ആൽബർട്ട് ഷ്വൈറ്റ്സർ
ആൽബർട്ട് ഷ്വൈറ്റ്സർ | |
---|---|
ജനനം | |
മരണം | സെപ്റ്റംബർ 4, 1965 | (പ്രായം 90)
ദേശീയത | 1875–1918 ജർമൻ 1918–1965 ഫ്രെഞ്ച് |
പുരസ്കാരങ്ങൾ | ഗെയ്ഥേ സമ്മാനം (1928) സമാധാനത്തിനുള്ള നോബേൽ സമ്മാനം (1952) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | വൈദ്യശാസ്ത്രം, സംഗീതം, തത്ത്വശാസ്ത്രം, ദൈവശാസ്ത്രം |
ആഫ്രിക്കയിലെ ഗാബോണിൽ മിഷനറി ഡോക്ടർ എന്ന നിലയിൽ അനുഷ്ടിച്ച ജനസേവനത്തിന്റെ പേരിലാണ് ആൽബർട്ട് ഷ്വൈറ്റ്സർ (ജനനം: ജനുവരി 14 1875 - മരണം: സെപ്റ്റംബർ 4 1965) പ്രധാനമായും അറിയപ്പടുന്നത്. എന്നാൽ ബഹുമുഖ പ്രതിഭയായിരുന്ന അദ്ദേഹം, എണ്ണപ്പെട്ട ദൈവശാസ്ത്രജ്ഞൻ, തത്ത്വചിന്തകൻ, സംഗീതജ്ഞൻ, സംഗീതശാസ്ത്രപണ്ഡിതൻ, എഴുത്തുകാരൻ എന്നീ നിലകളിലും പ്രസിദ്ധനാണ്. 1952-ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ഷ്വൈറ്റ്സറിനായിരുന്നു.
ജനനം, വിദ്യാഭ്യാസം
[തിരുത്തുക]ജർമ്മനിയുടേയും ഫ്രാൻസിന്റേയും അതിർത്തിയിലുള്ള അൽസേസിലെ കൈസർബർഗിലായിരുന്നു ഷ്വൈറ്റ്സറുടെ ജനനം. കുടുംബത്തിൽ ജർമ്മൻ, ഫ്രഞ്ച് ഭാഷകൾ സംസാരിച്ചിരുന്നു. ജർമ്മനിയും ഫ്രാൻസും തമ്മിൽ പല യുദ്ധങ്ങൾക്കു കാരണമായ അൽസേസ് ഇന്ന് ഫ്രാൻസിന്റെ കീഴിലാണെങ്കിലും അക്കാലത്ത് ജർമ്മനിയുടെ കൈവശമായിരുന്നു. ഷ്വൈറ്റ്സറുടെ പിതാവ് ലൂഥറൻ സഭയിലെ പാസ്റ്റർ ആയിരുന്നു. തലമുറകളായി സംഗീതവാസനക്ക് പ്രസിദ്ധമായിരുന്നു കുടുംബം. ഷ്വൈറ്റ്സറും തീരെ ചെറിയ പ്രായത്തിൽ തന്നെ ഓർഗൻ വായനയിൽ സാമർഥ്യം പ്രകടിപ്പിച്ചു. പിൽക്കാലത്ത് അദ്ദേഹം സംഗീതജ്ഞനെന്നതിനു പുറമേ ഒന്നാംകിട ഓർഗൻ നിർമ്മാതാവെന്ന നിലയിലും പ്രസിദ്ധിനേടി. സ്ട്രാസ്ബർഗ്, സോർബോൺ, ബെർളിൻ യൂണിവേഴിറ്റികളിലായിരുന്നു ഷ്വൈറ്റ്സർ പഠിച്ചത്. അദ്ദേഹം 1899-ൽ തത്ത്വചിന്തയിൽ ഡോക്ടറേറ്റും 1900-ൽ ദൈവശാസ്ത്രത്തിൽ ഉന്നതബിരുദവും നേടി.
ആദ്യകാല സംഭാവനകൾ
[തിരുത്തുക]ആ വർഷം തന്നെ സ്ട്രാസ്ബർഗിലെ സെന്റ് നിക്കോളാസ് പള്ളിയിൽ പാസ്റ്ററും അവിടെതന്നെ സെന്റ് തോമസ് കോളജിൽ പ്രിൻസിപ്പലുമായി നിയമിതനായി. ഒപ്പം സ്ട്രാസ്ബർഗ് യൂണിവേഴ്സിറ്റിയിലെ തത്ത്വചിന്ത, ദൈവശാസ്ത്രവിഭാഗങ്ങളിലും അദ്ദേഹം പഠിപ്പിച്ചിരുന്നു. ഇതിനിടക്ക് വളരെ ശ്രദ്ധിക്കപ്പെട്ട പല ഗ്രന്ഥങ്ങളും എഴുതി. ഒന്ന് തത്ത്വചിന്തകൻ ഇമ്മാനുവേൽ കാന്റിനെക്കുച്ചും മറ്റൊന്ന് സംഗീത ഒർഗൻ നിർമ്മിതിയെക്കുറിച്ചും ആയിരുന്നു. പ്രസിദ്ധ സംഗീതജ്ഞൻ ജൊഹാൻ സെബാസ്റ്റിൻ ബാച്ചിന്റെ ആധികാരിക ജീവചരിത്രമായിരുന്നു മറ്റൊന്ന്.
ചരിത്രത്തിലെ യേശു
[തിരുത്തുക]എന്നാൽ അക്കാലത്ത് ഷ്വൈറ്റ്സർ എഴുതിയവയിൽ ഏറ്റവും പ്രസിദ്ധിനേടിയത്, ചരിത്രത്തിലെ യേശുവിനു വേണ്ടിയുള്ള അന്വേഷണം (The Quest of the Historical Jesus) എന്ന പുസ്തകമാണ്[1]. യേശുവിനെ ഒരു ചരിത്രപുരുഷൻ എന്ന നിലയിൽ നോക്കിക്കാണാൻ ശ്രമിക്കുന്ന പഠനങ്ങൾ യൂറൊപ്പിൽ പൊതുവേയും, ജർമ്മനിയിൽ പ്രത്യേകിച്ചും അന്ന് ധാരാളമായി നടന്നിരുന്നു. അത്തരം പഠനങ്ങളുടെ പര്യവേഷണവും വിമർശനവുമായിരുന്നു ആ പുസ്തകം. പഠനങ്ങളിൽ മിക്കവയും യേശുവിനെ രാഷ്ട്രീയവിപ്ലവകാരിയോ സാമൂഹപരിഷ്കർത്താവോ ഒക്കെ ആയി ചിത്രീകരിക്കാൻ ശ്രമിച്ചിരുന്നു. സുവിശേഷങ്ങളടക്കമുള്ള പുതിയനിയമഗ്രന്ഥങ്ങളിൽ മിക്കവയിലും, അവ എഴുതപ്പെട്ട കാലത്ത്, മനുഷ്യചരിത്രം അതിന്റെ സമാപ്തിയിലെത്താറായി എന്നും, ലോകാവസാനം ആസന്നമാണ് എന്നും ഉള്ള വിശ്വാസം പ്രകടിതമാകുന്നുണ്ട്. ഷ്വൈറ്റ്സറുടെ വിമർശനത്തിന് വിഷയമായ പഠനങ്ങളിൽ മിക്കവയും, പുതിയനിയമത്തിൽ നിറഞ്ഞു നിൽക്കുന്ന ഈ യുഗാന്തബോധത്തെ അവഗണിക്കാൻ ശ്രമിച്ചു. വിശ്വാസത്തിന്റെ രേഖകളായിരിക്കുന്ന സുവിശേഷങ്ങളിലെ ക്രിസ്തുവിനെ ആധുനിക യുക്തിചിന്തയുടെ മാനദണ്ഡങ്ങൾക്കനുസരിച്ച് ഉടച്ചുവാർക്കാനുള്ള ശ്രമമാണ് ഈ പഠനങ്ങളെന്നു ഷ്വൈറ്റ്സർ വിമർശിച്ചു.
സുവിശേഷങ്ങളിൽ യേശുവിന്റേതായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള വചനങ്ങളിൽ ഏറ്റവും വിശ്വസനീയമായവ യുഗാന്തബോധം പ്രകടിപ്പിക്കുന്ന വചനങ്ങളാണെന്നും, അവയെ അടിസ്ഥാനമാക്കി, മനുഷ്യചരിത്രം അതിന്റെ സമാപ്തിയിലെത്താറായി എന്ന ബോധമാണ് യേശുവിനെ നയിച്ചതെന്ന് കരുതാമെന്നും ഷ്വൈറ്റ്സർ വാദിച്ചു. സാമാന്യേനയുള്ള ക്രൈസ്തവ ബോദ്ധ്യങ്ങൾക്കും, യേശുവിനെ സമൂഹപരിഷ്കർത്താവായി കാണാൻ ശ്രമിക്കുന്നവരുടെ ഇഷ്ടങ്ങൾക്കും നിരക്കുന്നതല്ല ഈ വസ്തുതയെങ്കിലും സത്യത്തോട് പ്രതിബദ്ധതയുള്ളവർക്ക് യേശുവിന്റെ ദൗത്യത്തിന്റെ ഈ പശ്ചാത്തലം അംഗീകരിക്കാതിരിക്കാൻ കഴിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. യേശുവിന്റെ സന്ദേശത്തിന്റെ മുഖ്യസ്രോതസ്സായ യുഗാന്തപ്രതീക്ഷ അടിസ്ഥാനമില്ലാത്തതായിരുന്നെങ്കിലും സുവിശേഷങ്ങളിലെ സ്നേഹ-സാഹോദര്യ സന്ദേശത്തിന്റെ മൂല്യം കുറച്ചു കാണാൻ ഇത് കാരണമല്ലെന്നും ഷ്വൈറ്റ്സർ വാദിച്ചു.
വഴിമാറ്റം
[തിരുത്തുക]ചരിത്രത്തിലെ യേശുവിനു വേണ്ടിയുള്ള അന്വേഷണത്തിന്റെ പ്രസിദ്ധീകരണം ഷ്വൈറ്റ്സറെ വളരെ പ്രസിദ്ധനാക്കിത്തീർത്തു. യുവാവായിരിക്കെത്തന്നെ മുൻനിരയിലെ ക്രൈസ്തവ ദൈവശാസ്ത്രജ്ഞന്മാരിൽ ഒരാളായി അദ്ദേഹം അംഗീകരിക്കപ്പെട്ടു. എന്നാൽ ആയിടക്ക് അദ്ദേഹത്തിന്റെ ജീവിതഗതിയെ ആകെ മാറ്റിമറിച്ച ഒരു സംഭവം ഉണ്ടായി. ആഫ്രിക്കയിലെ ഫ്രഞ്ച് കോളനിയായ ഗാബോണിൽ ജനങ്ങൾ ഡോക്ടർമാരുടെ അഭാവം മൂലം വൈദ്യസഹായം കിട്ടാതെ വിഷമിക്കുന്നതിനെക്കുറിച്ച് പാരീസ് മിഷനറി സമൂഹത്തിന്റെ പ്രസിദ്ധീകരണത്തിൽ വന്ന ലേഖനം വായിച്ചതായിരുന്നു അത്. ആ ലേഖനം ഷ്വൈറ്റ്സറെ വല്ലാതെ സ്വാധീനിച്ചു. ഗാബോണിൽ സേവനമനുഷ്ടിക്കാനായി, ഔപചാരിക വിദ്യാഭ്യാസം പുനരാരംഭിച്ച് ഡോക്ടറായിത്തീരാൻ അദ്ദേഹം തീരുമാനിച്ചു. ഇതറിഞ്ഞ ബന്ധുക്കളും സുഹൃത്തുക്കളും പിന്തിരിപ്പിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും ഷ്വൈറ്റ്സർ തീരുമാനത്തിൽ ഉറച്ചു നിന്നു. സുഹൃത്തുക്കളിൽ പലരുടേയും ക്രിസ്തീയ പ്രതിബദ്ധതയുടെ ആഴമില്ലായ്മ അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. ക്രൈസ്തവസ്നേഹത്തെക്കുറിച്ചു എഴുതുകയും പ്രസംഗിക്കുകയും മാത്രം ചെയ്തിട്ടുള്ള തനിക്ക് അത് പ്രവർത്തിച്ചു കാണിക്കാൻ സമയമായി എന്നായിരുന്നു അവർക്കു അദ്ദേഹം കൊടുത്ത സമാധാനം. ഈ പ്രതിസന്ധിയിലത്രയും അദ്ദേഹത്തെ മനസ്സിലാക്കുകയും പിന്തുണക്കുക്കയും ചെയ്തത് 1898 മുതൽ പരിചയമുള്ള സുഹൃത്ത് ഹെലൻ ബ്രെസ്ലാവ് എന്ന യുവതിയായിരുന്നു.
മെഡിക്കൽ സ്കൂളിൽ ചേരാനായി അതിന്റെ കാര്യാലയത്തിൽ എത്തിയ മുപ്പതു വയസ്സുകാരനായ തന്നെ, നിവൃത്തിയുണ്ടായിരുന്നെങ്കിൽ അവിടത്തെ പ്രിൻസിപ്പൽ, മന:ശ്ശാസ്ത്രവിഭാഗത്തിലെ തന്റെ സഹപ്രവർത്തകരിൽ ഒരാളെ ഏൽപ്പിക്കുമായിരുന്നു എന്നു ഷ്വൈറ്റ്സർ പിന്നീടു പറഞ്ഞു. ഏതായാലും 1913-ൽ മുപ്പത്തിയെട്ടാം വയസ്സിൽ ഷ്വൈറ്റ്സർ വൈദ്യശാസ്ത്രപഠനം പൂർത്തിയാക്കി. ഡിഗ്രി ലഭിക്കാൻ ആവശ്യമായ പ്രബന്ധത്തിനായി അദ്ദേഹം തെരഞ്ഞടുത്തതും പുതുമയും പ്രകോപനവും ഒത്തുചേർന്ന ഒരു വിഷയമാണ്. യേശുവിനെ മന:ശാസ്ത്രപരമായി വിലയിരുത്തുന്ന ആ പ്രബന്ധത്തിൽ (A Psychiatric Study of Jesus) യേശുവിനുന്റെ യുഗാന്ത വിശ്വാസം മനോവിഭ്രാന്തിയുമായി ബന്ധമുള്ളതായിരുന്നോ എന്നു അന്വേഷിക്കുകയാണ് അദ്ദെഹം ചെയ്തത്. യേശു മനോവിഭ്രാന്തി(Paranoia)യുടെ ഇരയായിരുന്നുവെന്ന് വാദിക്കുന്ന പല പഠനങ്ങളും അതിനടുത്തകാലത്ത് പുറത്തിറങ്ങിയിരുന്നു.[2] അവക്കു മറുപടിയായിരുന്നു ഷ്വൈറ്റ്സറുടെ പ്രബന്ധം. മനോവിഭ്രാന്തിയല്ല, ദൈവം അയക്കുമെന്നു കരുതിയ രക്ഷയെ പ്രതീക്ഷിച്ചിരുന്ന ദേശകാലങ്ങളുടെ സ്വാധീനമാണ് യേശുവിന്റെ യുഗാന്തബോധത്തിനു പിന്നിലുണ്ടയിരുന്നതെന്ന നിഗമനത്തിലാണ് ഈ അന്വേഷണത്തിന്റെ ഒടുവിൽ അദ്ദേഹം എത്തിച്ചേർന്നത്.[3]
ആഫ്രിക്കയിൽ
[തിരുത്തുക]പാരിസ് മിഷനറി സമൂഹത്തിന്റെ പരസ്യത്തിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് വൈദ്യശാസ്ത്രപഠനത്തിനിറങ്ങിയ ഷ്വൈറ്റ്സറെ ഇടക്ക് അവർ കൈവിട്ടു. ബുദ്ധിജീവിയും സ്വതന്ത്രചിന്തകനുമായ അദ്ദേഹത്തെപ്പോലുള്ളവരുടെ മിഷനറിവേല ഗുണകരമാവില്ലെന്നും പ്രവർത്തനമേലകളിലെ മനുഷ്യരെ, ദൈവശാസ്ത്രത്തിലെ പുതുമകൾ കൊണ്ട് ചിന്താക്കുഴപ്പത്തിലെത്തിക്കാനേ അതുകൊണ്ട് കഴിയൂ എന്നും അവർ കരുതി. ഒടുവിൽ, തന്റെ സംരംഭത്തിനാവശ്യമായ പണമത്രയും സുഹൃത്തുക്കളിൽ നിന്നും മറ്റുമായി ഷ്വൈറ്റ്സർ സ്വയം സമാഹരിച്ചുകഴിഞ്ഞാണ് മിഷനറി സമൂഹം അദ്ദേഹത്തെ പിന്തുണക്കാൻ സമ്മതിച്ചത്. 1912-ൽ ഷ്വൈറ്റ്സർ സുഹൃത്ത് ഹെലൻ ബ്രെസ്ലാവിനെ വിവാഹം കഴിച്ചു. ഇതിനിടെ ഒരു നഴ്സ് ആയി പരിശീലനം നേടിയിരുന്ന ഹെലൻ അദ്ദേഹത്തോടൊപ്പം ആഫ്രിക്കയിലേക്കു പോകാൻ തീരുമാനിച്ചു. 1913 മാർച്ചിൽ ഷ്വൈറ്റ്സർ ദമ്പതികൾ ഗാബോണിലെ ലാംബറീൻ എന്ന സ്ഥലത്ത് എത്തി പ്രവർത്തനം തുടങ്ങി. നേരത്തേ കോഴികളെ വളർത്തിയിരുന്ന ഒരു പുരയായിരുന്നു ആദ്യം അവരുടെ വൈദ്യസഹായ കേന്ദ്രമായത്.
യുദ്ധം, തടവ്
[തിരുത്തുക]1914-ൽ യൂറോപ്പിൽ ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പുട്ടു. ലാംബറീൻ ഫ്രെഞ്ച് നിയന്ത്രണത്തിലായിരുന്നു. ജർമ്മൻ പൗരനായിരുന്ന ഷ്വൈറ്റ്സറെ ഫ്രെഞ്ചുകാർ തടവുകാരനാക്കി യൂറൊപ്പിലേക്കു കൊൺടുപോയി. തെക്കൻ ഫ്രാൻസിലെ സെയിന്റ് റെമി എന്ന സ്ഥലത്ത്, മുൻപ് മനോരോഗികളെ പാർപ്പിച്ചിരുന്ന ഒരു കെട്ടിടത്തിലാണ് അദ്ദേഹത്തെ തടവിലിട്ടത്. തനിക്കു കിട്ടിയ മുറിയിൽ പ്രവേശിച്ചപ്പോൾതന്നെ അത് നേരത്തേ എവിടെയോ കണ്ടിട്ടുള്ളതായി തോന്നിയെന്ന് ഷ്വൈറ്റ്സർ പറയുന്നു. പ്രഖ്യാത ചിത്രകാരൻ വാൻഗോഗിന്റെ ഏതോ രചനയിലാണ് ആ മുറിയുടെ ചിത്രീകരണം അദ്ദേഹം കണ്ടിരുന്നത്. വാൻഗോഗ് തന്റെ ആത്മഹത്യക്കു മുൻപ് നാലുമാസം മനോവിഭ്രാന്തിയുടെ യാതന തിന്ന് കഴിഞ്ഞ മുറിയായിരുന്നു അത്. തടവിൽ കഴിഞ്ഞ സമയം ഷ്വൈറ്റ്സർ ചിന്തക്കും ഗ്രന്ഥരചനക്കുമായി മാറ്റിവച്ചു.
ജീവനോടുള്ള ആദരവ്
[തിരുത്തുക]യുദ്ധാവസാനം ബന്ധനവിമുക്തനായ ഷ്വൈറ്റ്സർ യൂറോപ്പിൽ പലയിടങ്ങളിലും പ്രഭാഷണങ്ങൾക്ക് ക്ഷണിക്കപ്പെട്ടു. ജീവപ്രപഞ്ചത്തോടുള്ള ആദരവ് (Reverence for Life) എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളെല്ലാം. മനുഷ്യന്റെ സന്മാർഗബോധത്തിന് അടിസ്ഥാനമാകേണ്ടത് മനുഷ്യവർഗത്തേയും കടന്ന് ജീവജാലങ്ങളോടു മുഴുവനുള്ള സഹോദരഭാവമാണ് എന്ന ബോധം, ഒരു പ്രഭാതത്തിൽ, തോണിയിൽ ലാംബറീനിലെ ഒഗോവോ നദിയിൽ യാത്രചെയ്യവേയാണ് തനിക്കുണ്ടായതെന്നു അദ്ദേഹം പറയുന്നു. ആധുനികകാലത്തെ പരിസ്ഥിതിസംരക്ഷണബോധത്തിന്റെ മുഖ്യപ്രേരകശക്തികളിൽ ഒരാൾ ഷ്വൈറ്റ്സറാണ്. പരിസ്ഥിതി സംരക്ഷണപ്രസ്ഥാനത്തിനു തുടക്കം കുറിച്ച, റേച്ചൽ കാർസന്റെ നിശ്ശബ്ദവസന്തം(Silent Spring) എന്ന പുസ്തകം സമർപ്പിച്ചിരിക്കുന്നത് തന്നെ ഷ്വൈറ്റ്സർക്കാണ്.[4]
വീണ്ടും ആഫ്രിക്കയിൽ
[തിരുത്തുക]1924-ൽ ഷ്വൈറ്റ്സർ ലാംബറീനിലേക്കു മടങ്ങി ആശുപത്രിയിലെ സേവനത്തിൽ തൊണ്ണൂറാം വയസ്സിൽ മരിക്കുന്നതു വരെ മുഴുകി. അതിനിടെ സംഗീതം, ദൈവശാസ്ത്രം, തത്ത്വചിന്ത തുടങ്ങിയ തന്റെ മറ്റു താത്പര്യങ്ങൾക്കായും അദ്ദേഹം സമയം കണ്ടെത്തി. നാഗരികതയുടെ പതനവും പുനരുദ്ധാരണവും, ക്രിസ്തുമതവും അന്യമതങ്ങളും, വിശുദ്ധ പൗലോസ് അപ്പസ്തൊലന്റെ മിസ്റ്റിസിസം, നാഗരികതയുടെ തത്ത്വശാസ്ത്രം, നാഗരികതയും സന്മാർഗവും, ഭാരതീയചിന്തയുടെ വികാസം എന്നിവ ലാംബറീൻ ദൗത്യം തുടങ്ങിയതിനു ശേഷം ഷ്വൈറ്റ്സർ എഴുതിയ ഗ്രന്ഥങ്ങളിൽ ചിലതാണ്.
ജീവിതാന്ത്യം
[തിരുത്തുക]ഇതിനകം ലോകം മുഴുവൻ അറിയപ്പെട്ടവനായിക്കഴിഞ്ഞിരുന്ന ഷ്വൈറ്റ്സർക്ക് 1952-ൽ ലഭിച്ച സമാധാനത്തിനുള്ള നോബേൽ സമ്മാനമടക്കം പല പുരസ്കാരങ്ങളും ലഭിച്ചു. ജീവിതാവസാനം വരെ കർമ്മനിരതനായിരുന്ന അദ്ദേഹം വാർദ്ധ്യക്യത്തിൽ, ആൽബർട്ട് ഐൻസ്റ്റീൻ, ബെർട്രാൻഡ് റസ്സൽ എന്നിവർക്കൊപ്പം അണുവായുധങ്ങളുടെ പ്രചാരണത്തിനെതിരായുള്ള പ്രതിഷേധത്തിന്റെ മുൻനിരയിൽ നിന്നു. 1965 സെപ്റ്റംബർ 4-ന് ഷ്വൈറ്റ്സർ ലാംബറീനിൽ അന്തരിച്ചു. അവിടെത്തന്നെ സംസ്കരിക്കപ്പെടുകയും ചെയ്തു.
വിമർശനം, വിലയിരുത്തൽ
[തിരുത്തുക]ഷ്വൈറ്റ്സറുടെ പ്രതിഭയും പ്രവർത്തനങ്ങളും നേടിയത് ഏറെയും പ്രശംസയും ആദരവുമാണെങ്കിലും അദ്ദേഹം വിമർശിക്കപ്പെട്ടിട്ടുമുണ്ട്. ആഫ്രിക്കയിലെ കറുത്ത മനുഷ്യരോടുള്ള അദ്ദേഹത്തിന്റെ മനോഭാവത്തിൽ സഹോദരസ്നേഹത്തേക്കാൾ, തന്നേക്കൾ താണവരോടുള്ള വാത്സല്യം(Patronising attitude) ആയിരുന്നു എന്ന് ആരോപണമുയർന്നിട്ടുണ്ട്. "കറുത്തമനുഷ്യൻ എന്റെ സഹോദരനാണെങ്കിലും ഇളയ സഹോദരനാണ്" എന്ന് അദ്ദേഹം പറഞ്ഞതായി പറയപ്പെടുന്നു. എന്നാൽ കറുത്തമനുഷ്യനെ ചെറിയസഹോദരനായെങ്കിലും കണ്ട അദ്ദേഹം, താൻ വളർന്നുവന്ന പത്തൊൻപതാം നൂറ്റാൺടിലെ യൂറോപ്പിലെ ശരാശരി ബുദ്ധിജീവിയേക്കാൾ വളരെ മുൻപിലായിരുന്നു എന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
ലാംബറീനിനെ അതുരാലയം ഷ്വൈറ്റ്സർ നടത്തിയ രീതിയും വിമർശിക്കപ്പെട്ടിട്ടുണ്ട്. രോഗികളെ അവരുടെ ബന്ധുക്കൾക്കും വളർത്തുമൃഗങ്ങൾക്കുപോലുമൊപ്പം ആശുപത്രിയിൽ കഴിയാൻ അദ്ദേഹം അനുവദിച്ചു. പ്രാകൃതവും അനാരോഗ്യകരവുമെന്നു തോന്നാവുന്ന ഈ രീതിയെ ഷ്വൈറ്റ്സർ ന്യായീകരിച്ചത് ആഫ്രിക്കയിലെ പ്രത്യേക സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ്. ചികിത്സാകാലം ഒറ്റക്കു കഴിയേണ്ടിവരുമെന്നായാൽ, നാട്ടുകാർ മിക്കവരും ആശുപത്രിയിൽ വരാൻ മടിക്കുമെന്നതായിരുന്നു അവസ്ഥ. കുടുംബം സ്ഥലത്തില്ലാത്തപ്പോൾ വളർത്തുമൃഗങ്ങളെ ഒറ്റക്കാക്കുന്നതും അവർക്കിഷ്ടമായിരുന്നില്ല.[5]
നുറുങ്ങുകൾ
[തിരുത്തുക]- ഷ്വൈറ്റ്സറുടെ ഫലിതബോധവും, സൗഹൃദവും വ്യക്തമാക്കുന്ന ഒരു സംഭവം അദ്ദേഹം ഒരിക്കൽ അമേരിക്കയിൽ യാത്ര ചെയ്തപ്പോൾ ഉണ്ടായതാണ്. ഷ്വൈറ്റ്സറെ പ്രഖ്യാത ശാസ്ത്രജ്ഞൻ ആൽബർട്ട് ഐൻസ്റ്റീൻ ആയി തെറ്റിദ്ധരിച്ച രൺടു പെൺകുട്ടികൾ അദ്ദേഹത്തെ സമീപിച്ച് ആട്ടോഗ്രാഫ് ആവശ്യപ്പെട്ടു. അവരെ നിരാശരാക്കാൻ അദ്ദേഹത്തിനു മനസ്സു വന്നില്ല. "ആൽബർട്ട് ഐൻസ്റ്റീനു വേണ്ടി, അദ്ദേഹത്തിന്റെ സുഹൃത്ത് ആൽബർട്ട് ഷ്വൈറ്റ്സർ" എന്നെഴുതി അദ്ദേഹം ഒപ്പിട്ടു കൊടുത്തു.
- ഷ്വൈറ്റ്സറും പ്രഖ്യാത ഫ്രെഞ്ച് ചിന്തകനായ ഴാൻ പോൾ സാർത്രും (Jeal-Paul Sartre) ബന്ധുക്കളായിരുന്നു. സാർത്രിന്റെ അമ്മ ആനി മേരി ഷ്വൈറ്റ്സർ ആൽബർട്ട് ഷ്വൈറ്റ്സറുടെ പിതൃസഹോദരിയായിരുന്നു.
- ഷ്വൈറ്റ്സറും ഭാര്യ ഹെലനും തമ്മിൽ വിവാഹത്തിനു മുൻപ് കൈമാറിയ നൂറുകണക്കിനു കത്തുകൾ അവരുടെ മരണശേഷം കൺടുകിട്ടിയത്, മകൾ റീനാ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. രസകരമായ കാര്യം, ആ കത്തുകളിലാകെ പ്രേമം എന്ന വാക്ക് ഒരു വട്ടമേ പ്രത്യക്ഷപ്പെടുന്നുള്ളു എന്നതാണ്. അവിടെയാണെങ്കിൽ പരാമർശിക്കപ്പെടുന്നത് വിശ്വപ്രേമമാണ് താനും. [6]
അവലംബം
[തിരുത്തുക]- ↑ http://www.earlychristianwritings.com/schweitzer/
- ↑ The Psychoanalytic Quarterly - http://www.pep-web.org/document.php?id=PAQ.018.0387A
- ↑ FAQ about the life and thoughts of Albert Schweitzer - http://www.schweitzer.org/english/diverse/asefaq.htm Archived 2008-01-25 at the Wayback Machine.
- ↑ Fifty Key Thinkers on the Environment By Joy Palmer - http://books.google.com/books?id=IZJSq2M2EkIC&pg=PA198&lpg=PA198&dq=dedication+of+silent+spring&source=web&ots=z7673uc4wQ&sig=j_NISXiZvqCOt9Ik5igg5JskfZo
- ↑ FAQ about the life and thoughts of Albert Schweitzer - http://www.schweitzer.org/english/diverse/asefaq.htm Archived 2008-01-25 at the Wayback Machine.
- ↑ Biography for Albert Schweitzer -http://www.imdb.com/name/nm0777812/bio