Jump to content

കൊടുങ്ങല്ലൂർ ഭരണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഭരണി (ഉത്സവം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഭരണി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഭരണി (വിവക്ഷകൾ) എന്ന താൾ കാണുക. ഭരണി (വിവക്ഷകൾ)

കേരളത്തിലെ തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ കുംഭമാസത്തിലെ ഭരണി നാളിൽ തുടങ്ങി മീനമാസത്തിലെ ഭരണി നാളിൽ അവസാനിക്കുന്ന പ്രശസ്തമായ ആഘോഷമാണ്‌ കൊടുങ്ങല്ലൂർ ഭരണി എന്നറിയപ്പെടുന്നത്. ഭക്തിയുടെ രൗദ്രഭാവം എന്നാണ് ഭരണി വിശേഷിപ്പിക്കപ്പെടുന്നത്. കുംഭ മാസത്തിലെ ഭരണി നാൾ മുതൽ മീന മാസത്തിലെ ഭരണി നാൾ വരെയാണ് ഇത് നടക്കുന്നത്. മീനമാസത്തിലെ തിരുവോണം നാൾ മുതൽ അശ്വതി നാൾ വരെ ഏഴ് ദിവസങ്ങളിൽ ആണ് പ്രധാന ചടങ്ങുകൾ നടക്കുന്നത്. ഈ ദിവസങ്ങളിൽ ക്ഷേത്ര ദർശനം നടത്തുന്നത് ദുരിതമോചനത്തിന് ഉത്തമമെന്ന് ഭക്തർ വിശ്വസിക്കുന്നു.

ദ്രാവിഡ ക്ഷേത്രമായിരുന്ന കൊടുങ്ങല്ലൂർ പിൽക്കാലത്ത് സവർണ്ണ മേധാവിത്വത്തിന് കീഴിലായപ്പോൾ ക്ഷേത്രത്തിൽ അവകാശമുണ്ടായിരുന്ന ആദിമ ജനതയുടെ കൂടിച്ചേരലാണ്‌ ഈ ഉത്സവം എന്ന് കണക്കാക്കപ്പെടുന്നു. എല്ലാദേശത്തു നിന്നും ഭക്തർ സംഘം ചേർന്ന് വന്നു ചേരുന്നു. ഇവരിൽ പലരുടെയും കുടുംബ ക്ഷേത്രങ്ങളിലും, ദേശ ക്ഷേത്രങ്ങളിലും, വീടിന്റെ മച്ചകത്തും, പൂജാമുറിയിലും മറ്റും കൊടുങ്ങല്ലൂർ ഭഗവതിയെ കുടിയിരുത്തിയിട്ടുണ്ട്. അവിടങ്ങളിൽ പ്രത്യേക പൂജകൾ നടത്തിയ ശേഷമാണ് ഇവർ കൊടുങ്ങല്ലൂരിലേക്ക് വരുന്നത്. ദേവി സ്തുതികൾ പാടി മണികെട്ടിയ വടിയോ, ഭഗവതിയുടെ വാളും ചിലമ്പോ എടുത്തു കൊണ്ടാണ്‌ അവർ വരിക. ധാരാളം കോമരങ്ങളും ആക്കൂട്ടത്തിൽ ഉണ്ടാകാറുണ്ട്.

ഭരണിയിൽ പങ്കെടുക്കുന്ന ഭക്തർ ക്ഷേത്രാങ്കണത്തിൽ ലൈംഗികച്ചുവയുള്ള ഭക്തിപ്പാട്ടുകൾ പാടുന്ന ഒരു ആചാരം അടുത്തകാലം വരെ നിലനിന്നിരുന്നുഇത് . ക്ഷേത്രം കേന്ദ്രീകരിച്ചു പ്രവർത്തിച്ച ബൗദ്ധരെ ഓടിക്കാൻ വേണ്ടിയായിരുന്നുവെന്നും; ശാക്തേയ ആചാരത്തിലെ പഞ്ചമകാരപൂജയുടെ ഭാഗമായ മൈഥുനത്തിന് പകരമായാണ് ഭരണിപാട്ട് പാടിയിരുന്നതെന്നും രണ്ടഭിപ്രായമുണ്ട്. എന്നിരുന്നാലും രതിയും ഊർവ്വരതയും ദൈവികമായികണ്ട് ജീവിച്ചിരുന്ന ആദിമ ജനതയുടെ കൂടിച്ചേരൽ കൂടിയാണ് കൊടുങ്ങല്ലൂർ ഭരണിയെന്നു കണക്കാക്കപ്പെടുന്നു. ദ്രാവിഡരായിരുന്നു അമ്മ ദൈവത്തെ ആദ്യമായി ആരാധിച്ചിരുന്നത്. ഊർവരത, മണ്ണിന്റെ ഫലയൂയിഷ്ടത, കാർഷിക സമൃദ്ധി, യുദ്ധ വിജയം, പ്രകൃതി തുടങ്ങിയവ മാതൃദൈവവുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു.

ആദ്യകാലത്തു ദ്രാവിഡജനത തങ്ങൾ ഉത്പാദിപ്പിക്കുന്ന കാർഷിക വിഭവങ്ങളുടെ പങ്ക് സമർപ്പിച്ചുകൊണ്ട് ജീവിത പ്രാരാബ്ധങ്ങൾ രോഷത്തോടെ പാടി ആദിപരാശക്തിയെ ആരാധിച്ചിരുന്നു. ദാരികവീരനെ വധിച്ചു കലിതുള്ളി വരുന്ന ഭദ്രകാളിയുടെ കോപമടക്കാൻ ശിവഗണങ്ങൾ ദേവീസ്തുതികൾ പാടി നൃത്തം ചവിട്ടിയതിന്റെ ഓർമപ്പെടുത്തലാണ് ഈ ഉത്‌സവം എന്നും; നിരപരാധിയായ തന്റെ ഭർത്താവിനെ വധിച്ചതിൽ സംഹാരരുദ്രയായി മധുരാനഗരം ദഹിപ്പിച്ച വീരനായിക കണ്ണകിയെ സാന്ത്വനിപ്പിക്കാൻ വേണ്ടി ആണെന്നും വിശ്വസിക്കപ്പെടുന്നു. ഭഗവതിയുടെ സ്തുതിയായ തോറ്റം പാട്ടിൽ വടക്കുംകൊല്ലത്തെ കണ്ണകിക്ക് പകരം കന്യാവു കാളി രൂപം പൂണ്ട് പാണ്ട്യ രാജാവിനെ വധിക്കുന്നതായി കാണാം.

ഭരണി കേരളത്തിലാകമാനമുള്ള, പ്രത്യേകിച്ചും വടക്കൻ ജില്ലകളിലെ ദ്രാവിഡ വിഭാഗങ്ങളുടെ അനുഷ്ഠാനമാണ്. തെക്കേ ഇന്ത്യയിലെ ശക്തി ഉപാസകരും, ഭഗവതി ഭക്തരും ഇതിൽ പങ്കെടുക്കുന്നു. കൊടുങ്ങല്ലൂർക്കാരായ ദ്രാവിഡരും ഇതിൽ ക്രിയാത്മകമായി ഇടപെടുന്നുണ്ട്. കുടുംബികൾ, പുലയർ, അരയർ, വള്ളോൻ, വേലൻ, വിശ്വകർമജർ എന്നിങ്ങനെ പല സമുദായങ്ങൾക്ക് ഭരണിയിൽ പ്രത്യേക പങ്കാളിത്തമുണ്ട്. തിരുവോണം നാളിൽ മലബാറിലെ തച്ചോളി വീട്ടുകാരുടെ "കോഴിക്കല്ല് മൂടൽ" ചടങ്ങാണ് പ്രധാനം. കോഴിക്കല്ലിൽ ചുവന്ന പട്ടു വിരിച്ചു പൂവൻകോഴിയെ സമർപ്പിക്കുന്നതാണ് ചടങ്ങ്. അതോടെ കാളിയും ദാരികനും തമ്മിൽ യുദ്ധം തുടങ്ങുന്നു എന്നാണ് വിശ്വാസം. തുടർന്നുള്ള ദിവസങ്ങളിൽ ക്ഷേത്രം പകൽ സമയത്ത് മുഴുവൻ തുറന്നു കിടക്കുന്നു. അതിനാൽ ദർശനം നടത്താൻ സൗകര്യമാണ്. ഈ ദിവസങ്ങളിൽ ക്ഷേത്രത്തിലേക്ക് ഭക്തർ കൂട്ടമായി എത്തുന്നു. തിരുവോണം നാൾ മുതൽ ക്ഷേത്രത്തിലേക്ക് വെളിച്ചപ്പാടന്മാർ കൂട്ടമായി എത്തിത്തുടങ്ങുന്നു. അവർ തങ്ങളുടെ "അവകാശത്തറകളിൽ" നിലയുറപ്പിക്കുകയും ചെയ്യുന്നു. ആറാമത്തെ ദിവസം രേവതി നാളിൽ കളമെഴുത്തു പാട്ടും വിളക്കും ആണ് ചടങ്ങുകൾ. രേവതി ദിവസം ഭദ്രകാളി ദാരികനെ വധിക്കുന്നതായി വിശ്വസിക്കപ്പെടുന്നു. രേവതി സന്ധ്യക്ക്‌ കാളി ദാരികനിൽ നേടിയ വിജയം അറിയിച്ചു കൊണ്ട് "രേവതി വിളക്ക്" തെളിയുന്നു. ആയിരക്കണക്കിന് ഭക്തർ ആണ് രേവതി ദിവസം ദർശനത്തിനായി ക്ഷേത്രത്തിൽ എത്തിച്ചേരുന്നത്. പിറ്റേന്ന് ഏഴാം ദിവസം അശ്വതി നാളിൽ ഉച്ചക്ക് പന്ത്രണ്ടു മണിയോടെ കൊടുങ്ങല്ലൂർ തമ്പുരാന്റെ നേതൃത്വത്തിൽ വടക്കേനട അടച്ചുപൂട്ടി രഹസ്യപൂജയായ "തൃച്ചന്ദനചാർത്ത്" നടത്തുന്നു. ഈ സമയത്ത് കോമര കൂട്ടങ്ങളും ഭക്തരും പുറത്ത് ഭഗവതി സ്തുതികൾ പാടി നൃത്തം ചെയ്യുകയും ഉറഞ്ഞു തുള്ളുകയും ചെയ്യുന്നു. പൂജ പൂർത്തിയാക്കി കോയ്മ പട്ടുകുട ഉയർത്തുന്നതോടെ "കാവ് തീണ്ടൽ" ആരംഭിക്കുന്നു. ഏകദേശം 4 മണി കഴിഞ്ഞാവും ഈ ചടങ്ങ് നടക്കുക. ഈ സമയത്ത് മനോഹരമായി ചെമ്പട്ടണിഞ്ഞു വാളും ചിലമ്പും പൂമാലയും ചിലപ്പോൾ നാരങ്ങാമാലയും ധരിച്ച കോമരക്കൂട്ടങ്ങളും ഭക്തരും മുളന്തണ്ടു കൊണ്ട് ക്ഷേത്രത്തിന്റെ ചെമ്പോല തകിടുകളിൽ ആഞ്ഞടിച്ചു മൂന്ന് തവണ പ്രദക്ഷിണം ചെയ്തു നൃത്തം ചെയ്യുന്നു. 'തനാരോ താന്നാരോ' 'അമ്മേ നാരായണ' ചേർന്ന ഭഗവതി സ്തുതികൾ മുഴങ്ങി കേൾക്കുന്നു.

കോഴിക്കല്ല് മൂടുന്ന ദിവസമായ തിരുവോണം നാൾ മുതൽ ക്ഷേത്രത്തിലേക്ക് വെളിച്ചപ്പാടന്മാർ കൂട്ടമായി എത്തിത്തുടങ്ങുന്നു. അവർ തങ്ങളുടെ "അവകാശത്തറകളിൽ" നിലയുറപ്പിക്കുകയും ചെയ്യുന്നു. ചെമ്പട്ട് കൊണ്ട് കോഴിക്കല്ലു മൂടൽ, കോഴിയെ നടയ്ക്ക് വക്കുക, വാളും ചിലമ്പും സമർപ്പണം, രോഗ ശാന്തിക്കായി മഞ്ഞളും കുരുമുളകും അഭിഷേകം, ശ്വാസകോശരോഗങ്ങൾ അകലുവാൻ തവിട്ടുമുത്തിക്ക് (ചാമുണ്ഡി) തവിട് അഭിഷേകം, ഇഷ്ടവിവാഹത്തിനും ദീർഘ മംഗല്യത്തിനുമായി പട്ടും താലിയും നടയ്ക്കു വെക്കുക തുടങ്ങി ധാരാളം വഴിപാടുകളും ഭരണിയോടനുബന്ധിച്ചു നടക്കാറുണ്ട്. കാവുതീണ്ടലിനെ തുടർന്നുള്ള ഏഴുനാൾ ക്ഷേത്രനട അടച്ചിടുന്നു. ഈ ദിവസങ്ങളിൽ പള്ളിമാടത്തിൽ ആവാഹിച്ചിരുത്തുന്ന ഭഗവതിക്ക് മുൻപിൽ ഭക്തർക്ക് വഴിപാടുകൾ സമർപ്പിക്കാവുന്നതാണ്.

ശാക്തേയ കൗളമാർഗ്ഗത്തിൽ അധിഷ്ഠിതമായ ശാക്തേയ ദ്രാവിഡ ആചാരങ്ങൾ ആണ് ഈ ക്ഷേത്രത്തിൽ കാണപ്പെടുന്നത്. ഇത് ഭഗവതിയുടെ ദ്രാവിഡബന്ധം വെളിവാക്കുന്നു.

പേരിനു പിന്നിൽ

[തിരുത്തുക]

കുംഭമാസത്തിലെ ഭരണിനാളിൽ കൊടിയേറി മീനമാസത്തിലെ ഭരണിനാൾ വരെ നീണ്ടു നിൽകുന്ന ഒരു മാസത്തെ ആചാര അനുഷ്ഠാനങ്ങളാണ് ഈ പേരിനു കാരണം. മീനഭരണി നാളിൽ അഘോഷങ്ങൾ ഒന്നും ഇല്ല. അന്ന് ഭഗവതിക്ക് വരിയരിപ്പായസം നേദിക്കുന്നു. അശ്വതി നാളിലെ പ്രസിദ്ധമായ തൃച്ചന്ദനചാർത്ത് പൂജയോടെ ആഘോഷങ്ങൾ അവസാനിക്കുന്നു.

ഐതിഹ്യം

[തിരുത്തുക]

കാളീ-ദാരികയുദ്ധം തുടങ്ങുന്നു എന്ന സങ്കൽപ്പത്തിൽ ആണ് "കോഴിക്കല്ലു മൂടൽ" നടത്തപ്പെടുന്നത്. ഗുരുതിക്ക് പകരമാണ് ഈ ചടങ്ങ്. ആദിശക്തി ദാരുകനിൽ വിജയം വരിച്ച രേവതിനാളിലാണ് പ്രസിദ്ധമായ "രേവതി വിളക്ക്" നടത്തപ്പെടുന്നത്.[1] പിറ്റേന്ന് അശ്വതിനാളിൽ ശാക്തേയ ആചാരപ്രകാരമുള്ള "തൃച്ചന്ദനച്ചാർത്തുപൂജയാണ്". ഇതൊരു രഹസ്യപൂജയാണ്. അതോടെ ഭഗവതി ഒരു സാധാരണക്കാരി ആയി മാറുന്നു എന്നാണ് ഐതിഹ്യം. ദാരിക വധത്തിനു ശേഷം കോപം അടങ്ങാത്ത ഉഗ്രരൂപിണിയായ ഭദ്രകാളിയെ ശാന്തയാക്കാൻ ശിവഗണങ്ങൾ ദേവീസ്തുതികൾ പാടി നൃത്തമാടിയതിനെ അനുസ്മരിപ്പിച്ചു കൊണ്ടുള്ള ആഘോഷമാണ് "അശ്വതി കാവുതീണ്ടൽ" എന്നും, നിരപരാധിയായ ഭർത്താവിനെ വധിച്ച പാണ്ഢ്യനെ ശപിച്ച് മധുരാനഗരം ദഹിപ്പിച്ച കണ്ണകിയുടെ കോപമകറ്റാൻ ആണെന്നും; അതല്ല ശാക്തേയ സമ്പ്രദായത്തിലെ പഞ്ചമകാരപൂജയുടെ ഭാഗമായുള്ള മൈഥുനത്തിന്(ലൈംഗികത) പകരമാണ് ഇതെന്നും വിശ്വാസമുണ്ട്. ജീവന്റെ നിലനിൽപ്പിനും ആധാരമായ ലൈംഗികതക്ക് പ്രാചീന ഭാരതത്തിൽ ഒരു പാപം, അശ്ലീലം എന്നതിൽ ഉപരിയായി ചില ദൈവിക മാനങ്ങൾ കൊടുത്തിരുന്നതായി താന്ത്രിക ഗ്രന്ഥങ്ങളിൽ കാണാം.

ചരിത്രം

[തിരുത്തുക]

കൊടുങ്ങല്ലൂർ ക്ഷേത്രത്തിന്റെ കാരണഭൂതയായ കണ്ണകി പാണ്ഡ്യനാട്ടിൽ നിന്നും ചേര രാജ്യത്തെത്തിയതാണെന്നാണല്ലോ വിശ്വാസം. ഇതിനു ഉപോത്ഫലകമായി നിരവധി തെളിവുകൾ കാണിക്കുന്നുണ്ട്. ചില ചരിത്രകാരന്മാരുടെ അഭിപ്രായത്തിൽ മംഗളമലയിലുള്ള ബുദ്ധവിഹാരത്തിലാണ് കണ്ണകി ആദ്യം അഭയം തേടിയത്. ഇത് ബുദ്ധ സന്യാസിനിമാരുടെ വിഹാരമായിരുന്നു. പിൽക്കാലത്ത് സംബന്ധമൂർത്തി എന്ന ശൈവ സന്യാസിയുടെ നേതൃത്വത്തിൽ പ്രത്യേക സൈന്യം ശൈവസിദ്ധാന്ത പ്രചാരണർത്ഥം പ്രമുഖ ബുദ്ധവിഹാരങ്ങളിലെല്ലാം തേർവാഴ്ച നടത്തി ബുദ്ധഭിക്ഷുക്കളെയെല്ലാം കൊന്നൊടുക്കിയെന്നും അതിന്റെ ഓർമ്മക്കായി എല്ലാ വർഷവും ആഘോഷങ്ങളും നടത്തിയിരുന്നും എന്നും പറയപ്പെടുന്നു. ബുദ്ധവിഹാരമായിരുന്ന കൊടുങ്ങല്ലൂരായിരുന്നു പ്രമുഖ ബുദ്ധഭിക്ഷുക്കളുടെ അഭയകേന്ദ്രവും. [2]

വടക്കൻ ജില്ലകളിൽ നിന്നു വന്ന തീർത്ഥാടകർ അവരുടെ അവകാശത്തറയിൽ സ്ഥാനം പിടിച്ചിരിക്കുന്നു

ഈ ഉത്സവത്തിനു വരുന്നവരിൽ അധികവും കേരളത്തിന്റെ വടക്കൻ ജില്ലകളിൽ (കടത്തനാടൻ) നിന്നുള്ളവരാണെന്നത് ഒരു പ്രത്യേകതയാണ്‌. ഇന്നും കൊടുങ്ങല്ലൂർ ഭരണി ഈ പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് ഉത്സവമാണ്‌. കൊടുങ്ങല്ലൂരും ചേരന്റെ രണ്ടാം തലസ്ഥാനമായ തൊണ്ടി (തിണ്ടിസ്) പട്ടണം സ്ഥിതി ചെയ്യുന്ന ഈ സ്ഥലങ്ങളും തമ്മിലുള്ള പുരാതന കാലത്തെ ബന്ധമായിരിക്കണം ഈ ആചാരങ്ങൾക്ക് പിന്നിൽ എന്ന് ചില ചരിത്രകാരന്മാർ കരുതുന്നു. [3]

പ്രത്യേകതകൾ

[തിരുത്തുക]

രേവതി വിളക്ക് തൊഴൽ, അശ്വതി കാവ് തീണ്ടൽ, മന്ത്രതന്ത്രാദികൾ ഇല്ലാത്ത കൊടിയേറ്റം, കോഴിക്കല്ല്‌ മൂടല്, പാലക്കവേലൻ എന്ന മുക്കുവന്റെ ചടങ്ങുകൾ പ്രത്യേക അനുഷ്ഠാനങ്ങളാണ്. കൊടിയേറ്റ് ചടങ്ങ് കുംഭമാസത്തിലെ ഭരണിനാളിൽ നടക്കുന്നു. ഇതിനെ ഭരണിവേല കൊടിയേറുക എന്നാണ്‌ പറയുന്നത്.

കൊടുങ്ങല്ലൂർ കാവിൽ കൊടിമരമില്ല. വടക്കേനടയിലും കിഴക്കേനടയിലും തോരണം പോലെ കൊടിക്കൂറകൾ കെട്ടുകയും ക്ഷേത്രത്തിനു ചുറ്റുമുള്ള ആൽമരങ്ങളിൽ കെട്ടിത്തൂക്കുകയുമാണ് ചെയ്യാറുള്ളത്. ധാരാളം കൊടിതോരണങ്ങൾ ഇതിനായി ഉപയോഗിക്കുന്നു. കുംഭ ഭരണി ദിവസം രാവിലെ ഭഗവതിക്ക് പട്ടും താലിയും സമർപ്പിക്കുന്നതോടുകൂടിയാണ് ചടങ്ങുകൾ ആരംഭിക്കുന്നത്. അതിനുള്ള അവകാശം മലയൻ തട്ടാനാണ്.

കാവുതീണ്ടലിനു തുടക്കം കുറിക്കുന്ന ചുവപ്പ് കുട-കൊടുങ്ങലൂർ രാജാവിന്റെ കോയ്മയായ നമ്പൂതിരിയാണ്‌ ഉയർത്തുന്നത്

രേവതി നാളിലെ "രേവതി വിളക്ക് തൊഴൽ", ഭരണിക്ക് തലേ ദിവസം നടക്കുന്ന ചടങ്ങായ (അശ്വതി നാളിൽ) അശ്വതീ കാവു തീണ്ടൽ എന്നിവയാണ് പ്രധാനപ്പെട്ടത്. മീനഭരണി ദിവസം ക്ഷേത്രത്തിൽ യാതൊരാഘോഷവുമില്ല. കുംഭമാസത്തിലെ ഭരണിദിവസമുള്ള കൊടിയേറ്റുമുതൽ മീനമാസത്തിലെ അശ്വതിനാൾ വരെയുള്ള ദിവസങ്ങളാൺ ആഘോഷങ്ങൾ മുഴുവനും. ഇക്കാലയളവിൽ കേരളത്തിലെ മിക്ക ദ്രാവിഡ ക്ഷേത്രങ്ങളിലും പൊങ്കാലയും, പൂരവും, കുത്തിയോട്ടം, കെട്ടുകാഴ്ച എന്നീ ആഘോഷങ്ങൾ നടക്കുന്നു. അശ്വതിനാളിനു മുന്നേ തന്നെ വിദൂരദേശങ്ങളിൽ നിന്നും നിരവധി പേർ കാവിലെത്തും. വ്രതാനുഷ്ടാനത്തോടെ എത്തുന്ന ഭക്തരെ ഭരണിക്കാർ എന്നാണ്‌ വിളിക്കുക.

കുംഭമാസത്തിലെ കൊടിയേറ്റിനോടനുബന്ധിച്ച് നടക്കുന്ന ചടങ്ങുകളിൽ വിശ്വകർമ്മജർ ചേർന്ന് നടത്തുന്ന ഒരു ചടങ്ങുണ്ട്. നല്ലവനായ വീരാശാരിയും മലയൻ തട്ടാൻ എന്നു വിളിക്കുന്ന സ്വർണപ്പണിക്കാരനുമാണവർ. തട്ടാൻ മണികിലുക്കി അമ്പലം വലം വെച്ച് അശുദ്ധമാക്കുന്നു. പ്ലാപ്പിള്ളിത്തറവാട്ടിലെ മൂത്തന്മാർ അശുദ്ധിതീർത്ത് ക്ഷേത്രം ശുദ്ധമാക്കുന്നു. അതോടെ അമ്പലത്തിനു ചുറ്റുമുള്ള എല്ലാ ആലിന്മേലും ഗോപുരത്തിലും കൊടിക്കൂറകൾ കെട്ടുന്നു. അതോടെ ഭരണിക്കാലം ആരംഭിക്കുകയായി.

മീനത്തിലെ തിരുവോണദിവസം കഴിഞ്ഞാൽ ക്ഷേത്രത്തിലേക്ക് ഭക്തജനപ്രവാഹം തുടങ്ങും. എല്ലാദേശത്തു നിന്നും ജനങ്ങൾ സംഘം ചേർന്ന് ഭരണിക്കാരായി വന്നു ചേരുന്നു. ഭരണിപ്പാട്ടും പാടി മണികെട്ടിയ വടിയുമായാണ്‌ അവർ വരിക. വയനാട്, കണ്ണൂർ, തലശ്ശേരി, പാലക്കാട്, കോഴിക്കോട്, കാസർകോട് എന്നിവടങ്ങളിൽ നിന്ന് സംഘമായി കാൽനടയായി വരുന്നവരും ഉണ്ട്. ഭരണിക്ക് പോകുന്നതിനു ഏഴുദിവസത്തെ വ്രതാചരണം അത്യാവശ്യമായിരുന്നു. ശബരിമലക്ക് പോകുന്നതു പോലുള്ള സന്നാഹങ്ങളും പൂജകളും കഴിച്ചാണ്‌ ഇവർ എത്തിയിരുന്നത്. എല്ലാ ജാതിയില്പെട്ടവർക്കും കൊടുങ്ങലൂർ ഭരണിക്ക് പോകാം എന്നും ആദിമകാലങ്ങളിൽ നിരവധി കോഴികളെ അറുത്ത് വെള്ളത്തിനു പകരം മദ്യം തർപ്പണം ചെയ്യുന്ന പതിവായിരുന്നു എന്നാണ്‌ വില്യം ലോഗൻ രേഖപ്പെടുത്തിയിരിക്കുന്നത്. ഭക്തിയും ലഹരിയും ഒത്തുചേരുന്ന അപൂർവ്വം ക്ഷേത്രോത്സവങ്ങളാണ്‌ ഇത്.

കാവുതീണ്ടാനെത്തുന്ന കോമരങ്ങൾ- ചുവന്ന വസ്ത്രം ധരിച്ച ഇമ്മതിരി നൂറുകണക്കിന്‌ കോമരങ്ങൾ ഇവിടെ എത്തുന്നു

കോഴിക്കല്ല് മൂടൽ

[തിരുത്തുക]

മീനഭരണിക്ക് ഏഴ് ദിവസം മുൻപാണ്‌ കോഴിക്കല്ലു മൂടൽ എന്ന ചടങ്ങ്. ശ്രീഭദ്രകാളി ദാരികനുമായി അങ്കം കുറിക്കുന്നു വെന്ന് വിശ്വസിക്കുന്ന ചടങ്ങാണിത്. അതോടെ ദക്ഷിണെന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് ശാക്തെയരും കാളി ഉപാസകരും ഭഗവതി ഭക്തരും ക്ഷേത്രത്തിലേക്ക് എത്തിച്ചേരുന്നു. ചിലർ അടുത്തുള്ള കടലിൽ കുളിച്ചു ഭഗവതിയെ തൊഴുന്നു.[4] ആദ്യകാലങ്ങളിൽ നടക്കൽ പൂവൻകോഴിയെ അറുത്ത് ബലി കൊടുക്കുന്ന പതിവുണ്ടായിരുന്നു.1953ൽ മൃഗബലി പൊതുക്ഷേത്രങ്ങളിൽ നിരോധിച്ചതുമൂലം അതിനു പകരമായി ചുവന്ന പട്ട് കൊണ്ട് ബലിക്കല്ല് മൂടുന്ന ചടങ്ങാണ്‌ നടത്തപ്പെടുന്നത്. കൂടാതെ പ്രതീകാത്മകമായി കുമ്പളങ്ങ മുറിക്കലും കോഴിയെ പറപ്പിക്കലും നടത്തിവരുന്നു. നിരോധനം വരുന്നതിനു മുന്പ് വടകരയിലെ തച്ചോളി വീട്ടിലെ അവകാശമായിരുന്നു ആദ്യത്തെ പൂവൻകോഴിയെ ബലി കഴിക്കുക എന്നത്. കോഴിക്കല്ല് മൂടിയാൽ പിന്നെ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ വെടി നിർത്തിവക്കുന്നു. പിന്നീട് നടതുറപ്പിനുശേഷമേ വീണ്ടും ഇത് പുനരാരംഭിക്കുകയുള്ളൂ. കോഴിക്കല്ല് മൂടൽ കഴിഞ്ഞ് കാവിന്റെ തെക്കുകിഴക്കേ മൂലയിൽ കിഴക്കുഭാഗത്തെ ഒരാലിൽ നിന്നും തെക്കുഭാഗത്തുള്ള ഒരു ആലിലേക്ക് കൊടിക്കൂറകളും ചെറുമണികളും ഇടകലർത്തി കെട്ടിയ തോരണം ഉയരത്തിൽ വലിച്ചുകെട്ടുന്നു. അമ്പലത്തിന്റെ പ്രദക്ഷിണവഴിയിലുളള ആലുകളിൽ തന്നെയാണ് ഇങ്ങനെ കെട്ടുന്നത്. ഇതിനെ വേണാടൻ കൊടിയേറൽ എന്നാണ് പറയുന്നത്. ഇതു കെട്ടുന്നതും എടമുക്കുകാരായ മൂപ്പന്മാർ (കുടുംബികൾ) തന്നെയാണ്.

മീന മാസത്തിലെ തിരുവോണ നാളിൽ അവകാശികളായ ഭഗവതി വീട്ടിലെ പ്രതിനിധികൾ വടക്കെ നടയിലെ നടപ്പന്തിലിന്റെ അടുത്തുള്ളപ്രധാന ദീപസ്തംഭതിനു താഴെ, വട്ടത്തിലുള്ള വലിയ രണ്ടു കല്ലുകൾ കുഴിയുണ്ടാക്കി അതിലിട്ട് മൂടുന്നു. അതിനു മേൽ മണൽ തിട്ടയുണ്ടാക്കി ചുവന്ന പട്ടു വിരിക്കുന്നു. ഭഗവതി വീട്ടിലെ കാരണവർ തച്ചോളി വീട്ടിലെ കോഴി ഹാജരുണ്ടൊ എന്ന് മൂന്നു പ്രാവശ്യം വിളിച്ചു ചോദിക്കും. കോഴികളെ ആദ്യം സമർപ്പിക്കുന്നതിന് അവകാശികളായിട്ടുള്ള വടക്കെ മലബാറിലെ തച്ചോളി തറവാട്ടിലെ പ്രതിനിധികൾ മൂന്നു തവണ മണൽ തിട്ടയെമൂന്നു തവണ പ്രദക്ഷിണം ചെയ്ത് ചുവന്ന പട്ടിൽ പൂവൻകോഴികളെ സമർപ്പിക്കുന്നു. ക്ഷേത്രത്തിന്റെ തെക്കു കിഴക്കെ മൂലയിൽ വേണാടൻ കൊടികൾ ഉയരും. തുടർന്ന് ക്ഷേത്ര അധികാരികളും പിന്നെ ഭക്തരും കോഴികളെ സമർപ്പിക്കും.[4]

രേവതി വിളക്ക്

[തിരുത്തുക]

രേവതി നാളിൽ നടക്കുന്ന പ്രസിദ്ധമായ ചടങ്ങാണ് "രേവതി തൊഴൽ". പതിനായിരങ്ങളാണ് അന്നേ ദിവസം ഭഗവതി ദർശനത്തിനായി ക്ഷേത്രത്തിൽ എത്തിച്ചേരുന്നത്. അന്ന് കളമെഴുത്ത് പാട്ടും നടക്കുന്നു. ദാരികവധം പാട്ടാണ് പാടുന്നത്. സന്ധ്യക്ക്‌ ക്ഷേത്രത്തിന് മുൻപിൽ സ്ഥാപിച്ചിട്ടുള്ള കൽവിളക്കിൽ രേവതിദീപം തെളിയിക്കുന്നു. ദാരികനിൽ ഭദ്രകാളി വിജയം നേടിയതിന്റെ വിളംബരമാണ് രേവതി വിളക്ക്. രേവതി നാളിലെ ദേവീദർശനം ഐശ്വര്യപ്രദായകവും ദുരിതനാശകരവും ആണെന്നാണ് വിശ്വാസം. രേവതിക്ക് തലേ ദിവസം തന്നെ ധാരാളം ഭക്തജനങ്ങളും കോമരങ്ങളും ക്ഷേത്രത്തിൽ എത്തിച്ചേരുന്നു.

കാവുതീണ്ടൽ

[തിരുത്തുക]

"രേവതി കഴിഞ്ഞു പിറ്റേദിവസം അശ്വതി നാളിൽ നടക്കുന്ന പ്രസിദ്ധമായ "തൃച്ചന്ദനച്ചാർത്തു പൂജയും" തുടർന്ന് "ഭക്തിയുടെ രൗദ്രഭാവം" എന്ന് വിശേഷിപ്പിക്കുന്ന "കാവു തീണ്ടൽ" അഥവാ 'കാവ് പൂകൽ' എന്ന ചടങ്ങുമാണ് കൂടുതൽ പ്രാധാന്യമുള്ളത്. "തീണ്ടുക" എന്നാൽ അശുദ്ധമാക്കുക എന്നാണ്‌ അർത്ഥം. ചുവന്ന പട്ടുടുത്ത് വാളും ചിലമ്പും പൂമാലയും ധരിച്ച ധാരാളം വെളിച്ചപ്പാടുകൾ അന്നേ ദിവസം ക്ഷേത്രത്തിൽ എത്തിച്ചേരുന്നു. ഭക്തർ ക്ഷേത്രത്തിലെ ചെമ്പോല തകിടുകളിൽ മുളംതണ്ട് കൊണ്ട് അടിച്ചു മൂന്ന് പ്രദക്ഷിണം ചെയ്യുകയും ശെഷം മുളംതണ്ടിൽ താളമിട്ടു ദേവീസ്തുതികൾ പാടി നൃത്തം ചെയ്യുന്നു. ദേവീ പ്രീതിക്കായി വാളും ചിലമ്പും ധരിക്കുക, ശത്രുതാദോഷ നിവാരണത്തിനായി ചെമ്പട്ട് കൊണ്ട് കോഴിക്കല്ല് മൂടുക, മഞ്ഞളും കുരുമുളകും ഉഴിഞ്ഞിടുക, കോഴി പറത്തൽ തുടങ്ങിയ വഴിപാടുകളും അന്ന് നടത്തപ്പെടുന്നു.

കൊടുങ്ങല്ലൂർ ഭരണിയോടനുബന്ധിച്ച് നടക്കുന്ന കാവുതീണ്ടൽ എന്ന ചടങ്ങ്- ക്ഷേത്രത്തെ അശുദ്ധമാക്കുന്ന എന്ന പ്രതീകാത്മകമായ ചടങ്ങാണിത്

ഭരണിനാളിനു തലേദിവസം അശ്വതി നാളിൽ നടക്കുന്ന പ്രത്യേക ചടങ്ങാണ്. കാവുതീണ്ടൽ. അന്ന് ഉച്ചക്ക് പന്ത്രണ്ടു മണിയോടെ ക്ഷേത്രത്തിൻറെ വടക്കേ നട അടച്ചുപൂട്ടും. പിന്നീട് ക്ഷേത്രത്തിനകത്തേക്ക് ആരേയും പ്രവേശിപ്പിക്കുകയില്ല. അത്താഴപൂജക്ക് ശേഷം "അശ്വതീപൂജ" എന്ന പേരിൽ രഹസ്യമായ മറ്റൊരു ചടങ്ങൂകൂടി നടത്തപ്പെടുന്നു.

ക്ഷേത്രാധികാരിയായ വലിയ തമ്പുരാൻ, എടമുക്ക് മൂപ്പന്മാർ ചുമക്കുന്ന പല്ലക്കിൽ സർവാഭരണഭൂഷിതനായി ബലിക്കല്പ്പുരയിൽ എഴുന്നെള്ളുന്നു. പാലയ്ക്കൽ വേലൻ പടിഞ്ഞാരെ നടയിൽ പീഠമിട്ട് ഇരിക്കും. തമ്പുരാന്റെ അനുവാദത്തോടെ അടികൾ പൂജക്കായി ശ്രീക്കോവിലിൽ പ്രവേശിക്കും.ഈ സമയം തന്ത്രിയും തമ്പുരാനും പരിവാരങ്ങളും ക്ഷേത്രത്തികത്ത് പ്രവേശിക്കും [5]. ശ്രീകോവിലിലെ എല്ലാ പൂജാസാധങ്ങളും പുറത്തുവെച്ച്, പരാശക്തിയുടെ പ്രതിഷ്ഠയിൽ നിന്ന് ആഭരണങ്ങൾ എല്ലാം അഴിച്ചുമാറ്റി, ശ്രീകോവിൽ കഴുകി വൃത്തിയാക്കുന്നു.പിന്നീടുള്ള പൂജകൾ പുതിയ പാത്രങ്ങൾ ഉപയോഗിച്ചാണ്. കരിക്ക് മൂട് വെട്ടി ആ കരിക്കുവെള്ളവും മഞ്ഞൾപ്പൊടിയും ചേർത്ത് തൃച്ചന്ദനമുണ്ടാക്കി, വിഗ്രഹത്തിൽ ചാർത്തുന്നു. അടികൾക്കാണ് ഇതിന്നവകാശം. ദേവി ഒരു സാധാരണക്കാരിയായി മാറുന്നു എന്നാണ് സങ്കൽപ്പം.പാരമ്പര്യമായി കിട്ടിയ രഹസ്യമന്ത്രങ്ങൾ കൊണ്ട് തൃച്ചന്ദനപൂജകൾ കഴിഞ്ഞ് അടികൾമാരും അകത്തുണ്ടായിരുന്ന തന്ത്രിയും തമ്പുരാനും പുറത്തിറങ്ങും. പിന്നീടാണ് കാവുതീണ്ടലിന് തമ്പുരാൻ അനുവാദം കൊടുക്കുന്നത്. [6]

തൃച്ചന്ദനപൂജകൾ കഴിഞ്ഞ് അടച്ച നട തുറക്കുമ്പോൾ അടികൾമാർ ചേർന്ന് വരിയരി പായസം നിവേദിക്കും. ഇതിനുള്ള നെല്ല് പരമ്പരാഗതമായി എത്തിക്കുന്നത് ഗുരുവായൂരിനടുത്ത കൊരഞ്ഞിയൂർ കീഴേപ്പാട്ട് തറവാട്ടിലെ പ്രതിനിധിയാണ്. [7]

ഉത്രട്ടാതി നാൾ മുതൽ കാവിൽ കോമരങ്ങൾ എത്തിത്തുടങ്ങും. രേവതിവെളുപ്പിന് വടക്കുനിന്നും തെക്കുനിന്നും കോമരങ്ങളുടെ വൻ കൂട്ടം തന്നെ കാവിൽ ഉണ്ടാകും. പാലക്കാട്, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ ജില്ലകളിൽ നിന്നും ധാരാളം പേർ ഭരണിക്ക് എത്താറുണ്ട്. ആലപ്പുഴ, കൊല്ലം, പത്തനംതിട്ട എന്നീ തെക്കൻ ജില്ലകളിൽ നിന്നും ഉണ്ടാകാറുണ്ട്. കോയമ്പത്തൂരിൽ നിന്നും ധാരാളം ഭക്തജനങ്ങൾ എത്തുന്നുണ്ട്. പക്ഷേ കോമരങ്ങൾ കൂടുതലും കേരളത്തിലെ വടക്കൻ ജില്ലകളിൽ നിന്നാണ്. ഓരോ ദേശത്തും ഒരു പ്രധാന കോമരത്തിന്റെ കീഴിൽ ഒരു സംഘം ഉണ്ടാകും.

കോമരങ്ങൾ ഉൾപ്പെടെയുള്ള ഭക്തർ വരുന്നത് വഴിപാടുസാമഗ്രികളുമായാണ്. അവർ, വഴിക്ക് ചില വീടുകളൊക്കെകയറി ഭിക്ഷ (നെല്ല്) വാങ്ങിച്ചുകൊണ്ടാണ് വരാറ്. അങ്ങനെ തെണ്ടി വരണം എന്നുമുണ്ട്. ഭിക്ഷയായി കിട്ടുന്ന നെല്ല് ചാക്കിലാക്കി ചുമന്നുനടക്കാൻ കോമരത്തിനൊപ്പം വേറെയും ആളുകൾ ഉണ്ടാകും. വഴിപാടായി നെല്ല് കൂടാതെ തിനപോലുള്ള ധാന്യങ്ങൾ, കുരുമുളക്, മഞ്ഞൾപ്പൊടി, എള്ള്, കടുക്, തേങ്ങ എന്നിവയുണ്ടാകും. ഇവ പൊതിഞ്ഞുകെട്ടി പള്ളിമാടത്തിലേക്ക് എറിയുകയാണ് ചെയ്യാറ്. നാണയങ്ങളും എറിയാറുണ്ട്. കുരുമുളകും മഞ്ഞൾപ്പൊടിയും വസൂരിമാലയുടെ കെട്ടിലേക്കും എറിയും. കുരുമുളകും മഞ്ഞൾപ്പൊടിയുമാണ് വഴിപാടായി ഏറ്റവും കൂടുതൽ വരാറുള്ളത്. [8]

കാവുതീണ്ടലിനായി എത്തുന്ന കോമരങ്ങൾ കാവിന്റെ കിഴക്കേ നടയിലുള്ള വടക്കേടത്ത് മഠത്തിന്റെ മുറ്റത്താണ് തടിച്ചുകൂടുക. ഇവിടത്തെ അറയിൽ ഭഗവതി സാന്നിദ്ധ്യമുണ്ടെന്നാണ് വിശ്വാസം. ഇവിടെ നിന്ന് വെളിച്ചപ്പാട് പൂജിച്ചു നൽകുന്ന വാളുമായാണ് കോമരങ്ങൾ കാവുതീണ്ടുന്നത്. [7]

ഇതിനുശേഷം നടതുറക്കുമ്പോൾ ദർശനം നടത്തുന്നത് സർ‌വൈശ്വര്യപ്രധാനിയാണ്‌ എന്ന് ഭക്തർ വിശ്വസിക്കന്നു. നടതുറന്നു കഴിഞ്ഞാൽ കൊടുങ്ങല്ലൂർ കോവിലകത്തെ വലിയ തമ്പുരാനെ ദേവിയുടെ ഭക്തന്മാരും യോഗക്കാരും ചേർന്ന് ആനയിച്ച് കൊണ്ടുവരുന്നു. അദ്ദേഹം കിഴക്കേ നടയിലുള്ള നിലപാടുതറയിൽകയറി കോയ്മ സ്വീകരിക്കുന്നതോടെ കാവ്തീണ്ടൽ ആരംഭിക്കുകയായി. പാലക്കവേലൻ എന്ന മുക്കുവനാണ്‌ ദേവിയുടെ ആരോഗ്യത്തിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ചുക്കാൻ. പാലക്കവേലന്റെ കയ്യിൽ നിന്ന് ഇളനീർ വാങ്ങിക്കുടിച്ചശേഷമാണ്‌ തമ്പുരാൻ തന്റെ കോയ്മയായ നമ്പൂതിരിക്ക് പട്ടുകുട ഉയർത്താനുള്ള ഉത്തരവ് കൊടുക്കുന്നത്. ആദ്യം കാവുതീണ്ടാനുള്ള അനുമതി പാലക്കവേലനാണ്. അതിനുശേഷം അതുവരെ ഊഴം കാത്ത് നിൽക്കുന്ന കോമരങ്ങളും ജനങ്ങളും ഒന്നിച്ച് ആവേശലഹരിയോടെ ദിക്കുകൾ മുഴങ്ങുന്ന തരത്തിൽ മരങ്കമ്പുകൊണ്ട് ക്ഷേത്രത്തിന്റെ ഓടുമേഞ്ഞ മേൽക്കൂരയിൽ അടിച്ചുകൊണ്ട് മൂന്നുപ്രാവശ്യം വലം വക്കുന്നു. ഇതാണ്‌ കാവുതീണ്ടൽ. കാവുതീണ്ടൽ എന്നു പറയുന്നത് ആദ്യകാലത്ത് കാവുമായി ബന്ധമുണ്ടായിരുന്ന എല്ലാ ജാതിക്കാർക്കും പിന്നീട് ക്ഷേത്രം വിലക്കപ്പെട്ടപ്പോൾ വർഷത്തിലൊരിക്കൽ കാവിൽ പ്രവേശിക്കാനായി ഒരുക്കപ്പെട്ട ഒരു ദിനമാണ്‌. അതിന്റെ ഓർമ്മക്കായി ദേവീഭക്തന്മാരും കോമരങ്ങളും ഉറഞ്ഞ്തുള്ളി മൂന്നുവട്ടം ക്ഷേത്രത്തെ വലം വക്കുന്നു. ക്ഷേത്രത്തിന്റെ മേൽക്കൂരയിലെ ചെമ്പ് പലകയിൽ അടിച്ചുകൊണ്ടാണ്‌ ഈ പ്രദക്ഷിണം വക്കൽ നടക്കുന്നത്. ഇതിനുശേഷം ഏഴുദിവസം കഴിഞ്ഞേ (പൂയം നാളിൽ) ക്ഷേത്രനട തുറക്കൂ. .

അച്ഛന്റെ തോളിലേറി ഒരു കുട്ടി കാവിലേക്ക്- ചെറിയ കുട്ടികളും കാവു തീണ്ടലിൽ പങ്കെടുക്കുന്നു

കാവുതീണ്ടൽ കഴിഞ്ഞ് പിറ്റേ ദിവസം (ഭരണി) വരിനെല്ലിന്റെ പായസമാണ്‌ നിവേദ്യമായി നൽകുക.കാളി- ദാരിക യുദ്ധത്തിൽ മുറിവേറ്റ് ചികിൽസ കഴിഞ്ഞ് ദേവി ആദ്യം കഴിക്കുന്ന ഭക്ഷണമാണിത്. 40 കിലൊഗ്രാം ശർക്കര, 101 നാളികേരം, 101 കദളിപ്പഴം, 2 കിലൊഗ്രാം നെയ്യ്, സുഗന്ധദ്രവ്യങ്ങൾ എന്നിവ ചേർത്താണ് വരിയരിപായസം ഉണ്ടാക്കുന്നത്. [6] പിറ്റേന്ന് മുതൽ ഒരോ നേരത്താണ്‌ പൂജ. വടക്കേ നട അടഞ്ഞു കിടക്കുന്നതിനാൽ അടികൾ കിഴക്കേ നട വഴിയാണ്‌ പൂജ ചെയ്യാനകത്ത് കയറുക.

അതിനുശേഷം ഭഗവതിയെ പള്ളിമാടത്തിൽ സങ്കൽപ്പിച്ചിരുത്തും. കിണ്ടിയിൽ ഉടയാടകളും,വാൽക്കണ്ണാടിയും വെച്ച് അതിനുമുമ്പിൽ നെറ്റിപ്പട്ടം വിരിച്ചുവെച്ച് കിഴക്കോട്ട് നിലവിളക്കുകൾ തെളിയിക്കും.ഇതോടെ വടക്കെ നടയിലെ കൊടിമരത്തിൽ വെന്നിക്കൊടി ഉയർത്തുന്നതോടെ ഭരണി മഹോൽസവും സമാപിക്കുന്നു. [6]

ഭരണിപ്പാട്ട്

[തിരുത്തുക]

കോഴിക്കല്ലുമൂടൽ ചടങ്ങു കഴിഞ്ഞ ഉടൻ തന്നെ വടക്കേഗോപുരത്തിൽ ഭരണിപ്പാട്ട് തുടങ്ങുന്നു. തൃശ്ശൂരിനടുത്തുള്ള വല്ലച്ചിറയിൽ നിന്നു വരുന്ന സംഘമാണ് പാടിത്തുടങ്ങുന്നത്. ഇവരുടെ ഒപ്പം കോമരങ്ങൾ ഇല്ല. ഇവരിലെ കാരണവർ ദേവിയെ സ്തുതിച്ചുകൊണ്ട് പാടുകയും മറ്റുള്ളവർ "തനാരോ തന്നാരോ" പാടുകയും ചെയ്യുന്നു. ഊരകത്തമ്മയും കൊടുങ്ങല്ലൂരമ്മയും തമ്മിലുള്ള ഒരു സംവാദം ഇവരുടെ ആദ്യപാട്ടിലുണ്ട്.

കാവ് തീണ്ടൽ നടക്കുന്ന അശ്വതി നാളിലാണു ഭരണിപ്പാട്ട് കൂടുതലായും പാടുന്നത്. ദൈവത്തിനെ സ്തുതിച്ചു കൊണ്ടും ലൈംഗികച്ചുവയുള്ള പാട്ടുകളോ നാടൻ ഭക്തി പാട്ടുകളോ പാടിക്കൊണ്ടും ആണു ഭക്തർ കാവ് തീണ്ടുന്നത്. ചിലർ തങ്ങളുടെ ജീവിതപ്രാരാബ്ധങ്ങളും രോഷത്തോടെ പാടി കാളിയെ സ്തുതിക്കുന്നു. ശാക്തേയപൂജയിലെ മൈഥുനത്തിന് പകരമായാണ് ലൈംഗികച്ചുവയുള്ള സ്തോത്രങ്ങൾ പാടിയിരുന്നത് എന്ന് കണക്കാക്കപ്പെടുന്നു. എന്നാൽ ഇന്ന് "അമ്മേ നാരായണ" പോലെയുള്ള ഭഗവതിസ്തുതികൾ ആണ് കൂടുതലും പാടിക്കാണുന്നത്.

അവകാശത്തറകൾ

[തിരുത്തുക]

ചില ദേശങ്ങളിലെ കോമരങ്ങൾക്ക് ഭരണിക്കാലത്ത് ഒതുകൂടാനുള്ളതാണ് അവകാശത്തറകൾ. ഏകദേശം 47 തറകളോളമുണ്ട്. ഇതിൽ ഭൂരിഭാഗവും വടക്കൻ ജില്ലകളിൽ നിന്നും വരുന്ന ദേശക്കാരുടെ വകയാണ്. ആൽത്തറപണം പിരിക്കുന്നത്, കോതപറമ്പിലെ അരയംപറമ്പിൽ തറവാട്ടുകാരാണ്. ഈ പണം വലിയ തമ്പുരാനുള്ളതാണ്. തറകളിൽ ഉടമസ്ഥാവകാശം കുറിച്ചിട്ടുണ്ട്. ഭരണി നാളിൽ മറ്റു ദേശക്കാർക്ക് ഇവിടെ പ്രവേശനം ഇല്ല.[4]

ഇതിലെ ഏറ്റവും പ്രധാന തറ നിലപാടു തറയാണ്. വലിയ തമ്പുറൻ എഴുന്നെള്ളുന്നത് ഇവിടെയാണ്. കാവുതീണ്ടലിന് അനുമതി നൽകുന്നതിന്റെ അടയാളമായി ചുവന്ന പട്ടുകുട ഉയർത്തുന്നത് ഇവിടെയാണ്.[4]

ചിത്രങ്ങൾ

[തിരുത്തുക]

കുറിപ്പുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "രേവതി വിളക്ക് വ്യാഴാഴ്ച്ച; തൊഴുതാൽ അക്ഷയ പുണ്യം". 2023-03-22. Retrieved 2023-04-14.
  2. https://books.google.ae/books?id=Be3PCvzf-BYC&pg=PA109&lpg=PA109&dq=chera+and+buddhism&source=bl&ots=9kanUcjnDq&sig=Traf07JuSw-0dA9xhxEl3JclfY8&hl=en&sa=X&ved=0ahUKEwj69N6FgfrSAhWNhRoKHXAICgEQ6AEIKjAC#v=onepage&q=chera%20and%20buddhism&f=false
  3. വേലായുധൻ, പണിക്കശ്ശേരി. സഞ്ചാരികൾ കണ്ട കേരളം (2001 ed.). കോട്ടയം: കറൻറ് ബുക്സ്. p. 434. ISBN 81-240-1053-6. {{cite book}}: Cite has empty unknown parameters: |accessyear=, |origmonth=, |accessmonth=, |month=, |chapterurl=, |origdate=, and |coauthors= (help)
  4. 4.0 4.1 4.2 4.3 മാതൃഭൂമി ദിനപത്രം, തൃശ്ശൂർ പതിപ്പ്, പേജ്3, 4 ഏപ്രിൽ 2016
  5. പേജ് 2, മാതൃഭൂമി ദിനപത്രം, തൃശ്ശൂർ എഡിഷൻ,തിയതി 08.04.16
  6. 6.0 6.1 6.2 പേജ് 2, മാതൃഭൂമി ദിനപത്രം, തൃശ്ശൂർ എഡിഷൻ,തിയതി 09.04.16
  7. 7.0 7.1 പേജ് 17, മാതൃഭൂമി ദിനപത്രം, തൃശ്ശൂർ എഡിഷൻ,തിയതി 30.03.14
  8. ആദർശ്, സി. "കൊടുങ്ങല്ലൂർ ഭരണി; ചില പുരാവൃത്തങ്ങൾ".
തൃശ്ശൂർ - കൂടുതൽ വിവരങ്ങൾ

edit

ചരിത്രം തൃശ്ശൂരിന്റെ ചരിത്രം,കൊച്ചി രാജ്യം, കേരള ചരിത്രം, ശക്തൻ തമ്പുരാൻ, കൊടുങ്ങല്ലൂർ
പ്രധാന സ്ഥലങ്ങൾ തൃശൂരിനടുത്തുള്ള പ്രധാനസ്ഥലങ്ങൾ, തൃശൂരിലെ ഗ്രാമപ്രദേശങ്ങൾ, സ്വരാജ് റൗണ്ട്, തൃശ്ശൂർ, തൃശ്ശൂർ ജില്ല
സർക്കാർ
നിയമസഭാ മണ്ഡലങ്ങൾ ചേലക്കര, കുന്നംകുളം, ഗുരുവായൂർ, മണലൂർ, വടക്കാഞ്ചേരി, ഒല്ലൂർ, തൃശ്ശൂർ, നാട്ടിക, കയ്പമംഗലം, ഇരിങ്ങാലക്കുട, പുതുക്കാട്, ചാലക്കുടി, കൊടുങ്ങല്ലൂർ
സ്ഥാപനങ്ങൾ, ചരിത്രസ്മാരകങ്ങൾ ശക്തൻ തമ്പുരാൻ കൊട്ടാരം, കേരള സംഗീതനാടക അക്കാദമി, കേരള സാഹിത്യ അക്കാദമി
വിദ്യാഭ്യാസം തൃശ്ശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ
ആശുപത്രികൾ തൃശൂരിലെ പ്രധാന ആശുപത്രികൾ
ഗതാഗതം നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം
സംസ്കാരം കേരളസംസ്കാരം, കേരളത്തിലെ പാചകം, മലയാളം, കേരള സാഹിത്യ അക്കാദമി, കേരള സംഗീത നാടക അക്കാദമി, കേരള ലളിതകലാ അക്കാഡമി
ആരാധനാലയങ്ങൾ തൃശൂരിലെ ആരാധനാലയങ്ങൾ, ഹൈന്ദവക്ഷേത്രങ്ങൾ, വടക്കുംനാഥ ക്ഷേത്രം, ഗുരുവായൂർ ക്ഷേത്രം, കൽദായ സുറിയാനി പള്ളി
മറ്റ് വിഷയങ്ങൾ തൃശൂർ പൂരം, ശക്തൻ തമ്പുരാൻ
"https://ml.wikipedia.org/w/index.php?title=കൊടുങ്ങല്ലൂർ_ഭരണി&oldid=4083314" എന്ന താളിൽനിന്ന് ശേഖരിച്ചത്