തവക്കുൽ കർമാൻ
തവക്കുൽ കർമാൻ | |
---|---|
توكل كرمان | |
ജനനം | തായിസ്, യെമൻ | 7 ഫെബ്രുവരി 1979
ദേശീയത | യെമൻ |
തൊഴിൽ | പത്രപ്രവർത്തക, രാഷ്ട്രീയപ്രവർത്തക, മനുഷ്യാവകാശപ്രവർത്തക, അൽഇസ്‌ലാഹിന്റെ നേതാവ് |
രാഷ്ട്രീയ കക്ഷി | അൽഇസ്‌ലാഹ് |
കുട്ടികൾ | മൂന്ന് |
പുരസ്കാരങ്ങൾ | നോബൽ സമ്മാനം 2011 |
തവക്കുൽ കർമാൻ[1] (Arabic: توكل كرمان ; ജനനം:7 ഫെബ്രുവരി1979) യെമനിലെ ഒരു പത്രപ്രവർത്തകയും രാഷ്ട്രീയപ്രവർത്തകയും മനുഷ്യാവകാശപ്രവർത്തകയും അൽഇസ്‌ലാഹിന്റെ നേതാവുമാണ്.
സമാധാനത്തിനുള്ള 2011-ലെ നോബൽ സമ്മാനം തവക്കുൽ കർമാൻ ലൈബീരിയക്കാരായ എലൻ ജോൺസൺ സർലീഫ്, ലെയ്മാ ഗ്ബോവീ എന്നിവരുമായി പങ്കിട്ടു നേടി[2]. “സ്ത്രീകളുടെ സുരക്ഷയ്ക്കും സമാധാനപാലനത്തിനുള്ള പൂർണ്ണപങ്കാളിത്തം ഉറപ്പാക്കാനുള്ള അവരുടെ അവകാശത്തിനും വേണ്ടിയുള്ള അഹിംസാത്മകമായ സമരങ്ങൾ” മുൻനിർത്തിയാണു് ഇവർ മൂവർക്കും നോബൽ സമ്മാനം നൽകപ്പെട്ടതു്. മലാല യൂസഫ്‌സായ്ക്ക് 2014-ൽ സമാധാനത്തിനുള്ള നൊബെൽ സമ്മാനം കിട്ടുന്നതിനു മുമ്പേ ഈ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും, ആദ്യ അറബ് വനിതയും രണ്ടാമത്തെ മുസ്‌ലിം വനിതയുമാണിവർ.
അറബ് വസന്തത്തിന്റെ ഭാഗമായി യമനിലും അരങ്ങേറിയ പ്രക്ഷോഭങ്ങളാണ് തവക്കുൽ കർമാനെ അന്തരാഷ്ട്ര ശ്രദ്ധയിലേക്ക് കൊണ്ടു വന്നത്. യെമനിലെ ഉരുക്ക് വനിതയെന്നും വിപ്ലവത്തിന്റെ മാതാവെന്നും ഇവർ വിശേഷിക്കപ്പെട്ടിട്ടുണ്ട്.
പത്രപ്രവർത്തക, അൽ ഇസ്‌ലാഹ് പാർട്ടിയുടെ മുതിർന്ന നേതാവ്, മനുഷ്യാവകാശ പ്രവർത്തക എന്നീ നിലകളിൽ സജീവമായിരിക്കുന്ന തവക്കുൽ കർമാൻ ബന്ധനങ്ങൾക്കതീതമായ മാധ്യമ പ്രവർത്തകർ (journalist without chains) എന്ന പ്രസ്ഥാനത്തിന്റെ സ്ഥാപകരിൽ ഒരാളാണ്[3]. യെമനി ഭരണകൂടത്തിന്റെ അതിനിശിത വിമർശകയാണ് ഇവർ.
കുടുംബം
[തിരുത്തുക]അഭിഭാഷകനും രാഷ്ടീയ പ്രവർത്തകനുമായിരുന്ന കർമാന്റെ പിതാവ് അബ്ദുസ്സലാം ഖാലിദ് കർമാൻ യെമനിൽ മുൻ കേന്ദ്ര മന്ത്രിയുമായിരുന്നു. സഹോദരൻ താരിഖ് കർമാൻ അറിയപ്പെടുന്ന കവിയാണ്. സഹോദരി സഫ കർമാൻ അൽജസീറ ടെലിവിഷൻ ചാനലിൽ പ്രവർത്തിക്കുന്നു. ഭർത്താവിന്റെ പേര് മുഹമ്മദ് അൽ നഹ്‌മി. മൂന്നു കുട്ടികളുണ്ട്.
വിദ്യാഭ്യാസം , പ്രവർത്തനം
[തിരുത്തുക]കൊമേഴ്സ് , രാഷ്ടമീമാംസ മേഖലകളിൽ ബിരുദ ധാരണിയായ തവക്കുലിന് അന്തരാഷ്ട നിയമത്തിൽ കാനേഡിയൻ സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റും ലഭിച്ചിട്ടുണ്ട്. ഭരണകഷിയുടെ സമുന്നത നേതാവ് തന്റെ സഹോദരിക്കു നേരെയും വധഭീഷണി മുഴക്കിയതായി തവക്കുൽ പറഞ്ഞത് യെമൻ പ്രസിഡന്റ് സാലിഹിനെക്കുറിച്ചാണെന്ന് മാധ്യമങ്ങൾ വ്യാഖ്യാനിക്കുന്നു. തുർക്കിയിലെ അനാറ്റൊളിയയിലെ കർമാൻ എന്ന പ്രദേശത്തു നിന്നുള്ളവരാണ് തന്റെ പൂർവ്വികർ എന്ന് തവക്കുൽ പറയുന്നു. തുർക്കി സർക്കാർ നൽകിയ പൗരത്ത്വം 2011ൽ കർമാൻ സീകരിച്ചു.
രാഷ്ട്രീയ പ്രവർത്തനം
[തിരുത്തുക]യമനിലെ അൽ ഇസ്‌ലാഹ് പാർട്ടി പ്രവർത്തകയും അതിന്റെ ശൂറ കൗൺസിൽ അംഗവുമാണ് കർമാൻ. ഒരു ഇസ്‌ലാമിക സംഘടനയായ അൽ ഇസ്‌ലാഹ്, 2005-ൽ പ്രസിഡന്റിനെതിരായ രോഷം ശക്തമായതിന് ശേഷമാണ് രാഷ്ട്രീയ പാർട്ടിയായി അറിയപ്പെട്ടു തുടങ്ങിയത്. പതിനേഴ് വയസ്സിൽ താഴെയുള്ള പെൺകുട്ടികളെ വിവാഹം കഴിച്ചയപ്പിക്കുന്നതിൽനിന്ന് തടയാനുള്ള നിയമത്തിനുവേണ്ടി നിലകൊണ്ടതും അഴിമതിക്കെതിരെയുള്ള പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയതും യാഥാസ്ഥിതിക വിഭാഗങ്ങളിൽ നിന്ന് കർമാനെതിരെ വിമർശനമുയരാൻ കാരണമാക്കിയിരുന്നു. തന്റെ രാജ്യത്ത് കൂടുതൽ മാധ്യമ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ടും അവർ സമരം നടത്തിയിരുന്നു. 2007 മുതൽ പ്രസിഡന്റിനെതിരെ സമരരംഗത്തുണ്ടായിരുന്നു തവക്കുൽ കർമാൻ. 2010-ൽ നടന്ന ഒരു സമരത്തിനിടയിൽ വധശ്രമമുണ്ടായപ്പോൾ കൂടെയുണ്ടായിരുന്നവരാണ് അവരെ രക്ഷിച്ചത്.
2011-ലെ സമരങ്ങൾ
[തിരുത്തുക]ഗവണ്മെന്റിനെതിരെ കർമാൻ വിദ്യാർഥിസമരം സംഘടിപ്പിച്ച കാരണത്താൽ 2011 ജനുവരി 22-ന് ഭർത്താവിനോടൊപ്പം യാത്രചെയ്യുമ്പോൾ അവരെ പോലീസ് അറസ്റ്റ് ചെയ്തു ജയിലിലടച്ചു. അതിനെക്കുറിച്ച് അവർ ഇങ്ങനെ എഴുതി:
“ | 2011-ൽ സമരം തുടങ്ങി ഒരാഴ്ചക്കു ശേഷം ഞാൻ സുരക്ഷാ സേനയുടെ തടവിലായി. അതായിരുന്നു യമൻ വിപ്ലവത്തിലെ നിർണായക നിമിഷം. മാധ്യമങ്ങൾ എന്റെ തടവിനെക്കുറിച്ച് റിപ്പോർട്ട് ചെയ്തു. പിന്നീട് രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും വിദ്യാർഥികളും രാഷ്ട്രീയക്കാരും പൗരാവകാശ സംഘടനകളും സമരപരിപാടികളുമായി രംഗത്തെത്തി. അറസ്റ്റിനെതിരെ ഗവൺമെന്റിനു മേലുള്ള സമ്മർദം അതിശക്തമായിരുന്നു. അങ്ങനെ 36 മണിക്കൂറിനു ശേഷം ഞാൻ ജയിൽ മോചിതയായി. അതുവരെ വനിതാ ജയിലിൽ എന്നെ ചങ്ങലയിൽ ബന്ധിച്ചിട്ടുണ്ടായിരുന്നു. | ” |
ജനുവരി 29-ന് അവർ വീണ്ടും സമരം നടത്തി. പ്രതിഷേധം തുടരുന്നതിനിടെ മാർച്ച് 17-ന് ഭരണകൂടം അവരെ രണ്ടാമതും അറസ്റ്റ് ചെയ്തു. മുന്നേറ്റത്തിന്റെ ഭാഗമായുള്ള സംസാരത്തിൽ അവർ പറഞ്ഞു: അലി അബ്ദുള്ളാ സ്വാലിഹിന്റെ ഭരണം അവസാനിക്കുന്നതുവരെ ഞങ്ങൾ സമരം തുടരും. തെക്ക് സതേൺ മൂവ്‌മെന്റും വടക്ക് ഷിയാ ഹൂതി റിബൽസും പാർലമെന്റിൽ പ്രതിപക്ഷവും നമുക്കുണ്ട്. എങ്കിലും ഇപ്പോൾ പ്രധാനം മുല്ലപ്പൂ വിപ്ലവമാണ്.
സ്വാലിഹിന്റെ അഴിമതി നിറഞ്ഞ ഭരണം നിലനിർത്താൻ ശ്രമിച്ചതിന് സൗദി അറേബ്യയും അമേരിക്കയും ഉൾപ്പെടുന്ന ഭരണകൂടങ്ങളെ കുറ്റപ്പെടുത്തി ന്യൂയോർക്ക് ടൈംസിൽ "യമന്റെ പൂർത്തിയാകാത്ത വിപ്ലവം" എന്ന പേരിൽ ജൂൺ 18ന് ലേഖനമെഴുതിയ കർമാൻ അതിൽ 'വാർ ഓൺ ടെറർ' ആണ് യമനിലെ അമേരിക്കൻ ഇടപെടലിന് കാരണമായത് എന്നും, എന്നാൽ, യമനിലെ മനുഷ്യാവകാശ സംഘടനകൾക്കോ ജനാധിപത്യ പ്രസ്ഥാനങ്ങൾക്കോ അതുകോണ്ട് യാതൊരു ഗുണവും ഉണ്ടായില്ല എന്നും കർമാൻ നിരീക്ഷിച്ചു.
നോബൽ സമ്മാനം ലഭിച്ചതറിഞ്ഞ കർമാന്റെ പ്രതികരണം
[തിരുത്തുക]“ | അറബ് ലോകത്ത് സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്നവർക്കാണ് ഞാൻ ഈ പുരസ്കാരം സമർപ്പിക്കുന്നത്. നീതിക്കും ജീവിക്കാനുള്ള അവകാശത്തിനും വേണ്ടി പോരാടി മരിച്ചവർക്കും മുറിവേറ്റു കഴിയുന്നവർക്കുമാണ് ഈ സമ്മാനം ലഭിച്ചിട്ടുള്ളത്. ഈ ബഹുമതി ഇസ്ലാമിനും മുസ്ലിംകൾക്കും സമർപ്പിക്കാനാണ് ഞാൻ ഉദ്ദേശിക്കുന്നത്. എല്ലാ രാജ്യങ്ങളിലും നടക്കുന്ന സ്വാതന്ത്ര്യ പോരാട്ടത്തിന് എന്റെ പിന്തുണയുണ്ടാവും. പ്രത്യേകിച്ച് അറബ് രാജ്യങ്ങളിൽ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളോടൊപ്പമാണ് ഞാൻ. എല്ലാ നാട്ടിലേയും മനുഷ്യർക്ക് നീതി ലഭിക്കേണ്ടതുണ്ട്. മനുഷ്യാവകാശവും സാമൂഹികനീതിയും ചവിട്ടിയരയ്ക്കുന്നത് നോക്കിനിൽക്കാനാവില്ല. മാനവികമായ കാഴ്ചപ്പാട് വളർത്തിയെടുക്കണം. പ്രാദേശികമായ സങ്കുചിതത്വങ്ങളെ പാടെ വെടിയാൻ മനുഷ്യർ തയ്യാറാവുമ്പോഴേ മനുഷ്യത്വത്തിന് വില കൽപ്പിക്കാനാവൂ. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന് എന്റെ കുടുംബത്തിന്റെ പൂർണ്ണപിന്തുണ ഉണ്ടായതിനാലാണ് തളരാതെ മുന്നോട്ട് പോകാനായത്. | ” |
അവലംബം
[തിരുത്തുക]- http://mechandrikaonline.com/viewnews.asp?mcat=articlenews&mitem=AT201131021959[പ്രവർത്തിക്കാത്ത കണ്ണി]
- http://www.madhyamam.com/news/124371/111011 Archived 2011-10-12 at the Wayback Machine.
- http://www.prabodhanam.net/oldissues/detail.php?cid=1796&tp=1 Archived 2018-01-04 at the Wayback Machine.
- ↑ "തവക്കുൽ കർമാൻ". IslamOnlive. Archived from the original on 2017-08-13.
- ↑ "നോബൽ സമ്മാനജേതാക്കൾ" (in ഇംഗ്ലീഷ്). നോബൽ പുരസ്കാര സമിതി. Retrieved 2014 സെപ്റ്റംബർ 03.
{{cite news}}
: Check date values in:|accessdate=
(help) - ↑ "Profile" (in ഇംഗ്ലീഷ്). [[അൽ ജസീറ (ടെലിവിഷൻ)|]]. 2011 ഒക്ടോബർ 07. Retrieved 2013 ആഗസ്റ്റ് 06.
{{cite news}}
: Check date values in:|accessdate=
and|date=
(help)