മഹാബലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓണത്തപ്പൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഓണത്തപ്പൻ (വിവക്ഷകൾ) എന്ന താൾ കാണുക. ഓണത്തപ്പൻ (വിവക്ഷകൾ)
വാമനനും മഹാബലിയും, ഒരു എണ്ണച്ഛായാ ചിത്രം
അവതാരമെടുത്ത വാമനൻ ബലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തുന്നു
മാവേലിയായി വേഷമിട്ടയാൾ
മാവേലിയുടെ പ്രതിമ

നാടോടി മിത്തുകളിലൂടെ പ്രിയങ്കരനായ ദ്രാവിഡ രാജാവാണ്‌ മഹാബലി. മാവേലി എന്നും കേരളീയർ വിളിക്കുന്നു. (ഇംഗ്ലീഷിൽ:Mahabali, Maveli). കേരളീയരുടെ ദേശീയോത്സവമായ ഓണം കൊണ്ടാടുന്നത് അദ്ദേഹത്തിന്റെ ഓർമ്മക്കാണ്‌ എന്ന് വിശ്വസിക്കുന്നു. മഹാഭാരതത്തിലും പുരാണങ്ങളിലും പരാമർശിതനായ ദൈത്യരാജാവാണ് യഥാർത്ഥത്തിൽ ബലി എന്നും വിശ്വസിക്കുന്നവരും ഉണ്ട്. എന്നാൽ ഗുജറാത്തിലുള്ള രണ്ട് വ്യത്യസ്ത മുസ്ലീം സന്യാസിമാരും (പീർ) മഹാബലി എന്ന നാമഥേയത്തിൽ അറിയപ്പെടുന്നുണ്ട്.[അവലംബം ആവശ്യമാണ്] കേരളത്തിലെ ചേരരാജാക്കന്മാരുടെ കീഴിൽ കൊങ്ങുനാട്ടിലെ അമരാവതി തീരത്തെ കരവൂരിൽ വാണിരുന്നവരത്രേ കൊങ്കിളം കോവരചർ. ഇവരാണ് മഹാബലീ വംശജർ എന്ന് ചില ചരിത്രകാരന്മാർ വാദിക്കുന്നുണ്ട്. [1] ഈ വംശത്തിൽ പെട്ടതും തൃക്കാക്കര ആസ്ഥാനമാക്കിയിരുന്നതുമായ മഹാനായ ഒരു ചേരരാജാവാണ് മഹാബലി എന്ന് ഐതിഹ്യം സൂചിപ്പിക്കുന്നു. ഇതിഹാസ പുരാണങ്ങളിലെ കഥാപാത്രമായ ദൈത്യരാജാവായ ബലിയും നാടോടി ആരാധനാ സമ്പ്രദായങ്ങൾക്ക് പാത്രമായ ബലിരാജ്യത്തിലെ ബലിയും ഒരേ വ്യക്തി തന്നെയാണൊ എന്നതും ഗവേഷണ വിധേയമാക്കിയിട്ടുള്ള വിഷയങ്ങൾ ആണ്‌.രണ്ടും രണ്ടാണെന്നാണ്‌ വിലയിരുത്തൽ. മഹാബലി ചേരവംശസ്ഥാപകനും തൃക്കാക്കര തലസ്ഥാനമാക്കി കേരളം വാണ ചക്രവർത്തിയാണ് എന്ന് ഐതിഹ്യത്തിന് അടിസ്ഥാനമുണ്ട് എന്നാണ് ചില ചരിത്രകാരന്മാർ വാദിക്കുന്നത്. [1] കേരളത്തിലെ തികച്ചും ദ്രാവിഡരീതിയിലുള്ള ഓണാഘോഷം തന്നെ അതിനായി ചൂണ്ടിക്കാണിക്കപ്പെടുന്നു. തലസ്ഥാനമായിരുന്ന കരവൂർ - കരൂർക്കരയാണ് തൃക്കാക്കാക്കരയായതെന്നും കാൽക്കരൈ നാടാണ് തൃക്കാക്കരയായതെന്നും ചരിത്രകാരന്മാർക്കിടയിൽ വിഭിന്ന അഭിപ്രായം ഉണ്ട്. [1]

പേരിനു പിന്നിൽ[തിരുത്തുക]

മഹാബലി എന്ന വാക്കിനർത്ഥം 'വലിയ ത്യാഗം' ചെയ്‌തവൻ എന്നാണ്‌.ബലിയുടേയും ബാണൻറേയും വംശ പരമ്പരക്കാരായിരുന്നു രണ്ടാം ആദി ചേരന്മാർ (ഒന്നാം ചേര സാമ്രാജ്യം) എന്ന് സംഘം കൃതികളിൽ നിന്ന് മനസ്സിലാക്കാം [1] മഹാബലിയെ പിൽക്കാല ചേരരാജാക്കന്മാർ ഒരു ബിരുദമായി സ്വീകരിക്കുകയായിരുന്നു. മഹാബലി എന്നത് ലോപിച്ചാണ് മാവേലിയായത്. എന്നാൽ ശക്തിയുള്ളവൻ അഥവാ ബലവാൻ എന്നർത്ഥമുള്ള സംസ്കൃതപദമായ ബലിൻ എന്ന വാക്കിൽ നിന്നാണ് ബലി എന്ന വാക്ക് നിഷ്പന്നമായത് എന്നും അതാണ്‌ മുസ്ലീം സന്യാസിമാർക്ക് വരെ മഹാബലി എന്ന പേർ വാരാൻ കാരണം എന്ന് ചിലർ വിശ്വസിക്കുന്നു. മഹാഭാരതത്തിലും പുരാണങ്ങളിലും നാടോടിക്കഥകളിലും പ്രതിപാദിച്ചിട്ടുള്ള ബലികൾ വ്യത്യസ്തരാണ്‌ എങ്കിലും അവക്ക് തമ്മിൽ സുപ്രധാനമായ സമാനതകൾ കാണുന്നുണ്ട്.

പുരാണങ്ങൾക്ക് മുൻപ്[തിരുത്തുക]

ഋഗ്വേദത്തിലും ബ്രാഹ്മണങ്ങളിലും കാണുന്ന വാമനപരാമർശങ്ങലിലെങ്ങും ബലി എന്ന അസുരരാജാവിനെക്കുറിച്ച് ഉല്ലേഖമില്ല.ഇവയിൽ വാമനന്റെ എതിരാളിയായ അസുരന്മാർക്ക് ഒരു നേതാവോ രാജാവോ ഉണ്ടായിരുന്നതായും പ്രസ്താവിക്കുന്നില്ല. എന്നാൽ വളരെക്കാലശേഷം രചിക്കപ്പെട്ട മഹാഭാരതത്തിൽ മാത്രമാണ്‌ ബലി എന്ന അസുരരാജാവ് ആദ്യം പ്രത്യക്ഷപ്പെടുന്നത്. [2] ബലി ചാതുർവർണ്ണ്യവ്യവസ്ഥക്ക് എതിരായിരുന്നു എന്ന് മഹാഭാരതത്തിൽ സൂചനയുണ്ട്. ചില പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ അശോക ചക്രവർത്തിയെയാണ്‌ ബ്രാഹ്മണർ ബലി സമാനനായി കണ്ടിരുന്നത്. ബുദ്ധമതത്തിന്റെ പ്രചാരണം വഴി ബ്രാഹ്മണർക്ക് അധഃപതനത്തിന്‌ വഴിയൊരുക്കിയ അശോകനെ അവർക്ക് പുച്ഛമായിരുന്നു എന്ന് വ്യക്തമാണ്‌. ദൈവനാം പ്രിയൻ എന്ന് സ്വയം വിശേഷിപ്പിച്ചിരുന്നതും ബ്രാഹ്മണരുടെ അപ്രീതിക്ക് പാത്രമായി. മഹാഭാരതത്തിൽ ബലി രാജാവ് തത്ത്വജ്ഞാനിയായിരുന്നു എന്ന സൂചന അശോക ചക്രവർത്തിയുടേതിനു തുലനം ചെയ്യാവുന്നതാണ്‌. എന്നാൽ ഈ താരതമ്യമെല്ലാം ബലിയുടെസ്വഭാവചിത്രീകരണത്തിൽ മാത്രമാണ്‌.

മൈത്രേയബുദ്ധൻ, മഹാബലിയുടെ രൂപം മൈത്രേയബുദ്ധനെ അനുകരിച്ചാണ്‌ എന്ന് ചിലർ അഭിപ്രായപ്പെടുന്നു

പുരാണങ്ങളിലെ ബലി[തിരുത്തുക]

വാമന-ബലി കഥയുടെ ഏറ്റവും സൂക്ഷ്മായ വിവരങ്ങൾ ലഭിക്കുന്നത് പുരാണങ്ങളിൽ നിന്നാണ്‌. ചെറുതും വലുതുമായ മുപ്പതോളം ആഖ്യാനങ്ങൾ പുരാണങ്ങളിൽ ഉണ്ട്. മഹാഭാരതത്തിലെ ബലിയേക്കാൾ വ്യത്യസ്തനാണ്‌ പുരാണങ്ങളിലെ ബലി. അദ്ദേഹത്തിന്റെ തലസ്ഥാനം പശ്ചിമേന്ത്യയിലാണ്‌. സുരാഷ്ട്രദേശത്തിൽ വസ്ത്രാപഥത്തിലായിരുന്നു തലസ്ഥാനമെന്നും നർമ്മദാ നദീതീരത്ത് യാഗം നടത്തിയെന്നും ഭൂരിപക്ഷം പുരാണങ്ങളിൽ പ്രസ്താവിച്ചിരിക്കുന്നു. പുരാണങ്ങളിലെ ബലി ബ്രാഹ്മണരുടെ ആശ്രിതനാണ്‌ എന്നാൽ മഹാഭാരതത്തിലെ ബലി ബ്രാഹ്മണ വിരോധിയാണ്‌. സ്കന്ദ, ബ്രഹ്മ, പദ്മ, വാമന, നാരദ, ഭാഗവത പുരാണങ്ങളിലാണ്‌ നീണ്ട ആഖ്യാനങ്ങൾ ഉള്ളത്.

പുരാണങ്ങളിലെ വാമന-ബലി പരാമർശങ്ങൾ ഉള്ള ഭാഗങ്ങൾ പട്ടിയയായി കൊടുത്തിരിക്കുന്നു.


പുരാണം ഖണ്ഡം/ഭാഗം അദ്ധ്യായം
അഗ്നിപുരാണം - 41
അഗ്നിപുരാണം - 248-256
കൂർമ്മപുരാണം I 16
നാരദ പുരാണം I 10, 11
ഭവിഷ്യപുരാണം IV 76
ഭാഗവതപുരാണം II 7
ഭാഗവതപുരാണം V 24
ഭാഗവതപുരാണം VIII 6-11
ഭാഗവതപുരാണം VIII 15-23
ബ്രഹ്മപുരാണം - 73
ബ്രഹ്മപുരാണം - 213
ബ്രഹ്മാണ്ഡപുരാണം II 73
പദ്മപുരാണം സൃഷ്ടി 25
പദ്മപുരാണം ഉത്തര- 266-267
മത്സ്യപുരാണം - 244-246
വാമനപുരാണം - 23-31
വാമനപുരാണം - 74-78
വാമനപുരാണം 89-95
വായുപുരാണം II 36
വായുപുരാണം II 98
സ്കന്ദപുരാണം I 1
സ്കന്ദപുരാണം V 1
സ്കന്ദപുരാണം VII 2
സ്കന്ദപുരാണം VII 4
ഹരിവംശം - 41
ഹരിവംശം - 248-256

ഐതിഹ്യങ്ങൾ/നാടോടിക്കഥകൾ[തിരുത്തുക]

ബലിയെയും വാമനനെയും പറ്റി നിരവധി ഐതിഹ്യങ്ങൾ ഉണ്ട്.

  • അസുരരാജാവും വിഷ്ണുഭക്‌തനുമായിരുന്ന പ്രഹ്ലാദന്റെ കൊച്ചുമകൻ ആയിരുന്നു മഹാബലി. ദേവൻമാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെ(മാവേലിയുടെ) ഭരണകാലം.എങ്ങും എല്ലാവർക്കും സമൃദ്ധിയായിരുന്നു. മഹാബലിയുടെ ഐശ്വര്യത്തിൽ അസൂയാലുക്കളായ ദേവൻമാർ മഹാവിഷ്ണുവിന്റെ സഹായം തേടി മഹാബലി 'വിശ്വജിത്ത്‌' എന്ന യാഗം ചെയ്യവേ വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടു. ചതി മനസ്സിലാക്കിയ അസുരഗുരു ശുക്രാചാര്യരുടെ വിലക്കു വക വയ്ക്കാതെ മഹാബലി മൂന്നടി മണ്ണ്‌ അളന്നെടുക്കാൻ വാമനന്‌ അനുവാദം നൽകി. ആകാശംമുട്ടെ വളർന്ന വാമനൻ തന്റെ കാൽപ്പാദം അളവുകോലാക്കി. ആദ്യത്തെ രണ്ടടിക്കു തന്നെ സ്വർഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെവന്നപ്പോൾ മഹാബലി തന്റെ ശിരസ്സ്‌ കാണിച്ചുകൊടുത്തു. വാമനൻ തന്റെ പാദ സ്പർശത്താൽ മഹാബലിയെ അഹങ്കാരത്തിൽ നിന്ന് മോചിതനാക്കി സുതലിത്തിലേക്ക് ഉയർത്തി. ആണ്ടിലൊരിക്കൽ അതായത്‌ ചിങ്ങമാസത്തിലെ തിരുവോണനാളിൽ തന്റെ പ്രജകളെ സന്ദർശിക്കുന്നതിന്‌ അനുവാദവും വാമനൻ മഹാബലിക്കു നൽകി.

മഹാബലിയും പരശുരാമനും[തിരുത്തുക]

മഹാബലിയെക്കുറിച്ച് കേരളത്തിലെ വരേണ്യവർഗ്ഗത്തിന് വ്യത്യസ്തമായ വീക്ഷണം ഉണ്ടായിരുന്നതായി കാണാം. കേരളത്തിലെ ദ്രാവിഡർ വളരെ പ്രാധാന്യത്തോടെ കണ്ടിരുന്ന ബലി ആരാധന പരശുരാമന്റെ സഹായത്തോടെ കേരളത്തിലെത്തിയതെന്ന് വിശ്വസിക്കുന്ന ബ്രാഹ്മണർക്ക് വിഷമയമായിരുന്നു. ഡെക്കാണിൽ ബലി ആരാധനക്ക് കൂട്ടു നിൽകുകയും അതിന്‌ പരിഷ്കാരങ്ങൾ വരുത്തുകയും ചെയ്ത അവർ കേരളത്തിലെ ബലി ആരാധനയെ പാടെ അവഗണിക്കുകയായിരുന്നു. ഇതിനു കാരണം അവതാരങ്ങളിൽ ഉണ്ടായ കാല വ്യത്യാസമായിരിക്കണം എന്ന് ചരിത്രകാരന്മാർ ചൂണ്ടിക്കാണിക്കുന്നു. വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനൻ ബലിയെ പാതാളത്തിലേക്കയച്ച ശേഷം അവതാരമെടുത്ത പരശുരാമനാൽ സൃഷ്ടിക്കപ്പെട്ടതും ബ്രാഹ്മണർക്ക് ധാനം ചെയ്തതുമാണ്‌ കേരളം എന്നത് വിരോധാഭാസമായി ഭവിക്കും എന്നതാണതിന്‌ കാരണം. രണ്ട് ഐതിഹ്യങ്ങളിലും ഒരേ സമയം വിശ്വസിക്കാനുള്ള പ്രയാസം സമൂഹത്തിൽ പിളർപ്പ് സൃഷ്ടിച്ചു. മഹാബലിപക്ഷക്കാരും പരശുരാമപക്ഷക്കാരും പരസ്പരം എതിർത്തു സമൂഹത്തിൽ നിലയുറപ്പിച്ചു. ഓണത്തപ്പനെ തൃക്കാക്കരയപ്പനാക്കാനുള്ള ശ്രമവും അതിനെതിരെയുണ്ടായ ശക്തമായ പ്രതിഷേധവും ഇതേ പശ്ചാത്തലത്തിലുയർന്നതാണ്‌. ഇത് കേരളീയ സാഹിത്യത്തിൽ വരെ പ്രതിഫലിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 വാലത്ത്, വി.വി.കെ. (1991). കേരളത്തിലെ സ്ഥലനാമചരിത്രങ്ങൾ തൃശൂർ ജില്ല. തൃശൂർ‍: കേരള സാഹിത്യ അക്കാദമി. ഐ.എസ്.ബി.എൻ. 81-7690-051-6. 
  2. രവിവർമ്മ, കെ.ടി. (1993). ഋഗ്വേദം മുതൽ ഓണപ്പാട്ടുകൾ വരെ- ത്രിവിക്രമ-ബലി മിത്തിന്റെ വികാസ പരിണാമങ്ങൾ - പഠനം. കോട്ടയം: ഡി സി ബുക്സ്. ഐ.എസ്.ബി.എൻ. 81-264-0329-2. 

കുറിപ്പുകൾ[തിരുത്തുക]

  • ^ ഈ രാജകുടുംബത്തിൽ ജനിച്ചവളും ചോളൻ നെടുങ്കിള്ളിയുടെ പത്നിയുമായ രാജ്ഞിയെപ്പറ്റി ‘മാവേലി മരുമാൻ ചീർകെഴുതിരുമകൾ എന്ന് മണിമേഖലയിൽ പരാമർശമുണ്ട്.
"https://ml.wikipedia.org/w/index.php?title=മഹാബലി&oldid=2221812" എന്ന താളിൽനിന്നു ശേഖരിച്ചത്