ആറന്മുള പൊന്നമ്മ
ആറന്മുള പൊന്നമ്മ | |
---|---|
![]() | |
ജനനം | |
മരണം | 21 ഫെബ്രുവരി 2011 | (പ്രായം 96)
തൊഴിൽ | Actress |
സജീവ കാലം | 1943–2004 |
ജീവിതപങ്കാളി(കൾ) | കൊച്ചു കൃഷ്ണ പിള്ള |
കുട്ടികൾ | രാജമ്മ രാജശേഖരൻ |
മാതാപിതാക്ക(ൾ) | മാളേത് കേശവ പിള്ള പാറുക്കുട്ടി അമ്മ |
ബന്ധുക്കൾ |
|
പുരസ്കാരങ്ങൾ | 2006 - J.C. Daniel Award for Lifetime Achievement |
ദേശീയപുരസ്കാരം നേടിയിട്ടുള്ള ഒരു മലയാളം അഭിനേത്രിയായിരുന്നു ആറന്മുള പൊന്നമ്മ (22 മാർച്ച് 1914 - 21 ഫെബ്രുവരി 2011). മലയാളം സിനിമകളിൽ അമ്മവേഷങ്ങൾ ധാരാളമായി ആറന്മുള പൊന്നമ്മ ചെയ്തിട്ടുണ്ട്.[1][2]
ആറന്മുള പൊന്നമ്മയുടെ കൊച്ചുമകളായ രാധികയെയാണ് പ്രശസ്തസിനിമാനടൻ സുരേഷ് ഗോപി വിവാഹം ചെയ്തിരിക്കുന്നത്.
ആദ്യകാലം[തിരുത്തുക]
മാലേത്ത് കേശവപിള്ളയുടേയും പാറുക്കുട്ടിയമ്മയുടേയും അഞ്ച് മക്കളിൽ ഒരാളായിട്ട് പത്തനംതിട്ട ജില്ലയിലെ ആറന്മുളയിലായിരുന്നു പൊന്നമ്മയുടെ ജനനം. കർണാടിക് സംഗീതം ചെറുപ്പത്തിലേ പഠിച്ച് തുടങ്ങിയ പൊന്നമ്മ തന്റെ പന്ത്രണ്ടാം വയസ്സിൽ അരങ്ങേറ്റവും നടത്തി. ഹിന്ദു മഹാമണ്ഡൽ നടത്തിയിരുന്ന യോഗങ്ങളിൽ പ്രാർത്ഥനാഗാനം പാടാറുണ്ടായിരുന്നു പൊന്നമ്മ. പാലായിലെ ഒരു പ്രൈമറി വിദ്യാലയത്തിൽ പൊന്നമ്മ തന്റെ പതിനാലാം വയസ്സിൽ സംഗീതാധ്യാപികയായി നിയമിതയായി. പിന്നീട് സ്വാതിതിരുന്നാൾ മ്യൂസിക് അക്കാദമിയിൽ സംഗീതത്തിലെ തുടർപഠനത്തിനായി പൊന്നമ്മ ചേർന്നു. പഠനത്തിനുശേഷം പൊന്നമ്മ തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് ഹൈസ്കൂളിൽ സംഗീതാധ്യാപികയായി.
അഭിനയജീവിതം[തിരുത്തുക]
ഗായകൻ യേശുദാസിന്റെ അച്ഛനായ അഗസ്റ്റിൻ ജോസഫിന്റെ നായികയായി ഭാഗ്യലക്ഷ്മി എന്ന നാടകത്തിൽ അഭിനയിച്ചുകൊണ്ടാണ് പൊന്നമ്മ അഭിനയരംഗത്തേയ്ക്ക് കടന്ന് വന്നത്. അന്ന് പൊന്നമ്മയ്ക്ക് 29 വയസ്സായിരുന്നു പ്രായം. തുടർന്ന് പൊന്നമ്മ നാടകങ്ങളിൽ സജീവമായി. 1950-ൽ പുറത്തിറങ്ങിയ ശശിധരൻ എന്ന ചലച്ചിത്രത്തിൽ മിസ് കുമാരിയുടെ അമ്മയായി അഭിനയിച്ചുകൊണ്ട് പൊന്നമ്മ സിനിമകളിലേയ്ക്ക് കടന്നുവന്നു[2] അതേവർഷം തിക്കുറിശ്ശി സുകുമാരൻ നായർ നായകനായ അമ്മ എന്ന ചിത്രത്തിലും പൊന്നമ്മ അമ്മവേഷം അണിഞ്ഞു[3] തുടർന്ന് പൊന്നമ്മയെ തേടിവന്നതെല്ലാം അമ്മവേഷങ്ങളായിരുന്നു. ആറന്മുള പൊന്നമ്മ ഒരിക്കൽ ഇങ്ങനെ പറയുകയുണ്ടായി. "പാടുന്ന പുഴ എന്ന സിനിമയിൽ നെഗറ്റീവ് കഥാപാത്രമായും യാചകൻ എന്ന സിനിമയിൽ വഴിപിഴച്ച ഒരു സ്ത്രീയായും ഞാൻ വേഷമിട്ടിരുന്നു. പക്ഷേ എന്നെ തേടിവന്നിരുന്നത് എപ്പോഴും അമ്മവേഷങ്ങളായിരുന്നു. ജീവിതത്തിലും രണ്ട് മക്കളുടെ അമ്മയായ എനിക്ക് ഈ വേഷങ്ങൾ ചെയ്യാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. എന്റെ അച്ഛനായ മേലേടത്ത് കേശവപിള്ള എനിക്ക് ഒൻപത് വയസ്സുള്ളപ്പോൾ മരിച്ചുപോയതിനുശേഷം എന്നേയും മറ്റ് നാലുമക്കളേയും വളർത്തിവലുതാക്കിയ പാറുക്കുട്ടിയമ്മ എന്ന എന്റെ അമ്മയാണ് എന്റെ റോൾ മോഡൽ. സത്യത്തിൽ അമ്മ എന്ന എന്റെ അഞ്ചാം സിനിമയിൽ ഞാൻ എന്റെ അമ്മയെ അനുകരിക്കുകയായിരുന്നു."[2] അറുപത് വർഷങ്ങളോളം അഭിനയരംഗത്ത് ഉണ്ടായിരുന്ന ആറന്മുള പൊന്നമ്മ മലയാളം സിനിമയിലെ ആദ്യ തലമുറയിലെ നായകന്മാരായ തിക്കുറിശ്ശി സുകുമാരൻ നായർ, രണ്ടാമത്തെ തലമുറയിലെ നായകനായ പ്രേം നസീർ, സത്യൻ, തുടങ്ങിയവർ, മൂന്നാം തലമുറയിലെ നായകന്മാരായ മോഹൻലാൽ, സുരേഷ് ഗോപി എന്നിവരുടേയല്ലാം അമ്മവേഷങ്ങൾ കൈകാര്യം ചെയ്തു.ചന്ദ്രികചേച്ചി,കണ്ടംബെച്ചകോട്ട്,ഹൃദയം ഒരു ദേവാലയം,വേലുത്തമ്പി ദളവ,കഥാപുരുഷൻ,അമ്മതുടങ്ങി മുന്നൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
പുരസ്കാരങ്ങൾ[തിരുത്തുക]
അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത കഥാപുരുഷൻ (1995) എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് ആറന്മുള പൊന്നമ്മയ്ക്ക് മികച്ച സഹനടിക്കുള്ള ദേശീയപുരസ്കാരം1996 ൽ ലഭിക്കുകയുണ്ടായി. 2006-ൽ കേരള സർക്കാരിന്റെ ജെ.സി. ഡാനിയേൽ സ്മാരക ആയുഷ്കാലനേട്ടങ്ങൾക്കുള്ള പുരസ്കാരവും ആറന്മുള പൊന്നമ്മയെ തേടിയെത്തി.
മരണം[തിരുത്തുക]
വാർദ്ധക്യസഹജമായ അസുഖങ്ങൾ കൊണ്ട് ധാരാളം ബുദ്ധിമുട്ടിയിരുന്ന ആറന്മുള പൊന്നമ്മ, 2011 ഫെബ്രുവരി ആദ്യവാരത്തിൽ തിരുവനന്തപുരത്തെ പേരമകളുടെ വീട്ടിലെ കുളിമുറിയിൽ വീണുപരിക്കേറ്റതിനെത്തുടർന്ന് ആശുപത്രിയിലായി. തുടർന്ന് ശസ്ത്രക്രിയയും മറ്റും നടത്തിയശേഷം ആരോഗ്യനിലയിൽ ചെറിയ പുരോഗതിയുണ്ടായെങ്കിലും ഫെബ്രുവരി 21 വൈകീട്ട് പെട്ടെന്ന് അവർക്ക് ഹൃദയസ്തംഭനം സംഭവിയ്ക്കുകയും അധികം വൈകാതെ അന്തരിയ്ക്കുകയും ചെയ്തു. 97 വയസ്സാകാൻ ഒരുമാസം ബാക്കിയുള്ളപ്പോഴായിരുന്നു മരണം. മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ തിരുവനന്തപുരം തൈക്കാട് ശാന്തികവാടം ശ്മശാനത്തിൽ സംസ്കരിച്ചു.
പുറമേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ആറന്മുള പൊന്നമ്മ
- Malayalamcinema.com പ്രൊഫൈൽ Archived 2011-02-27 at the Wayback Machine.
അവലംബം[തിരുത്തുക]
- ↑ "From Russia, with love". മൂലതാളിൽ നിന്നും 2009-02-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-12-14.
- ↑ 2.0 2.1 2.2 Matriarch of Mollywood
- ↑ The dream merchant turns 85
- Pages using infobox person with multiple parents
- Pages using infobox person with unknown empty parameters
- മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ
- 1914-ൽ ജനിച്ചവർ
- 2011-ൽ മരിച്ചവർ
- മാർച്ച് 22-ന് ജനിച്ചവർ
- ഫെബ്രുവരി 21-ന് മരിച്ചവർ
- മലയാളചലച്ചിത്രനടിമാർ
- പത്തനംതിട്ട ജില്ലയിൽ ജനിച്ചവർ
- മികച്ച രണ്ടാമത്തെ നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചവർ
- ജെ.സി. ദാനിയേൽ പുരസ്കാരം ലഭിച്ചവർ
- അഭിനേതാക്കൾ - അപൂർണ്ണലേഖനങ്ങൾ