നിരുക്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു ഭാഷയിലെ വാക്കുകളുടെ ഉത്പത്തി, ചരിത്രം, അവയുടെ അർഥത്തിനുണ്ടായിട്ടുള്ള പരിണാമം എന്നിവയെപ്പറ്റിയുള്ള ശാസ്ത്രീയമായ പഠനമാണ് നിരുക്തം (ഇംഗ്ലീഷ്: Etymology, എറ്റിമോളജി). പ്രാചീനഭാരതത്തിൽ "വേദാംഗങ്ങൾ" എന്ന് പ്രസിദ്ധമായിരുന്ന ആറ് ശാസ്ത്രങ്ങളിൽ ഒന്നാണ് നിരുക്തം.

ചരിത്രം[തിരുത്തുക]

വൈദികവാക്കുകളുടെ അർത്ഥം നിർണ്ണയിക്കുന്നതിനുള്ള വേദവ്യാഖ്യാനമാണ് നിരുക്തം. വേദശബ്ദാർത്ഥനിർണ്ണയത്തിന്റെ പ്രമാണഗ്രന്ഥമാണ് യാസ്കന്റെ “നിരുക്തം”. ബി.സി.ഇ. രണ്ടോ മൂന്നോ നൂറ്റാണ്ടിലാണ് ഇതിന്റെ രചന എന്നു കണക്കാക്കപ്പെടുന്നു[1].‍ സന്ദർഭാനുസരണം അർത്ഥം നിർണ്ണയിക്കുന്നതെങ്ങനെയെന്നു വിവരിക്കുന്നു. യാസ്കൻ ആണ് ഗ്രന്ഥകർത്താവ്. [2] .

പ്രധാനമായും വേദ സംഹിതകളുടെ അർത്ഥം പല തരത്തിൽ വ്യാഖ്യാനിക്കപ്പെടാതിരിക്കാൻവേണ്ടിയാണ് ഇവ സൃഷ്ടിക്കപ്പെട്ടത് നിരുക്തം കശ്യപകൃതമായ വൈദികപദസമൂഹമായ നിഘണ്ടുവിന്റെ വ്യാഖ്യാനമാണ്. വൈദികപദങ്ങൾക്കൊപ്പം സംസ്കൃതത്തിലെ പല രസകരമായ പദങ്ങളുടെ നിരുക്തിയും ആചാര്യൻ നല്കുന്നുണ്ട്. വേദങ്ങളുടെ സംരക്ഷണത്തിനും സൂക്ഷ്മമായ വിശകലനത്തിനും നിരുക്തം സഹായകമാണ്. ആദ്യമേ നിരുക്തകാരൻ നിഘണ്ടുവെന്ന പദമാണ് വിശദമാക്കുന്നത്. നിഘണ്ടു എന്ന പദം നിഗന്തുവെന്നും നിഗമയിതാ എന്നും അഴിച്ചുപണിയുന്നു. അതിലൂടെ ഗമ് എന്ന ധാതുവാണ് നിഘണ്ടുശബ്ദത്തിന്റെ അടിസ്ഥാനമെന്ന് കണ്ടെത്തുന്നു. ഇപ്രകാരം പ്രത്യക്ഷത്തിൽ അർത്ഥം പറയാൻ വിഷമമുള്ള പദങ്ങൾ പോലും അർത്ഥമുള്ള വിധം വ്യാഖ്യാനിക്കുന്ന യാസ്കൻ ഭാഷാശാസ്ത്രരംഗത്തു നല്കുന്ന സംഭാവന ശ്രദ്ധേയമാണ്.

ആചാര്യപദം നിർവചിക്കുന്നത് ഇപ്രകാരമാണ് ആചാരം ഗ്രാഹയതി ആചിനോതി അർത്ഥാൻ, ആചിനോതി ബുദ്ധിമിതി വാ ആചാര്യഃ. ശിഷ്യർക്ക് ആചാരങ്ങളെ മനസ്സിലാക്കിക്കൊടുക്കുന്നവനും അർത്ഥങ്ങളെ പലസ്ഥലത്തുനിന്നും ശേഖരിച്ചു നല്കുന്നവനും അതിനാൽ ശിഷ്യരുടെ ബുദ്ധിയെ വികസിപ്പിക്കുന്നവനുമാണ് ആചാര്യൻ. ചര് ധാതുവിനോട് ആ എന്ന ഉപസർഗ്ഗവും ണ്യത് പ്രത്യയവും ചേർത്ത് ആചാര്യരൂപം നിഷ്പന്നമാകുന്നു. നിരുക്തസാമാന്യസ്വഭാവം ഇപ്രകാരമാണ് വർണ്ണാഗമോ വർണ്ണവിപര്യയശ്ച ദ്വൗ ചാപരൗ വർണ്ണവികാരനാശൗ. ധാതോസ്തദർത്ഥാതിശയേന യോഗസ്തദുച്യതേ പഞ്ചവിധം നിരുക്തം. എന്ന്. അർത്ഥസിദ്ധിയ്ക്കായി പുതിയ വർണ്ണം ചേർത്തും വർണ്ണത്തെ മാറ്റിയും വിട്ടുകളഞ്ഞും ഇല്ലാതാക്കിയും ലോപിപ്പിച്ചും ധാതുവിന്റെ ഏതെങ്കിലും അർത്ഥത്തോടു പ്രത്യേകം ഊന്നൽ നൽകിയും നിരുക്തിപറയാം എന്നർത്ഥം.

ഭാഷാശാസ്ത്രരംഗത്തു ആധുനികപാശ്ചാത്യപണ്ഡിതർ കണ്ടെത്തിയ പല സിദ്ധാന്തങ്ങളും യാസ്കൻ നിരുക്തത്തിൽ കണ്ഠതഃ പറഞ്ഞിട്ടുള്ളതാണ്. പതിനഞ്ചോളംതരത്തിൽ പറയപ്പെടുന്ന ഭാഷാശാസ്ത്രപരമായ വർണ്ണവികാരങ്ങലെല്ലാം യാസ്കന്റെ ചിന്തയ്ക്ക വിഷയമായിട്ടുണ്ട്. അടുത്തയിടെ നിരുക്തത്തിന്റെ ആദ്യാദ്ധ്യായത്തിനു വേദബന്ധുവെഴുതിയ യാസ്കന്റെ നിരുക്തോപക്രമം എന്ന ഗ്രന്ഥം ലബ്ധമാണ്. യാസ്കന്റെ നിരുക്തത്തിൽനിന്ന് പദനിരുക്തിക്കു പുറമേ അക്കാലത്തെ സാമൂഹികചര്യയെക്കുറിച്ചുകൂടി മനസ്സിലാക്കാനാകും. ദാരിദ്ര്യം ഭൂപ്രകൃതി മനുഷ്യബന്ധങ്ങൾ പുരോഹിതരുടെ അവസ്ഥ മുതലായി പല കാര്യങ്ങളും വരികൾക്കിടയിൽ കാണാം.

യാസ്കന്റെ പൂർവാചാര്യന്മാരായി വാർഷായണി, ഗാർഗ്യൻ, ശാകല്യൻ, ശാകടായൻ, കൗത്സൻ ഔദുംബരായണൻ തുടങ്ങി അനവധി ആചാര്യന്മാരെ അദ്ദേഹം പരാമർശിക്കുന്നുണ്ട്. ഭാരതത്തിൽ പ്രാചീനകാലത്തുതന്നെ നിലനിന്നിരുന്ന ശക്തമായ ഭാഷശാസ്ത്രവിജ്ഞാനപാരമ്പര്യം നിരുക്തത്തിലൂടെ വെളിവാകുന്നു. ശബ്ദത്തിന്റെ നിത്യത്വവും നാമപദങ്ങളുടെ അടിസ്ഥാനമായ ധാതുക്കളും വേദമന്ത്രങ്ങളുടെ ശബ്ദപ്രാധാന്യവാദത്തിനെതിരേയുള്ള യാസ്കന്റെ മറുപടിയും മറ്റും ഗ്രന്ഥവായനയെ രസകരവും ചിന്തോദ്ദീപകവുമാക്കുന്നു. യാസ്കൻ പാണിനി കൗടില്യൻ രാജശേഖരൻ തുടങ്ങിയ സംസ്കൃതമനീഷികൾ സ്വകീയഗ്രന്ഥങ്ങളിൽ മറ്റു ആചാര്യന്മാരുടെ മതങ്ങളും ചർച്ചചെയ്യുന്നുണ്ട്.

ഇവയുംകൂടി കാണുക[തിരുത്തുക]


അവലംബം[തിരുത്തുക]

  1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 1654 വരിയിൽ : bad argument #1 to 'pairs' (table expected, got nil)
  2. ഹിന്ദുവിന്റെ പുസ്തകം , പേജ് നം.21 , വേദങ്ങൾ , Pen Books Pvt Ltd, Aluva

ബാഹ്യകണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=നിരുക്തം&oldid=2262739" എന്ന താളിൽനിന്ന് ശേഖരിച്ചത്