Jump to content

ഛാന്ദോഗ്യോപനിഷത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭാരതീയ ദർശനത്തിലെ പ്രഖ്യാതരചനകളായ ഉപനിഷത്തുകളിൽ ഒന്നാണ് ഛാന്ദോഗ്യോപനിഷത്ത്. പത്തു മുഖ്യ ഉപനിഷത്തുകളുടെ, ദശോപനിഷത്തുകളെന്നറിയപ്പെടുന്ന പട്ടികയിൽ ഇത് ഉൾപ്പെടുന്നു. ഏറ്റവും പഴക്കം കൂടിയ ഉപനിഷത്തുകളിൽ ഒന്നായി ഛാന്ദോഗ്യം കണക്കാക്കപ്പെടുന്നു.[ക] മുഖ്യ ഉപനിഷത്തുകൾക്കിടയിൽ ബൃഹദാരണ്യകം കഴിഞ്ഞാൽ ഏറ്റവും വലിയ ഉപനിഷത്താണിത്. ഗദ്യരൂപത്തിലാണ് ഇതെഴുതപ്പെട്ടിരിക്കുന്നത്. സാമവേദത്തിന്റെ അനുബന്ധമായ ഛാന്ദോഗ്യബ്രാഹ്മണത്തിന്റെ ഭാഗമാണ് ഈ ഉപനിഷത്ത്. ഛാന്ദോഗ്യം എന്ന പേര് എന്ന പേര് വേദം, വൃത്തം, വൃത്തശാസ്ത്രം എന്നൊക്കെ അർത്ഥമുള്ളതും സാധാരണയായി സാമവേദത്തെ സൂചിപ്പിക്കുന്നതുമായ ഛന്ദസ് എന്ന പദവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഛന്ദസ്, അല്ലെങ്കിൽ സാമവേദം പഠിച്ചവരായ ഛന്ദോഗന്മാരുടെ ഉപനിഷത്താണ് ഛാന്ദോഗ്യോപനിഷത്തെന്ന് പറയാം.[1]


ഛാന്ദോഗ്യബ്രാഹ്മണത്തിൽ ആകെയുള്ള പത്തദ്ധ്യായങ്ങളിൽ ഒടുവിലത്തെ എട്ടദ്ധ്യായങ്ങളാണ് ഈ ഉപനിഷത്ത്. അദ്ധ്യായങ്ങൾ പ്രപാഠകങ്ങൾ എന്നറിയപ്പെടുന്നു. പ്രപാഠകങ്ങൾ ഓരോന്നും ഖണ്ഡങ്ങൾ എന്നു പേരുള്ള ഉപവിഭാഗങ്ങളായും തിരിഞ്ഞിരിക്കുന്നു. എല്ലാ പ്രപാഠകങ്ങളിലുമായി മൊത്തം 154 ഖണ്ഡങ്ങളുണ്ട്.[2]

ഉള്ളടക്കം

[തിരുത്തുക]

വലിപ്പത്തിലെന്നപോലെ കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ വൈവിദ്ധ്യത്തിലും ബൃഹദാരണ്യകത്തിന് തൊട്ടടുത്തു നിൽക്കുന്ന ഉപനിഷത്താണ് ഛാന്ദോഗ്യം. ആത്മതത്ത്വത്തെ സംബന്ധിച്ച അന്വേഷണത്തിനൊപ്പം സങ്കീർണ്ണമായ യജ്ഞവിവരണങ്ങളും ഉപാഖ്യാനങ്ങളും വാദപ്രതിവാദങ്ങളും ഇതിൽ നിറയെ കാണാം. എട്ടദ്ധ്യായങ്ങളുള്ള ഉപനിഷത്തിൽ ആറും ഏഴും അദ്ധ്യായങ്ങൾ മാത്രമേ തികച്ചും ആത്മജ്ഞാനപരമായുള്ളു എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.[1]

തുടക്കം

[തിരുത്തുക]

ഉപനിഷത്തിന്റെ തുടക്കം ഓംകാരോപാസനയിലാണ്: "മനുഷ്യൻ മൊഴിയാണ്. മൊഴി ഒംകാരമാണ്. എല്ലാ മൊഴിയുടേയും രസം ഋഗ്വേദമാണ്. ഋക്കിന്റെ രസം സാമമാണ്. സാമത്തിന്റെ രസം ഒംകാരമെന്ന ഉഥ്ഗീതമാണ്. വാക്കും ശ്വാസവുമായ സാമ-ഋതുക്കൾ ദമ്പതികളാണ്. ഒംകാരത്തിൽ അവർ സമ്മേളിച്ച് ഇച്ഛാസാഫല്യത്തിലെത്തുന്നു. ഇത് മനസ്സിലാക്കി ഒംകാരത്തെ അവിഭക്തമായി ധ്യാനിക്കുന്നവർക്ക് എല്ലാ ഇച്ഛകളും സാധിക്കുന്നു" എന്നും മറ്റുമാണ് ഈ അദ്ധ്യായത്തിലെ ഉഥ്ഗീതസ്തുതിയുടെ രീതി.

ഓംകാരോപാസനയെ പുകഴ്ത്തുന്ന ഒന്നാം പ്രപാഠകത്തിൽ തന്നെ, ഉപാസനാവിദ്യയുടെ സ്വാർത്ഥോപയോഗത്തിന്റെ പരിഹാസവും കാണാം. കൽമഴ (Hail storm) വീണ് കൃഷിയെല്ലാം നശിച്ച് പട്ടിണിയിലായ ഉഷസ്തിയെന്നയാൾ, യാഗസ്ഥലത്ത് അർത്ഥം അറിയാതെ വേദം ചൊല്ലിയിരുന്ന ഋത്വിക്കുകൾക്ക് അർത്ഥം പറഞ്ഞുകൊടുത്ത് ധനം സമ്പാദിക്കുന്ന കഥ പറയുന്ന ഉപനിഷത്ത്, അതിനടുത്ത ഖണ്ഡത്തിൽ ആഹാരം കിട്ടുമെന്ന് മോഹിച്ച് ഒരുകൂട്ടം നായ്ക്കൾ ഉഥ്ഗീതം ആലപിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നു.[3]

ശാണ്ഡില്യവിദ്യ

[തിരുത്തുക]

മൂന്നാം പ്രപാഠകത്തിലെ ഒരു ഖണ്ഡം ശാണ്ഡില്യവിദ്യ എന്നപേരിൽ പ്രസിദ്ധമായ വേദാന്തസംഗ്രഹമാണ്.[4] [5] "ഈ പ്രപഞ്ചം ബ്രഹ്മത്തിൽ നിന്ന് വന്ന് ബ്രഹ്മത്തിലേയ്ക്കു മടങ്ങുന്നു; എല്ലാം ബ്രഹ്മമാണ്" എന്ന പ്രഖ്യാപനത്തിലാണ് അതിന്റെ തുടക്കം. മനസ്സിന്റെ അഗാധതയിലുള്ള ഇച്ഛയെന്തോ അതാണ് മനുഷ്യൻ എന്ന ഇതിലെ കണ്ടെത്തൽ പ്രസിദ്ധമാണ്. ഈ ജീവിതത്തിലെ ഏറ്റവും തീവ്രമായ അഭിലാഷമാണ് ഓരോരുത്തരുടേയും വരുവാനിരിക്കുന്ന ജീവിതത്തെ രൂപപ്പെടുത്തുന്നത്. അതിനാൽ, ആത്മതത്ത്വത്തെ പ്രാപിക്കുകയെന്നതാകട്ടെ നമ്മുടെ തീവ്രാഭിലാഷം. അരിമണിയേക്കാളും, ചാമയരിയേക്കാളും എന്നല്ല ചാമയരിയുടെ കാമ്പിനേക്കാളും തന്നെ സൂക്ഷമാണ് ആത്മാവ്. എന്നാൽ ഹൃദയാന്തർഭാഗത്ത് കുടികൊള്ളുന്ന അതിന് ഭൂമിയേയും, അകാശത്തേയും, ലോകങ്ങളെല്ലാത്തിനേയും അതിശയിക്കുന്ന വലിപ്പമുണ്ട്. ആ ആത്മതത്ത്വമാണ് ബ്രഹ്മം. അഹംബോധം നശിക്കുമ്പോൾ നാം അതിൽ എത്തിച്ചേരുന്നു.

സത്യകാമൻ

[തിരുത്തുക]

നാലാം പ്രപാഠകം തുടങ്ങുന്നത് ദാനശീലനായി ജാനശ്രുതിയെന്ന രാജാവ്, രൈക്വൻ എന്ന ദരിദ്രബ്രാഹ്മണന്റെ ജ്ഞാനത്തെക്കുറിച്ച് അരയന്നങ്ങളിൽ നിന്ന് കേട്ടറിഞ്ഞ് അയാളെ തേടിച്ചെല്ലുന്നതിലാണ്. എണ്ണമറ്റ സമ്പത്തും ഭാര്യയായി സ്വന്തം മകളേയും രൈക്വന് നൽകി ജാനശ്രുതി അയാളിൽ നിന്ന് ആത്മവിദ്യ പഠിച്ചു.[6]


ഉപനിഷത്തുകളിലെ ഏറ്റവും പ്രശസ്ത സത്യാന്വേഷികളിൽ ഒരുവനായ സത്യകാമന്റെ കഥയും ഈ പ്രപാഠകത്തിലാണ്. [ഖ] ജബല എന്ന വീട്ടുവേലക്കാരിയുടെ മകനായിരുന്ന സത്യകാമൻ വിദ്യാഭ്യാസത്തിനായി ഗുരുവിനെ കണ്ടെത്താൻ ഇറങ്ങിപ്പുറപ്പെട്ടപ്പോൾ, തന്റെ ഗോത്രമേതെന്ന് പറയാൻ അമ്മയോടാവശ്യപ്പെട്ടു. ഗുരു ചോദിക്കുമ്പോൾ പറയാനായിരുന്നു അത്. യൗവനത്തിൽ താൻ വിവിധഗൃഹങ്ങളിൽ ദാസ്യവൃത്തി അനുഷ്ഠിച്ചിരുന്നപ്പോൽ ജനിച്ചവനാണ് അവനെന്നും അവന്റെ ജാതിയോ ഗോത്രമോ തനിക്കറിയില്ലെന്നായിരുന്നു അമ്മയുടെ മറുപടി. താൻ സത്യകാമനും അമ്മ ജബലയും ആയതുകൊണ്ട് തന്റെ പേര് സത്യകാമജാബാലൻ എന്നാണെന്ന് ഗുരുവിനോടു പറയാൻ അവൾ മകനെ ഉപദേശിച്ചു. ഗുരുവിന്റെ അന്വേഷണത്തിന് അമ്മയുടെ ഉപദേശമനുസരിച്ച് അവൻ നേരായ മറുപടി പറഞ്ഞതുകേട്ട്, സത്യനിഷ്ഠനായ അവൻ ബ്രാഹ്മണനാവാനേ തരമുള്ളു എന്ന് വിലയിരുത്തിയ ഗുരു അവനെ ശിഷ്യനായി സ്വീകരിച്ചു.

മെലിഞ്ഞുണങ്ങിയ 400 പശുക്കളെ ഗുരു സത്യകാമന്റെ ചുമതലയിലാക്കി. അവയെ ആയിരമായി വർദ്ധിപ്പിച്ചേ മടങ്ങി വരൂ എന്ന് ശപഥം ചെയ്ത് അവൻ പുറപ്പെട്ടു. പശുക്കൾ ആയിരമായി പെരുകിക്കഴിഞ്ഞ് ഗുരുവിന്റെ വീട്ടിലേയ്ക്ക് മടങ്ങിവരുന്ന വഴിയ്ക്ക് അവന് വിദ്യയുടെ ആരംഭപാഠങ്ങൾ പറഞ്ഞുകൊടുത്തത് പശുക്കൂട്ടത്തിലെ കാളയും, ഇടത്താവളത്തിൽ കത്തിച്ച അഗ്നിയും, വഴിയിൽ കണ്ടുമുട്ടിയ അരയന്നവും പിന്നെ മറ്റൊരു പക്ഷിയുമാണ്. ജ്ഞാനത്തിന്റെ മുഖശോഭയുമായി മടങ്ങിവന്ന സത്യാകാമൻ വിദ്യയുടെ കാതലായ ഭാഗം ഗുരുമുഖത്തുനിന്നും പഠിച്ചു.

ശ്വേതകേതു

[തിരുത്തുക]
തത്ത്വമസി എന്ന പ്രസിദ്ധ ഉപനിഷത് മഹാവാക്യം ഛാന്ദോഗ്യത്തിലാണ് - സുകുമാർ അഴീക്കോട് ഉപനിഷത്തുകളെക്കുറിച്ച് 'തത്ത്വമസി' എന്ന പേരിൽ എഴുതിയ ഗ്രന്ഥത്തിന്റെ പുറംചട്ട

ഛാന്ദോഗ്യത്തിന്റെ കാമ്പെന്നു പറയാവുന്ന ആറാം പ്രപാഠകം, അരുണിയുടെ പേരക്കിടാവും ഉദ്ദാലകന്റെ മകനുമായ ശ്വേതകേതുവിന്റെ ജ്ഞാനപ്രാപ്തിയുടെ കഥയാണ്. തത്ത്വമസി എന്ന ഉപനിഷൽ മഹാവാക്യം ആവർത്തിച്ച് ഘോഷിക്കപ്പെടുന്നതും ഈ പ്രപാഠത്തിലാണ്. ഗുരുകുലത്തിൽ പന്ത്രണ്ടുവർഷത്തെ പഠനം പൂർത്തിയാക്കി വിദ്യാഗർവ്വോടെ മടങ്ങി വന്ന ശ്വേതകേതുവിനെ പിതാവ് ചോദ്യം ചെയ്തു. "കേൾക്കാൻ കഴിയാത്തത് കേൾക്കാനും, കാണാൻ കഴിയാത്തത് കാണാനും, അറിയാൻ കഴിയാത്തത് അറിയാനും സാധ്യമാക്കുന്ന അറിവിനെക്കുറിച്ച് കേട്ടിട്ടുണ്ടോ" എന്നായിരുന്നു ചോദ്യം. തുടർന്ന്, അറിവില്ലായ്മ സമ്മതിക്കാൻ നിർബ്ബന്ധിതനായ മകന് ഉദ്ദാലകൻ ആത്മവിദ്യ ഉപദേശിച്ചു കൊടുക്കുന്നു.


ഒരു മൺകട്ടയെക്കുറിച്ചറിഞ്ഞാൽ മണ്ണിന്റെ എല്ലാരൂപഭേദങ്ങളേയും അറിയാൻ അറിയാൻ കഴിയുമെന്നതും, ഒരു സ്വർണ്ണത്തരിയെ മനസ്സിലാക്കിയാൽ സ്വർണ്ണത്തിന്റെ എല്ലാ അവസ്ഥാഭേദങ്ങളേയും അറിയാൻ കഴിയുന്നതുമെല്ലാം എടുത്തുകാട്ടി ആത്മജ്ഞാനത്തിന്റെ സ്വഭാവവും പ്രാധാന്യവും പ്രയോജനവും ഉദ്ദാലകൻ മകനു വിശദീകരിച്ചു. എല്ലാത്തിന്റേയും കാതലായ ആ ആത്മതത്ത്വത്തിന്റെ വിശദീകരണം സമാപ്തിയോടടുക്കുമ്പോൾ കൂടുതൽ നാടകീയമാകുന്നു‍. ഒരു ഘട്ടത്തിൽ ഉദ്ദാലകൻ മകനോട് ഒരു പേരാലിൻ കായ കണ്ടെത്തി പിളർത്തി ഉള്ളിലെന്തെന്നു നോക്കാൻ നിർദ്ദേശിച്ചു. അതിൽ ചെറിയ കുരുക്കളാണെന്ന് അവൻ പറഞ്ഞപ്പോൾ കുരുക്കളിലൊന്നു പിളർത്തി, അതിനുള്ളിൽ എന്താണെന്നു നോക്കാനായി നിർദ്ദേശം. അതിനുള്ളിൽ ഒന്നും കാണുന്നില്ല എന്ന് അവൻ മറുപടി പറഞ്ഞപ്പോൾ, കുരുവിനകത്ത് കാണാതിരിക്കുന്ന തത്ത്വമാണ് വലിയ ആൽമരമായി വളരുന്നതെന്നും അതുപോലെ അദൃശ്യമായിരിക്കുന്ന അത്മതത്ത്വത്തിൽ നിന്നാണ് എല്ലാം പുറപ്പെടുന്നതെന്നും വിശദീകരിച്ചിട്ട്, "അത് നീ തന്നെയാണ് ശ്വേതകേതൂ" എന്ന് പ്രഖ്യാപിച്ചു. ഇത് അയാൾ പല്ലവിയായി ഇടക്കിടെ ഇങ്ങനെ ആവർത്തിക്കുന്നു:-

ഏഴാം പ്രപാഠകത്തിൽ നാരദൻ സനൽകുമാരനിൽ നിന്നു ആത്മജ്ഞാനം നേടുന്നതിന്റെ വിവരണമാണ്. ജ്ഞാനം തേടി തന്നെ സമീപിച്ച നാരദനോട് അയാൾക്ക് അപ്പോൾ അറിയാവുന്നതെന്തൊക്കെയാണെന്ന് സനൽകുമാരൻ അന്വേഷിച്ചു. നാലു വേദങ്ങൾക്കും അഞ്ചാമത്തേതായ ഇതിഹാസത്തിനും പുറമേ വ്യാകരണം, കർമ്മവിധികൾ, ഗണിതം, ജ്യോതിഷം, തർക്കം, സമ്പദ്ശാസ്ത്രം, മനശാസ്ത്രം, സുകുമാരകലകൾ തുടങ്ങിയവ മാത്രമല്ല, പാമ്പാട്ടുവിദ്യപോലും താൻ അഭ്യസിച്ചിട്ടുണ്ടെന്നും എന്നാൽ അവയൊന്നും തനിക്ക് സന്തോഷം നൽകുന്നില്ലെന്നും അയാൾ പ്രതികരിച്ചു. അയാളുടെ വാചജ്ഞാനത്തിലുള്ളത് പരിമിതമായ പ്രതിഭാസങ്ങളുടെ കേവലം പേരുകൾ മാത്രമാണെന്നും, അതിരുകളില്ലാത്ത അറിവിൽ നിന്നേ ആനന്ദം ലഭിക്കൂ എന്നും സനൽകുമാരൻ അയാളെ അറിയിച്ചു. ആ ജ്ഞാനം പ്രാപിച്ചവൻ എപ്പോഴും സ്വതന്ത്രനും എവിടെയായിരുന്നാലും സ്വന്തം വീട്ടിൽ തന്നെയും ആണ്. മരണമില്ലാത്തതാണ് ആ ജ്ഞാനം. ജീവന്റെ അവിഭക്തമായ ഐക്യമല്ലാതെ മറ്റൊന്നും കാണുകയോ, കേൾക്കുകയോ, അറിയുകയോ ചെയ്യാത്ത അവസ്ഥയിലെത്തിക്കുന്ന അനന്തമായ ആ ജ്ഞാനം പകർന്നുകിട്ടിയ നാരദൻ സന്തുഷ്ടനായി മടങ്ങി.

ബ്രഹ്മപുരി

[തിരുത്തുക]

ഏഴാം പ്രപാഠകത്തിൽ വിവരിച്ച അനന്തമായ സത്യത്തെ പ്രാപിക്കാനുള്ള ഉപാസനാവിദ്യയുടെ വിവരണമാണ് അവസാനത്തേതായ എട്ടാം പ്രപാഠകത്തിൽ. ഹൃദയകമലത്തിലെ ചെറിയ ഇടമായി ആത്മതത്ത്വത്തെ ധ്യാനിക്കാനുള്ള ഉപദേശമാണത്‍. ആ ചെറിയ ഇടം വെളിയിലുള്ള അനന്തവിഹായസ്സിനൊപ്പമാണ്. ഭൂസ്വർഗ്ഗങ്ങൾ, അഗ്നി, വായു, സൂര്യചന്ദ്രനക്ഷത്രാദികൾ എന്നിവയെയെല്ലാം അത് ഉൾക്കൊള്ളുന്നു. ബ്രഹ്മപുരിയാണത്. അതിനെ തിരിച്ചറിയാതിരിക്കുന്നവർക്ക് ഈലോകത്തിലും വരുവാനിരിക്കുന്ന ലോകത്തിലും മുക്തിയില്ല. അറിയുന്നവർക്ൿ, ഈ ജീവിതത്തിൽ തന്നെ സ്വർഗ്ഗാനുഭവം ലഭിക്കുന്നു. കുഴിച്ചുമൂടിയിരിക്കുന്ന നിധിക്കുമുകളിൽ അതിനെക്കുറിച്ചറിയാതെ നടന്നുപോകുന്നവരെപ്പോലെ നാമും നിത്യവും ഗാഢനിദ്രയിൽ ബ്രഹ്മത്തെക്കുറിച്ചറിയാതെ ബ്രഹ്മലോകത്ത് പ്രവേശിക്കുന്നു.


എട്ടാം അദ്ധ്യായത്തിന്റെ അവസാനഭാഗം, ദേവന്മാരുടെ പ്രതിനിധിയായി ദേവേന്ദ്രനും അസുരന്മാരിൽ നിന്ന് വിരോചനനും പ്രജാപതിയുടെ അടുത്ത് ആത്മവിദ്യ പഠിക്കാൻ പോയ കഥയാണ്. 32 വർഷത്തെ പഠനത്തിനൊടുവിൽ ഭൗതികശരീരമാണ് ആത്മതത്ത്വം എന്ന ധാരണയുമായി ഇരുവരും മടങ്ങി. എന്നാൽ വഴിക്ക് സംശയം തോന്നിയ ഇന്ദ്രൻ മാത്രം പ്രജാപതിയുടെ അടുത്ത് തിരികെ ചെന്നു. 32 വർഷം പിന്നെയും പ്രജാപതിയോടൊത്തു കഴിഞ്ഞപ്പോൾ, സ്വപ്നാവസ്ഥയാണ് ആത്മതത്ത്വമെന്ന ബോദ്ധ്യത്തിലെത്തി‍. മടക്കയാത്രയിൽ വീണ്ടും സംശയം തോന്നി തിരിച്ചുചെന്ന് മറ്റൊരു 32 വർഷം കൂടി കഴിഞ്ഞപ്പോൾ സ്വപ്നരഹിതമായ നിദ്രാവസ്ഥയാണ് ആത്മതത്ത്വമെന്നായി തോന്നൽ. ആ തോന്നലുമായുള്ള മടക്കത്തിൽ സംശയം തോന്നി വീണ്ടും തിരിച്ചു ചെന്ന് 5 വർഷം കൂടി പ്രജാപതിയോടൊത്തു കഴിഞ്ഞപ്പോൾ മാത്രമാണ് ദേവേന്ദ്രന് യഥാർത്ഥമായ ആത്മജ്ഞാനം ലഭിച്ചത്. അങ്ങനെ ആകെ 101 വർഷം അദ്ദേഹത്തിന് പ്രജാപതിയോടൊത്ത് ചിലവഴിക്കേണ്ടിവന്നു.

കുറിപ്പുകൾ

[തിരുത്തുക]

ക. ^ ഉപനിഷത്തുകളിൽ ഏറ്റവും പഴക്കമുള്ളതായിരിക്കാം ഛാന്ദോഗ്യമെന്ന് അരബിന്ദോ അഭിപ്രായപ്പെട്ടിട്ടുണ്ട്. ദേവകീപുത്രനായ കൃഷ്ണൻ,[7] "വിചിത്രവീര്യപുത്രൻ" ധൃതരാഷ്ട്രർ എന്നിവരെ പുരാതനകാലത്തെ വ്യക്തികളെന്നതിനു പകരം സമകാലീനരെന്ന മട്ടിൽ ഈ ഉപനിഷത്ത് പരാമർശിക്കുന്നുവെന്നത് ഇതിന് തെളിവായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.[8]


ഖ. ^ ഇന്ത്യയെ കണ്ടെത്തലിൽ ജവഹർലാൽ നെഹ്രു പരാമർശിക്കുന്ന ഒരേയോരുപനിഷത്ത് ഛാന്ദോഗ്യമാണ്.[1] സത്യകാമന്റെ കഥ, ജാതി-ലിംഗ ബന്ധങ്ങളെക്കുറിച്ചുള്ള ഉപനിഷൽക്കാലത്തെ നിലപാടുകൾ സൂചിപ്പിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെടുന്നു. [9]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 തത്ത്വമസി, സുകുമാർ അഴീക്കോട്(പ്രസാധനം: കറന്റ് ബുക്ക്സ്, തൃശൂർ
  2. ഹിന്ദു വെബ്സൈറ്റ് - ഛാന്ദോഗ്യോപനിഷത്തിന് മാക്സ് മുള്ളർ ചമച്ച ഇംഗ്ലീഷ് പരിഭാഷ
  3. ഛാന്ദോഗ്യോപനിഷത്ത് 1:12
  4. ഛാന്ദോഗ്യോപനിഷത്ത് 3:14
  5. ഛാന്ദോഗ്യോപനിഷത്ത്, ഉപനിഷത്തുകൾ, ഏകനാഥ് ഈശ്വരൻ(പ്രസാധനം: പെൻഗ്വിൻ), പുറം 201
  6. ഛാന്ദോഗ്യോപനിഷത്ത് 4:1
  7. ചാന്ദോഗ്യോപനിഷത്ത് 3:17)
  8. ശ്രീ അരബിന്ദോ, ഉപനിഷത്തുകൾ(പ്രസാധനം: അരവിന്ദാശ്രമം, പോണ്ടിച്ചേരി) പുറം 362
  9. ജവഹർലാൽ നെഹ്രു, ഇന്ത്യയെ കണ്ടെത്തൽ പുറം 177-178
"https://ml.wikipedia.org/w/index.php?title=ഛാന്ദോഗ്യോപനിഷത്ത്&oldid=2282519" എന്ന താളിൽനിന്ന് ശേഖരിച്ചത്