അരയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിന്റെ തീരദേശത്തുള്ള ധീവര വിഭാഗത്തിൽ പെട്ട ഒരു പ്രമുഖ ജനസമൂഹമാണ് അരയന്മാർ. പരമ്പരാഗതമായി മത്സ്യബന്ധനം മുഖ്യ ജീവിതവൃത്തിയായുള്ള ഇവരിൽ ബഹുഭൂരിപക്ഷവും ഹിന്ദുമതവിശ്വാസികളാണ്.

നിരുക്തം[തിരുത്തുക]

അരയൻ എന്ന പദം നാടുവാഴി എന്നർഥമുള്ള 'അരശൻ' എന്ന ദ്രാവിഡപദത്തിന്റെ രൂപഭേദമാവാൻ സാധ്യതയുണ്ട്.

ചരിത്രം[തിരുത്തുക]

അരയർ ഉൾപ്പെടുന്ന ധീവര വിഭാഗക്കാരുടെ പ്രാമാണികത്വത്തിന് സിന്ധുതടസംസ്കാരകാലത്തോളം പഴക്കമുണ്ട്. തിരുവിതാംകൂർ, കൊച്ചി രാജാക്കന്മാരുടെ സൈന്യങ്ങളിൽ ഇവർ ഏറെയുണ്ടായിരുന്നു എന്നു പറയപ്പെടുന്നു. രാജാക്കന്മാരുടെ അകമ്പടിക്കാരായും ഇവർ നിയോഗിക്കപ്പെട്ടിരുന്നു. രാജാക്കന്മാർ പള്ളിയോടങ്ങളിൽ എഴുന്നള്ളുമ്പോൾ ഓടങ്ങൾ നയിക്കുവാനും അകമ്പടി സേവിക്കുവാനും നിയോഗിക്കപ്പെട്ടിരുന്ന അരയപ്രമാണിമാരെ 'വലിയഅരയൻ' എന്ന സ്ഥാനപ്പേരിൽ അറിയപ്പെട്ടിരുന്നു.തിരുവിതാംകൂർ രാജാവിന്റെ നാവികപ്പടയുടെ നായകനായിരുന്നു ചെമ്പിൽ അനന്തപദ്മനാഭൻ വലിയ അരയൻ. കൊച്ചി വലിയ അരയനായിരുന്നു കൊച്ചി രാജാവിന്റെ നാവികസേനാമേധാവി. ചെമ്പിൽ അരയൻ എന്ന യോദ്ധാവിന്റെ കീഴിൽ വന്ന അരയന്മാരുടെ പട 1809-ൽ മക്കാളെ പ്രഭുവിന്റെ കൊട്ടാരമായ ബോൾ‌ഗാട്ടി പാലസ് ആക്രമിച്ച് ബ്രിട്ടീഷുകാരെ നേരിട്ടതായി ചരിത്രമുണ്ട്. തൃപ്പൂണിത്തുറ കൊട്ടാരത്തിൽ നിന്ന് പുറപ്പെടുന്ന അത്തച്ചമയ ഘോഷയാത്രയിൽ ചെമ്പിൽ അരയന് പ്രത്യേകം സ്ഥാനം നൽകി വരുന്നുണ്ട്.[1] കുഞ്ഞാലിമരയ്ക്കാറിനു മുൻപ് സാമൂതിരിയുടെ നാവികപ്പടയുടെ നായകത്വം വഹിച്ചിരുന്നത് ഒരു അരയനായിരുന്നു.നാവികപ്പടയ്ക്ക് പുറമേ കാലാൾപ്പടയിലും അരയസമൂഹക്കാർ സേവനം അനുഷ്ടിച്ചിരുന്നു. അമ്പലപ്പുഴ രാജാവിന്റെ കാലാൾപ്പടയിൽ ഒട്ടുമുക്കാലും അരയന്മാരായിരുന്നു. തിരുവിതാംകൂറിലെയും ദേശിങ്ങനാട്ടിലെയും കരസേനയിൽ അരയന്മാരായിരുന്നു ഏറ്റവുമധികം. ആറ്റിങ്ങൽ റാണിയുടെ സേനാനായകനായിരുന്ന വീരമാർത്താണ്ഡൻ ഒരു അരയനായിരുന്നു.

സാമൂഹികം[തിരുത്തുക]

അരയന്മാരുടെ സാമൂഹ്യജീവിതത്തെ അധികരിച്ച് സാഹിത്യകൃതികളും ചലച്ചിത്രങ്ങളും നിർമ്മിക്കപ്പെട്ടിട്ടുണ്ട്. തകഴി ശിവശങ്കരപ്പിള്ളയുടെ ചെമ്മീൻ എന്ന നോവലിൽ അരയന്മാരുടെ ജീവിതം ചിത്രീകരിക്കപ്പെടുന്നുണ്ട്. ആ നോവലിനെ ആശ്രയിച്ച് ചെമ്മീൻ എന്ന പേരിൽ തന്നെ നിർമ്മിച്ച ചലച്ചിത്രത്തിലും, മറ്റൊരു മലയാള ചലച്ചിത്രമായ അമരത്തിലും അരയന്മാരുടെ ജീവിതം ചിത്രീകരിക്കപ്പെട്ടുണ്ട്. ആധുനികകേരളത്തിലെ ആദ്ധ്യാത്മികനവോത്ഥാന മണ്ഡലത്തിലെ പ്രമുഖയായ ‍അമൃതാനന്ദമയി അരയസമുദായത്തിലാണ് ജനിച്ചത്.

പ്രസിദ്ധരായവർ[തിരുത്തുക]

അവലംബങ്ങൾ[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അരയന്മാർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അരയൻ&oldid=1970962" എന്ന താളിൽനിന്ന് ശേഖരിച്ചത്