തൃക്കാക്കര വാമനമൂർത്തിക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(തൃക്കാക്കര ക്ഷേത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Thrikkakara Vamanamoorthy Kshethram
Thrikkakara Temple Entrance
Thrikkakara Temple Entrance
Thrikkakara Vamanamoorthy Kshethram is located in Kerala
Thrikkakara Vamanamoorthy Kshethram
Thrikkakara Vamanamoorthy Kshethram
Location within Kerala
Name
Proper name Thrikkakara Vamanamoorthy Kshethram
Malayalam തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം
Geography
Coordinates 10°2′8″N 76°19′48″E / 10.03556°N 76.33000°E / 10.03556; 76.33000Coordinates: 10°2′8″N 76°19′48″E / 10.03556°N 76.33000°E / 10.03556; 76.33000
Country ഇന്ത്യ
State/province കേരളം
District എറണാകുളം
Locale തൃക്കാക്കര
Culture
Primary deity വാമനൻ (തൃക്കാക്കരയപ്പൻ), ശിവൻ
Important festivals ഓണം, പ്രതിഷ്ഠാദിനം
Architecture
Architectural styles കേരള-ദ്രാവിഡ ശൈലി
Number of temples 2
History and governance
Date built ത്രേതായുഗം
Creator കപില മഹർഷി/പരശുരാമൻ
തൃക്കാക്കര ക്ഷേത്ര ആറാട്ട്
ചുവർ വിളക്കുകൾ

ഇന്ത്യയിൽ വാമനൻ പ്രതിഷ്ഠയായി ഉള്ള വളരെ ചുരുക്കം ക്ഷേത്രങ്ങളിൽ ഒന്നാണ് തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം. കേരളത്തിലെ എറണാകുളം ജില്ലയിലെ തൃക്കാക്കരയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വാമനനോടൊപ്പം ശിവനും ഇവിടെ പ്രത്യേകം ക്ഷേത്രത്തിൽ വാഴുന്നുണ്ട്. ചരിത്രപ്രാധാന്യമുള്ള ചില താളിയോല ഗ്രന്ഥങ്ങൾ ഈ ക്ഷേത്രത്തിലുണ്ട്. ഇവിടത്തെ പ്രധാന ഉത്സവം ഓണം ആണ്. ഓണസദ്യ ഈ ക്ഷേത്രത്തിൽ കെങ്കേമമായി നടത്തുന്നു. ജാതിമത ഭേദമന്യേ ധാരാളം ആളുകൾ ഇവിടത്തെ ഓണസദ്യയിൽ പങ്കെടുക്കുന്നു. തമിഴ് വൈഷ്ണവഭക്തകവികളായ ആഴ്‌വാർമാർ പാടിപ്പുകഴ്ത്തിയ നൂറ്റെട്ട് ദിവ്യദേശങ്ങളിലൊന്നുകൂടിയാണ് തൃക്കാക്കര ക്ഷേത്രം.

പേരിനു പിന്നിൽ[തിരുത്തുക]

തൃക്കാക്കര എന്ന സ്ഥലനാമം “തിരുകാൽക്കരൈ”യുടെ ചുരുക്കപേരാണ്. ക്ഷേത്രനിർമ്മാണത്തോടെയാകണം തിരു(തൃ) വിശേഷണം സ്ഥലപേരിന്റെ മുമ്പിൽ വന്നുചേർന്നത്. കാൽകരൈ നാടിന്റെ ഭരണസഭ തൃക്കാക്കരക്ഷേത്രത്തിലാണ് സമ്മേളിച്ചിരുന്നത്. ഭഗവാന്റെ പാദമുദ്ര പതിഞ്ഞ സ്ഥലമെന്നതിനാൽ ആവാം തിരുകാൽക്കര എന്ന പേർ ലഭിച്ചത് എന്നും പറയുന്നു.

ഐതിഹ്യം[തിരുത്തുക]

ഭക്തപ്രഹ്ലാദന്റെ പേരമകനായിരുന്നു മഹാബലി. അദ്ദേഹം ഒരുപാട് യജ്ഞങ്ങളും മറ്റും നടത്തി പുണ്യം നേടി. മികച്ച ഒരു ഭരണാധികാരിയായി പേരെടുത്ത അദ്ദേഹത്തെ എല്ലാവരും ആദരിച്ചു. എന്നാൽ തന്റെ പുണ്യത്തിൽ അത്യധികം അഹങ്കരിച്ച അദ്ദേഹം ഇന്ദ്രലോകത്തെ ആക്രമിച്ചു. സ്ഥാനഭ്രഷ്ടരായ ദേവന്മാർ മഹാവിഷ്ണുവിനെ ശരണം പ്രാപിച്ചു. വിഷ്ണു വാമനനായി അവതരിച്ച് മഹാബലിയുടെ യാഗശാലയിലെത്തി മൂന്നടി മണ്ണിന് യാചിച്ചു. ആദ്യത്തെ അടികൊണ്ട് ആകാശവും രണ്ടാമത്തെ അടികൊണ്ട് ഭൂമിയും അളന്ന ഭഗവാൻ അവസാനത്തെ അടിയ്ക്കായി സ്ഥലം കണ്ടെത്താൻ വിഷമിച്ചപ്പോൾ മഹാബലി തന്റെ തല തന്നെ കാണിച്ചുകൊടുത്തു. ഭഗവാൻ തന്റെ മൂന്നാമത്തെ അടികൊണ്ട് മഹാബലിയെ അനുഗ്രഹിച്ച് അദ്ദേഹത്തെ സുതലം എന്ന ലോകത്തിന്റെ അധിപനാക്കി. അടുത്ത മന്വന്തരത്തിൽ ഇന്ദ്രപദവിയും നൽകി. എല്ലാ വർഷവും ചിങ്ങമാസത്തിലെ തിരുവോണം നാളിൽ തന്റെ പ്രജകളെ കാണാനുള്ള അനുവാദവും ഭഗവാൻ മഹാബലിയ്ക്ക് നൽകി.

പിന്നീട്, ഈ സ്ഥലത്തിന്റെ മാഹാത്മ്യം കേട്ടറിഞ്ഞ കപിലമഹർഷി മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്താനായി കഠിനതപസ്സ് ചെയ്യാൻ ഇവിടെയെത്തി. ഏറെനാൾ നീണ്ടുനിന്ന കഠിനതപസ്സിനൊടുവിൽ ഭഗവാൻ അദ്ദേഹത്തിന് ദർശനം നൽകി. മഹർഷിയുടെ ആഗ്രഹപ്രകാരം ഭഗവാൻ ഇവിടെത്തന്നെ നിത്യവാസം കൊള്ളാൻ തീരുമാനിച്ചു.

വാമനാവതാരത്തിൽ ഭഗവാന്റെ പാദം വന്നുപതിച്ച സ്ഥലം എന്ന അർത്ഥത്തിലാണ് 'തിരുക്കാൽക്കര' എന്ന പേര് ഈ സ്ഥലത്തിന് വന്നത്. അത്തരത്തിൽ നോക്കുമ്പോൾ മഹാബലിയുടെ ആസ്ഥാനം ഇവിടെയായിരുന്നുവെന്ന് ഉറപ്പിയ്ക്കാം. കപിലമഹർഷിയെക്കൂടാതെ പരശുരാമനുമായി ബന്ധപ്പെട്ടും ഐതിഹ്യം നിലവിലുണ്ട്.

ചരിത്രം[തിരുത്തുക]

കേരളത്തിന്റെ ദേശീയോത്സവമായ ഓണവുമായി ചരിത്രപരമായ ബന്ധവും ഈ ക്ഷേത്രത്തിനുണ്ട്. ചേരസാമ്രാജ്യത്തിന്റെ കാലത്താണ് കേരളത്തിൽ ഓണം ആഘോഷിച്ചുതുടങ്ങിയതെന്ന് കഥയുണ്ട്. മഹോദയപുരം ആസ്ഥാനമാക്കി ഭരിച്ചിരുന്ന ചേരമാൻ പെരുമാളിന്റെ രാജ്യാതിർത്തിയ്ക്കുള്ളിലായിരുന്നു തൃക്കാക്കരയും. തൃക്കാക്കര ക്ഷേത്രത്തിൽ ചിങ്ങമാസത്തിൽ നടത്തിവന്നിരുന്ന ഉത്സവം എല്ലാ ഹൈന്ദവഭവനങ്ങളിലും ആചരിയ്ക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. അതെത്തുടർന്നാണ് കേരളത്തിൽ ഓണാഘോഷം തുടങ്ങിയത്.

എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തമിഴ് വൈഷ്ണവഭക്തകവിയായിരുന്ന നമ്മാഴ്വാർ തൃക്കാക്കരയപ്പനെക്കുറിച്ച് രണ്ട് പാസുരങ്ങൾ (സ്തുതിഗീതങ്ങൾ) രചിച്ചിരുന്നു. ഇവയിൽ അദ്ദേഹം സ്ഥലത്തെ 'കാൽക്കരൈ' എന്നും ഭഗവാനെ 'കാൽക്കരയപ്പപ്പെരുമാൾ' എന്നും ലക്ഷ്മീദേവിയെ 'പെരുംശെൽവ നായകി' എന്നും 'വാത്സല്യവല്ലി' എന്നുമാണ് വിശേഷിപ്പിച്ചിരുന്നത്.

പന്ത്രണ്ടാം നൂറ്റാണ്ടോടെ തൃക്കാക്കര ക്ഷേത്രത്തിന്റെ പ്രതാപം കുറഞ്ഞുതുടങ്ങി. രാജാക്കന്മാർ തമ്മിലുള്ള കിടമത്സരവും അതെത്തുടർന്ന് ഊരാളന്മാർക്കും മറ്റും നേരിട്ട പ്രശ്നവുമെല്ലാം ക്ഷേത്രത്തെ പ്രതികൂലമായി ബാധിച്ചു. നിത്യനിദാനങ്ങൾക്കുപോലും ചെലവില്ലാതെയായി. പൂജാരിമാർക്ക് ഈ ക്ഷേത്രത്തോടുള്ള ഭക്തി വരെ നഷ്ടപ്പെട്ടു. ഇങ്ങനെ ക്ഷേത്രഭൂമി കാടുകയറി നശിച്ചു. ക്ഷേത്രത്തിന്റെ അധിഷ്ഠാനം മാത്രമേ ഇക്കാലത്ത് ബാക്കിയുണ്ടായിരുന്നുള്ളൂ. ഒടുവിൽ, 1921-ൽ അന്നത്തെ തിരുവിതാംകൂർ രാജാവായിരുന്ന ശ്രീ മൂലം തിരുനാൾ രാമവർമ്മയാണ് ക്ഷേത്രം നവീകരിച്ച് പുനഃപ്രതിഷ്ഠ നടത്തിയത്. തുടർന്ന് ക്ഷേത്രം അദ്ദേഹം ഏറ്റെടുത്തു. 1949-ൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് രൂപവത്കരിച്ചപ്പോൾ ക്ഷേത്രം അതിന്റെ കീഴിലായി. ഇന്നും ഇത് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലാണ്. 1961-ൽ കേരളം ഓണത്തെ ദേശീയോത്സവമായി അംഗീകരിച്ചപ്പോൾ ക്ഷേത്രത്തിലേയ്ക്ക് ഭക്തജനങ്ങളുടെ നിലയ്ക്കാത്ത പ്രവാഹമായി. അങ്ങനെ ഗതകാലപ്രൗഢിയിലേയ്ക്ക് ക്ഷേത്രം അതിവേഗം കുതിച്ചുകൊണ്ടിരിയ്ക്കുന്നു. ഇന്ന് ഇവിടെയുള്ള ഓണാഘോഷത്തിൽ ആയിരങ്ങളാണ് പങ്കെടുക്കുന്നത്.

ക്ഷേത്രനിർമ്മിതി[തിരുത്തുക]

ക്ഷേത്രപരിസരവും മതിലകവും[തിരുത്തുക]

എറണാകുളം ജില്ലയിൽ എറണാകുളത്തുനിന്നും ഏകദേശം 8 കിലോമീറ്റർ വടക്കുകിഴക്കുമാറി തൃക്കാക്കര നഗരസഭയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ജില്ലാ ആസ്ഥാനമായ കാക്കനാട്, വണ്ടർലാ (മുമ്പ് വീഗാലാൻഡ്) അമ്യൂസ്മെന്റ് പാർക്ക്, കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല തുടങ്ങിയവ തൃക്കാക്കരയിൽനിന്ന് വളരെ അടുത്താണ്. ക്ഷേത്രത്തിന്റെ തെക്കുഭാഗത്തുകൂടെ ഇടപ്പള്ളി-പൂക്കാട്ടുപടി റോഡ് കടന്നുപോകുന്നു. കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. ക്ഷേത്രത്തിന്റെ നാലുഭാഗത്തും വഴികളുണ്ട്. അതിനാൽ എവിടെനിന്നുവേണമെങ്കിലും ക്ഷേത്രത്തിൽ കയറാം.

എട്ടേക്കറിലധികം വിസ്തീർണ്ണമുള്ള അതിവിശാലമായ ക്ഷേത്രസമുച്ചയമാണ് തൃക്കാക്കരയിലേത്. ഇതിനകത്ത് രണ്ട് ക്ഷേത്രങ്ങളുണ്ട് - വാമനക്ഷേത്രവും ശിവക്ഷേത്രവും. ശിവക്ഷേത്രത്തിനാണ് പഴക്കം കൂടുതലുള്ളത്. മഹാബലി തികഞ്ഞ ശിവഭക്തനായിരുന്നുവെന്നാണ് പുരാണകഥ. അദ്ദേഹം ആരാധിച്ചിരുന്ന സ്വയംഭൂവായ ശിവലിംഗമാണ് ശിവക്ഷേത്രത്തിലുള്ളതെന്ന് പറയപ്പെടുന്നു. ഈ ശിവനെ വന്ദിച്ചശേഷം വേണം വാമനനെ വന്ദിയ്ക്കാനെന്നാണ് ചിട്ട.

ശിവക്ഷേത്രത്തിന്റെ വടക്കുഭാഗത്താണ് വാമനക്ഷേത്രം സ്ഥിതിചെയ്യുന്നത്. ശിവക്ഷേത്രത്തെ അപേക്ഷിച്ച് വലുപ്പം കൂടുതലാണ് വാമനക്ഷേത്രത്തിന്. ഇതിനോടുചേർന്നാണ് ഗോപുരങ്ങളും ആനക്കൊട്ടിലും ശീവേലിപ്പുരയും കൊടിമരവുമെല്ലാമുള്ളത്. സാമാന്യം വലുപ്പമുള്ള ആനക്കൊട്ടിലാണ് ഇവിടെയുള്ളത്. നാലഞ്ചാനകളെ എഴുന്നള്ളിയ്ക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. ആനക്കൊട്ടിലിനപ്പുറത്താണ് ഭഗവദ്വാഹനമായ ഗരുഡനെ ശിരസ്സിലേറ്റുന്ന ഉത്തുംഗമായ ചെമ്പുകൊടിമരമുള്ളത്. നൂറടിയിലധികം ഉയരം വരുന്ന ഈ കൊടിമരം സമീപഭാവിയിൽ തന്നെ മാറ്റി പകരം സ്വർണ്ണക്കൊടിമരം പ്രതിഷ്ഠിയ്ക്കാനുള്ള സാദ്ധ്യതയുണ്ട്. കൊടിമരത്തിനുമപ്പുറത്താണ് ക്ഷേത്രത്തിലെ ബലിക്കൽപ്പുര. വലിയ ബലിക്കല്ല് ഇവിടെ സ്ഥിതിചെയ്യുന്നു. നല്ല ഉയരമുള്ള ബലിക്കല്ലാണിത്. അതിനാൽ പുറത്തുനിന്നുനോക്കുമ്പോൾ ഭഗവദ്വിഗ്രഹം കാണാൻ കഴിയില്ല. ബലിക്കല്ല് പിച്ചളയിൽ പൊതിഞ്ഞ് സ്വർണ്ണം പൂശി സംരക്ഷിച്ചിരിയ്ക്കുന്നു. ഇതിന്റെ മച്ചിൽ ബ്രഹ്മാവിന്റെയും അഷ്ടദിക്പാലകരുടെയും രൂപങ്ങൾ കൊത്തിവച്ചിട്ടുണ്ട്.

ക്ഷേത്രവളപ്പിൽ ധാരാളം വൃക്ഷലതാദികൾ തഴച്ചുവളരുന്നുണ്ട്. അവ കാണികൾക്ക് ദൃശ്യവിരുന്നൊരുക്കുന്നു. കിഴക്കും പടിഞ്ഞാറും നടകളിലുള്ള ഗോപുരങ്ങൾക്ക് നേരെ മുന്നിലും ക്ഷേത്രമതിൽക്കെട്ടിനകത്ത് തെക്കുഭാഗത്തും അരയാൽമരങ്ങളുണ്ട്. ഹൈന്ദവവിശ്വാസപ്രകാരം പുണ്യവൃക്ഷമായ അരയാലിന്റെ മുകളിൽ ബ്രഹ്മാവും നടുക്ക് വിഷ്ണുവും അടിയിൽ ശിവനും കുടികൊള്ളുന്നു, അതായത് അരയാൽ ത്രിമൂർത്തീസ്വരൂപമാണ്. അന്തരീക്ഷത്തിൽ ഏറ്റവും കൂടുതൽ ഓസോൺ ഉത്പാദിപ്പിയ്ക്കുന്ന വൃക്ഷം അരയാലും ചെടി തുളസിയുമാണ്. രണ്ടും ഹിന്ദുക്കൾ പുണ്യകരമായി കരുതുന്നു. ബുദ്ധ - ജൈനമതങ്ങളിലും അരയാലിനെ പുണ്യകരമായി കണക്കാക്കുന്നു. ഇന്ത്യയുടെ ദേശീയവൃക്ഷവും അരയാൽ തന്നെ. ദിവസവും രാവിലെ അരയാലിനെ ഏഴുവലം വയ്ക്കുന്നത് പുണ്യദായകമായി കരുതപ്പെടുന്നു. അരയാലിന്റെ ചുവട്ടിൽ നാഗദൈവങ്ങളുടെ പ്രതിഷ്ഠയുണ്ട്. നാഗരാജാവായി അനന്തനും നാഗയക്ഷിയും നാഗകന്യകയും നാഗചാമുണ്ഡിയും ചിത്രകൂടവുമാണ് ഇവിടെയുള്ളത്.

വടക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേകം ശ്രീകോവിലിൽ ഗോശാലകൃഷ്ണൻ കുടികൊള്ളുന്നു. 'കടമ്പനാട്ട് തേവർ' എന്നാണ് ഈ പ്രതിഷ്ഠ അറിയപ്പെടുന്നത്. സാധാരണ ഗോശാലകൃഷ്ണക്ഷേത്രങ്ങളിലേതുപോലെത്തന്നെയാണ് ഇവിടെയും ശ്രീകോവിലുള്ളത്. വടക്കുഭാഗത്ത് ആനകളെ നിർത്തുന്ന സ്ഥലമാണ്. ഇതിനപ്പുറത്ത് ചെറിയൊരു ക്ഷേത്രക്കുളമുണ്ട്. 'കപിലതീർത്ഥം' എന്നാണ് ഇതിന്റെ പേര്. ക്ഷേത്രപ്രതിഷ്ഠ നടത്തിയതെന്ന് പറയപ്പെടുന്ന കപിലമഹർഷിയുടെ പേരിലറിയപ്പെടുന്ന ഈ കുളം വളരെ പവിത്രമായി കണ്ടുവരുന്നു. പണ്ട് വളരെ വലുപ്പമുണ്ടായിരുന്ന ഈ കുളം കാലക്രമത്തിൽ ചുരുങ്ങിയതാണെന്ന് വിശ്വസിച്ചുവരുന്നു. എന്നാൽ ക്ഷേത്രം തന്ത്രിയ്ക്കും ശാന്തിക്കാർക്കും മാത്രമേ ഇതിൽ കുളിയ്ക്കാൻ അനുവാദമുള്ളൂ. കുളത്തിനടുത്ത് പ്രത്യേകം ശ്രീകോവിലിൽ ഭദ്രകാളി കുടികൊള്ളുന്നു. മതിൽക്കുപുറത്ത് വടക്കുഭാഗത്ത് പൊതു ആവശ്യങ്ങൾക്കുള്ള ക്ഷേത്രക്കുളം സ്ഥിതിചെയ്യുന്നു. ഈ കുളത്തിൽ കുളിച്ചാണ് ഭക്തർ ക്ഷേത്രദർശനം നടത്തുന്നത്. ഉത്സവക്കാലത്ത് ഭഗവാന്റെ ആറാട്ട് നടക്കുന്നതും ഇവിടെത്തന്നെ.

മതിൽക്കകത്ത് വടക്കുകിഴക്കുഭാഗത്ത് ബ്രഹ്മരക്ഷസ്സ് കുടികൊള്ളുന്നു. ഐതിഹ്യപ്രകാരം ഇവിടെ പണ്ട് ആത്മഹത്യ ചെയ്ത ഒരു ബ്രാഹ്മണബാലനാണ് ബ്രഹ്മരക്ഷസ്സായി വാഴുന്നത്. തൃക്കാക്കരയപ്പന്റെ നടയിൽ ഭജനമിരുന്ന ഈ ഉണ്ണി ഒരിയ്ക്കൽ കദളിപ്പഴം മോഷ്ടിച്ചുവെന്ന കുറ്റത്തിന് ശിക്ഷ കേൾക്കുകയും തുടർന്ന് ആത്മഹത്യ ചെയ്യുകയുമായിരുന്നുവത്രേ. മരിയ്ക്കും മുമ്പ് അവൻ 'ഭഗവദ്ചൈതന്യം നശിച്ചുപോകട്ടെ' എന്ന് ശപിയ്ക്കുകയും ചെയ്തു. ഈ ശാപമാണ് ക്ഷേത്രത്തെ അധഃപതനത്തിലെത്തിച്ചതെന്ന് വിശ്വസിച്ചുവരുന്നു. ഇന്ന് ഏതൊരു ചടങ്ങും ബ്രഹ്മരക്ഷസ്സിന്റെ അനുഗ്രഹത്തോടെയേ നടത്താറുള്ളൂ. പതിവിന് വിപരീതമായി ബ്രഹ്മരക്ഷസ്സിന് ശ്രീകോവിൽ പണിതിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. സാധാരണയായി ഒരു തറ മാത്രമേ ബ്രഹ്മരക്ഷസ്സിന് കാണാറുള്ളൂ. ഉഗ്രഭാവത്തോടെയുള്ള പ്രതിഷ്ഠയായതുകൊണ്ടാണത്രേ ഇങ്ങനെ ചെയ്തത്.

ശ്രീകോവിലുകൾ[തിരുത്തുക]

ലക്ഷണമൊത്ത വൃത്താകൃതിയിൽ തീർത്ത ഒറ്റനില ശ്രീകോവിലാണ് പ്രധാന ക്ഷേത്രത്തിലേത്. കരിങ്കല്ലിൽ തീർത്ത ശ്രീകോവിലിന് ഏകദേശം 160 അടി ചുറ്റളവുണ്ടാകും. ഇതിന്റെ മേൽക്കൂര ചെമ്പുമേഞ്ഞിട്ടുണ്ട്. മുകളിൽ സ്വർണ്ണത്താഴികക്കുടം ശോഭിച്ചുനിൽക്കുന്നു. ശ്രീകോവിലിനകത്ത് മൂന്ന് മുറികളുണ്ട്. അവയിൽ പടിഞ്ഞാറേ അറ്റത്തുള്ളതാണ് വിഗ്രഹം പ്രതിഷ്ഠിച്ച ഗർഭഗൃഹം. നാലടിയോളം ഉയരം വരുന്ന അഞ്ജനശിലാനിർമ്മിതമായ വിഗ്രഹത്തിൽ കിഴക്കോട്ട് ദർശനമായാണ് ശ്രീ തൃക്കാക്കരയപ്പൻ കുടികൊള്ളുന്നത്. നിൽക്കുന്ന രൂപത്തിലാണ് മനോഹരമായ ഈ വിഗ്രഹം. വാമനസങ്കല്പമാണെങ്കിലും വിഗ്രഹം ചതുർബാഹുവായ മഹാവിഷ്ണുവിന്റേതാണ്. നാല് തൃക്കൈകളിൽ ശംഖ്, ചക്രം, ഗദ, താമര എന്നിവ ധരിച്ച് വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് ശ്രീ തൃക്കാക്കരയപ്പൻ തൃക്കാക്കരയിൽ കുടികൊള്ളുന്നു.

വാമനമൂർത്തിയുടെ ശ്രീകോവിലിന്റെ പുറംചുവരുകൾ ധാരാളം ചുവർച്ചിത്രങ്ങളാലും ദാരുശില്പങ്ങളാലും സമ്പന്നമാണ്. രാമായണം, മഹാഭാരതം തുടങ്ങിയ പുരാണങ്ങളിൽ നിന്നുള്ള നിരവധി രംഗങ്ങൾ ഇവിടെ കാഴ്ചക്കാർക്ക് ദൃശ്യവിരുന്ന് സമ്മാനിച്ചുകൊണ്ട് നില്പുണ്ട്. ഗജമസ്തകങ്ങളിലൂടെയാണ് ശ്രീകോവിലിന്റെ കഴുക്കോൽ താങ്ങിനിർത്തിയിട്ടുള്ളത്. വടക്കുവശത്ത് ഓവ് പണിതിരിയ്ക്കുന്നു.

ദീർഘചതുരാകൃതിയിലുള്ള ഒറ്റനില ശ്രീകോവിലാണ് ശിവക്ഷേത്രത്തിലുള്ളത്. കരിങ്കല്ലിൽ തീർത്ത ഈ ശ്രീകോവിൽ പ്രധാന ക്ഷേത്രത്തിലെ ശ്രീകോവിലുമായി തട്ടിച്ചുനോക്കുമ്പോൾ വളരെ ചെറുതും അനാകർഷകവുമാണ്. ഇതിന്റെ മേൽക്കൂര ഓടുമേഞ്ഞതാണ്. മുകളിലെ താഴികക്കുടം പിച്ചളയിലാണ് നിർമ്മിച്ചിരിയ്ക്കുന്നത്. ഇതിനകത്ത് രണ്ട് മുറികളേയുള്ളൂ. അവയിൽ പടിഞ്ഞാറേ അറ്റത്തുള്ളതാണ് ഗർഭഗൃഹം. ഒരടിയോളം ഉയരം വരുന്ന സ്വയംഭൂവായ ശിവലിംഗം കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്നു. തികഞ്ഞ ശിവഭക്തനായിരുന്ന മഹാബലി ആരാധിച്ചിരുന്നതാണ് ഈ ശിവലിംഗമെന്ന് വിശ്വസിച്ചുവരുന്നു. സ്വയംഭൂലിംഗമായതിനാൽ മിനുക്കുപണികളൊന്നും തന്നെ ഇവിടെ നടത്തിയിട്ടില്ല. ശിവന് പ്രിയപ്പെട്ട കൂവളമാല, തുമ്പപ്പൂമാല, രുദ്രാക്ഷമാല എന്നിവ കൊണ്ട് ലിംഗത്തിന്റെ മുക്കാൽ ഭാഗവും മറഞ്ഞിരിയ്ക്കും. വിശ്വപ്രകൃതിയുടെ മൂലതേജസ്സിനെ മുഴുവൻ ആവാഹിച്ചുകൊണ്ട് ശ്രീ തെക്കുംതേവർ എന്നറിയപ്പെടുന്ന മഹാദേവൻ തൃക്കാക്കരയിൽ സ്വയംഭൂവായി കുടികൊള്ളുന്നു.

ശിവന്റെ ശ്രീകോവിൽ തീർത്തും നിരാർഭാടമായ ഭിത്തിയോടെയാണ് നിലകൊള്ളുന്നത്. യാതൊരു വിധ അലങ്കാരങ്ങളും ഇവിടെയില്ല. വടക്കുവശത്ത് ഓവുണ്ട്. ശിവക്ഷേത്രമായതിനാൽ ഇവിടെ പൂർണ്ണപ്രദക്ഷിണം പാടില്ല.

നാലമ്പലങ്ങൾ[തിരുത്തുക]

വാമനക്ഷേത്രത്തിനും ശിവക്ഷേത്രത്തിനും പ്രത്യേകമായി നാലമ്പലങ്ങൾ പണിതിട്ടുണ്ട്. രണ്ടിടത്തും നാലമ്പലം ഓടുമേഞ്ഞതാണ്. വാമനക്ഷേത്രത്തിലെ നാലമ്പലത്തിന്റെ പുറംചുവരുകളിൽ വിളക്കുമാടം കാണാം. നാലമ്പലത്തിനകത്ത് തെക്കുകിഴക്കേമൂലയിൽ തിടപ്പള്ളിയും വടക്കുകിഴക്കേമൂലയിൽ കിണറും കാണാം. ശ്രീകോവിലിന്റെ തെക്കുപടിഞ്ഞാറേമൂലയിൽ പ്രത്യേകം ശ്രീകോവിലിൽ കിഴക്കോട്ട് ദർശനമായി ശാസ്താവും ഗണപതിയും കുടികൊള്ളുന്നു. സാധാരണരൂപത്തിലുള്ള വിഗ്രഹങ്ങളാണ് ഇരുവർക്കും. ശാസ്താവിന്റെ നടയ്ക്കുമുന്നിലാണ് ശബരിമല തീർത്ഥാടകർ മാലയിടുന്നതും കെട്ടുനിറയ്ക്കുന്നതും. ഇരുവർക്കുമൊന്നിച്ച് നാളികേരമുടയ്ക്കൽ വഴിപാടുണ്ട്. വടക്കുപടിഞ്ഞാറേമൂലയിൽ കിഴക്കോട്ട് ദർശനമായി ഭഗവതി സാന്നിദ്ധ്യമരുളുന്നു.

നമസ്കാരമണ്ഡപം[തിരുത്തുക]

പ്രധാന പ്രതിഷ്ഠകൾ[തിരുത്തുക]

ശ്രീ തൃക്കാക്കരയപ്പൻ (വാമനമൂർത്തി)[തിരുത്തുക]

ശ്രീ തെക്കുംതേവർ (ശിവൻ)[തിരുത്തുക]

ഉപദേവതകൾ[തിരുത്തുക]

ഗണപതി[തിരുത്തുക]

ശാസ്താവ്[തിരുത്തുക]

സുബ്രഹ്മണ്യൻ[തിരുത്തുക]

ഗോശാലകൃഷ്ണൻ[തിരുത്തുക]

ദുർഗ്ഗ[തിരുത്തുക]

പാർവ്വതി[തിരുത്തുക]

ഭദ്രകാളി[തിരുത്തുക]

നാഗദൈവങ്ങൾ[തിരുത്തുക]

ബ്രഹ്മരക്ഷസ്സ്[തിരുത്തുക]

നിത്യപൂജകളും വഴിപാടുകളും[തിരുത്തുക]

പ്രധാന ഉത്സവങ്ങൾ[തിരുത്തുക]

തിരുവോണ മഹോത്സവം[തിരുത്തുക]

ശിവരാത്രി[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]