വടക്കേ അമേരിക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വടക്കെ അമേരിക്ക എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വടക്കേ അമേരിക്ക
വിസ്തീർണ്ണം24,709,000 km2 (9,540,000 sq mi)
ജനസംഖ്യ528,720,588 (July 2008 est.)
ജനസാന്ദ്രത22.9/km2 (59.3/sq mi) [1]
DemonymNorth American, American
രാജ്യങ്ങൾ25 (List of countries)
Dependenciessee List of North American countries
ഭാഷകൾList of languages
സമയമേഖലകൾUTC-10 to UTC
Internet TLDNorth American TLD
വലിയ നഗരങ്ങൾList of cities[2]

ഭൂമിയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തെ ഒരു ഭൂഖണ്ഡമാണ് വടക്കെ അമേരിക്ക. വടക്ക്‌ ആർട്ടിക്ക്‌ സമുദ്രവും കിഴക്ക്‌ അറ്റ്‌ലാന്റിക് സമുദ്രവും തെക്കുകിഴക്കു കരീബിയൻ കടലും തെക്കും പടിഞ്ഞാറും ശാന്ത സമുദ്രവുമാണു അതിരുകൾ. പനാമ കടലിടുക്ക്‌ വടക്കേ അമേരിക്കയെ തെക്കു കിഴക്കായി സ്ഥിതിചെയ്യുന്ന തെക്കേ അമേരിക്കയുമായി ബന്ധിപ്പിക്കുന്നു.

24,490,000 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ വൻകര (9,450,000 ച.മൈൽ), ഭൗമോപരിതലത്തിന്റെ 4.8%(കരവിസ്തീർണ്ണത്തിന്റെ 16.4%) വ്യാപിച്ചുകിടക്കുന്നു. ഒക്ടോബർ 2006-ലെ കണക്കുപ്രകാരം അവിടത്തെ ജനസംഖ്യ ഏകദേശം 51.5 കോടിയാണ്. വലിപ്പത്തിന്റെ കാര്യത്തിൽ ഏഷ്യ, ആഫ്രിക്ക എന്നിവയ്ക്കു പിന്നിൽ മൂന്നാം സ്ഥാനത്ത്‌ നിൽക്കുന്ന വടക്കേ അമേരിക്ക ജനസംഖ്യയുടെ കാര്യത്തിൽ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ്‌ എന്നിവയ്ക്കു പിന്നിൽ നാലാം സ്ഥാനത്താണ് .

പേരിനു പിന്നിൽ[തിരുത്തുക]

ഇറ്റാലിയൻ പര്യവേക്ഷകനായ അമരിഗോ വെസ്പൂചിയുടെ പേരിൽനിന്നാണു അമേരിക്ക എന്ന പേരു വന്നതെന്നാണു പരക്കെ വിശ്വസിക്കപ്പെടുന്നത്‌. അക്കാലത്ത്‌ പുതിയതായി കണ്ടെത്തിയ വൻകര ഇന്ത്യയല്ലെന്നും യൂറോപ്പുകാർക്ക്‌ അതുവരെ അജ്ഞാതമായിരുന്ന പുതിയ പ്രദേശമാണെന്നും ആദ്യമായി നിർദ്ദേശിച്ചത്‌ അമരിഗോ വെസ്പൂചിയായിരുന്നു. തെക്കെ അമേരിക്കയും മധ്യ അമേരിക്കയിലെ പർവ്വതനിരകളും കണ്ടുപിടിച്ചത്‌ വെസ്പൂചിയായിരുന്നു. ജോൺ കാബോട്‌ 1497ൽ ന്യൂഫൗൻഡ്‌ലാന്റ്‌ കണ്ടുപിടിച്ച പര്യവേക്ഷണത്തിനു ധനസഹായം ചെയ്ത ഇംഗ്ലീഷ്‌ വ്യാപാരിയായ റിച്ചാർഡ്‌ അമേരികെയുടെ പേരിൽനിന്നാണു അമേരിക്ക എന്ന പേരുണ്ടായതെന്നാണു മറ്റൊരു സിദ്ധാന്തം. ഇത്‌ കൂടാതെ ഒരു സ്പാനിഷ്‌ കപ്പ്പ്പലോട്ടക്കാരന്റെ വിസിയോഗോതിക്‌ പേരായ 'അമേരിക്‌' എന്ന പേരിൽ നിന്നോ , നിക്കരാഗ്വയിലെ ആദിമനിവാസികളുടെ നഗരമായ 'അമേരിക്‌' എന്ന പേരിൽ നിന്നോ അമേരിക്ക എന്ന പേരുണ്ടായതെന്നും കരുതുന്നവരുണ്ട്‌.


ചരിത്രം[തിരുത്തുക]

ഉദ്ദേശം 15000 വർഷങ്ങൾക്കു മുൻപ് ഏഷ്യയിൽ നിന്നു ബേറിംഗ് കടലിടുക്ക് വഴി വടക്കേ അമേരിക്കയിൽ എത്തിയ അമേരിക്കൻ ഇന്ത്യരും (അമേരിന്ത്യർ) വൻകരയുടെ വടക്കൻ മേഖലയെ അധിവസിക്കുന്ന എസ്കിമോകളുമാണ് വൻകരയിലെ ആദിമനിവാസികൾ. മധ്യ അമേരിക്കൻ പ്രദേശത്തെയാണ് അമേരിന്ത്യർ പ്രധാനമായും അധിവസിച്ചിരുന്നത്. റെഡ് ഇന്ത്യൻസ് എന്ന പേരിലും ഇവർ അറിയപ്പെട്ടിരുന്നു. അമേരിന്ത്യൻ ഗോത്രവിഭാഗങ്ങളിൽ പലതും മെക്സിക്കോ, മധ്യ അമേരിക്ക എന്നിവിടങ്ങളിൽ സ്ഥിരതാമസം ഉറപ്പിക്കുകയും യൂറോപ്യരുടെ ആഗമനത്തിന് മുൻപുതന്നെ വ്യതിരിക്തമായൊരു നാഗരിക സംസ്കൃതി വികസിപ്പിച്ചെടുക്കുകയും ചെയ്തിരുന്നു. ഇവരിൽ മായന്മാർ, ടോൽടെക്, അസ്ടെക് വിഭാഗങ്ങൾ കല്ലുകൊണ്ട് ആരാധനാലയങ്ങളും കൊട്ടാരങ്ങളും നിർമ്മിക്കാനുള്ള വാസ്തുശില്പ വൈദഗ്ദ്ധ്യം വരെ വികസിപ്പിച്ചെടുത്തിരുന്നു.

യൂറോപ്യൻ അധിനിവേശം[തിരുത്തുക]

അമേരിക്കയിൽ ആദ്യം എത്തിയ യൂറോപ്യൻ ക്രിസ്റ്റഫർ കൊളംബസ് (1446-1506) ആണെന്നു പറയുന്നത് ഒരു ചരിത്രസത്യമല്ല. എ.ഡി. 1000-ത്തിനോടടുപ്പിച്ച് ലീഫ് എറിക്സൺ (Leif Erikson) നോർവേയിൽനിന്നു തിരിച്ച് ഗ്രീൻലൻഡു വഴി വടക്കേ അമേരിക്കയിൽ എത്തി. അമേരിക്കയുടെ ഉത്തരഭാഗത്ത് യൂറോപ്യന്മാർ എത്തിച്ചേർന്ന വിവരം മറ്റാരും അന്ന് അറിഞ്ഞിരുന്നില്ല. ക്രിസ്റ്റഫർ കൊളംബസ് 1492-ൽ വെസ്റ്റ് ഇൻഡീസ് ദ്വീപുകളിൽ എത്തി. ഒരു പുതിയ ഭൂഖണ്ഡം അതോടെ കണ്ടുപിടിക്കപ്പെട്ടതായി യൂറോപ്യന്മാർ കുറെക്കഴിഞ്ഞ് വിശ്വസിച്ചു. തുടർന്ന് പോർച്ചുഗൽ, സ്പെയിൻ, ഇംഗ്ളണ്ട്, ഫ്രാൻസ്, നെതർലൻഡ്സ് തുടങ്ങിയ യൂറോപ്യൻ രാഷ്ട്രങ്ങൾ ഈ 'നവീന' ഭൂഖണ്ഡത്തിൽ അധിനിവേശം നടത്താനും അധികാരം കൈയടക്കാനുമുള്ള ശ്രമങ്ങൾ ആരംഭിച്ചു.

1500-ൽ പോർച്ചുഗീസ് നാവികനായ പെദ്രോ അൽവാരസ് കബ്രാൾ (Pedro Alvarez Cabral) (1460-1520) ആഫ്രിക്കൻ തീരത്തുനിന്ന് ഇന്ത്യയിലേക്കുള്ള യാത്രാമധ്യേ കൊടുങ്കാറ്റിലകപ്പെട്ട് ബ്രസീൽതീരത്തെത്തി പര്യടനം നടത്തി. ആ സംഘത്തിലുണ്ടായിരുന്നുവെന്ന് അവകാശപ്പെട്ടിരുന്ന അമേരിഗോ വെസ്പുച്ചി (Amerigo Vespucci, 14511512) താൻ കണ്ട പ്രദേശങ്ങളുടെ വിവരണങ്ങൾ ഒരു കത്തിലൂടെ യൂറോപ്പിലെത്തിച്ചു. ജർമൻ ഭൂമിശാസ്ത്രജ്ഞനായ മാർട്ടിൻ വാൾഡ്സീമുള്ളർ (Martin Waldseemullar) ഈ കത്ത് തന്റെ ഭൂമിശാസ്ത്രപുസ്തകത്തിൽ പ്രസിദ്ധീകരിക്കയും നവീനമായി കണ്ടുപിടിക്കപ്പെട്ടതെന്ന് അന്നു വിശ്വസിക്കപ്പെട്ടിരുന്ന ഭൂവിഭാഗത്തിന് സൗഹാർദലക്ഷണമായി അമേരിക്ക എന്ന പേർ നിർദ്ദേശിക്കുകയും ചെയ്തു. മെക്സിക്കോ തീരത്തുള്ള പ്രദേശങ്ങൾക്കു നല്കപ്പെട്ട ഈ പേർ പില്ക്കാലത്ത് അമേരിക്കാ വൻകരയെ മൊത്തത്തിൽ സൂചിപ്പിക്കാൻ ഉപയോഗിച്ചു തുടങ്ങി. അമേരിക്കയിൽ നാവികപര്യടനങ്ങൾ നടത്തിയ ജോൺ കാബട്ടിനു വേണ്ട സഹായസഹകരണങ്ങൾ നല്കിയ ബ്രിസ്റ്റൾ പട്ടണത്തിലെ ഷെറിഫ്, റിച്ചാർഡ് അമേരിക്ക (Richard Amerike) യുടെ പേരിൽനിന്നാണ് ഇതിന്റെ നിഷ്പത്തിയെന്നാണ് യു.എസ്. ചരിത്രകാരനായ സാമുവൽ എലിയട്ട് മോറിസൺ (Samuel Ellot Morison) ന്റെ അഭിപ്രായം.

1519-ൽ ഹെർനാൻഡൊ കോർട്ടസ് (Hernando Cortes, 1485-1547) മെക്സിക്കോയിലെ വേരക്രൂസിൽ (Veracruz) ആദ്യത്തെ യൂറോപ്യൻ കോളനി സ്ഥാപിച്ചു. 1497-ൽ ജോൺ കാബട്ട് ന്യൂഫൗണ്ട്ലൻഡ് പ്രദേശത്തെത്തിയതോടെ ആ പ്രദേശങ്ങളുടെ ഉടമാവകാശം ഇംഗ്ലീഷുകാർക്കായി. സെന്റ് ലോറൻസ് നദീമുഖപ്രദേശങ്ങളിൽ 1534-41 കാലങ്ങളിൽ നാവികപര്യടനം നടത്തിയിരുന്ന ജാക്വിസ് കാർട്ടിയർ (Jaques Cartier) പ്രദേശങ്ങൾ ഫ്രാൻസിനുവേണ്ടി കൈയടക്കി. അമേരിക്കയിലെത്തിയ ഡച്ചുകാർ മാൻഹറ്റൻ (Manhatten) ദ്വീപിൽ ന്യൂ ആംസ്റ്റർഡാം എന്ന കോളനി സ്ഥാപിച്ചു (1624). 24 യു.എസ്. ഡോളറിനു തുല്യമായ നാണയം പ്രതിഫലം നല്കിയാണ് ആദിവാസികളായ ഇന്ത്യരിൽനിന്ന് ഡച്ചുകാർ കുടിപാർപ്പവകാശം സമ്പാദിച്ചത്. പിന്നീടിത് ഇംഗ്ലീഷുകാർക്കു ലഭിക്കുകയും (1667) അത് ന്യൂയോർക്കായിത്തീരുകയും ചെയ്തു. സ്വീഡൻകാരുടെ ആദ്യത്തെ കോളനി 1638-ൽ ദെല നദീമുഖത്തായി സ്ഥാപിതമായി. അമേരിക്കൻ ഭൂവിഭാഗങ്ങൾ കൈയടക്കാനുള്ള ശ്രമത്തിൽ 1700-ൽ അലാസ്കയിലെത്തിയ റഷ്യക്കാർ പസിഫിക് തീരത്തുകൂടി കാലിഫോർണിയ വരെ എത്തി (1800). 1650-ൽത്തന്നെ സ്വീഡന്റെ കോളനി ഡച്ചുകാർ കൈയടക്കി. 1664-ൽ ഇംഗ്ലീഷുകാർ ഡച്ചുകാരെ അമേരിക്കയിൽനിന്നു ബഹിഷ്കരിച്ചു. സ്പെയിൻകാരുടെ കോളനികൾ ആദ്യമായി സ്ഥാപിതമായത് വെസ്റ്റ് ഇൻഡീസിലും മധ്യഅമേരിക്കയിലുമാണ്. 17-ാം ശതാബ്ദത്തിന്റെ പൂർവാർധത്തിൽ മാത്രമാണ് ഇംഗ്ളീഷുകാർ അമേരിക്കയുടെ കിഴക്കേ തീരത്ത് കോളനികൾ സ്ഥാപിച്ചത്. അപ്പലേച്ചിയൻ പർവതത്തിനും അത്ലാന്തിക് സമുദ്രത്തിനുമിടയ്ക്ക് സ്ഥാപിക്കപ്പെട്ട 13 കോളനികളിലും ഇംഗ്ലീഷുകാർ തങ്ങളുടെ ആധിപത്യം നിലനിർത്തി.

മധ്യ അമേരിക്കയിൽ ആദ്യം എത്തിയത് സ്പെയിൻകാരനായ റോഡ്രിഗോ ഗാൽവൻ (Rodrigo Galvan) ആയിരുന്നു. സ്പെയിൻകാർ കോസ്റ്ററീക്ക, എൽസാൽവഡോർ, ഗ്വാട്ടിമാല എന്നീ പ്രദേശങ്ങൾ കീഴടക്കി. ഹെർനാൻഡോ കോർട്ടസ് 1525-ഓടുകൂടി മധ്യ അമേരിക്കയിലെ സ്പാനിഷ് ആക്രമണങ്ങൾ പൂർത്തിയാക്കി. അദ്ദേഹം ആസ്ടെക്കുകളുടെ നേതാവായിരുന്ന മൊൺടെസുമ II (Montezuma II) ന്റെ തലസ്ഥാനം കൈയടക്കി. ഇതോടെ മധ്യ അമേരിക്കയിലെ പനാമ ഒഴികെയുള്ള എല്ലാ ഭൂവിഭാഗങ്ങളും തെക്കേ അമേരിക്കയിലെ പെറു എന്ന സ്പാനിഷ് അധിനിവേശരാജ്യത്തിന്റെ ഭാഗമായിത്തീർന്നു. 1740-ൽ ഈ പ്രദേശങ്ങൾ കൊളംബിയായ്ക്കു കൈമാറ്റം ചെയ്യപ്പെട്ടു. ക്രമേണ വടക്കേ അമേരിക്ക പൂർണമായും യൂറോപ്യൻ ആധിപത്യത്തിൻ കീഴിലായി.

നാട്ടുകാരായ അമേരിന്ത്യരെ അപരിഷ്കൃതരായി മുദ്രകുത്തി അവരെ ഉന്മൂലനം ചെയ്തോ കീഴടക്കിയോ ആണ് യൂറോപ്യർക്ക് അമേരിക്കാ വൻകരയിൽ ആധിപത്യം സ്ഥാപിക്കാൻ കഴിഞ്ഞത്. തദ്ദേശീയരായ അമേരിന്ത്യർ യൂറോപ്യരുടെ ആക്രമണങ്ങളാൽ നശിച്ചും അവരുടെ ലൈംഗിക പീഡനത്തിന് വിധേയരായി വർഗശുദ്ധി നഷ്ടപ്പെട്ടും സംഖ്യാബലത്തിൽ കുറഞ്ഞുകൊണ്ടിരുന്നു.

അമേരിക്കയിലെ യൂറോപ്യൻ കോളനികൾ ക്രമേണ യുദ്ധരംഗങ്ങളായി മാറി. 18-ാം ശതാബ്ദത്തിൽ ഇംഗ്ലണ്ടും ഫ്രാൻസും തമ്മിൽ യുദ്ധത്തിലേർപ്പെട്ടപ്പോൾ അതിന്റെ പ്രത്യാഘാതങ്ങൾ അവരുടെ അമേരിക്കൻ കോളനികളിലുമുണ്ടായി. ഇതിന്റെ ഫലമായി ഫ്രഞ്ച് കോളനികൾ ബ്രിട്ടീഷുകാർ പിടിച്ചെടുത്തു. ഈ പ്രദേശങ്ങൾ കാനഡ എന്ന ബ്രിട്ടീഷ് കോളനിയായിത്തീർന്നു.

സ്വാതന്ത്ര്യ സമരങ്ങൾ[തിരുത്തുക]

കാനഡയ്ക്കു തെക്കായി അറ്റ്ലാന്റിക് തീരത്ത് സ്ഥിതിചെയ്തിരുന്ന അമേരിക്കൻ കോളനികൾ ബ്രിട്ടീഷ് ഭരണത്തിനെതിരായി സംഘടിച്ച് 1775-ൽ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. 1776-ൽ സ്വതന്ത്രകോളനികളുടെ പതാക ഉയർത്തപ്പെട്ടു. അമേരിക്കൻ സ്വാതന്ത്ര്യസമരത്തിനുശേഷം ബ്രിട്ടൻ കോളനികളുടെ സ്വാതന്ത്ര്യം അംഗീകരിക്കുകയും അമേരിക്കൻ ഐക്യനാടുകൾ നിലവിൽ വരികയും ചെയ്തു. 1810-ൽ മെക്സിക്കോയിലും ഹിഡാൽഗോ(1753-1811)യുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യസമരം ആരംഭിച്ചു. ജനറൽ ഇതുർബിഡേ (General Iturbide, 1783-1824) യുടെ നേതൃത്വത്തിൽ മെക്സിക്കോ സ്പാനിഷ് ആധിപത്യത്തിൽനിന്ന് സ്വാതന്ത്ര്യം നേടി (1821). തുടർന്ന് മധ്യ അമേരിക്കയിലെ മറ്റു കോളനികളിലെ വിദേശഭരണവും അവസാനിച്ചു. 1821-ഓടുകൂടി അമേരിക്കയിലെ 300 വർഷത്തെ സ്പാനിഷ് ആധിപത്യം അവസാനിച്ചു. സ്വതന്ത്രമായിത്തീർന്ന കോസ്റ്ററീക്ക, എൽസാൽവഡോർ, ഗ്വാട്ടിമാല, ഹോണ്ടൂറസ്, നിക്കരാഗ്വ എന്നീ അഞ്ചു രാജ്യങ്ങൾ മുൻ സ്പാനിഷ് അധികാരിയായിരുന്ന ഗാബിനോ ഗെയിൻസായുടെ നേതൃത്വത്തിൽ ഒരു സംയുക്തരാഷ്ട്രമായി.

ദേശീയ സ്വാതന്ത്ര്യത്തെ പ്രോത്സാഹിപ്പിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു ഗാബിനോ. 1822-ൽ മെക്സിക്കോയുമായി കൂട്ടുചേർന്നെങ്കിലും അടുത്തവർഷംതന്നെ വീണ്ടും വേർപെട്ട് അത് യുണൈറ്റഡ് പ്രോവിൻസസ് ഒഫ് സെൻട്രൽ അമേരിക്ക (United Provinces of Central America) എന്ന ഫെഡറൽ രാഷ്ട്രമായി. ആഭ്യന്തരകലഹംമൂലം ഈ ഫെഡറൽ രാഷ്ട്രം ദീർഘകാലം നിലനിന്നില്ല; 1838-ൽ പരമാധികാരസ്വഭാവമുള്ള അഞ്ചു രാഷ്ട്രങ്ങളായിത്തീർന്നു. 1890-ൽ അവ പാൻ അമേരിക്കൻ യൂണിയനിൽ ചേർന്നു. പനാമ കൊളംബിയായിൽനിന്ന് വേർപെട്ട് യു.എസ്. അംഗീകാരത്തോടെ സ്വതന്ത്രരാഷ്ട്രമായി (1903). അതിനുശേഷമാണ് പനാമാത്തോട് നിർമ്മിക്കാനുള്ള അവകാശം യു.എസ്സിനു ലഭിച്ചത്. പനാമ ഒഴിച്ചുള്ള മധ്യ അമേരിക്കയിലെ സ്വതന്ത്രരാഷ്ട്രങ്ങൾ, 1923-ൽ സെൻട്രൽ അമേരിക്കൻ യൂണിയൻ സ്ഥാപിച്ച് സാമ്പത്തിക-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിൽ സഹകരിച്ചുവന്നു. ഒന്നാം ലോകയുദ്ധകാലത്ത് എൽ സാൽവഡോർ ഒഴികെയുള്ള മധ്യ അമേരിക്കൻ രാഷ്ട്രങ്ങൾ ജർമനിക്കെതിരായി യുദ്ധം പ്രഖ്യാപിച്ചു. രണ്ടാം ലോകയുദ്ധത്തിൽ എല്ലാ രാഷ്ട്രങ്ങളും സഖ്യകക്ഷികളോടുചേർന്ന് അച്ചുതണ്ടുശക്തികൾക്കെതിരായി അണിനിരന്നു. എന്നാൽ സൈന്യങ്ങളെ അയച്ച് യുദ്ധത്തിൽ അവർ സജീവമായി പങ്കെടുത്തില്ല.

ഇക്കാലത്തിനിടയ്ക്കുതന്നെ (1848) അമേരിക്കൻ ഐക്യനാടുകളും മെക്സിക്കോയും തമ്മിൽ യുദ്ധമുണ്ടായി. തുടർന്ന് യു.എസ്.-മെക്സിക്കോ അതിർത്തി നിർണയിക്കപ്പെട്ടു; കാലിഫോർണിയ മെക്സിക്കോയിൽനിന്ന് യു.എസ്സിനു ലഭിക്കുകയും ചെയ്തു. അതിനു മുൻപ് (1840) കാനഡയും യു.എസ്സും തമ്മിലുള്ള അതിർത്തിത്തർക്കങ്ങൾ അവസാനിച്ചിരുന്നു. 1867-ൽ യു.എസ്. റഷ്യയിൽനിന്ന് അലാസ്ക വിലയ്ക്കു വാങ്ങി. 1959-ൽ അലാസ്ക യു.എസ്സിലെ അംഗസംസ്ഥാനമായി. ആ വർഷംതന്നെ ഹവായ് ദ്വീപുകൾക്കും സംസ്ഥാനപദവി ലഭിച്ചു.

സ്പെയിൻകാർ കൈയടക്കിയിരുന്ന (1492) ക്യൂബ അവരിൽനിന്ന് ഇംഗ്ലീഷുകാർ പിടിച്ചെടുത്തെങ്കിലും 1763-ലെ സന്ധിയനുസരിച്ച് തിരികെക്കൊടുത്തു. സ്പാനിഷ് ഭരണത്തിന്റെ ക്രൂരതകൾ സഹിക്കവയ്യാതെ ക്യൂബൻജനത സായുധവിപ്ലവങ്ങൾ നിരന്തരം സംഘടിപ്പിച്ചു. ഒടുവിൽ യു.എസ്. സഹായത്തോടെ ക്യൂബ സ്വതന്ത്രയായി (1898). നാലു വർഷം ക്യൂബ യു.എസ്. അധീനതയിലായിരുന്നു. 1902-ൽ ഭരണാധികാരം ക്യൂബൻ ജനപ്രതിനിധികൾക്ക് ലഭിച്ചു. എങ്കിലും യു.എസ്. ക്യൂബയുടെ ആഭ്യന്തരകാര്യങ്ങളിൽ കൈകടത്തിയിരുന്നു. 1933-ൽ സൈനിക വിപ്ലവത്തിലൂടെ ബാറ്റിസ്റ്റാ (Batista) ഏകാധിപതിയായിത്തീർന്നു. 1958-ൽ ഫിഡൽ കാസ്റ്റ്രോ (Fidel Castro) ബാറ്റിസ്റ്റായെ സ്ഥാനഭ്രഷ്ടനാക്കി അധികാരം പിടിച്ചെടുക്കുകയും സോഷ്യലിസ്റ്റ് സമ്പ്രദായത്തിലുള്ള ഭരണം നടപ്പിലാക്കുകയും ചെയ്തു.

ശീതസമരത്തിന്റെ ആദ്യഘട്ടം തന്നെ അമേരിക്കൻ ഐക്യനാടുകളെ പാശ്ചാത്യസഖ്യത്തിലെ ഏറ്റവും ശക്തമായ രാഷ്ട്രമായി ഉയർത്തി. വടക്കേ അമേരിക്കയിലെ തന്നെ മെക്സിക്കോയും, കാനഡയും ഈ സംഖ്യത്തിന്റെ ഭാഗമായിരുന്നു. അമേരിക്കയ്ക്കുള്ളിൽ കറുത്തവർഗക്കാരുടെ അവകാശസമരങ്ങളും അവയുടെ ഫലമായുണ്ടായ നയവ്യതിയാനങ്ങളും ഈ ഘട്ടത്തിൽ പ്രാധാന്യമർഹിക്കുന്നു. ഇതിന് സമാന്തരമായി കാനഡയിൽ ഉണ്ടായത് ക്യൂബക് ദേശീയതയ്ക്കുവേണ്ടിയുള്ള പ്രക്ഷോഭമാണ്. മെക്സിക്കോയിലാകട്ടെ വൻതോതിൽ ദീർഘകാലത്തേക്ക് സാമ്പത്തിക വളർച്ചയും, വ്യവസായവത്കരണവുമുണ്ടായി.

കരീബിയൻ രാഷ്ട്രങ്ങൾ കോളനി ഭരണത്തിൽ നിന്ന് വിമുക്തി നേടിത്തുടങ്ങി. ക്യൂബൻ വിപ്ളവം ദക്ഷിണ അമേരിക്കയെ ശീതസമരത്തിന്റെ ഒരു പ്രധാന രംഗമാക്കാൻ അമേരിക്കയെ പ്രേരിപ്പച്ചു. അന്നു മുതൽ അമേരിക്കയുടെ തൊട്ടടുത്ത് വെല്ലുവിളികൾ ഉയർത്തിക്കൊണ്ട് ക്യൂബ നിലനിന്നു. ക്യൂബയ്ക്കെതിരെയുള്ള ഉപരോധം അമേരിക്കയുടെ വിദേശ നയത്തിന്റെ പ്രധാന ഭാഗമായി.

വിയറ്റ്നാമിന്റെ വിമോചന സമരത്തെ ശീതസമരത്തിന്റെ കണ്ണടയിലൂടെകണ്ട അമേരിക്കൻ ഐക്യനാടുകൾ കമ്യൂണിസത്തിനെതിരെയുള്ള യുദ്ധത്തിന്റെ പേരിൽ വിയറ്റ്നാമിൽ വൻതോതിൽ സൈനികമായി ഇടപെട്ടു യുദ്ധം ചെയ്തു. ഈ യുദ്ധത്തിൽ അമേരിക്കയ്ക്കുണ്ടായ തിരിച്ചടി അമേരിക്കയുടെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളിലുണ്ടാക്കിയ പ്രശ്നങ്ങളുടെ പ്രതിധ്വനികൾ ഇന്നും കേൾക്കാം.

അമേരിക്കയും, കാനഡയും, മെക്സിക്കോയുമെല്ലാം നവലിബറൽ നയങ്ങളിലൂടെ മുതലാളിത്തത്തിന്റെ പുതിയ ഘട്ടത്തിലേക്ക് നീങ്ങി.

എൺപതുകളിൽ പ്രസിഡന്റ് റീഗന്റെ ഭരണകാലത്ത് ശീതസമരത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർത്തു. തീവ്രമായ കമ്യൂണിസ്റ്റു വിരോധം അമേരിക്കയുടെ വിദേശനയത്തിന്റെ മുഖമുദ്രയായി. ലോകത്തിൽ (സോവിയറ്റ് യൂണിയനെ എതിരാളിയാക്കി) ധാർമിക നേതൃത്വം സ്ഥാപിക്കാനുള്ള ശ്രമമാണിതെന്നായിരുന്നു റീഗനെ പിന്താങ്ങിയവരുടെ വ്യാഖ്യാനം. ആഭ്യന്തര രംഗത്ത് സ്വകാര്യവത്കരണത്തിന്റെയും ഉദാരവത്കരണത്തിന്റെയും നയങ്ങൾ നടപ്പാക്കി. ആഗോളവത്കരണത്തിന് അടിത്തറയിട്ടതിൽ 'റീഗനിസ'ത്തിന് വലിയൊരു പങ്കുണ്ട്.

ശീത സമരത്തിന്റെ അന്ത്യവും, സാമ്പത്തിക വികാസത്തിന്റെ പുതിയൊരു ഘട്ടത്തിന്റെ ആരംഭവും തൊണ്ണൂറുകളുടെ ആരംഭത്തെ ശ്രദ്ധേയമാക്കി. 1994 ജനു. 1-ന് ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്രവ്യാപാരമേഖല സൃഷ്ടിച്ചുകൊണ്ട് അമേരിക്കയും, കാനഡയും, മെക്സിക്കോയും ചേർന്ന് വടക്കെ അമേരിക്കൻ സ്വാതന്ത്രവ്യാപാരകരാറുണ്ടാക്കി.

ഭാഷകൾ[തിരുത്തുക]

പ്രധാന ഭാഷകൾ ഇംഗ്ലീഷ്‌, ഫ്രഞ്ച് ഭാഷ, സ്പാനിഷ്‌ എന്നിവയാകുന്നു. ഇംഗ്ലീഷ്‌ പ്രധാന ഭാഷയായ യു എസ്‌, കാനഡ എന്നീ രാജ്യങ്ങളെ ആംഗ്ലോ അമേരിക്ക എന്നു വിശേഷിപ്പിക്കുന്നു. ബെലീസിലും ചില കരീബിയൻ രാജ്യങ്ങളിലും ഇംഗ്ലീഷാണു സംസാരിച്ചുവരുന്നത്‌. ബാക്കിയുള്ള വടക്കേ അമേരിക്കൻ പ്രദേശങ്ങളെ ലത്തീൻ (ലാറ്റിൻ) അമേരിക്ക എന്നു വിളിക്കുന്നു-ഇവിടങ്ങളിൻ ലത്തീൻ ഭാഷയിൽ നിന്നും ഉൽഭവിച്ച ഭാഷകളാണു ഭൂരിഭാഗം ജനങ്ങളും സംസാരിക്കുന്നത്‌.

കാനഡ: ഫ്രെഞ്ച്‌, ഇംഗ്ലീഷ്‌ എന്നിവ ഔദ്യോഗികഭാഷകളായിട്ടുള്ള ദ്വിഭാഷപ്രദേശമാണെങ്കിലും ക്യൂബെക്‌, നോർത്ത്‌ ബ്രൂൺസ്‌വിക്‌ എന്നിവിടങ്ങളിൽ ഫ്രെഞ്ചാണു ഔദ്യോഗികഭാഷ.

അമേരിക്കൻ ഐക്യനാടുകൾ: ഔദ്യോഗികഭാഷകൾ‌ ഇംഗ്ലീഷ്‌, സ്പാനിഷ്‌ എന്നിവയാണു, എന്നാൽ ലൂസിയാന സംസ്ഥാനത്തിൽ ഫ്രെഞ്ചും ഒരു ഔദ്യോഗികഭാഷയാണു.

മെക്സിക്കോ: ലോകത്തിൽ ഏറ്റവും കൂടുതൽ സ്പാനിഷ്‌ സംസാരിക്കുന്ന ജനങ്ങളുള്ള രാജ്യമാണു മെക്സിക്കോ - പ്രധാന മറ്റു ഭാഷകൾ ആസ്ടെക്‌ വംശജരുടെ ഭാഷയായ നവാറ്റ്ൽ, മായൻ വംശജരുടെ ഭാഷയായ യൂകാടെക് എന്നിവയാണു.

സാമ്പത്തികം[തിരുത്തുക]

അമേരിക്കൻ ഐക്യനാടുകൾ, കാനഡ എന്നിവയാണു വൻ‌കരയിലെ വികസിത രാജ്യങ്ങൾ. മെക്സിക്കോ വികസ്വരരാജ്യവും മറ്റുള്ള രാജ്യങ്ങൾ വികസിത രാജ്യങ്ങളുമാണു.

കൃഷി[തിരുത്തുക]

വൻകരയിലെ തൊഴിൽ ശക്തിയുടെ 20 ശതമാനം മാത്രമേ പ്രകൃതിവിഭവങ്ങളുമായി നേരിട്ടു ബന്ധമുള്ള കൃഷി, ഖനനം, മത്സ്യബന്ധനം തുടങ്ങിയവയിൽ വിനിയോഗിക്കപ്പെടുന്നുള്ളു. വ്യവസായ വാണിജ്യങ്ങളിൽ അത്രയധികം പുരോഗതി കൈവന്നിരിക്കുന്നു. പരമാവധി യന്ത്രവത്കൃത കൃഷിയാണ് സാർവത്രികമായി കാണുന്നത്.

കാർഷികോത്പാദനത്തിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന വൻകരയാണ് വടക്കേ അമേരിക്ക. ഏഷ്യയും യൂറോപ്പുമാണ് കാർഷികോത്പാദനത്തിൽ വടക്കേ അമേരിക്കയെക്കാൾ മുന്നിൽ. ലോകത്ത് ഉത്പാദിപ്പിക്കപ്പെടുന്ന മൊത്തം സൊയാബീന്റെ അഞ്ചിൽ മൂന്നും ചോളം, സോർഗം എന്നിവയുടെ പകുതിയും ഈ വൻകരയിൽ നിന്നാണ്.

നാരകഫലങ്ങൾ, ഓട്സ്, പരുത്തി, ഗോതമ്പ് എന്നിവയുടെ ഉത്പാദനത്തിലും വടക്കേ അമേരിക്ക നിർണായകസ്ഥാനം അലങ്കരിക്കുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സിലും കാനഡയിലും ഉത്പാദിപ്പിക്കുന്ന കാർഷികോത്പന്നങ്ങളിൽ നല്ലൊരു ശതമാനം വിദേശരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. കയറ്റുമതി ചെയ്യപ്പെടുന്ന ധാന്യങ്ങളിൽ പകുതിയും ഈ വൻകരയിൽ നിന്നാണ്.

യുണൈറ്റഡ് സ്റ്റേറ്റ്സിലെ മധ്യ-പശ്ചിമ മേഖലയാണ് വൻകരയുടെ പ്രധാന കാർഷികോത്പാദന കേന്ദ്രം. വളക്കൂറുള്ള മണ്ണിന്റെ ലഭ്യതയും, കൃഷിക്കനുകൂലമായ കാലാവസ്ഥയും ഈ മേഖലയുടെ കാർഷികോത്പാദനത്തെ അനുകൂലമായി സ്വാധീനിക്കുന്നു. ചോളമാണ് മുഖ്യവിള. കന്നുകാലി വളർത്തലിലും ഈ മേഖല മുന്നിൽതന്നെ. കാനഡയുടെ നദീതടപ്രദേശത്തും യുണൈറ്റഡ് സ്റ്റേറ്റ്സിൽ പൊതുവേയും ഗോതമ്പ് കൃഷി ചെയ്യുന്നു. പശ്ചിമ സമതലപ്രദേശവും ഉന്നതതടവും കന്നുകാലി വളർത്തലിൽ മുന്നിൽ നിൽക്കുന്നു. ചെമ്മരിയാടു വളർത്തലും ഈ മേഖലകളിൽ വ്യാപകമാണ്.

ഖനിജ സമ്പത്ത്[തിരുത്തുക]

ധാതുസമ്പത്തിൽ ഏറ്റവും മുന്നിൽ നില്ക്കുന്ന ഒരു വൻകരയാണിത്. ലോകത്ത് ഉത്പാദിപ്പിക്കുന്ന വെള്ളിയുടെ അഞ്ചിൽ രണ്ടു ശതമാനവും പ്രകൃതിഎണ്ണ, നിക്കൽ, ഫോസ്ഫേറ്റ്, പൊട്ടാഷ് എന്നിവയുടെ മൂന്നിൽ ഒന്നും ഈ വൻകരയിൽ നിന്നാണ്. മാത്രമല്ല ചെമ്പ്, അസംസ്കൃത എണ്ണ, ലെഡ്, കൽക്കരി എന്നിവയുടെ ഉത്പാദനത്തിലും വടക്കേ അമേരിക്ക നിർണായകസ്ഥാനം അലങ്കരിക്കുന്നു. കനേഡിയൻ ഷീൽഡ്, റോക്കി പർവതം ഉൾപ്പെടെയുള്ള പശ്ചിമമേഖലയിലെ പർവതങ്ങൾ ലോഹധാതുക്കളുടെ നിക്ഷേപത്താൽ സമ്പന്നമാണ്. യു.എസ്സിൽ ഉൾനാടൻപ്രദേശങ്ങളിലെ അവസാദശിലാശേഖരങ്ങൾ മിക്കവയും എണ്ണ നിക്ഷേപങ്ങളെ ഉൾക്കൊള്ളുന്നവയാണ്. മെക്സിക്കോ ഉൾക്കടലിലെയും കരീബിയൻ കടലിലെയും വൻകരത്തട്ടുകൾക്കടിയിലും എണ്ണ കണ്ടെത്തിയിട്ടുണ്ട്. വെസ്റ്റ് ഇൻഡീസിലും എണ്ണഖനനം നടന്നുവരുന്നു. റോക്കി പർവതനിരകളിലെ താരതമ്യേന പ്രായം കുറഞ്ഞ വലിതശിലാശേഖരങ്ങളിൽ ലോഹധാതുക്കളുടെ സമ്പന്നനിക്ഷേപങ്ങൾ ധാരാളമാണ്. പശ്ചിമ യു.എസ്സിൽ ചെമ്പും മെക്സിക്കോയിൽ വെള്ളിയുമാണു പ്രാമുഖ്യത്തിലുള്ളത്. എന്നാൽ ഇരുമ്പ് ഈ പ്രദേശത്തു സുലഭമല്ല. അപ്പലേച്ചിയൻ പർവതനിരകളുടെയും കനേഡിയൻ ഷീൽഡിന്റെയും സീമാന്തപ്രദേശങ്ങളിലുള്ള പുരാതനശിലാസമൂഹങ്ങളിൽ ലോകത്തിലെ ഏറ്റവും സമൃദ്ധമായ ഇരുമ്പു നിക്ഷേപങ്ങൾ അവസ്ഥിതമായിരിക്കുന്നു. ക്യൂബയിലും ഇരുമ്പയിരു നിക്ഷേപങ്ങളുണ്ട്. സ്വർണം, വെള്ളി, ഈയം, ബോക്സൈറ്റ്, നാകം തുടങ്ങിയ മിക്ക ലോഹങ്ങളും ഈ വൻകരയിൽനിന്നു ഖനനം ചെയ്യപ്പെടുന്നു. അപ്പലേച്ചിയൻ പ്രദേശമാണു കൽക്കരി ഉത്പാദനത്തിൽ മുൻപന്തിയിൽ നിന്നിരുന്നത്. വൻകരയുടെ ഉള്ളിൽ മിക്കഭാഗങ്ങളിലും കൽക്കരി ഖനനം ചെയ്തുവരുന്നു. അലോഹധാതുക്കളുടെ നിക്ഷേപവും വിരളമല്ല.

ഉത്പാദന വ്യവസ്ഥ[തിരുത്തുക]

ഉത്പാദനവ്യവസ്ഥയിൽ വടക്കേ അമേരിക്ക രണ്ടാം സ്ഥാനത്താണ്; യൂറോപ്പ് ഒന്നാം സ്ഥാനത്തും. ഉത്പന്നച്ചരക്കുകളുടെ മൊത്തം ലോകോത്പാദനത്തിന്റെ മൂന്നിൽ ഒന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ചിരിക്കുന്നു. മോട്ടോർ കാറുകൾ, മോട്ടോർ കാർ ഭാഗങ്ങൾ, രാസപദാർഥങ്ങൾ, ആഹാരപദാർഥങ്ങൾ എന്നിവയാണ് മുഖ്യവ്യാവസായികോത്പന്നങ്ങൾ. വടക്കേ അമേരിക്കൻ തൊഴിലാളികളിൽ അഞ്ചിൽ ഒന്ന് ഉത്പാദന മേഖലയിൽ തൊഴിൽ ചെയ്യുന്നു.

പശ്ചിമ-മധ്യ അമേരിക്കൻ മേഖല, യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ വടക്ക് കിഴക്കൻ പ്രദേശങ്ങൾ കാനേഡിയൻ പ്രവിശ്യകളായ ക്യൂബെക്, ഒണ്ടാറിയേ എന്നിവയ്ക്ക് ദീർഘകാലത്തെ വ്യാവസായിക പാരമ്പര്യമുണ്ട്. 1900-ത്തിന്റെ മധ്യത്തോടെ ദക്ഷിണ യുണൈറ്റഡ് സ്റ്റേറ്റ്സും പസിഫിക് തീരപ്രദേശവും നിർണായകമായ വ്യാവസായിക പുരോഗതി കൈവരിച്ചു. എയർക്രാഫ്റ്റുകൾ, മിസൈലുകൾ, കംപ്യൂട്ടറുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, പെട്രോളിയം, പെട്രോളിയം ഉത്പന്നങ്ങൾ തുടങ്ങിയവയാണ് ഈ മേഖലകളിൽ പ്രധാനമായും ഉത്പാദിപ്പിക്കുന്നത്. മധ്യ-അമേരിക്കൻ മേഖലയും ഉത്പാദന വ്യവസായത്തിൽ വളർച്ചയുടെ പാതയിലാണ്. സിമെന്റ്, വളം എന്നിവ ഇവിടത്തെ മുഖ്യ വ്യാവസായികോത്പന്നങ്ങളാകുന്നു. ബഹാമസിലും, പ്യൂർട്ടോ റിക്കോയിലും വൻതോതിൽ മരുന്നുകളും മറ്റും ഉത്പാദിപ്പിക്കുന്നു.

വനസമ്പത്ത്[തിരുത്തുക]

വടക്കേ അമേരിക്കയുടെ മിക്ക ഭാഗങ്ങളിലും വലുതും ചെറുതുമായ മരങ്ങളും വൃക്ഷങ്ങളും സമൃദ്ധമായി വളരുന്ന വനങ്ങൾ കാണാം. വൻകരയുടെ പശ്ചിമ പർവതപ്രദേശം, കാനഡ, യു.എസ്സിന്റെ കിഴക്കൻ പകുതി എന്നിവിടങ്ങളിൽ വിസ്തൃതമായ വനപ്രദേശങ്ങളുണ്ട്. എന്നാൽ കരീബിയൻ തീരപ്രദേശത്ത് ഉഷ്ണമേഖലാ മഴക്കാടുകളാണ് കൂടുതൽ; പസിഫിക് തീരത്ത് നിബിഡവനങ്ങളും. ഉയരത്തിൽ വളരുന്ന റോസ്വുഡ് ഉൾപ്പെടെ വാണിജ്യപ്രാധാന്യമുള്ള നിരവധി വൃക്ഷയിനങ്ങൾ ഇവിടത്തെ വനങ്ങളിൽ വളരുന്നു. ഫിർ, ലാർവ്, പൈൻ, സ്പ്രൂസ് എന്നിവയാണ് കനേഡിയൻ വനങ്ങളിലെ മുഖ്യ വൃക്ഷയിനങ്ങൾ. കാനഡയിലെയും യു.എസ്സിലെയും വനങ്ങളിൽ വളരുന്ന വൃക്ഷങ്ങൾ അധികവും ന്യൂസ്പ്രിന്റ് വ്യവസായത്തിലാണ് കൂടുതലും ഉപയോഗിക്കപ്പെടുന്നത്; മധ്യ അമേരിക്കയിലെ ഉഷ്ണമേഖലാ കാടുകളിൽ വളരുന്ന മഹാഗണിയും, റോസ്വുഡും ഫർണിച്ചർ വ്യവസായത്തിലും.

വിദേശ വാണിജ്യം[തിരുത്തുക]

യു.എസ്., കാനഡ എന്നീ രാഷ്ട്രങ്ങൾ സാമ്പത്തികമായി ഏറെക്കുറെ സ്വയംപര്യാപ്തങ്ങളായ സമ്പന്നരാഷ്ട്രങ്ങളിൽപ്പെടുന്നു. ലോകവിപണിയിൽ അത്യധികമായ സ്വാധീനം ചെലുത്തുന്ന ഒരു രാജ്യമാണ് യു.എസ്.; കാനഡയും ഒട്ടും പിന്നിലല്ല. യു.എസ്സിന്റെ കയറ്റുമതികൾ ഏറെയും യന്ത്രോപകരണങ്ങൾ, വൈദ്യുതോപകരണങ്ങൾ, തുണിത്തരങ്ങൾ, പെട്രോളിയം തുടങ്ങിയ വ്യാവസായികോത്പന്നങ്ങളാണ്; ഭക്ഷ്യധാന്യങ്ങളും ഗവ്യപദാർഥങ്ങളും കയറ്റുമതികളിൽപ്പെടുന്നു. ഇറക്കുമതിയിൽ ഏറിയകൂറും അസംസ്കൃതവസ്തുക്കളാണ്. ഈടിലും ഗുണത്തിലും മുന്തിനില്ക്കുന്ന സംസ്കൃതവസ്തുക്കളും അല്പമായി ഇറക്കുമതി ചെയ്യപ്പെടുന്നു. കാനഡയും വ്യാവസായികമായി വളരെ പുരോഗമിച്ചിട്ടുണ്ട്. യന്ത്രോപകരണങ്ങൾക്കും ഭക്ഷ്യപദാർഥങ്ങൾക്കും പുറമേ കടലാസ്, തടി എന്നിവയും ധാരാളമായി കയറ്റുമതി ചെയ്യുന്നു. ഈ രണ്ടു രാജ്യങ്ങളിൽ നിന്നും ധാരാളം ധാതുപദാർഥങ്ങൾ വിദേശങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നുണ്ട്.

മെക്സിക്കോയും മധ്യ അമേരിക്കൻ രാഷ്ട്രങ്ങളും വികസ്വരരാജ്യങ്ങളിൽപ്പെടുന്നു. ഈ രാജ്യങ്ങളിലെ കയറ്റുമതികളിൽ പ്രാധാന്യമർഹിക്കുന്നത് പഞ്ചസാര, കാപ്പി, നേന്ത്രപ്പഴം തുടങ്ങിയ കാർഷികോത്പന്നങ്ങളാണ്. ഇറക്കുമതി മുഖ്യമായും യന്ത്രോപകരണങ്ങൾ, രാസദ്രവ്യങ്ങൾ, ഔഷധങ്ങൾ തുടങ്ങിയവയും ഭക്ഷ്യധാന്യങ്ങളുമാണ്. വെള്ളി തുടങ്ങിയ ധാതുക്കളും പെട്രോളിയവും മെക്സിക്കോ കയറ്റുമതി ചെയ്യുന്നുണ്ട്. വ്യാപാരം ഏറിയകൂറും യു.എസ്സും പശ്ചിമയൂറോപ്യൻ രാജ്യങ്ങളുമായാണ്. വെസ്റ്റ് ഇൻഡീസിൽ ക്യൂബ ഒഴികെയുള്ള രാജ്യങ്ങളുടെ സ്ഥിതിയും ഇതുതന്നെ.

ഭൂമിശാസ്ത്രം[തിരുത്തുക]

വടക്കേ അമേരിക്കയുടെ ഉപഗ്രഹചിത്രം. Clickable map

'പുതിയ ലോകം' എന്നു യൂറോപ്പുകാർ വിശേഷിപ്പിച്ചിരുന്ന അമേരിക്കയുടെ വടക്കുഭാഗത്തുള്ള കരപ്രദേശമാണു വടക്കേ അമേരിക്ക - ഈ വൻകരയെ തെക്കേ അമേരിക്കയുമായി ബന്ധിപ്പിക്കുന്നത്‌ പനാമാ കടലിടുക്കാണു. രാഷ്ട്രീയമായി നോക്കുകയാണെങ്കിൽ പനാമ രാജ്യവും അതിനു വടക്കോട്ടുള്ള പ്രദേശങ്ങളും വടക്കേ അമേരിക്ക ഭൂഖണ്ഡത്തിലാണു ഉൾപ്പെടുന്നതു.ഒരുകാലത്ത്‌ വടക്കേ അമേരിക്കയിലെഫ്ലോറിഡയെ തെക്കേ അമേരിക്കയിലെ വെനിസ്വേലയുമായി ബന്ധിപ്പിച്ചിരുന്നതും ഇപ്പോൾ വെള്ളത്തിനടിയിലായി കിടക്കുന്നതുമായ കരപ്രദേശത്തിന്റെ ഭാഗമാണു വെസ്റ്റ്‌ ഇൻഡീസ്‌ ദ്വീപുകൾ.

വടക്കേ അമേരിക്കയും തെക്കേ അമേരിക്കയും കൂടി അമേരിക്ക എന്ന ഒരു വൻകരയായി ചിലപ്പോൾ കണക്കാക്കാറുണ്ടു - ഉദാഹരണമായി ഒളിമ്പിക്സിന്റെ ചിഹ്നത്തിലെ വളയങ്ങളിൽ അമേരിക്കയെ പ്രതിനിധീകരിച്ച്‌ ഒരു വളയമാണുള്ളത്‌ (ബാക്കി നാലു വളയങ്ങൾ ഏഷ്യ, യൂറോപ്‌, ആഫ്രിക്ക, ഓഷ്യാനിയ എന്നിവയെ പ്രതിനിധീകരിക്കുന്നു)

വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ രാജ്യങ്ങൾ[തിരുത്തുക]

വടക്കേ അമേരിക്കയുടെ രാഷ്ട്രീയഭൂപടം.
രാജ്യം വിസ്തീർണ്ണം ജനസംഖ്യ
(ജുലൈ 1 2002 അനുസരിച്ചുള്ള കണക്ക്)
ജനസാന്ദ്രത
(/ച.കി,മീ)
തലസ്ഥാനം
ആൻ‌ഗ്വില്ല (UK) 102 13254 129.9 ദ് വാലി The Valley
ആന്റിഗ്വയും ബാർബൂഡയും 443 68722 155.1 സെയ്‌ന്റ്‌ ജോൺസ് St. John's
United States അമേരിക്കൻ ഐക്യനാടുകൾ United States 9,629,091 300,165,500 30.7 വാഷിംഗ്‌ടൺ ഡി.സി.
അറൂബ (Netherlands) 193 71566 370.8 ഓറ്ഞ്ജ്സ്റ്റഡ് Oranjestad
ബഹാമാസ് 13940 301790 21.6 നാസ്സോ Nassau
‎ബർബാഡോസ് Barbados 431 279254 647.9 ബ്രിഡ്‌ജ് ടൗൺ‍ BridgeTown
ബെലീസ് Belize 22966 279457 12.2 ബെൽമോപാൻ Belmopan
ബെർമ്യുഡ Bermuda (UK) 53 65365 1233.3 ഹാമിൽ‌ടൺ Hamilton
ബ്രിട്ടീഷ് വർജിൻ ദ്വീപുകൾ British Virgin Islands(UK) 153 22643 148.0 റോഡ് ടൗൺRoad Town
കാനഡ Canada 9,984,670 32,805,041 3.3 ഒട്ടാവ
ഗ്രനേഡ Grenada 344 89,502 260.2 സെയ്‌ന്റ്‌ ജോർജ്‌സ്‌ St. George's
ഗ്വാഡലൂപ്‌ Guadeloupe (France) 1,780 448,713 252.1 ബാസ്സെ-റ്ററെ Basse-Terre
ഗ്വാടിമാല Guatemala 108,890 14,655,189 134.6 ഗ്വാടിമാല നഗരം Guatemala City
ജമൈക്ക Jamaica 10,991 2,731,832 248.6 കിങ്ങ്‌സ്റ്റൺ Kingston
ട്രിനിഡാഡും ടൊബാഗോയും Trinidad and Tobago 5,128 1,088,644 212.3 പോർട് ഒഫ് സ്പയിൻ Port of Spain
നിക്കരാഗ്വ Nicaragua 129,494 5,465,100 42.2 മനാഗ്വ Managua
നെതർലാൻഡ്‌ ആന്റില്ലെസ്‌ Netherlands Antilles (Netherlands) 960. 219,958 229.1 വില്ലെംസ്റ്റഡ്‌ Willemstad
പനാമ Panama 52,853 2,498,717 47.3 പനാമാ നഗരം Panama City
പോർട്ടോ റിക്കോ Puerto Rico USA 9,104 3,916,632 430.2 സാൻവാൻ San Juan
മാർടിനീക്‌ Martinique (ഫ്രാൻസ്‌ ) 1,100 432,900 393.5 ഫോർട്ട്‌ ദെ ഫ്രാൻസ്‌ Fort-de-France
മെക്സിക്കോ Mexico 1972550 106202903 53.8 മെക്സിക്കോ സിറ്റി Mexico City
മോൺട്സെറാറ്റ്‌ Montserrat (UK)) 102 9,341 91.6 പ്ലിമത്ത് Plymouth
United States നവാസ്സാ ദ്വീപുകൾ Navassa Island USA 5.00 0 0
സെയ്ന്റ് കിറ്റ്സും നീവസും Saint Kitts and Nevis 261 38,958 149.3 ബാസ്സിറ്ററെ Basseterre
സെയ്ന്റ് ലൂസിയ Saint Lucia 616 166,312 270 കാസ്റ്റിരെസ്
സെയ്ന്റ്‌ പിയറി മിക്വെലോൺ Saint-Pierre and Miquelon ഫ്രാൻസ്‌ 242 7,012 29 സെയ്ന്റ്‌ പിയറി ,മിക്വെലോൺ
സെയ്ന്റ് വിൻസന്റും ഗ്രനഡീൻസും Saint Vincent and the Grenadines 389 117,534 302.1 കിങ്ങ്സ് ടൗൺ
United States വർജിൻ ദ്വീപുകൾ (അമേരിക്കൻ ) Virgin Islands USA 352 108,708 308.8 ഷാർലറ്റ്‌ അമേലി Charlotte Amalie
ഹെ‌യ്റ്റി Haiti 27,750 8,121,622 292.7 പോർട്‌ ഒഫ്‌ പ്രിൻസ്‌ Port-au-Prince
ഹോണ്ടൂറസ്‌ ‌ Honduras 112,090 6,975,204 62.2 തെഗൂസിഗാൽപ Tegucigalpa
റ്റർക്സ്‌, കൈകൊസ്‌ ദ്വീപുകൾ Turks and Caicos Islands UK 43 20,556 47.8 കോക്‌ബേൺ Cockburn Town
മൊത്തം 24486305 518575412 21.0

കുറിപ്പുകൾ:

പനാമ : ഈ രാജ്യത്തിൽ പനാമ കനാലിന്റെ പടിഞ്ഞാറു ഭാഗം മാത്രമാണു വടക്കേ അമേരിക്കയിൽ ഉൾപ്പെടുത്തിയിട്ടുള്ളത് - ജനസംഖ്യയും മറ്റു കണക്കുകളും വടക്കേ അമേരിക്കൻ ഭാഗത്തേതു മാത്രം.

ഭരണകൂടം[തിരുത്തുക]

New York City is the second most populous city in North America.
Toronto is the most populous city in Canada, and the sixth-most in North America.


വൻകരയെ കാനഡ, അമേരിക്കൻ ഐക്യനാടുകൾ, മെക്സിക്കോ, മധ്യ അമേരിക്കൻ രാജ്യങ്ങൾ എന്നിങ്ങനെ വിഭജിക്കാം. കോസ്റ്ററീക്ക, എൽസാൽവഡോർ, ഗ്വാട്ടിമാല, ഹോൺഡൂറസ്, നിക്കരാഗ്വ, പനാമ എന്നീ ആറു രാഷ്ട്രങ്ങളാണ് മധ്യ അമേരിക്കയിലുള്ളത്. വെസ്റ്റ് ഇൻഡീസ് ദ്വീപസമൂഹങ്ങളിൽ ക്യൂബ, ജെമേക്ക, ബാർബഡോസ്,ഡൊമിനീക്കൻ റിപ്പബ്ലിക്, ഹയ്തി, ട്രിനിഡാഡ്-ടൊബാഗോ, ബഹാമസ്, ബെലിസ്, ഡൊമിനിക്ക, സെന്റ് കിറ്റ്സ് & നെവിസ്, സെന്റ് ലൂഷ്യ,സെന്റ് വിൻസെന്റ് ആൻഡ് ദി ഗ്രെനഡീൻസ് എന്നിങ്ങനെ 12 സ്വതന്ത്രരാഷ്ടങ്ങളും പോർട്ടോ റിക്കോ എന്ന യു.എസ്. സംരക്ഷിതപ്രദേശവും ഉണ്ട്. ഇവ കൂടാതെ വൻകരയുടെ പരിധിയിൽത്തന്നെ നിരവധി ദ്വീപസമൂഹങ്ങളും ഉൾപ്പെടുന്നു. ഗ്രീൻലൻഡ്, ഗ്വാഡലൂപ്, അന്റീലിസ്, ലീവേഡ് ഐലൻഡ്സ്, ഗ്രെനെഡ, വെർജിൻ ഐലൻഡ്സ്, കനാൽസോൺ, ബെർമ്യൂഡ, കൈമാൻ ഐലൻഡ്സ്, ടർക്സ്-കെയ്കോസ് ഐലൻഡ്സ്, സെന്റ് പിയറി-മിക്വലോൻ ദ്വീപുകൾ എന്നിവയാണ് ഇവയിൽ പ്രമുഖം. വിവിധ രാഷ്ട്രങ്ങളുടെ സംരക്ഷിത പ്രദേശങ്ങളാണിവ.

യു.എസ്[തിരുത്തുക]

വടക്കേ അമേരിക്കയിലേതെന്നല്ല ലോകത്തിലെതന്നെ രാഷ്ട്രങ്ങളിൽ വികസനത്തിലും സമ്പദ്വ്യവസ്ഥയിലും മുൻപന്തിയിൽ നില്ക്കുന്ന സ്വതന്ത്രപരമാധികാര ഫെഡറൽ റിപ്പബ്ലിക്കാണ് യു.എസ്. (യുണൈറ്റഡ് സ്റ്റേറ്റ്സ്). വടക്ക് കാനഡ, കിഴക്ക് അറ്റ്ലാന്റിക് സമുദ്രം, തെക്ക് മെക്സിക്കോ ഉൾക്കടലും മെക്സിക്കോയും, പടിഞ്ഞാറ് പസിഫിക് സമുദ്രം എന്നിവയാണ് യു.എസ്സിന്റെ അതിരുകൾ. വൻകരയുടെ വടക്ക് പടിഞ്ഞാറേ അറ്റത്തുള്ള അലാസ്കയും പസിഫിക്കിലെ ഹവായിദ്വീപസമൂഹവും യു.എസ്സിലെ അംഗസംസ്ഥാനങ്ങളാണ്. ഇവ ഉൾപ്പെടെ മൊത്തം 50 സംസ്ഥാനങ്ങളാണ് യു.എസ്സിലുള്ളത്. അറ്റ്ലാന്റിക്കിലും പസിഫിക്കിലുമുള്ള ധാരാളം ദ്വീപസമൂഹങ്ങൾ യു.എസ്. സംരക്ഷിത പ്രദേശങ്ങളാണ്. തലസ്ഥാനം വാഷിങ്ടൺ ഡി.സി.

കാനഡ[തിരുത്തുക]

വടക്ക് അക്ഷാ. 56° ക്കു മുകളിൽ ഗ്രീൻലൻഡ്, അലാസ്ക എന്നിവയും സെന്റ് പിയറി-മിക്വലോൻ ദ്വീപുകളും ഒഴിച്ചുള്ള എല്ലാ പ്രദേശങ്ങളും കാനഡയിൽ ഉൾപ്പെടുന്നു; ഗ്രീൻലൻഡ് ഡച്ച് അധീനതയിലുള്ള പ്രദേശമാണ്. കോമൺവെൽത്ത് രാജ്യങ്ങളിൽ ഉൾപ്പെടുന്ന സ്വതന്ത്രഫെഡറൽ രാഷ്ട്രമാണ് കാനഡ. ഭരണപരമായി പത്തു പ്രവിശ്യകളും രണ്ടു ടെറിട്ടറികളുമായി വിഭജിക്കപ്പെട്ടിരിക്കുന്നു. തലസ്ഥാനം ഒട്ടാവ.

മെക്സിക്കോ[തിരുത്തുക]

യു.എസ്സിനു തെക്കും മധ്യ അമേരിക്കൻ രാജ്യങ്ങൾക്കു വടക്കുമായി സ്ഥിതിചെയ്യുന്ന ഫെഡറൽ റിപ്പബ്ലിക്കാണ് മെക്സിക്കോ. ഔദ്യോഗികനാമം: ഐക്യ മെക്സിക്കൻ സംസ്ഥാനങ്ങൾ. ഭരണസൗകര്യാർഥം മെക്സിക്കോയെ ഒരു ഫെഡറൽ ജില്ലയും 29 ഡിപ്പാർട്ടുമെന്റുകളും രണ്ടു ടെറിട്ടറികളുമായി തിരിച്ചിട്ടുണ്ട്. തലസ്ഥാനം: മെക്സിക്കോ സിറ്റി.

മധ്യ അമേരിക്കൻ രാഷ്ട്രങ്ങൾ[തിരുത്തുക]

മധ്യ അമേരിക്കയിലെ ആറു രാഷ്ട്രങ്ങളും ഇപ്പോൾ യു.എൻ. അംഗത്വമുള്ള സ്വതന്ത്രപരമാധികാര റിപ്പബ്ലിക്കുകളാണ്. ഇവയിൽ ഏറ്റവും വലുതു നിക്കരാഗ്വയാണ്; തലസ്ഥാനം: മനാഗ്വ. നിക്കരാഗ്വയ്ക്കു തെക്ക് പനാമയ്ക്കു വടക്ക് കിഴക്കുമായി കരീബിയൻതീരം മുതൽ പസിഫിക്കുവരെ വ്യാപിച്ചുകിടക്കുന്ന രാജ്യമാണു കോസ്റ്ററീക്ക; തലസ്ഥാനം സാൻ ജോസ്. നിക്കരാഗ്വയ്ക്കു വടക്കായി സ്ഥിതിചെയ്യുന്ന റിപ്പബ്ളിക്കാണ് ഹോൺഡൂറസ്; തലസ്ഥാനം: തെഗൂസീഗാൽപാ. ഹോൺഡൂറസ്സിനു പടിഞ്ഞാറായി മെക്സിക്കോയുമായി തൊട്ടുകിടക്കുന്ന മറ്റൊരു രാജ്യമാണ് ഗ്വാട്ടിമാല; തലസ്ഥാനം: ഗ്വാട്ടിമാല. മധ്യ അമേരിക്കയിലെ ഏറ്റവും ചെറിയ രാഷ്ട്രമായ എൽ സാൽവഡോർ പസിഫിക് തീരത്തു സ്ഥിതിചെയ്യുന്നു; തലസ്ഥാനം: സാൻ സാൽവഡോർ. വൻകരയുടെ തെക്കേ അറ്റത്തായി തെക്ക് അമേരിക്കയുമായി ബന്ധപ്പെട്ടുകിടക്കുന്ന ചെറു രാജ്യമാണു പനാമ; തലസ്ഥാനം പനാമാ സിറ്റി.

വെസ്റ്റ് ഇൻഡീസ്[തിരുത്തുക]

12 രാഷ്ട്രങ്ങളാണു വെസ്റ്റ് ഇൻഡീസിലുള്ളത്. ഏറ്റവും വലിയ ദ്വീപായ ക്യൂബ ഫ്ലോറിഡ (യു.എസ്.) യിൽ നിന്ന് 145 കി.മീ. തെക്കായി സ്ഥിതിചെയ്യുന്നു. സോഷ്യലിസ്റ്റു ഭരണക്രമമാണ് ഇവിടെ നിലവിലുള്ളത്; തലസ്ഥാനം ഹവാന. റൗൾകാസ്ട്രോയാണ് ഭരണത്തലവൻ മറ്റൊരു ദ്വീപായ ഹിസ്പാനിയോള രണ്ടു രാഷ്ട്രങ്ങൾ ചേർന്നതാണ്. കിഴക്ക് ഭാഗത്തു ദ്വീപിന്റെ മൂന്നിൽ രണ്ടോളവും ഡൊമിനീക്കൻ റിപ്പബ്ലിക് ആണ്; തലസ്ഥാനം സാന്റോ ഡോമിൻഗോ. പടിഞ്ഞാറുഭാഗം ഹയ്തിയാണ്; തലസ്ഥാനം പോർട്ട് ഓ പ്രിൻസ്. വെസ്റ്റ് ഇൻഡീസിൽപ്പെട്ട ബാർബഡോസ് കോമൺവെൽത്ത് രാഷ്ട്രങ്ങളിൽ ഉൾപ്പെടുന്നു. തലസ്ഥാനം: ബ്രിജ് ടൗൺ. ജെമേക്കയാണു മറ്റൊരു രാഷ്ട്രം; തലസ്ഥാനം കിംഗ്സ്ടൺ. വെസ്റ്റ് ഇൻഡീസിലെ ഏറ്റവും സമ്പന്നമായ രാഷ്ട്രമാണ് ട്രിനിഡാഡ്-ടൊബാഗോ; തലസ്ഥാനം: പോർട്ട് ഒഫ് സ്പെയിൻ. കരീബിയൻ മേഖലയിലെ മറ്റ് ആറ് രാഷ്ട്രങ്ങളും ബ്രിട്ടീഷ് കോളനികളെന്ന പദവിയിൽ നിന്ന് സ്വയംഭരണാവകാശം നേടി തുടർന്ന് പരമാധികാരരാഷ്ട്രങ്ങളായവയാണ്. ബഹാമസ് 1973-ലും ബെലീസ് 1981-ലും ഡൊമിനീക്ക 1978-ലും സെന്റ് കിറ്റ്സ് & നെവിസ് 1983-ലും സെന്റ് ലൂഷ്യ 1979-ലും സെന്റ് വിൻസെന്റ് & ദി ഗ്രെനഡീൻസ് 1979-ലും റിപ്പബ്ലിക് പദവി നേടി. തലസ്ഥാനനഗരങ്ങൾ യഥാക്രമം നാസാ, ബെൽമോപൻ, റോസോ, ബാസ്റ്റെയർ, കാസ്ട്രീസ്, കിൻസ്റ്റൺ എന്നീ നഗരങ്ങളാണ്. ഈ രാജ്യങ്ങളിൽ സെന്റ് കിറ്റ്സ് & നെവിസ് കറുത്ത വർഗക്കാർക്കു ബഹുഭൂരിപക്ഷമുള്ളതാണ്.

ഭൂപ്രകൃതി[തിരുത്തുക]

ശിലാഘടനയിലെ സാരൂപ്യത്തെ അടിസ്ഥാനമാക്കി വടക്കേ അമേരിക്കയെ അഞ്ചു മേഖലകളായി തിരിക്കാം.

കനേഡിയൻ ഷീൽഡ്[തിരുത്തുക]

ഭൂവല്കത്തിലെ ഏറ്റവും പഴക്കമേറിയ ശിലാസമൂഹങ്ങളിലൊന്നാണ് ഈ മേഖലയിൽ കാണപ്പെടുന്നത്. ദീർഘകാലത്തെ ഭൂരൂപപ്രക്രമങ്ങൾക്കു (geomorphic processes) വിധേയമായിരുന്ന ഈ ശിലാക്രമങ്ങൾക്ക് സങ്കീർണമായ ഘടനയാണുള്ളത്. എന്നാൽ ഈ പ്രദേശത്തിന്റെ പ്രതലരചനയിൽ മുഖ്യമായ പങ്കു വഹിച്ചിരുന്നത് ഹിമനദീയന (glaciation)ങ്ങളായിരുന്നു. പ്ലീസ്റ്റോസീൻ യുഗത്തിൽ വടക്കേ അമേരിക്കയുടെ ഏതാണ്ട് മുഴുവൻ ഭാഗവുംതന്നെ ഹിമാവരണത്തിലായിരുന്നു. വൻകരയിലെ ഹിമനദീയനം കനേഡിയൻ ഷീൽഡ് പ്രദേശത്തെ കേന്ദ്രീകരിച്ചായിരുന്നു. ഇതിന്റെ ഫലമായി പ്രസ്തുത മേഖലയുടെ തെക്കൻ ചരിവുകളിൽ ഉപരിശിലാപടലങ്ങളൊക്കെത്തന്നെ കരണ്ടെടുക്കപ്പെട്ട് ഏറ്റവും അടിയിലെ വളരെ പ്രായംചെന്ന പടലങ്ങൾ ദൃശ്യശിലാതലങ്ങളായി മാറിയിട്ടുണ്ട്. അങ്ങിങ്ങായിക്കാണുന്ന ഇൻസെൽബെർഗു (Inselberg) കൾ കഴിച്ചാൽ പൊതുവേ നിരപ്പായ പ്രദേശമാണിവിടം. ഹിമാനീകൃത തടാകങ്ങളും ചതുപ്പുകളും ധാരാളമായി കാണാം. വളരെ അപൂർവമായി അനേകശതം മീറ്റർ ഉയരത്തിൽ എഴുന്നുകാണുന്ന അവശിഷ്ടപർവതങ്ങളും ഉണ്ട്.

മധ്യമേഖല[തിരുത്തുക]

കനേഡിയൻ ഷീൽഡിനെ ചുറ്റി ഏതാണ്ട് വടക്ക് പടിഞ്ഞാറ് തെക്ക് കിഴക്കായി കിടക്കുന്ന ഈ മേഖലയ്ക്കും ഹിമാനീകൃതസ്ഥലരൂപമാണുള്ളത്. കനേഡിയൻ ഷീൽഡ് പ്രദേശത്തുനിന്നും ഹിമാനികൾ വഹിച്ചുനീക്കിയ ശിലാപദാർഥങ്ങൾ നിക്ഷേപിക്കപ്പെട്ട ഈ മേഖല സമതലപ്രദേശമായിത്തീർന്നിരിക്കുന്നു. പാലിയോസോയിക് യുഗത്തിലെ ശിലാക്രമങ്ങൾ അങ്ങിങ്ങായി എഴുന്നുനില്ക്കുന്ന ഈ പ്രദേശങ്ങളിൽ കുടം കമഴ്ത്തിയതുപോലുള്ള കുന്നുകളും പ്രകൃതിസിദ്ധമായ ശിലാകമാനങ്ങളും ദ്രോണികളും തടപ്രദേശങ്ങളും ഇടകലർന്നുകാണുന്നു. മധ്യമേഖലയുടെ പടിഞ്ഞാറരികിൽ റോക്കിപർവതനിരകളിൽനിന്ന് നീക്കം ചെയ്യപ്പെട്ട മിസോസോയിക്-ടെർഷ്യറി യുഗങ്ങളിലെ പ്രായംകുറഞ്ഞ ശിലാവസാദങ്ങൾ വ്യാപിച്ചിട്ടുണ്ട്. മിസ്സൌറി നദിക്കു കിഴക്കും ഒഹായോ നദിക്കു വടക്കുമായുള്ള പ്രദേശത്താണ് ഹിമാനികളാൽ നീക്കം ചെയ്യപ്പെട്ട അവശേഷം (debris) പൂർണമായി നിക്ഷിപ്തമായിരിക്കുന്നത്. ഗ്രേറ്റ് ലേക്സ് തടാകങ്ങളായി മാറിയ ഭൂഭാഗങ്ങളിലെ ശിലാപദാർഥങ്ങൾ അടർത്തി മാറ്റപ്പെട്ട് ഇവിടെ നിക്ഷേപിക്കപ്പെട്ടതായി കാണാം. ഒറ്റപ്പെട്ട കുന്നുകളൊഴികെ മേഖലയാകെ ഏറെക്കുറെ സമതലമായി കാണപ്പെടുന്നു. മധ്യമേഖലയുടെ തെക്ക് കിഴക്കരികിലും സീമാന്തപ്രദേശങ്ങളിലും ഹിമനദീയനത്തിന്റെ പ്രഭാവം അനുഭവപ്പെടുന്നില്ല. ഈ പ്രദേശങ്ങളിൽ നിമ്നോന്നതമായ ഭൂപ്രകൃതിയാണുള്ളത്.

അപ്പലേച്ചിയൻ പ്രദേശം[തിരുത്തുക]

പാലിയോസോയിക് ശിലാക്രമങ്ങൾക്ക് പ്രാമുഖ്യമുള്ള പഴക്കംചെന്ന ഭൂഭാഗമാണ് ഇവിടം. വിവിധ യുഗങ്ങളിൽ പ്രോത്ഥാനപ്രക്രിയകൾക്കു (upheavals) വിധേയമായതിന്റെ ലക്ഷണങ്ങൾ സ്പഷ്ടമാണ്; പടിഞ്ഞാറൻ പകുതിയിൽ വലനപ്രക്രിയകളുടെയും കിഴക്കരികിൽ ഭൂഭ്രംശത്തിന്റെയും പരിണതരൂപങ്ങൾ ദൃശ്യമാണ്. പീഡ്മോണ്ട്, ബ്ളൂറിഡ്ജ് എന്നീ പർവതപങ്ക്തികളിൽ തീവ്രമായ പർവതനത്തിന്റെ ഫലമായി രൂപംകൊണ്ടിട്ടുള്ള ശിലാക്രമങ്ങളാണുള്ളത്. ന്യൂ ഇംഗ്ലണ്ടിലും കാനഡയുടെ കിഴക്കരികിലുമായി വ്യാപിച്ചുകാണുന്ന നിരകളിലും പർവതനത്തിന്റെ തീവ്രത ദൃശ്യമാണ്. പൊതുവേ സങ്കീർണമായ ശിലാഘടനയാണുള്ളത്. ഏതാണ്ട് സമാന്തരമായി കിടക്കുന്ന വിവിധ മലനിരകൾ മുറിച്ചൊഴുകുന്ന ധാരാളം നദികളും ശക്തമായ അപരദനത്തിന്റെ ഫലമായി രൂപംകൊണ്ട നിരവധി ഉടവുകളും ഇവിടങ്ങളിൽക്കാണാം. താഴ്വരപ്രദേശങ്ങൾ സമുദ്രനിരപ്പിൽനിന്ന് സു.100-300 മീ. വരെ ഉയരത്തിലാണ്. അങ്ങിങ്ങായി എഴുന്നുകാണുന്ന ഒറ്റപ്പെട്ട കുന്നുകൾ സാമാന്യം ഉയരമുള്ളവയാണ്.

തീരസമതലങ്ങൾ[തിരുത്തുക]

പൊതുവേ പ്രായംകുറഞ്ഞ അവസാദശിലാശേഖരങ്ങളുടേതായ ഭൂപ്രദേശമാണിത്. മധ്യമേഖലയിലെ ശിലാതലങ്ങൾ കിഴക്കോട്ടു ചരിഞ്ഞിറങ്ങുന്ന നിലയിൽ അവസ്ഥിതമായിരിക്കുന്നു. ഇവയെ മൂടിക്കാണുന്ന മിസോസോയിക്-ടെർഷ്യറി യുഗങ്ങളിലെ അവസാദങ്ങളാണ് തീരസമതലത്തിലുള്ളത്. ധാരാളം ചതുപ്പുകളും ചെളിപ്രദേശങ്ങളും നിറഞ്ഞുകാണുന്നു. നിരന്ന പ്രദേശങ്ങൾ മിക്കവയും സമുദ്രനിരപ്പിൽനിന്ന് ഏതാനും മീറ്ററുകൾമാത്രം ഉയരത്തിലുള്ളവയാണ്.

റോക്കി പർവതപ്രദേശം[തിരുത്തുക]

സങ്കീർണമായ ഘടനയും ദുർഗമമായ ഭൂപ്രകൃതിയുമുള്ള റോക്കിപ്രദേശം വൻകരയിലെ ഏറ്റവും ഉയർന്ന ഭൂഭാഗമാണ്. ഉയർന്ന കൊടുമുടികളും കുത്തനെയുള്ള ചരിവുകളും ഇടുങ്ങിയ താഴ്വരകളും അധികം വിസ്തൃതമല്ലാത്ത പീഠപ്രദേശങ്ങളും ഒക്കെയായി വിവർത്തനിക (Tectonic) പ്രക്രിയകൾക്കു വിധേയമായിക്കൊണ്ടിരിക്കുന്ന ഒരു മേഖലയാണിത്. സജീവവും കെട്ടടങ്ങിയതുമായ നിരവധി അഗ്നിപർവതങ്ങൾ ഉൾക്കൊള്ളുന്ന അസ്വസ്ഥമായ ഈ പർവതപങ്ക്തികൾ അപ്പലേച്ചിയൻ നിരകളെ അപേക്ഷിച്ചു പ്രായം കുറഞ്ഞവയാണ്.

മണ്ണിനങ്ങൾ[തിരുത്തുക]

കിഴക്ക് ഷിക്കാഗോ വരെയും, തെക്ക് ടെക്സാസിലെ സാൻ അന്റോണിയോ വരെയും വടക്ക് ആൽബെർട്ടായിലെ എഡ്മൺടൺ വരെയും വ്യാപിച്ച്, ഏതാണ്ട് ത്രികോണാകൃതിയിൽ കാണപ്പെടുന്ന പ്രയറിപ്രദേശത്തെ മണ്ണാണ് ഉർവരതയിൽ മികച്ചുനില്ക്കുന്നത്. ഉഷ്ണമേഖലാപ്രദേശങ്ങളിൽ തീവ്രമായ അപരദനംമൂലം മണ്ണിലെ പോഷകാംശങ്ങൾ, വിശിഷ്യ നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാഷ് തുടങ്ങിയ വടക്ക് കുറവായിക്കാണുന്നു. ശുഷ്കപ്രദേശങ്ങളിലും ശൈത്യമേഖലയിലും ജലദൗർലഭ്യവും ജൈവാംശങ്ങളുടെ കുറവും മൂലം വളക്കൂറുകുറഞ്ഞ മണ്ണാണുള്ളത്.

നദീതടങ്ങളിലും പർവതനിരകൾക്കിടയിലുള്ള താഴ്വാരപ്രദേശങ്ങളിലും അധികം വിസ്തൃതമല്ലാത്ത ഫലഭൂയിഷ്ഠ മേഖലകളുണ്ട്. എക്കൽമണ്ണോ, ലാവാമണ്ണോ നിറഞ്ഞ പ്രദേശങ്ങളാണ് ഇവ. മരുപ്പച്ചകളും ഇക്കൂട്ടത്തിൽപ്പെടുന്നു. മെക്സിക്കോയുടെ തെക്ക് ഭാഗത്തുള്ള ഫലഭൂയിഷ്ഠങ്ങളായ താഴ്വാരപ്രദേശങ്ങൾ ഇതിനുദാഹരണമാണ്. വെസ്റ്റ് ഇൻഡീസ് ദ്വീപസമൂഹത്തിൽ മണ്ണിന് പൊതുവേ ഉർവരത കൂടുതലാണ്.

ദ്വീപുകൾ[തിരുത്തുക]

പൊതുവേ ക്രമരഹിതമായ വൻകരയുടെ തീരദേശത്തിന് ഉദ്ദേശം 3,00,000 കി.മീ. ദൈർഘ്യമുണ്ട്. ആർട്ടിക് ദ്വീപസമൂഹം ഗ്രെയ്റ്റർ ആൻഡ് ലെസർ ആന്റിലെസ്, അലക്സാണ്ടർ ദ്വീപസമൂഹം തുടങ്ങിയവ വടക്കേ അമേരിക്കൻ തീരത്തെ പ്രധാന ദ്വീപുകളാകുന്നു. ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീൻലൻഡ് അത്ലാന്തിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്നു. ഭൂമിശാസ്ത്രപരമായി വടക്കേ അമേരിക്കയുടെ ഭാഗമാണെങ്കിലും ഗ്രീൻലൻഡ് ഡെന്മാർക്കിന്റെ നിയന്ത്രണത്തിലുള്ള ഒരു പ്രവിശ്യയാണ്. അത്ലാന്തിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ന്യൂഫൌണ്ട്ലൻഡ് കനേഡിയൻ തീരത്തെ പ്രധാന ദ്വീപുകളിൽ ഒന്നാകുന്നു. പസിഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന വാൻക്യൂവർ, അല്യൂറ്റൈയ്ൻ ദ്വീപുകൾ എന്നിവയും വടക്കേ അമേരിക്കയുടെ ഭാഗമാണ്. കരീബിയൻ കടലിലെ ദ്വീപുകൾ പൊതുവേ വെസ്റ്റ് ഇൻഡീസ് എന്ന പേരിൽ അറിയപ്പെടുന്നു. ബഹാമസ്, ഗ്രെയ്റ്റർ ആന്റിലെസ്, ലെസർ ആന്റിലെസ് എന്നിവ ഈ ഗണത്തിൽപ്പെടുന്നു. കരീബിയ ദ്വീപുകളിൽ ഏറ്റവും വലിയ ദ്വീപായ ക്യൂബ ഗ്രെയ്റ്റർ ആന്റിലെസ് ദ്വീപ സമൂഹത്തിൽപ്പെടുന്നു.

മെക്സിക്കോ ഉൾക്കടലാണ് വൻകരതീരത്തെ ഏറ്റവും വലിയ ഉൾക്കടൽ; ഹഡ്സൺ ഉൾക്കടൽ രണ്ടാം സ്ഥാനത്തും. സെ. ലാറൻസ് ഉൾക്കടൽ, കാലിഫോർണിയ ഉൾക്കടൽ എന്നിവയാണ് മറ്റുള്ളവ.

ജലസമ്പത്ത്[തിരുത്തുക]

നദികൾ[തിരുത്തുക]

ലോകത്തിലെ വൻനദികളിൽ പലതും വടക്കേ അമേരിക്കയിലാണുള്ളത്. ഇവയിൽ ഏറ്റവും പ്രമുഖം മിസിസിപ്പി നദീവ്യൂഹമാണ്. മിനസോട്ടാ സംസ്ഥാനത്തിന്റെ വടക്ക് ഭാഗത്തുള്ള ഹിമാനീഭവ (glacial) തടാകങ്ങളിൽനിന്നുമാണ് മിസിസിപ്പി നദിയുടെ ഉദ്ഭവം. മെക്സിക്കോ ഉൾക്കടലിൽ പതിക്കുന്ന ഈ നദിയുടെ ആകെ നീളം 4,000 കി.മീ. ആണ്. മിസിസിപ്പിയുടെ പ്രധാന പോഷകനദിയായ മിസ്സൌറിക്ക് 4,320 കി.മീ. നീളമുണ്ട്. റോക്കിപർവതനിരകളിൽനിന്നാണ് ഇതിന്റെ ഉദ്ഭവം. മറ്റൊരു പ്രധാന പോഷകനദിയായ ഒഹായോ അപ്പലേച്ചിയൻ നിരകളിൽ നിന്നുദ്ഭവിച്ച് 2,080 കി.മീ. ഒഴുകി മിസിസിപ്പിയിൽ ചേരുന്നു. ദ്രുമാകൃതി അപവാഹത്തിന്റെ (dendritic drainage) ഉത്തമമാതൃകയായ മിസിസിപ്പി വ്യൂഹത്തിന്റെ ആവാഹക്ഷേത്രം യു.എസ്സിന്റെ പകുതിഭാഗത്തിലേറെ വ്യാപിച്ചിരിക്കുന്നു.

മധ്യസമതലത്തിന്റെ വടക്ക് ഭാഗത്തുള്ള പ്രധാന നദി ആർട്ടിക് സമുദ്രത്തിൽ പതിക്കുന്ന മെക്കൻസിയാണ്. ഏതാണ്ട് മിസിസിപ്പിയോളംതന്നെ നീളമുള്ള ഈ നദിക്ക് വലിയ പോഷകനദികൾ ഇല്ലെന്നുതന്നെ പറയാം; ഉള്ളവ റോക്കിനിരകളിലോ കാനഡയിലെ ഹിമാനീഭവ തടാകങ്ങളിലോ നിന്നും ഉദ്ഭവിക്കുന്ന ചെറുനദികളാണ്.

സുപ്പീരിയർ, മിഷിഗൺ, ഹ്യൂറൺ, ഈറി, ഒണ്ടാറിയോ എന്നീ ശുദ്ധജലതടാകങ്ങളും നിരവധി ചെറുതടാകങ്ങളും ചേർന്ന 'ഗ്രേറ്റ് ലേക്സ്' ജലാശയവ്യൂഹത്തിലൂടെ ഒഴുകി അത്ലാന്തിക്കിലെത്തുന്ന സെന്റ് ലോറൻസ് നദിയാണ് മൂന്നാമത്തേത്. റോക്കി പർവതനിരകളുടെ മധ്യത്ത് ഉദ്ഭവിച്ച് പടിഞ്ഞാറോട്ടൊഴുകി കാലിഫോർണിയ ഉൾക്കടലിൽ പതിക്കുന്ന കൊളറാഡോ നാലാം സ്ഥാനം അലങ്കരിക്കുന്നു. റോക്കി നിരകളുടെ വടക്കേ അറ്റത്തുനിന്നുദ്ഭവിച്ച് അലാസ്കയിലൂടെ ഒഴുകി ബെറിംഗ് കടലിൽ വീഴുന്ന യൂക്കൺ മറ്റൊരു പ്രധാന നദിയാണ്. യു.എസ്.-മെക്സിക്കോ അതിർത്തിയിലൂടെ കിഴക്കോട്ടൊഴുകി മെക്സിക്കോ ഉൾക്കടലിൽ വീഴുന്ന റയോഗ്രാന്റെയും വൻനദികളിൽ ഒന്നാണ്.

യു.എസ്സിന്റെ കിഴക്കൻഭാഗത്ത് അപ്പലേച്ചിയൻ നിരകളിൽനിന്നും ഉദ്ഭവിച്ച് അത്ലാന്തിക്കിലേക്കൊഴുകുന്ന ധാരാളം ചെറുനദികളുണ്ട്. കണക്ടിക്കട്ട്, ഡെലവേർ, ഹഡ്സൺ, മൊഹാക്ക്, പോട്ടോമാക് തുടങ്ങിയവയാണ് ഇക്കൂട്ടത്തിൽ പ്രമുഖം. റോക്കിയുടെ പടിഞ്ഞാറൻ ചരിവിൽനിന്നു പസിഫിക്കിലേക്കൊഴുകുന്നവയുമുണ്ട്. ഇവയിൽ സ്നേക്, കൊളംബിയ, ഫ്രേസർ എന്നീ നദികൾ പർവതം മുറിച്ച് കിഴക്കോട്ടൊഴുകി യു.എസ്സിന്റെ വടക്ക് പടിഞ്ഞാറൻ ഭാഗം കടന്നു കാനഡയിലെത്തി തടാകങ്ങളിൽ പതിക്കുന്നു. മെക്സിക്കോ പ്രദേശത്തും ധാരാളം ചെറുനദികളുണ്ട്.

തടാകങ്ങൾ[തിരുത്തുക]

വൻകരയുടെ വടക്കൻഭാഗത്താകെ, വിശിഷ്യ സമതലപ്രദേശങ്ങളിൽ, ഹിമാനീജന്യതടാകങ്ങളുടെ ബാഹുല്യം കാണാം. ഗ്രേറ്റ് ലേക്സിൽ ഉൾപ്പെട്ട സുപ്പീരിയർ (82,414 ച.കി.മീ.), മിച്ചിഗൺ (58,016 ച.കി.മീ.), ഹ്യൂറൺ (59,570 ച.കി.മീ.), ഇറി (25,745 ച.കി.മീ.), ഒണ്ടാറിയോ (19,529 ച.കി.മീ.) എന്നിവ ഗതാഗതക്ഷമങ്ങളായ വൻതടാകങ്ങളാണ്. ഈ തടാകങ്ങളൊക്കെത്തന്നെ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു. സുപ്പീരിയറിനും മിഷിഗണുമിടയ്ക്കുള്ള നദീമാർഗ്ഗം വെള്ളച്ചാട്ടങ്ങൾ കൊണ്ട് ദുർഗമമായതിനാൽ അവയെ 'സൂകനാൽ' എന്ന കൃത്രിമത്തോടു മുഖാന്തരം യോജിപ്പിച്ചിരിക്കുന്നു; കപ്പലുകൾക്കു സഞ്ചരിക്കാവുന്നവിധം അഗാധമാണ് ഇവിടം. മിഷിഗൺ, ഹ്യൂറൺ എന്നിവ ഒന്നിനൊന്നു തൊട്ടുകിടക്കുന്നു. ഹ്യൂറൺ, ഈറി എന്നിവയ്ക്കിടയ്ക്കായി സെന്റ് ക്ലെയർ എന്ന ചെറിയ തടാകമുണ്ട്. ഹ്യൂറണും ഈ തടാകത്തിനുമിടയ്ക്കുള്ള നദീമാർഗ്ഗത്തെ സെന്റ് ക്ലെയർ എന്നും തടാകം മുതൽ ഈറി വരെയുള്ള നദിക്ക് ഡിട്രോയിറ്റ് എന്നും പേർ പറയുന്നു. ഇവയൊക്കെത്തന്നെ വലിയ കപ്പലുകൾക്കുൾപ്പെടെ സഞ്ചാരയോഗ്യമാണ്. ഈറി തടാകത്തിനും ഒണ്ടാറിയോ തടാകത്തിനുമിടയ്ക്കുള്ള നയാഗ്രാ നദിയിലാണു ലോകപ്രസിദ്ധമായ നയാഗ്ര വെള്ളച്ചാട്ടം. ഈ ഭാഗത്തു വെല്ലൻഡ് കനാൽ എന്നറിയപ്പെടുന്ന കപ്പൽത്തോടിലൂടെ ജലഗതാഗതം സുഗമമാക്കിയിരിക്കുന്നു. സെന്റ് ലോറൻസ് മുഖം ശിശിരകാലത്തു മഞ്ഞുമൂടിപ്പോവുക പതിവായിരുന്നു. എന്നാൽ ഇപ്പോൾ ശാസ്ത്രീയമായ മാർഗങ്ങളിലൂടെ സെന്റ് ലോറൻസ് ഉൾക്കടൽ എല്ലാക്കാലത്തും തുറന്നുകിടക്കുന്ന അവസ്ഥ സംജാതമാക്കിയിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ ജലഗതാഗത മാർഗങ്ങളിലൊന്നാണു സെന്റ് ലോറൻസ്-ഗ്രേറ്റ് ലേക്സ് വ്യൂഹം.

വ്യാവസായികവും സാംസ്കാരികവുമായ പുരോഗതിയുടെ ഔന്നത്യത്തിലെത്തിയിരിക്കുന്ന വടക്കേ അമേരിക്ക ജലോപഭോഗത്തിൽ ആപേക്ഷികമായ വികാസം നേടിയിരിക്കുന്നു. മഴ പെയ്തുവീഴുന്ന ജലം സംഭരണികളിലും മറ്റു കൃത്രിമ ജലാശയങ്ങളിലുമായി സംഭരിച്ചുനിർത്തി, പരാമവധി പ്രയോജനപ്പെടുത്തുവാനുള്ള വ്യവസ്ഥകൾ നിലവിലുണ്ട്. ശുഷ്കപ്രദേശങ്ങളിൽ കുഴൽക്കിണറുകൾവഴി ഭൂജലം ഉപയോഗിക്കുന്നതിനുള്ള ശാസ്ത്രീയ ശ്രമങ്ങളും നടന്നുകഴിഞ്ഞിരിക്കുന്നു. ജലസേചനസമ്പ്രദായം പരമാവധി വികസിച്ചിട്ടുണ്ട്. നദീമാർഗങ്ങളെ പരസ്പരമോ തടാകങ്ങളുമായോ യോജിപ്പിക്കുന്ന ആഴമുള്ള തോടുകൾ ധാരാളമായി ഉണ്ടായിട്ടുണ്ട്. ഇവയിൽ മിക്കതും ഗതാഗതക്ഷമവുമാണ്. ജലവൈദ്യുതി ഉത്പാദനത്തിനുള്ള സാധ്യതകൾ ഏതാണ്ടു പൂർണമായും ചൂഷണം ചെയ്യപ്പെട്ടുവരുന്നു.

കാലാവസ്ഥ[തിരുത്തുക]

ആർട്ടിക് രീതിയിലുള്ള അതിശൈത്യം മുതൽ ഉഷ്ണമേഖലയിലെ അത്യുഷ്ണാവസ്ഥ വരെ വൈവിധ്യം നിറഞ്ഞ കാലാവസ്ഥാപ്രകാരങ്ങൾ ഈ വൻകരയിൽ അനുഭവപ്പെടുന്നു. കാനഡയുടെ വടക്ക് തീരം, അലാസ്ക, ഗ്രീൻലൻഡ് തുടങ്ങിയ ഉച്ചാക്ഷാംശപ്രദേശങ്ങൾ ഏറിയ കൂറും അതിശൈത്യകാലാവസ്ഥയിലാണ്. വൻകരയിലെ താപനില പൊതുവേ തെക്ക് നിന്നും വടക്കോട്ടു കുറഞ്ഞുവരുന്നു.

കിഴക്കുനിന്നു വീശുന്ന ധ്രുവവാതങ്ങളും മധ്യമേഖലയിലെ പടിഞ്ഞാറൻ കാറ്റുകളും പരസ്പരം സന്ധിക്കുന്ന ഒരു അക്ഷാംശീയമേഖലയിലാണ് ഈ വൻകരയുടെ സ്ഥിതി. വിരുദ്ധസ്വഭാവമുള്ള വായുപിണ്ഡങ്ങളുടെ (air-masses) ഏറ്റുമുട്ടലുകളാണ് വൈവിധ്യമുള്ള കാലാവസ്ഥാപ്രകാരങ്ങൾക്ക് കാരണമാകുന്നത്. വൻകരയുടെ മധ്യഭാഗത്ത് ചക്രവാതങ്ങളുടെ പ്രഭാവം കാണാം. ഉത്തരായണകാലത്ത് സൂര്യന്റെ വടക്കോട്ടുള്ള ചലനത്തിനനുസരിച്ച് ഈ ചക്രവാതങ്ങളുടെ ഗതിപഥങ്ങളും ക്രമേണ വടക്കോട്ടു നീങ്ങുന്നു. ഈ വ്യതിയാനം റോക്കിപർവതത്തിനു കിഴക്കായുള്ള മിക്ക മേഖലകളിലെയും കാലാവസ്ഥയെ സാരമായി ബാധിക്കുന്നു. ഏറ്റവും വടക്കായുള്ള ഭാഗങ്ങളിൽ ചക്രവാതങ്ങളുടെ സ്വാധീനത കാണുന്നില്ല. ഇവിടെ തണുത്ത ഗ്രീഷ്മകാലവും അതിശൈത്യമുള്ള ശിശിരകാലവുമായി ആർട്ടിക് കാലാവസ്ഥ അനുഭവപ്പെടുന്നു. ഈ പ്രദേശത്ത് വർഷണ(precipitation)ത്തിന്റെ തോത് നന്നേ കുറവാണ്.

ശിശിരകാലത്ത് വൻകരയിലെ മിക്ക പ്രദേശങ്ങളിലും ചുഴലിക്കൊടുങ്കാറ്റുകൾ വീശുന്നു. ഏഷ്യാ വൻകരയുടെ കിഴക്കൻ അരികുകളിൽ രൂപംകൊണ്ടു കിഴക്കോട്ട് നീങ്ങുന്ന വായുപിണ്ഡങ്ങൾ പസിഫിക് സമുദ്രം കടന്ന് വടക്കേ അമേരിക്കയുടെ പടിഞ്ഞാറൻ തീരത്തെത്തുന്നു. നീരാവി നിറഞ്ഞ ഈ വായുപിണ്ഡങ്ങൾ റോക്കിനിരകളിൽ തട്ടിയുയർന്ന് വൻകരയുടെ പടിഞ്ഞാറൻ തീരത്തു ധാരാളം മഴ പെയ്യിക്കുന്നു; സാമാന്യമായി ഹിമപാതവുമുണ്ടാകാം. കാലിഫോർണിയയുടെ തെക്ക് ഭാഗങ്ങളിൽ ഈ രീതിയിലുള്ള മഴ വളരെ വിരളമാണ്.

കടലിൽ നിന്നെത്തുന്ന ഈ ചക്രവാതങ്ങൾ റോക്കിപർവതം കടക്കുന്നതോടെ നീരാവിശോഷിതമായിത്തീരുന്നു; എങ്കിലും താഴ്വരപ്രദേശത്തേക്കു ശക്തമായി വീശുന്നു. ചിലപ്പോഴൊക്കെ ചെറിയ തോതിൽ വർഷപാതമുണ്ടാക്കുകയും ചെയ്യും. വൻകരയുടെ വടക്ക് ഭാഗങ്ങളിൽ ചിതറിക്കിടക്കുന്ന ജലാശയങ്ങൾ മിക്കപ്പോഴും ഈ ചുഴലിക്കാറ്റുകളെ നീരാവിസമ്പുഷ്ടമാക്കി മഴ പെയ്യിക്കാറുണ്ട്. സെന്റ് ലോറൻസ് തടപ്രദേശത്ത് ഈ രീതിയിൽ ധാരാളം മഴ ലഭിക്കുന്നു. കാലിഫോർണിയ കടന്ന് കിഴക്കോട്ടു വീശുന്ന ചുഴലിക്കാറ്റുകൾ മെക്സിക്കോ ഉൾക്കടലിൽനിന്നും വീശുന്ന നീരാവിപൂർണമായ കാറ്റുകളുമായി കൂടിക്കലരുന്നതോടെ മിസിസിപ്പി തടത്തിൽ ധാരാളമായി മഴ പെയ്യുന്നു.

ഗ്രീഷ്മകാലമാകുമ്പോഴേക്കും ചുഴലിക്കാറ്റുകളുടെ പഥങ്ങൾ വടക്കോട്ടു നീങ്ങുന്നു; അപൂർവമായി മാത്രമേ ഇവ പ്രത്യക്ഷപ്പെടാറുള്ളു. വൻകരയുടെ വടക്ക് പടിഞ്ഞാറരികിൽ മാത്രമാണ് ഗ്രീഷ്മകാലത്ത് ഇവ വീശുന്നത്. ഈ വ്യതിചലനം മൂലം വൻകരയ്ക്കുള്ളിലെ നിരന്ന പ്രദേശങ്ങളിൽ ശുഷ്കമായ കാലാവസ്ഥ അനുഭവപ്പെടുന്നു. ഈ കാലത്ത് ഉന്നതപ്രദേശങ്ങളിൽ അപൂർവമായി ഇടിമഴ ഉണ്ടാകാറുണ്ട്. അറ്റ്ലാന്റിക്കിൽനിന്നു വീശുന്ന വായുപിണ്ഡങ്ങളാണ് ഇവയ്ക്കു നിദാനം.

റോക്കിനദികൾക്കു കിഴക്കായുള്ള ഉൾപ്രദേശത്തെ സ്ഥിതി തുലോം വിഭിന്നമാണ്. ചക്രവാതങ്ങളുടെ വടക്കോട്ടുള്ള നീക്കം മൂലം ഈ പ്രദേശത്തും മഴ പെയ്യാനുള്ള സാധ്യത വിരളമായിത്തീരുന്നു. എന്നാൽ അപൂർവമായി പേമാരി ഉണ്ടാകാറുണ്ട്. അത്ലാന്തിക്കിലെ ഉഷ്ണമേഖലാഭാഗത്തുനിന്നും വൻകരയിലേക്കു വീശുന്ന കാറ്റുകൾ പ്രബലമായിത്തീരുമ്പോഴാണ് ഇങ്ങനെ മഴ ലഭിക്കാറുള്ളത്. യു.എസ്സിന്റെ കിഴക്ക് ഭാഗങ്ങളിലും കാനഡയുടെ തെക്ക് കിഴക്ക് അരികുവരേക്കും ഗതിമാറി വീശുന്ന അറ്റ്ലാന്റിക് വായുപിണ്ഡങ്ങളിൽനിന്ന് ഗ്രീഷ്മകാലത്ത് സാമാന്യം മഴ ലഭിച്ചുവരുന്നു.

മധ്യ അമേരിക്കയിലും കരീബിയൻ ദ്വീപുകളിലും ഉഷ്ണമേഖലാ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ഈ പ്രദേശങ്ങളിലെ മാധ്യതാപനില വളരെ ഉയർന്നതാണ്. സൂര്യൻ ഉത്തരാർധഗോളത്തിലായിരിക്കുമ്പോൾ കനത്ത മഴയും മറ്റു കാലങ്ങളിൽ സാമാന്യമായ വരൾച്ചയും ഈ കാലാവസ്ഥയുടെ പ്രത്യേകതകളാണ്. അത്ലാന്തിക്കിൽനിന്നു വീശുന്ന കാറ്റുകളാണ് മഴയ്ക്കു നിദാനം.

ഗ്രീഷ്മകാലത്തിന്റെ അന്ത്യത്തിൽ ചുഴലിക്കൊടുങ്കാറ്റുകൾ സാധാരണമാണ്. കനത്ത മഴ പെയ്യിക്കുന്ന വിനാശകരമായ കാറ്റുകളാണ് ഇവ. ശിശിരകാലത്ത് പൊതുവേ ശാന്തവും നിർമ്മലവുമായ കാലാവസ്ഥയായിരിക്കും.

സസ്യജാലം[തിരുത്തുക]

കാലാവസ്ഥ, ഭൂപ്രകൃതി, മണ്ണ് എന്നിവയ്ക്കനുസരിച്ച് പ്രകൃത്യാ ഉള്ള സസ്യജാലങ്ങളുടെ സവിശേഷത അടിസ്ഥാനമാക്കി വൻകരയെ വിവിധ മേഖലകളായി തിരിക്കാവുന്നതാണ്. മനുഷ്യാധിവാസവും തുടർന്നുള്ള ജീവസന്ധാരണപ്രക്രിയകളും പ്രകൃത്യായുള്ള അവസ്ഥയിൽ വലുതായ വ്യതിയാനങ്ങൾ വരുത്തിയിട്ടുണ്ട്.

വൻകരയുടെ വടക്കരികിലെ ആർട്ടിക് മേഖലയിൽ അതിശൈത്യംമൂലം സസ്യങ്ങളുടെ വളർച്ച തടസ്സപ്പെടുന്നു. ഇവിടെ പായൽ തുടങ്ങിയ സൂക്ഷ്മസസ്യങ്ങൾക്കാണ് പ്രാധാന്യമുള്ളത്. തുന്ദ്രാരീതിയിലുള്ള ഈ സസ്യജാലങ്ങൾ വിവിധയിനം ലൈക്കനുകളും വളരെ ചെറിയ ചെടികളും ഉൾപ്പെടുന്നതാണ്. ആർട്ടിക്മേഖലയ്ക്കു തൊട്ടു തെക്കുള്ള ഉപ ആർട്ടിക്മേഖലയിൽ അതിശൈത്യമുള്ള ശിശിരകാലവും ചൂടു കുറഞ്ഞ് ദീർഘമായ വേനൽക്കാലവുമാണുള്ളത്. തൻമൂലം ബെർച്ച്, വില്ലോ, അൽഡെർ, സ്പ്രൂസ് തുടങ്ങിയുള്ള വിവിധയിനം വൃക്ഷങ്ങൾ വളർച്ച മുരടിച്ച നിലയിൽ വളരെ പൊക്കത്തിലല്ലാതെ കാണുന്നു. തെക്കോട്ടു വരുന്തോറും സൂചികാഗ്രവൃക്ഷങ്ങളുടെ ആധിക്യമുള്ള ടൈഗാവനപ്രദേശമാണ്. ഇവിടെ സ്പ്രൂസ്, ഫർ, പൈൻ തുടങ്ങിയ വൃക്ഷങ്ങൾ ബെർച്ച്, വില്ലോ, ലാർച്ച്, പോപ്ളാർ തുടങ്ങിയവയുമായി ഇടകലർന്നു കണ്ടുവരുന്നു.

ആർട്ടിക്-ഉപ ആർട്ടിക് മേഖലകൾ വൻകരയുടെ കിഴക്കും പടിഞ്ഞാറും ഓരങ്ങളിൽ താണ അക്ഷാംശങ്ങളിലേക്കു വ്യാപിച്ചു കാണുന്നു. പടിഞ്ഞാറ് റോക്കി പർവതങ്ങളോടും കിഴക്ക് അപ്പലേച്ചിയൻ നിരകളോടും ബന്ധപ്പെട്ട ഉന്നത പ്രദേശങ്ങളിലെ മാധ്യതാപനില സമാന അക്ഷാംശത്തിലുള്ള മറ്റു താഴ്വാരങ്ങളിലെക്കാൾ കുറവായിരിക്കുന്നതാണ് ഇതിനു കാരണം. റോക്കി പർവതങ്ങൾ സമുദ്രത്തിൽനിന്നുള്ള ജലാംശം നിറഞ്ഞ വായുവിനെ തടഞ്ഞുനിർത്തി മഴ പെയ്യിക്കുന്നതിനാൽ, പർവതത്തിന്റെ കിഴക്ക് ചരിവുകളും സമീപപ്രദേശങ്ങളും മഴനിഴൽ പ്രദേശങ്ങൾ ആണ്. നേരേമറിച്ച് പടിഞ്ഞാറൻ ചരിവുകളിൽ കനത്ത വർഷപാതമുണ്ടാകുകയും ചെയ്യുന്നു. ഈ പ്രദേശങ്ങളിൽ 60 മീ. ലേറെ ഉയരത്തിൽ വളരുന്ന വൻവൃക്ഷങ്ങൾ ധാരാളമായി കണ്ടുവരുന്നു. പസിഫിക് തീരത്ത് മധ്യ അലാസ്കയിലെ താഴ്വരപ്രദേശങ്ങൾ വരെ സാമ്പത്തികപ്രാധാന്യമുള്ള വനങ്ങൾ സുലഭമാണ്. എന്നാൽ ഉന്നതപ്രദേശങ്ങളിലേക്കു പോകുന്തോറും താപനിലയിലെ കുറവു മൂലം വൃക്ഷങ്ങളുടെ വളർച്ച മുരടിക്കുന്നു. റോക്കി പർവതങ്ങളുടെ ഉയർന്ന ശിഖരങ്ങളിൽ തുന്ദ്രാരീതിയിലുള്ള സസ്യങ്ങളാണുള്ളത്. ഒറ്റപ്പെട്ട മഞ്ഞുമൂടിയ പ്രദേശങ്ങളും വിരളമല്ല.

ചക്രവാതങ്ങളുടെ പ്രഭാവംമൂലം മഴ ലഭിക്കുന്ന മധ്യമേഖലയിൽ വിശാലപത്രവനങ്ങളാണുള്ളത്; ഇവയിൽ മിക്കതും ഇലപൊഴിക്കുന്ന ഇനങ്ങളുമാണ്. വടക്ക് ഭാഗങ്ങളിൽ ബെർച്ച്, ബീച്ച്, മേപ്പിൾ, ഓക് തുടങ്ങിയ ഇനങ്ങൾ സമൃദ്ധമായി വളരുന്നു. തെക്കോട്ടു നീങ്ങുമ്പോൾ വാൽനട്ട്, ഹിക്കോറി, ഓക്, ടുലിപ് തുടങ്ങിയവയ്ക്കാണു പ്രാമാണ്യം. ഈ മേഖലയിൽ പ്രകൃത്യായുള്ള സസ്യജാലം മിക്കവാറും ലുപ്തമായിത്തീർന്നിട്ടുണ്ട്. വനങ്ങൾ ഒട്ടുമുക്കാലും ശൂന്യമാക്കപ്പെട്ടുകഴിഞ്ഞു; സാമ്പത്തിക പ്രാധാന്യമുള്ള വൃക്ഷങ്ങൾ ശാസ്ത്രീയമായി വച്ചുപിടിപ്പിച്ചിട്ടുള്ള സംരക്ഷിതവനങ്ങൾ മാത്രമാണ് ഇപ്പോഴുള്ളത്.

തീരസമതലങ്ങളിലെ ഇളക്കമുള്ള മണ്ണിൽ പൈൻമരങ്ങൾ സമൃദ്ധമായി വളരുന്നു. നദീതടങ്ങളിലെ ചെളിപ്രദേശങ്ങളിൽ സൈപ്രസ് മരങ്ങളും പശമരങ്ങളുമാണു കൂടുതലായുള്ളത്. വൃക്ഷങ്ങളില്ലാതെ തുറസ്സായുള്ള ചതുപ്പുപ്രദേശങ്ങൾ പുല്ലു മൂടിക്കാണുന്നു.

റോക്കി പർവതനിരകളുടെ കിഴക്കായുള്ള മഴനിഴൽ പ്രദേശം പൊതുവേ മരുപ്രദേശമാണ്. മഴക്കൂടുതലുള്ള പ്രദേശങ്ങളിൽ ഉദ്ഭവിച്ച് ഈ പ്രദേശത്തുകൂടി ഒഴുകി നീങ്ങുന്ന ചുരുക്കം ചില നദികളുണ്ട്. അവയുടെ തടങ്ങളിൽ കുറ്റിച്ചെടികൾ നിറഞ്ഞ പുൽമേടുകൾ കാണാം. ശേഷിച്ച പ്രദേശങ്ങളിൽ കള്ളിച്ചെടികളും മറ്റു മരുസസ്യ(xerophyte)ങ്ങളുമാണുള്ളത്. ഇവയിൽ മിക്കവയും മുൾച്ചെടികളുമാണ്. 10 മീറ്ററോളം ഉയരത്തിൽ വളരുന്ന മുൾച്ചെടികൾ ഇവിടെ സാധാരണമാണ്.

പടിഞ്ഞാറ് മരുഭൂമിക്കും കിഴക്കരികിലെ വനങ്ങൾക്കുമിടയിലുള്ള മേഖല വിസ്തൃതമായ പുൽപ്രദേശമാണ്. ഈ പ്രദേശത്തിന്റെ കിഴക്കരികിൽ താരതമ്യേന മഴ കൂടുതൽ ലഭിക്കുന്നു. തത്ഫലമായി ഇവിടെ കൃഷി അഭിവൃദ്ധിപ്പെട്ടിരിക്കുന്നു. മഴ കുറവുള്ള പടിഞ്ഞാറൻ ഭാഗങ്ങൾ മേച്ചിൽ സ്ഥലങ്ങളാണ്. ഈ പ്രദേശത്തിന്റെ കിഴക്കരികും സസ്യസമൃദ്ധമാണ്. രണ്ടു മീ. ലേറെ പൊക്കമുള്ള പുൽവർഗങ്ങളും കുറ്റിച്ചെടികളും ഇവിടെ കാണാം.

യു.എസ്. സംസ്ഥാനങ്ങളായ ഇല്ലിനോയി, അയോവ എന്നിവിടങ്ങളും തൊട്ടുകിടക്കുന്ന ടെക്സാസ്-ഒക്ലഹാമാ സമതലങ്ങളുടെ സീമാന്തപ്രദേശങ്ങളും അടങ്ങുന്ന ത്രികോണാകൃതിയിലുള്ള പ്രയറിപ്രദേശത്ത് നദീതടങ്ങളിൽ മാത്രമേ വൃക്ഷങ്ങൾ വളർന്നുകാണുന്നുള്ളു. ഉയർന്ന പ്രദേശങ്ങളും ചരിവുതലങ്ങളും പുൽമേടുകളാണ്. പുല്ലുവർഗങ്ങളുടെ ഉയരം പ്രയറിപ്രദേശത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗങ്ങളിലേക്കു കടക്കുമ്പോൾ അനുക്രമമായി കുറഞ്ഞുകാണുന്നു. ഈ ഭാഗത്ത് ഇലപൊഴിക്കുന്ന ഇലവുവൃക്ഷങ്ങൾക്കാണ് പ്രാധാന്യമുള്ളത്.

ഉഷ്ണമരുഭൂമിയും പുൽപ്രദേശങ്ങളും വൻകരയുടെ ഉൾഭാഗത്തു മധ്യ അമേരിക്കയോളം വ്യാപിച്ചുകാണുന്നു. എന്നാൽ മെക്സിക്കോയുടെ തീരങ്ങളിലും കരീബിയൻ പ്രദേശത്തും നിത്യഹരിതവനങ്ങളാണുള്ളത്. പല ഉയരത്തിലുമുള്ള വൃക്ഷങ്ങൾ സമൃദ്ധമായി വളരുന്നതാണ് ഈ വനങ്ങൾ. ഈ പ്രദേശത്തുള്ള പുൽമേടുകൾ പൊങ്ങിവളരുന്ന പുൽവർഗങ്ങൾ നിറഞ്ഞ 'സാവന്ന' മാതൃകയിലുള്ളവയാണ്.

ജന്തുവർഗങ്ങൾ[തിരുത്തുക]

ഉഷ്ണമേഖലാപ്രദേശങ്ങൾ വിവിധയിനം ജന്തുവർഗങ്ങളുടെ വിഹാരരംഗമാണ്. അനവധിയിനം കുരങ്ങുകൾ, അണ്ണാൻ, പക്ഷികൾ, പാമ്പുകൾ, ഉറുമ്പുവർഗങ്ങൾ തുടങ്ങിയവയെ ഇവിടെ ധാരാളമായി കാണാം.

മരുപ്രദേശങ്ങളിൽ ജലദൌർലഭ്യം നിമിത്തം വലിപ്പമുള്ള മൃഗങ്ങൾ കാണപ്പെടുന്നില്ല. കുറുനരി, മുയൽ തുടങ്ങിയവയാണ് ഇവിടെ ധാരാളമായുള്ളത്. ഉരഗവർഗത്തിൽപ്പെട്ട ജന്തുക്കളെയും മൂങ്ങ തുടങ്ങിയ പക്ഷികളെയും ഇവിടങ്ങളിൽ കണ്ടുവരുന്നു. അമേരിക്കൻ കാട്ടുപോത്തിന്റെ ആസ്ഥാനമാണ് പ്രയറിപ്രദേശം. അനിയന്ത്രിതമായ വേട്ടയുടെ ഫലമായി ഇവ എണ്ണത്തിൽ കുറഞ്ഞുവരുന്നു. ആന്റിലോപ്, കൊയോത്, ജാക് റാബിറ്റ് തുടങ്ങിയവയും അണ്ണാൻവർഗത്തിൽപ്പെട്ട ജന്തുക്കളും ധാരാളമുണ്ട്. വെട്ടുകിളിയുടെ ശല്യവും ഉണ്ട്. പാമ്പ്, ആമ തുടങ്ങിയവയും വിട്ടിൽ, ഉറുമ്പ്, കൊതുക് മുതലായവയും വളരെയധികം കണ്ടുവരുന്നു. തീരസമതലങ്ങളിൽ മാൻ, കുറുനരി, കോവർ, സൂൻക്, റാക്കൂൺ, മസ്ക്റാറ്റ്, അണ്ണാൻ, മുയൽ തുടങ്ങിയവയാണു സാധാരണ കാണാറുള്ളത്.

ഉപ ആർട്ടിക് മേഖലയിൽ കരടി, ലിങ്ക്, ചെന്നായ തുടങ്ങിയ വന്യമൃഗങ്ങൾ നിവസിക്കുന്നു. കുറുനരി, മാൻ, മൂസ്, എൽക്, കരിബൂ തുടങ്ങിയവയും അണ്ണാൻ, ബീവർ, മുയൽ, മുള്ളൻപന്നി മുതലായവയും ധാരാളമുണ്ട്. വിവിധയിനം പക്ഷികളുടെ ഇടയിൽ മരംകൊത്തികൾ പ്രത്യേകം പ്രാമാണ്യമർഹിക്കുന്നു. ആർട്ടിക് മേഖലയിൽ അതിശൈത്യംമൂലം സമൃദ്ധമായ ജന്തുജീവിതം ദുഷ്കരമാണ്. ഗ്രീഷ്മകാലത്ത് തെക്ക് നിന്നും കടന്നുകയറുന്ന ജന്തുക്കളാണ് അധികമുള്ളത്. ലെമ്മിംഗ്, ആർട്ടിക് മുയൽ എന്നിവയാണു സവിശേഷമായ ഇനങ്ങൾ. മറ്റു മൃഗങ്ങളിൽ കരിബൂ, മസ്ക് ഓക്സ്, റെയിൻഡീയർ, ധ്രുവക്കരടി തുടങ്ങിയവ ഉൾപ്പെടുന്നു.

ജനങ്ങളും ജീവിതരീതിയും[തിരുത്തുക]

ജനവിഭാഗങ്ങൾ[തിരുത്തുക]

കാനഡയിലെ ജനതയിൽ ബ്രിട്ടീഷുകാർ (44 ശതമാനം), ഫ്രഞ്ചുകാർ (27 ശതമാനം), ജർമൻകാർ (5 ശതമാനം), ഇറ്റലിക്കാർ (3 ശതമാനം) എന്നിവരും കുറഞ്ഞയളവിൽ (2 ശതമാനം) സ്കാൻഡിനേവിയൻ-ഉക്രെയിൻ വിഭാഗക്കാരുമാണുള്ളത്. എസ്കിമോകളും അമേരിന്ത്യരും ഉൾപ്പെടുന്ന തദ്ദേശീയർ രണ്ടു ശതമാനത്തോളം മാത്രമേ വരികയുള്ളു.

യു.എസ്സിലെ ജനങ്ങളിൽ 18.1ശതമാനം കറുത്തവർഗക്കാരാണ്. ആഫ്രോ കരീബിയൻ 11.7 ശതമാനം, ഹിസ്പാനിക് 6.4 ശതമാനം; 1.5 ശതമാനത്തിലേറെ ആളുകൾ പൗരസ്ത്യ ദേശങ്ങളിൽനിന്നുള്ള കുടിയേറ്റക്കാരാണ്.

മധ്യ അമേരിക്കയിലെ ജനങ്ങളിൽ പകുതിയിലധികവും അമേരിന്ത്യൻ വർഗക്കാരാണ്. മറ്റു ജനവിഭാഗങ്ങൾ യൂറോപ്യരും, കറുത്തവരും സങ്കരവർഗങ്ങളുമാണ്. കരീബിയൻ ദ്വീപുകളിലെ പൊതുസ്ഥിതിയും ഇതുതന്നെ. എന്നാൽ ഓരോ രാജ്യത്തിലെയും സ്ഥിതി വ്യത്യസ്തമായിക്കാണുന്നു. കോസ്റ്ററീക്കയിൽ എതാണ്ട് മുഴുവൻ പേരുംതന്നെ വെള്ളക്കാരാണ്. ഗ്വാട്ടിമാലയിൽ അമേരിന്ത്യർക്കാണ് ഭൂരിപക്ഷം. മെക്സിക്കോയിലെ ജനങ്ങളിൽ യൂറോപ്യൻമാർ 15 ശതമാനം മാത്രമേയുള്ളു; 30 ശതമാനത്തോളം അമേരിന്ത്യരും 55 ശതമാനം മെസ്റ്റിസോകളുമാണ്. വെസ്റ്റ്ഇൻഡീസിലെ ഭൂരിഭാഗം ജനങ്ങളും കറുത്തവർഗക്കാരാണ് ജെമേക്കയിൽ കറുത്തവർഗക്കാരുടെ ശതമാനം 78 ആണ്; ഹയ്തിയിൽ 90 ശതമാനവും കറുത്തവർഗക്കാരാകുന്നു.

നഗരജീവിതത്തിലേക്കുള്ള സംക്രമണം വൻകരയിലെ അധിവാസത്തിന്റെ പൊതുപ്രവണതയായിത്തീർന്നിരിക്കുന്നു. യു.എസ്സിലെ 69.9 ശതമാനവും കാനഡയിലെ 69.6 ശതമാനവും ജനങ്ങൾ നഗരങ്ങളിൽ വസിക്കുന്നവരാണ്.

ജനവിതരണം[തിരുത്തുക]

ഭൂമുഖത്തെ മൊത്തം കരഭാഗത്തിന്റെ 16 ശതമാനം വരുന്ന ഈ വൻകരയിൽ കാനഡയുടെ തെക്ക് കിഴക്കൻ ഭാഗവും യു.എസ്സിന്റെ കിഴക്കൻ ഭാഗവും ചേർന്ന മേഖലയാണ് ജനസാന്ദ്രതയിൽ മുന്നിട്ടുനില്ക്കുന്നത്. വെസ്റ്റ് ഇൻഡീസിലെ ചില ദ്വീപുകളിലും ജനസാന്ദ്രത വളരെ കൂടുതലാണ്. ഉദാഹരണമായി ബാർബഡോസിലെ ജനസാന്ദ്രത ച.കി.മീറ്ററിന് 645.7 ആണ്. നഗരാധിവാസം കുറഞ്ഞ പ്രദേശങ്ങളാണ് ഇവ. മാർട്ടിനിക്, പ്വേർട്ടോറീക്കോ, ജെമേക്ക, വിൻഡ്വേസ് ദ്വീപുകൾ, ലീവേഡ് ദ്വീപുകൾ, ഹയ്തി റിപ്പബ്ളിക് തുടങ്ങിയവയും ജനനിബിഡമാണ്.

മധ്യഅമേരിക്കൻ രാജ്യങ്ങളിൽ പൊതുവേ കാണപ്പെടുന്ന ഒരു സവിശേഷത അവിടങ്ങളിലെ ജനാധിവാസം കൃഷിയോഗ്യമായ താഴ്വാരങ്ങളിലും ചുരുക്കം നഗരങ്ങളിലുമായി ഒതുങ്ങിക്കാണുന്നുവെന്നതാണ്. മെക്സിക്കോയിലെ ജനസംഖ്യയിൽ പകുതിയോളവും തലസ്ഥാന നഗരിയെ ചുറ്റിയുള്ള കൃഷിസമൃദ്ധമായ പ്രവിശ്യകളിലാണ് നിവസിക്കുന്നത്. രാജ്യത്തിന്റെ മൊത്തം വിസ്തൃതിയുടെ 1/7 ഭാഗം മാത്രം വരുന്ന പ്രദേശത്താണ് ഈ ജനപ്പെരുപ്പം.

വൻകരയിലെ ഏറ്റവും കുറഞ്ഞ ജനവാസമുള്ള പ്രദേശം അലാസ്കയാണ്. കാനഡയുടെ പശ്ചിമാർധത്തിലും യു.എസ്സിലെ റോക്കി പർവതനിരകൾക്കു തൊട്ടു കിഴക്കുള്ള ശുഷ്കപ്രദേശത്തും ജനാധിവാസം വളരെ കുറവാണ്.

വൻകരയുടെ മൊത്തം സ്ഥിതി നോക്കിയാൽ ഇപ്പോഴത്തെ ജനസംഖ്യ 1880-തിന്റെ മൂന്നിരട്ടിയായിട്ടുണ്ടെന്നു കാണാം.

സംസ്കാരം[തിരുത്തുക]

വടക്കേ അമേരിക്കയിലെ ആദിമ നിവാസികൾ എസ്കിമോകളും അമേരിന്ത്യരുമാണ്. 20,000 വർഷങ്ങൾക്കുമുൻപ് മംഗോളിയൻ വർഗത്തിൽപ്പെട്ട, സ്ഥിരവാസികളല്ലാത്ത ജനവിഭാഗങ്ങൾ, തങ്ങളുടെ തുകൽനിർമിതമായ വള്ളങ്ങളിൽ 86 കി.മീ. വീതിയുള്ള ബെറിംഗ് ജലസന്ധി തരണം ചെയ്ത് അലാസ്കയിൽ എത്തിച്ചേർന്ന് വൻകരയുടെ മറ്റു ഭാഗങ്ങളിലേക്കു വ്യാപിച്ചതായി വിശ്വസിക്കപ്പെടുന്നു. ഏഷ്യയിലെ ജനങ്ങളുമായി ഗോത്രസാദൃശ്യം പുലർത്തുന്ന അമേരിന്ത്യർ അവിടെനിന്ന് കുടിയേറിപ്പാർത്തവരാണെന്നാണ് നരവംശശാസ്ത്രജ്ഞന്മാരുടെ നിഗമനം. യൂറോപ്യർ അമേരിക്കയിലെത്തുന്നതിനു വളരെക്കാലം മുൻപാണിത്. അതിനാൽ വടക്കേ അമേരിക്കയെ നവീനലോകമെന്നു വിശേഷിപ്പിക്കുന്നത് ശരിയാവില്ല. വടക്കേ അമേരിക്കയിൽ പല കാലങ്ങളിലായി കുടിയേറിപ്പാർത്ത അമേരിന്ത്യർ വിവിധ ഗോത്രങ്ങളിൽപ്പെട്ടവരും വിഭിന്ന ഭാഷകൾ സംസാരിക്കുന്നവരുമാണ്. ഇവരെ പൊതുവേ ആറു പ്രധാന ഭാഷാവിഭാഗങ്ങളായി - എസ്കിമോ-അല്യൂട്ട്, അൽഗോങ്കിൻ-വാകഷാൻ, ഹൊക്കൻ-സിയോവൻ, പെന്യൂഷ്യൻ, നാദേൻ, ആസ്ടെക്-ടാനോവൻ-തിരിച്ചിരിക്കുന്നു.

അമേരിന്ത്യർ അതിപ്രാചീനമായ സംസ്കാരങ്ങളുടെ ഉടമകളായിരുന്നു. ഇവരിൽ പ്രധാന ജനവിഭാഗങ്ങൾ മായ, ടോൽടെക്, ആസ്ടെക് എന്നിവയാണ്. ഇവർ തങ്ങളുടെ സാമ്രാജ്യങ്ങളും സാംസ്കാരികസംഭാവനകളും കേന്ദ്രീകരിച്ചിരുന്നത് മെക്സിക്കോയിലും മധ്യഅമേരിക്കൻ പ്രദേശങ്ങളിലുമായിരുന്നു. സമൂഹാടിസ്ഥാനത്തിൽ, കൃഷിയും ജലസേചനവും ഏർപ്പെടുത്തി ഉന്നതനിലയിൽ ജീവിക്കുവാൻ അവർക്കു കഴിഞ്ഞു. പല നഗരങ്ങളും അവർ സ്ഥാപിച്ചു. മൺപാത്രനിർമ്മാണവും ലോഹംകൊണ്ടുള്ള ആയുധങ്ങളുടെയും പാത്രങ്ങളുടെയും ആഭരണങ്ങളുടെയും നിർമ്മാണവും അവർക്കു വശമായിരുന്നു.

മായൻ സംസ്കാരം. മെക്സിക്കോയിൽ വളർന്ന മായൻ സംസ്കാരം ക്രിസ്തുവിനും ആയിരം വർഷം മുൻപുതന്നെ നിലനിന്നിരുന്നു. ആഡംബരപ്രിയരായിരുന്ന ഇവർ വനങ്ങൾ വെട്ടിത്തെളിച്ച് കൃഷിചെയ്യുകയും നഗരങ്ങൾ നിർമിച്ച് അവിടെ ദേവാലയങ്ങളും രാജസൌധങ്ങളും പണികഴിപ്പിക്കുകയും ചെയ്തു. ശില്പകലയിലും ഇവർ പ്രാവീണ്യം സമ്പാദിച്ചു. കളിമണ്ണുപയോഗിച്ച് ഭംഗിയും മിനുസവുമുള്ള പാത്രങ്ങൾ നിർമിച്ച് അവയിൽ ചിത്രപ്പണികൾ ചെയ്യുവാനുള്ള ഇവരുടെ കഴിവ് അന്യാദൃശമായിരുന്നു. പ്രതിമാനിർമ്മാണത്തിലും ഇവർ പ്രാഗല്ഭ്യം പ്രകടിപ്പിച്ചു. ചർമങ്ങളും മരപ്പട്ടകളും അവരുടെ എഴുത്തുപകരണങ്ങളായിരുന്നു. ഗണിതവും മനഃശാസ്ത്രവും അവിടെ വളരെ പുരോഗമിച്ചിരുന്നു. സ്വന്തമായ ഒരു പഞ്ചാംഗവും അവർക്കുണ്ടായിരുന്നു. എ.ഡി. 900-ൽ ടോൽടെക്കുകൾ മായന്മാരെ ആക്രമിച്ചു. എങ്കിലും എ.ഡി. 15-ാം ശതാബ്ദം വരെ ഈ സംസ്കാരം നിലനിന്നു.

ടോൽടെക് സംസ്കാരം. മെക്സിക്കോയിൽത്തന്നെ വളർന്നു വികസിച്ച മറ്റൊരു സംസ്കാരമായിരുന്നു ടോൽടെക് സംസ്കാരം. പിരമിഡുകൾ നിർമ്മിക്കുന്നതിൽ അത്ഭുതാവഹമായ കഴിവ് ടോൽടെക്ക് ജനത പ്രദർശിപ്പിച്ചിരുന്നു; ചൊലുല (Cholula) യിലെ പിരമിഡ് ലോകപ്രസിദ്ധമാണ്. ടോൽടെക്കുകളുടെ കാലത്തുതന്നെ മെക്സിക്കോയിൽ എത്തിയ മറ്റൊരു വിഭാഗം അമേരിന്ത്യരായിരുന്നു ആസ്ടെക്കുകൾ. തടാകമധ്യത്ത് ചെറുദ്വീപുകൾ ഉണ്ടാക്കി അവയിൽ നഗരങ്ങൾ കെട്ടിപ്പടുക്കുവാൻ അവർക്ക് കഴിഞ്ഞിരുന്നു. ക്രമേണ മെക്സിക്കോ പ്രദേശം പൂർണമായും അവരുടെ ആധിപത്യത്തിൻകീഴിലാക്കി (എ.ഡി. 15-ാം ശ.). ആസ്ടെക്കുകളുടെ തലസ്ഥാനം തെനോച്റ്റിറ്റ്ലാൻ (Tenochtitlan)-ഇന്നത്തെ മെക്സിക്കോ സിറ്റി ആയിരുന്നു. കോൺക്രീറ്റിൽ കെട്ടിടങ്ങൾ നിർമ്മിക്കുവാൻ അവർക്ക് അന്നു കഴിഞ്ഞിരുന്നു. ചെമ്പ്, ഈയം, സ്വർണം എന്നീ ലോഹങ്ങളിലുള്ള നാണയങ്ങൾ പ്രചാരത്തിലിരുന്നു. നരബലി, സർപ്പപൂജ തുടങ്ങിയ ആചാരങ്ങളും മഴയ്ക്കുവേണ്ടി കുഞ്ഞുങ്ങളെ ബലിയർപ്പിക്കുന്ന പതിവും യുദ്ധത്തടവുകാരെ കൊന്നുഭക്ഷിക്കുന്ന രീതിയും അവരുടെ ഇടയിൽ പ്രചാരത്തിലിരുന്നു.


ഗതാഗതവും വാർത്താവിനിമയവും[തിരുത്തുക]

യുണൈറ്റഡ് സ്റ്റേറ്റ്സിലും കാനഡയുടെ തെക്കൻ ഭാഗങ്ങളിലുമാണ് വൻകരയിലെ ഏറ്റവും വികസിതമായ ഗതാഗത സൗകര്യങ്ങൾ നിലവിലുള്ളത്. ഉൾനാടൻ ജലഗതാഗതം, റോഡുകൾ, റെയിൽവേ എന്നിവ ഇവിടങ്ങളിലെ ഗതാഗതത്തിൽ പ്രാധാന്യമർഹിക്കുന്നു. വടക്കേ അമേരിക്കയുടെ ഉൾനാടൻ ജലഗതാഗതത്തിൽ മിസിസിപ്പി നദീവ്യൂഹം, ഗ്രേറ്റ്ലേക്സ്, സെന്റ് ലോറൻസ് സീവേ എന്നിവയ്ക്കാണ് പ്രാമുഖ്യം. യുണൈറ്റഡ് സ്റ്റേറ്റ്സിലും കാനഡയിലും വ്യാപകമായ തോതിൽ ഹൈവേകളും റെയിൽ ശൃംഖലയും വികസിച്ചിട്ടുണ്ട്. ഇപ്പോൾ ചരക്കുവിനിമയത്തിലെ സൗകര്യം പരിഗണിച്ചു റെയിൽവേകളെക്കാൾ റോഡുകൾക്ക് പ്രാധാന്യം നല്കിവരുന്നു. മെക്സിക്കോയിലും മധ്യ-അമേരിക്കൻ രാഷ്ട്രങ്ങളിലുമെന്നല്ല, വെസ്റ്റ് ഇൻഡീസിലുൾപ്പെട്ട രാജ്യങ്ങളിൽപ്പോലും റെയിൽഗതാഗതം അഭിവൃദ്ധിപ്പെട്ടിട്ടുണ്ട്. റോഡു വികസനത്തിന്റെ സ്ഥിതിയും വിഭിന്നമല്ല.

ലോകത്തിലെ ഏറ്റവും വിപുലമായ ഉൾനാടൻ ജലഗതാഗത മാർഗ്ഗം എന്നു വിശേഷിപ്പിക്കാവുന്ന സെന്റ് ലോറൻസ്-ഗ്രേറ്റ് ലേക്സ് വ്യൂഹം ഈ വൻകരയിലാണ്. തടാകങ്ങളെ പരസ്പരം യോജിപ്പിക്കുന്ന നദീമാർഗങ്ങളിലെ വെള്ളച്ചാട്ടങ്ങൾ ഒഴിവാക്കുന്നതിന് ആഴമുള്ള കപ്പൽത്തോടുകൾ നിർമിച്ചിട്ടുണ്ട്. യു.എസ്സിലെ നദികളിൽ മൊത്തം 24,000 കി.മീ. ദൂരത്തോളം കപ്പലുകൾക്ക് സഞ്ചരിക്കുവാൻ സൌകര്യമുണ്ട്. കാനഡയിലെ വൻനദികളിലും കപ്പൽ ഗതാഗതത്തിനു സൗകര്യമുണ്ട്. യു.എസ്.-മെക്സിക്കോ അതിർത്തിയിലുള്ള റയോഗ്രാന്റേ നദിയും ഗതാഗതയോഗ്യമാണ്.

ലോകത്തെ ഏറ്റവും നല്ല പ്രാദേശിക വ്യോമ ഗതാഗത സർവീസ് നിലവിലുള്ളത് വടക്കേ അമേരിക്കയിലാണ്. യുണൈറ്റഡ് സ്റ്റേറ്റ്സിലെയും കാനഡയിലെയും നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് പ്രാദേശിക വ്യോമ ഗതാഗതം വികസിപ്പിച്ചിട്ടുള്ളത്. ലോകത്തെ ഏറ്റവും തിരക്കേറിയ അന്തർദേശീയ വിമാനത്താവളങ്ങളിൽ ഭൂരിഭാഗവും യുണൈറ്റഡ് സ്റ്റേറ്റ്സിലാണ്. മിക്ക രാഷ്ട്രങ്ങൾക്കും അന്തർദേശീയ വിമാന സർവീസുണ്ട്.

അറ്റ്ലാന്റിക്, പസിഫിക് സമുദ്രങ്ങൾക്ക് മധ്യേ ലോകത്തെ പ്രധാന വാണിജ്യപാതയിലാണ് വടക്കേ അമേരിക്കയുടെ സ്ഥാനം. വൻകരയുടെ തെക്കേ മുനമ്പിൽ സ്ഥിതി ചെയ്യുന്ന പനാമാ കനാൽ ഈ സമുദ്രങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നു. ന്യൂയോർക്ക് നഗരം, ന്യൂ ഓർലിയൻസ്, ഹഡ്സൺ എന്നിവ അറ്റ്ലാന്റിക് തീരത്തെ പ്രമുഖ തുറമുഖങ്ങൾ ആകുന്നു; വാൽഡെസ് ഹാർബർ, അലാസ്ക, വാൻകൂവർ, ബ്രിട്ടീഷ്, കൊളംബിയ, ലോംഗ് ബീച്ച്, കാലിഫോർണിയ എന്നിവയാണ് പസിഫിക് തീരത്തെ പ്രധാന തുറമുഖങ്ങൾ.

ദേശീയ-അന്തർദേശീയ വാർത്താവിനിമയത്തിലും വടക്കേ അമേരിക്ക മറ്റു വൻകരകളെക്കാൾ മുന്നിലാണ്. അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചുകൊണ്ടുള്ള വാർത്താവിനിമയ സംവിധാനങ്ങൾ എല്ലാംതന്നെ വൻകരയിലെ ഒട്ടുമിക്ക മേഖലകളിലും ലഭ്യമാണ്. യു.എസ്സിലെയും കാനഡയിലെയും വീടുകളിൽ റേഡിയോ, ടെലിവിഷൻ, ടെലിഫോൺ, മൊബൈൽ ഫോൺ എന്നിവ സർവസാധാരണമാണ്. മധ്യ അമേരിക്കൻ രാജ്യങ്ങളിൽ റേഡിയോയുടെ ഉപയോഗം വ്യാപകമാണെങ്കിലും, ടെലിവിഷൻ അത്രകണ്ട് വ്യാപിച്ചിട്ടില്ല. രണ്ടായിരത്തിലധികം ദിനപത്രങ്ങളും വടക്കേ അമേരിക്കയിൽ നിന്നും പ്രസിദ്ധീകരിക്കുന്നുണ്ട്. ക്യൂബ, നിക്കരാഗ്വ എന്നിവിടങ്ങൾ ഒഴികെയുള്ള രാജ്യങ്ങളിൽ വാർത്താവിനിമയത്തിന്റെ ഭൂരിഭാഗവും സ്വകാര്യമേഖലയിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.

അവലംബം[തിരുത്തുക]

  1. This North American density figure is based on a total land area of 23,090,542 km2 only, considerably less than the total combined land and water area of 24,709,000 km².
  2. List based on 2005 figures in Table A.12, World Urbanization Prospects: The 2005 Revision, Department of Economic and Social Affairs, Population Division, United Nations. Accessed on line January 1, 2008.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ (വടക്കേ) അമേരിക്ക (വടക്കേ) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=വടക്കേ_അമേരിക്ക&oldid=3961516" എന്ന താളിൽനിന്ന് ശേഖരിച്ചത്