അമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അമ്മ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അമ്മ (വിവക്ഷകൾ) എന്ന താൾ കാണുക. അമ്മ (വിവക്ഷകൾ)
അതാ അച്ഛൻ വരുന്നു എന്ന രവിവർമ്മ ചിത്രം. അമ്മയായി മാതൃകയാക്കിയിരിക്കുന്നത് സ്വന്തം പുത്രിയായ മഹാപ്രഭ തമ്പുരാട്ടിയെ ആണ്, മൂത്ത മകനായ മാർത്താണ്ഡ വർമ്മയാണ് മഹാപ്രഭ തമ്പുരാട്ടിയുടെ കൈയ്യിൽ.

സമൂഹത്തിലെ പ്രത്യുദ്പാദനത്തിന് കാരണമാകുന്ന സ്ത്രീ ദാതാവിനെ അമ്മ എന്നു പറയുന്നു. വേറെ ഒരർത്ഥത്തിൽ അമ്മയെ സ്ത്രീ രക്ഷിതാവ് എന്നും പറയുന്നു. മാതാവ്, ജനനി, തായ എന്നിവ അമ്മ എന്ന പദത്തിന്റെ പര്യായങ്ങൾ ആണ്.

സസ്തനികളുടെ കാര്യത്തിൽ സ്ത്രീകൾ പ്രസവിക്കുകയും കുഞ്ഞിനെ മുലയൂട്ടി വളർത്തുകയും ചെയ്യുന്നു. മുട്ടയിട്ട് പ്രത്യുല്പാദനം ചെയ്യുന്ന മിക്ക ജീവികളിലും സ്ത്രിലിംഗത്തിൽ പെട്ടവയാണ് അടയിരിന്ന് കുട്ടികളെ വിരിയിക്കുന്നത്. അമ്മയുടെ പുല്ലിംഗമാണ് അച്ഛൻ.

അമ്മയും കുട്ടിയും,സിക്കിം, ഇന്ത്യ

പദോദ്ഭവം[തിരുത്തുക]

Wiktionary
അമ്മ എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

അമ്മ എന്ന പദത്തിന്റെ ഉത്ഭവത്തെ പറ്റി അനേകം അഭിപ്രായങ്ങൾ നിലവിലുണ്ട്.

അമ്മയും കുഞ്ഞും
 • അമ്മ എന്ന വാക്ക് ܐܡܐ (അ്മ്മ) എന്ന സുറിയാനി പദത്തിൽ നിന്നും ഉൽഭവിച്ചതാണ്.[1] ഒന്നാം നൂറ്റാണ്ട് മുതൽ കേരളത്തിലുണ്ടായിരുന്ന യഹൂദന്മാരുടെയും സുറിയാനി ക്രൈസ്തവരുടെയും മാതൃഭാഷയായിരുന്നു അരമായ അഥവ സുറിയാനി.[2][3][4] കേരളത്തിലും തമിഴകത്തും അവർ നടത്തിയ വാണിജ്യ പ്രവർത്തനങ്ങളിലൂടെ ഉണ്ടായ സാമുഹിക പരിവർത്തനത്തിനു ശേഷം മറ്റു ദ്രാവിഡ ഭാഷകളിലും സ്ഥിരപ്പെട്ടതാകാം ഈ പ്രയോഗം.
 • അമ്മ എന്നത് അംബ എന്ന സംസ്കൃത വാക്കിന്റെ തത്സമമായ വാക്കാണെന്ന് കേരളപാണിനീയത്തിൽ എ.ആർ. രാജരാജവർമ്മ ചൂണ്ടിക്കാട്ടുന്നുണ്ട്.[5] എന്നാൽ ചട്ടമ്പി സ്വാമികളുടെ അഭിപ്രായത്തിൽ അംബ എന്നത് ദ്രാവിഡ ഭാഷകളിൽ നിന്നും സംസ്കൃതത്തിലേക്ക് പോയ വാക്കാണ്.[6] ചട്ടമ്പി സ്വാമികളുടെ അഭിപ്രായത്തിൽ ഒരു കുട്ടി ആദ്യമായി പുറപ്പെടുവിക്കുന്ന സ്വരമായ 'അ' എന്നതിന്റെയും; കരഞ്ഞതിനെ തുടർന്ന് വായ പൂട്ടുമ്പോഴുണ്ടാകുന്ന 'മ' എന്ന സ്വരത്തിന്റെയും ചേർച്ചയാലാണ് 'അമ്മ' എന്ന പദം രൂപം കൊള്ളുന്നത്.[7]

സമാനാർത്ഥത്തിൽ ഉപയോഗിക്കുന്ന മാതാവ് എന്ന വാക്ക് മാതൃ എന്ന സംസ്കൃത പദത്തിൽ നിന്നും ഉണ്ടായതാണ്.

ആരോഗ്യവും സുരക്ഷിതത്വവും[തിരുത്തുക]

സേവ് ദ ചിൽഡ്രൻ എന്ന അന്താരാഷ്ട്ര സന്നദ്ധ സംഘടന പുറത്തു വിട്ട കണക്കനുസരിച്ച് സുരക്ഷിത മാതൃത്വത്തിന്റെ കാര്യത്തിൽ ലോകത്തെ 79 അവികസിത രാജ്യങ്ങളിൽ 75-മത് സ്ഥാനത്താണ് ഇന്ത്യ. ക്യൂബയാണ് ഒന്നാം സ്ഥാനത്ത്.റിപ്പോർട്ട് അനുസരിച്ച് ഇന്ത്യയിൽ 53 ശതമാനം പ്രസവങ്ങൾ മാത്രമാണ് പരിശീലനം കിട്ടിയ ആരോഗ്യ പ്രവർത്തകരുടെ സാന്നിധ്യത്തിൽ നടക്കുന്നത്. പ്രസവവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെത്തുടർന്ന് 68,000 , സ്ത്രീകളാണ് ഒരു വർഷം ഇന്ത്യയിൽ മരിക്കുന്നത്.

ആരോഗ്യമുള്ള കുഞ്ഞിനും അമ്മയ്ക്കും വേണ്ടി യുണിസെഫ് മുന്നോട്ടു വയ്ക്കുന്ന ചില മാനദണ്ഡങ്ങളുണ്ട്. ഗർഭിണിയാകുന്നതിനു മുമ്പു തന്നെ സ്ത്രീ ആരോഗ്യവതിയും ആവശ്യത്തിന് പോഷകാഹാരം കഴിക്കുന്നവളുമായിരിക്കുക എന്നതാണ് അതിൽ പ്രധാനം. ഓരോ ഗർഭ കാലത്തും പരിശീലനം സിദ്ധിച്ച ആരോഗ്യ പ്രവർത്തകയുടെ പരിചരണം ലഭ്യമായിരിക്കുക, പ്രസവ സമയത്ത് ഡോക്ടർ, നഴ്‌സ്, മിഡ് വൈഫ് മുതലായവരുടെ സേവനം ലഭ്യമായിരിക്കുക, എന്തെങ്കിലും സങ്കീർണ്ണതകൾ ഉണ്ടെങ്കിൽ പ്രത്യേക ചികിത്സ ലഭിക്കാൻ സൗകര്യമുണ്ടായിരിക്കുക, പ്രസവത്തിന്റെ ആദ്യ 24 മണിക്കൂർ, ആദ്യ ആഴ്ച, ആറാമത്തെ ആഴ്ച എന്നീ സമയങ്ങളിൽ അമ്മയ്ക്കും കുഞ്ഞിനും വൈദ്യ പരിശോധന ലഭ്യമാകുക എന്നിവയും ഇതിൽ ഉൾപ്പെടുന്നു.[8]

മതങ്ങളിൽ[തിരുത്തുക]

ഒട്ടു മിക്ക മതങ്ങളും അമ്മയ്ക്ക് ദൈവതുല്യസ്ഥാനമാണ് നൽകിയിരിക്കുന്നത്.[അവലംബം ആവശ്യമാണ്]ഹിന്ദു മതത്തിലെ പ്രത്യേകിച്ച് ശാക്തേയ സമ്പ്രദായത്തിലെ ഭഗവതി അഥവാ പരാശക്തിയെ വിശ്വാസികൾ അമ്മ എന്നാണ് വിളിക്കപ്പെടുന്നത്. മാതൃദേവത എന്നും അറിയപ്പെടുന്നു. യേശുവിന്റെ മാതാവായ മറിയത്തെ ക്രിസ്തുമത വിശ്വാസികൾ പരിശുദ്ധ മാതാവ് എന്നാണ് സംബോധന ചെയ്യുന്നത്.

സാമൂഹ്യ തലത്തിൽ[തിരുത്തുക]

മത ജീവിതം സാമൂഹിക ജീവിതത്തെയും സ്വാധീനിച്ചിരുന്നു. ഇന്നത്തെ കേരളവും തമിഴകവും ഉൾപ്പെട്ട 'ചേര സാമ്രാജ്യത്തിൽ ' ഉന്നത കുലത്തിൽപ്പെട്ട സ്ത്രീകളെ അമ്മ എന്നാണ് മറ്റുള്ളവരാൽ വിളിക്കപ്പെടുന്നത്.

അമ്മമാർ[തിരുത്തുക]

പെറ്റമ്മ[തിരുത്തുക]

കുഞ്ഞുങ്ങളെ മുലയൂട്ടുന്ന അമ്മപ്പൂച്ച

സസ്തനികളിൽ പെറ്റമ്മ (Biological Mother) ജൈവശാസ്ത്രപരമായി ഗർഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്യുന്ന സ്ത്രീ ആണ്. പ്രസവാനന്തരം കുഞ്ഞിനു മുലപ്പാൽ നൽകുന്നതും അമ്മയാണ്. ഈ മുലപ്പാലാണ് കുഞ്ഞിന് ആദ്യകാലങ്ങളിൽ പോഷകം പ്രദാനം ചെയ്യുന്നതും രോഗപ്രതിരോധ ശക്തി നൽകുന്നതും.

വളർത്തമ്മ[തിരുത്തുക]

താൻ പ്രസവിവിച്ചതല്ലെങ്കിലും ഒരു കുഞ്ഞിനോടുള്ള അമ്മയുടെ സാമൂഹ്യ ശാസ്ത്രപരമായ ധർമ്മം നിർവ്വഹിക്കുന്ന സ്ത്രീയാണ് വളർത്തമ്മ. ഇത് കുഞ്ഞിനെ ദത്തെടുത്ത് വളർത്തുന്ന അമ്മയോ അല്ലെങ്കിൽ രണ്ടാനമ്മയോ ആകാം.

രണ്ടാനമ്മ അഥവാ ചിറ്റമ്മ[തിരുത്തുക]

അച്ഛന്റെ രണ്ടാമത്തെയോ മറ്റോ ഭാര്യ കുഞ്ഞിനെ വളർത്തുമ്പോൾ അവർ ഒരേ സമയം വളര്ത്തമ്മയും രണ്ടാനമ്മയും ആയി മാറുന്നു.

വാടക അമ്മ[തിരുത്തുക]

ഇന്ന് ഗർഭധാരണത്തിനു ആരോഗ്യ ശാസ്ത്രപരമായ കഴിവില്ലാത്തവരോ ഗർഭം ധരിക്കാൻ സമയമോ താൽപര്യമോ ഇല്ലാത്തവരോ ആയ സ്ത്രീകൾ തങ്ങളുടെ ഭ്രൂണം ആരോഗ്യവതിയായ മറ്റൊരു യുവതിയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ചു കുഞ്ഞിനെ സ്വന്തമാക്കുന്നു. ഇതിൽ അണ്ഡം നൽകുന്ന സ്തീയെ ജനിതക അമ്മ എന്നും ഗർഭം ധരിച്ച് പ്രസവിക്കുന്ന സ്ത്രീയെ വാടക അമ്മ എന്നും പറയുന്നു. ഇതിനു പല രാജ്യങ്ങളിലും നിയമപരമായ തടസ്സങ്ങളുണ്ട്.

പ്രശസ്തമായ മാതൃ ബിംബങ്ങൾ[തിരുത്തുക]

 1. മറിയം
 2. ആദിപരാശക്തി
 3. ഹവ്വ
 4. പാർവ്വതി/ദുർഗ്ഗ/കാളി
 5. സീത, മഹാലക്ഷ്മി
 6. കൗസല്യ, യശോദ

സമാനപദങ്ങൾ[തിരുത്തുക]

താറാവും അതിന്റെ കുട്ടികളും
ആനകുട്ടി അമ്മയുടെ മുല കുടിക്കുന്നു

ലോകത്തിൽ അമ്മ എന്ന വാക്കിന് പകരമായി ഒരു പാട് പേരുകൾ ഉണ്ട്. ശിശുക്കൾ ആദ്യമായി ഉണ്ടാക്കുന്ന ശബ്ദം മാ അല്ലെങ്കിൽ മാമ്മാ എന്നതിന്റെ വകഭേദങ്ങൾ ആയതിനാൽ മിക്ക പദങ്ങളും ഇതേ ശബ്ദത്തിലധിഷ്ഠിതമാണ്.

മലയാളത്തിൽ[തിരുത്തുക]

 • അമ്മ - പൊതുവിൽ മലയാളത്തിൽ വ്യാപകമായി ഉപയൊഗിക്കുന്നു
 • ഉമ്മ,ഉമ്മച്ചി - മുസ്ലിം വിഭാഗങ്ങൾക്കിടയിൽ അമ്മയെ ഉമ്മ എന്നൊ, ഉമ്മച്ചി എന്നൊ പ്രാദേശിക വ്യതിയാനങ്ങളോടെ വിളിക്കപ്പെടുന്നു.
 • അമ്മച്ചി - പൊതുവിൽ ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിലും, തെക്കൻ തിരുവിതാംകൂറിൽ വ്യാപകമായ് ഹിന്ദുക്കൾ അടക്കമുള്ളവർക്കിടയിലും പ്രയോഗിക്കപ്പെടുന്നു.
 • തള്ള - പ്രാദേശികമായോ അവജ്ഞയോടെയോ ഉപയോഗിക്കുന്ന പദം.

മറ്റു സ്ഥലങ്ങളിൽ[തിരുത്തുക]

 • മമ്മി - യൂറോ-അമേരിക്കൻ-ഓസ്ട്രേലിയ പദം
 • മം - യൂറോ-അമേരിക്കൻ പദം
 • മാമി - യൂറോപ്യൻ
 • മാമ - ചൈനീസ്
 • മാം - വടക്കെ ഇന്ത്യ
 • തായ (തായി) - തമിഴ്

ഇതു കൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

 1. Varghese Pathikulangara (1989). Mar Thomma Margam. Kottayam: Denha Services.
 2. Thomas Puthiakunnel, (1973) "Jewish colonies of India paved the way for St. Thomas", The Saint Thomas Christian Encyclopedia of India, ed. George Menachery, Vol. II., Trichur.
 3. Christianity in India: from Beginnings to the Present, p. 103. Oxford University Press. ISBN 0-19-826377-5.
 4. Bayly, Susan Saints, Goddesses and Kings in South Indian Society Cambridge University Press 22 April 2004 ISBN 978-0-521-89103-5 [1]
 5. എ.ആർ. രാജരാജവർമ്മ (1896). "പീഠിക -> മലയാളദേശവും ഭാഷയും". കേരളപാണിനീയം. Cite has empty unknown parameter: |1= (help)
 6. ചട്ടമ്പിസ്വാമികൾ. "തമിഴകം -> അധ്യായം 4". തമിഴകവും ദ്രാവിഡമാഹാത്മ്യവും (ലേഖനം).
 7. ചട്ടമ്പിസ്വാമികൾ. "തമിഴ് സംസ്കൃതാദി താരതമ്യം". ആദിഭാഷ. p. 132. Cite has empty unknown parameter: |1= (help)
 8. എൻ. സുസ്മിത, [2] Archived 2013-03-04 at the Wayback Machine. മാതൃഭൂമി


"https://ml.wikipedia.org/w/index.php?title=അമ്മ&oldid=3623487" എന്ന താളിൽനിന്ന് ശേഖരിച്ചത്