ഈശാവാസ്യോപനിഷത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭാരതീയദർശനത്തിലെ പ്രഖ്യാത ഗ്രന്ഥങ്ങളായ ഉപനിഷത്തുകളിൽ ഏറ്റവും പ്രസിദ്ധമായതാണ് ഈശാവാസ്യോപനിഷത്ത് മുഖ്യമായവയായി കരുതപ്പെടുന്ന പത്തുപനിഷത്തുകളുടെ (ദശോപനിഷത്തുകൾ) പരമ്പാരാഗതമായ പട്ടികളിൽ ആദ്യം കാണാറുള്ളത് ഇതിന്റെ പേരാണ്. ശങ്കരാചാര്യർ, അരബിന്ദോ, രാധാകൃഷ്ണൻ, തുടങ്ങിയ വ്യാഖ്യാതാക്കളും ഇതിന് ഏറെ പ്രാധാന്യം കല്പിച്ചു. മാഹാത്മഗാന്ധിയുടെ ഏറ്റവും പ്രിയപ്പെട്ട ഉപനിഷത്തും ഇതായിരുന്നു.[1]

ഉപനിഷത്തുകളുടെ മിക്കവാറും പട്ടികകളിൽ ഏറ്റവും മുകളിലാണ് ഇത് കാണാറുള്ളതെങ്കിലും ഏറ്റവും പഴയ ഉപനിഷത്തല്ല ഇത്. അതേസമയം, ഛാന്ദോഗ്യം, ബ്രഹദാരണ്യകം, തൈത്തിരീയം, ഐതരേയം എന്നീ ഗദ്യോപനിഷത്തുകൾക്ക് തൊട്ടുപിന്നാലെ, ഏറ്റവും പഴക്കമുള്ള പദ്യോപനിഷത്തുകളിൽ ഒന്നായാണ് അരബിന്ദോ ഇതിനെ കണക്കാക്കിയത്. [2]യജുർവ്വേദസഹിതയിൽ യാജ്ഞവൽക്യമഹർഷിയുമായി ബന്ധപ്പെട്ടതും ശുക്ലയജുർവേദം എന്നറിയപ്പെടുന്നതുമായ വാജസനേയിശാഖയിലെ അവസാനത്തെ അദ്ധ്യായമായി വരുന്ന 18 മന്ത്രങ്ങളാണ് ഈ ഉപനിഷത്ത്. സാധാരണ ഉപനിഷത്തുകൾ വേദസഹിതകളിലല്ലാതെ, അവയുടെ അനുബന്ധങ്ങളായ ആരണ്യകങ്ങളുടെ ഭാഗമായാണ് കാണപ്പെടുന്നത്. വേദസം‌ഹിതയുടെ തന്നെ ഭാഗമായുള്ള ഏക ഉപനിഷത്താണിത്.[3]

പേര്[തിരുത്തുക]

ഈശാവാസ്യം എന്ന പേര് ഉപനിഷത്തിലെ ആദ്യമന്ത്രത്തിന്റെ, "ഈശാവാസ്യമിദം സർവം" എന്ന തുടക്കത്തിൽ നിന്നെടുത്തതാണ്.

ഉള്ളടക്കം[തിരുത്തുക]

18 മന്ത്രങ്ങൾ മാത്രമുള്ള ഈശാവാസ്യം താരതമ്യേന ചെറിയ ഉപനിഷത്താണ്. ദശോപനിഷത്തുകളിൽ, ഇതിനേക്കാൾ ദൈർഘ്യം കുറഞ്ഞതായി 12 മന്ത്രങ്ങളുള്ള മാണ്ഡൂക്യോപനിഷത്ത്‌ മാത്രമേയുള്ളു. അതുന്നയിക്കുന്ന ആശയങ്ങളുടെ സ്ഥാപനത്തിലേയ്ക്കുള്ള ചിന്താപ്രയാണത്തിൽ ഈ ഉപനിഷത്ത് നാലുഘട്ടങ്ങളിലൂടെ കടന്നുപോകുന്നതായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ ഒന്നാം ഘട്ടം, മൂന്നു മന്ത്രങ്ങളിൽ ഉപനിഷത്തിന്റെ ആശയം സംഗ്രഹിച്ച് അവതരിപ്പിക്കുന്നു. തുടർന്നുവരുന്ന മൂന്നു ഘട്ടങ്ങളാകട്ടെ, ഈ ആശയഘട്ടത്തിലെ മന്ത്രങ്ങൾ ഓരോന്നിലെ ആശയത്തെ പുരോഗമിപ്പിച്ച് വ്യക്തമാക്കുന്നു.[4]

ആദ്യഘട്ടം[തിരുത്തുക]

ആദ്യത്തെ മൂന്നു മന്ത്രങ്ങളാണ് ഈ ഘട്ടത്തിൽ ഉൾപ്പെടുന്നത്. എല്ലാം ഈശ്വരനാൽ വ്യാപ്തമായിരിക്കുന്നുവെന്ന ഉൾക്കാഴ്ചയുടെ ഘോഷണത്തോടെയാണ് ഈ ഘട്ടത്തിന്റെ തുടക്കം. തുടർന്ന്, ഈശ്വരബോധത്തോടെയുള്ള ദൈവികമായ മനുഷ്യജീവിതത്തെക്കുറിച്ചും, അതിനു വിരുദ്ധമായ ജീവിതത്തിന്റെ വിപത്തിനെക്കുറിച്ചും പറയുന്നു.


ഈശോപനിഷത്തിൽ ഏറ്റവും പ്രസിദ്ധമായത് അതിലെ ആദ്യമന്ത്രം തന്നെയാണ്. അതിങ്ങനെയാണ്:-

"ചലനാത്മകമായ ഈ ജഗത്തിലുള്ളതെല്ലാം ഈശ്വരനാൽ വ്യാപ്തമായിരിക്കുന്നു. അതുകൊണ്ട് ത്യാഗത്തിലൂടെ അനുഭവിക്കുക. ആരുടേയും ധനം മോഹിക്കരുത്" എന്നാണ് ഈ വരികളുടെ ഏകദേശമായ അർത്ഥം.[1]


ഈ മന്ത്രത്തിന്റെ ആദ്യവരിയിലെ "വാസ്യം" എന്ന വാക്കിന്റെ വ്യാഖ്യാനത്തെ സംബന്ധിച്ച് ഒട്ടേറെ തർക്കങ്ങളുണ്ട്. "ഈശാവാസ്യം" എന്നതിന് ഈശ്വരനാൽ ആച്ഛാദനം ചെയ്യപ്പെട്ടത്, മൂടപ്പെട്ടത്, മറയ്ക്കപ്പെട്ടത് എന്നൊക്കെയുള്ള അർത്ഥമാണ് ശങ്കരാചാര്യർ കല്പിച്ചത്. എന്നാൽ അരബിന്ദോയെപ്പോലുള്ള വ്യാഖ്യാതാക്കൾ ഇതിനോട് വിയോജിക്കുന്നു. ഈശ്വരൻ ജഗത്തിനെ ആച്ഛാദനം ചെയ്തിരിക്കുന്നുവെന്നല്ല, ജഗത്ത് ഈശ്വരന്റെ ആച്ഛാദനമോ വാസസ്ഥാനമോ ആണെന്ന അർത്ഥമാണ് ഈ മന്ത്രത്തിനുള്ളതെന്ന് അരബിന്ദോ വാദിക്കുന്നു.[5]


മന്ത്രത്തിന്റെ രണ്ടാം ഭാഗത്തിലെ "തേന ത്യക്തേന ഭുഞ്ജീത്ഥാ" എന്ന 'മഹാവാക്യം', ഗീതാസന്ദേശത്തിന്റെ തന്നെ ചുരുക്കമാണെന്ന് പറയാം. അസക്തികൾ വെടിഞ്ഞ് ജീവിക്കുക, ത്യാഗഭാവത്തോടെ അനുഭവിക്കുക എന്നൊക്കെയാണതിനർത്ഥം. [ക]


ഈ ആദ്യമന്ത്രത്തെ ആധാരമാക്കിയുള്ള ആശയമാണ് അടുത്ത മന്ത്രത്തിൽ. കർമ്മലേപനത്തിലേയ്ക്ക് നയിക്കാത്ത കർമ്മനിരതതയെക്കുറിച്ചാണ് ആ മന്ത്രം.


"കർമ്മത്തിന്റെ ഈ വഴിയിലൂടെ ശതവർഷം ജീവിച്ചിരിക്കുക. മനുഷ്യന് കർമ്മലിപ്തനാകാതിരിക്കാൻ ഇതല്ലാതെ വഴിയില്ല" എന്ന് ഈ മന്ത്രത്തിന് അർത്ഥം പറയാം.

ആദ്യത്തെ രണ്ടു മന്ത്രങ്ങൾ ചൂണ്ടിക്കാട്ടുന്നതിന് വിപരീതമായ വഴി പിന്തുടരുന്നവരെ ആത്മഘാതകരെന്ന്(ആത്മഹ്നോ ജനാ:) വിശേഷിപ്പിക്കുന്ന മൂന്നാം മന്ത്രം അങ്ങനെയുള്ളവർ അന്ധവും ഇരുട്ടുനിറഞ്ഞതുമായ അസൂര്യലോകങ്ങളിൽ[ഖ] ചെന്നെത്തുമെന്ന് പറയുന്നു.

രണ്ടാം ഘട്ടം[തിരുത്തുക]

നാലു മന്ത്രങ്ങൾ(4-7) അടങ്ങുന്നതാണ് ഈ ഘട്ടം. മുൻഘട്ടത്തിലെ ആദ്യമന്ത്രത്തിലേയ്ക്ക് തിരികെ ചെന്ന് അതിനെ വിശദീകരിച്ച് പുരോഗമിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഈ നാലു മന്ത്രങ്ങളിൽ ആദ്യത്തെ രണ്ടെണ്ണം ഈശ്വരസ്വരൂപം വിവരിക്കാനുള്ള ശ്രമമാണ്. തുടർന്നുള്ള രണ്ടു മന്ത്രങ്ങൾ, ഈശ്വരസാക്ഷാത്കാരം കൈവരിച്ചവരുടെ അവസ്ഥ ചിത്രീകരിക്കുന്നു.


ആത്മതത്ത്വമായ ഈശ്വരന്റെ സ്വഭാവം വർണ്ണിക്കുന്ന ആദ്യത്തെ രണ്ടു മന്ത്രങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത്, പ്രത്യക്ഷത്തിൽ അസംഭന്ധമെന്ന് തോന്നുന്ന ഒരു തരം മിസ്റ്റിക് ഭാഷയാണ്.[1] ജഗത്താകെ വ്യാപിച്ചിരിക്കുന്ന ആ സത്യം ഇളകാത്തതെങ്കിലും മനസ്സിനെ വെല്ലുന്ന വേഗമുള്ളതാണ്; നിൽക്കുന്ന അത് ഓടുന്ന മറ്റുള്ളവയെ കടന്നുപോകുന്നു; ഇളകുന്നെങ്കിലും അതിന് ഇളക്കമില്ല; അത് അകലെയും അടുത്തുമാണ്(തദ് ദൂരേ, തദന്തികേ); അത് എല്ലാറ്റിനും അകത്തും വെളിയിലും ഇരിക്കുന്നു(തദന്തരസ്യ സർവസ്യ, തദ് സർവസ്യാസ്യ ബാഹ്യത:) എന്നൊക്കെയാണ് വർണ്ണന.

"അവനവനിൽ സമസ്തഭൂതങ്ങളേയും, സമസ്തഭൂതങ്ങളിലും അവനവനേയും കാണുന്നവനെ ഒന്നും ഭയപ്പെടുത്തുന്നില്ല" എന്നർത്ഥമുള്ള അടുത്ത മന്ത്രം ചിത്രീകരിക്കുന്നത് ഈശ്വരസാക്ഷാത്കാരം സിദ്ധിച്ചവരെയാണ്. രണ്ടാം ഘട്ടത്തിലെ അവസാന മന്ത്രം താഴെക്കൊടുക്കുന്നതാണ്:-

"സമസ്തഭൂതങ്ങളിലും തന്നെത്തന്നെ കണ്ട് ഏകത്വം അറിയുന്നവന്, മോഹമോ ശോകമോ പകരാൻ എന്തിനു കഴിയും?" എന്ന ചോദ്യമാണ് ഈ മന്ത്രത്തിൽ.

മൂന്നാം ഘട്ടം[തിരുത്തുക]

"കർമ്മലിപ്തമല്ലാത്ത ജീവിതം" എന്ന ഒന്നാം ഘട്ടം മദ്ധ്യമന്ത്രത്തിലെ ആശയവുമായി ബന്ധപ്പെട്ടതാണ് (8 മുതൽ 14 വരെയുള്ള) ഏഴു മന്ത്രങ്ങൾ അടങ്ങുന്ന മൂന്നാം ഘട്ടം. ജീവിതത്തിലെ വിരുദ്ധങ്ങളെന്നു തോന്നുന്ന ദ്വന്തങ്ങളുടെ സമന്വയമാണ് ഈ ഘട്ടത്തിലെ മുഖ്യ ആശയം.


വിശ്വത്തെ ഒന്നിച്ചു നിർത്തുന്നത്, എല്ലായിടത്തും സന്നിഹിതവും, ഉജ്ജ്വലവും, അവിഭക്തവും, പാപത്തിന്റെ സ്നായു കലരാത്തതും(അസ്നാവിരം), ബുദ്ധിതികഞ്ഞതും, ഒരേസമയം സമീപസ്ഥവും ദൂരസ്ഥവും ആയ ആത്മതത്ത്വമാണെന്നർത്ഥമുള്ള ഒരു മന്ത്രത്തോടെയാണ് തുടക്കം. തുടർന്നു വരുന്ന 6 മന്ത്രങ്ങളുടെ ആശയം ഏതാണ്ട് ഇങ്ങനെയാണ്:-

  • അവിദ്യയെ പിന്തുടരുന്നവർ അന്ധതയുടെ ഇരുട്ടിൽ ചെന്നു പെടുന്നു; വിദ്യയിൽ മാത്രം ശ്രദ്ധയൂന്നുന്നവർ അതിലും വലിയ ഇരുട്ടിൽ ചെന്നുപെടുന്നു.
  • വിദ്യയുടേയും അവിദ്യയുടേയും ഫലങ്ങൾ വ്യത്യസ്തമാണെന്ന് പൂർവഗുരുക്കളിൽ നിന്ന് ഞങ്ങൾ കേട്ടറിഞ്ഞിരിക്കുന്നു.
  • വിദ്യയേയും അവിദ്യയേയും ഒന്നിൽ തന്നെയുള്ളതായി തിരിച്ചറിയുന്നവൻ, അവിദ്യയിലൂടെ മൃത്യവിനെ തരണം ചെയ്ത് വിദ്യയിലൂടെ അമർത്ത്യത അനുഭവിക്കുന്നു.
  • ഇല്ലാതാകലിലെ(അസംഭൂതി) പിന്തുടരുന്നവർ അന്ധതയുടെ ഇരുട്ടിൽ ചെന്നെത്തുന്നു; ഉണ്മയിൽ മാത്രം ശ്രദ്ധയൂന്നുന്നവർ അതിലും വലിയ ഇരുട്ടിൽ ചെന്നുപെടുന്നു.
  • ഉണ്മയുടേയും ഇലാതാകലിന്റേയും ഫലങ്ങൾ വ്യത്യസ്തമാണെന്ന് പൂർവഗുരുക്കളിൽ നിന്ന് ഞങ്ങൾ കേട്ടിരിക്കുന്നു.
  • ഉണ്മയേയും അലിഞ്ഞുപോകലിനേയും ഒന്നിൽ തന്നെയുള്ളതായി തിരിച്ചറിയുന്നവർ അലിഞ്ഞുപോകലിലൂടെ മൃത്യുവിനെ തരണം ചെയ്ത് ഉണ്മയിലൂടെ അമർത്ത്യത അനുഭവിക്കുന്നു.


ഈ മന്ത്രങ്ങളിൽ പരാമർശിക്കപ്പെടുന്ന ദ്വന്തങ്ങൾ ഏതിനെയൊക്കെ സൂചിപ്പിക്കുന്നുവെന്ന കാര്യത്തിൽ വ്യാഖ്യാതാക്കൾക്കിടയിൽ അഭിപ്രായൈക്യമില്ല. ഉദാഹരണത്തിന്, അവിദ്യയെന്നത് അഗ്നിഹോത്രാദി കർമ്മങ്ങളും, വിദ്യ ദേവതാജ്ഞാനവുമാണെന്നാണ് ശങ്കരാചാര്യർ അഭിപ്രായപ്പെട്ടിട്ടുള്ളത്. ഈശാവാസ്യത്തിന്റെ ഹൃദയത്തെയെന്നതിന് പകരം സ്വന്തം സിദ്ധാന്തങ്ങളുടെ അളവുകോലുകളെയാണ് ശങ്കരൻ ഇവിടെയൊക്കെ പിന്തുടരുന്നതെന്ന് വിമർശിക്കുന്ന സുകുമാർ അഴീക്കോട്, അവിദ്യ ധനലോഭവും, വിദ്യ ആത്മജ്ഞാനം ഉൾപ്പെടാത്ത അപരവിദ്യയും ആണെന്ന് അഭിപ്രായപ്പെടുന്നു.[1] അവിദ്യ ബാഹ്യപ്രപഞ്ചത്തിൽ ശ്രദ്ധയൂന്നുന്നതും വിദ്യ ആന്തരികലോകത്തെ ശ്രദ്ധിക്കുന്നതുമാണെന്ന് കരുതുന്ന വ്യാഖ്യാതാക്കളും ഉണ്ട്. അങ്ങനെ നോക്കുമ്പോൾ, അവിദ്യയേയും വിദ്യയേയും സമന്വയിപ്പിക്കുകയെന്നാൽ, കർമ്മത്തേയും ധ്യാനത്തേയും ഒന്നിപ്പിക്കുക എന്നാണർത്ഥം.[3]

നാലാം ഘട്ടം[തിരുത്തുക]

നാലു മന്ത്രങ്ങൾ അടങ്ങിയ ഈ അന്തിമ ഘട്ടം, ആദ്യഘട്ടം മൂന്നാം ശ്ലോകത്തിൽ പരാമർശിക്കപ്പെടുന്ന അസൂര്യലോകങ്ങളെ മനസ്സിൽ കണ്ട് എഴുതിയതാണെന്ന് തോന്നും. വെളിച്ചത്തിന്റെ സ്രോതസ്സുകളായ സൂര്യനേയും അഗ്നിയേയും എല്ലാം ലക്ഷ്യമാക്കിയുള്ള ഹൃദയസ്പർശിയായ പ്രാർത്ഥനയാണ് ഈ മന്ത്രങ്ങൾ. ഇവയിൽ ഏറെ പ്രശസ്തമായ ആദ്യമന്ത്രം ഇങ്ങനെയാണ്:-

"സത്യത്തിന്റെ മുഖം (നിന്റെ) സ്വർണ്ണത്തളിക കൊണ്ട് മറഞ്ഞിരിക്കുന്നു; ഓ സൂര്യാ, അത് മാറ്റി നീ ഞങ്ങൾക്ക് സത്യദർശനം സാദ്ധ്യമാക്കിയാലും" എന്നാണ് ഈ മന്ത്രത്തിലെ പ്രാർത്ഥന.

പ്രകാശം ചൊരിഞ്ഞും ജ്വലിക്കുന്ന തേജസ് അടക്കിയും, നീ തന്നെയായ ഞങ്ങൾക്ക് നിന്നെ കാട്ടിത്തരേണമേ എന്ന്, പോഷിപ്പിക്കുന്നവനും ഏകാന്തപഥികനും സർവജീവശ്രോതസ്സുമായ സൂര്യനോടുള്ള പ്രാർത്ഥനയാണ് അടുത്ത മന്ത്രം. അതിനടുത്തമന്ത്രത്തിൽ എന്റെ ശരീരം ഭസ്മമായിത്തീരുമ്പോൾ, ജീവൻ അമർത്ത്യതയിൽ ലയിക്കട്ടെയെന്ന് പ്രാർത്ഥിക്കുകയും, ബ്രഹ്മസ്മൃതിയിൽ മുഴുകാൻ മനസ്സിനെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നു. ഉപനിഷത്തിന്റെ സമാപനമന്ത്രം വിനയത്തോടെയുള്ള മറ്റൊരു പ്രാർത്ഥനയാണ്:-

"അഗ്നേ, ഞങ്ങളെ നേർവഴിയിലൂടെ നിത്യാനന്ദത്തിലേക്ക് നയിച്ചാലും. ഞങ്ങളുടെ എല്ലാച്ചെയ്തികളും അറിയുന്ന നീ ഞങ്ങളെ തിന്മയിൽ നിന്ന് രക്ഷിക്കാനായി ഞങ്ങൾ വീണ്ടും വീണ്ടും നമിക്കുന്നു " എന്നാണ് ഇതിനർത്ഥം.

ശാന്തിമന്ത്രം[തിരുത്തുക]

ഈശോപനിഷത്തിനൊടുവിൽ പ്രസിദ്ധമായ ഈ ശാന്തിമന്ത്രം ചേർത്തിട്ടുണ്ട്:-

"അതും ഇതും പൂർണ്ണമാണ്; പൂർണ്ണത്തിൻൽ നിന്ന് പൂർണ്ണം ഉണ്ടാകുന്നു; പൂർണ്ണത്തിൽ നിന്ന് പൂർണ്ണം എടുത്തുമാറ്റിയാലും പൂർണ്ണം തന്നെ അവശേഷിക്കുന്നു" എന്നാണ് ഒട്ടേറെ വ്യംഗ്യാർത്ഥങ്ങൾ കണ്ടെത്താവുന്ന ഈ മന്ത്രത്തിന്റെ വാച്യാർത്ഥം.

വിലയിരുത്തൽ[തിരുത്തുക]

മൈസൂറിൽ ഒരു ക്ഷേത്രത്തിലെ ആദിശങ്കരപ്രതിമ - തന്റെ ജഗന്മായാ വാദത്തിനു ചേരും വിധം ശങ്കരൻ ഈശാപനിഷത്ത് വ്യാഖ്യാനിച്ചു
ശങ്കരൻ ഈശാവാസ്യം വ്യാഖ്യാനിക്കാൻ തുനിഞ്ഞപ്പോൾ ഈശ്വരൻ ചിരിച്ചെന്ന് പറഞ്ഞ അരോബിന്ദോ

ഈശാവാസ്യോപനിഷത്ത് ഒരു പുറം വായിച്ചപ്പോൾ തന്റെ ജീവിതമാകെ മാറിപ്പോയെന്ന് ബ്രഹ്മോസമാജ സ്ഥാപകനായ രാജാ റാം മോഹൻ റായ് പ്രസ്ഥാവിച്ചിട്ടുണ്ട്. ഭാരതീയരും പാശ്ചാത്യരുമായ ഒട്ടേറെ വ്യാഖ്യാതാക്കൾ, ഇത്രയേറെ പ്രശംസിക്കപ്പെട്ട ഈ രചനയുടെ വ്യാഖ്യാനത്തിന് തുനിഞ്ഞിട്ടുണ്ട്. ഒറ്റനോട്ടത്തിൽ അമ്പരപ്പിക്കുന്ന പ്രസ്താവനകൾ നിറഞ്ഞ ഇതിന്റെ വ്യാഖ്യാനം ശങ്കരാചാര്യരെപ്പോലും വിഷമിപ്പിച്ചു. തന്റെ ജഗന്മായാവാദവുമായി കണിശമായി ഒത്തുപോകുന്ന അർത്ഥം ഉപനിഷത്തിൽ കണ്ടെത്താനാണ് അദ്ദേഹം ശ്രമിച്ചത്. ഈശാവാസ്യോപനിഷത്ത് വ്യാഖ്യാനിക്കാൻ ശങ്കരൻ തുനിഞ്ഞപ്പോൾ ഈശ്വരൻ ചിരിച്ചുപോയെന്നുപോലും അരോബിന്ദോ പരിഹസിക്കുന്നു[1] എന്നാൽ ജീവിതത്തിലെ മൗലികവൈരുദ്ധ്യങ്ങളുടെ താദാത്മ്യവും ക്രമപ്പെടുത്തലുമാണ് ഈശോപനിഷത്തിന്റെ കാതലായ ആശയമെന്ന് സാധാരണ വായനക്കാരനു പോലും മനസ്സിലാക്കാം. "വിട്ടുവീഴ്ചയില്ലാത്ത പൊരുത്തക്കേടുകളുടെ വിട്ടുവീഴ്ചയില്ലാത്ത സമന്വയം" [ഗ]ആണ് അതിന്റെ കേന്ദ്ര ആശയമായി അരോബിന്ദോ കണ്ടത്. വാക്കുകളുടെ മിതത്ത്വത്തിനും, ചുരുങ്ങിയ വാക്കുകളിൽ അവതരിപ്പിച്ചിരിക്കുന്ന ആശയങ്ങളുടെ ഗാംഭീര്യത്തിനും ഇത് പേരുകേട്ടിരിക്കുന്നു. "എല്ലാ ഉപനിഷത്തുകളും, മറ്റെല്ലാ പവിത്രരചനകളും ഒരുനാൾ ഭസ്മമായിത്തീർന്നാലും, ഈശോപനിഷത്തിലെ ആദ്യമന്ത്രം ഹിന്ദുക്കളുടെ സ്മരണയിൽ അവശേഷിക്കുന്നെങ്കിൽ‍, ഹിന്ദുമതം എക്കാലവും നിലനിൽക്കും" എന്ന് മഹാത്മാഗാന്ധി അഭിപ്രായപ്പെട്ടിട്ടുണ്ട്.[3]

കുറിപ്പുകൾ[തിരുത്തുക]

ക. ^ തന്റെ ജീവിതസന്ദേശം മൂന്നുവാക്കുകളിൽ സംഗ്രഹിക്കാൻ വെല്ലുവിളിച്ച ഒരു പാശ്ചാത്യപത്രകാരന് മഹാത്മാഗാന്ധി കൊടുത്ത സന്ദേശം, "തേന ത്യക്തേന ഭുഞ്ജീഥാ:" എന്നാണെന്ന് പറയപ്പെടുന്നു.[3]


ഖ. ^ ഇവിടേയും ശങ്കരാചാര്യർ സ്വീകരിച്ചിരിക്കുന്ന പാഠം വ്യത്യസ്തമാണ്. "അസൂര്യലോകങ്ങൾ"(സൂര്യനില്ലാത്ത ലോകങ്ങൾ) എന്നതിന് പകരം അദ്ദേഹം "ആസുരലോകങ്ങൾ"‍(അസുരലോകങ്ങൾ) എന്ന പാഠമാണ് സ്വീകരിച്ചിരിക്കുന്നത്. അരോബിന്ദോ ഇവിടേയും ശങ്കരനോട് വിയോജിക്കുന്നു. അവസാനത്തെ നാലു മന്ത്രങ്ങളിൽ സൂര്യനോടു നടത്തുന്ന അർത്ഥന തന്നെ ഈ മന്ത്രത്തിലെ അസൂര്യലോകങ്ങളെ മനസ്സിൽ വച്ചാണെന്ന് അരോബിന്ദോ ചൂണ്ടിക്കാണിക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, "ഉപനിഷത്തിന്റെ ചിന്താഘടനയിൽ, മൂന്നാം മന്ത്രം, അവസാനത്തെ നാലുമന്ത്രങ്ങളിലെ ആശയത്തിന്റെ മുഖവുരയാണ്." [6]

ഗ. ^ "Uncompromising reconciliation of uncompromising extremes."

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 തത്ത്വമസി, സുകുമാർ അഴീക്കോട്, പ്രസാധനം: കറന്റ് ബുക്ക്സ് തൃശൂർ
  2. ശ്രീ അരോബിന്ദോ, ഉപനിഷത്തുകൾ(പ്രസാധകർ, അരവിന്ദാശ്രമം, പോണ്ടിച്ചേരി), ഈശോപനിഷത്ത്, Conclusion and Summary
  3. 3.0 3.1 3.2 3.3 ഉപനിഷത്തുകൾ, ഏകനാഥ് ഈശ്വരൻ‍, പ്രസാധകർ, പെൻഗ്വിൻ ബുക്ക്സ്
  4. അരോബിന്ദോ, ഊപനിഷത്തുകൾ, ഈശോപനിഷത്ത്, Plan of the Upanishad
  5. ശ്രീ അരോബിന്ദോ, ഉപനിഷത്തുകൾ, ഈശോപനിഷത്ത് - ഒന്നാം മന്ത്രത്തിന്റെ അർത്ഥത്തിന് താഴെക്കൊടുത്തിരിക്കുന്ന അടിക്കുറിപ്പ്: "The image is of the world either as a garment or as a dwelling-place for the informing and governing Spirit."
  6. അരോബിന്ദോ, ഉപനിഷത്തുകൾ, ഈശോപനിഷത്ത്, മൂന്നാം മന്ത്രത്തിന്റെ അടിക്കുറിപ്പ്
"https://ml.wikipedia.org/w/index.php?title=ഈശാവാസ്യോപനിഷത്ത്&oldid=3351131" എന്ന താളിൽനിന്ന് ശേഖരിച്ചത്