Jump to content

മാണ്ഡൂക്യോപനിഷത്ത്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
"ഓമിത്യേദക്ഷരമിദം സർവം" (അവിനാശമായ ഓം ആണ് ഇക്കാണുന്നതൊക്കെ) മാണ്ഡൂക്യത്തിലെ ആദ്യമന്ത്രത്തിന്റെ തുടക്കം‍

ആമുഖം

ഉപനിഷത്തുകളുടെ ഉള്ളടക്കം എന്താണ്? വേദാന്തികൾ കുതർക്കം ചാർത്തി വ്യാഖ്യാനിക്കുന്നതു പോലെ നിർഗുണനിരഞ്ജനപരബ്രഹ്മത്തിന് ധ്യാനത്തിലൂടെ കൈവന്ന അനുഭൂതിയുടെ ഗീതങ്ങളോ, വാഗ്മയമോ? അദ്വൈതപരമാത്മന് എട്ടുകാലിയുടെ ദൃഷ്ടാന്തം നൽകിയതു കൊണ്ട് പരമകാരണമായി സിദ്ധാന്തിക്കുന്ന തത്ത്വം ജ്ഞേയമായി ഭവിക്കുന്നുവോ? വിവർത്തവാദം ത്രിപുടിയുടെ കാരണത്തെ വിശദീകരിക്കുന്നുവെങ്കിൽ ആദിശങ്കരാചാര്യരും രാമാനുജാചാര്യരും മാധവാചാര്യരും ഉപനിഷത്തുക്കൾക്കും മറ്റും (ശ്രുതികളുൾപ്പെടെ വിഭിന്നമായ വ്യാഖ്യാനങ്ങൾ നൽകുന്ന സാഹചര്യം ധ്യാനഗമ്യമായ പരബ്രഹ്മത്തിന് എങ്ങനെ കൈവരുന്നു? ആരുടെ ധ്യാനമാണ് സാധുവായിരിക്കുന്നത്? - അതായത് ഉപനിഷത്തിലെ അനുഭൂതിഗീതകാരണമായ ധ്യാനാനുഭവം ശങ്കരാചാര്യരിലോ രാമാനുജാചാര്യരിലോ മാധവചാര്യരിലോ നിംബാർക്കനിലോ നിഴലിക്കുന്നത്? ശ്രുതികൾ സംബന്ധമായും ഇതേ ചോദ്യം സാദ്ധ്യമാണ്. ശ്രുതികളിലെ അനുഭവസാക്ഷ്യം വ്യത്യസ്ഥ ഭാഷ്യങ്ങൾക്ക് കാരണമായതെന്തുകൊണ്ട്?

വേദാന്തികൾ നിദ്രാടനം ചെയ്യും പോലെ സുസ്മേരവദനരായി ദൃഷ്ടാന്തവും കുതർക്കവും കലർത്തി സാധാരണമനുഷ്യനിലെ അറിവുകേടിനെ ചൂഷണം ചെയ്യുന്ന പ്രഭാഷണങ്ങളാണ് നടത്തുന്നത്. മണ്ണ് കുടമാകുന്നതു പോലെയും സ്വർണ്ണം ആഭരണമാകുന്നതു പോലെയും മിഥ്യയാണ് ഇന്ദ്രിയപ്രത്യക്ഷമായ ലോകം എന്ന് അവർ ജനത്തെ ധരിപ്പിക്കുന്നത് ശബ്ദം ഉപയോഗിച്ചാണ്. മണ്ണും സ്വർണ്ണവും പോലെ അല്ലേ ശബ്ദം? ശബ്ദത്തിന് ആഭരണങ്ങൾ പോലെ മാറ്റം വരുത്തി പ്രഭാഷണം നടത്തിയാൽ അത് ബ്രഹ്മത്തെ വെളിപ്പെടുത്തുമെങ്കിൽ കുടവും ആഭരണങ്ങളുമൊക്കെ സത്യം തന്നെയല്ലേ?

സാമാന്യജനത്തിന്റെ അറിവുകേടിനെ ചൂഷണം ചെയ്ത് വിഡ്ഢികളുടെ സ്വർഗ്ഗം സൃഷ്ടിക്കുന്ന വേദാന്തശാഖകൾ

മാണ്ഡൂക്യം എന്താണ് 12 ശ്ലോകങ്ങളിൽ പറയുന്നത്? മനുഷ്യനിലെ ജാഗ്രദവസ്ഥയും സ്വപ്നവും സുഷുപ്തിയുമാണോ ഈ ഉപനിഷത്ത് അവതരിപ്പിക്കുന്നത്? അങ്ങനെയാണെങ്കിൽ ഓങ്കാരത്തിൽ തുടക്കമെന്തിനാണ്? ജാഗ്രദവസ്ഥയും സ്വപ്നവും സുഷുപ്തിയുമൊക്കെ മിഥ്യയല്ലേ - നൈമിഷികമായ ഇന്ദ്രിയാവസ്ഥകളല്ലേ? ഈ നൈമിഷികമായ അനുഭൂതികളിലൂടെ തുരീയം എങ്ങനെയാണ് കൈവരിക? സുഷുപ്തി ധ്യാനത്തിലൂടെ കൈവരിച്ച് തവളയെപ്പോലെ ചാടുകയാണോ ബ്രഹ്മജ്ഞാനി ചെയ്യുന്നത്? പുഞ്ചിരി കാട്ടി ബ്രഹ്മാനുഭൂതിയെ അഭിനയത്തിൽ കൊണ്ടുവരുന്ന ഏതെങ്കിലും ഒരു വേദാന്തി പറയൂ - ഈ സുഷുപ്തിയും തുരീയവും കരഗതമാകുന്നതെങ്ങനെ? താഴെയുള്ള ഉപനിഷത്ത് വിശകലനത്തിലോ മറ്റേതെങ്കിലും കൃതിയിലോ ശങ്കരാചാര്യരെയും രാമാനുജാചാര്യരെയും മാധവാചാര്യരെയും സമന്വയിപ്പിക്കുന്ന ഒരു മണ്ഡൂകഗതിയുടെ പരാമർശമുണ്ടോ?

ആരുടെ മണ്ഡൂകഗതിയാണ് മാണ്ഡൂക്യം പറയുന്നത്? ഉപനിഷത്ത് സംബന്ധമായ പാരമ്പര്യവിജ്ഞാനം സാധാരണമനുഷ്യനെ കബളിപ്പിക്കുന്ന വേദാന്തിയുടെ അധരവ്യായാമം മാത്രമാണ്.

ഉപനിഷത്തുക്കൾ ബ്രഹ്മവിദ്യയാകുന്നത് സാധകർ ശാക്തവിജ്ഞാനം ഉൾക്കൊള്ളുമ്പോഴാണ്. വാഗംഭ്രിണിസൂക്തം ഋഗ്വേദം 10.125 മുൻനിർത്തി വേണം ഉപനിഷത്തുക്കളെ വ്യാഖ്യാനിക്കേണ്ടത്. ഉദാഹരണത്തിന് മാണ്ഡൂക്യം ആദിപരാശക്തിയുടെ, മാതൃതത്ത്വത്തിന്റെ ഏകാക്ഷരസ്വരൂപമായ ഓങ്കാരത്തിന് മുനിമാർ നൽകിയ വൈജ്ഞാനികവിശകലനമാണ്.

ബ്രഹ്മാനന്ദം പരമസുഖദം കേവലം ജ്ഞാനമൂർത്തിം ദ്വന്ദ്വാതീതം ഗഗനസദൃശം തത്ത്വമസ്യാദിലക്ഷ്യം

ഏകം നിത്യം വിമലമചലം സർവധീസാക്ഷിഭൂതം ഭാവാതീതം ത്രിഗുണരഹിതം സദ്ഗുരും തം നമാമി.

ഈ ധ്യാനശ്ലോകത്തിലെ സത്ഗുരു അമ്മയാണ്. തം എന്നത് ഓങ്കാരത്തെയാണ് പ്രതിനിധീകരിക്കുന്നത്. അഹം രൂദ്രേഭിർവസുഭിശ്ചരാമി ഇത്യാദിയായ വാഗ്-സൂക്തം നോക്കുക. ശ്രുതികളും അദ്ധ്യാത്മവിദ്യാപരമായ സകലവാഗ്മയവും അമ്മയുടെ വെളിപാടുകളാണ്.

മാണ്ഡൂക്യം അവതരിപ്പിക്കുന്ന ജാഗ്രതാ-സ്വപ്നം-സുഷുപ്തി-തുരീയം-തുരീയാതീതം (മാണ്ഡൂക്യകാരികാ) ഈ അഞ്ചുതലങ്ങൾ മഹാത്രിപുരസുന്ദരിയുടെ ക്രമാനുഗതമായ സൃഷ്ടിപ്രക്രിയായെ വേദാന്തികൾ പ്രതിലോമമായി കാണുന്ന വികൃതിയാണ്. ജഗത്സൃഷ്ടികാരിണിയായ അമ്മയുടെ സ്വരൂപം അചിന്ത്യമാണ്. തുരീയാതീതവും തൂരിയവും ആ നിലക്ക് ആദിപരാശക്തിക്ക് നൽകപ്പെടുന്ന താത്ത്വികരഹസ്യവിശേഷണമാണ്. ക്രമാനുഗതമായി അമ്മ സുഷുപ്തി തത്ത്വമായി അവതരിക്കുന്നു, പിന്നീട് സ്വപ്നാവസ്ഥ കൈവരിക്കുന്നു. ഒടുവിൽ വിശ്വേശ്വരിയായി അമ്മ മാനവികബോധഗമ്യയായ ജാഗ്രത് ജഗത്തിന് നാമരൂപം നൽകുന്നു. അമ്മയുടെ ഈ 5 പദങ്ങളും സ്വയംപ്രകാശമായ വെളിപാടുകളുള്ള കുലദേവതാസ്വരൂപങ്ങളാണ്. ജാഗ്രദവസ്ഥയിലുള്ള ഇരുകാലി മനുഷ്യന് മുക്തി അഥവാ ബ്രഹ്മാനുഭൂതി വേദാന്തവാഗ്മയം ആഹരിച്ച് ബകധ്യാനം ചെയ്യുന്നതിലൂടെ കരഗതമാകുകയില്ല. ജഗദ്ധാത്രിയായ അമ്മയെ, ഭവാനിയെ ഉപാസിച്ച് അമ്മയുടെ ഭാവ-പഞ്ചമം സാക്ഷാൽക്കരിക്കുന്നതിലൂടെ മാത്രമെ മുക്തിയുടെ സോപാനം അനുഭവമാകുകയുള്ളു.

ഉപനിഷത്തുക്കളിലെ വിജ്ഞാനം ശ്രേഷ്ഠമാണ്. പക്ഷെ അവയെ ശരിയായ വീക്ഷണത്തോടെ വേണം സാമാന്യജനത്തിന് പകർന്ന് നൽകേണ്ടത്. ബകധ്യാനം കൊണ്ട് കൈവരുന്ന മൂഢസ്വർഗ്ഗമല്ല ബ്രഹ്മാനുഭൂതി.നിങ്ങൾ എന്താണ് എഴുതിയത് എല്ലാം ഭവാനി അമ്മയാണോ ശ്രീഷ്ടിയും മുക്തിയും എല്ലാം കൊടുക്കുന്നത് തെറ്റാണ് പലരുടെയും. തെറ്റുകൾ ചൂണ്ടികാണിച്ചു നിങ്ങളും തെറ്റ് തന്നെ ആവർത്തിക്കുന്നു എല്ലാം ശിവമായമാണ് ശിവനാണ് എല്ലാം ചെയ്യുന്നത് ഭവാനി അമ്മയും ശിവ പൂജയാണ് ചെയ്യുന്നത് ശ്രെഷ്ട്ടി സ്ഥിതി സംഹാരം മോക്ഷം എല്ലാം ശിവൻ മൂലമാണ് സാധ്യമാകുന്നത് അതിനാലാണ് എല്ലാ ഋഷികളും ശിവ പൂജ മാത്രം ചെയ്തത് മനസിലാക്കു നിങ്ങളുടെ ദേവി പൂജ നല്ലത് തന്നെ പക്ഷെ അത് സത്യത്തെ മറന്നാകരുത്

ഇനി താഴെ വായിക്കുക

മാണ്ഡൂക്യോപനിഷത്ത്

വേദങ്ങളുടെ ജ്ഞാനകാണ്ഡത്തെ പ്രതിനിധാനം ചെയ്യുന്ന രചനകളായ ഉപനിഷത്തുകളിൽ ഏറ്റവും ചെറിയതാണ്‌ മാണ്ഡൂക്യോപനിഷത്ത്. 12 സൂക്തങ്ങൾ മാത്രമുള്ള മാണ്ഡൂക്യം ഉപനിഷത്തുക്കളിൽ പലതുകൊണ്ടും ശ്രദ്ധേയമാണ്. ഹിന്ദുമതത്തിലെ ആധികാരിക രചനകളിൽ ഒന്നായി ദ്വൈതികളും അദ്വൈതികളും ഇതിനെ മാനിക്കുന്നു. ഹിന്ദുമതം എന്താണെന്ന് ചോദ്യത്തിന് ഒറ്റവാക്കിൽ ഉത്തരമായി മാണ്ഡൂക്യോപനിഷത്തിനെ പരിഗണിക്കുന്നു. [1] അഥർവ വേദത്തിൽപ്പെട്ടതാണ്‌ മാണ്ഡൂക്യോപനിഷത്ത്‌. ആത്മീയ ചിഹ്നമായ ഓംകാരത്തിന്റെ വിശദീകരണമായാണ് ഇത് എഴുതപ്പെട്ടിരിക്കുന്നത്. ശ്ലോകരൂപത്തിൽ 12 മന്ത്രങ്ങളാണ് ഈ ഉപനിഷത്തിൽ ഉള്ളത്. ഈ ഉപനിഷത്തിന്റെ പ്രാധാന്യം കൊണ്ടായിരിക്കാം ശങ്കരാചാര്യർ പ്രത്യേകമായി മംഗളശ്ലോകങ്ങളും പ്രമാണശ്ലോകങ്ങളും രചിച്ചത് എന്നു കരുതുന്നു. ഗൌഡപാദരുടെ കാരികക്കും ശങ്കരാചാര്യർ ഭാഷ്യം രചിച്ചിട്ടുണ്ട്.

മിക്ക മതങ്ങളും പ്രപഞ്ചം ഒരു ഈശ്വര സൃഷ്ടിയാണെന്ന് അഭിപ്രായപ്പെടുമ്പോൾ അതിനു കടക വിരുദ്ധമായി ശൂന്യതയിൽ നിന്ന് ഒന്നും ഉത്ഭവിക്കുന്നില്ല എന്ന ഉത്തരമാണ് മാണ്ഡൂക്യത്തിന്റെ ആദ്യത്തെ സൂക്തം തരുന്നത്. ഈശ്വരൻ ഒരാഗ്രഹവും ഇല്ലാത്തവനായിരിക്കുന്നുവെങ്കിൽ സൃഷ്ടിയുടെ ആവശ്യമില്ല എന്ന ഗൌഡപാദർ തൻറെ കാരികയിൽ വിശര്ദീകരണം നൽകുന്നുണ്ട്. ഉപനിഷത്തുകളുടെ ആകെ എണ്ണം എത്രെയെന്ന് തീർച്ചപ്പെടുത്താനായിട്ടില്ല. 1180 ഉണ്ടെന്ന് ചിലർ കരുതുന്നു. ഇതിൽത്തന്നെ 108 എന്ന് മറ്റൊരു കണക്കുമുണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ട പത്തെണ്ണം ദശോപനിഷത്തുക്കൾ എന്ന പേരിൽ അറിയപ്പെടുന്നു. ഇവയിൽ ഏറെ പ്രധാന്യമുള്ളതാണ് മാണ്ഡൂക്യോപനിഷത്ത്‌. [2] എന്നാൽ ദശോപനിഷത്തുകളിൽ ഏറ്റവും പഴക്കം കുറഞ്ഞതായാണ് ഇത് പൊതുവേ കണക്കാക്കപ്പെടുന്നത്.[3]

മണ്ഡൂകം എന്ന വാക്കിന്‌ തവള എന്നർത്ഥം. തവളയും ഉപനിഷത്തും തമ്മിൽ നേരിട്ട്‌ ബന്ധമൊന്നുമില്ല. മറ്റു ഉപനിഷത്തുകൾ വിശദവും ചിലപ്പോൾ സരളവുമായ ഭാഷയിലൂടെ വിദ്യാർത്ഥിക്ക്‌ ഉപദേശം നൽകുമ്പോൾ മാണ്ഡൂക്യം ഹ്രസ്വമായ പന്ത്രണ്ടു സൂക്തങ്ങളിലൂടെ കാര്യമാത്രപ്രസക്തമായ സന്ദേശം നൽകുന്നു. അരോചകമായെങ്കിലും അറുത്തു മുറിച്ച്‌ 'സത്യം' പറയുന്ന രീതിയാണ്‌ മാണ്ഡൂക്യത്തിന്റേതെന്നു ഇതുകൊണ്ടാകണം ഹ്രസ്വവും അതിപ്രധാനവുമായ ഈ ഉപനിഷത്ത്‌ തവളയുടെ പേരിൽ അറിയപ്പെടുന്നതെന്നും ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. വരാനിരിക്കുന്ന പേമാരിക്കുള്ള മുന്നറിയിപ്പ്‌ തവള കരഞ്ഞു നൽകുന്നതു പോലെ മാണ്ഡൂക്യമെഴുതിയ മുനി അരോചകമെങ്കിലും ചടുലമായ വാക്കുകളിലൂടെ ലോകനൻമയെ കരുതി ഉപദേശം നൽകുന്നു എന്നും ചിലർ വാദിക്കുന്നു. മാണ്ഡൂകൻ എന്ന വൈദികമഹർഷിയുടെ പേരുമായും ഇതിനെ ബന്ധപ്പെടുത്താറുണ്ട്.[4] .

പ്രാധാന്യം

[തിരുത്തുക]

ദശോപനിഷത്തുകൾ പഠിക്കുവാനാകാത്ത പക്ഷം ചുരുങ്ങുയത്‌ മാണ്ഡൂക്യമെങ്കിലും പഠിക്കണം എന്നൊരു അപ്രതിമപ്രശസ്തി ഇതിന് കൈവന്നിട്ടുണ്ട്.[3] ഈ ഉപനിഷത്തിന്റെ പ്രാധാന്യം കൊണ്ടാവണം ശങ്കരാചാര്യർ പ്രത്യേകമായി മഗളശ്ലോകങ്ങളും പ്രമാണശ്ലോകങ്ങളും രചിച്ചതെന്ന് ചിലർ കരുതുന്നു.[1]അതേ സമയം ഉപനിഷത്തുകളിൽ വെച്ച്‌ ഏറ്റവും ഗഹനമായത്‌ മാണ്ഡൂക്യമാണു താനും. അഥവാ മാണ്ഡൂക്യഭാഷ മനസ്സിലാകണമെന്നുണ്ടെങ്കിൽ മറ്റ്‌ ഏതെങ്കിലും ഒന്നു രണ്ട്‌ ഉപനിഷത്തുകളുടെ പഠനം അനിവാര്യമാകുന്നു. ഈ ഗഹനത കണക്കിലെടുത്താണ്‌, ഗൗഡപാദർ മാണ്ഡൂക്യത്തിനെ ഒരു കാരിക എഴുതിയത്‌. പഠിക്കുവാനുള്ള എളുപ്പത്തിന്‌ സാധാരണ മാണ്ഡൂക്യകാരികയാണ്‌ ആശ്രയിക്കപ്പെടുന്നത്‌. ഇതിൽ നാല്‌ അദ്ധ്യായങ്ങളുണ്ട്‌. ആദ്യത്തെ അദ്ധ്യായം ആഗമ പ്രകരണം എന്നറിയപ്പെടുന്നു. ഇത്‌ ഉപനിഷത്തിനോട്‌ ചേർത്താണ്‌ വായിക്കുന്നത്‌. ബാക്കി മൂന്നും സ്വതന്ത്രമായി അദ്വൈത പ്രകരണം, വൈതഥ്യപ്രകരണം, അലാതശാന്തി എന്നീ പേരുകളിൽ അറിയപ്പെടുന്നു. താരതമ്യേന ആധുനികരചനയായി കരുതപ്പെടുന്നതെങ്കിലും 108 ഉപനിഷത്തുകളിൽ ഒന്നായി എണ്ണപ്പെടുന്ന മുക്തികോപനിഷത്തിൽ ശ്രീരാമൻ ഹനുമാന് നൽകുന്ന ഉപദേശം മാണ്ഡൂക്യത്തിന്റെ പ്രാധാന്യം എടുത്തുകാട്ടുന്നു. മാണ്ഡൂക്യം മനസ്സിലായില്ലെങ്കിൽ ദശോപനിഷത്തുക്കളിലെ ബാക്കി ഉപനിഷത്തുക്കളും പഠിക്കണം എന്നിട്ടും മനസ്സിലായില്ലെങ്കിൽ 108 എണ്ണവും പഠിക്കണെമെന്നതായിരുന്നു ആ ഉപദേശത്തിൻറെ സാരം.[3]

ശാന്തിപാഠം

[തിരുത്തുക]

ഏത്‌ വേദത്തിൽപെട്ടതാണോ ഉപനിഷത്ത്‌ ആ വേദത്തിലെ പ്രാർത്ഥനയോടെയായിരിക്കും അത്‌ സാധാരണ തുടങ്ങുക. അഥർ‍വവേദത്തിൻറെ ഭാഗമായതിനാൽ അഥർവ വേദത്തിലെ പ്രാർത്ഥനയാണിതിൽ ഗുരുവും ശിഷ്യനും ഒന്നിച്ച്‌ ചേർന്ന്‌ പ്രാർത്ഥിച്ചുകൊണ്ടാണ്‌ അദ്ധ്യയനം ആരംഭിക്കുന്നത്‌. പ്രാർത്ഥനയ്ക്കു ശേഷം ഓം ശാന്തിഃ എന്ന്‌ മൂന്ന്‌ തവണ ചൊല്ലുന്നതും പതിവാണ്‌. ഇത്‌ ആദി ദൈവികവും ആദി ഭൌതികവും ആധ്യാത്മികവും ആയ ശാന്തിയെ ഉദ്ദേശിച്ചാണ്‌.

സൂക്തങ്ങളും ലഘുവ്യാഖ്യാനവും

[തിരുത്തുക]

ഒന്നാം സൂക്തം

[തിരുത്തുക]

ഓം എന്ന 'അക്ഷരം' (നാശമില്ലാത്തത്‌) ആണ്‌ ഈ കാണുന്നതെല്ലാം. അതിന്റെ വ്യഖ്യാനം ഇങ്ങനെയാണ്‌. ഭൂതം, ഭവത്‌(വർത്തമാനം, ഭവിഷ്യം(ഭാവി) ഇത്‌ സർവവും ഓംകാരം മാത്രമാണ്‌. മൂന്നു കാലങ്ങൾക്കും അപ്പുറത്ത്‌ എന്തെങ്കിലുമുണ്ടോ അതും ഓംകാരം മാത്രമാണ്‌. മാണ്ഡൂക്യത്തിന്റെ ഭാഷയുടെ കടുപ്പം ഒന്നാമത്തെ ശ്ലോകത്തിൽ നിന്നു തന്നെ നമുക്കു മനസ്സിലാക്കാവുന്നതാണ്‌.

രണ്ടാം സൂക്തം

[തിരുത്തുക]

സർവവും ആ ബ്രഹ്മമാണ്‌, ഈ ആത്മാവ്‌ ബ്രഹ്മം തന്നെ, ആത്മാവിന്‌ നാലു പാദങ്ങളുണ്ട്‌. ഒന്നും രണ്ടും ശ്ളോകങ്ങൾ ചേർത്ത്‌ വായിക്കുമ്പോൾ സർവവും ഓംകാരമാണ്‌, സർവവും ബ്രഹ്മവുമാണ്‌, ഈ അത്മാവു തന്നെയാണ്‌ ബ്രഹ്മം എന്നു കാണാം. അഥവാ ഓം = ബ്രഹ്മം = ആത്മാവ്‌. ഈ അത്മാവിന്‌ നാലു പാദങ്ങളുമുണ്ട്‌.

അതായത് അത്മാവ്‌ എന്നു പറയുന്നത്‌ ഞാൻ എന്ന എന്നെയാണ്‌. അഥവാ ദേഹമെന്ന എനിക്കുമപ്പുറം, മറ്റുള്ളവർ ചാർത്തിത്തന്ന വിശേഷണങ്ങൾക്കുമപ്പുറം, ജൻമ വാസനകൾക്കും ആർജ്ജിച്ച വാസനകൾക്കുമെല്ലാമപ്പുറം, എത്രത്തോളം ഉള്ളിന്റെയുള്ളിലേക്കു പോകാൻ കഴിയുമോ അത്രത്തോളം ചെന്നാൽ ഞാൻ എന്ന്‌ ഞാൻ ആരെ ഉദ്ദേശിക്കുന്നുവോ അതേ ഞാൻ. ഈ ആത്മാവിന്‌ നാലു പാദങ്ങളുമുണ്ട്‌; എട്ടുകാലിക്ക്‌ എട്ടു കാലുകളുണ്ട്‌ എന്ന്‌ പറയുന്ന വാച്യാർത്ഥത്തിലല്ല എന്നു മാത്രം. അ. ഉ, മ എന്നീ അക്ഷരങ്ങൾ ചേർന്നതാണ്‌ ഓം എന്ന അക്ഷരം.[1]

ഇവിടെ മൂന്നായി പിരിഞ്ഞു എന്നു പറയുന്നതിന്‌ വ്യാഖാനം പല വിധത്തിൽ നൽകാൻ കഴിയും. ഇവിടെ മാണ്ഡൂക്യത്തിലെ മേൽപ്പറഞ്ഞ നാലു പാദങ്ങളിൽ ആദ്യത്തെ മൂന്നു പാദങ്ങളായി ഇതിനെ വ്യഖാനിക്കുന്നു.

മൂന്നാം സൂക്തം

[തിരുത്തുക]

ഉണർന്നിരിക്കുന്ന അവസ്ഥയാണ്‌ ഒന്നാം പാദം. ഏഴ്‌ അംഗങ്ങളും പത്തൊൻപത്‌ മുഖങ്ങളും ഉള്ള ഇതിണ്റ്റെ സാങ്കേതിക നാമം ജാഗ്രത്‌ എന്നാണ്‌.പ്രഭാമണ്ഡലവും സൂര്യനും പഞ്ചഭൂതങ്ങളും ചേർന്നതാണ്‌ ഏഴ്‌ അംഗങ്ങൾ. കൂടുതൽ വ്യക്തവും സമഗ്രവും ആയ വിശദീകരണം ഛാന്ദോഗ്യോപനിഷത്ത്‌ നൽകുന്നുണ്ട്‌. പഞ്ച ജ്നാനേന്ദ്രിയങ്ങൾ, പഞ്ച കർമേന്ദ്രിയങ്ങൾ, പഞ്ച പ്രാണൻമാർ, മനസ്സ്‌, ബുദ്ധി, അഹംകാരം, ചിത്തം ഇവയാണ്‌ പത്തൊമ്പത്‌ മുഖങ്ങൾ. ജാഗ്രത്‌ അവസ്ഥയിലുള്ള ജീവനെ വ്യഷ്ടിയിൽ വിശ്വൻ എന്നും സമഷ്ടിയിൽ വിരാട്‌ എന്നും പറയുന്നു. ബഹിപ്രജ്നതയും (പുറത്തേക്കുള്ള ബോധത്തോടെ) ബാഹ്യ ലോക ഭോഗവും (പുറത്തുള്ള വസ്തുക്കളെ ഭുജിക്കുക) എന്നിവയും ഇതിണ്റ്റെ മുഖ മുദ്രയാണ്‌.


നാലാം സൂക്തം

[തിരുത്തുക]

സ്വപ്ന്നാവസ്ഥയാണ്‌ രണ്ടാം പാദം. സാങ്കേതിക നാമം വ്യഷ്ടിയിൽ തൈജസൻ, സമഷ്ടിയിൽ ഹിരണ്യഗർഭൻ. അന്തപ്രജ്നനാണ്‌ തൈജസൻ, അതായത്‌ ബോധം ഉള്ളിലാണ്‌, പുറത്തുള്ള വസ്തുക്കളിൽ നിന്നും പ്രജ്ന ഉള്ളിലേക്ക്‌ വലിഞ്ഞിരിക്കുന്നു എന്നു ചുരുക്കം. ഇതിനും നേരത്തേ പറഞ്ഞതുപോലെ ഏഴ്‌ അംഗങ്ങളും പത്തൊമ്പത്‌ മുഖങ്ങളും ഉണ്ട്‌. സ്വന്തം സൃഷ്ടിയെ സ്വയം ഭുജിക്കുന്നയാളാണ്‌ തൈജസൻ. അതുകൊണ്ട്‌ പ്രവിവിക്ത ഭുക്‌ (പ്രകർഷേണ വിവിക്തങ്ങളായ വസ്തുക്കളെ ഭുജിക്കുന്നു) എന്നു പറയുന്നു.

അഞ്ചാം സൂക്തം

[തിരുത്തുക]

മൂന്നാമത്തെ പാദം സുഖ സുഷുപ്തിയാണ്‌. വ്യഷ്ടിയിൽ ഇതിനെ പ്രാജ്നനെന്നും സമഷ്ടിയിൽ ഇതിനെ ഈശ്വരൻ എന്നും പറയുന്നു. സുഖ സുഷുപ്തിയിലുള്ളവൻ യാതൊരു വിധത്തിലുള്ള ആഗ്രഹങ്ങളും കാണിക്കുന്നില്ല. ഒട്ടും സ്വപ്നവും കാണുന്നില്ല. ഏകീ ഭൂതനായി ഘനീഭവിച്ച പ്രജ്നയോടെ ആനന്ദമയനായി ചേതോമുഖനായി ആനന്ദത്തെ ഭുജിക്കുന്നു.

ആറാം സൂക്തം

[തിരുത്തുക]

ഇതാണു സർവേശ്വരൻ ഇതാണ്‌ എല്ലാം അറിയുന്നവൻ, ഇതാണ്‌ അന്തര്യാമി (ഉള്ളിലിരിക്കുന്നവൻ) , എല്ലാറ്റിണ്റ്റേയും ഉത്ഭവസ്ഥാനം, എല്ലാറ്റിണ്റ്റേയും ആരംഭവും അവസാനവും ഇതിൽ നിന്നുമാണ്‌.

ഓം എന്ന അക്ഷരത്തെ മൂന്നായി പിരിച്ചെഴുതിയാൽ കിട്ടുന്ന മൂന്ന്‌ അക്ഷരങ്ങൾ യഥാക്രമം മേൽപ്പറഞ്ഞ മൂന്ന്‌ പാദങ്ങളെ പ്രതിനിധീകരിക്കുന്നു. കുറെയേറെ സാങ്കേതിക പദങ്ങൾ ഉപയോഗിച്ച്‌ വിശദീകരിച്ചിട്ടുണ്ട്‌ എന്നതൊഴിച്ചാൽ ആദ്യത്തെ ആറു മന്ത്രങ്ങളിലും നാം നിത്യവും അനുഭവിക്കുന്ന ജാഗ്രത്‌, സ്വപ്നം, സുഷുപ്തി എന്നീ മൂന്ന്‌ അവസ്ഥകളുടെ വിവരണം മാത്രമാണുള്ളത്‌. ജീവൻ ഈ മൂന്ന്‌ അവസ്ഥകളിലൂടെ മാറി മാറി കടന്നു പോകുന്നു. ഇതിലുമപ്പുറം എന്തെങ്കിലും ഉണ്ടോ അതാണ്‌ ഓംകാരത്തിണ്റ്റെ പൊരുൾ. ഓംകാരമായ പൊരുൾ മൂന്നായ്‌ പിരിഞ്ഞു എന്ന്‌ തുഞ്ചത്തെഴുത്തച്ഛൻ പറയുന്നത്‌ ഇതേ മൂന്ന്‌ അവസ്ത്ഥകളെ ഉദ്ദേശിച്ചാണ്‌.

ത്രിപുരങ്ങളിൽ വസിക്കുന്ന അസുരനെക്കുറിച്ച്‌ പുരാണത്തിൽ പരാമർശിക്കുന്നുണ്ട്‌. ഈ അസുരൻ മൂന്ന്‌ പുരങ്ങളിൽ ഏതെങ്കിലും ഒന്നിൽ ഒരു സമയം വസിക്കുന്നു. ഏതു നേരം ഏതു പുരത്തിൽ ഈ അസുരൻ വസിക്കുന്നു എന്ന്‌ കൃത്യമായി മനസ്സിലാക്കാൻ സാധിക്കാത്തതുകൊണ്ട്‌ മൂന്ന്‌ പുരങ്ങളും ഒരേ സമയം നശിപ്പിക്കുന്നതിലൂടെ മാത്രമേ ഈ അസുരനേയും നിഗ്രഹിക്കാനുമാകൂ. ത്രിപുരങ്ങൾ നമ്മുടെ ജാഗ്രത്‌ സ്വപ്നം സുഷുപ്തി എന്നീ മൂന്ന്‌ അവസ്തകളാണ്‌. അസുരൻ എന്നിലെ ഞാനെന്ന ഭാവമാണ്‌. അഹം = ഞാൻ . അഥവാ അഹംകാരം. അതുകൊണ്ടാണ്‌ തുഞ്ചത്തെഴുത്തച്ഛൻ ഓംകാര മായ പൊരുൾ മൂന്നായി പിരിഞ്ഞുടനെ യാങ്കാരമായി (അഹംകാരമായി) എന്ന്‌ എഴുതിയിരിക്കുന്നത്‌. ഇനി പറയുന്നതാണ്‌ ഓംകാരത്തിണ്റ്റെ പൊരുൾ.

ഏഴാം സൂക്തം

[തിരുത്തുക]

ന അന്തഃപ്രജ്നം - ഉള്ളിലേക്കുള്ള ബോധത്തോടെ (സ്വപ്നാവസ്ഥ) അല്ല. (ബഹി പ്രജ്നം) പുറത്തേക്കുള്ള ബോധത്തോടെ അല്ല, (ന ഉഭയ പ്രജ്നം) രണ്ടും ചേർന്ന ബോധത്തോടേയുമല്ല. പ്രജ്ന ഘനീഭവിച്ചതുമല്ല, വെറും ബോധവുമല്ല, അബോധവുമല്ല(ന അപ്രജ്നം) . അദൃഷ്ടം: ദൃഷ്ടിഗോചരമല്ലാത്തത്‌ - വേദാന്തത്തിണ്റ്റെ ഭാഷയിൽ ഒരു ഇന്ദ്രിയത്തിനും ഗോചരമല്ലാത്തത്‌. അവ്യവഹാര്യം: വ്യവഹരിക്കാനാകാത്തത്‌ അഗ്രാഹ്യം : ബുദ്ധിക്ക്‌ ഗ്രഹിക്കാനാകാത്തത്‌. അലക്ഷണം: ലക്ഷണങ്ങളൊന്നുമില്ലാത്തത്‌ അചിന്ത്യം: ചിന്തിച്ചുറപ്പിക്കുവാനാകാത്തത്‌ അവ്യപദേശ്യം: നിർവചിച്ച്‌ പറയുവാനാകാത്തത്‌ ഏകാത്മപ്രത്യയസാരം: കേവലം തന്റെ തന്നെ ബോധം സാരമായിട്ടുള്ളത്‌. പ്രപഞ്ചോപശമം: ലോകം ഉപശമിക്കുന്നത്‌. (അവസാനിക്കുന്നത്‌) ശാന്തം, ശിവം - മംഗളദായകം അദ്വൈതം - രണ്ടാമതൊന്നില്ലാത്തത്‌ ചതുർത്ഥം - നാലാമത്തെ പാദം. ഇതിനെ ആത്മാവെന്നറിയുക ഇതിനെയാണ്‌ സാക്ഷാത്കരിക്കേണ്ടതെന്നറിയുക. വേദാന്തം പറയുന്നത്‌ ഈശനം ചെയ്യാൻ ഒരു ലോകം ഉള്ളിടത്തോളം കാലമേ ഈശ്വരനുണ്ടാവുകയുള്ളൂ എന്നാണ്‌. ഇവിടെ നാലാം പാദത്തിൽ നമ്മൾ ഇന്നേവരെ അറിഞ്ഞിട്ടുള്ള എല്ലാറ്റിനേയും അതിക്രമിച്ചിരിക്കുന്നു. ഇതുതന്നെയാണ്‌ തത്ത്വമസിയിലെ തത്‌.

ഇത്‌ പൂർണ്ണമാണ്‌ , ഇത്‌ സത്യവുമാണ്‌, സജാതീയമോ (of the same species) വിജാതീയമോ (of another species) സ്വഗതമോ (Within oneself) ആയ ഭേദഭാവങ്ങളില്ലാത്തതാണ്‌ പൂർണ്ണം. മൂന്നുകാലങ്ങളിലും മാറാതെ നിൽക്കുന്നതാണ്‌ സത്യം. അതുകൊണ്ടു തന്നെ അതു കാലാതീതമാണ്‌. കാലത്തിന്‌ അതീതമായതിന്‌ എല്ലാറ്റിന്റേയും ആരംഭവും അവസാനവും അറിയുവാനും സാധിക്കും.

ഞാൻ, ഈ ലോകം,സൃഷ്ടികർത്താവായ ഈശ്വരൻ എന്നിങ്ങനെയുള്ള വേർതിരിവ്‌ ദ്വൈതം എന്ന്‌ അറിയപ്പെടുന്നു. അതായത്‌ ഒന്നിൽ കൂടുതൽ ഉണ്ട്‌ അഥവാ രണ്ട്‌ ഉണ്ട്‌. അദ്വൈതത്തിൽ രണ്ടാമതായി ഒന്നില്ല. ഒന്നു മാത്രമേയുള്ളൂ. ആ ഒന്നാണ്‌ ഞാൻ. അതു തന്നെയാണ്‌ ഈശ്വരൻ, അതു തന്നെയാണ്‌ തത്ത്വം (തത്‌ + ത്വം = അത്‌ നീ) ഉപദേശിച്ചു തന്ന ഗുരു, അതെഴുതിയ വേദപുസ്തകം. ഈ തിരിച്ചറിവ്‌ ഉണ്ടാകുന്നതിനെ ആത്മസാക്ഷാർകാരം എന്നു പറയുന്നു. അവിടെ ഞാനും ഈശ്വരനും ഈശ്വരൻ സൃഷ്ടിച്ച ഈ ലോകവും എല്ലാം ഒന്നായി മാറുന്നു.

എട്ടാം സൂക്തം

[തിരുത്തുക]

എട്ടാമത്തെ സൂക്തം മുതൽ ആത്മാവിന്റെ പാദങ്ങളേയും ഓംകാരത്തെ പിരിച്ചെഴുതുമ്പോൾ കിട്ടുന്ന മൂന്ന്‌ മാത്രകളേയും തമ്മിൽ ബന്ധിപ്പിച്ചു തുടങ്ങുന്നു.

ഇപ്പറഞ്ഞ ആത്മാവ്‌ ഓം എന്ന അക്ഷരത്തെ പ്രതിനിധാനം ചെയ്യുന്നു. മുകളിൽ വിശദീകരിച്ച ആത്മാവിന്റെ നാലു പാദങ്ങളൂം ഓം എന്ന അക്ഷരത്തിന്റെ മാത്രകളൂം സമാനമാണ്‌. അക്ഷരത്തിന്റെ മാത്രകൾ അ ഉ മ ഇന്നിവയാണ്‌.

ഒൻപതാം സൂക്തം

[തിരുത്തുക]

ജാഗരിത സ്ഥാനിയായ വൈശ്വാനരൻ അകാരത്തെ പ്രതിനിധാനം ചെയ്യുന്നു. അ ആദ്യാക്ഷരമാണ്‌, എല്ലാം ഇതിലടങ്ങുന്നു. കാരണം ഇതാണ്‌ ആദ്യത്തേത്‌. ഇതിനെ അറിയുന്നവൻ സർവ കാമനകൾക്കും അധിപനും ഒന്നാമനും ആകുന്നു.

പത്താം സൂക്തം

[തിരുത്തുക]

സ്വപ്ന സ്ഥാനിയായ തൈജസൻ ഉകാരത്തെ പ്രതിനിധാനം ചെയ്യുന്നു. ഉ ഉത്കർഷമായതാണ്‌, രണ്ടിണ്റ്റേയും ഗുണങ്ങളും ഇതിൽ അടങ്ങുന്നു. ഇതറിയുന്നവൻ സമാനനായി ഭവിക്കുന്നു. അവണ്റ്റെ (ശിഷ്യ)കുലത്തിൽ ബ്രഹ്മത്തെ അറിയാത്തവനായി ആരും ഉണ്ടാകില്ല.

പതിനൊന്നാം സൂക്തം

[തിരുത്തുക]

സുഷുപ്തസ്ഥനിയായ പ്രാജ്നൻ മകാരത്തെ പ്രതിനിധീകരിക്കുന്നു. മ മിതിയെ (അളവ്‌) സൂചിപ്പിക്കുന്നു. അതിലേക്ക്‌ എല്ലാം ലയിക്കുന്നു. ഇതറിയുന്നവൻ എല്ലാം അളക്കുന്നു എല്ലാം ആയിത്തീരുകയും ചെയ്യുന്നു.

പന്ത്രണ്ടാം സൂക്തം

[തിരുത്തുക]

നാലാമത്തെ പാദത്തിന്‌ മാത്രയില്ല. ശബ്ദമില്ലാത്ത, ഉച്ചരിക്കാനാകാത്ത അവ്യവാരിയായ, പ്രപഞ്ചം ഉപശമിക്കുന്നതായ ഏകമായ രണ്ടാമതൊന്നില്ലാത്തതായ നിശ്ശബ്ദമാത്ര നാലാമത്തെ പാദത്തെ പ്രതിനിധാനം ചെയ്യുന്നു. ഇത്‌ അറിയുന്നവനിലെ ഞാൻ അറിയേണ്ട എന്നിലേക്ക്‌ വിലയിക്കുന്നു.

നിശ്ശബ്ദ മാത്രക്ക്‌ ഒരു പ്രാധാന്യം കൂടിയുണ്ട്‌. ഓംകാരം തുടർച്ചയായി ഉച്ചരിക്കുമ്പോൽ രണ്ട്‌ ഓംകാരങ്ങൾക്കിടയിൽ വരുന്നതാണ്‌ ഈ നിശ്ശബ്ദമാത്ര. നിശ്ശബ്ദതയിൽ നിന്ന്‌ ഓംകാരം ആവിർഭവിക്കുന്നു. ഓംകാരം ഉരുവിടുമ്പോളും അതിനു പുറകിൽ ഈ നിശ്ശബ്ദത ഉണ്ട്‌, പക്ഷെ ഓംകാരനാദം നിശ്ശബ്ദതയെ മറച്ചിരിക്കുന്നു. ഓംകാരം അവസാനം നിശ്ശബ്ദതയിലേക്ക്‌ തന്നെ ലയിക്കുന്നു. ഇപ്രകാരം തന്നെയാണ്‌ ജീവനും, പക്ഷെ ത്രിപുരങ്ങളിൽ വസിക്കുന്ന അസുരനെപ്പോലെ ഉണർന്നും, സ്വപ്നം കണ്ടും, ഉറങ്ങിയും മാത്രം ജീവിക്കുന്നു. അതിനാധാരമായിരിക്കുന്ന നാലാമത്തെ പാദത്തിലേക്ക്‌ ഒരിക്കലും കടക്കുന്നുമില്ല. നാലാം പാദമാണ്‌ തുരീയം. ഈ നാലാമത്തെ പാദത്തിലേക്ക്‌ കടക്കാനാണ്‌ ഇവിടെ ഋഷി ഉപദേശിക്കുന്നത്‌.

അവലംബം

[തിരുത്തുക]
  1. 1.0 1.1 ഇ., ചന്ദ്രശേഖരൻ നായർ (2006). ഹിന്ദുമതം ഹിന്ദുത്വം. തിരുവനന്തപുരം: പ്രഭാത് ബുക്ക് ഹൌസ്. ISBN 81-7705-147-4. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. എൻ.പി, ഉണ്ണി (2006) [2004]. 108 ഉപനിഷത് (ഉപനിഷത് പ്രപഞ്ചം (ഏഴാം പതിപ്പ് ed.). തിരുവനന്തപുരം-23: പ്രശാന്തി പ്രസാധകർ. ISBN 81-902376-6-7. {{cite book}}: Cite has empty unknown parameters: |accessyear=, |accessmonth=, |month=, |chapterurl=, |origdate=, and |coauthors= (help); Unknown parameter |origmonth= ignored (help)CS1 maint: location (link)
  3. 3.0 3.1 3.2 തത്ത്വമസി, സുകുമാർ അഴീക്കോട് (പ്രസാധനം: കറന്റ് ബുക്ക്സ്, തൃശൂർ)
  4. ഉപനിഷത്തുകൾ, ഏകനാഥ് ഈശ്വരൻ , പുറം 62 (പ്രസാധകർ, പെൻഗ്വിൻ)

കുറിപ്പുകൾ

[തിരുത്തുക]
  • ^ തുഞ്ചത്തെഴുത്തച്ഛന്റ്റെ ഹരിനാമകീർത്തം തുടങ്ങുന്നതെങ്ങിനെയെന്ന്‌ ഓംകാരത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ്.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

http://www.swami-krishnananda.org/mand/mand_1.html

"https://ml.wikipedia.org/w/index.php?title=മാണ്ഡൂക്യോപനിഷത്ത്‌&oldid=4075029" എന്ന താളിൽനിന്ന് ശേഖരിച്ചത്