വടക്കൻ പറവൂർ
പറവൂർ | |
അപരനാമം: വടക്കൻ പറവൂർ | |
10°08′55″N 76°13′48″E / 10.1486°N 76.2300°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | എറണാകുളം |
ഭരണസ്ഥാപനങ്ങൾ | നഗരസഭ |
ചെയർമാൻ | കോൺഗ്രസ് |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 30056 (2001) |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
683513 +91 484 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | ചെറായി കടപ്പുറം പുത്തൻ വേലിക്കര വിനോദസഞ്ചാരകേന്ദ്രം, കോട്ടക്കാവ് സെന്റ്. തോമസ് പള്ളി |
എറണാകുളം ജില്ലയിലെ ഒരു പ്രാചീന നഗരമാണ് പറവൂർ. തദ്ദേശീയമായി പറൂർ എന്നും അറിയപ്പെടുന്ന ഇതാണ് മുസിരിസ് എന്ന പ്രാചീന പട്ടണമെന്നും അഭിപ്രായം ഉയർന്നിട്ടുണ്ട്.[1] മുൻസിപ്പാലിറ്റിയും താലൂക്ക് ആസ്ഥാനവും ഇതേ പേരിൽ തന്നെയാണ് അറിയപ്പെടുന്നത്. എറണാകുളം ജില്ലയുടെ തെക്കേ അറ്റത്തുള്ള മറ്റൊരു പറവൂർ തെക്കൻ പറവൂർ എന്നറിയപ്പെടുന്നതിനാൽ, ഈ പ്രദേശം വടക്കൻ പറവൂർ എന്നറിയപ്പെടുന്നു. കൊല്ലം ജില്ലയിൽ ഈ പേരിനോടു സാമ്യം ഉള്ള പരവൂർ എന്ന ഒരു പട്ടണവും ഉണ്ട്.
പേരിനു പിന്നിൽ[തിരുത്തുക]
സംഘകാല കൃതികളിൽ പരാമർശങ്ങൾ ഉള്ള പറയൂർ ആണ് പറവൂർ അല്ലെങ്കിൽ പറൂർ ആയത്. തമിഴിൽ നിന്നും മലയാളത്തിലേക്കുള്ള വഴിമാറലിൽ നാമപദത്തിലെ ഐ കാരം നഷ്ടപ്പെട്ട് പറയൂരായതാണ് എന്നു കരുതുന്നു. പറയരുടെ ഊര് ആണ് പറയൂർ ആകുന്നത്.[2] പറയരുടെ ഊരുകൾക്ക് പണ്ട് പറച്ചേരി എന്നും പറഞ്ഞിരുന്നു. പറൈയൂരിൻറെ ഏറ്റവും പഴക്കമുള്ള പരാമർശം ചിലപ്പതികാരത്തിൽ കാണാം. തമിഴ് സംഘകാലം മുതൽ ബ്രാഹ്മണർ ആധിപത്യം ഉറപ്പിക്കുന്ന എ.ഡി. 8-ആം ശതകം വരെ അധഃപതനം അറിയാത്ത വർഗ്ഗമായിരുന്നു പറയർ. [3] സംഘകൃതികളിൽ പറയുന്ന നെയ്തൽ തിണകളിലെ പ്രധാന ശക്തികൾ പറവർ ആയിരുന്നു. ആധി ചേരരുടെ തലസ്ഥാനമായ മാകോതൈക്ക് അടുത്ത് (മഹോദയപുരം) ആണ് പറവൂർ. പറവർ കൂടുതലായി
ചരിത്രം[തിരുത്തുക]
കേരള ചരിത്രത്തിലെ ഏറ്റവും പ്രാചീനമായ പട്ടണങ്ങളിൽ ഒന്നാണിത്. ചേരതലസ്ഥാനമായ മുസിരിസ്( മുചിരി, മാകോതൈ) അഥവാ കൊടുങ്ങല്ലൂരിന്റെ തുറമുഖപ്രദേശങ്ങൾ പറവൂരിലായിരുന്നു. ഏഡനിൽ നിന്നും കൊടുങ്ങല്ലൂരിലെക്കുള്ള സമുദ്രമാർഗ്ഗം 40 ദിവസമാക്കി ചുരുക്കാമെന്നുള്ള ഹിപ്പാലസിന്റെ കണ്ടുപിടിത്തത്തിനു ശേഷം റൊമുമായുള്ള വാണിജ്യം വർദ്ധിച്ചു. റോമൻ നാണയങ്ങൾ പറവൂരിൽ നിന്നും സമീപപ്രദേശങ്ങളിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. പറവൂരിനടുത്തുള്ള വള്ളുവള്ളി എന്ന സ്ഥലത്തുനിന്നും ലഭിച്ച സ്വർണ്ണനാണയങ്ങൾ കൂടാതെ അടുത്തകാലത്ത് നടന്ന ഖനനത്തിലും നിരവധി ആദ്യകാല റോമൻ സ്വർണ്ണനാണയങ്ങൾ ലഭിച്ചിട്ടുണ്ട്. [4]

സംഘകാലത്ത് രചിക്കപ്പെട്ട ചിലപ്പതികാരത്തിൽ പറവൂരിനെ പറ്റി പരാമർശമുണ്ട്. ചേരചക്രവർത്തി ചെക്കുട്ടുവന്റെ അനുജൻ ഇളങ്കോവടികൾ കൊടുങ്ങല്ലൂരിനു വടക്കായി അക്കാലത്ത് ഉണ്ടായിരുന്ന കോവിലകത്ത് താമസിച്ചുകൊണ്ടാണിതിന്റെ രചന നിർവ്വഹിച്ചത്. കൊടുങ്ങല്ലൂരിലെ ഇന്നത്തെ മതിലകത്താണിത് ഇളങ്കൊവടികൾ ജൈനമതക്കാരനായിരുന്നു എന്നും തൃക്കണാമതിലകം ജൈനസംസ്കാരകേന്ദ്രവുമായിരുന്നു. ഇതിനാൽ തന്നെ ഇന്നു പറവൂരിൽ നിലനിക്കുന്ന കോട്ടക്കാവുപള്ളി പുരതനകാലത്ത് കുണവായിർകോട്ടം എന്ന ജൈനകേന്ദ്രമായിരുന്നു എന്നു ചില ചരിത്രകാരന്മാർ കരുതുന്നു.
ആദിദ്രാവിഡസംസ്കാരത്തിന്റെ തെളിവുകൾ പറവൂരിന്റെ മണ്ണിൽ നിന്ന് പ്രത്യക്ഷത്തിൽ തുടച്ചുമാറ്റപ്പെട്ടിട്ടുണ്ട് എങ്കിലും സാംസ്കാരിക ജീവിതത്തിൽ അതിന്റെ പാദമുദ്രകൾ തെളിഞ്ഞുകാണുന്നുണ്ട്. ഉദാഹരണത്തിനായി ആദിദ്രവിഡ ദേവതയായ അമ്മദൈവാരാധനയുടെ പ്രാക്തനരൂപം പറവൂരിലെ നന്ത്യാട്ടുകുന്നം എന്ന സ്ഥലത്തുള്ള കാളികുളങ്ങര ക്ഷേത്രത്തിലെ തെണ്ടുചുടൽ, കലം വയ്ക്കൽ എന്നീ അനുഷ്ഠാനങ്ങളിൽ തെളിഞ്ഞു കാണുന്നത് പുരാതനമായ സംഘകാലത്തെ ദ്രവിഡസംസ്കാരത്തിന്റെ പ്രതിധ്വനിയാൺ എന്നു കരുതുന്നവരുണ്ട്
പെരിപ്ലസ് ഓഫ് തെ ഏറിത്രിയൻസ് എന്ന ഗ്രീക്ക് ഗ്രന്ഥത്തിന്റെ പരിഭാഷയിൽ വിൽഫ്രദ് ഷോഫ്, ചേരതലസ്ഥാനമായ വഞ്ചി, പറവൂർ ആയിരിക്കണമെന്നു ഇമ്പീരിയൽ ഗസ്റ്റിയർ ഉദ്ദരിച്ചുകൊണ്ട് പ്രസ്താവിക്കുന്നുണ്ട്.
" പറവൂർ അഥവാ പറയൂർ (10ഒ10ൻ 76ഒ 15 ഇ ) പെരിയാർ കൊച്ചിക്കായലിൽ അവസാനികക്കുന്നുടത്തു സ്ഥിതി ചെയ്യുന്നു. പറവൂർ ഇന്നും തിരക്കേരീയ വാണിജ്യ കേന്ദ്രമാണ്. മുൻപ് ഇത് ചേര അഥവാ കേരളനാടിന്റെ ഭാഗമായിരുന്ന കൊച്ചീരാജ്യത്തിന്റെ ഭാഗമായിരുന്നു, ഇപ്പോൾ തിരുവിതാംകൂർ രാജ്യത്തിലാണ് എ.ഡി. 1-മ് ശതകത്തിന്റെ അന്ത്യത്തിലുണ്ടായ യഹൂദരുടെ ഇന്ത്യയിലേക്കുള്ള വൻ കുടിയേറ്റത്തിന്റെ കേന്ദ്രസ്ഥലവും പറവൂരായിരുന്നു. Wilfred H, Schoff A. M.; The periplus of the erythrean Sea- Travel and Trade in the Indian ocean by a Merrchant of the first century; London, 1912, p. 54
ചരിത്ര പ്രാധാന്യമുള്ള ചേന്ദമംഗലം എന്ന സ്ഥലം ഇവിടെ ആണ്. കൊച്ചി രാജാവിന്റെ മന്ത്രിമാർ ആയിരുന്ന പാലിയത്ത് അച്ചൻമാരുടെ ദേശം കൂടി ആണ് ചേന്ദമംഗലം. പാലിയത്ത് കുടുംബത്തിന്റെ ഒരു കൊട്ടാരവും ഇവിടെ ഉണ്ട്. എറണാകുളം ജില്ലയിലെ ആദ്യ നഗരസഭകളിൽ ഒന്നാണ് പറവൂർ നഗരസഭ.
1798 ൽ ടിപ്പുവിന്റെ പടയോട്ടം പറവൂരിലെ ജനങ്ങളെ വല്ലാതെ ബാധിച്ചു. ആളുകൾ കൈയ്യിലുള്ളതെല്ലാം അവിടെത്തന്നെ കുഴിച്ചിട്ട ശേഷം ജീവനും കൊണ്ട് പലായനം ചെയ്യുകയുണ്ടായി. എന്നാൽ യുദ്ധം ഒഴിഞ്ഞശേഷം പലർക്കും അത് തിരിച്ചെടുക്കാൻ സാധിച്ചില്ല. അടുത്ത കാലത്ത് പറവൂരിനടുത്തുള്ള വള്ളുവള്ളി എന്ന സ്ഥലത്തു നിന്നും മണൽ ഖനനം ചെയ്യുന്ന സമയത്ത് ലഭിച്ച സ്വർണ്ണനാണയങ്ങൾ ഇങ്ങനെ യുദ്ധകാലത്ത് ആളുകൾ ഉപേക്ഷിച്ചുപോയതാവാം എന്നു കരുതുന്നു.[5] റോമൻ നാണയങ്ങളായിരുന്നു അവിടെ നിന്നും കണ്ടെടുത്തത്. പറവൂർ ഒരു യുദ്ധഭൂമിയായിരുന്നതിന്റെ ശേഷിപ്പാണ് വെടിമറ എന്ന സ്ഥലം.
ഐതിഹ്യം[തിരുത്തുക]
പരശുരാമൻ സൃഷ്ടിച്ച അറുപത്തിനാല് ഗ്രാമങ്ങളിൽ ഒന്നാണ് പറവൂർ എന്നു വിശ്വസിക്കപ്പെടുന്നു. ആദിദ്രാവിഡരുടെ പ്രാർത്ഥനാരൂപമായ അമ്മദൈവത്തെ ആരാധിക്കുന്ന പതിവ് ഇപ്പോഴും പറവൂരിൽ നിലനിൽക്കുന്നുണ്ട്. പറവൂരിൽ നന്ത്യാട്ടുകുന്നം എന്ന സ്ഥലത്തുള്ള കാളികുളങ്ങര ക്ഷേത്രത്തിലെ തെണ്ടു ചുടലും, കലംവെയ്ക്കലും ഇതിനെ സൂചിപ്പിക്കുന്നു. പറവൂർ പട്ടണത്തിനു വടക്കുഭാഗത്തു സ്ഥിതിചെയ്യുന്ന മാല്ല്യങ്കര എന്ന തീരത്താണ് സെന്റ്.തോമസ് കപ്പലിറങ്ങിയത് എന്ന് ക്രൈസ്തവരുടെ ഐതിഹ്യങ്ങളിൽ രേഖപ്പടുത്തിയിരിക്കുന്നു. മാല്ല്യങ്കര എന്ന ഈ സ്ഥലപ്പേരിൽ നിന്നുമാണ് ക്രൈസ്തവരുടെ ഇടവകക്ക് മലങ്കര എന്ന പേരുത്ഭവിച്ചത്.
ഭൂമി ശാസ്ത്രം[തിരുത്തുക]
സമുദ്ര നിരപ്പിൽ നിന്നും 10 മീറ്റർ (32 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. എറണാകുളം ജില്ലയുടെ വടക്കേ അറ്റത്തായി തൃശ്ശൂർ ജില്ല യോടു ചേർന്ന് കിടക്കുന്നു. പെരിയാർ നദിയുടെ തീരത്ത് ആയതിനാലും നിരവധി തോടുകൾ ഉള്ളതിനാലും ഒരുപാടു കൊച്ചു കൊച്ചു ദ്വീപുകൾ ഇവിടെ കാണാം. കൊടുങ്ങല്ലൂർ കായലും വരാപ്പുഴ കായലും ഈ ദേശത്താണ്.
വ്യവസായം[തിരുത്തുക]
പണ്ട് കാലങ്ങളിൽ പാരമ്പര്യ വ്യവസായങ്ങളായ കയർ നിർമ്മാണം, കൈത്തറി, കൃഷി എന്നിവക്ക് പേര് കേട്ട സ്ഥലം ആയിരുന്നു പറവൂർ. ചേന്ദമംഗലം കൈത്തറി ഇന്നും പ്രസിദ്ധമാണ്. ഏലൂർ-എടയാർ വ്യവസായ മേഖല പറവൂർ താലൂക്കിൽ ആണ്.
വിനോദസഞ്ചാരം[തിരുത്തുക]
മനോഹരമായ ചെറായി ബീച്ച് ഇവിടെനിന്നും 6 കിലോമീറ്റർ അകലെയാണ്. പറവൂർ പഴയ ഒരു വാണിജ്യ കേന്ദ്രവും ജൂത കുടിയേറ്റ മേഖലയുമായിരുന്നു [6]. ഒരു ജൂത സിനഗോഗും ഇവിടെ ഉണ്ട്. ജൂതതെരുവ് എന്ന ഒരു പ്രദേശവും ഇവിടെ ഉണ്ട്. ഒരുപാട് ജൂതന്മാർ ഇവിടെനിന്നും ഇസ്രായേൽ രൂപവത്കരിച്ചപ്പോൾ ഇസ്രായേലിലേക്ക് കുടിയേറിപ്പാർത്തു. എറണാകുളം ജില്ലയുടെ വടക്കു ഭാഗത്തായി എറണാകുളം-തൃശ്ശൂർ അതിർത്തിയിലാണ് പറവൂർ സ്ഥിതി ചെയ്യുന്നത്. പറവൂരിന്റെ ഒരതിര് വൈപ്പിൻ ദ്വീപ് ആണ് , മറ്റൊരതിര് തൃശ്ശൂർ ജില്ല ആണ്. പുതിയ വിനോദസഞ്ചാര കേന്ദ്രമായി വികസിക്കപ്പെടുന്ന കോട്ടയിൽകോവിലകം പറവൂരിലാണ്. മുസിരിസ് വികസന പദ്ധതിയുടെ ഭാഗമായി പറവൂരിൽ നിരവധി വിനോദ സഞ്ചാര പദ്ധതികൾ പുരോഗമിക്കുന്നു. എ.ഡി. 52 ൽ സെന്റ് തോമസിനാൽ സ്ഥാപിതമായ കോട്ടക്കാവ് പള്ളി പ്രസിദ്ധമായ തീർത്ഥാടനകേന്ദ്രമാണ്.[7] വിശുദ്ധ തോമാസ് സ്ഥാപിച്ച ഏഴരപള്ളികളിൽ ഒന്നാണ് കോട്ടക്കാവ് പള്ളി. ഇന്ത്യയിലെ ആദ്യ ക്രൈസ്തവദേവാലയമാണിതെന്ന് കരുതപ്പെടുന്നുണ്ട്.
പറവൂരിന്റെ ചരിത്രത്തിൽ ഒരു പ്രധാന പങ്കു വഹിക്കുന്ന ആരാധാനാലയമാണ് കോട്ടക്കാവ് പള്ളി. വിശുദ്ധ തോമാസ് സ്ഥാപിച്ചതാണ് ഈ പള്ളി എന്ന് കരുതപ്പെടുന്നു. എന്നാൽ ജൈനമതക്കാരുടെ ആരാധനാലയത്തെ അവരുടെ പലായനത്തിനുശേഷം ക്രൈസ്തവർ സ്വന്തമാക്കിയതോ അവകാശം സ്ഥാപിച്ചതോ ആയിരിക്കാമെന്നും ഒരു വാദം നിലവിലുണ്ട്.
ഗതാഗതം[തിരുത്തുക]
ഒരു കെ.എസ്.ആർ.ടി.സി. ഉപ ഡിപ്പൊയും സ്വകാര്യ ബസ് സ്റ്റാന്റും ഇവിടെ ഉണ്ട്. എറണാകുളം, ആലുവ, കൊടുങ്ങല്ലൂർ, തൃശ്ശൂർ, ഗുരുവായൂർ എന്നിവിടങ്ങളിലേക്ക് ധാരാളം ബസുകൾ സർവീസ് നടത്തുന്നു. ആലുവ ആണ് ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ(16 കി.മി). കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഇവിടെ നിന്നും 20 കി.മി അകലെ സ്ഥിതി ചെയ്യുന്നു. ചില ഉൾനാടൻ ദ്വീപുകളേയും സ്ഥലങ്ങളെയും ബന്ധിപ്പിച്ചു കൊണ്ട് ബോട്ട് സർവീസും നിലവിലുണ്ട്.
ആരാധനാലയങ്ങൾ[തിരുത്തുക]
പഴയ തിരുവിതാംകൂർ രാജ്യത്തിന്റെയും കൊച്ചി രാജ്യത്തിന്റെയും ഭരണ ഫലമായി പറവൂരിൽ ധാരാളം അമ്പലങ്ങൾ കാണാൻ കഴിയും. കൂടാതെ പല കാലത്തായി കന്നഡ ബ്രാഹ്മണരും തമിഴ് ബ്രാഹ്മണരും ഇവിടെ വന്നു താമസിക്കുകയും അവരവരുടേതായ അമ്പലങ്ങൾ പണി കഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
- ദക്ഷിണ മൂകാംബികാ ക്ഷേത്രം
- കോട്ടക്കാവ് പള്ളി
- സെന്റ് തോമസ് യാകോബായ സിറിയൻ പള്ളി
- കണ്ണൻ കുളങ്ങര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം
- പെരുവാരം ശിവക്ഷേത്രം
- വെളുത്താട്ട് വടക്കൻ ചൊവ്വ ഭഗവതി ക്ഷേത്രം, കെടാമംഗലം (വരാഹി ക്ഷേത്രം)
- ജൂത പള്ളി
- നീലീശ്വരം ശിവക്ഷേത്രം പട്ടണം
- ശങ്കരനാരായണ ക്ഷേത്രം, മൂത്തകുന്നം
- കാളികുളങ്ങര ഭഗവതി ക്ഷേത്രം
- കൈമൾതുരുത്ത് ജുമാ മസ്ജിദ് മാട്ടുപുറം
- കോട്ടയിൽകോവിലകം ജുമാ മസ്ജിദ്
- മാഞ്ഞാലി ജുമാ മസ്ജിദ്
- പട്ടാളം ജുമാ മസ്ജിദ്
- പാറപ്പുറം ജുമാ മസ്ജിദ്
- ചേന്ദമംഗലം ഹോളിക്രോസ് പള്ളി
- ചേന്ദമംഗലം നിത്യസഹായമാതാ പള്ളി
- കുന്നത്ത് തളി മഹാദേവ ക്ഷേത്രം
വിദ്യാലയങ്ങൾ[തിരുത്തുക]
- പറവൂർ ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ
- പറവൂർ ബോയ്സ് സെക്കണ്ടറി സ്കൂൾ
- പറവൂർ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ
- സമൂഹം സ്കൂൾ.
- പുല്ലങ്കുളം ശ്രീ നാരായണ ഹയർ സെക്കണ്ടറി സ്കൂൾ.
- സെന്റ്.അലോഷിയസ് സ്കൂൾ.
- സെന്റ്.ജെർമൻസ് സ്കൂൾ.
- ശ്രീ നാരായണ വിലാസം സംസ്കൃത ഹയർ സെക്കണ്ടറി സ്കൂൾ.
- ആദർശ വിദ്യാഭവൻ, നന്ത്യാട്ടുകുന്നം, പറവൂർ.
- കേസരി കോളേജ്.
- ഗവ. എൽ.പി.ജീ.എസ്.
- ഗവ. എൽ.പി.ബി.എസ്. കണ്ണൻകുളങ്ങര.
പഞ്ചായത്തുകൾ[തിരുത്തുക]
- ആലങ്ങാട്
- ഏലൂർ
- ഏഴിക്കര
- കടുങ്ങല്ലൂർ
- കരുമാല്ലൂർ
- കോട്ടുവള്ളി
- ചിറ്റാറ്റുകര
- ചേന്ദമംഗലം
- പുത്തൻവേലിക്കര
- വടക്കേക്കര
- വരാപ്പുഴ
അടുത്തുള്ള പ്രദേശങ്ങൾ[തിരുത്തുക]
|
ഇതും കാണുക[തിരുത്തുക]
- കൊല്ലം ജില്ലയിലെ പരവൂർ
- എറണാകുളം ജില്ലയിലെ തെക്കൻ പറവൂർ
പരാമർശങ്ങൾ[തിരുത്തുക]
- ↑ "മുസിരിസിനായുള്ള വേട്ട (ഹണ്ടിങ്ങ് ഫോർ മുസിരിസ്)" (ഭാഷ: ഇംഗ്ലീഷ്). ദ ഹിന്ദു. 2004-03-28. മൂലതാളിൽ നിന്നും 2014-07-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-04-04.
- ↑ വി.വി.കെ. വാലത്ത് (1991). "പറവൂർ". കേരളത്തിലെ സ്ഥലചരിത്രങ്ങൾ: എറണാകുളം ജില്ല. തൃശ്ശൂർ: കേരള സാഹിത്യ അക്കാദമി. പുറം. 199.
- ↑ കെ.വി., സുബ്രമണ്യയ്യർ (1971). "പറവൂർ". ഹിസ്റ്റോറിക്കൽ സ്കെച്ചസ് ഓഫ് ഡെക്കാൻ (ഭാഷ: ഇംഗ്ലീഷ്). Madras: Modern Print. Works. പുറം. 199.
- ↑ "പറവൂർ മാർത്തോമാൻ പള്ളിചരിത്രംurl=". ഭാഷാഭൂഷണം പ്രസ്സ്.
{{cite web}}
:|access-date=
requires|url=
(help); Check date values in:|accessdate=
(help); Missing or empty|url=
(help) - ↑ "ഹിസ്റ്ററി ഓഫ് ആൻഷ്യന്റ് കേരള". കേരളഹിസ്റ്ററി.നെറ്റ്. മൂലതാളിൽ നിന്നും 2009-03-26-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-07-18.
- ↑ "സിനഗോഗ് സെറ്റ് ടു ഷോകേസ് ഹിസ്റ്ററി". ദ ഹിന്ദു. 2005-03-01. മൂലതാളിൽ നിന്നും 2005-03-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-07-18.
- ↑ "മുസിരിസ് ഹെറിട്ടേജ്, വടക്കൻ പറവൂർ". കേരള ടൂറിസം. Archived from the original on 2014-07-18. ശേഖരിച്ചത് 2014-07-18.
{{cite web}}
: CS1 maint: bot: original URL status unknown (link)
അവലംബം[തിരുത്തുക]
സൈരന്ദ്രി blogspot - പറവൂർ എന്ന ലേഖനം