വടക്കൻ പറവൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പറവൂർ
അപരനാമം: വടക്കൻ പറവൂർ
Kerala locator map.svg
Red pog.svg
പറവൂർ
10°09′N 76°14′E / 10.15°N 76.23°E / 10.15; 76.23
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല എറണാകുളം
ഭരണസ്ഥാപനങ്ങൾ നഗരസഭ
ചെയർമാൻ
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 30056 (2001)
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
683513
+91 484
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ ചെറായി കടപ്പുറം
പുത്തൻ വേലിക്കര വിനോദസഞ്ചാരകേന്ദ്രം‍,
കോട്ടക്കാവ് സെന്റ്. തോമസ് പള്ളി

എറണാകുളം ജില്ലയിലെ ഒരു പ്രാചീന നഗരമാണ് പറവൂർ. തദ്ദേശീയമായി പറൂർ എന്നും അറിയപ്പെടുന്ന ഇതാണ് മുസിരിസ് എന്ന പ്രാചീന പട്ടണമെന്നും അഭിപ്രായം ഉയർന്നിട്ടുണ്ട്.[1] മുൻസിപ്പാലിറ്റിയും താലൂക്ക് ആസ്ഥാനവും ഇതേ പേരിൽ തന്നെയാണ് അറിയപ്പെടുന്നത്. എറണാകുളം ജില്ലയുടെ തെക്കേ അറ്റത്തുള്ള മറ്റൊരു പറവൂർ തെക്കൻ പറവൂർ എന്നറിയപ്പെടുന്നതിനാൽ, ഈ പ്രദേശം വടക്കൻ പറവൂർ എന്നറിയപ്പെടുന്നു. കൊല്ലം ജില്ലയിൽ ഈ പേരിനോടു സാമ്യം ഉള്ള പരവൂർ എന്ന ഒരു പട്ടണവും ഉണ്ട്.

പേരിനു പിന്നിൽ[തിരുത്തുക]

സ്ഥലത്തിന്റെ പൂർവ്വ നാമം പറൈയുർ (തമിഴ്) എന്നായിരുന്നു. തമിഴിൽ നിന്നും മലയാളത്തിലേക്കുള്ള വഴിമാറലിൽ നാമപദത്തിലെ ഐ കാരം നഷ്ടപ്പെട്ട് പറയൂരായതാണ് എന്നു കരുതുന്നു. പറയരുടെ ഊര് ആണ് പറയൂർ ആകുന്നത്.[2] പറയരുടെ ഊരുകൾക്ക് പണ്ട് പറച്ചേരി എന്നും പറഞ്ഞിരുന്നു. പറൈയൂരിൻറെ ഏറ്റവും പഴക്കമുള്ള പരാമർശം ചിലപ്പതികാരത്തിൽ കാണാം

ചരിത്രം[തിരുത്തുക]

ചരിത്ര പ്രാധാന്യമുള്ള ചേന്ദമംഗലം എന്ന സ്ഥലം ഇവിടെ ആണ്. കൊച്ചി രാജാവിന്റെ മന്ത്രിമാർ ആയിരുന്ന പാലിയത്ത് അച്ചൻമാരുടെ ദേശം കൂടി ആണ് ചേന്ദമംഗലം. പാലിയത്ത് കുടുംബത്തിന്റെ ഒരു കൊട്ടാരവും ഇവിടെ ഉണ്ട്. എറണാകുളം ജില്ലയിലെ ആദ്യ നഗരസഭകളിൽ ഒന്നാണ് പറവൂർ നഗരസഭ.

1798 ൽ ടിപ്പുവിന്റെ പടയോട്ടം പറവൂരിലെ ജനങ്ങളെ വല്ലാതെ ബാധിച്ചു. ആളുകൾ കൈയ്യിലുള്ളതെല്ലാം അവിടെത്തന്നെ കുഴിച്ചിട്ട ശേഷം ജീവനും കൊണ്ട് പലായനം ചെയ്യുകയുണ്ടായി. എന്നാൽ യുദ്ധം ഒഴിഞ്ഞശേഷം പലർക്കും അത് തിരിച്ചെടുക്കാൻ സാധിച്ചില്ല. അടുത്ത കാലത്ത് പറവൂരിനടുത്തുള്ള വള്ളുവള്ളി എന്ന സ്ഥലത്തു നിന്നും മണൽ ഖനനം ചെയ്യുന്ന സമയത്ത് ലഭിച്ച സ്വർണ്ണനാണയങ്ങൾ ഇങ്ങിനെ യുദ്ധകാലത്ത് ആളുകൾ ഉപേക്ഷിച്ചുപോയതാവാം എന്നു കരുതുന്നു.[3] റോമൻ നാണയങ്ങളായിരുന്നു അവിടെ നിന്നും കണ്ടെടുത്തത്. പറവൂർ ഒരു യുദ്ധഭൂമിയായിരുന്നതിന്റെ ശേഷിപ്പാണ് വെടിമറ എന്ന സ്ഥലം.

ഐതിഹ്യം[തിരുത്തുക]

പരശുരാമൻ സൃഷ്ടിച്ച അറുപത്തിനാല് ഗ്രാമങ്ങളിൽ ഒന്നാണ് പറവൂർ എന്നു വിശ്വസിക്കപ്പെടുന്നു. ആദിദ്രാവിഡരുടെ പ്രാർത്ഥനാരൂപമായ അമ്മദൈവത്തെ ആരാധിക്കുന്ന പതിവ് ഇപ്പോഴും പറവൂരിൽ നിലനിൽക്കുന്നുണ്ട്. പറവൂരിൽ നന്ത്യാട്ടുകുന്നം എന്ന സ്ഥലത്തുള്ള കാളികുളങ്ങര ക്ഷേത്രത്തിലെ തെണ്ടു ചുടലും, കലംവെയ്ക്കലും ഇതിനെ സൂചിപ്പിക്കുന്നു. പറവൂർ പട്ടണത്തിനു വടക്കുഭാഗത്തു സ്ഥിതിചെയ്യുന്ന മാല്ല്യങ്കര എന്ന തീരത്താണ് സെന്റ്.തോമസ് കപ്പലിറങ്ങിയത് എന്ന് ക്രൈസ്തവരുടെ ഐതിഹ്യങ്ങളിൽ രേഖപ്പടുത്തിയിരിക്കുന്നു. മാല്ല്യങ്കര എന്ന ഈ സ്ഥലപ്പേരിൽ നിന്നുമാണ് ക്രൈസ്തവരുടെ ഇടവകക്ക് മലങ്കര എന്ന പേരുത്ഭവിച്ചത്.

ഭൂമി ശാസ്ത്രം[തിരുത്തുക]

സമുദ്ര നിരപ്പിൽ നിന്നും 10 മീറ്റർ (32 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. എറണാകുളം ജില്ലയുടെ വടക്കേ അറ്റത്തായി തൃശ്ശൂർ ജില്ല യോടു ചേർന്ന് കിടക്കുന്നു. പെരിയാർ നദിയുടെ തീരത്ത് ആയതിനാലും നിരവധി തോടുകൾ ഉള്ളതിനാലും ഒരുപാടു കൊച്ചു കൊച്ചു ദ്വീപുകൾ ഇവിടെ കാണാം. കൊടുങ്ങല്ലൂർ കായലും വരാപ്പുഴ കായലും ഈ ദേശത്താണ്.

വ്യവസായം[തിരുത്തുക]

പണ്ട് കാലങ്ങളിൽ പാരമ്പര്യ വ്യവസായങ്ങളായ കയർ നിർമ്മാണം, കൈത്തറി, കൃഷി എന്നിവക്ക് പേര് കേട്ട സ്ഥലം ആയിരുന്നു പറവൂർ. ചേന്ദമംഗലം കൈത്തറി ഇന്നും പ്രസിദ്ധമാണ്. ഏലൂർ-എടയാർ വ്യവസായ മേഖല പറവൂർ താലൂക്കിൽ ആണ്.

വിനോദസഞ്ചാരം[തിരുത്തുക]

വടക്കൻ പറവൂരിലെ ജൂതപ്പള്ളി

മനോഹരമായ ചെറായി ബീച്ച് ഇവിടെനിന്നും 6 കിലോമീറ്റർ അകലെയാണ്. പറവൂർ പഴയ ഒരു വാണിജ്യ കേന്ദ്രവും ജൂത കുടിയേറ്റ മേഖലയുമായിരുന്നു [4]. ഒരു ജൂത സിനഗോഗും ഇവിടെ ഉണ്ട്. ജൂതതെരുവ് എന്ന ഒരു പ്രദേശവും ഇവിടെ ഉണ്ട്. ഒരുപാട് ജൂതന്മാർ ഇവിടെനിന്നും ഇസ്രായേൽ രൂപവത്കരിച്ചപ്പോൾ ഇസ്രായേലിലേക്ക് കുടിയേറിപ്പാർത്തു. എറണാകുളം ജില്ലയുടെ വടക്കു ഭാഗത്തായി എറണാകുളം-തൃശ്ശൂർ അതിർത്തിയിലാണ് പറവൂർ സ്ഥിതി ചെയ്യുന്നത്. പറവൂരിന്റെ ഒരതിര് വൈപ്പിൻ ദ്വീപ് ആണ് , മറ്റൊരതിര് തൃശ്ശൂർ ജില്ല ആണ്. പുതിയ വിനോദസഞ്ചാര കേന്ദ്രമായി വികസിക്കപ്പെടുന്ന കോട്ടയിൽകോവിലകം പറവൂരിലാണ്. മുസിരിസ് വികസന പദ്ധതിയുടെ ഭാഗമായി പറവൂരിൽ നിരവധി വിനോദ സഞ്ചാര പദ്ധതികൾ പുരോഗമിക്കുന്നു. എ.ഡി. 52 ൽ സെന്റ്‌ തോമസിനാൽ സ്ഥാപിതമായ കോട്ടക്കാവ്‌ പള്ളി പ്രസിദ്ധമായ തീർത്ഥാടനകേന്ദ്രമാണ്‌.[5] വിശുദ്ധ തോമാസ് സ്ഥാപിച്ച ഏഴരപള്ളികളിൽ ഒന്നാണ് കോട്ടക്കാവ് പള്ളി. ഇന്ത്യയിലെ ആദ്യ ക്രൈസ്തവദേവാലയമാണിതെന്ന്‌ കരുതപ്പെടുന്നുണ്ട്‌.

പറവൂരിന്റെ ചരിത്രത്തിൽ ഒരു പ്രധാന പങ്കു വഹിക്കുന്ന ആരാധാനാലയമാണ് കോട്ടക്കാവ് പള്ളി. വിശുദ്ധ തോമാസ് സ്ഥാപിച്ചതാണ് ഈ പള്ളി എന്ന് കരുതപ്പെടുന്നു. എന്നാൽ ജൈനമതക്കാരുടെ ആരാധനാലയത്തെ അവരുടെ പലായനത്തിനുശേഷം ക്രൈസ്തവർ സ്വന്തമാക്കിയതോ അവകാശം സ്ഥാപിച്ചതോ ആയിരിക്കാമെന്നും ഒരു വാദം നിലവിലുണ്ട്.

ഗതാഗതം[തിരുത്തുക]

ഒരു കെ.എസ്.ആർ.ടി.സി. ഉപ ഡിപ്പൊയും സ്വകാര്യ ബസ് സ്റ്റാന്റും ഇവിടെ ഉണ്ട്. എറണാകുളം, ആലുവ, കൊടുങ്ങല്ലൂർ, തൃശ്ശൂർ, ഗുരുവായൂർ എന്നിവിടങ്ങളിലേക്ക് ധാരാളം ബസുകൾ സർവീസ് നടത്തുന്നു. ആലുവ ആണ് ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ(16 കി.മി). കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഇവിടെ നിന്നും 20 കി.മി അകലെ സ്ഥിതി ചെയ്യുന്നു. ചില ഉൾനാടൻ ദ്വീപുകളേയും സ്ഥലങ്ങളെയും ബന്ധിപ്പിച്ചു കൊണ്ട് ബോട്ട് സർവീസും നിലവിലുണ്ട്.

ആരാധനാലയങ്ങൾ[തിരുത്തുക]

പഴയ തിരുവിതാംകൂർ രാജ്യത്തിന്റെയും കൊച്ചി രാജ്യത്തിന്റെയും ഭരണ ഫലമായി പറവൂരിൽ ധാരാളം അമ്പലങ്ങൾ കാണാൻ കഴിയും. കൂടാതെ പല കാലത്തായി കന്നഡ ബ്രാഹ്മണരും തമിഴ് ബ്രാഹ്മണരും ഇവിടെ വന്നു താമസിക്കുകയും അവരവരുടേതായ അമ്പലങ്ങൾ പണി കഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

പറവൂരിലെ കോട്ടക്കാവ് പള്ളി, തോമാശ്ലീഹ സ്ഥാപിച്ച പള്ളിയാണിതെന്ന് ഐതിഹ്യം

വിദ്യാലയങ്ങൾ[തിരുത്തുക]

 • പറവൂർ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ
 • പറവൂർ ബോയ്സ് സെക്കണ്ടറി സ്കൂൾ
 • പറവൂർ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ
 • സമൂഹം സ്കൂൾ.
 • പുല്ലങ്കുളം ശ്രീ നാരായണ ഹയർ സെക്കണ്ടറി സ്കൂൾ.
 • സെന്റ്.അലോഷിയസ് സ്കൂൾ.
 • സെന്റ്.ജെർമൻസ് സ്കൂൾ.
 • ശ്രീ നാരായണ വിലാസം സംസ്കൃത ഹയർ സെക്കണ്ടറി സ്കൂൾ.
 • ആദർശ വിദ്യാഭവൻ, നന്ത്യാട്ടുകുന്നം, പറവൂർ.
 • കേസരി കോളേജ്.
 • ഗവ. എൽ.പി.ജീ.എസ്.
 • ഗവ. എൽ.പി.ബി.എസ്. കണ്ണൻകുളങ്ങര.

പഞ്ചായത്തുകൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

പരാമർശങ്ങൾ[തിരുത്തുക]

 1. "മുസിരിസിനായുള്ള വേട്ട (ഹണ്ടിങ്ങ് ഫോർ മുസിരിസ്)" (ഭാഷ: ഇംഗ്ലീഷ്). ദ ഹിന്ദു. 2004-03-28. ശേഖരിച്ചത് 2007-04-04. 
 2. വി.വി.കെ. വാലത്ത് (1991). "പറവൂർ". കേരളത്തിലെ സ്ഥലചരിത്രങ്ങൾ: എറണാകുളം ജില്ല (ഭാഷ: മലയാളം). തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി. p. 199. 
 3. "ഹിസ്റ്ററി ഓഫ് ആൻഷ്യന്റ് കേരള". കേരളഹിസ്റ്ററി.നെറ്റ്. ശേഖരിച്ചത് 2014-07-18. 
 4. "സിനഗോഗ് സെറ്റ് ടു ഷോകേസ് ഹിസ്റ്ററി". ദ ഹിന്ദു. 2005-03-01. ശേഖരിച്ചത് 2014-07-18. 
 5. "മുസിരിസ് ഹെറിട്ടേജ്, വടക്കൻ പറവൂർ". കേരള ടൂറിസം. ശേഖരിച്ചത് 2014-07-18. 


അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=വടക്കൻ_പറവൂർ&oldid=2181389" എന്ന താളിൽനിന്നു ശേഖരിച്ചത്