ഗുസ്താഫ് ഡാലൻ
ഗുസ്താഫ് ഡാലൻ | |
---|---|
ജനനം | Nils Gustaf Dalén 30 നവംബർ 1869 |
മരണം | 9 ഡിസംബർ 1937 | (പ്രായം 68)
ദേശീയത | Swedish |
കലാലയം | Chalmers University of Technology, Polytechnikum, Zürich |
അറിയപ്പെടുന്നത് | Sun valve and other lighthouse regulators |
പുരസ്കാരങ്ങൾ | Nobel Prize in Physics (1912) |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Physics, mechnical engineering |
സ്ഥാപനങ്ങൾ | AGA |
ഒരു സ്വീഡിഷ് എൻജീനീയറും 1912-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനജേതാവുമായിരുന്നു ഗുസ്താഫ് ഡാലൻ. 1869 നവംബർ 30-ന് സ്റ്റെൻസ്റ്റോർപ് ഗ്രാമത്തിലെ ഒരു കർഷകകുടുംബത്തിൽ ഡലൻ ജനിച്ചു. കർഷകവൃത്തിയിലേർപ്പെട്ടിരുന്ന ആദ്യകാലത്തുപോലും എൻജിനീയറിങ് മേഖലയോടുള്ള ആഭിമുഖ്യം ഇദ്ദേഹത്തിൽ പ്രകടമായിരുന്നു. സ്വന്തമായി ഒരു ഡയറി നടത്തിയിരുന്നകാലത്ത് പാലിലെ കൊഴുപ്പിന്റെ അളവു നിർണയിക്കുന്നതിനുള്ള ഒരുപകരണവും അനായാസേന പാൽ കറക്കുന്നതിനുള്ള ഒരു യന്ത്രവും ഇദ്ദേഹം രൂപകല്പന ചെയ്തു.
ഉദ്യോഗവും തുടർന്നുള്ള പരീക്ഷണങ്ങളും
[തിരുത്തുക]സൂറിച്ചിൽ നിന്ന് എൻജിനീയറിങ് പഠനം പൂർത്തിയായതോടെ ഡലൻ ഗ്യാസ് അക്യുമുലേറ്റർ കമ്പനിയിൽ ചീഫ് എൻജിനീയറായി നിയമിതനായി. ഇവിടെ വച്ച് അസിറ്റിലിൻ വാതക നിർമ്മാണത്തിനുള്ള യന്ത്രോപകരണങ്ങളുടെ സാങ്കേതിക വിദ്യ ഒട്ടേറെ പരിഷ്കരിക്കാൻ ഇദ്ദേഹത്തിനു കഴിഞ്ഞു. നാവികോപയോഗത്തിനായി ലൈറ്റ് ഹൌസുകളിൽ അക്കാലത്തു നിലവിലുണ്ടായിരുന്ന ജ്വലനരീതിക്ക് പല പരിമിതികളുമുണ്ടായിരുന്നു. സ്ഥിരജ്വാല നിലനിർത്താൻ വേണ്ടിവരുന്ന ഉയർന്ന തോതിലുള്ള അസിറ്റിലിൻ വാതക ഉപഭോഗനിരക്കും ഉന്നതമർദത്തിലെ അസിറ്റിലിന്റെ ഗതാഗതത്തിനിടയ്ക്ക് ഉണ്ടാകാനിടയുള്ള സ്ഫോടന സാദ്ധ്യതയും വളരെയേറെയായിരുന്നു. കൂടാതെ ബീക്കണുകൾ കൂടെക്കൂടെ റീചാർജ് ചെയ്യേണ്ടിയുമിരുന്നു. എന്നാൽ പരിമിത പരിമാണത്തിലുള്ള അസിറ്റിലിൻ വാതകംകൊണ്ട് ലൈറ്റ് ഹൗസുകളിൽ 3/10 സെക്കൻഡുമാത്രം നീണ്ടുനിൽക്കുന്ന, പ്രകാശതീവ്രതയേറിയ അനേകം ക്ഷണദീപ്തി (flash) പുറപ്പെടുവിക്കുന്ന ഒരിനം ഫ്ലാഷ് ലൈറ്റ് ഉപകരണം ഡലൻ രൂപകല്പന ചെയ്തു. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ ആഗാ മിശ്രിതം (Aga mixture or Agamassan) ഉപയോഗിച്ചു തുടങ്ങിയതോടെ സ്ഫോടനസാധ്യത ഒഴിവാക്കി അസിറ്റിലിൻ സുരക്ഷിതമായി കൊണ്ടുപോകാവുന്ന അവസ്ഥയിലായി. കൂടാതെ സോൾവെന്റിൽ എന്നു പേരുള്ള ഒരിനം സൗരവാൽവ് ഘടിപ്പിച്ചതോടെ, സൂര്യപ്രകാശം മങ്ങുന്ന അസ്തമയത്തോടെ സ്വമേധയാ പ്രവർത്തനനിരതമാകുകയും സൂര്യോദയത്തോടെ അണയുകയും ചെയ്യുന്ന ദീപസ്തംഭങ്ങൾ നിലവിൽവന്നു. ലൈറ്റ് ഹൗസുകളിലെ അസിറ്റിലിൻ ഉപഭോഗം വളരെയേറെ മിതപ്പെടുത്താൻ കഴിഞ്ഞ ഈ സൗരവാൽവിന്റെ കണ്ടുപിടിത്തത്തിനാണ് ഡലന് 1912-ൽ നോബൽ സമ്മാനം ലഭിച്ചത്.
സാങ്കേതിക നേട്ടം
[തിരുത്തുക]സാങ്കേതിക നേട്ടങ്ങൾക്കു പുറമേ, ഡലന്റെ രീതി അവലംബിച്ചതിലൂടെ ഈ രംഗത്തുണ്ടായ സാമ്പത്തികനേട്ടം വളരെ വലുതായിരുന്നു. ചെന്നുപറ്റാൻ ദുഷ്കരമായ വിദൂരസ്ഥാനങ്ങളിൽപ്പോലും ഇത്തരം ലൈറ്റ് ഹൗസുകൾ സ്ഥാപിക്കാനും കടലിൽവച്ചു സംഭവിച്ചിരുന്ന അപകടങ്ങൾ വളരെ കുറച്ചുകൊണ്ട് നാവികയാത്ര സുഗമമാക്കാനും കഴിഞ്ഞു.
1909-ൽ ഡലൻ ഗ്യാസ് അക്യുമുലേറ്റർ കമ്പനിയുടെ മാനേജിങ് ഡയറക്ടറായി. റോയൽ സ്വീഡിഷ് അക്കാദമി ഉൾപ്പെടെ പല പ്രൊഫഷണൽ സൊസൈറ്റികളിലും ഇദ്ദേഹം പ്രവർത്തിച്ചു. ലുണ്ട്(Lund) സർവ്വകലാശാല 1918-ൽ ഇദ്ദേഹത്തെ ഓണററി ഡോക്ടറേറ്റു ബിരുദം നൽകി ആദരിച്ചു. അഞ്ചു വർഷത്തെ പരീക്ഷണങ്ങൾക്കുശേഷം 1929-ൽ ഡലൻ വികസിപ്പിച്ചെടുത്ത ഗാർഹികാവശ്യത്തിനായുള്ള ആഗ കുക്കർ ഇംഗ്ലണ്ടിലും സ്വീഡനിലും വൻ പ്രചാരം നേടി. ടർബൈനുകളുടെ രൂപകല്പനയിലും ഇദ്ദേഹം മാറ്റങ്ങൾ വരുത്തി.
1913-ൽ ഒരു പരീക്ഷണത്തിനിടയ്ക്കുണ്ടായ സ്ഫോടനത്തിൽ ഇദ്ദേഹത്തിന് കാഴ്ചശക്തി നഷ്ടപ്പെട്ടു. 1937 ഡിസംബർ 9-ന് സ്റ്റോക്ഹോമിൽ ഇദ്ദേഹം ദിവംഗതനായി.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]- nobelprize.org: ഗുസ്താഫ് ഡാലന്റെ ജീവചരിത്രം
- Gustaf Dalén biography Archived 2014-10-31 at the Wayback Machine. from the AGA corporation
- (in Swedish) The Dalén Museum, a museum in Stenstorp celebrating Dalén
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡലൻ, നീൽസ് ഗുസ്താഫ് (1869 - 1937) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |