വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അണുസംഖ്യ 30-ഉം പ്രതീകം Zn-ഉം ആയ ഒരു ലോഹമൂലകമാണ് നാകം അഥവാ സിങ്ക് (Zinc). ചില ചരിത്രങ്ങളിലും ശില്പകലയുമായി ബന്ധപ്പെട്ടു ഇതിനെ സ്പെല്‍റ്റര്‍ എന്നും അറിയപ്പെടുന്നു.
മിതമായ തരത്തില്‍ രാസപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന നീല കലര്‍ന്ന വെള്ള നിറത്തോടു കൂടിയ ലോഹമാണ് നാകം. ഈര്‍പ്പമുള്ള വായുവിന്റെ സാന്നിധ്യത്തില്‍ ഓക്സീകരണത്തിനു വിധേയമായി കട്ടിയുള്ള ഓക്സൈഡ് പാളി ഇതിന്റെ പുറത്തുരൂപം കൊള്ളുന്നു. ഈ ലോഹം വായുവില്‍ തെളിഞ്ഞ നീലയും പച്ചയും കലര്‍ന്ന ജ്വാലയോടെ കത്തി സിങ്ക് ഓക്സൈഡ് ആയി മാറുന്നു. അമ്ലങ്ങളുമായും ക്ഷാരങ്ങളുമായും മറ്റു അലോഹങ്ങളുമായും ഇത് രാസപ്രവര്‍ത്തനത്തിലേര്‍പ്പെടുന്നു. സിങ്കിന്റെ പ്രധാന ഓക്സീകരണനില +2 ആണ്. 100 °C മുതല്‍ 210 °C വരെ താപനിലയില്‍ ഈ ലോഹം രൂപഭേദം വരുത്താവുന്ന രീതിയില്‍ മൃദുവാണ്. വിവിധ രൂപങ്ങളില്‍ ഇതിനെ മാറ്റിയെടുക്കാന്‍ സാധിക്കും. 210 °C നു മുകളില്‍ ഇത് ദൃഢമാകുന്നു (brittle) വീണ്ടും ചൂടാക്കുമ്പോള്‍ പൊടിയായി മാറുന്നു.