സേനാധിപതിയായിരുന്ന കീചകനെ വേഷപ്രച്ഛന്നനായി ഭീമസേനൻ വധിക്കുകയുണ്ടായി . വിരാടരാജാവ് കീചകന്റെ ബലത്താൽ പലപ്പോഴും ത്രിഗർത്തത്തിലെ രാജാവായ സുശർമ്മാവിനെ ആക്രമിക്കാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ സേനാധിപതിയായ കീചകൻ കൊല്ലപ്പെട്ടു ദുർബലനായിരിക്കുന്ന വിരാടനെ ആക്രമിക്കാനും അദ്ദേഹത്തിൻറെ ഗോശാലയിൽ കടന്നുകയറി ഗോക്കളെ അപഹരിക്കാനും ത്രിഗർത്തന് ആഗ്രഹം തോന്നി. അദ്ദേഹം ഈ ആഗ്രഹം ചക്രവർത്തിയായ ദുര്യോധനനെ അറിയിക്കുകയും ദുര്യോധനനും കർണ്ണനും മറ്റു കൗരവരും അത് അംഗീകരിക്കുകയും ചെയ്തു. തുടർന്ന് ഭീഷ്മരും ദ്രോണരും കർണ്ണനും ശല്യരുമൊക്കെയടങ്ങിയ തന്റെ മഹാസൈന്യത്തെ ദുര്യോധനൻ ഒരുക്കി നിറുത്തുകയും, സുശർമ്മാവിനോട് വിരാടത്തെ ആക്രമിക്കുവാൻ അനുവാദം കൊടുക്കുകയും ചെയ്തു. ആദ്യമായി തന്റെ സൈന്യത്തെ രണ്ടായി പകുത്തു ഒരു ഭാഗം സുശർമ്മാവിന് സഹായത്തിനായി കൂടെ അയയ്ക്കുകയും, ഭീഷ്മരും ദ്രോണരും കർണ്ണനും മറ്റു വില്ലാളി വീരന്മാരുമൊക്കെ അടങ്ങിയ മഹാസൈന്യത്തെ തന്റെ മേല്നോട്ടത്തിലാക്കി സുശർമ്മാവിനെ അനുഗമിച്ചുകൊണ്ടു ദുര്യോധനനും വിരാടത്തേക്കു പടയോട്ടം നടത്തി. ആദ്യമായി സുശർമ്മാവാണ് വിരാടത്തെ ആക്രമിച്ചത്. വിരാടരാജാവുമായി സുശര്മ്മാവ് നടത്തിയ യുദ്ധത്തിൽ വിരാടനെ തോൽപ്പിച്ചു ബന്ധനസ്ഥനാക്കിയെങ്കിലും, വേഷപ്രച്ഛന്നരായ പഞ്ചപാണ്ഡവർ ഉടനെ തന്നെ വിരാടന്റെ സഹായത്തിനെത്തുകയും സുശർമ്മാവിനെ തോൽപ്പിച്ചു ബന്ധിച്ചു വിരാടന്റെ കാൽക്കലിടുകയും ചെയ്തു. തുടർന്ന് വിരാടൻ വലിയൊരു ജയാഘോഷം നടത്തി.

ആ സമയത്താണ് മന്ത്രിമാരും ഭീഷ്മദ്രോണകർണ്ണാദികളടങ്ങിയ മഹാസേനയുമായി ദുര്യോധനന്റെ വരവ്. വന്നപാടെ അവരെല്ലാം വിരാടന്റെ ഗോശാലകളെ നശിപ്പിക്കുകയും ഗോക്കളെ അപഹരിക്കുകയും ചെയ്തു. ഗോരക്ഷകർ കരഞ്ഞുകൊണ്ട് രാജധാനിയിൽ പോയി വിവരമറിയിച്ചു. ആ സമയത്തു വിരാടന്റെ ഇളയസന്തതിയായ ഉത്തരരാജകുമാരനാണ് അവിടെയുണ്ടായിരുന്നത്. അദ്ദേഹം പരാതി കേൾക്കുകയും ഉടനെ തന്നെ താൻ പോയി കൗരവരെ തോൽപ്പിച്ച് ഗോക്കളെയെല്ലാം വീണ്ടെടുക്കുമെന്നു സ്ത്രീജനങ്ങളുടെ മുന്നിൽ വച്ച് പ്രതിജ്ഞ ചെയ്യുകയും ചെയ്തു. ജനങ്ങളെല്ലാം ഉത്തരന്റെ ധീരതയെ പ്രശംസിച്ചു. തുടർന്ന് തനിക്കു അനുയോജ്യനായ ഒരു സാരഥിയില്ലെന്നും അതുണ്ടായിരുന്നെങ്കിൽ താൻ നിഷ്പ്രയാസം യുദ്ധം ജയിക്കുമെന്നും ഉത്തരൻ വീമ്പിളക്കി. ആ സമയത്തു വേഷപ്രച്ഛന്നയായ സൈരന്ധ്രി എന്ന ദ്രൗപദി ഉത്തരനോട് ബൃഹന്നള മുൻപ് അർജ്ജുനന്റെ സാരഥിയായിരുനെന്നും അദ്ദേഹത്തിൻറെ സാരഥ്യത്തിൽ അർജ്ജുനൻ ധാരാളം യുദ്ധങ്ങൾ ജയിച്ചിട്ടുണ്ടെന്നും ഉത്തരനോട് പറഞ്ഞു. ബൃഹന്നള വാസ്തവത്തിൽ അർജ്ജുനന്റെ പ്രച്ഛന്നരൂപമായിരുന്നു. ഭീഷ്മദ്രോണാദികളും കർണ്ണാശ്വത്ഥാമാക്കളുമടങ്ങിയ മഹാസൈന്യത്തെ ജയിക്കുവാൻ അർജ്ജുനനു മാത്രമേ സാധിക്കൂവെന്നും ദ്രൗപദിക്കറിയാമായിരുന്നു. അതുകൊണ്ടാണ് അവൾ അങ്ങനെ പറഞ്ഞത്. ഇതുകേട്ട ഉത്തരൻ ബൃഹന്നളയെ തേരാളിയാക്കി യുദ്ധത്തിന് പുറപ്പെട്ടു.

യുദ്ധക്കളത്തിലെത്തിയ ഉത്തരൻ കണ്ടത് ഘോരമായ കൗരവസൈന്യത്തെയാണ്. ആ സൈന്യത്തെ കണ്ടു ഭയന്നുപോയ യുവാവ് പേടിച്ചോടുവാൻ തുടങ്ങി. അപ്പോൾ ബൃഹന്നള ഉത്തരന്റെ പിറകേയോടി ആ കുമാരനെ പിടിച്ചു തേരിലിട്ടിട്ടു, താൻ അർജ്ജുനൻ ആണെന്നും ഭയങ്കരമായ ഈ സേനയെ താൻ ഉത്തരന് വേണ്ടി ജയിക്കാമെന്നും ഉറപ്പുകൊടുത്തു. അതിനു ശേഷം പാണ്ഡവർ ആരൊക്കെയാണെന്നും എങ്ങനെയാണ് അവരെല്ലാം വിരാടന്റെ രാജധാനിയിൽ ഒളിവിൽ താമസിക്കുന്നതെന്നും അർജ്ജുനൻ ഉത്തരനെ ബോധ്യപ്പെടുത്തി. തുടർന്ന് തന്റെ വിശ്വവിഖ്യാതമായ പത്തുപേരുകളും അർജ്ജുനൻ ഉത്തരന് ചൊല്ലിക്കൊടുത്തു. അർജ്ജുനനെ നേരിട്ടുകണ്ട ഉത്തരന് വലിയ അത്ഭുതവും ഭക്തിയുമുണ്ടായി. അദ്ദേഹം അർജ്ജുനന്റെ കാൽക്കൽ വീണു നമസ്ക്കരിക്കുകയും എന്തെങ്കിലും അപരാധം താനോ തന്റെ പിതാവോ ചെയ്തിട്ടുണ്ടെങ്കിൽ മാപ്പു തരണമെന്നും അറിയിച്ചു. അർജ്ജുനൻ ഉത്തരനെ ആശ്വസിപ്പിച്ചു. തുടർന്ന് അടുത്തുള്ള ഒരു ശമീവൃക്ഷത്തിൽ ഒളിപ്പിച്ചു വച്ചിരുന്ന പാണ്ഡവരുടെ ആയുധഭാണ്ഡം ഉത്തരനെക്കൊണ്ടുതന്നെ താഴെയിറക്കിക്കുകയും, അതിൽ നിന്നും ഗാണ്ഡീവചാപവും അമ്പൊടുങ്ങാത്ത ആവനാഴിയും വാനരധ്വജവും, ദേവദത്തമെന്ന ശംഖവും എടുത്തുകൊണ്ട് അർജ്ജുനൻ പോർക്കളത്തിലെത്തി. തുടർന്ന് ഉത്തരനെ തേരാളിയാക്കി നടത്തിയ ഘോരയുദ്ധത്തിൽ കൗരവസേനയെ നിശ്ശേഷം അർജ്ജുനൻ തോൽപ്പിച്ചോടിച്ചു. ഭീഷ്മരും കർണ്ണനും ദ്രോണരും അശ്വത്ഥാമാവുമൊക്കെ സംയുക്തമായി എതിർത്തിട്ടും ഫലമുണ്ടായില്ല. കൗരവപക്ഷത്തുള്ള എല്ലാ മഹാരഥികളും ഏകനായി പൊരുതിയ അർജ്ജുനനോട് പരാജയപ്പെട്ടു. ഭീഷ്മരും ദ്രോണരും കർണ്ണനുമൊക്കെ പരാജയപ്പെട്ടു പിന്മാറി. അർജ്ജുനൻ തന്റെ വിക്രമത്താൽ കുരുക്കളെ മുഴുവനും പരാജിതരാക്കിയ ശേഷം സമ്മോഹനാസ്ത്രത്തിന്റെ പ്രയോഗത്താൽ കൗരവരെ ഒന്നടങ്കം മോഹിപ്പിച്ചു വീഴ്ത്തുകയും ചെയ്തു.

തുടർന്ന് കൗരവസേന അപഹരിച്ച ഗോക്കളെ സ്വന്ത്രരാക്കുകയും മോഹാലസ്യപ്പെട്ടു കിടക്കുന്ന കൗരവയോദ്ധാക്കളുടെ വസ്ത്രങ്ങളെല്ലാം അഴിച്ചെടുത്തു തേരിൽ വയ്ക്കുകയും ചെയ്തു. ധർമ്മിഷ്ഠനായ അർജ്ജുനൻ മോഹാലസ്യപ്പെട്ടു കിടന്നിരുന്ന ആരെയും വധിക്കുകയുണ്ടായില്ല. വസ്ത്രങ്ങൾ കൈവശപ്പെടുത്തിയത് താൻ പുത്രിക്കുതുല്യം സ്നേഹിച്ചിരുന്ന ഉത്തരരാജകുമാരിക്കുവേണ്ടിയായിരുന്നു. ഇത്തരത്തിൽ കൗരവരെ ജയിച്ചു ഗോക്കളെ വീണ്ടെടുത്ത് അർജ്ജുനനും ഉത്തരനും പഴയതുപോലെ വേഷം മാറി, അസ്ത്രശസ്ത്രങ്ങളൊക്കെ ഒളിപ്പിച്ചു വച്ചിട്ട് തേരോടിച്ചു വിരാടത്തിലേക്കു യാത്രയായി .[മഹാഭാരതം വിരാടപർവ്വം അദ്ധ്യായങ്ങൾ 25 മുതൽ 67 വരെ, ഗോഹരണ-ഉപപർവ്വം]

അർജ്ജുനരഥം അഗ്നിക്കിരയായാകുന്നു

[തിരുത്തുക]

[മഹാഭാരതം ശല്യപർവ്വം , ഗദായുദ്ധപർവ്വം,BORI Critical Edition Mahabharatham-പ്രകാരം , അദ്ധ്യായം 61]

യുദ്ധശേഷം ദുര്യോധനനെ വീഴ്ത്തിയിട്ട്, വിജയം ഘോഷിക്കാനായി കുരുരാജാവിന്റെ ശിബിരത്തിനകത്തു കടന്ന പാണ്ഡവർ തേരിൽ നിന്നിറങ്ങി. അപ്പോൾ നിത്യവും പാണ്ഡവരുടെ ഹിതകാംക്ഷിയായ കൃഷ്ണൻ അർജ്ജുനനോട് പറഞ്ഞു. "ഹേ അർജ്ജുനാ,ഗാണ്ഡീവവും അക്ഷയമായ ആവനാഴിയും ഇറക്കുക. പിന്നെ ഞാനും ഇറങ്ങുന്നതാണ്. നീയും ഇറങ്ങുക. അതാണ് ശ്രേയസ്കരം". കൃഷ്ണൻ പറഞ്ഞതുപോലെ അർജ്ജുനൻ പ്രവർത്തിച്ചു. പിന്നീട് കൃഷ്ണൻ കുതിരകളുടെ കടിഞ്ഞാണ് വിട്ടു ഗാണ്ഡിവിയുടെ തേരിൽ നിന്നുമിറങ്ങി. പിന്നീട് നടന്ന സംഭവങ്ങളെ വ്യാസമുനി ഇങ്ങനെ വർണ്ണിക്കുന്നു.

അഥാവതീർണ്ണേ ഭൂതാനാമീശ്വരേ സുമഹാത്മനി
കപിരന്തർദ്ധേ ദിവ്യോ ധ്വജോ ഗാണ്ടീവധന്വന (12)
സ ദഗ്ദ്ധോ ദ്രോണ കർണ്ണാഭ്യാം ദിവ്യൈരസ്ത്രൈർ മഹാരഥ:
അഥ ദീപ്‌തോരഗ്നിനാ ഹ്യാശു പ്രജ്വല മഹീപതേ(13)
[മഹാഭാരതം ശല്യപർവ്വം , ഗദായുദ്ധപർവ്വം,BORI Critical Edition Mahabharatham-പ്രകാരം , അദ്ധ്യായം 61; ശ്ളോകങ്ങൾ 12,13 ]

(ഭാഷാ അർത്ഥം) "മഹാത്മാവായ ആ സർവ്വഭൂതേശ്വരൻ [കൃഷ്ണൻ] ഇറങ്ങിയപ്പോൾ, ഗാണ്ഡീവധന്വാവിന്റെ ദിവ്യമായ കപിധ്വജം മറഞ്ഞു. അപ്പോൾ മഹാരഥന്മാരായ ദ്രോണകർണ്ണന്മാരുടെ (ദ്രോണ കർണ്ണാഭ്യാം) ദിവ്യാസ്ത്രമേറ്റു ചുട്ട ആ രഥം, അതിൽ ലീനമായ ദീപ്തമായ അഗ്നിയാൽ കത്തിയെരിഞ്ഞു ചാരമായി രാജാവേ". ഇവിടെ ദിവ്യദൃഷ്ടിയായ സഞ്ജയൻ ധൃതരാഷ്ട്ര മഹാരാജാവിനു അർജ്ജുനന്റെ രഥത്തിന്റെ അവസ്ഥ വിവരിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്.

സർവ്വഭൂതങ്ങൾക്കും ഈശ്വരനായ കൃഷ്ണൻ രഥത്തിൽ നിന്നും ഇറങ്ങിയപ്പോൾ, അർജ്ജുനന്റെ കപിധ്വജം മായുകയും, രഥം അഗ്നിക്ക് ഇറയാകുകയും ചെയ്തു. അര്ജ്ജുനന് ഇത് മനസ്സിലായിരുന്നില്ല. രഥം കത്തിയത് കണ്ടു അർജ്ജുനൻ അതിന്റെ കാരണം ഭഗവാൻ കൃഷ്ണനോട് ആരായുന്നതും, കൃഷ്ണന്റെ മറുപടിയുമാണ് അടുത്ത രംഗം.

കൃഷണൻ പറഞ്ഞു; ഈ രഥം ശത്രുക്കൾ അയച്ച അനേകം ദിവ്യാസ്ത്രങ്ങള് ഏറ്റു നേരത്തെ കത്തിക്കരിഞ്ഞു പോയിരുന്നു. ഞാൻ ഇരുന്നതുകൊണ്ടും അതിന്റെ ആവശ്യം കഴിഞ്ഞ കൊണ്ടും ആണ് അത് തകര്ന്നു തരിപ്പണമാകാതിരുന്നത്. ഞാൻ അത് ഉപേഷിച്ചപ്പോൾ അത് കരിഞ്ഞു ചാമ്പലായി .

ധര്മ്മപുത്രനെ അഭിമാനത്തോടെ തഴുകിക്കൊണ്ട് ഭഗവാൻ തുടർന്ന് പറഞ്ഞു . "ഉപപ്ളാവ്യത്തില് വച്ച്, അങ്ങ് എന്നോട് അപേഷിച്ച മാതിരി, ഞാൻ നിങ്ങളെയൊക്കെ രക്ഷിച്ചിരിക്കുന്നു ".

തുടർന്ന് യുധിഷ്ഠിരൻ രോമാഞ്ചത്തോടെ പറഞ്ഞു. " ദ്രോണരും കർണ്ണനും അയച്ച ബ്രഹ്മാസ്ത്രം കൃഷ്ണനല്ലാതെ ആര്ക്കും തടുക്കുവാൻ സാധിക്കുകയില്ല. സംശപ്തകപ്പടയെ ജയിച്ചതും മറ്റാരുടെയും കഴിവ് കൊണ്ടല്ല. ഭാരതയുദ്ധത്തില് അര്ജുനൻ പിന്തിരിയാതിരുന്നതും ജനാര്ദ്ദനന്റെ അനുഗ്രഹം കൊണ്ട് തന്നെയാണ്. അതുപോലെ അങ്ങയുടെ മഹത്ത്വങ്ങൾ ഞാൻ പലതും ഓര്ക്കുന്നു. കര്മ്മങ്ങളുടെ ഫലവും തേജസ്സിന്റെ ഗതിയും ശുഭം തന്നെയാണ്. വ്യാസമുനി ഉപപ്ളാവ്യത്തില് വച്ച് "ധര്മ്മം എവിടെയുണ്ടോ അവിടെ കൃഷ്ണനുമുണ്ട്. കൃഷ്ണൻ എവിടെയുണ്ടോ, അവിടെ ജയവും ഉണ്ട് എന്ന് എന്നോട് പറഞ്ഞിരുന്നു".

അർജ്ജുനനും കൊള്ളക്കാരും

[തിരുത്തുക]

ശ്രീകൃഷ്ണഭഗവാന്റെ ദ്വാരക കടലിൽ മുങ്ങുന്ന സമയത്ത് അദ്ദേഹം പറഞ്ഞയച്ച ദാരുകൻ ഹസ്തിനപുരത്തിൽ എത്തി കൃഷ്ണ സന്ദേശം അർജ്ജുനനെ അറിയിച്ചു.ദ്വാരകയിൽ കൃഷ്ണന്റെ പ്രതിനിധിയായി എത്തി അവിടത്തെ അന്തേവാസികളെയും കൂട്ടിക്കൊണ്ടു അർജ്ജുനൻ ഹസ്തിനപുരിയിലേക്ക് യാത്രയായി. അവർ പിന്നിടുന്ന വഴികളെല്ലാം സമുദ്രം വിഴുങ്ങിക്കൊണ്ടിരുന്നു. വൃഷ്ണ്യാന്ധകർ അർജ്ജുനനോടൊപ്പം ദ്രുതത്തിൽ വാഹനങ്ങളിൽ പാഞ്ഞു. അങ്ങനെ ആ ജനസമൂഹം വിശാലമായ പഞ്ചനദ പ്രദേശത്തെത്തി. മൃഗങ്ങളെയും മറ്റും സ്വതന്ത്രരാക്കി മഹാധനങ്ങൾ നിറഞ്ഞ ഭാണ്ഡക്കെട്ടുകളെല്ലാം ഇറക്കിവച്ചിട്ടു അവർ സുന്ദരമായ ആ പ്രദേശത്തു വിശ്രമിച്ചു. എന്നാൽ ആ പ്രദേശത്തു താമസിച്ചിരുന്ന നീചന്മാരായ ദസ്യുക്കൽ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇടയന്മാരായ അവർ വളരെയേറെ ധനവും സുന്ദരികളായ സ്ത്രീകളുമുള്ള ആ മഹാസംഘത്തെ നയിക്കാൻ അർജ്ജുനൻ മാത്രമേയുള്ളൂവെന്നു കണ്ട് സംഘം ചേർന്ന് ഒരു ഗൂഢാലോചന നടത്തി. അവർ ഒത്തുചേർന്നു മുളവടികളുമായി അർജ്ജുനനും സംഘത്തിനും നേരെ ചാടിവീണു. ആക്രമണത്തിൽ നിന്ന് അവരെ രക്ഷിക്കാൻ ശ്രമിച്ച അർജ്ജുനൻ ഗാണ്ഡീവമെടുത്ത് കുലയേറ്റാൻ തുടങ്ങി .പക്ഷെ മുൻപെന്നപോലെ ഗാണ്ഡീവം കുലയേറ്റാൻ അർജ്ജുനന് സാധിച്ചില്ല. വളരെയേറെ ആയാസപ്പെട്ട് ഒരുവിധം ഗാണ്ഡീവത്തിൽ ഞാണു കെട്ടിയെങ്കിലും പഴയതുപോലെ ദിവ്യാസ്ത്രങ്ങളൊന്നും അദ്ദേഹത്തിന് ഓർമ്മവന്നില്ല. മഹാസ്ത്രജ്ഞനായ തനിക്കു നിസ്സാരന്മാരായ ദസ്യുക്കളിൽ നിന്നും യദുസ്ത്രീകളെ രക്ഷിക്കാൻ സാധിക്കാത്തതോർത്തു അർജ്ജുനൻ ലജ്ജിച്ചുഴന്നുപോയി. സ്ത്രീകളെയും ധനത്തെയും കവരുന്ന ദസ്യുക്കളെ തുരത്തുവാൻ തേരും ആനയും കുതിരകളുമുള്ള യാദവയോദ്ധാക്കൾക്കും സാധിച്ചില്ല. ആ തസ്‌ക്കരന്മാർ സ്ത്രീകളെ വലിച്ചിഴച്ചു കൊണ്ടുപോകുന്നത് യാദവയോദ്ധാക്കൾ കണ്ടുനിന്നു. അർജ്ജുനൻ തന്നിലെ സകല കഴിവുമുപയോഗിച്ചു സ്ത്രീകളെ രക്ഷിക്കാനായി ഒരു അവസാനശ്രമം നടത്തി. അദ്ദേഹം അത്യധികം കിണഞ്ഞു ഗാണ്ഡീവത്തിൽ നിന്ന് അസ്ത്രങ്ങൾ പായിച്ചു കുറെ ദസ്യുക്കളെ കൊന്നുവീഴ്ത്തി . പക്ഷെ അപ്പോഴേക്കും അദ്ദേഹത്തിൻറെ അമ്പൊഴിയാത്ത ആവനാഴി ശൂന്യമായതായി കാണപ്പെട്ടു. തന്റെ പരാക്രമത്തിന്റെ സർവ്വസ്വവും നഷ്ടപെട്ട അർജ്ജുനൻ നടുങ്ങിയ ഹൃദയത്തോടെ വളരെ പ്രയത്നിച്ചു വില്ലിന്റെ തണ്ടുകൊണ്ടു കുറെ ദസ്യുക്കളെ തല്ലിക്കൊന്നു. എന്നാൽ ദസ്യുക്കൽ അപ്പോഴേക്കും വളരെയേറെ സ്ത്രീകളെ അപഹരിച്ചിരുന്നു. അർജ്ജുനൻ കണ്ടുനിൽക്കേ ആ ഇടയ്ക്കൊള്ളക്കാർ വിലയേറിയ രത്നങ്ങളും, ധനങ്ങളും, സ്ത്രീകളുമായി കടന്നുകളഞ്ഞു. ഇനി താൻ പൊരുതുന്നില്ലെന്നുറച്ചുകൊണ്ട് ശേഷമുള്ള സ്ത്രീകളേയും യാദവന്മാരെയും കൊണ്ട് അർജ്ജുനൻ യാത്ര തുടർന്നു .ഭോജ നാരികളെ മാർത്തികാവതത്തിലാക്കി കൃതവർമ്മാവിന്റെ പുത്രനെ അവിടത്തെ രാജാവാക്കി . അനാഥകളെയും , ബാലകളെയും ,വൃദ്ധകളേയും ഇന്ദ്രപ്രസ്ഥത്തിലാക്കിയിട്ട് വജ്രനെ യാദവരുടെ അടുത്ത രാജാവാക്കി അഭിഷേകം ചെയ്തു. സരസ്വതീതീരത്തിൽ സാത്യകിയുടെ പുത്രന് അധികാരം നൽകി. ആ സമയം രുക്മിണി, ഹൈമവതി, ഗാനധാരപുത്രി, ശൈബ്യ, ജാംബവതി എന്നീ കൃഷ്ണപത്നിമാർ അഗ്നിയിൽ ശരീരങ്ങൾ ഹോമിച്ചു വൈകുണ്ഠപ്രാപ്തരായി. സത്യഭാമയും മറ്റു രണ്ടു പത്നിമാരും തപസ്സു ചെയ്യാനായി വനത്തിലേക്ക് യാത്രയായി. ശേഷം ദ്വാരകാവാസികളായ യദുക്കളെ വജ്രന്റെ സംരക്ഷണത്തിലാക്കുകയും അവർക്കാവശ്യമായ ധനം നൽകുകയും ചെയ്തിട്ട് വ്യാസനെ കാണുവാനായി അര്ജുനൻ യാത്രയായി. വ്യാസനെ ദർശിച്ച അര്ജുനൻ, ജീവിതത്തിൽ തനിക്കേറ്റ തോല്വിയെക്കുറിച്ച് പറഞ്ഞു കരഞ്ഞു. (മഹാഭാരതം മൗസലപർവ്വം, അദ്ധ്യായം 7,8)

അർജ്ജുനന്റെ വിലാപം ഇത്തരത്തിലായിരുന്നു (മഹാഭാരതം മൗസലപർവ്വം അദ്ധ്യായം 8, ശ്ളോകങ്ങൾ 21,22,23)

പ്രദഹൻ രിപു സൈന്യാനി ന പശ്യാമ്യഹമച്യുതമം
യേന പൂർവ്വം പ്രദഗ്‌ധാനി ശത്രൂസൈന്യാനി തേജസാ (21)
ശരൗഗാണ്ഡീവനിമുർക്തൈരഹം പാശ്ചാച്ച നാശയം
തമപശ്യൻ വിഷീദാമി ധൂർണ്ണാമിവ ച സത്തമഃ (22)
വിനാ ജനാർദ്ദനം വീരം നാഹം ജീവിത മുത്സ്മഹേ
ശ്രുത്വൈവ ഹി ഗതം വിഷ്ണും മമാപി മുമുഹുർദ്ദിശ (23)

(ഭാഷാ അർത്ഥം) ശത്രുപ്പടയെ ചുടുന്ന വിധത്തിൽ എന്റെ തേരിനു മുൻപിൽ നടന്ന ആ അച്യുതനെ, ആ ദ്യുതിമാനെ ഞാൻ ഇപ്പോൾ കാണുന്നില്ല. അവൻ ആദ്യമേ ചുട്ടുകളഞ്ഞ ആ ശത്രുസൈന്യത്തെയായിരുന്നു പിന്നീട് ഞാൻ ഗാണ്ഡീവത്തിൽ നിന്നും വിട്ട അസ്ത്രങ്ങളാൽ കൊന്നത്. ജനാർദ്ദനൻ ഇല്ലാത്ത ഭൂമിയിൽ ഞാൻ ജീവിക്കാനാഗ്രഹിക്കുന്നില്ല. വിഷ്ണു പൊയ്പ്പോയതായി കേട്ടിട്ട് എനിക്ക് ദിക്കുകൾ പോലും തിരിച്ചറിയാതായിരിക്കുന്നു.

ഇത്തരത്തിൽ അർജ്ജുനൻ ദുഃഖിതനായി വ്യാസന്റെ മുന്നിൽ പോയി കരഞ്ഞു. നിസ്സാരന്മാരായ കൊള്ളക്കാരിൽ നിന്നും തനിക്കു ദ്വാരകാവാസികളെ രക്ഷിക്കാനാകാത്തതിൽ അദ്ദേഹത്തിന് വലിയ ലജ്ജ തോന്നി. തുടർന്ന് വ്യാസമുനി അർജ്ജുനനെ സാന്ത്വനിപ്പിച്ചു. അദ്ദേഹം ഇതെല്ലാം കാലത്തിന്റെ വൈപരീത്യം കൊണ്ട് സംഭവിച്ചതാണെന്നു അർജ്ജുനനെ പറഞ്ഞു മനസ്സിലാക്കി. ഇപ്രകാരം ആയിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. വ്യാസൻ പറഞ്ഞു: “ബ്രഹ്മശാപം നിമിത്തം വൃഷ്ണ്യന്തക മഹാരഥന്മാർ വെന്തു നശിച്ചു. അല്ലയോ കുരുശാർദുലാ, നീ അവരെപ്പറ്റി ഒരിക്കലും ദുഃഖിക്കരുത്. അത് അങ്ങനെ വന്നുചേരുമെന്ന് ആ മഹാത്മാക്കൾ കണ്ടതാണ്. മാറ്റുവാൻ കൃഷ്ണന് കഴിയും. എന്നാലും അത് അദ്ദേഹം വിട്ടൊഴിച്ചതാണ്. ചരാചരം മുഴുവനും ഈ മൂന്നുലോകവും ഗോവിന്ദനാണ്. സർവ്വ ചരാചരങ്ങളെയും മാറ്റുവാൻ പോന്നവനാണ് കൃഷ്ണൻ, പിന്നെ ഈ മഹാത്മാക്കളുടെ ശാപം ഒഴിവാക്കാൻ അദ്ദേഹത്തിനു വല്ല പ്രയാസവുമുണ്ടോ? ചക്രഗദാധരനായ ഗോവിന്ദൻ നിന്റെ തേരിനുമുമ്പിൽ നടന്നു. നിന്നിൽ സ്നേഹം മൂലം പുരാണർഷിയായ വാസുദേവൻ, ചതുർഭുജനായ വിഷ്ണു നടന്നു. ആ പാചനൻ ഭൂമിയുടെ ഭാരം തീർത്തുകൊടുത്തു. അവതാര കാര്യങ്ങൾ നിർവ്വഹിച്ച് കൃഷ്ണൻ ദേഹം ത്യജിച്ച് മുഖ്യമായ വീർപ്പിട്ട് സ്വസ്ഥാനത്ത് ചെന്നെത്തുകയും ചെയ്തു. ദേവകൾക്കായി മഹാകർമ്മം നീയും നിർവ്വഹിച്ചു ഭരതർഷഭാ! ഭീമസേനനും യമന്മാരും നിന്നെ സഹായിക്കുകയും ചെയ്തു മഹാഭുജാ നിങ്ങൾ തീർച്ചയായും കൃതാർത്ഥരാണ്. കാര്യങ്ങൾ സാധിച്ചവരാണ്. കുരുപുംഗമാ! പോകേണ്ടതായ കാലമാണ് ഇത് ഇപ്പോൾ പോകുന്നത് വിഭോ, ശ്രേയസ്കരവുമായിരിക്കും. ബുദ്ധിയും തേജസ്സും പ്രതിപത്തിയും ബുദ്ധിയുടെ കാലത്ത് ഭരതർഷഭാ, അപ്രകാരമുണ്ടാകും. കാലം മറിച്ചു വന്നുചേരുമ്പോൾ എല്ലാം നശിച്ചുപോവുകയും ചെയ്യും. കാലംമൂലമായി ഇങ്ങനെ സർവ്വതും ഉണ്ടാകുന്നു. ജഗത്തിന്റെ ബീജം കാലമാകുന്നു. ശീമാനാ ധനഞ്ജയാ! കാലം തന്നതെല്ലാം കാലം തന്നെ എടുക്കും. അത്. യദൃച്ഛയാലാകും, കാലം തന്നെ ബലവാനാകുന്നു. പിന്നെ അവൻ തന്നെ ദുർബ്ബലനാകുന്നു. അവൻ തന്നെ ഈശ്വരനായി പരക്കെ ആജ്ഞാപിക്കുന്നവനാകുന്നു.

അസ്ത്രങ്ങൾ കൃതകൃത്യങ്ങളായി നിശ്ചയിച്ച കാര്യങ്ങൾ നിർവ്വഹിച്ച് വന്ന വഴിക്കു തന്നെ പോയി കാലം വന്നുചേരുമ്പോൾ അവ ഇനിയും നിന്റെ കൈയിൽ വന്നു #ചേരും, ഭാരതാ! നിങ്ങൾക്ക് പോകുവാനുള്ള കാലം വന്നു ചേർന്നു. എന്റെ കാഴ്ച നിങ്ങൾക്ക് ശ്രേയസ് നൽകട്ടെ ഭരതർഷാ!"

അതോടെ എല്ലാം വിധിപോലെ സംഭവിച്ചത് ആണെന്ന് മനസിലാക്കിയ അർജ്ജുനൻ കൃഷ്ണന്റെ ഭാര്യമാരും ആയി ഹസ്തിനപുരത്തിലേക്ക് മടങ്ങി.

അർജ്ജുനന്റെ അന്ത്യം

[തിരുത്തുക]

കുരുക്ഷേത്രയുദ്ധത്തിനു ശേഷം പഞ്ചപാണ്ഡവരും കൃഷ്ണനും സാത്യകിയും യുയുത്സുവും മാത്രമാണ് പാണ്ഡവപക്ഷത്തു ശേഷിച്ചത് . കൗരവപക്ഷത്ത് കൃപരും കൃതവർമ്മാവും അശ്വത്ഥാമാവും അവശേഷിച്ചു. [ ഇതിൽ കൃപരും അശ്വത്ഥാമാവും ചിരഞ്ജീവികളായിരുന്നു. അവർ ഇപ്പോഴും ലോകം ചുറ്റി നടപ്പുണ്ടത്രേ ]. ഇത്തരത്തിൽ യുദ്ധത്തിൽ വല്ലപാടും ജയം നേടിയ പാണ്ഡവർ മുപ്പത്തിയാറു വർഷം ദുഃഖിതരായി രാജ്യം ഭരിച്ചു. ബന്ധുക്കളെല്ലാം മരിച്ച അവർക്കു ഗുരുജനങ്ങളുടെ വിയോഗവും ഒടുവിലുണ്ടായ രക്ഷകനായ കൃഷ്ണന്റെ വിയോഗവും താങ്ങുവാനായില്ല. ശേഷം പാണ്ഡവർ പരീക്ഷിത്തിനെ രാജാവാക്കുകയും അവനു പ്രായമാകുന്നതുവരെ രാജ്യകാര്യങ്ങൾ ധൃതരാഷ്ട്രരുടെ ഒരു മകനായ യുയുത്സുവിനെ ഏൽപ്പിക്കുകയും ചെയ്തിട്ട് മോക്ഷമാഗ്രഹിച്ചു കൊണ്ട് മഹാപ്രസ്ഥാന യാത്രയ്ക്കിറങ്ങി. മഹാപ്രസ്ഥാനം ചെയ്യുന്നവർ തിരിഞ്ഞു നോക്കാനോ തിരിച്ചുവരാനോ പാടില്ല. ഇത്തരത്തിൽ അവർ പല പല രാജ്യങ്ങളും സഞ്ചരിച്ചു ഒടുവിൽ ചെങ്കടലിന്റെ തീരത്തെത്തി. അവിടെവച്ച് അഗ്നിദേവൻ പാണ്ഡവർക്ക് മുന്നിൽ പ്രത്യക്ഷനായി. അർജ്ജുനൻ അപ്പോഴും ഗാണ്ഡീവം, അമ്പൊടുങ്ങാത്ത ആവനാഴി എന്നിവ ധരിച്ചിരുന്നു. അപ്പോൾ അഗ്നിദേവൻ അർജ്ജുനനോട് ഗാണ്ഡീവം, അമ്പൊടുങ്ങാത്ത ആവനാഴി എന്നിവ സമുദ്രത്തിൽ ഉപേക്ഷിക്കാനും യാത്ര തുടരാനും ആവശ്യപ്പെട്ടു.

അഗ്നി ഇങ്ങനെ പറഞ്ഞു. " ഹേ പാണ്ഡവരേ ഞാൻ അഗ്നിയാകുന്നു. നിങ്ങളുടെ ഭ്രാതാവായ അർജ്ജുനൻ ഗാണ്ഡീവം കടലിൽ ഉപേക്ഷിച്ചിട്ടു പൊയ്ക്കൊള്ളട്ടെ. അവന് അതിനി ചേരില്ല . അതിന്റെ ഉദ്ദേശം കഴിഞ്ഞിരിക്കുന്നു. ഇനി അത് വരുണന് തിരികെ കൊടുത്തേക്കുക. കൃഷ്ണന്റെ ചക്രായുധം പോലും കാലത്താൽ നഷ്ടപ്പെട്ടു പോയില്ലേ ". [ മഹാപ്രസ്ഥാന പർവ്വം , അദ്ധ്യായം -1 , ശ്ളോകങ്ങൾ 39 ,40 ]. തുടർന്ന് അർജ്ജുനൻ അവ രണ്ടും കടലിലെറിഞ്ഞു . പാണ്ഡവർ യാത്ര തുടർന്നു. വഴിക്കു വച്ച് ഓരോരുത്തരായി തളർന്നു വീണു മരിച്ചുകൊണ്ടിരുന്നു. ആദ്യം ദ്രൗപദി, പിന്നീട് സഹദേവൻ, പിന്നീട് നകുലൻ, അതിനു ശേഷം അർജ്ജുനനും വീണു.

മഹാപ്രസ്ഥാനയാത്രയ്ക്കിടയിൽ അർജ്ജുനൻ കുഴഞ്ഞു വീഴുമ്പോൾ ഭീമൻ ചോദിക്കുന്നു. "മഹാത്മാവായ ഇദ്ദേഹം കളിയായി പോലും ഒരു അനൃതം പറഞ്ഞതായിട്ടു ഞാൻ ഓർക്കുന്നില്ല. ഇവനും ഭൂമിയിൽ വീണുപോയിരിക്കുന്നു. ഈ വീഴ്ച എന്തിനുള്ള വികാരമാണ്?"

യുധിഷ്ഠിരൻ പറഞ്ഞു:

ഏകാഹ്‌നാ നിദർഹേയം വൈ ശത്രൂനിത്യര്ജ്ജുനോബ്രവീത്
ന ച തത് കൃതവാനേഷ ശൂരമാനി തതോ പതത് (21)
അവമേനേ ധനുർഗ്രാഹാനേഷ സർവ്വാംശ്ച ഫാൽഗുന
തഥാ ചൈതത്ര തു തഥാ കർത്തവ്യം ഭൂതിമിച്ഛതാ (22)
(മഹാഭാരതം, മഹാപ്രസ്ഥാനപർവ്വം, അദ്ധ്യായം 2 , ശ്ളോകങ്ങൾ 21, 22)

(ഭാഷാ അർത്ഥം) ഒറ്റ പകല് കൊണ്ട് ശത്രുക്കളെ മുഴുവനും ചുട്ടുകളയാമെന്ന് അർജ്ജുനൻ പറഞ്ഞു . എന്നാൽ ശൂരനാണെന്നു സ്വയം മാനിക്കുന്ന ഇവന് അങ്ങനെ ചെയ്യുവാൻ കഴിഞ്ഞതുമില്ല.(ന ച തത് കൃതവാനേഷ ശൂരമാനി). അതുകൊണ്ടാണ് അവൻ വീണുപോയതു . സകല വില്ലാളികളേയും അർജ്ജുനൻ അപമാനിച്ചു . ഐശ്വര്യം ചിന്തിക്കുന്നവർ അങ്ങനെ ചെയ്യുവാൻ പാടില്ലായിരുന്നു .

വിജയൻ എന്ന നാമം

[തിരുത്തുക]

ശത്രുവിനോട്‌ യുദ്ധം ചെയ്താൽ വിജയിക്കാതെ പിന്മടങ്ങില്ല എന്നതിനാലാണ് അർജ്ജുനന് വിജയൻ എന്ന നാമം വന്നത്. ആ പേരിനോട് അദ്ദേഹം നീതി പുലർത്തിയിരുന്നുവെന്ന് വ്യാസ മഹാഭാരതത്തിൽ കാണാം

ഗുരു ദക്ഷിണ.

ദ്രോണാചാര്യർക്ക്‌ ഗുരു ദക്ഷിണ നൽകാൻ ആദ്യം ദ്രുപദനെ പിടിച്ചു കെട്ടി കൊണ്ടുവരാൻ കൗരവർ പുറപ്പെടുന്നു. എന്നാൽ ആദ്യം ചെന്ന കർണ്ണ - കൗരവാദികൾ തോറ്റ് തിരിഞ്ഞൊടിയപ്പോൾ ഭീമ-അർജ്ജുനന്മാരുടെ നേതൃത്വത്തിൽ പാണ്ഡവർ ചെന്നാണ് ദ്രുപദനെ തോൽപ്പിച്ച് പിടിച്ചുകെട്ടുന്നത്. ശക്തനായ പാഞ്ചാല രാജാവിനെ നേർക്ക് നേരെ യുദ്ധത്തിൽ തോല്പ്പിച്ചു , തേർത്തട്ടിൽ ചാടി കയറി ബന്ധിച്ച് ഗുരുവിന് കാഴ്ച വച്ചു ഫൽഗുനൻ തന്റെ വീര്യം തെളിയിച്ചു.[3][4][5]

ദ്രൗപദി സ്വയംവര സന്ദർഭം

ബ്രാഹ്മണന് (ബ്രാഹ്മണ രൂപത്തിൽ ഉള്ള അർജ്ജുനന്) മകളെ വിവാഹം ചെയ്തു നൽകാൻ തയ്യാറായ ദ്രുപദനെ ക്ഷത്രിയർ ആക്രമിക്കുന്നു. ഭീമാർജുനന്മാർ അവരെ നേരിടാൻ രംഗത്തിറങ്ങി. ഭീമനും ശല്യരും തമ്മിലും, അർജ്ജുനനും കർണ്ണനും തമ്മിൽ ഏറ്റുമുട്ടിയ നേരം അർജ്ജുനനോട് വിഷമിച്ചു എതിർത്തു നിന്ന കർണ്ണൻ, " ഈ ബ്രാഹ്മണൻ അജയ്യനാണെന്ന് വിചാരിച്ചു" പിന്മാറുന്നു. കർണ്ണ അർജ്ജുനർ തമ്മിലുള്ള ആദ്യ നേർക്കുനേർ ഏറ്റുമുട്ടലും അർജ്ജുനന്റെ കർണ്ണന്റെ മേലുള്ള ആദ്യ വിജയവും ഇതായിരുന്നു . [6][7][8]

ഗന്ധർവ്വ യുദ്ധം

വനവാസ കാലത്ത് പാണ്ഡവരെ പരിഹസിക്കാൻ കാട്ടിൽ എത്തിയ കൗരവർ ഗന്ധർവ സേനയും ആയി ഏറ്റുമുട്ടി തിരിഞ്ഞോടി. സുഹൃത്തായ കർണ്ണനെയും തന്റെ മറ്റു സഹോദരങ്ങളെയും പോലെ ഓടി രക്ഷപെടാൻ സാധിക്കാതെ പോയ ദുര്യോധനനെ ഭീമനും അർജ്ജുനനും ചേർന്ന് ആണ് രക്ഷിക്കുന്നത്. അർജ്ജുനനും ചിത്രസേനനും തമ്മിൽ നേരിട്ടു യുദ്ധം നടക്കുമ്പോൾ, ഗന്ധർവൻ കാട്ടിയ മായയെ എല്ലാം ഫൽഗുനൻ അടക്കി. അവസാനം അർജ്ജുന അസ്ത്രത്താൽ മരണം വരിക്കുമെന്ന ഘട്ടത്തിൽ ഗന്ധർവ രാജാവ് ചിത്ര സേനൻ " ഞാൻ അങ്ങയുടെ സുഹൃത്താണ്, എന്നേ കൊല്ലരുത് " എന്ന് പറയുകയും, ദുര്യോധനനെ മോചിപ്പിക്കാൻ തയ്യാർ ആവുകയും ചെയ്യുന്നു.[9][10][11]

വിരാടയുദ്ധം

വിരാട രാജാവിന്റെ പശുക്കളെ അപഹരിക്കുവാനായി കൗരവ സൈന്യവും ത്രിഗർത്തന്മാരും പടയായി ചെല്ലുമ്പോൾ, വിരാട രാജ്യത്ത് അജ്ഞാതവാസം നടത്തിയിരുന്ന അർജ്ജുനൻ ദ്രോണ-കർണ്ണ-ഭീഷ്മ-കൃപരെല്ലാം അടങ്ങുന്ന സേനയെ ഒറ്റയ്ക്ക് ചെന്ന് തോൽപ്പിക്കുന്നു. വിരാടയുദ്ധം , "വിജയൻ" എന്ന നാമം അദ്ദേഹത്തിന് എത്ര അനുയോജ്യമാണെന്ന് തെളിയിക്കുന്നു. വിരാട പർവ്വത്തിലെ ഗോഗ്രഹണ പർവ്വത്തിലാണ് ഘോരമായ ഈ യുദ്ധമുള്ളത്.

ശ്വേത കുമാരനെ തേരാളി ആക്കി അർജ്ജുനൻ നടത്തിയ ഈ പോരാട്ടത്തിൽ സംഭവിച്ച പ്രധാന കാര്യങ്ങള് ക്രമത്തിൽ -

ദുര്യോധനനെ ആക്രമിച്ച് അർജ്ജുനൻ പശുക്കളെ മോചിപ്പിക്കുന്നു.

കർണ്ണനും സഹോരന്മാരും അർജ്ജുനനെ എതിർത്ത് ചെന്നു. സഹോദരനായ സംഗ്രമജിത്തിനെ തന്റെ മുന്നിലിട്ട് കൊല്ലുന്നത് കണ്ട കർണ്ണൻ ആർത്ത് ചെന്നു എന്നിട്ട് അമ്പുകൾ ഏറ്റ്‌ തിരിഞ്ഞോടി.

പിന്നീട് എത്തിയത് കൃപർ ആണ്. വില്ലും തേരും കുതിരയും എല്ലാം നഷ്ടപ്പെട്ട് പോയ കൃപനെ കൗരവ സൈന്യം അർജ്ജുനന്റെ ശ്രദ്ധ വ്യതിചലിച്ച് രക്ഷിച്ചു.

ശേഷം ഗുരു ദ്രോണരും ദേഹം മുഴുവൻ അമ്പേറ്റ് മുറിഞ്ഞു, യുദ്ധത്തിൽ നിന്നും പിൻമാറി

അശ്വത്ഥാമാവുമായുള്ള യുദ്ധത്തിൽ ദ്രൗണിയുടെ അമ്പുകൾ തീരുകയും കർണ്ണൻ വീണ്ടും എത്തുകയും ചെയ്തു. ഇത്തവണ ചട്ട കീറി ദേഹം മുറിഞ്ഞു എന്താണ് നടക്കുന്നതെന്ന ബോധം നഷ്ടപ്പെട്ട കർണ്ണൻ വടക്കോട്ട് ഓടി രക്ഷപ്പെട്ടു.

പിന്നെ എല്ലാവരും ഒരുമിച്ച് അർജ്ജുനനെ ആക്രമിക്കുകയും ഭീഷ്മൻ ദുര്യോധനൻ എന്നിവർ അർജ്ജുന അസ്ത്രം പതിച്ചു പിന്മാറി. വീണ്ടും ഉണ്ടായ സങ്കുല യുദ്ധത്തിൽ സമ്മോഹനാസ്ത്രത്താൽ എയ്ത്, ശംഖ് എടുത്ത് ഉച്ചത്തിൽ വിളിച്ചു  സർവ്വ സേനയേ മോഹാസല്യ പെടുത്തി, ബോധം പോകാതെ നിന്ന ഭീഷ്മന്റെ കുതിരകളെ കൊന്നു. ശേഷം കൗരവരുടെ വസ്ത്രം എടുത്ത ഉത്തരന്റെ ഒപ്പം അർജ്ജുനൻ പൂർണ്ണ വിജയി ആയി മടങ്ങി.[12] [13][14] [15] [16]

നിവാതകവച യുദ്ധം

ദേവന്മാർ പോലും നിവാതകവചൻമാരെ തോൽപ്പിക്കാൻ അർജ്ജുനന്റെ സഹായം തേടുന്നു. പുതിയ ദിവ്യായുധങ്ങളുമായി ഒറ്റയ്ക്ക് ചെന്ന് കോടിക്കണക്കിന് നിവാത കവചന്മാരെ സംഹരിച്ചു. ശേഷം ദേവന്മാർക്കും അസുരന്മാർക്കും പോലും അജ്ജയ്യരായ ഇന്ദ്ര ശത്രുക്കളായ ഹിരണ്യ പുരത്തെ കാലകേയ സേനയെയും അർജ്ജുനൻ ഇല്ലാതാക്കി. [17]

കുരുക്ഷേത്ര യുദ്ധo , യുദ്ധ ശേഷം നടന്ന അശ്വമേധം ; അങ്ങനെ മഹാഭാരത കഥയെ മുന്നോട്ട് കൊണ്ടുപോകുന്നതിന് അർജ്ജുനൻ നേടിയ വിജയങ്ങൾ വലിയ പങ്കാണ് വഹിക്കുന്നത്

  1. KMG Mahabharathaകർണ്ണപർവ്വം , അദ്ധ്യായം 90,കർണാർജ്ജുനയുദ്ധം
  2. KMG Mahabharathaകർണ്ണപർവ്വം, അദ്ധ്യായം 91, കർണ്ണൻ അർജ്ജുനനെ ബോധം കെടുത്തുന്നു. തുടർന്ന് അർജ്ജുനന്റെ ചതിയാലുള്ള കർണ്ണവധം
  3. വ്യാസ മഹാഭാരതം - വിദ്വാൻ കെ പ്രകാശം - ആദി പർവ്വം - സംഭവ പർവ്വം - ദ്രുപദ ശാസനം , ദ്രുപദ പരാജയം
  4. The Mahabharata of Krishna-Dwaipayana Vyasa by Kisari Mohan Ganguli - Book 1: Adi Parva: Sambhava Parva: Section CXL
  5. ശ്രീ മഹാഭാരതം - കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ - Vol. 1 - ആദി പർവ്വം /സംഭവ പർവ്വം / ദ്രുപദ പരാജയം
  6. വ്യാസ മഹാഭാരതം - വിദ്വാൻ കെ പ്രകാശം - ആദിപർവ്വം - സ്വയംവര പർവ്വം- പാണ്ഡവ പ്രത്യാഗമനം
  7. The Mahabharata - translated by Bibek Debroy Volume 1 Section 12 - droupadi svayamvara parva
  8. "The Mahabharata, Book 1: Adi Parva: Swayamvara Parva: Section CLXLII". Retrieved 2020-10-17.
  9. വ്യാസ മഹാഭാരതം - വിദ്വാൻ കെ പ്രകാശം - വന പർവ്വം - ഘോഷ യാത്രാ പർവ്വം - പാണ്ഡവ ഗന്ധർവ യുദ്ധം
  10. The Mahabharata of Krishna- Dwaipayana Vyasa by Kisari Mohan Ganguli :  Book 3: Vana Parva: Ghosha-yatra Parva: Section CCXLIII
  11. The Mahabharata Translated by Debroy Volume 3 Section 39 Ghosha-yatra Parva Chapter 531
  12. വ്യാസ മഹാഭാരതം - വിദ്വാൻ കെ പ്രകാശം : വിരാട പർവ്വം - ഗോഹരണ പർവ്വo
  13. The Mahabharata of Krishna-Dwaipayana Vyasa Kisari Mohan Ganguli - book 4 - Virata Parva - Go-harana Parva
  14. The Mahabharata - translated by Bibek Debroy Volume 4 , Section 47 - Go-harana Parva
  15. ശ്രീ മഹാഭാരതം - കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ Vol. 2 - വിരാട പർവ്വം/ഗോഗ്രഹണ പർവ്വം
  16. "The Mahabharata, Book 4: Virata Parva: Go-harana Parva: Section LIX". Retrieved 2020-10-17.
  17. വ്യാസ മഹാഭാരതം - വിദ്വാൻ കെ പ്രകാശം വന പർവ്വം/നിവാതകവച യുദ്ധ പർവ്വം

അർജ്ജുനദശനാമം

[തിരുത്തുക]
പ്രധാന ലേഖനം: അർജ്ജുനപ്പത്ത്

അർജ്ജുനന്റെ പ്രശസ്തമായ പത്തു പേരുകളെയാണ് അർജ്ജുന ദശനാമം അഥവാ അർജ്ജുനപ്പത്ത് എന്ന് മലയാളത്തിലും അറിയപ്പെടുന്നത്. ഇവ ജപിക്കുന്നത് ഇടിമിന്നലിന്റെ ഉപദ്രവത്തിൽ നിന്നും രക്ഷിക്കുമെന്നും സകലവിധ ഭയങ്ങളേയും അകറ്റുമെന്നും നമ്മുടെ പൂർവ്വികർ വിശ്വസിച്ചിരുന്നു. ഇതിന്റെ മലയാളത്തിലുള്ള ആഖ്യാനം താഴെ കൊടുക്കുന്നു.

അർജ്ജുനൻ ഫൽഗുനൻ ശ്വേതവാഹനൻ കൃഷ്ണ വിജയ സവ്യസാചി ധനഞ്ജയ ജിഷ്ണു ബീഭത്സു, കിരീടിയു

ഇതനുസരിച്ചു അർജ്ജുനൻ, ഫാൽഗുനൻ, ശ്വേതവാഹനൻ, കൃഷ്ണൻ, വിജയൻ, സവ്യസാചി, ധനഞ്ജയൻ, ജിഷ്ണു, ബീഭത്സു, കിരീടി എന്നീ അർജ്ജുനന്റെ പത്തുനാമങ്ങൾ നമ്മുടെ പൂർവ്വികർ ഒരു മന്ത്രം പോലെ ജപിച്ചിരുന്നു. കൊടും കാട്ടിലൂടെ നടക്കുമ്പോൾ അർജ്ജുനന്റെ നാമം ജപിക്കുന്നതാകയാൽ ഭൂതപ്രേതപിശാചുക്കളും യക്ഷി-ഗന്ധർവ്വ ഗണങ്ങളും അർജ്ജുനനോടുള്ള ഭയം കാരണം ഇത് ജപിക്കുന്നവനെ ഉപദ്രവിക്കില്ലെന്നും പൂർവ്വികർ പറയുന്നു. കൂടാതെ ദുഷ്ടമൃഗങ്ങളുടെയും കള്ളന്മാരുടെയും ഉപദ്രവങ്ങളിൽ നിന്നും രക്ഷനേടാനും, ശത്രുക്കളിൽ നിന്നും ഗ്രഹപ്പിഴകളിൽ നിന്നുമുള്ള മോചനത്തിനായും അർജ്ജുനപ്പത്ത് ജപിക്കുന്ന രീതിയുണ്ട്. ഉറങ്ങാൻ കിടക്കുമ്പോൾ ജപിച്ചാൽ ദുർസ്വപ്നം കാണില്ലെന്നും നമ്മുടെ പൂർവ്വികർ വിശ്വസിച്ചു പോന്നിരുന്നു.

ഭൂമിയൊക്കെ ജയിച്ചു ധനം സ്വരൂപിക്കുകയാൽ ധനഞ്ജയനായി. പോരിൽ എപ്പോഴും വിജയിക്കുന്നതിനാൽ വിജയനായി. ഇന്ദ്രദത്തമായ ഇടിമിന്നലിന്റെ ശോഭയോട് കൂടിയ വെള്ളനിറത്തിലുള്ള അശ്വങ്ങളെ പൂട്ടിയ തേരിൽ പോരാടാനിറങ്ങുകയാൽ ശ്വേതവാഹനനായി . ഉത്തരഫാല്ഗുനി ( ഉത്രം )നക്ഷത്രത്തിൽ ജനിച്ചതുകൊണ്ടു ഫല്ഗുനനായി. (നമ്മുടെ കേരളത്തിലെ രക്ഷാദേവനായ ശ്രീ അയ്യപ്പന്റേയും നക്ഷത്രം ഉത്രമായിരുന്നു ). പോരിൽ ഒറ്റയ്ക്ക് അസുരന്മാരെ ജയിച്ചതിനാൽ ഇന്ദ്രൻ ദിവ്യമായ ഒരു കിരീടം അണിയിക്കുകയുണ്ടായി . അതിനാൽ കിരീടിയായി. യുദ്ധത്തിൽ ഒരിക്കലും ബീഭത്സമായ കാര്യം ചെയ്യാത്തതുകൊണ്ടും അധർമ്മികളായ ദുഷ്ടന്മാർക്കു എപ്പോഴും ഭയമുളവാക്കുന്നതുകൊണ്ടും ബീഭത്സുവായി. അഭ്യാസം കൊണ്ട് ഇടത്തെ കയ്യും വലത്തേക്കയ്യും അർജ്ജുനന് ഒരുപോലെ സ്വാധീനമായിരുന്നു. അതിനാൽ രണ്ടു കയ്യ് കൊണ്ടും ഒരുപോലെ ഒരേ വേഗത്തിൽ അസ്ത്രങ്ങൾ പ്രയോഗിക്കുമായിരുന്നു. അതിനാൽ സവ്യസാചി എന്നും അറിയപ്പെട്ടു . അത്ഭുതകരമായി വെട്ടിത്തിളങ്ങുന്ന കറുത്ത നിറമുള്ളതിനാലും എപ്പോഴും ശുഭ്രമായ (ലോകത്തിനു ശുഭകരമായ) കർമ്മം മാത്രം ചെയ്യുന്നതുകൊണ്ടും അർജ്ജുനൻ എന്നറിയപ്പെടുന്നു . അജയ്യനും ശത്രുദമനനും ഇന്ദ്രപുത്രനും വിഷ്ണുവിന്റെ അംശവുമായതിനാൽ ജിഷ്ണു ആയി . അർജ്ജുനൻ പിറന്നപ്പോൾ അത്ഭുതകരമായി വെട്ടിത്തിളങ്ങുന്ന കറുത്തനിറം കണ്ടു അദ്ദേഹത്തിൻറെ പിതാവായ പാണ്ഡു വിളിച്ച പേരാണ് കൃഷ്ണൻ. ഭഗവാൻ കൃഷ്ണന്റെ നിറമായ വെട്ടിത്തിളങ്ങുന്ന കറുത്ത നിറം (കൃഷ്ണ വർണ്ണം)ആയിരുന്നു അർജ്ജുനനും.

നരനാരായണന്മാർ

[തിരുത്തുക]

മഹാഭാരതത്തിലെ മംഗള ശ്ളോകത്തിൽ വ്യാസൻ ഇപ്രകാരം പറയുന്നു.

നാരായണം നമസ്കൃത്യ നരം ചൈവ നരോത്തമം ദേവീം സരസ്വതീം ചൈവ തതോ ജയമുദീരയേത്

ശ്ളോകാർത്ഥം ഇങ്ങനെ സംക്ഷേപിക്കാം. "നാരായണനേയും നരോത്തമനായ നരനേയും സരസ്വതീ ദേവിയേയും വന്ദിച്ചിട്ടു വേണം ജയത്തെ ഉച്ചരിക്കുവാൻ". ഇവിടെ 'ജയം' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മഹാഭാരതത്തെയാണ്. നരനാരായണന്മാർ വിഷ്ണുവിന്റെ അംശഭൂതന്മാരും ധർമ്മദേവന്റെ പുത്രന്മാരുമായിരുന്നു. ഈ മുനിദ്വയങ്ങൾ ദ്വാപരയുഗത്തിൽ കൃഷ്ണാർജ്ജുനന്മാരായി ജന്മമെടുക്കുകയുമുണ്ടായി. നാരായണൻ കൃഷ്ണനും, നരൻ അർജ്ജുനനുമായി ദേവകാര്യാർത്ഥം അവതരിച്ചു.

കുട്ടികൃഷ്ണമാരാരുടെ വ്യാഖ്യാനം ഇങ്ങനെയാണ്. "നരന്മാരെല്ലാം ചെന്നണയെണ്ടുന്ന രക്ഷാമൂർത്തിയെയും നരന്മാരെ നാരായണങ്കലലണയ്ക്കാൻ നയിക്കുന്ന ഉത്തമനായ നരനേയും നരന്മാർക്കു നാരായണങ്കലെക്കുള്ള മാര്ഗമായ സാഹിത്യ വിദ്യയുടെ അധിദേവതയായ സരസ്വതി ദേവിയെയും ആ വിദ്യാമാര്ഗത്തിലൂടെ ആദ്യം നടന്നു കാണിച്ച കൃഷ്ണദ്വൈപായനെയും നമസ്കരിച്ചിട്ട് വേണം ജയം ഉച്ചരിച്ചു തുടങ്ങുവാൻ".(ഇവിടെ വ്യാസൻ ഒരു അധിക പദമായി കുട്ടിക്കൃഷ്ണമാരാർ പറയുന്നുണ്ട്). നരന്മാരിൽ അഥവാ മനുഷ്യരിൽ ഉത്തമൻ അർജ്ജുനൻ ആയിരുന്നുവെന്നാണ് വ്യാസവിവക്ഷ.

നാരായണന്മാരുടെ കഥകളും അവരുടെ ശക്തിയും ഉദ്ദേശലക്ഷ്യങ്ങളും ശിവൻ, ബ്രഹ്മാവ്, ഇന്ദ്രൻ, വ്യാസൻ, ഭീഷ്മർ,നാരദൻ, പരശുരാമൻ തുടങ്ങിയ ഒരുപാട് ആളുകൾ മഹാഭാരതത്തിൽ വിവരിക്കുന്നുണ്ട്. അതിൽ ഒന്ന് ഇപ്രകാരം ആണ്. ഒരിക്കൽ പഞ്ചാലിയെ അപമാനിക്കാൻ ഉള്ള ശ്രമത്തിൽ പിടിക്കപ്പെടും പാണ്ഡവരാൽ പരാജിതനായി കൗരവരുടെ അളിയൻ ജയദ്രതൻ പാണ്ഡവരെ ജയിക്കാൻ വേണ്ടി ശിവനെ തപാസ്സാൽ പ്രീതിപ്പെടുത്തി പ്രത്യക്ഷനാക്കുകയും ചെയ്തു എന്നാൽ അർജ്ജുനനെ ജയിക്കാനുള്ള വരം പോലും അസാധ്യമാണെന്നും അത്ര ശക്തനാണ് അർജ്ജുനൻ എന്നും ശിവൻ കൗരവരുടെ അളിയൻ ജയദ്രതനോട് പറയുന്നത്:

"ഗംഗാദ്വാരത്തിൽച്ചെന്ന് അവൻ വിരൂപാക്ഷനായ ഉമാകാന്തനെ ശരണം പ്രാപിച്ചു. അവിടെ ഇരുന്ന് അവൻ തപസ്സുചെയ്തു. ഒരു ദിവസം ശിവൻ അവനിൽ പ്രീതനായി. ജയദ്രഥൻ മാഹേശ്വരന്റെ കൈയിൽനിന്നു വരം വാങ്ങിച്ചു.. ജയദ്രഥൻ ശിവനോടു വരം ആവശ്യപ്പെട്ടു. “എനിക്കു പ്രസിദ്ധന്മാരായ അഞ്ചു പാർത്ഥന്മാരേയും പോരിൽ ജയിക്കണം.'അതിനു സാദ്ധ്യമല്ലെന്നു ശിവൻ മറുപടി പറഞ്ഞു. ശിവൻ പറഞ്ഞു: "അർജ്ജുനനെയൊഴികെ മറ്റെല്ലാ പാണ്ഡവന്മാരേയും അവർ അയ്യന്മാരും അവധ്യന്മാരുമാണെങ്കിലും നീ അവരെ തടുക്കും. എന്നാൽ അർജ്ജുനനെ നിനക്കു തടുക്കുവാനും കൂടി സാദ്ധ്യമല്ല. അവൻ നരനും സുരേശനും മഹാബാഹുവുമാണ്. ബദര്യാശ്രമത്തിൽ നാരായണനോടുകൂടി തപം ചെയ്ത നരനാണ്. അവൻ സർവ്വലോകവിജയിയും ദേവന്മാർക്കുപോലും അധ്യഷ്യനുമാണ്. ഞാൻ കൊടുത്ത ദിവ്യവും നിസ്തുല്യവുമായ പാശുപതം എന്ന അസ്ത്രം അവന്റെ കൈയിലുണ്ട്. ലോകപാലകന്മാർ നല്കിയ വജ്രം മുതലായ ശസ്ത്രങ്ങളും അവന്റെ കൈവശമുണ്ട്. പാർത്ഥനെ എപ്പോഴും സഹായിച്ചുകൊണ്ടു നില്ക്കുന്നവനായ നാരായണൻ സുരഗുരുവും അനന്താത്മാവും ദേവദേവനുമായ വിഷ്ണുവാണ്. വിശ്വാത്മാവും, വിശ്വമൂർത്തിയും, ആവൃക്തനുമായ ഉത്തമപുരുഷനാണ് ആ പ്രഭു. ദുർജ്ജനങ്ങളെ നിഗ്രഹിക്കുന്നതിനും ധർമ്മത്തെ സംരക്ഷിക്കുന്നതിനും ഇപ്പോൾ ഭഗവാൻ യദുകുലത്തിൽ മനുഷ്യനായി അവതരിച്ചിരിക്കുന്നു. കൃഷ്ണൻ എന്നു പ്രസിദ്ധനായ ആ യാദവൻ സാക്ഷാൽ വിഷ്ണുഭഗവാൻ തന്നെയാണ്. അജനും, പ്രഭുവും, അനാദ്യന്തനും, ലോകനമസ്‌കൃതനുമാണ് ആ ദേവൻ. ആ അജിതന്റെ കർമ്മങ്ങളെ പണ്ഡിതന്മാർ സ്തുതിച്ചുകൊണ്ടിരിക്കുന്നു. ഹേ, സൈന്ധവാ! മഞ്ഞപ്പട്ടുടയാട ചാർത്തിയ ശ്രീവത്സധാരിയും ശംഖചക്രഗദാധരനുമായ കൃഷ്ണൻ സർവ്വജനത്തിനും കീർത്തനീയനാണ്. അസ്ത്രജ്ഞന്മാരിൽ പ്രവരനായ അർജ്ജുനനെ കൃഷ്ണനാണ് സംരക്ഷിക്കുന്നതെന്നു നീ അറിയേണ്ടതാണ്. ശ്രീമാനും അതുല്യവിക്രമനുമായ പുണ്ഡരീകാക്ഷൻ സഹായമായുള്ളപ്പോൾ അർജ്ജുനനെ ജയിക്കുവാൻ ആർക്കാണു സാധിക്കുക? ശത്രുനാശകനായ കൃഷ്ണൻ അർജ്ജുനനെ തന്നോടൊപ്പം ഒറ്റത്തേരിൽ കയറ്റിയിരുത്തിയാൽ ദേവന്മാർക്കുപോലും ആ ദുരാധർഷനായ പാർത്ഥനെ ജയിക്കുവാൻ കഴികയില്ല. ഈ സ്ഥിതിക്കു മനുഷ്യവർഗ്ഗത്തിൽപ്പെട്ട ആർക്കെങ്കിലും അർജ്ജുനനെ ജയിക്കുവാൻ കഴിയുമോ? "അവനെ മാത്രം ഒഴികെ മറ്റു നാലു പാണ്ഡവന്മാരേയും നീ ഒരു ദിവസം ജയിക്കും" എന്നു വരം നൽകി ശിവൻ ജയദ്രതനെ മടക്കി അയച്ചു.

അർജ്ജുനന്റെ പ്രായം

[തിരുത്തുക]

ഭഗവാൻ കൃഷ്‍ണൻ സ്വർഗ്ഗാരോഹണം നടത്തുമ്പോൾ അദ്ദേഹത്തിന് 125 വയസ്സ് പ്രായമുണ്ടായിരുന്നതായി ഭാഗവതം ഏകാദശസ്കന്ദത്തിൽ സൂചനയുണ്ട് . ഭവിഷ്യപുരാണം പ്രതിസർഗ്ഗപർവ്വത്തിൽ കൃഷ്ണന്റെ സർഗ്ഗാരോഹണം 135 വയസ്സിലായിട്ടാണ് സംഭവിക്കുന്നതെന്നും അർജ്ജുനനെക്കാളും ആറു മാസത്തോളം പ്രായം കൂടുതലുണ്ടായിരുന്നെന്നും കാണുന്നുണ്ട്. കൃഷ്ണന്റെ മരണശേഷം പാണ്ഡവർ പിന്നീട് ജീവിക്കുന്നില്ല. അവരെല്ലാം മഹാപ്രസ്ഥാനം ചെയ്തു സ്വർഗ്ഗം പ്രാപിച്ചു. യുധിഷ്ഠിരൻ മാത്രം 12 വര്ഷം കൂടി ഭൂമിയിൽ പ്രസ്ഥാനം ചെയ്തു. പരമധാർമ്മികനായ അദ്ദേഹത്തെ മരണത്തിനു സ്പര്ശിക്കുവാൻ സാധിച്ചില്ല. കൃഷ്ണന്റെ സ്വർഗ്ഗാരോഹണത്തിനു ശേഷം ഒരു കാർത്തിക നക്ഷത്രത്തിനാണ് പാണ്ഡവർ പ്രസ്ഥാനം ചെയ്തത്. ആറ് മാസം കൊണ്ട് അവർ ചെങ്കടലിന്റെ തീരത്തെത്തി. തുടർന്ന് ഓരോ ദിവസം തോറും മൂപ്പു മുറയ്ക്ക് ഓരോരുത്തർ വീണു മരിച്ചു. യുധിഷ്ഠിരൻ മാത്രം മരിച്ചില്ല. അത്തരത്തിൽ നോക്കുമ്പോൾ അർജ്ജുനൻ കൃഷ്ണന് ശേഷം 6 മാസം 4 ദിവസം കൂടി ജീവിച്ചിരുന്നു കാണണം . അപ്പോൾ ഭവിഷ്യപുരാണം പ്രകാരം അർജ്ജുനന്റെ മരണസമയത്തെ പ്രായം ഏതാണ്ട് 135 വയസ്സായിരിക്കും.

കൂടാതെ ഇന്ദ്രന്റേയും അശ്വനിദേവകളുടെയും അനുഗ്രഹത്താൽ അർജ്ജുനന് ജീവിതത്തിലൊരിക്കലും വാർദ്ധക്യം ബാധിച്ചിരുന്നില്ല . കൃഷ്ണന്മാർ രണ്ടുപേരും നിത്യ യൗവനം നേടിയവരായിരുന്നു എന്ന് സ്കന്ദപുരാണത്തിലും സൂചനയുണ്ട്. കൃഷ്ണന്മാർ എന്നാൽ കൃഷ്ണനും അർജ്ജുനനും.

അവലംബം

[തിരുത്തുക]


മഹാഭാരത കഥാപാത്രങ്ങൾ | പാണ്ഡവർ     
യുധിഷ്ഠിരൻ | ഭീമൻ | അർജ്ജുനൻ | നകുലൻ | സഹദേവൻ
"https://ml.wikipedia.org/w/index.php?title=അർജ്ജുനൻ&oldid=4119578" എന്ന താളിൽനിന്ന് ശേഖരിച്ചത്