Jump to content

ഉപനിഷത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഭാരതീയ തത്ത്വചിന്ത ലോകത്തിന് നൽകിയ ഏറ്റവും വലിയ സംഭാവനകളിലൊന്നാണ് ഉപനിഷത്തുകൾ. വേദങ്ങളുടെ അവസാനം എന്ന് വാഗർത്ഥമുള്ള വേദാന്തത്തിലുൾപ്പെടുന്നതാണിവ[1]‌‍. അറിവ് എന്ന അർത്ഥവും വേദ ശബ്ദത്തിനുള്ളതിനാൽ അറിവിന്റെ അവസാനം എന്നൊരു അർത്ഥവും വേദാന്തത്തിന് കൽപ്പിച്ചിരിയ്ക്കുന്നു. പരമമായ വിദ്യ എന്നയർത്ഥത്തിൽ പരാവിദ്യ എന്നും ഉപനിഷത്തിനെ വിളിച്ചുപോരുന്നു. എന്നാൽ വേദങ്ങളുടേയും സ്മൃതികളുടേയും അന്തസ്സാരശൂന്യതയെപറ്റി ഉപനിഷത്തുകൾ സംശയരഹിതമായി പ്രസ്താവിക്കുന്നു. നൂറ്റിയെട്ട് ഉപനിഷത്തുക്കൾ ഉണ്ട്. അതിൽ പത്തെണ്ണം മുഖ്യ ഉപനിഷത്തുക്കൾ എന്നാണ്‌ അറിയപ്പെടുന്നത്. ശ്രീ ശങ്കരാചാര്യർ വ്യാഖ്യാനം നൽകിയതിനാലാണ്‌ അവ പ്രസിദ്ധമായത്. എന്നാൽ മറ്റു ഉപനിഷത്തുക്കളും പ്രാധാന്യമർഹിക്കുന്നവ തന്നെ. ഉപനിഷത്തുക്കൾ ഭാരതമനസ്സിന്റെ ഉന്നതിയെയാണ്‌ പ്രതിഫലിപ്പിക്കുന്നത് എന്നാണ്‌ മഹർഷി അരോബിന്ദോ അഭിപ്രായപ്പെട്ടത്. [2]ഉപനിഷത്തുക്കൾ അവ വ്യാഖ്യാനിച്ചിരിക്കുന്നവരുടെ അഭിപ്രായത്തിലും വീക്ഷണത്തിലും വ്യത്യസ്ത ഉത്തരങ്ങളും ആശയങ്ങളും തരുന്നുണ്ട്. എങ്കിലും ഹിന്ദുമതത്തിന്റെ തത്ത്വജ്ഞാനപരമായ ആശയങ്ങൾ മറ്റേതു വേദ ഗ്രന്ഥങ്ങളേക്കാൾ പ്രതിഫലിപ്പിക്കുന്നത് ഉപനിഷത്തുക്കളാണ്‌ എന്ന് ആധുനിക ചരിത്രകാരന്മാർ പലരും വിശ്വസിക്കുന്നു. [3]ഭാരതീയ തത്ത്വചിന്തകരിൽ മിക്കവരേയും സ്വാധീനിച്ചിരിക്കുന്നത് ഉപനിഷത്തുക്കളാണ്‌. മാക്സ് മുള്ളറാണു ഉപനിഷത്തുകളെക്കുറിച്ച് പഠിച്ചവരിൽ ഏറ്റവും പ്രമുഖനായ വിദേശീയൻ. ഉപനിഷദ്, ബ്രഹ്മസൂത്രം, ഭഗവദ്ഗീത എന്നീ മൂന്നിനേയും ചേർത്ത് പ്രസ്ഥാനത്രയം എന്നും പറയുന്നു.

[1]

ഹിന്ദുമതത്തിന്റെ അടിസ്ഥാനം ശ്രുതിസ്മൃതികളാണെന്ന് പ്രചരിപ്പിക്കുന്നവർ ചെയ്യുന്ന ആപത്തിനെക്കുറിച്ച് ഉപനിഷത്തുക്കൾ ചൂണ്ടിക്കാണിക്കുന്നു.

നിരുക്തം

[തിരുത്തുക]

‘ഉപ , നി, സദ് ‘ എന്നീ മൂന്നു ധാതുക്കൾ ചേർന്നാണ് ‘ഉപനിഷദ്‘ എന്ന പദമുണ്ടായിരിയ്ക്കുന്നത്. ‘ഉപ ’ എന്ന ധാതുവിന് ‘അടുത്ത’ എന്നും ‘നി’ ധാതുവിന് ‘നിശ്ശേഷേണെയുള്ള’ എന്നും. ‘സദ് ’ധാതുവിന് ‘നാശം , ക്ഷയം, ഗമനം‘ എന്നൊക്കെയുമാണ് അർത്ഥം പറഞ്ഞിരിയ്ക്കുന്നത്.

“ഏതൊരു വിദ്യയെ ഏറ്റവുമരികിലായി നിശ്ശേഷം ശീലിച്ചാലാണോ കർമ്മബന്ധങ്ങൾ അറ്റുപോകുന്നത് , അജ്ഞാനം നശിയ്ക്കുന്നത് ,മോക്ഷഗതിയെ പ്രാപിയ്ക്കുന്നത്, ആ വിദ്യയാണ് ഉപനിഷത്ത്“ [2] പരമമായ വിദ്യ എന്നയർത്ഥത്തിൽ പരാവിദ്യ എന്നും ഉപനിഷത്തിനെ വിളിച്ചുപോരുന്നു. ഇങ്ങനെയുള്ള പരമമായ വിദ്യ പ്രതിപാദിയ്ക്കുന്ന ഗ്രന്ഥങ്ങളെ ഉപനിഷത്തുകൾ എന്ന് ബഹുവചനം കൊണ്ട് സൂചിപ്പിയ്ക്കുന്നു.

ചില ഉപനിഷത്തുക്കൾ ഗുരു ശിഷ്യ സംവാദ രൂപത്തിലാണ് രചിച്ചിരിയ്ക്കുന്നതെന്നതിനാൽ,പോൾ ഡോസനേപ്പോലുള്ള [4] പണ്ഡിതരുടെ അഭിപ്രായത്തിൽ “ഗുരുവിന്റെ അരികിലിരുന്ന്(ഉപ) ബ്രഹ്മ വിദ്യ അറിയുന്നതിനെ ഉപനിഷദ് എന്നു പറയുന്നു “.

പക്ഷേ എല്ലാ ഉപനിഷത്തുകളും ഗുരു ശിഷ്യ സംവാദ രൂപത്തിലല്ല രചിച്ചിരിയ്ക്കുന്നത്. ബൃഹദാരണ്യകാദി ഉപനിഷത്തുകൾ ഗുരു ശിഷ്യ സംവാദങ്ങളല്ല

ചരിത്രം

[തിരുത്തുക]
Wikisource
Wikisource
വിക്കിഗ്രന്ഥശാലയിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ഉള്ളടക്കം ഉണ്ട്:

ചരിത്രകാരന്മാരുടേ അഭിപ്രായത്തിൽ ഏറ്റവും പുരാതനമായ ഉപനിഷത്തുകൾ ബൃഹദാരണ്യക ഉപനിഷത്തും , ഛാന്ദോഗ്യ ഉപനിഷത്തുമാണ്. ക്രി.പി. എട്ടാം നൂറ്റാണ്ടിലാണ് ഇതെഴുതിയിരിയ്ക്കുന്നതെന്നാണ് അഭിപ്രായം.

ഉപനിഷത്തുക്കൾ എത്രയെന്ന് തീർച്ചപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. പ്രധാന ഉപനിഷത്തുകളിൽ ഒന്നായ മുക്തികോപനിഷത്തിൽ ഓരോരോ വേദ ശാഖയ്ക്കും ഓരോരോ ഉപനിഷത്തുണ്ട് പരാമർശമുണ്ട്. ശ്രീരാമൻ മാരുതിയോട് പറയുന്നത് ഇപ്രകാരമാണ്

ആതായത് വേദങ്ങൾക്ക് എത്ര ശാഖകൾ ഉണ്ടോ അത്രതന്നെ ഉപനിഷത്തുക്കളും ഉണ്ട്. ഇത് ശരിയാണെങ്കിൽ 1180 വേദശാഖകളുള്ളതിനാൽ [3] 1180 ഉപനിഷത്തുക്കളും ഉണ്ടാവണം. ഈ 1180 ഉപനിഷത്തുക്കളിൽ എല്ലാം ഇപ്പോൾ ലഭ്യമല്ല. അതിൽത്തന്നെ 180 എണ്ണമാണ് ഏറ്റവും മുഖ്യമായി കണക്കാക്കുന്നത്. ഇതിനു കാരണവും മുക്തികോപനിഷത്തു തന്നെ. അതിൽ പറയുന്ന പത്തു പദ്യങ്ങളിൽ 108 ഉപനിഷത്തുക്കപ്പുടെ നാമസങ്കീർത്തനം കാണാം

എന്നത് ആദ്യത്തെ പത്തെണ്ണം കാണിക്കുന്നു.

ഈ 108 ഉപനിഷത്തുക്കളിൽ പത്തെണ്ണത്തിനെയാണ് ആദി ശങ്കരാചാര്യർ ഭാഷ്യം രചിയ്ക്കാൻ തിരഞ്ഞെടുത്തെന്നുള്ളതിനാൽ ഈ പത്ത് ഉപനിഷത്തുക്കളെ ഏറ്റവും മുഖ്യമായി കണക്കാക്കപ്പെടുന്നു.

വ്യാസ ഭഗവാൻ എഴുതിയ ബ്രഹ്മ സൂത്രത്തിൽ ഈ പത്ത് ഉപനിഷത്തുക്കളാണ് പ്രധാനമായും ചർച്ച ചെയ്തിരിയ്ക്കുന്നത് എന്നതുകൊണ്ടാണ് ശങ്കരാചാര്യർ ഈ പത്ത് ഉപനിഷത്തുക്കൾക്ക് മാത്രം ഭാഷ്യം എഴുതിയത്.

മിക്ക ഉപനിഷദ് ചിന്തകരും പുരുഷന്മാരായിരുന്നു. പ്രത്യേകിച്ച് ബ്രാഹ്മണരും രാജാക്കന്മാരും. യാദൃച്ഛികമായി ചില വനിതകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഇത്തരത്തിലുള്ള ഒരാളായിരുന്നു ഗാർഗി. തന്റെ പാണ്ഡിത്യത്തിനു പേരുകേട്ട അവർ രാജസഭകളിൽ നടന്നിരുന്ന വാഗ്വാദങ്ങളിൽ പങ്കെടുത്തു[1]..

സാധാരണജനങ്ങൾ ഇത്തരം വാഗ്വാദങ്ങളിൽ വളരെ വിരളമായേ പങ്കെടുത്തിരുന്നുള്ളൂ. അതിനൊരപവാദമാണ്‌ സത്യകാമ ജബാല. മറ്റുള്ളവരുടെ വീടുകളിൽ ജോലിക്ക് പോയി ഉപജീവനം കഴിച്ചിരുന്ന ഒരു സ്ത്രീയായിരുന്ന ജബാലയുടെ പുത്രനായിരുന്നു സത്യകാമ. പ്രപഞ്ചസത്യത്തെക്കുറിച്ച് പഠിക്കുന്നതിന്‌ അതിയായ ജിജ്ഞാസ പ്രകടിപ്പിച്ചിരുന്ന സത്യകാമനെ ഗൗതമൻ എന്ന ഒരു ബ്രാഹ്മണൻ ശിഷ്യനായി സ്വീകരിച്ചു. തുടർന്ന് സത്യകാമൻ അക്കാലത്തെ വിശ്രുതനായ ചിന്തകനായി മാറി[1].

ഉപനിഷത്തുകളിലെ മിക്കവാറും ചിന്തകളും പിൽക്കാലത്ത് പ്രശസ്തചിന്തകനായ ശങ്കരാചാര്യർ വികസിപ്പിച്ചെടുത്തവയാണ്‌[1].

തർജ്ജമ

[തിരുത്തുക]

1657-ൽ മുഗൾ ചക്രവർത്തിയായ ഷാജഹാന്റെ പുത്രനായ ദാരാ ഷിക്കോഹ് 50 ഉപനിഷത്തുകളെ പേർഷ്യൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തു. സിർ-ഉൽ-അസ് റാർ (മഹാരഹസ്യം) എന്ന തലക്കെട്ടിലുള്ള ഈ തർജ്ജമയോടെയാണ്‌ ഉപനിഷത്തുകളെക്കുറിച്ചുള്ള അറിവ് ഭാരതത്തിനു പുറത്തേക്കെത്തിയത്. നൂറ്റമ്പതോളം വർഷങ്ങൾക്കു ശേഷം ആങ്ക്വറ്റിൽ ദു പെറോൻ എന്ന ഫ്രഞ്ചുപാതിരി പേർഷ്യനിൽ നിന്ന് ഇതിനെ ലത്തിനീലേക്ക് പരിഭാഷപ്പെടുത്തി. ഔപ്നഖാത് എന്നാണ്‌ ഈ ലത്തീൻ തർജ്ജമക്ക് നൽകിയ പേര്‌. പിന്നീട് അത് യുറോപ്പിലെ മറ്റു ഭാഷകളിലേക്കും തർജ്ജമ ചെയ്യപ്പെട്ടു. തൗഹീദിന്റെ സാരം ഉപനിഷത്തുക്കളിൽ കാണുന്നത്ര മറ്റു ഗ്രന്ഥങ്ങളിൽ കാണുന്നില്ലെന്ന് ദാരാ ഷിക്കോഹിന്റെ പേർഷ്യൻ പരിഭാഷയുടെ ഭൂമികയിൽ വ്യക്തമാക്കുന്നുണ്ട്[5].

വേദങ്ങളുമായുള്ള ബന്ധം

[തിരുത്തുക]

എല്ലാ ഉപനിഷത്തുകളും അഞ്ച് വേദങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു -ഋഗ്വേദം, സാമവേദം, ശുക്ല യജുർവേദം, കൃഷ്ണ യജുർവേദം, അഥർവവേദം. പ്രധാനമായും 108 ഉപനിഷത്തുകളിൽ 10 എണ്ണം മുഖ്യ ഉപനിഷത്തുകളാണ്. 21 എണ്ണം സാമാന്യ വേദാന്തമെന്നും 23 എണ്ണം സന്ന്യാസം എന്നും ഒൻപത് എണ്ണം ശാക്തേയം എന്നും 13 എണ്ണം വൈഷ്ണവം എന്നും 14 ശൈവമെന്നും 17 എണ്ണം യോഗമെന്നും അറിയപ്പെടുന്നു.[6] 108 ഉപനിഷത്തുകൾ താഴെ പ്രതിപാദിച്ചിരിക്കുന്നു. മുഖ്യഉപനിഷത്തുകളെ എടുത്ത് കാട്ടിയിരിക്കുന്നു.

വേദ - ഉപനിഷദ് ബന്ധം
വേദം മുഖ്യ സാമാന്യ സന്ന്യാസ ശാക്തേയ വൈഷ്ണവ ശൈവ യോഗ
ഋഗ്വേദം ഐതരേയം കൗസിതാകി, ആത്മബോധ, മുഗ്ദള നിർവാണ ത്രിപുര, സൗഭാഗ്യ, Bahvṛca - അഷ്ടമാളിക (മാളിക) നാദബിന്ദു
സാമവേദം ഛാന്ദോഗ്യോപനിഷത്ത്, കേന വജ്രസൂചി, മഹദ്, സാവിത്രി ആരുണേയ, മൈത്രായനി, മൈത്രേയി, സന്ന്യാസ്, കുണ്ഡീക - വാസുദേവ, അവ്യക്ത രുദ്രാക്ഷ, ജാബല യോഗചൂഢാമണി, ദർശന
കൃഷ്ണ യജുർവേദ തൈത്തരീയ, ശ്വേതസ്വതാര, കഠോ സർവ്വസാര, ശുകരഹസ്യ, സ്കന്ദ (Tripāḍvibhūṭi), ശാരീരക, ഏകസാര, അക്സി, പ്രാണാഗ്നിഹോത്ര ബ്രഹ്മ, ശ്വേതസ്വതാര, ഗർഭ, തേജോബിന്ദു, അവദൂത, കഥരുദ്ര, വരാഹ സരസ്വതീരഹസ്യ നാരായണ (Mahānārāyaṇa), കലി സന്താരണ (Kali) കൈവല്യ, കാലാഗ്നിരുദ്ര, ദക്ഷിണാമൂർത്തി, രുദ്രഹൃദയ, പഞ്ചബ്രഹ്മ അമൃതബിന്ദു, അമൃതാനന്ത, സൂരീക, ധ്യാനബിന്ദു, ബ്രഹ്മബിന്ദു, യോഗതത്വ, യോഗശിഖ, യോഗകുണ്ഡലിനി
ശുക്ല യജുർവേദ ബൃഹദാരണ്യക, സുബാല, മന്ത്രികാ, , പൈഗള, ആദ്ധ്യത്മ, മുക്തികാ ജാബല, പരമഹംസ, അദ്വയതാരക, ഭിക്ഷു, തുരിയാതിക, യാജ്ഞവല്ക്യ, സത്യായനി - താരസാര - ഹംസ, ത്രിഷികി, മണ്ഡലബ്രാഹ്മണ
അഥർവവേദ മുണ്ഡക, മാണ്ഡൂക്യ, പ്രശ്ന സൂര്യ, ആത്മ പരിവ്രത് (Nāradaparivrājaka), പരമഹംസപരിവ്രാജക, പരബ്രഹ്മ സീതാ, അന്നപൂർണ്ണ, ദേവീ, ത്രിപുരാതപാണീ, ഭാവനാ നൃസിംഹതാപാണി, മഹാനാരായണ (Tripādvibhuti),രാമരഹസ്യ, രാമതാപാണി, ഗോപാലതാപാണീ, കൃഷ്ണ, ഹയഗ്രീവ, ദത്തത്രയ, ഗാരൂഢ സിരാ, അഥർവശിഖ, Bṛhajjābāla, ശരഭ, ഭസ്മ, ഗണപതി ശാന്തില്യ, പാശുപത, മഹാവാക്യ

ദശോപനിഷദ്

[തിരുത്തുക]

താഴെപ്പറയുന്നവയാണ് ദശോപനിഷത്തുക്കൾ. ഏതൊക്കെ വേദങ്ങളിൽ നിന്നാണെടുത്തിട്ടുള്ളത് എന്നത് ബ്രാക്കറ്റിൽ നൽകിയിരിയ്ക്കുന്നു

  1. ഈശാവാസ്യോപനിഷത്ത് (ശുക്ല യജുർ വേദം)
  2. കേനോപനിഷത്ത് (സാമ വേദം)
  3. കഠോപനിഷത്ത് (കൃഷ്ണ യജുർ വേദം)
  4. പ്രശ്നോപനിഷത്ത്(അഥർവ വേദം)
  5. മുണ്ഡകോപനിഷത്ത്(അഥർവ വേദം)
  6. മാണ്ഡൂക്യോപനിഷദ്(അഥർവ വേദം)
  7. തൈത്തിരീയോപനിഷദ് (കൃഷ്ണ യജുർ വേദം)
  8. ഐതരേയോപനിഷത്ത് (ഋഗ് വേദം)
  9. ചാന്ദോഗ്യോപനിഷദ് (സാമ വേദം)
  10. ബൃഹദാരണ്യകോപനിഷത്ത്(ശുക്ല യജുർ വേദം)

ലഭ്യമായമറ്റു ഉപനിഷദുക്കൾ

[തിരുത്തുക]

ഉപനിഷത്തുക്കളുടെ ഉപലബ്ദിയെപ്പറ്റി കാര്യമായി ചിന്തിച്ചത്‌ സാധലേ എന്നറിയപ്പെടുന്ന ഗജാനനൻ ശംഭു സാധലേ ആണ്‌. "ഉപനിഷദ്‌ വാക്യമഹാകോശം" എന്ന ഗ്രന്ഥരചനക്കായി അദ്ദേഹം കിട്ടാവുന്ന ഉപനിഷത്തുക്കളെല്ലാം സമാഹരിച്ചു. അച്ചടിച്ചവയും പ്രകാശിപ്പിച്ചിട്ടില്ലാത്തതുമായ 239 ഉപനിഷത്തുക്കൾ അദ്ദേഹം കണ്ടെത്തി. ഇതിൽ പലതും അപൂർണ്ണമാണെങ്കിലും നിലവിലുള്ളതായി അദ്ദേഹം തിരിച്ചറിഞ്ഞു. ഇതിലെയെല്ലാം വാക്യങ്ങൾ അകാരാധിക്രമത്തിൽ അടുക്കി പ്രതിപാദിക്കാനാണ്‌ അദ്ദേഹം ശ്രമിച്ചത്‌. വാക്യമഹാകോശത്തിന്റെ ആദ്യഭാഗത്തിൽ 223 എണ്ണവും രണ്ടാമത്തേതിൽ 16 എണ്ണവുമാണ്‌ ചേർത്തിരിക്കുന്നത്‌ [അവലംബം ആവശ്യമാണ്].

ശാന്തിപാഠങ്ങൾ

[തിരുത്തുക]

ഉപനിഷത്ത് പഠിക്കാനാരംഭിക്കുമ്പോഴും പാഠാവസാനത്തിലും ഗുരുവും ശിഷ്യനും ചേർന്ന് ചൊല്ലേണ്ട മന്ത്രങ്ങൾ ആണ് ശാന്തിപാഠങ്ങൾ.വേദാനുക്രമമനുസരിച്ച് 5 ശാന്തിപാഠങ്ങളാണ് ഉള്ളതെന്ന് പറയപ്പെടുന്നത്. എന്നാൽ ശാന്തിപാഠങ്ങൾ അഞ്ചിൽ കൂടുതൽ ഉള്ളതായി പല പാരമ്പര്യക്കാരും പറയുന്നുണ്ട് എങ്കിലും ഒട്ടാകെ 10 ശാന്തിപാഠങ്ങളാണ് ഉപനിഷത്തുമായി ബന്ധപ്പെടുത്തി ശ്രീശങ്കരാചാര്യരുടെ പാരമ്പര്യം അവകാശപ്പെടുന്ന ശങ്കരമഠക്കാർ സ്വീകരിച്ചിട്ടുള്ളത്.

ഉപനിഷത്തിന്റെ സന്ദേശങ്ങൾ

[തിരുത്തുക]

പ്രപഞ്ചത്തിൽ ശാശ്വതമായ ചില വസ്തുതകൾ ഉണ്ടെന്നും അവ വ്യക്തികളുടെ മരണത്തിനു ശേഷവും നിലനിൽക്കുന്നുവെന്നും ചില ചിന്തകർ വിശ്വസിച്ചു. ഓരോ വ്യക്തിയിലും അടങ്ങിയിരിക്കുന്ന ഈ വസ്തുതയുടെ ഭാഗത്തെ ആത്മാവ് എന്നും, പ്രപഞ്ചത്തിൽ മൊത്തമായുള്ള ശാശ്വതമായ ഈ വസ്തുതയെ ബ്രഹ്മം എന്നും വിളിച്ചു. ആത്യന്തികമായി ആത്മാവും ബ്രഹ്മവും ഒന്നാണെന്നും ഈ ചിന്തകർ വിശ്വസിച്ചു. ഇത്തരം ചിന്തകളാണ്‌ ഉപനിഷത്തുകളിൽ ഉൾക്കൊള്ളുന്നത്[1].

ഭാരതീയ വേദാന്തത്തിന്റെ സന്ദേശമറിയാനാഗ്രഹിക്കുന്നവൻ ഉപനിഷത്തുക്കൾ പഠനം നടത്തിയേ തീരൂ. അദ്വൈത സിദ്ധാന്തത്തിന്റെ അടിസ്ഥാനം തന്നെ ഉപനിഷത്തുക്കൾ ആണ്. ഉപനിഷത്തുക്കളിൽ ലോകത്തെ മുഴുവൻ പണയപ്പെടുത്താനാവശ്യമുള്ളത്ര കരുത്ത് ഉണ്ടെന്നാണ് സ്വാമി വിവേകാനന്ദൻ പറയുന്നത്. അവയിലൂടെ ലോകത്തെ മുഴുവൻ ഉജ്ജീവിപ്പിക്കാം, പ്രബലമാക്കാം, ഉത്തേജിപ്പിക്കാം. എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സർ‍വ്വജാതിമത വിഭാഗങ്ങളിൽ‍പെട്ട ദുർബലരേയും ദുഃഖിതരേയും മർദ്ദിതരേയും ഉദ്ബോധിപ്പിക്കാൻ ജ്ഞാനം ആർജ്ജിക്കാൻ ഉപനിഷത്തുകൾ പറയുന്നു. വിവേകാനന്ദ സ്വാമികൾക്ക്

എന്ന കഠോപനിഷത്തിലെ വാക്യം പ്രിയങ്കരമായിരുന്നു. മോക്ഷത്തിനുള്ള ആഗ്രഹം ശരീരമല്ല ആത്മാവാണെന്നറിയണം എന്നും ഏകത്വജ്ഞാനം കൊണ്ടേ കൈവല്യം സിദ്ധിക്കുകയുള്ളൂ എന്ന് ഉപനിഷത്തുക്കൾ സിദ്ധാന്തിക്കുന്നു. നാല് മഹാ വാക്യങ്ങൾ ഉപനിഷത്തുക്കളിലെ അന്തഃസ്സത്ത വിളിച്ചറിയിക്കുന്നു.

ഉപനിഷദ് മഹാ വാക്യങ്ങൾ

[തിരുത്തുക]

പൂർണ്ണമായ വേദാന്തസാരം ഉൾക്കൊള്ളുന്ന വാക്യങ്ങളാണ് മഹാവാക്യങ്ങൾ.ഒട്ടനവധി മഹാവാക്യങ്ങൾ ഉപനിഷത്തുകളിലുണ്ടെങ്കിലും പ്രധാനമായും നാലു മഹാവാക്യങ്ങളേയാണ് മുഖ്യമായി കരുതുന്നത്

അറിവിന്റെ പരമകാഷ്ഠയായാണ് മഹാ വാക്യങ്ങൾ. അവ താഴെ പറയുന്നവയാണ്.,

1) ‘തത്ത്വമസി ‘ (ചാന്ദോഗ്യോപനിഷദ് 6.8.7) അർത്ഥം- അത് നീയാകുന്നു ഉദ്ദാലകമഹർഷി തന്റെ മകനായ ശ്വേതകേതുവിന് കൊടുക്കുന്ന ഉപദേശമാണിത്. ഉപനിഷദ് സത്യത്തെ മുഴുവൻ വിവരിക്കുന്ന സൂത്രവാക്യമാണത്. തത് എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് മനുഷ്യൻ എന്നും അന്വേഷിച്ചുകൊണ്ടിരിക്കുന്ന പരബ്രഹ്മത്തെയാണ് ഉദ്ദേശിക്കുന്നത്. ത്വം എന്നത് ജീവാത്മാവും ആണ്. അതായത് പരബ്രഹ്മം എന്നത് ഒരോരുത്തനിലും കുടികൊള്ളുന്നു. അല്ലെങ്കിൽ നിന്നിലുള്ളത് എന്താണോ അത് തന്നെയാണ് പരബ്രഹ്മത്തിലുമുള്ളത്.

2) “പ്രജ്ഞാനാം ബ്രഹ്മ“ അർത്ഥം- ബോധമാണ്(പ്രജ്ഞയാണ്) ബ്രഹ്മം (ഐതരേയോപനിഷദ് 3.3)

3) “അയമാത്മ ബ്രഹ്മ” അർത്ഥം- ഈ ആത്മാവാണ് ബ്രഹ്മം (മാണ്ഡൂക്യോപനിഷദ് 1.2)

4) “അഹം ബ്രഹ്മാസ്മി” അർത്ഥം- ഞാൻ ബ്രഹ്മമാകുന്നു (ബൃഹദാരണ്യകോപനിഷദ്1.4.10)

ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ബന്ധങ്ങളെയാണ് ഈ മഹാവാക്യങ്ങൾ സൂചിപ്പിയ്ക്കുന്നത്.

കണ്ണികൾ

[തിരുത്തുക]

ഉപനിഷത്തുകളുടേ ആംഗലേയ തർജ്ജിമയും വ്യാഖ്യാനവും സ്വാമി പരമാനന്ദ നടത്തിയത് Archived 2015-03-28 at the Wayback Machine.

പ്രധാനപ്പെട്ട 18 ഉപനിഷത്തുക്കളേപ്പറ്റി എസ്. രാധാകൃഷ്ണൻ എഴുതിയ ലേഖനം Archived 2015-07-14 at the Wayback Machine.

മഹർഷി അരബിന്ദോ ഉപനിഷത്തുകളേപ്പറ്റി എഴുതിയ ലേഖനം

108 ഉപനിഷത്തുകളുടേയും ആംഗലേയ തർജ്ജിമ

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 "CHAPTER 7 - NEW QUESTIONS AND IDEAS". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. pp. 67–68. ISBN 8174504931. {{cite book}}: Cite has empty unknown parameter: |coauthors= (help)
  2. [ http://www.hinduwebsite.com/divinelife/auro/auro_upanishads.asp മഹർഷി അരോബിന്ദോ ഉപനിഷത്തുകളെപ്പറ്റി
  3. ഇ., ചന്ദ്രശേഖരൻ നായർ (2006). ഹിന്ദുമതം ഹിന്ദുത്വം. തിരുവനന്തപുരം: പ്രഭാത് ബുക്ക് ഹൌസ്. ISBN 81-7705-147-4. {{cite book}}: Cite has empty unknown parameter: |coauthors= (help)
  4. Paul Deussen (1845-1919)
  5. Azhikode, Sukumar (1993). "3-സാഹിത്യം". ഭാരതീയത. കോട്ടയം, കേരളം, ഇന്ത്യ: ഡി.സി. ബുക്സ്. pp. 68–70. ISBN 81-7130-993-3. {{cite book}}: Cite has empty unknown parameter: |coauthors= (help)
  6. Sri Aurbindo Kapali Sastr Institute of Vedic Culture.

കുറിപ്പുകൾ

[തിരുത്തുക]
  • ^ അർത്ഥം:ശ്രുതികളും സ്മൃതികളുമാണ്‌ ഏറ്റവും ശ്രേഷ്ഠമെന്നും അതിനേക്കാൾ ശ്രേയസ്കരമായി ഒന്നുമില്ലെന്നും വാദിക്കുന്നവർ മൂഢന്മാരാണ്‌. അവർ സ്വർഗ്ഗത്തിൽ കർമ്മഫലങ്ങളുടെ സുഖം അനുഭവിച്ച ശേഷം ഈ ലോകത്തിലോ ഇതിനേക്കാൾ ഹീനമായ ലോകത്തിലോ ചെന്ന് പതിക്കുന്നു.
  • ^ ശങ്കരാചാര്യർ ഉപനിഷദ് ശബ്ദത്തിനെ വ്യാഖ്യാനിച്ചിരിയ്ക്കുന്നത് ഇങ്ങനെ പരിഭാഷപ്പെടുത്താം.
  • ^ ഋഗ്വേദത്തിന് 21, യജുർവേദത്തിന് 109 സാമവേദത്തിന് 1000 അഥർവ്വ വേദത്തിന് 50 ഉം ശാഖകൾ ഉണ്ട്. ഇതെല്ലാം ഇന്ന് അറിയപ്പെടുന്നില്ല.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഉപനിഷത്ത്&oldid=3996996" എന്ന താളിൽനിന്ന് ശേഖരിച്ചത്