എടത്തല
എടത്തല | |
---|---|
പട്ടണപ്രാന്തം | |
രാജ്യം | India |
സംസ്ഥാനം | കേരളം |
ജില്ല | എറണാകുളം |
താലൂക്ക് | ആലുവ |
• ആകെ | 7.18 ച.കി.മീ.(2.77 ച മൈ) |
(2001) | |
• ആകെ | 77,811 |
• ജനസാന്ദ്രത | 11,000/ച.കി.മീ.(30,000/ച മൈ) |
• ഔദ്യോഗിക | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (ഔദ്യോഗിക ഇന്ത്യൻ സമയം) |
പിൻകോഡ് | 683561 |
ടെലിഫോൺ കോഡ് | 0484 |
വാഹന റെജിസ്ട്രേഷൻ | KL-41 |
സ്ത്രീ-പുരുഷാനുപാതം | 1014 ♂/♀ |
പാർലിമെന്റ് നിയോജകമണ്ഡലം | ചാലക്കുടി |
എറണാകുളം ജില്ലയിലെ ആലുവാ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് എടത്തല. എടത്തല ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനം കൂടിയാണിത്. ജനസാന്ദ്രത കൂടിയ ഒരു പ്രദേശമാണിത്. ആലുവ പെരുമ്പാവൂർ സംസ്ഥാന പാതയിൽ നിന്നും ഏകദേശം മൂന്നു കിലോമീറ്റർ തെക്കു വശത്തായിട്ടാണ് എടത്തല . 15.98 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ പഞ്ചായത്ത് ആലുവ ഈസ്റ്റ് വില്ലേജ് പരിധിയിൽ വരുന്ന ഗ്രാമ പഞ്ചായത്താണ്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് കീഴ്മാട്, വാഴക്കുളം പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് വാഴക്കുളം, കിഴക്കമ്പലം പഞ്ചായത്തുകളും, തെക്കുഭാഗത്ത് കിഴക്കമ്പലം, തൃക്കാക്കര പഞ്ചായത്തുകളും കളമശ്ശേരി മുനിസിപ്പാലിറ്റിയും പടിഞ്ഞാറുഭാഗത്ത് കളമശ്ശേരി മുനിസിപ്പാലിറ്റിയും ചൂർണ്ണിക്കര പഞ്ചായത്തുമാണ്. പഴയ ആലുവാ വില്ലേജിന്റെ തെക്കുകിഴക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന ഈ പഞ്ചായത്തിന്റെ സ്ഥാനം ഗ്രെയ്റ്റ് കൊച്ചിൻ ഡെവലപ്മെന്റ് അതോറിറ്റിയുടെ കിഴക്കേ അറ്റത്താണ്. ഇന്നത്തെ ആലുവ ഈസ്റ്റ് വില്ലേജും ആലുവ വെസ്റ്റ് വില്ലേജിലെയും വാഴക്കുളം വില്ലേജിലെയും ഏതാനും ഭാഗങ്ങളും ചേർന്നതാണ് എടത്തല ഗ്രാമപഞ്ചായത്ത്. 1950-ൽ രൂപം കൊണ്ട ചൂർണ്ണിക്കര പഞ്ചായത്തിൽ നിന്നും വേർപെടുത്തി 1969 സെപ്തംബർ 27-ാം തിയതി എടത്തല ഗ്രാമപഞ്ചായത്ത് രൂപീകരിക്കപ്പെട്ടു. ആലുവായിൽ നിന്ന് മൂന്നും കാക്കനാട്ടിൽ നിന്ന് ഏഴും അമ്പലമുകളിൽ നിന്ന് പത്തും കിലോമീറ്റർ മാത്രം അകലെ സ്ഥിതി ചെയ്യുന്ന ഈ പഞ്ചായത്ത് ഒരു കോളനിയായി രൂപാന്തരപ്പെട്ടു. കേരളത്തിലെ ഇടനാടുപ്രദേശത്തിലുള്ള ഭൂമിയാണ് ഈ പഞ്ചായത്തിലേത്.
ചരിത്രം
[തിരുത്തുക]ഏകദേശം 300 കൊല്ലം മുമ്പ് ജനങ്ങളെ സംഘടിപ്പിച്ച് ഇടപ്പള്ളി രാജാവിനെ കളത്തിൽ കർത്താവ് നേരിട്ട് യുദ്ധം ചെയ്ത സ്ഥലമാണ് പടമറ്റം. ഇന്ത്യൻ നാവികസേനയുടെ തെക്കെ ഇന്ത്യയിലെ ആയുധസംഭരണി പടമറ്റത്തോടു ചേർന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. 172 വർഷം മുമ്പ് സ്ഥാപിച്ച പേങ്ങാട്ടുശ്ശേരി പള്ളിയും അക്കാലത്തുതന്നെ നിർമ്മിച്ച കുഴിവേലിപ്പടി പള്ളിയും മുസ്ളീം സമുദായത്തിന്റെ ആരാധനാലയങ്ങൾ ആയി ഈ പഞ്ചായത്തിൽ ഉണ്ട്. അനേകം തൈക്കാവുകളും ഇവിടെയുണ്ട്. 1928-ൽ ആരംഭിച്ച ചുണങ്ങം വേലി മഠവും അതിനോടു ചേർന്നുള്ള അഗതി മന്ദിരവും എടുത്തുപറയത്തക്ക സേവനാലയങ്ങൾ ആണ്. കുറുപ്പാലി മുസ്തഫ സാഹിബ് സ്വപിതാവിന്റെ അനുസ്മരണക്കായി സ്ഥാപിച്ച യത്തീംഖാനയും ഈ പ്രദേശത്തെ ഒരു പ്രധാന ധർമ്മ സ്ഥാപനമാണ്. വിഷചികിത്സയിൽ വിദഗ്ദ്ധരായ നെടുങ്ങാട്ടിൽ ആലിപ്പിള്ളയും, മെഴുക്കാട്ടിൽ കുഞ്ഞാമ്പുവും, ആനക്കുഴി വൈദ്യരും തിരുമ്മുവിദഗ്ദ്ധനായ പിച്ചനാട്ട് കുറുപ്പും ആയുർവേദ വൈദ്യൻമാരായ പുക്കോട്ടിൽ മാധവ വൈദ്യരും, എസ്.ഡി.ഫാർമസിയും അവരവരുടെ മേഖലകളിൽ സേവനം അനുഷ്ഠിച്ചവരാണ്. ആയുർവേദ യുനാനി ഹോമിയോ അലോപ്പതി ചികിത്സാ സ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. അയിത്തം തുടങ്ങിയ പലവിധ അനാചാരങ്ങളും കെട്ടുകല്യാണം തുടങ്ങിയ അന്ധവിശ്വാസങ്ങളും ഇവിടെ നിലനിന്നിരുന്നു. സർപ്പക്കാവുകൾ മിക്ക നായർ തറവാടുകളിലും കാണപ്പെടുന്നുണ്ട്. ‘പതി’ എന്ന പ്രേതാരാധനാ സമ്പ്രദായം നിലനിൽക്കുന്നുണ്ട്. പുള്ളുവൻപാട്ട്, ഓണപ്പാട്ട്, ഞാറ്റുപാട്ട്, തുടികൊട്ടിക്കൊണ്ടുള്ള ശാസ്താം പാട്ട്, കോൽക്കളി, ഒപ്പന തുടങ്ങിയ നാടൻ കലാരൂപങ്ങൾ ഇവിടെ കാണാൻ കഴിയുന്നു. കോൺക്രീറ്റ് കെട്ടിടങ്ങളുടെ ആവിർഭാവത്തോടുകൂടി പഴയ തച്ചുശാസ്ത്രരീതിയിലുള്ള ഗൃഹനിർമ്മാണരീതി വഴിമാറിപ്പോയിരിക്കുന്നു. പഴയരീതിയിൽ പണിതീർത്ത നാലുകെട്ടുകൾ ഏതാനും എണ്ണം മാത്രം കളത്തിൽ കുടുംബം വകയായി നിലനിൽക്കുന്നുണ്ട്. മം.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
[തിരുത്തുക]- അൽ-ഹിന്ദ് പബ്ലിക് സ്കുൾ, പേങ്ങാട്ടുശ്ശേരി
- അൽ-അമീൻ ഇന്റർനാഷണൽ പബ്ലിക് സ്കൂൾ, എടത്തല
- അബ്ദുള്ള ഹാജി അഹമദ് സേട്ട് കെ.എം.ഈ.എ. അൽ-മനാർ ഹയർ സക്കൻഡറി സ്കൂൾ, കുഴിവേലിപ്പടി
- അൽ-അമീൻ കോളേജ്, എടത്തല
- കെ.എം.ഇ.എ എഞ്ചിനീയറിംഗ് കോളേജ്, കുഴിവേലിപ്പടി
പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ
[തിരുത്തുക]ഏതാണ്ട് 300 കൊല്ലങ്ങൾക്കു മുമ്പ്, കളത്തിൽ കർത്താവ് ഇടപ്പള്ളി രാജാവിനെതിരേ യുദ്ധം ചെയ്ത സ്ഥലമായ പടമറ്റം എടത്തലയിലാണു. 172 വർഷങ്ങൾ മുമ്പു സ്ഥാപിച്ച പേങ്ങാട്ടുശ്ശേരി പള്ളി, കുഴിവേലിപ്പടി പള്ളി എന്നിവ മുസ്ലിം ആരാധനലായങ്ങളാണ്. മുസ്ലീം യോദ്ധാക്കളുടെ ഖബറിടങ്ങൾ ഉള്ള ശഹീദന്മാർസിയാറം സന്ദർശിക്കാൻ ധാരാളം ആളുകൾ എത്തുന്നു.[1]
ആരാധനാലയങ്ങൾ
[തിരുത്തുക]- പേങ്ങാട്ടുശ്ശേരി പള്ളി
- കുഴിവേലിപ്പടി ജുമാ പള്ളി
- പേങ്ങാട്ടുശ്ശേരി ശഹീദന്മാർസിയാറം