Jump to content

കോട്ടക്കാവ് മാർ തോമാ സിറോ-മലബാർ കത്തോലിക്കാ പള്ളി, വടക്കൻ പറവൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കോട്ടക്കാവ് സെന്റ്. തോമസ് പള്ളി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോട്ടക്കാവ് മാർ തോമാ സിറോ മലബാർ പള്ളി

തോമാശ്ലീഹാ സ്ഥാപിച്ചതായി പറയപ്പെടുന്ന ഏഴരപ്പള്ളികളിലൊന്നാണ് കോട്ടക്കാവ് മാർ തോമാ സിറോ മലബാർ പള്ളി.[1] എറണാകുളം ജില്ലയിൽ വടക്കൻ പറവൂരിൽ ദേശീയപാത -17 നരുകിലായി സ്ഥിതിചെയ്യുന്നു. പെരിയാറിന്റെ തീരത്താണ് ഈ സിറോ മലബാർ പള്ളി സ്ഥിതിചെയ്യുന്നത്. ഇന്ത്യയിലെ ആദ്യത്തെ പള്ളിയാണിത്. സെന്റ് തോമസിന്റെ അപ്പസ്തോലന് ബഹുമതി നൽകിയ അപ്പോസ്തോലിക ചർച്ച് എന്നാണ് ഇത് വിളിക്കപ്പെടുന്നത്. അദ്ദേഹം സിറിയൻ ക്രിസ്തുമതത്തിലേക്ക് ആളുകളെ പരിവർത്തനം ചെയ്യാൻ തുടങ്ങി. അദ്ദേഹം ഇന്ത്യയിൽ സ്ഥാപിച്ച ഏഴപ്പള്ളിക്കലിന്റെ (ഏഴ് പള്ളികളുടെ) ഭാഗമായിരുന്നു അത്; കൊടുങ്ങല്ലൂർ, കൊക്കമംഗലം, പാലയൂർ, കൊല്ലം, നിരണം, നിലക്കൽ എന്നിവിടങ്ങളിൽ മറ്റ് ആറ് പള്ളികൾ സ്ഥാപിച്ചു.[2][3]

ചരിത്രം

[തിരുത്തുക]

ഭൂമിശാസ്ത്രപരമായും ചരിത്രപരമായും പ്രസിദ്ധമായ മലബാർ പ്രദേശത്തേക്കാണ്‌ ക്രിസ്തുവിന്റെ അപ്പസ്തോലൻമാരിൽ ഒരാളായ തോമാശ്ലീഹ സുവിശേഷദീപവുമായ്‌ കടന്നുവന്നത്‌. ക്രിസ്തുവർഷം 52- നവംബർ മാസത്തിൽ മുസരിസ്‌ തുറമുഖത്ത്‌ കപ്പലിറങ്ങിയ വി. തോമാശ്ലീഹ അവിടെ കേന്ദ്രമാക്കി സുവിശേഷവേല ആരംഭിച്ചു. സുവിശേഷ പ്രസംഗത്തോടൊപ്പം പല അത്ഭുതങ്ങളും അദ്ദേഹം പ്രവർത്തിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വിശുദ്ധൻ നടത്തിയ സുവിശേഷ പ്രസംഗത്തിന്റെ ഫലമായി ഏഴ്‌ ക്രൈസ്തവ സമൂഹങ്ങൾ രൂപം കൊണ്ടു. "സപ്തദേവാലയങ്ങൾ" എന്നാണ്‌ അവ അറിയപ്പെടുന്നത്‌. അവയിലാദ്യമായി സ്ഥാപിക്കപ്പെട്ടതാണ്‌ പറവൂർ കോട്ടയ്ക്കാവ്‌ പള്ളി.

കോട്ടക്കാവ്‌ - പേരിന്റെ ഉത്ഭവം

[തിരുത്തുക]
കോട്ടക്കാവു സിൽവ. മാർ സബോർ സ്ഥാപിച്ച പേർഷ്യൻ കുരിശ്.

കോട്ടക്കാവ്‌ എന്ന പേരിനു പിന്നിലും ഒരു ചരിത്രമുണ്ട്‌. ക്രിസ്ത്വബ്ദത്തിന്റെ ആരംഭകാലത്ത്‌ പറവൂരിന്റെ പടിഞ്ഞാറെ അതിർത്തി കായലായിരുന്നു. കൊടുങ്ങല്ലൂർ, മാല്യങ്കര, പറവൂർ എന്നിവ ഒരേ കായൽ തീരത്ത്‌ സ്ഥിതി ചെയ്തിരുന്നു. കായൽ തീരത്തായിരുന്നതുകൊണ്ട്‌ കോട്ടക്കായൽ എന്ന പേരിലും ഇത്‌ അറിയപ്പെട്ടിരുന്നു. അക്കാലത്ത്‌ ഇവിടെ താമസിച്ചിരുന്നതിൽ അധികം ബ്രാഹ്മണരായിരുന്നു. കേരളത്തിൽ കുടിയേറിപ്പാർത്ത ആദ്യ ബ്രാഹ്മണരായ നമ്പൂതിരിമാരുടെ ആസ്ഥാനങ്ങളിൽ ഒന്നായിരുന്നു പട്ടമന പറവൂർ, പിണ്ടിനിവട്ടത്ത്‌ സ്വരൂപം എന്ന്‌ വിളിക്കപ്പെടുന്ന ഒരു നമ്പൂതിരി കുടുംബമായിരുന്നു ഇവിടുത്തെ നാടുവാഴികൾ.

പള്ളിയുടെ സ്ഥാപനം

[തിരുത്തുക]

വിവിധ സ്ഥലങ്ങളിൽ സഞ്ചരിച്ച്‌ സുവിശേഷ പ്രഘോഷണം നടത്തിയിരുന്ന തോമാശ്ലീഹ കോട്ടക്കാവിലുമെത്തി. ശ്ലീഹ കോട്ടക്കാവിലെത്തുമ്പോൾ ഇവിടത്തെ ക്ഷേത്രത്തിലെ പ്രധാന ഉത്സവം നടന്നു കൊണ്ടിരിക്കുകയായിരുന്നു. വേഷവിധാനത്തിലും, സംസാരശൈലിയിലും വ്യത്യസ്തനായിരുന്ന ശ്ലീഹായെ ഉത്സവത്തിൽ പങ്കെടുത്തു കൊണ്ടിരുന്ന ജനങ്ങൾ അപരിചിതത്തോടെ വീക്ഷിച്ചു. ഉത്സവത്തിനെത്തിയ ജനങ്ങളോട്‌ തോമാശ്ലീഹാ യേശുവിനെക്കുറിച്ച്‌ സംസാരിച്ചു. ഇതുകേട്ട അവർ അദ്ദേഹത്തെ പരിഹസിക്കുകയും അദ്ദേഹത്തിന്‌ ഭ്രാന്താണെന്ന്‌ പറഞ്ഞ്‌ അവിടെ നിന്ന്‌ ഓടിക്കുവാൻ ശ്രമിക്കുകയും ചെയ്തു. നിസ്സഹായനായ തോമാശ്ലീഹ കൈകളുയർത്തി ദൈവത്തോട്‌ സഹായമഭ്യർത്ഥിച്ചു. പെട്ടെന്ന്‌ അവിടെ കൊടുങ്കാറ്റ്‌ വീശി. എഴുന്നുള്ളിച്ചു നിർത്തിയിരുന്ന ഗജവീരൻമാരും പ്രേക്ഷകസമൂഹവും നിലം പതിച്ചു. ചിലർക്ക്‌ ബോധക്ഷയം സംഭവിച്ചു. ഇതു കണ്ട ജനക്കൂട്ടം പരിഭ്രാന്തരാകുകയും തങ്ങൾ പരിഹസിച്ച ക്രിസ്തുശിഷ്യൻ ദിവ്യനാണെന്ന്‌ തിരിച്ചറിയുകയും ചെയ്തു. ശ്ലീഹായോട്‌ ഈ അവസ്ഥയിൽ നിന്ന്‌ തങ്ങളെ മോചിപ്പിക്കണമെന്ന്‌ അവർ കേണപേക്ഷിച്ചു. തോമാശ്ലീഹ അവരോട്‌ ജലം കൊണ്ടുവരുവാൻ ആവശ്യപ്പെട്ടു. കൊണ്ടുവന്ന ജലം പിതാവിന്റേയും പുത്രന്റേയും പരിശുദ്ധാത്മാവിന്റേയും നാമത്തിൽ ആശീർവ്വദിച്ചതിനുശേഷം മോഹാലസ്യപ്പെട്ടവരുടെമേൽ തളിച്ചപ്പോൾ അവർ ഉണർന്നു. വിശുദ്ധൻ മൂന്നാം തവണയും ജലം തളിച്ചപ്പോൾ ചില ജലബിന്ദുക്കൾ അന്തരീക്ഷത്തിൽ നിലനിന്നെന്നും അവയിൽ ചിലത്‌ രക്തതുള്ളികളും അഗ്നി നാളങ്ങളുമായി മാറിയെന്നും മറ്റൊരൈതീഹ്യമുണ്ട്‌. ഈ അത്ഭുതം കണ്ട ജനക്കൂട്ടം ശ്ലീഹയുടെ ചുറ്റും കൂടി. അവരോട്‌ അവൻ വചനം പ്രഘോഷിച്ചു. വചനം ശ്രവിച്ചവർ വിശ്വാസം സ്വീകരിക്കുവാൻ തയ്യാറായി. വിശ്വാസ നവീകരണത്തിന്റെ പ്രതീകമായ കുരിശ്‌ എവിടെ സ്ഥാപിക്കുമെന്ന്‌ അധികാരികൾ ആലോചിച്ചു. ക്ഷേത്രത്തിലെ ഉത്സവത്തിന്‌ എഴുന്നള്ളിച്ചു നിർത്തിയ ആന, തടി കൊണ്ടു പോയിടുന്നിടത്ത്‌ കുരിശു സ്ഥാപിക്കാമെന്ന തീരുമാനമായി. അങ്ങിനെ തടി കൊണ്ടുപോയി ഇട്ട സ്ഥലത്ത്‌ കുരിശ്‌ സ്ഥാപിക്കുകയും ചെയ്തു.

തോമാശ്ലീഹായും റമ്പാൻപാട്ടും

[തിരുത്തുക]
Ramban Pattu

The Saint reached Kottakkayal

Where he taught the Holy Way

There within a span of a year

One thousand seven hundred

And another seventy of them

Were christened by baptism

തോമാശ്ലീഹ ഇവിടെ എത്രകാലം താമസിച്ചുവെന്നതിന്‌ വ്യക്തമായ ധാരണകളില്ലെങ്കിലും ഇവിടെ വച്ച്‌ 1770 പേർക്ക്‌ മാമ്മോദീസ നൽകിയതായി റമ്പാൻപാട്ട്‌ വ്യക്തമാക്കുന്നു. 'കോട്ടക്കായൽ ചെന്നെത്തി അവിടെയുമതുപോൽ ഒരു വർഷത്തിട മാർഗ്ഗത്തെയറിയിച്ചപ്പോൾ ഒരായിരമൊട്ടെഴുന്നൂറ്റെഴുപത്‌ പേരെ മാമ്മോദീസ മുക്കി'മറ്റിടങ്ങളിലെ പ്രേക്ഷിത പ്രവർത്തനങ്ങൾക്കുശേഷം ശ്ലീഹ മാല്യങ്കര വഴി വീണ്ടും കോട്ടക്കാവിലെത്തുകയും ചിലർക്ക്‌ പട്ടം നൽകുകയും ചെയ്തതായി പുരാതനപാട്ടുകളിൽ കാണുന്നു. ശ്ലീഹ പട്ടം കൊടുത്തവരുടെ അനന്തരഗാമികളാണ്‌ നസ്രാണികളെ ഭരിച്ചുപോന്നത്‌.

മാർ സാബോറും മാർ പ്രോത്തും

[തിരുത്തുക]
മാർ സബോർ പുതുക്കി പണിത പഴയ പള്ളി

എ। ഡി। 72 ൽ മരണമടയുന്നതിന്‌ മുമ്പ്‌, തോമാശ്ലീഹ തന്റെ പിൻഗാമിയായി കേപ്പായെ മെത്രാനായി വാഴിച്ചിരുന്നു എന്നതിന്‌ ചരിത്രരേഖകളുണ്ട്‌. കേപ്പായെത്തുടർന്ന്‌ അദ്ദേഹത്തിന്റെ പിൻഗാമികളായ തദ്ദേശ മെത്രാൻമാർ ക്രിസ്ത്യാനികളെ നയിക്കുകയും ഭരിക്കുകയും ചെയ്തിരുന്നു. എന്നാൽ പിൽക്കാലത്ത്‌ മതപീഡനങ്ങളുടെയും മറ്റും ഫലമായി അവരുടെ വംശാവലി തുടരാൻ ഇടവന്നില്ല. തുടർന്ന്‌ 16-ാ‍ം ശതകത്തിന്റെ ആദ്യ പകുതി വരെ നസ്രാണികൾ പേർഷ്യൻ സഭയുടെ മേൽനോട്ടത്തിലായിരുന്നു. ഈ കാലഘട്ടത്തിലാണ (880-ാ‍ംമാണ്ടിൽ) മാർ സാബോർ, മാർ പ്രോത്ത്‌ എന്നീ സഹോദരൻമാരായ രണ്ടു മെത്രാൻമാർ കേരളത്തിൽ വന്നു. സാബോർ കൊടുങ്ങല്ലൂരും അവിടെ കലാപം തുടങ്ങിയശേഷം ഉദയംപേരൂരും, പ്രോത്ത്‌ ഉപമെത്രാനായി കൊല്ലത്തുമാണിരുന്നത്‌. കല്ലും മരവും ഉപയോഗിച്ചുള്ള ആലയനിർമ്മാണം കേരളത്തിൽ ആരംഭിച്ച കാലത്ത്‌ ഈ മെത്രാന്മാർ വളരെയേറെ പള്ളികൾ പണിയിക്കുകയുണ്ടായി। പറവൂർ കോട്ടക്കാവ്‌ ഈക്കൂട്ടത്തിൽപ്പെട്ടതാകാൻ ഇടയുണ്ട്‌. ഇവിടുത്തെ പള്ളിയുടെ മുൻവശത്തുള്ള കപ്പേളയിൽ സൂക്ഷിച്ചിട്ടുള്ള കരിങ്കല്ലിൽ കൊത്തിയിട്ടുള്ള പേർഷ്യൻ കുരിശും അന്ന്‌ സ്ഥാപിച്ചതാകാൻ ഇടയുണ്ട്‌. അവരുടെ മരണശേഷം അവരെ വിശുദ്ധരായി പരിഗണിച്ച്‌ അവരുടെ പേരുകൾ ആ പള്ളിക്ക്‌ നൽകുകയും ചെയ്തു। പിന്നീട്‌ ഉദയം പേരൂർ സൂനഹദോസിന്റെ തീരുമാനപ്രകാരം കോട്ടക്കാവുപള്ളി വി. ഗർവ്വാസീസ്‌, പ്രോത്താസീസ്‌ എന്നിവരുടെ പേരിലാക്കുകയുണ്ടായി.

ടിപ്പുവിന്റെ പടയോട്ടക്കാലത്ത്‌

[തിരുത്തുക]

എ. ഡി. 52ൽ ശ്ലീഹ സ്ഥാപിച്ച മരകുരിശു 18-ാ‍ം നൂറ്റാണ്ടുവരെ കോട്ടക്കാവ്‌ പള്ളിയിൽ സൂക്ഷിക്കപ്പെട്ടിരുന്നു. 1789ൽ ടിപ്പുവിന്റെ പടയോട്ടക്കാലത്ത്‌ കൊടുങ്ങല്ലൂർ, ആലങ്ങാട്‌, പറവൂർ, ചേണ്ടമംഗലം, വരാപ്പുഴ പ്രദേശങ്ങൾ ആക്രമിച്ചപ്പോൾ പറവൂർ പള്ളിയും ആക്രമണത്തിനു വിധേയമായി. അതോടൊപ്പം ആ കുരിശും നശിച്ചുപോയി. ഈ പള്ളി 1308-ൽ പണിയിച്ചിരുന്ന മൂന്നാമത്തെ പള്ളിയായിരുന്നു. ആക്രമണത്തിനുശേഷം കേടുപാടുകൾ തീർത്ത പള്ളിയുടെ മദ്ബഹ മുതലായ ഭാഗങ്ങൾ ഇന്നും സ്ഥിതി ചെയ്യുന്നു.

ബിഷപ്പ്‌ ഫ്രാൻസിസ്‌ റോസ്‌ എസ്‌. ജെ.

[തിരുത്തുക]

1557ൽ പോർച്ചുഗലിലെ കാറ്റലോനിയയിൽ ജനിച്ചു. പ്രായപൂർത്തിയായപ്പോൾ ഈശോ സഭയിൽ അംഗമായി മിഷനറി പ്രവ്രർത്തനത്തിനായി പോർച്ചുഗീസുകാരുടെ കൂടെ ഇന്ത്യയിലെത്തി. ചേണ്ടമംഗലത്തെ വൈപ്പിൻ കോട്ട സെമിനാരിയിൽ റെക്ടറായി സേവനമനുഷ്ഠിച്ചു. സുറിയാനി ഭാഷ പണ്ഡിതനായ ഇദ്ദേഹത്തിന്‌ സുറിയാനി ക്രൈസ്തവരുടെയിടയിൽ ജനസമ്മിതി ഉണ്ടായിരുന്നു. 1599ൽ ഉദയം പേരൂരിൽ നടന്ന സുനഹദോസിൽ ആർച്ച്‌ ബിഷപ്പ്‌ മെനേസിസിന്റെ വലം കയ്യായി പ്രവർത്തിച്ചത്‌ ഫാ. റോസായിരുന്നു. 1599 നവംബർ 5-ാ‍ം തീയതി ഫാ. റോസിനെ അങ്കമാലി രൂപതയുടെ മെത്രാനായി 4-ാ‍ം ക്ലമെന്റ്‌ മാർപ്പാപ്പാ നിയമിച്ചു. 1601 ജനുവരി 25-ാ‍ം തീയതി അങ്കമാലിയിൽ വച്ച്‌ ഇദ്ദേഹത്തെ മെനേസിസ്‌ മെത്രാപ്പോലീത്ത അഭിക്ഷേകം ചെയ്തു. സുറിയാനിക്കാരുടെ ആദ്യത്തെ ലത്തീൻ മെത്രാനായിരുന്നു ഇദ്ദേഹം. 1603ൽ ഇദ്ദേഹം അങ്കമാലി സൂനഹദോസ്‌ വിളിച്ചുകൂട്ടി. 1606ൽ "മലങ്കര മാർത്തോമാശ്ലീഹായുടെ ഇടവകയുടെ കൽപനകൾ" എന്ന രൂപതാ നിയമ സംഹിത പ്രസിദ്ധീകരിച്ചു. 1609 ജനുവരി 26-ാ‍ം തീയതി മെത്രാപ്പോലീത്തയുടെ ചിഹ്നമായ പാലിയം നൽകപ്പെട്ടു.

കൊടുങ്ങല്ലൂരിൽ പോർച്ചുഗീസ്‌ കോട്ടയും സൈന്യവും ഉണ്ടായിരുന്നതിനാൽ തന്റെ ആസ്ഥാനം 1609 ഡിസംബർ 3-ാ‍ം തീയതി അങ്കമാലിയിൽ നിന്നും കൊടുങ്ങല്ലൂർക്ക്‌ മാറ്റി. തീരദേശ പട്ടണമായ കൊടുങ്ങല്ലൂരിൽ ശത്രുക്കളുടെ ആക്രമങ്ങളും പ്രശ്നങ്ങളും വർദ്ധിച്ചപ്പോൾ, അവിടത്തെ താമസം സുരക്ഷിതമല്ലാത്തതിനാൽ, ആസ്ഥാനം കോട്ടക്കാവിലേക്ക്‌ മാറ്റി. അദ്ദേഹമാണ്‌ ദേവാലയത്തിന്റെ സംരക്ഷണത്തിനായി പള്ളിയുടെ ചുറ്റും വലിയ മതിൽകെട്ടിയത്‌. ആനമതിലെന്നറിയപ്പെടുന്ന ഈ മതിൽ ഇപ്പോഴും ഇവിടെ സംരക്ഷിക്കപ്പെടുന്നു. പള്ളിയിൽ പുതുതായി കൊണ്ടുവന്ന മണികൾക്കായി ഉയരത്തിൽ മണിമാളിക പണിയുകയും അതിനുള്ളിൽ വലിയ മണിയും സ്ഥാപിക്കുകയും ചെയ്തു.

1624 ഫെബ്രുവരി 14-ാ‍ം തീയതി ഞായറാഴ്ച ഫ്രാൻസിസ്‌ റോസ്‌ മെത്രാൻ കാലം ചെയ്തു. പഴയ പള്ളിയുടെ അൾത്താരയിൽ പിതാവിനെ സംസ്ക്കരിച്ചു. ഇതിനെക്കുറിച്ച്‌ വട്ടെഴുത്ത്‌ ലിപിയിൽ രേഖപ്പെടുത്തിയിട്ടുള്ള ശിലാ ലിഖിതമാണ്‌ ഇന്നും പഴയ പളളിയുടെ ചുമരിൽ കാണുന്നത്‌.

വട്ടെഴുത്ത്‌ ശിലാലിഖിതം: "മാറൻ ഈശോമിശിഹാ പിറന്നിട്ട്‌ 1624 മകരഞ്ഞായർ നോമ്പുതുടങ്ങുന്ന ഞായറാഴ്ച അസ്തമിച്ച്‌ 8 നാഴിക രാവുചെന്നപ്പോൾ ശുദ്ധമാന കത്തോലിക്ക അക്കലേച്ചയുടെ കൂട്ടത്തിൽ പെട്ട മലങ്കര നസ്രാണികളുടെ മേൽപ്പട്ടക്കാരൻ ഫ്രാൻചീസ്‌ റോസു മെത്രാൻ കാലം ചെയ്തു"

പ്രിവിലേജ്ഡ്‌ ഓൾട്ടർ' എന്ന അപൂർവ്വ പദവി

[തിരുത്തുക]

542-ൽ പോർച്ചുഗീസ്‌ മിഷനറിമാർ ഭാരതത്തിലെത്തി. കൊടുങ്ങല്ലൂരിലെത്തിയ അവർ വൈദീകപരിശീലനം നൽകുന്നതിനായി അവിടെ ഒരു സെമിനാരി സ്ഥാപിച്ചു. ഈ സെമിനാരിയിൽ പരിശീലനം നേടിയ കോട്ടക്കാവ്‌ ഇടവകക്കാരായ രണ്ടുപേർ പതിമൂന്നാം ഗ്രിഗോറിയോസ്‌ മാർപാപ്പയുടെ വാഴ്ചക്കാലത്ത്‌ (1572-85) റോമിൽ പോവുകയും അവർ വഴി ഈ പള്ളിയിലെ ബലിപീഠത്തിന്‌ 'പ്രിവിലേജ്ഡ്‌ ഓൾട്ടർ' എന്ന പൂർണ്ണ ദണ്ഡ വിമോചനം കൽപ്പിച്ചു നൽകുകയും ചെയ്തതായി വത്തിക്കാനിൽ രേഖകളുണ്ട്‌. ലോകത്തിലെ തന്നെ അപൂർവ്വം ചില ദേവാലയങ്ങളിലെ ബലിപീഠങ്ങൾക്ക്‌ മാർപ്പാപ്പയിൽനിന്നും കൽപ്പിച്ചു കിട്ടിയിട്ടുള്ള പദവിയാണ്‌ പ്രിവിലേജ്ഡ്‌ ഓൾട്ടർ. ഇപ്പോൾ നിലവിലുള്ള പഴയപള്ളിയുടെ അൾത്താരയ്ക്കാണ്‌ ആ പദവി ലഭിച്ചിരിക്കുന്നത്‌. ഇവിടെ വന്ന്‌ സർവ്വവും സമർപ്പിച്ച്‌ പ്രാർത്ഥിച്ച്‌ വിശുദ്ധബലിയിൽ പങ്കെടുക്കുന്നവർക്ക്‌ അനുഗ്രഹഫലങ്ങൾ ലഭിക്കുമെന്ന്‌ അനേകർ സാക്ഷ്യപ്പെടുത്തുന്നു.

ഗുണ്ടഫറസ്‌ രാജാവും കൊട്ടാരംപണിയും

[തിരുത്തുക]

ഗുണ്ടഫറസ്‌ രാജാവിന്‌ കൊട്ടാരം പണിയുവാൻ ഒരാളെ അന്യേഷിച്ചിറങ്ങിയ രാജാവിന്റെ പ്രതിനിധി ഹാബാന്റെ കൂടെയാണ്‌ മാർ തോമാ ജറുസലെമിൽ നിന്നും ഇന്ത്യയിലെത്തിയത്‌.

രാജ സന്നിധിയിൽ എത്തിച്ചേർന്ന മാർ തോമാ നിശ്ചിത ദിവസം പണി പൂർത്തീകരിക്കാമെന്ന കരാറിൽ രാജാവിൽ നിന്നും സ്വർണ്ണം, വെള്ളി നാണയങ്ങൾ കൈപ്പറ്റി. ഇവ കൊണ്ട്‌ അദ്ദേഹം പാവപ്പെട്ടവരെ സഹായിക്കുകയും സുവിശേഷം പ്രസംഗിക്കുകയും ചെയ്തു. നിശ്ചിതസമയമായപ്പോൾ കൊട്ടാരം പണിയെക്കുറിച്ച്‌ അന്വേഷിച്ചപ്പോൾ താൻ സ്വർഗ്ഗത്തിലാണ്‌ രാജാവിനു വേണ്ടി കൊട്ടാരം പണിയുന്നതെന്ന്‌ മാർ തോമാ അറിയിച്ചു. ഇതിൽ കുപിതനായ രാജാവ്‌ അദ്ദേഹത്തെ കരാഗൃഹത്തിലടച്ചു.ഈ സന്ദർഭത്തിൽ രാജാവിന്റെ സഹോദരനായ ഗാദ്‌ മരിക്കുന്നു. തോമായ്ക്ക്‌ അത്ഭുതസിദ്ധിയുണ്ടെന്നറിഞ്ഞ രാജാവ്‌ അദ്ദേഹത്തെ വിളിപ്പിച്ചു. ശ്ലീഹാ ഗാദിനെ ഉയർപ്പിച്ചു. ജീവൻ കൈ വന്ന ഗാദ്‌ താൻ സ്വർഗ്ഗത്തിൽ എത്തപ്പെട്ടുവെന്നും അവിടെ മാർ തോമാ നിർമ്മിച്ച മനോഹരമായ കൊട്ടാരം കണ്ടുവെന്നും അറിയിച്ചു. ഇതു കേട്ടപ്പോൾ രാജാവ്‌ സംപ്രീതനാകുകയും പരസ്നേഹ സുവിശേഷ പ്രവർത്തനങ്ങളിലൂടെ സ്വർഗ്ഗത്തിൽ കൊട്ടാരം പണിത തോമായുടെ നിർദ്ദേശപ്രകാരം രാജാവും അനുയായികളും സ്നാനം സ്വീകരിക്കുകയും ചെയ്തു.

ഒന്നാം നൂറ്റാണ്ടിനുശേഷം എഴുതപ്പെട്ട 'തോമായുടെ നടപടികൾ' എന്ന ഗ്രന്ഥത്തിലാണ്‌ ഇതെഴുതപ്പെട്ടിരിക്കുന്നത്‌.വടക്കേ ഇന്ത്യയിൽ നിന്നും ഒന്നാം നൂറ്റാണ്ടിൽ നിർമ്മിതമായ ഗുണ്ടഫറസ്‌ രാജാവിന്റെ മുദ്രയുള്ള നാണയങ്ങൾ കണ്ടെത്തിയിട്ടുണ്ട്‌. ചില പുരാതന ഗ്രന്ഥങ്ങളിൽ (റമ്പാൻ പാട്ട്‌) ഈ രാജാവ്‌ കൊടുങ്ങല്ലൂരിൽ തിരുവഞ്ചിക്കുളം ആസ്ഥാനമായി ഭരിച്ചിരുന്ന ചേരമാൻ പെരുമാൾ ആണെന്നും രേഖപ്പെടുത്തിയിട്ടുണ്ട്‌.

പുതിയപള്ളിയുടെ നിർമ്മാണം

[തിരുത്തുക]

ഒരു കാലത്ത്‌ കൈതാരം, ഏഴിക്കര, കച്ചേരിപ്പടി, പല്ലംതുരുത്ത്‌, നീണ്ടൂർ, പട്ടണം, തുരുത്തിപ്പുറം എന്നീ പ്രദേശങ്ങൾ കോട്ടയ്ക്കാവ്‌ ഇടവകയിൽ ഉൾപ്പെട്ടതായിരുന്നു. ഈ പ്രദേശങ്ങളിൽ നിന്നും വരുന്ന ജനത്തിന്‌ ദേവാലയത്തിലെ സ്ഥലപരിമിതി മൂലം സൗകര്യപൂർവ്വം ആരാധനാനുഷ്ഠാനങ്ങളിൽ പങ്കെടുക്കുവാൻ സാധിച്ചിരുന്നില്ല. ആയതിനാൽ ഇടവകയുടെ സ്ഥിതിക്കനുസൃതമായി ഒരു ദേവാലയം പണിയുവാൻ തീരുമാനിച്ചു. 1911 ജൂൺ 21 ന്‌ നി. വ. ദി ശ്രീ പഴയപറമ്പിൽ ലൂയീസ്‌ മെത്രാൻ ഇപ്പോഴത്തെ പള്ളിയുടെ ശിലാസ്ഥാപനം നടത്തി. അന്ന്‌ ഇവിടെ വികാരിയായിരുന്നത്‌ പെ. ബ. ഇളങ്കുന്നപ്പുഴ പൗലോസച്ചനായിരുന്നു. പിന്നീട്‌ വികാരിയായി വന്ന പാറയ്ക്കൽ സക്കറിയാസ്‌ അച്ചൻ പള്ളി പണി തുടർന്നുകൊണ്ടുപോകുന്നതനായി കഠിനപ്രയത്നം ചെയ്തു. 1938-ൽ ബ. ഇളങ്കുന്നപ്പുഴ പൗലോസ്‌ അച്ചൻ വീണ്ടും വികാരിയായിരിക്കെ മ. വ. ദി. ശ്രീ. കണ്ടത്തിൽ ആഗസ്തിനോസ്‌ മെത്രാപ്പോലീത്ത തിരുമേനി വെഞ്ചരിച്ച്‌ ദിവ്യബലിയർപ്പിച്ചു. വിശാലമായ പള്ളിയുടെ മുൻഭാഗത്ത്‌ പൂർത്തിയാകാതെ കിടന്ന രണ്ടു മണിമാളികകളുടെ പണി പൂർത്തിയാക്കിയത്‌ 1955-ൽ ഫാദർ ജോസഫ്‌ വളമംഗലം വികാരിയായിരിക്കുമ്പോഴാണ്‌. വിദേശത്ത്‌ നിന്ന്‌ കൊണ്ടുവന്നിട്ടുള്ള മൂന്ന്‌ മണികളാണ്‌ ഈ മാളികയിൽ തൂക്കിയിട്ടുള്ളത്‌.പുതിയ പള്ളിയുടെ പുറകിൽ സ്ഥിതി ചെയ്യുന്ന പഴയപള്ളിയും അതിനു തൊട്ടു പടിഞ്ഞാറ്‌ വശത്തുള്ള ചരിത്രപസിദ്ധമായ ആനമതിലും, തോമാശ്ലീഹ മാമ്മോദീസ മുക്കിയ തീർത്ഥക്കുളവും ഇടവക ജനങ്ങൾ ഇന്നും കാത്തുസൂക്ഷിക്കുന്നു.

മട്ടം എഴുന്നള്ളിപ്പ്‌

[തിരുത്തുക]

കെട്ടിടം പണിയുമ്പോൾ നിർമ്മാണത്തിന്റെ ലംബമാനതിരശ്ചീന അളവുകൾ നിശ്ചയിക്കുവാൻ ഉപയോഗിക്കുന്ന 'മട്ടം' കൊട്ടാരം പണിയാൻ വന്ന തോമായുടെ ശിൽപങ്ങളിൽ ചിത്രീകരിക്കുന്നുണ്ട്‌. ലംബമാനമായും സമാന്തരമാനമായും 90 ഡിഗ്രിയിൽ ചേർന്നിരിക്കുന്ന രണ്ടു പട്ടിക കഷ്ണങ്ങൾ കൊണ്ടാണ്‌ മട്ടം തീർത്തിരിക്കുന്നത്‌. ദൈവവും മനുഷ്യനുമായുള്ള നമ്മുടെ ബന്ധം ശരിയായ ദിശയിലുള്ളതായിരിക്കണമെന്ന്‌ മട്ടം സൂചിപ്പിക്കുന്നു.തോമാശ്ലീഹാ ഉപയോഗിച്ചിരുന്ന മട്ടം, തോമാശ്ലീഹായെ കൊല്ലുവാൻ ഉപയോഗിച്ച കുന്തം, തിരുനാഥന്റെ തിരുവിലാവിൽ തൊട്ട വിരൽ എന്നിവയാണ്‌ മട്ടം എഴുന്നള്ളിപ്പിനായി ഇവിടെ ഉപയോഗിക്കുന്നത്‌. ഭവന നിർമ്മാണത്തിനുള്ള തടസ്സങ്ങൾ നീങ്ങുവാനും, പണികൾ യഥാസമയം സുരക്ഷിതമായി പൂർത്തികരിക്കുവാനും, കുടുംബ പ്രശ്നങ്ങൾ പരിഹൃദമാകാനും മട്ടം എഴുന്നള്ളിച്ച്‌ പ്രാർത്ഥിക്കുക എന്നത്‌ കോട്ടക്കാവിലെ ഒരു നേർച്ചയാണ്‌.

റഫറൻസുകൾ

[തിരുത്തുക]
  1. "Syro Malabar Church Chronology". Archived from the original on 2021-10-04. Retrieved 2021-07-18.
  2. "PAYYAPPILLY PALAKKAPPILLY NASRANI | Ancient Saint Thomas Christian family in India". Archived from the original on 2016-02-10. Retrieved 2021-07-18.
  3. A Sreedhara Menon (2007). A Survey Of Kerala History. D C Books. p. 39. ISBN 8126415789.