രേവതി (നടി)
സംവിധായിക, ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ പ്രശസ്തയായ തെന്നിന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ് അരങ്ങിൽ രേവതി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ആശാ കേളുണ്ണി (ജനനം : 8 ജൂലൈ 1966). പ്രധാനമായും തമിഴ്, മലയാളം സിനിമകളിലെ അഭിനയത്തിന് പേരുകേട്ട അവർ തെലുങ്ക്, ഹിന്ദി, കന്നഡ സിനിമകളിലും തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. ആൺകിളിയുടെ താരാട്ട് (1987), കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ (1988), വരവേൽപ്പ് (1989), ദേവാസുരം (1993), മായാമയൂരം (1993), അഗ്നിദേവൻ (1995) എന്നിവയാണ് രേവതി വേഷമിട്ട പ്രധാന മലയാള സിനിമകൾ.[1][2][3][4]
ദക്ഷിണേന്ത്യൻ സിനിമയിലെ അഭിനയത്തിലൂടെ ഏറ്റവും പ്രശസ്തയായ മുൻനിര നടിമാരിൽ ഒരാളായ അവർ മൂന്ന് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും ഏഴ് ഫിലിംഫെയർ സൗത്ത് അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ഭൂതകാലം (2022) എന്ന ചിത്രത്തിലെ അവരുടെ വേഷം കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിക്കൊടുത്തു.
ജീവിതരേഖ
[തിരുത്തുക]കേരളത്തിലെ കൊച്ചിയിൽ ഇന്ത്യൻ ആർമി ഉദ്യോഗസ്ഥനായിരുന്ന മേജർ കേളുണ്ണി നായരുടേയും ലളിതയുടേയും മകളായി 1966 ജൂലൈ എട്ടിന് കൊച്ചിയിലാണ് അവർ ജനിച്ചത്.[5]. 2024-ൽ ഒരു അഭിമുഖത്തിൽ, തന്റെ അമ്മ പാലക്കാട് സ്വദേശിയായ തമിഴ് ബ്രാഹ്മണ സ്ത്രീയാണെന്ന് രേവതി പറഞ്ഞിരുന്നു.[6] ഏഴാം വയസ് മുതൽ ഭരതനാട്യം അഭ്യസിച്ച രേവതി 1979-ൽ ചെന്നൈയിൽ ഭരതനാട്യത്തിൽ അരങ്ങേറ്റം കുറിച്ചു.
വിദ്യാലയ ജീവിതകാലത്ത് രേവതി ഒരു ഫാഷൻ ഷോയിൽ പങ്കെടുത്തിരുന്നു. ഷോയ്ക്കിടെ ഗ്രൂപ്പ് ഫോട്ടോകൾ എടുക്കുകയും ഒരു ജനപ്രിയ തമിഴ് മാസികയുടെ കവറായി ഈ ഫോട്ടോ തിരഞ്ഞെടുക്കുകയും ചെയ്തു. ആ സമയത്ത് 1983-ൽ ചെന്നൈയിൽ താമസിച്ചിരുന്ന കാലത്ത് നായികയെ അന്വേഷിച്ച് നടന്ന ഭാരതിരാജ രേവതിയുടെ ഫോട്ടോ കാണാനിടയായി.[7][8] അദ്ദേഹത്തിൻ്റെ മൺ വാസനൈ എന്ന ചിത്രത്തിൽ നായികയായി തുടക്കം കുറിക്കാൻ ഇതോടെ അവസരം ലഭിച്ചു. തുടർന്ന് നാല് ദക്ഷിണേന്ത്യൻ ഭാഷകളിലും ഹിന്ദിയിലുമായി നൂറോളം ചിത്രങ്ങളിൽ രേവതി ഇതുവരെ അഭിനയിച്ചു.
കരിയർ
[തിരുത്തുക]

1983-ൽ പുറത്തിറങ്ങിയ മൺ വാസനൈ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അവർ അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. ഈ ചിത്രം ഒരു രജത ജൂബിലി വിജയമായിരുന്നു, കൂടാതെ ഫിലിംഫെയർ സ്പെഷ്യൽ അവാർഡ് - സൗത്ത് അവർക്ക് ലഭിച്ചു. 1983-ൽ ഭരതൻ സംവിധാനം ചെയ്ത കാറ്റത്തെ കിളിക്കൂട് എന്ന സിനിമയാണ് ആദ്യ മലയാളം ചിത്രം. ഈ ചിത്രവും ബോക്സ് ഓഫീസിൽ വിജയക്കൊടി നാട്ടുകയും 1980-കളിലെ അവരുടെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറുകയും ചെയ്തു.[9][10] 1984-ൽ ബാപ്പു സംവിധാനം ചെയ്ത സീതമ്മ പെല്ലി എന്ന ചിത്രത്തിലൂടെ തെലുങ്ക് ചലച്ചിത്രമേഖലയിൽ അരങ്ങേറ്റം കുറിച്ച അവർ അതേവർഷം മാനസവീണ എന്ന മറ്റൊരു തെലുങ്ക് സിനിമയിലും വേഷമിട്ടു.[11][12] മഹേന്ദ്രൻ്റെ കൈ കൊടുക്കും കൈ (1984) എന്ന തമിഴ് ചിത്രത്തിൽ രജനികാന്തിനൊപ്പം അന്ധയായ, ബലാത്സംഗത്തെ അതിജീവിച്ച സീതയെന്ന സ്ത്രീയായി രേവതി അഭിനയിച്ചു.[13][14] ഭാരതിരാജ സംവിധാനം ചെയ്ത പുതുമൈ പെൺ (1984) എന്ന സിനിമയിൽ സീത എന്ന കഥാപാത്രമായി രേവതി അഭിനയിച്ചു. അതേ വർഷം തന്നെ ആർ.സുന്ദർരാജൻ സംവിധാനം ചെയ്ത വൈദേഹി കാതിരുന്താൾ എന്ന സിനിമയും ചെയ്തു.
ഭരതൻ സംവിധാനം ചെയ്ത 1992-ൽ മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര അവാർഡ് നേടിയ തേവർ മകൻ, ഫിലിംഫെയർ അവാർഡ് നേടിയ ബാലു മഹേന്ദ്രയുടെ മറുപടിയും (1993) , പ്രിയങ്ക, മൗനരാഗം, 1990-ൽ തമിഴ് ചലച്ചിത്രമേഖലയിലെ മികച്ച നടിക്കുള്ള അവാർഡ് നേടിയ കിഴക്ക് വാസൽ, തലൈമുറൈ എന്നിവ രേവതിയുടെ ശ്രദ്ധേയമായ തമിഴ് ചിത്രങ്ങളാണ്. വേഷങ്ങൾ തിരഞ്ഞെടുക്കുന്നതിൽ പ്രത്യേകം ശ്രദ്ധിച്ചിരുന്ന അവർ പലപ്പോഴും ശക്തമായ, ഉൾക്കരുത്തുള്ള സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മണിരത്നത്തിന്റെ മൗനരാഗം (1986) എന്ന ചിത്രത്തിലെ ദിവ്യ എന്ന ഉത്സാഹഭരിതയും ധൈര്യശാലിയുമായ പെൺകുട്ടിയുടെ ചിത്രീകരണമാണ് ഇതിൽ എടുത്തു പറയാവുന്നത്.[15] 1986-ൽ കമൽഹാസനൊപ്പം പുന്നഗൈ മന്നൻ എന്ന ചിത്രത്തിൽ അഭിനയിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് രേവതി നിരവധി അംഗീകാരങ്ങൾ നേടി.[16] ആ ചിത്രവും വൻ വിജയമായിരുന്നു, തമിഴ് ചലച്ചിത്രമേഖലയിലെ ഏറ്റവും കൂടുതൽ ഡിമാന്റുള്ള നടിമാരിൽ ഒരാളായി അവർ മാറി. 1988-ൽ കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ എന്ന മലയാള ചിത്രത്തിലെ അഭിനയത്തിന് അവർക്ക് ആദ്യത്തെ മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചു. ഒന്നിനു പുറകെ ഒന്നായി ഹിറ്റുകൾ സമ്മാനിച്ച അവർ, പ്രിയദർശന്റെ മലയാള ചിത്രമായ കിലുക്കം (1991) എന്ന ചിത്രത്തിലൂടെ തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് കാഴ്ച്ചവച്ചു. സുരേഷ് കൃഷ്ണയുടെ ലവ് (1991) എന്ന ചിത്രത്തിലൂടെ ഹിന്ദിയിൽ അരങ്ങേറ്റം കുറിച്ച അവർ ഈ ചിത്രത്തിൽ സൽമാൻ ഖാനൊപ്പം അഭിനയിച്ചു. 1990 കളുടെ തുടക്കത്തിൽ അവർ തന്റെ കരിയറിന്റെ ഉന്നതിയിലായിരുന്നു. ഇക്കാലത്ത് തെലുങ്ക്, കന്നഡ ചിത്രങ്ങളിലും അവർ ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടിരുന്നു. ആ ദശകത്തിലെ അവരുടെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ചിലതായ അഞ്ജലി (1990), തേവർ മകൻ (1992), മഗലിർ മട്ടും (1994) എന്നിവയിലെ മികച്ച വേഷങ്ങൾ അവതരിപ്പച്ച് അവരുടെ ആ സുവർണ്ണ പ്രകടനങ്ങൾ 1990 കളുടെ അവസാനം വരെ നീണ്ടുനിന്നു. 1998 ൽ തലൈമുറൈ എന്ന ചിത്രത്തിന് തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രത്യേക പുരസ്കാരവും അവർ നേടി.[17]
മാർഗരിറ്റ വിത്ത് എ സ്ട്രോ (2014), 2 സ്റ്റേറ്റ്സ് (2014) എന്നീ ചിത്രങ്ങളിലെ അവിസ്മരണീയ വേഷങ്ങൾ രേവതിയെ ഹിന്ദി പ്രേക്ഷകർ ഇഷ്ടപ്പെടാൻ കാരണമായി. പാ പാണ്ടി (2017), ജാക്ക്പോട്ട് (2019) എന്നീ തമിഴ് ചിത്രങ്ങളിലും വൈറസ് (2019) എന്ന മലയാള സിനിമയിലും അവർക്ക് വേഷങ്ങളുണ്ടായിരുന്നു.
മേജർ (2022) എന്ന തെലുങ്ക്, ഹിന്ദി ദ്വിഭാഷാ ചിത്രത്തിൽ മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ അമ്മ ധനലക്ഷ്മിയെ രേവതി അവതരിപ്പിച്ചു.[18]
അഭിനയത്തിനു പുറമേ മൂന്ന് ഫീച്ചർ സിനിമകളും സംവിധാനം ചെയ്തിട്ടുള്ള രേവതി (മിത്ര്, മൈ ഫ്രണ്ട്, ഫിർ മിലേംഗെ, സലാം വെങ്കി) മിത്ര് മൈ ഫ്രണ്ട് എന്ന ഇംഗ്ലീഷ് ചിത്രത്തിലൂടെ 2002-ൽ ആണ് സംവിധായകയായി മാറിയത്. മികച്ച ഇംഗ്ലീഷ് സിനിമയ്ക്കുള്ള 2002-ലെ ദേശീയ പുരസ്കാരം ഈ സിനിമ നേടി. കൂടാതെ 2011-ൽ രഞ്ജിത്തിനോടൊപ്പം മറ്റ് പത്തുപേർ സംവിധാനം നിർവഹിച്ച് റിലീസായ കേരള കഫേ എന്ന സിനിമാ സമാഹാരത്തിലെ മകൾ എന്ന ഹസ്വചിത്രവും റിലീസ് ചെയ്യാത്ത മുംബൈ കട്ടിംഗ് എന്ന സിനിമാ സമാഹാരത്തിന്റെ ഒരു എപ്പിസോഡും രേവതി സംവിധാനം ചെയ്തിട്ടുണ്ട്.[19]
വ്യക്തിജീവിതം
[തിരുത്തുക]1986 ൽ രേവതി ഛായാഗ്രാഹകനും സംവിധായകനുമായ സുരേഷ് ചന്ദ്ര മേനോനെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് കുട്ടികളില്ലായിരുന്നു. എന്നിരുന്നാലും, അവർ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന്, 2002 മുതൽ അവർ വേർപിരിഞ്ഞ് താമസിക്കാൻ തുടങ്ങുകയും 2013 ഏപ്രിൽ 23 ന് ചെന്നൈ അഡീഷണൽ ഫാമിലി കോടതിയിൽനിന്ന് വിവാഹമോചനം നേടുകയും ചെയ്തു.[20] 2018 ൽ, ഇൻ വിട്രോ ഫെർട്ടിലൈസേഷൻ വഴി തനിക്ക് അഞ്ച് വയസ്സുള്ള ഒരു മകളുണ്ടെന്ന് അവർ വെളിപ്പെടുത്തി.[21]
മാധ്യമങ്ങളിൽ
[തിരുത്തുക]രേവതി ഒരു പരിശീലനം ലഭിച്ച ഭരതനാട്യം നർത്തകിയാണ്, ഏഴ് വയസ്സ് മുതൽ അവർ ഭരതനാട്യം പഠിക്കുകയും 1979 ൽ ചെന്നൈയിൽ അരങ്ങേറ്റം നടത്തുകയും ചെയ്തു.[22] തമിഴ് സിനിമയിലെയും ദക്ഷിണേന്ത്യൻ സിനിമയിലെയും എക്കാലത്തെയും മികച്ച നടിമാരിൽ ഒരാളായാണ് അവർ കണക്കാക്കപ്പെടുന്നത്. ദക്ഷിണേന്ത്യൻ സിനിമയിലെ ഏറ്റവും വിജയം വരിച്ച മുൻനിര നായികമാരിൽ ഒരാളായിരുന്നു അവർ. 80 കളിലും 90 കളിലും തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് നേടിയ ഏക ദക്ഷിണേന്ത്യൻ നടിയായിരുന്നു രേവതി. ഇതിൽ തമിഴിലെ തുടർച്ചയായി മൂന്ന് വിജയങ്ങളും ഉൾപ്പെടുന്നു.[23]
സംവിധാനം, കഥ
- കേരള കഫെ 2011
ശബ്ദം നൽകിയ സിനിമകൾ
- സോളോ 2017
- ചന്ദ്രോത്സവം 2005
- മേഘം 1999
- ദേവരാഗം 1996 (ശ്രീദേവിക്ക് ശബ്ദം നൽകി).
- കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ (തബുവിന് വേണ്ടി ഡബ്ബ് ചെയ്തു.
പുരസ്കാരങ്ങൾ
കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്
- മികച്ച നടി
- ഭൂതകാലം 2022
ഫിലിംഫെയർ അവാർഡ്
- മികച്ച നടി
- കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ 1988[24].
അഭിനയിച്ച മലയാള സിനിമകൾ
[തിരുത്തുക]- കാറ്റത്തെ കിളിക്കൂട് (1983) ( ശ്രീജാ രവി ശബ്ദം നല്കി)
- എന്റെ കാണാക്കുയിൽ (1985)
- ആൺകിളിയുടെ താരാട്ട് (1987)
- വന്ദനം (1987)
- കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ 1988
- പുരാവൃത്തം 1988
- മൂന്നാംമുറ 1988
- വരവേൽപ്പ് 1989
- ഞങ്ങളുടെ കൊച്ചു ഡോക്ടർ 1989
- ഒറ്റയടിപ്പാതകൾ 1990
- അദ്വൈതം 1991
- കിലുക്കം 1995 (ഭാഗ്യലക്ഷ്മി ശബ്ദം നൽകി).
- ദേവാസുരം 1993
- മായാമയൂരം 1993
- പാഥേയം 1994
- അഗ്നിദേവൻ 1995
- രാവണപ്രഭു 2001
- നന്ദനം 2002
- കൈയെത്തും ദൂരത്ത് 2002
- കൃഷ്ണപക്ഷ കിളികൾ 2002
- ഗ്രാമഫോൺ 2003
- മിഴിരണ്ടിലും 2003
- അനന്തഭദ്രം 2005
- നമ്മൾ തമ്മിൽ 2009
- പെൺപട്ടണം 2010
- ഇന്ത്യൻ റുപ്പി 2011
- ഫാദേഴ്സ് ഡേ (2012)
- മോളി ആന്റി റോക്ക്സ് (2012)
- കിണർ (2018)
- വൈറസ് (2019)
- ഭൂതകാലം (2022)
- മേജർ (2022)
അവലംബം
[തിരുത്തുക]- ↑ "രേവതി - Revathi | M3DB" https://m3db.com/revathi
- ↑ "ഇവളെന്റെ രക്തം: മകൾക്കൊപ്പം ആദ്യമായി രേവതി | Revathy Daughter" https://www.manoramaonline.com/movies/movie-news/2019/04/16/revathy-with-daughter-mahima-pictue.html
- ↑ "അന്നൊന്നും ഭാഗ്യം തുണച്ചില്ല; രേവതിക്ക് ആദ്യ സംസ്ഥാന പുരസ്‌കാരം | Revathy State Film Award" https://www.manoramaonline.com/movies/movie-news/2022/05/27/revathy-first-kerala-state-film-award.html
- ↑ "മമ്മൂക്കാ, ലാലേട്ടാ... ഇത്തരം 'തമാശകൾ' ഇനി വേണ്ട: രേവതി | Revathy Mammootty Mohanlal" https://www.manoramaonline.com/movies/exclusives/2018/07/02/actress-revathy-about-wcc-amma-association.html
- ↑ "Happy Birthday Revathi: Interesting facts about the actress". The Times of India. 8 July 2021.
- ↑ "Revathi Interview". YouTube. Retrieved 26 June 2025.
- ↑ Saravanan, T. (9 January 2011). "Always in reckoning". The Hindu. Archived from the original on 6 April 2020. Retrieved 12 February 2018.
- ↑ Shekar, Anjana (8 January 2018). "From demure to daring, actor Revathy's multi-faceted film career". The News Minute. Archived from the original on 8 August 2018. Retrieved 12 February 2018.
- ↑ Aravind, C. V. (20 February 2017). "Nedumudi Venu: Malayalam cinema's man for all seasons". The News Minute. Retrieved 19 November 2019.
- ↑ Kurup, Aradhya (17 November 2019). "'Kattathe Kilikkoode': Bharathan's film is a commentary on the yin and yang of marriage". The News Minute. Retrieved 19 November 2019.
- ↑ Saravanan, T. (9 January 2011). "Always in reckoning". The Hindu. Archived from the original on 6 April 2020. Retrieved 12 February 2018.
- ↑ Shekar, Anjana (8 January 2018). "From demure to daring, actor Revathy's multi-faceted film career". The News Minute. Archived from the original on 8 August 2018. Retrieved 12 February 2018.
- ↑ Rangan, Baradwaj (2 April 2019). "Tribute: J Mahendran, Who Began His Directing Career With The Rajinikanth-starring 'Mullum Malarum'". Film Companion. Archived from the original on 11 June 2020. Retrieved 18 May 2019.
- ↑ "கன்னடத்தில் இருந்து தமிழுக்கு வந்த கை கொடுக்கும் கை". Maalai Malar (in തമിഴ്). 29 November 2007. Archived from the original on 30 October 2014. Retrieved 4 March 2014.
- ↑ "From demure to daring, actor Revathy's multi-faceted film career". 8 January 2018.
- ↑ "32 years of 'Punnagai Mannan': Why the Kamal Haasan film is still in our hearts". November 2018.
- ↑ "Archived copy". Archived from the original on 30 April 2003. Retrieved 20 October 2009.
{{cite web}}: CS1 maint: archived copy as title (link) - ↑ "Major movie review: Adivi Sesh's homage to the 26/11 hero is flawed but effective". The Indian Express. 2 June 2022. Retrieved 2 June 2022.
- ↑ "Revathi's in the movie. Enough said". 23 September 2021.
- ↑ Deccan Chronicle http://www.deccanchronicle.com/130423/entertainment-mollywood/article/revathi-suresh-granted-divorce Archived 27 മേയ് 2013 at the Wayback Machine
- ↑ "சோதனை குழாய் மூலம் குழந்தை பெற்றேன்.. மனம் திறந்த நடிகை ரேவதி..!". Puthiya Thalaimurai. 2 November 2023.
- ↑ Harsha Koda (www.jalakara.com). "revathy.com". revathy.com. Retrieved 12 July 2012.
- ↑ "59th National Film Awards for the Year 2011 Announced". Press Information Bureau (PIB), India. Retrieved 7 March 2012.
- ↑ "പിറന്നാൾക്കിലുക്കം" (in Malayalam). Malayala Manorama. Archived from the original on 2009-07-10. Retrieved 2009-07-08.
{{cite web}}: CS1 maint: unrecognized language (link)
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Revathi's blog Archived 2008-09-04 at the Wayback Machine
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Revathi
- Official Website Archived 2019-12-06 at the Wayback Machine