ഹിന്ദുശ്രുതി സാഹിത്യത്തിന്റെ ഒരു ഭാഗമാണ് ബ്രാഹ്മണം. ഇത് നാലു് വേദങ്ങളുടെ ഒരു വ്യാഖ്യാനമാണ്. ഓരോ ബ്രാഹ്മണവും നാല് വേദങ്ങളിൽ ഒന്നിനെക്കുറിച്ചുള്ള ഒരു പ്രത്യേക ശാഖയുടെ വ്യാഖ്യാനമായിരിക്കും. സമ്പൂർണ രൂപത്തിൽ ഇപ്പോൾ അവശേഷിക്കുന്ന പത്തൊൻപത് ബ്രാഹ്മണങ്ങൾ ഉണ്ട്. ഋഗ്വേദത്തെപ്പറ്റി രണ്ട്, യജുർവേദത്തെപ്പറ്റി ആറ്, സാമവേദത്തെപ്പറ്റി പത്ത്, പിന്നെ ഒരെണ്ണം അഥർവവേദത്തെക്കുറിച്ച്. ബ്രാഹ്മണങ്ങൾ എഴുതപ്പെട്ടത് വേദിക് സംസ്കാരത്തിൽ നാഗരികത വളർന്നു വരുന്ന ഒരു കാലഘട്ടത്തിലായിരുന്നു. ഇവ വേദങ്ങളിൽ പ്രതിപാദിക്കുന്ന വിഷയങ്ങളെ വളരെ വിശദമായി വ്യാഖ്യാനിക്കുന്നു. വേദങ്ങളിൽനിന്ന് വ്യത്യസ്തമായി ബ്രാഹ്മണങ്ങൾക്ക് പ്രധാനമായും ഗദ്യരൂപമാണുള്ളത്. [1][2]
ബാഹ്മണങ്ങളുടെ ഉള്ളടക്കം മൂന്ന് വർഗങ്ങളായി തരംതിരിക്കാം. ഇവ വിധി, അർത്ഥവാദം, ഉപനിഷദ് അഥവാ വേദാന്തം. വിധി ബലികർമങ്ങൾ നടത്തുമ്പോൾ പാലിക്കേണ്ട രീതികളെപ്പറ്റി പ്രതിപാദിക്കുന്നു. അർത്ഥവാദം വേദങ്ങളിലെ ശ്ലോകങ്ങളുടെ അർത്ഥത്തെ വിശദീകരിക്കുന്നു[3] ഏറ്റവും പൗരാണികമായ ബ്രാഹ്മണം 900 ബി സി യിലും ഏറ്റവും പുതിയവ 700 ബി സി യിലും രചിക്കപെട്ടു എന്നാണ് കണക്കാക്കപ്പെടുന്നത്.